പ്രമുഖ എസ്എഫ്‌ഐ നേതാവ് അനുപമയുടെ, അവിവാഹിതയായിരിക്കുമ്പോഴുള്ള പ്രസവവും സി പിഎം നേതാവായ അച്ഛന്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനം ഉപയോഗിച്ച് കുഞ്ഞിനെ കടത്തിയതുമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്ത. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടാനുള്ള അവകാശമുണ്ടെന്നും പ്രമുഖ പഴയകാല സി പി എം നേതാവിന്റെ മകനായ അച്ഛന്‍ ജയചന്ദ്രന്‍ കുഞ്ഞിനെ കടത്തിയത് തെറ്റാണെന്നും അതിനുവേണ്ടി പാര്‍ട്ടി സംവിധാനം ദുരുപയോഗം ചെയ്തത് സംഘടനാവിരുദ്ധവും മനുഷ്യത്വഹീനവുമാണെന്നും ഒക്കെയുള്ള വാദങ്ങള്‍ ഉയരുന്നുണ്ട്.
സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സെക്രട്ടറിയേറ്റിനു മുന്നില്‍ അനുപമ സത്യഗ്രഹവുമായി എത്തിയതോടെ സംസ്ഥാന സര്‍ക്കാരിനും സി പിഎമ്മിനും മൂടിവെയ്ക്കാന്‍ കഴിയാത്ത നിലയിലേക്ക് ഈ സംഭവം മാറി. അതോടൊപ്പം കുട്ടിയെ കടത്താനും രേഖകള്‍ തിരുത്താനും ക്രമവിരുദ്ധമായി ദത്ത് നല്‍കാനുമൊക്കെ ശിശുക്ഷേമസമിതി നടത്തിയ ശ്രമങ്ങളും പുറത്തുവന്നു. ശിശുക്ഷേമസമിതി സെക്രട്ടറിയും സിപിഎം നേതാവുമായ ഡോ.ഷിജുഖാന് ഈ സംഭവത്തില്‍ ബന്ധമുണ്ടെന്ന ആരോപണം അനുപമ ഉന്നയിക്കുകയും ചെയ്തു. ഷിജുഖാന്‍ ആയതുകൊണ്ട് അദ്ദേഹത്തെ രക്ഷിക്കാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എ.എ.റഹീമും പാര്‍ട്ടി സംവിധാനവും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. അതേസമയം ബുധനാഴ്ച ചേര്‍ന്ന സി പിഎം സമ്മേളനം അനുപമയുടെ പിതാവായ ജയചന്ദ്രന്റെ പേരില്‍ നടപടിയെടുക്കാനും പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്താനും തീരുമാനിച്ചു.
അനുപമയുടെ പരാതിയില്‍ സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ മൊഴിയെടുക്കുകയും ദത്ത് നല്‍കിയ കുട്ടിയെ മടക്കിക്കൊണ്ടു വരാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ ശക്തമായ സ്വാധീനവും പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അനുപമ.എസ്.ചന്ദ്രന്‍, എസ്എഫ്‌ഐ നേതാവ് എന്ന നിലയിലാണ് അജിത്തുമായി അടുക്കുന്നത്. നേരത്തെ വിവാഹം കഴിക്കുകയും രണ്ടു കുട്ടികളുടെ പിതാവുമായ അജിത്ത് ഇടയ്ക്ക് മറ്റൊരു സുഹൃത്തിന്റെ ഭാര്യയെയും ഇതേപോലെ തന്നെ പ്രണയിച്ച് ഇറക്കിക്കൊണ്ടു വന്നതാണ് എന്നാണ് പറയപ്പെടുന്നത്. എസ്എഫ്‌ഐയുടെ നേതാവായ അനുപമ പ്രസവിക്കുന്നതിന് മുന്‍പുതന്നെ കുട്ടിയെ ഉപേക്ഷിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ വീട്ടില്‍ സജീവമായിരുന്നു. 2020 ഒക്ടോബറില്‍, പ്രസവത്തിനു മുന്‍പു തന്നെ അച്ഛന്‍ പി.എസ.് ജയചന്ദ്രന്‍ ഒന്നും എഴുതാത്ത മുദ്രപത്രത്തില്‍ അനുപമയുടെ ഒപ്പിട്ടു വാങ്ങിയിരുന്നു. വളര്‍ത്താന്‍ കഴിയാത്തതിനാല്‍ കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമസമിതിക്ക് നല്‍കുന്നു എന്ന് ഇതില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നത്രെ.
