ഈയിടെ അന്തരിച്ച കോഴിക്കോട് ആഴ്ചവട്ടത്തെ വരായി ബാലന്‍മാഷ് കേരളത്തിലെ സംഘചരിത്രത്തില്‍ അവിസ്മരണീയനായ ഒരു വ്യക്തിത്വമാണ്. കേരളത്തിലെ ആദ്യശാഖയിലെ ആദ്യ സ്വയംസേവക ഗണത്തിലെ വ്യക്തിയാണ് അദ്ദേഹം. ടി.എന്‍.ഭരതേട്ടന്‍, പി.മാധവ്ജി, ആര്‍.വേണുവേട്ടന്‍ തുടങ്ങിയവര്‍ പ്രചാരകര്‍ എന്ന നിലയില്‍ ഏറെ അറിയപ്പെട്ടെങ്കിലും ആ തലത്തില്‍ തന്നെയുള്ള സംഘകാര്യകര്‍ത്താവായിരുന്നു ബാലന്‍ മാസ്റ്റര്‍. ആഴ്ചവട്ടം ശാഖയിലെ പി.കുമാരേട്ടന്‍, വി.കൃഷ്ണശര്‍മ്മജി എന്നിവരൊക്കെ ആ ഗണത്തിലുള്ളതായിരുന്നു. സംഘം ആരംഭിക്കാനെത്തിയ ഠേംഗ്ഡിജിയുടെ സഹായിയായി ആ കാലത്ത് അദ്ദേഹം ഒപ്പം തന്നെ ഉണ്ടാകുമായിരുന്നു. തുടര്‍ന്ന് പ്രചാരകനായി വന്ന ശങ്കര്‍ശാസ്ത്രിയുടേയും സഹചാരിയായിരുന്നു അദ്ദേഹം. വളരെ ബുദ്ധിശാലിയായ അദ്ദേഹം സ്വയം സേവകര്‍ക്ക് മാതൃകയായിരുന്നു.
1948ലെ സംഘനിരോധത്തിനെതിരെ നടന്ന സമരത്തിന്റെ കേന്ദ്രം കോഴിക്കോട് ആയിരുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സമരം ചെയ്യാന്‍ വരുന്ന സ്വയംസേവകര്‍ക്ക് വേണ്ട വ്യവസ്ഥകള്‍ ചെയ്തുകൊടുക്കുന്നതിലും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി തിരിച്ചയക്കുന്നതിലും മാഷ് ബദ്ധശ്രദ്ധനായിരുന്നു. തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്ത അദ്ദേഹം അഞ്ച് മാസത്തോളം ജയിലില്‍ കിടന്നു. ആര്‍.ഹരിയേട്ടന്‍, വി.കൃഷ്ണശര്‍മ്മജി എന്നിവരൊക്കെയാണ് അദ്ദേഹത്തിന്റെ സഹതടവുകാരായി ഉണ്ടായിരുന്നത്. ‘ഹിന്ദുഭൂമിതന്‍ ഹൃദയാകാശേ’, എന്ന് തുടങ്ങുന്ന ഗീതം രചിച്ചത.് ജയിലില്‍ വച്ച് ബാലന്‍മാഷായിരുന്നു. പിന്നീട് അത് അല്പം തേച്ചുമിനുക്കി ഗണഗീതമാക്കി ശാഖകളില്‍ പാടിത്തുടങ്ങി.
സ്‌കൂള്‍ മാസ്റ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എഇഒ ആയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ വീണ്ടും അധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ബാലന്‍മാഷ് കേസരിയുടെ രണ്ടാമത്തെ ലക്കം മുതല്‍ കനപ്പെട്ട ലേഖനങ്ങള്‍ എഴുതിയിരുന്നു. കമ്മ്യൂണിസത്തെക്കുറിച്ചും ഭാരതീയതയെക്കുറിച്ചും ആഴത്തില്‍ പഠിച്ച് ലേഖനമെഴുതിയ അദ്ദേഹം കേസരിയില്‍ വി.ബി. എന്ന പേരിലും വി.എന്ന പേരിലുമാണ് കൂടുതലും എഴുതിയിരുന്നത്. കേസരിയുടെ ആദ്യ അന്താരാഷ്ട്ര ലേഖകന്‍ കൂടിയായിരുന്നു അദ്ദേഹം. 1952 കാലത്തു തന്നെ ലോകത്തു നടക്കുന്ന സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച് അദ്ദേഹം കേസരിയില്‍ എഴുതുമായിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ കേസരിക്ക് ലേഖനം ആവശ്യമുണ്ടാകുമ്പോള്‍ സമീപിക്കുന്നത് സാമൂതിരി സ്‌കൂളിലെ പി.സി.കെ.രാജയെയും വരായി ബാലന്‍മാസ്റ്ററെയും ആയിരുന്നു. ആര്‍.ഹരിയേട്ടന്‍ മറാത്തയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ‘കേശവ സംഘ നിര്‍മ്മാത’ എന്ന ഗ്രന്ഥത്തിന്റെ പ്രൂഫ് വായിച്ച് തെറ്റ് തിരുത്തി പ്രസിദ്ധീകരിക്കാന്‍ സഹായിച്ചത് ബാലന്‍മാസ്റ്റര്‍ ആയിരുന്നു. ഹിന്ദിയില്‍ നിന്നുള്ള അമൃതവചനവും സുഭാഷിതവും മലയാളത്തിലാക്കി സ്വയംസേവകര്‍ക്ക് ശാഖയില്‍ ചൊല്ലാന്‍ സാധിക്കുന്ന രീതിയിലാക്കുന്നതില്‍ മാഷ് ഏറെ സഹായിച്ചിട്ടുണ്ട്. വിചാരധാര മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലും മാഷിന്റെ കരസ്പര്‍ശം ഉണ്ടായിരുന്നു. വലിയ പ്രാസംഗികനല്ലാതിരുന്ന അദ്ദേഹം കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതു പോലെയായിരുന്നു വിഷയങ്ങള്‍ അവതരിപ്പിച്ചിരുന്നത്.
വിനയവും സ്‌നേഹവും ഒത്തുചേര്‍ന്ന അദ്ദേഹത്തിന്റെ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. പുതിയ സ്വയംസേവകരും കാര്യകര്‍ത്താക്കളും കാണാന്‍ എത്തുമ്പോള്‍, വളരെ താല്പര്യത്തോടെ ക്ഷേമകാര്യങ്ങളെക്കുറിച്ചും സംഘപ്രവര്‍ത്തനത്തെകുറിച്ചും അവരോട് അന്വേഷിക്കുമായിരുന്നു. അവരോട് നിഷേധാത്മക കാര്യങ്ങള്‍ സംസാരിക്കാതെ ഭാവാത്മകമായി സംസാരിക്കുകയും അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പ്രേരണ നല്‍കുകയും ചെയ്തിരുന്നു അദ്ദേഹം. ബാലന്‍മാസ്റ്ററുടെ സ്മരണകള്‍ എല്ലാവര്‍ക്കും നിത്യപ്രേരണയാകട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിനേരുന്നു.