ഇന്ധനവില കൂടിയതിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടത്തിയ റോഡ് ഉപരോധവും അതിനെതിരെ നടന്‍ ജോജു ജോര്‍ജ്ജ് നടത്തിയ പ്രതിഷേധവും അദ്ദേഹത്തെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ കോണ്‍ഗ്രസ്സുകാര്‍ കൈകാര്യം ചെയ്തതും വാഹനം തല്ലിത്തകര്‍ത്തതുമാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരം തകര്‍ന്ന് തരിപ്പണമായ പാര്‍ട്ടിയുടെ അന്ത്യശ്വാസത്തിനു മുന്‍പുള്ള ഊര്‍ദ്ധ്വന്‍വലി മാത്രമായേ രാഷ്ട്രീയ നിരീക്ഷകരും നിഷ്പക്ഷരും കാണുന്നുള്ളൂ. ഇനി ആരു വിചാരിച്ചാലും ഇപ്പോള്‍ വെന്റിലേറ്ററിലുള്ള കേരളത്തിലെ കോണ്‍ഗ്രസ്സിനെ മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന് കരുതുന്നില്ല. പഴയ ആരോഗ്യമന്ത്രി വി.എം.സുധീരന്‍ പോലും. വെന്റിലേറ്ററിന്റെ പ്ലഗ്ഗ് ഓഫ് ചെയ്താല്‍ കാര്യങ്ങളില്‍ ഒരു തീരുമാനമാകും. ബി.ജെ.പിയിലേക്ക് പോകുന്ന അണികളേയും സി.പി.എമ്മിലേക്ക് പോകുന്ന നേതാക്കളെയും പിടിച്ചുനിര്‍ത്താന്‍ അവസാന പരിശ്രമം എന്ന നിലയിലാണ് കോണ്‍ഗ്രസ്സിന്റെ ആളില്ലാ പ്രക്ഷോഭം അരങ്ങേറിയത്.
പാലാരിവട്ടം ജംഗ്ഷനില്‍ നൂറുകണക്കിന് വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് കൊച്ചിയില്‍ കോണ്‍ഗ്രസ് ഉപരോധം സംഘടിപ്പിച്ചത്. ബന്ദിന് എതിരെ സമരം നടത്തിയ എം.എം.ഹസ്സനും വഴിതടയലിനെതിരെ പ്രസ്താവനയിറക്കിയ വി.ഡി.സതീശനും ഇപ്പോള്‍ അക്കാര്യങ്ങള്‍ ഓര്‍മ്മയില്ല. അവരുടെ ഈ ഒറ്റപ്പെട്ട മറവിരോഗത്തിന് കാരണം അധികാരഭ്രമമോ സ്ഥാനമോഹമോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. എ.കെ.ആന്റണിയുടെ ഇടത്തും വലത്തും നിര്‍ത്താവുന്ന ആദര്‍ശത്തിന്റെ പ്രതിരൂപങ്ങളാണ് അവര്‍. ഗാന്ധിയും ഗാന്ധിസവും കോണ്‍ഗ്രസ്സുകാര്‍ക്ക് കൈക്കൂലി വാങ്ങാനും പിരിക്കാനുമുള്ള കോഡ് വാക്ക് മാത്രമാണ്. റോഡ് തടഞ്ഞിട്ട് സമരം നടത്തിയപ്പോള്‍, വാഹനം കൂടിയപ്പോള്‍ നടന്‍ ജോജു ജോര്‍ജ്ജ് സമരക്കാരോട് നീണ്ടുകിടക്കുന്ന വാഹനങ്ങളിലെ യാതന അനുഭവിക്കുന്ന രോഗികളുടെ കാര്യമാണ് പറഞ്ഞത്. രഘുപതി രാഘവ രാജാറാം പാടി അഹിംസ ജീവിതവ്രതമാക്കി, സര്‍വ്വചരാചരങ്ങളോടും കാരുണ്യം മാത്രം പുലര്‍ത്തുന്ന, സ്‌നേഹത്തിന്റെ മൂര്‍ത്തിമദ് രൂപങ്ങളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത് തീരെ രസിച്ചില്ല. അവര്‍ ജോജുവിനെ കാറില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയും വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
സംഭവം കഴിഞ്ഞയുടന്‍ മാധ്യമങ്ങളോട് പ്രതികരിച്ച വനിതാ നേതാവ് ജോജു സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതുകൊണ്ടാണ് സംഘര്‍ഷമുണ്ടായതെന്ന് പറഞ്ഞു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് പറയാന്‍ വനിതാ നേതാവിനോട് മറ്റൊരു നേതാവ് വന്ന് പറയുന്നത് ടി.വി.ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണം ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിയാണോ? മന്‍മോഹന്‍ സിംഗിന്റെ കാലത്തല്ലേ ഇന്ധനവിലയുടെ സബ്‌സിഡി എടുത്തുകളഞ്ഞ് എണ്ണക്കമ്പനികള്‍ക്ക് വിപണി വിലയനുസരിച്ച് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയത്? അന്നുമുതലല്ലേ ഇന്ധനവില റോക്കറ്റ് പോലെ കമ്പനിക്കാര്‍ കൂട്ടിത്തുടങ്ങിയത്? ഈ സബ്‌സിഡി ഇല്ലാതാക്കാന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചുമതലക്കാരനായിരുന്ന മന്‍മോഹന്‍സിംഗും കൈക്കൂലിപ്പണം ഷെല്‍ കമ്പനികളിലും അന്താരാഷ്ട്ര വിപണികളിലും നിക്ഷേപിച്ച പളനിയപ്പന്‍ ചിദംബരം എന്ന ധനമന്ത്രിയും ഇതെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലല്ലോ. താഴെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന്റെ പേരില്‍ ബഹളംവെച്ച് എങ്ങനെയെങ്കിലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നത് നാട്ടുകാരുടെ ചെലവില്‍ വേണോ എന്നതാണ് ചോദ്യം. നിര്‍ണ്ണായക തീരുമാനമെടുത്ത കോണ്‍ഗ്രസ്സിന്റെ പങ്ക് മൂടിവെച്ചുകൊണ്ട് ഇതാ കള്ളന്‍, ഇതാ കള്ളന്‍ എന്നുപറഞ്ഞ് ഓടുന്ന ശരിക്കുള്ള കള്ളന്റെ സ്ഥിതിയിലല്ലേ കോണ്‍ഗ്രസ്? പൊതുജനങ്ങളുടെ ഓര്‍മ്മശക്തി കുറവായതുകൊണ്ട് ഇക്കാര്യമൊക്കെ മറന്നുകാണും എന്നു കരുതിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സമരത്തിനിറങ്ങിയത്.
നടന്‍ ജോജു ജോര്‍ജ്ജ് ഇടതുപക്ഷ സഹയാത്രികനും ആക്ടിവിസ്റ്റും ഒക്കെയാണെന്ന് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത് മുഖവിലയ്ക്ക് എടുക്കുന്നില്ല. പക്ഷേ, പ്രതിഷേധത്തിനോടുള്ള കോണ്‍ഗ്രസ്സിന്റെ കൈയാങ്കളിയോടും അക്രമത്തോടും യോജിക്കാനാകില്ല. സമരം ചെയ്യാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് അവകാശമുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും നാട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. പരസ്പരം അംഗീകരിക്കുകയും ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്നതിലാണല്ലോ ജനാധിപത്യത്തിന്റെ അന്തഃസത്തയും മാന്യതയും സൗന്ദര്യവും. പിന്നെ ഓരോരുത്തരും പെരുമാറുന്നത് കുടുംബപാരമ്പര്യത്തിന്റെയും വളര്‍ത്തുന്ന രീതിയുടെയും ഒക്കെ അടിസ്ഥാനത്തിലാണ്. ജോജു മദ്യപനും വിവരദോഷിയും ഒക്കെയാണെന്ന കെ.സുധാകരന്റെ പ്രസ്താവനയും ഈ രീതിയില്‍ വേണം കാണാന്‍. ഗാന്ധിജിയുടെ പിന്‍മുറക്കാരായ ഈ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും നാവെടുത്താല്‍ മര്യാദയ്ക്ക് സംസാരിക്കില്ല എന്നത് ശ്രദ്ധേയമാണ്. മറ്റൊരു നേതാവ് കെ.മുരളീധരനാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ കുറിച്ചും മുരളിയുടെ മനോഹരമായ നാദവീചികള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതു മുതലേ മുരളി അങ്ങനെയാണ്. എന്തും പറയും, ആരെയും. എ.കെ.ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് കോഴിക്കോട് വ്യാപാരഭവനില്‍ പ്രസംഗിച്ചതു മുതല്‍ തുടങ്ങുന്നു ആ മനോഹരമായ വാഗ്‌ധോരണി. അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്നുവിളിച്ചതും, സോണിയാഗാന്ധിയെ മദാമ്മ എന്നു വിളിച്ചതും ഒക്കെ വേറെ. ഏതായാലും ജോജു ജോര്‍ജ്ജിനെ കൈകാര്യം ചെയ്ത രീതി ഗാന്ധിയന്‍ സമരമുറയിലെ ഒരു പുതിയ രീതിയായി പാര്‍ട്ടി പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഏതായാലും ജോജുവിനെ തല്ലിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകനും തൈക്കുടം സ്വദേശിയുമായ പി.ജി.ജോസഫിനെ അറസ്റ്റ് ചെയ്തു. വൈറ്റില ഓട്ടോ സ്റ്റാന്‍ഡിലെ ഐ.എന്‍.ടി.യു.സി കണ്‍വീനറും കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് നേതാവ് സോണിയുടെ ഭര്‍ത്താവുമാണ് അദ്ദേഹം. മുന്‍ മേയര്‍ ടോണി ചമ്മിണി, കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ പ്രസിഡണ്ട് വി.ജെ.പൗലോസ് എന്നിവരടക്കം 15 പേര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. വാഹനഗതാഗതം തടയരുതെന്ന് ഹൈക്കോടതി വിധിയുള്ളപ്പോള്‍ ഒരുവശത്തുകൂടിയെങ്കിലും ആംബുലന്‍സും വാഹനങ്ങളും കടത്തിവിട്ട് ജനദ്രോഹത്തിന്റെ കാഠിന്യം കുറച്ച് കുറയ്ക്കാമായിരുന്നില്ലേ എന്ന ചോദ്യം കോണ്‍ഗ്രസ്സുകാരോട് സാധാരണക്കാര്‍ ചോദിച്ചാല്‍ തെറ്റാണോ?