ജനിച്ച് മൂന്നാം ദിവസം, 2020 ഒക്ടോബര്‍ 22 ന് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ അടക്കമുള്ളവരുമായി ഉണ്ടാക്കിയ ധാരണയോടെയായിരുന്നു ഈ കൈമാറ്റം. രാത്രി 12.30 ന് ശിശുക്ഷേമസമിതിയിലെ നഴ്‌സ് എത്തിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഇക്കാര്യം പാര്‍ട്ടിയുടെ അറിവോടുകൂടി ആയിരുന്നുവെന്ന് സിപിഎം ജില്ലാ നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടി കുടുംബത്തിന് മാനഹാനി ഉണ്ടാകാതിരിക്കാന്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് ചെയ്തത്. ആണ്‍കുഞ്ഞായിരുന്നെങ്കിലും ഭാവിയില്‍ തിരിച്ചറിയാതിരിക്കാനായി രേഖകളില്‍ പെണ്‍കുട്ടി എന്നാണ് രേഖപ്പെടുത്തിയത്. അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞിനെ ലഭിച്ചെന്നും മലാല എന്ന് പേരിട്ടെന്നും പത്രക്കുറിപ്പ് ഇറക്കി സംരക്ഷണ കവചം ഒരുക്കുകയും ചെയ്തു. ആണ്‍കുട്ടി പെണ്‍കുട്ടി ആയത് വിവാദമായതോടെ പേര് തിരുത്തി സിദ്ധാര്‍ത്ഥ് എന്നാക്കി. രണ്ടു നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍, പെട്ടെന്നു തന്നെ ഇവരെ തിരിച്ചെടുക്കുകയും തൈക്കാട് ആശുപത്രി രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു. നവംബര്‍ നാലിന് തന്നെ കുഞ്ഞിനെ തിരഞ്ഞ് ആരെങ്കിലും വരുമോ എന്നറിയാതെ ദത്തു നല്‍കാനായി പത്രപരസ്യം നല്‍കി. 2021 ജൂലൈ മാസത്തില്‍ കുട്ടിയെ ദത്ത് നല്‍കാനായി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ കുഞ്ഞിന്റെ വിശദാംശങ്ങള്‍ നല്‍കി. ദത്തു നല്‍കാനുള്ള സമിതിയില്‍ ശിശുക്ഷേമ സമിതിയുടെ സെക്രട്ടറി ഡോ. ഷിജുഖാന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സുനന്ദ എന്നിവര്‍ അംഗങ്ങളായിരുന്നു.
ഇതിനിടെ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി അനുപമയും അജിത്തും ശിശുക്ഷേമസമിതിക്ക് പരാതി നല്‍കി. മാതാപിതാക്കളുടെ പരാതി മറച്ചുവെച്ച് ആഗസ്റ്റില്‍ ആന്ധ്ര സ്വദേശികളായ അധ്യാപക ദമ്പതികള്‍ക്ക് കുഞ്ഞിനെ ദത്തു നല്‍കി. രണ്ടുദിവസത്തിനു ശേഷമാണ് കുഞ്ഞ് ശിശുക്ഷേമ സമിതിയിലുണ്ടെന്ന് പോലീസ് അനുപമയെ അറിയിച്ചത്. ഓഗസ്റ്റ് 11 ന് കുഞ്ഞിനെ അന്വേഷിച്ചു ശിശുക്ഷേമ സമിതിയില്‍ എത്തിയ അവര്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 30 ന് മറ്റൊരു കുഞ്ഞിന്റെ ഡിഎന്‍ എ പരിശോധന നടത്തുകയും ചെയ്തു. ആ കുഞ്ഞ് അനുപമയുടേതല്ലെന്ന് തെളിഞ്ഞു. ഇതിനിടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഷിജുഖാന്‍ തിരുവനന്തപുരം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയോ ഡി എന്‍എ പരിശോധന ആവശ്യപ്പെട്ടുള്ള അനുപമയുടെ പരാതിയോ ഒന്നും തന്നെ കോടതിയെ അറിയിക്കാതെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിച്ചത്. ശിശുക്ഷേമസമിതിയിലെ കുട്ടികളുടെ സീനിയോറിറ്റി ലംഘിച്ചാണ് അനുപമയുടെ കുട്ടിയെ ദത്തു നല്‍കിയത്.