അതേസമയം, ജോജു ജോര്‍ജ്ജിനോട് മറ്റൊരു ചോദ്യമുണ്ട്. ഈ പ്രതികരണം സി.പി.എമ്മിന്റെ സമരത്തിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? ജോജുവിനെ പിന്തുണച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തി. കാര്യം മനസ്സിലാക്കുന്നതിനു മുന്‍പേ നടന്‍ ജോജു ജോര്‍ജ്ജിനെ മദ്യപനായി ചിത്രീകരിച്ചത് ശരിയാണോ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. പക്ഷേ, പണ്ടൊരു ഡി.വൈ.എഫ്. ഐ സമരകാലത്ത് മണിക്കൂറുകളോളം തീവണ്ടി തടഞ്ഞിട്ടപ്പോള്‍ അതിനെതിരെ പ്രതികരണവുമായ വന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. കെ.എന്‍.രാജിനെ ഡി.വൈ.എഫ്.ഐ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും പിണറായി വിജയന്‍ ഓര്‍ക്കണം. ജീവിതകാലം മുഴുവന്‍ ഇടുപക്ഷ സഹയാത്രികനായി നടന്ന കെ.എന്‍.രാജ് വഴിമാറി നടക്കാന്‍ തുടങ്ങിയത് അവിടെനിന്നാണ് എന്നകാര്യവും മറക്കരുത്. മാത്രമല്ല, പണ്ട് കൊച്ചിയില്‍ നടന്ന മറ്റൊരു ബന്ദില്‍ ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന പത്മനാഭന്റെ സ്‌കൂട്ടറിന്റെ കാറ്റഴിച്ചു വിട്ടപ്പോള്‍, ദേശാഭിമാനിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും സഖാക്കള്‍ കേള്‍ക്കാതിരുന്നതും ഇന്നും ഓര്‍മ്മയിലുണ്ട്.
പെട്രോളിയം വിലവര്‍ദ്ധന കുറയ്ക്കാന്‍ കഴിയാവുന്നതൊക്കെ കേന്ദ്രസര്‍ക്കാര്‍ ചെയ്തുകഴിഞ്ഞു. കേന്ദ്ര എക്‌സൈസ് നികുതി പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറച്ചു. ജി.എസ്.ടിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍ നികുതി 28 ശതമാനമായി കുറയുകയും വില പകുതിയോടടുത്തെങ്കിലും എത്തുകയും ചെയ്യും. ഇതിനെ എതിര്‍ക്കുന്നത് കേരളവും രാജസ്ഥാനും ബംഗാളുമല്ലേ? പെട്രോളിയം വിലവര്‍ദ്ധനയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കേരളത്തിനും ധനമന്ത്രി കെ എന്‍ ബാലഗോപാലിനും മാറി നില്‍ക്കാന്‍ കഴിയുമോ? എല്ലാം മോദിയുടെ തലയില്‍ ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതേസമയം, ഇത്തരം ചതിയുടെ കുരുക്കുകള്‍ ഒരുക്കുകയുമാണ് സി.പി.എമ്മും ചെയ്യുന്നത്. കോണ്‍ഗ്രസ്സും സി.പി.എമ്മും ചെയ്യുന്നതിന്റെ പാപഭാരമല്ലേ പാവം നരേന്ദ്രമോദി ചുമക്കുന്നത്? എന്തായാലും ജോജു ജോര്‍ജ്ജുമായി കോണ്‍ഗ്രസ് നേതാക്കളുടെ അനുരഞ്ജന സംഭാഷണം പുരോഗമിക്കുകയാണ്. അതേസമയം, ഏതൊക്കെ സംസ്ഥാനങ്ങള്‍ കുറച്ചാലും കേരളത്തില്‍ നികുതി കുറയ്ക്കാന്‍ ആവില്ലെന്നാണ് കേരളത്തിലെ ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട്. ഇനിയെന്തായാലും മോദിയെ തെറിപറയാനാവില്ല. വേറെ ആരെ പറയണമെന്ന് പാര്‍ട്ടി കേന്ദ്ര കമ്മറ്റി തീരുമാനിക്കട്ടെ. ഏതായാലും സമരം നടത്തുംപോലെ എളുപ്പമല്ല ഭരണമെന്ന് ബാലഗോപാലിനും മനസ്സിലായി.