2021 ഏപ്രില്‍ 19 നാണ് കുഞ്ഞിനെ കണ്ടെത്താന്‍ ആവശ്യപ്പെട്ട് അനുപമയും അജിത്തും പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി തീരുമാനമാകാത്തത് കൊണ്ട് ഏപ്രില്‍ 29 ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. ഇതോടൊപ്പം സിപിഎം നേതാക്കളായ ആനാവൂര്‍ നാഗപ്പന്‍, വൃന്ദ കാരാട്ട് തുടങ്ങിയവര്‍ക്കും പരാതി നല്‍കി. പക്ഷേ, പോലീസ് കേസെടുത്തില്ല. അമ്മയായ അനുപമയുടെ സമ്മതത്തോടെ ദത്ത് കൊടുത്ത സാഹചര്യത്തില്‍ കുഞ്ഞിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. വൃന്ദാ കാരാട്ട്, പി.കെ.ശ്രീമതിയോട് വേണ്ടത് ചെയ്യാന്‍ പറഞ്ഞെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആഗസ്റ്റ് പത്തിന് അനുപമയുടെ മാതാപിതാക്കളാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിയില്‍ എത്തിച്ചതെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ അനുപമ സംഭവങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുകയും വലിയ വിവാദമായി മാറുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ഒക്ടോബര്‍ 19 ന് പേരൂര്‍ക്കട പോലീസ് കേസെടുത്തു. പാര്‍ട്ടിക്ക് തലയൂരാന്‍ കഴിയാത്തത്ര വലിയ വിവാദത്തിലേക്ക് സംഭവം വളര്‍ന്നതോടെ പ്രശ്‌നം എങ്ങനെയും തീര്‍ത്ത് തലയൂരാനായിരുന്നു സിപിഎമ്മിന്റെ പിന്നത്തെ ശ്രമം. മന്ത്രി വീണാ ജോര്‍ജ് അനുപമയെ വിളിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടെ ദത്ത് സ്ഥിരപ്പെടുത്താന്‍ വേണ്ടി ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
അനുപമയുടെ സംഭവം കേരളത്തിലെ സിപിഎം രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ടതല്ല. നേരത്തെ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സിപിഎമ്മിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും തുടര്‍ക്കഥയാണ്. കമ്മ്യൂണിസ്റ്റ് നേതാവായ തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ എന്ന പുസ്തകത്തിലും ഒളിവു ജീവിതത്തെ വരച്ചുകാട്ടിയ സിനിമകളിലും ഒക്കെ ത്തന്നെ അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അവിഹിതബന്ധങ്ങളെ കുറിച്ചും വഴിവിട്ട ജീവിതത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ലാല്‍സലാം എന്ന സിനിമയില്‍ അന്നത്തെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചും അതില്‍ മന്ത്രിമാരായിരുന്ന ദമ്പതികള്‍ തെറ്റിപ്പിരിഞ്ഞതുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്. സി ഐടിയു സംസ്ഥാന പ്രസിഡണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന വി.ബി.ചെറിയാന്‍ ഒരിക്കല്‍ ഇത്തരത്തിലുള്ള ഒരു വിവാദത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും അതിന്റെ ഉത്തരവാദി പാര്‍ട്ടി സെക്രട്ടറിയാണെന്ന് പറയുകയും ചെയ്തപ്പോള്‍ അന്വേഷണ കമ്മീഷനെ വെക്കുകയും ആ കുട്ടിക്ക് ഗര്‍ഭമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. അക്കാര്യം അദ്ദേഹം പരിഹാസത്തോടെയാണ് പറഞ്ഞത്. ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി.കെ ശശിക്ക് എതിരായ പീഡന പരാതിയിലും ഏതാണ്ട് ഇതേ തരത്തിലുള്ള നടപടിയാണ് ഉണ്ടായത്. പ്രതിയെ രക്ഷപ്പെടുത്തി വാദിയെ കൈയൊഴിയുന്ന നിലപാടാണ് അവിടെയും ഉണ്ടായത്.
ഇവിടെ അനുപമ എന്ന പെണ്‍കുട്ടി സ്വന്തം കുഞ്ഞിനെ തേടി പാര്‍ട്ടി നേതാവായ അച്ഛനും പാര്‍ട്ടി സംവിധാനത്തിനുമെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്ന സാഹചര്യമാണ് കണ്ടത്. രണ്ടുവര്‍ഷം മുമ്പ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന പരാതിയുമായി ബിഹാര്‍ സ്വദേശിനിയായ യുവതി എത്തിയിരുന്നു. ഈ സംഭവങ്ങളെല്ലാം തന്നെ കാട്ടുന്നത് സിപിഎമ്മിന്റെ ജീര്‍ണ്ണതയുടെ മുഖമാണ്. സ്വഭാവശുദ്ധിയില്ലാത്ത, വ്യക്തിചാരിത്ര്യം ഇല്ലാത്ത സംഘടനാ സംവിധാനമാണ് സിപിഎമ്മിന്റേത്. സ്ത്രീയെ വെറും ഉപഭോഗവസ്തുവായി കണക്കാക്കുകയും പാര്‍ട്ടിയുടേയും മാതാപിതാക്കളുടെയും മാനംകാക്കാന്‍ പെറ്റമ്മ അറിയാതെ കുട്ടിയെ പാര്‍ട്ടി സംവിധാനം ദുരുപയോഗം ചെയ്ത് ദത്തു കൊടുത്തു അനാഥയാക്കുകയും ചെയ്ത സംഭവം ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ? ഒരു പാവം അമ്മയുടെ പരാതി അന്വേഷിക്കാതെ ചവറ്റുകുട്ടയിലിട്ട പോലീസ് സംവിധാനം ഭരണകക്ഷിയുടെ അടിമപ്പണിയാണ് ചെയ്യുന്നത്. ഇനിയെങ്കിലും ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആത്മപരിശോധന നടത്തണം. ഒരു ജനാധിപത്യ രാഷ്ട്രീയകക്ഷിക്ക് ആശാസ്യമായ സംവിധാനമാണോ ഇപ്പോഴത്തെ സിപി എം പുലര്‍ത്തുന്നത് എന്ന് അവര്‍ ആലോചിക്കണം. എസ്എഫ്‌ഐ എന്ന സംഘടന, അവിഹിത ഗര്‍ഭത്തിന്റെയും നേതാക്കന്മാരുടെ പീഡനത്തിന് ഇരയായവരുടെയും സങ്കേതമായി മാറുന്നു. ഇത് ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ഭൂഷണമാണോ എന്ന് അവര്‍ ആലോചിക്കണം. ഇതിനിടെ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സംഘര്‍ഷത്തിനിടയില്‍ എഐഎസ് എഫ് വനിതാ നേതാവിനെ പെലച്ചി എന്ന് ജാതിപ്പേര് വിളിക്കുകയും തന്തയില്ലാത്ത കുട്ടിയെ തരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എവിടേക്കാണ് ഈ സംഘടന പോകുന്നത്?
തലപ്പുലയന്‍ ഒരു നാട്ടുപ്രമാണിയുടെയോ മാടമ്പിയുടെയോ സ്ഥാനമുള്ള സമുദായ നേതാവായിരുന്നു. അത് തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം മാത്രമായിരുന്നു. പുലയന്‍/പുലച്ചി എന്നത് ആക്ഷേപമായി കാണുന്ന സി പി എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന കേരള സമൂഹത്തില്‍ ഉയര്‍ത്തുന്നത് ഭീതിയുടെ പുതിയ മുഖമാണ്. കേരളത്തിലെ ഹിന്ദുക്കള്‍ പുലയനെയും പറയനെയും നായാടിയെയും നമ്പൂതിരിയെയും ഒക്കെ ഒരു ശരീരത്തിന്റെ ഭാഗങ്ങളായി തന്നെയാണ് കാണുന്നത്. പെലച്ചി ഒരിക്കലും അപമാനമല്ല. അത് അഭിമാനമായി അവര്‍ കാണുന്നു. ജിഹാദികളുടെ പിടിയില്‍ അകപ്പെട്ടതുകൊണ്ട് എസ് എഫ് ഐക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇത് മനസ്സിലാകില്ല.