ഭൂമിയെ സ്ഥിരമാക്കി നിര്‍ത്തുന്നത് മേരു പര്‍വതമാണെന്നത് പുരാണപ്രസിദ്ധമാണ്. സ്ഥിരതയുടെ, അചഞ്ചലതയുടെ പര്യായമാണ് മേരു. ശരീരത്തിലെ നട്ടെല്ലാണ് മേരു. അത് ദൃഢവും വഴക്കമുള്ളതും ആക്കുന്നതില്‍ ആസനങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയും. അത്തരത്തില്‍ ഒന്നാണ് ഈ ആസനം.
ചെയ്യുന്ന വിധം
വലതു വശം ചരിഞ്ഞു കിടക്കുക. കാലുകള്‍ മേല്‍ക്കുമേല്‍ വരും. ഇടതു കൈ ശരീരത്തു ചേര്‍ത്തു വെക്കും. വലതു കൈ മടക്കി കൈമുട്ട് നിലത്തു കുത്തി അരക്കെട്ടിനു മേല്‍ഭാഗം ഉയര്‍ത്തി കൈപ്പത്തി കൊണ്ട് തല താങ്ങുക. കൈത്തണ്ടകള്‍ മിക്കവാറും ഭൂമിക്കു ലംബമായിരിക്കും.
ശ്വാസമെടുത്തുകൊണ്ട് ഇടതു കൈകാലുകള്‍ ഉയര്‍ത്തി കൈ കൊണ്ട് കാലിന്റെ പെരുവിരലില്‍ പിടിക്കുക. ശ്വാസം വിടാതെ അല്പനേരം സ്ഥിതിയില്‍ നിന്ന ശേഷം ശ്വാസം വിട്ടു കൊണ്ട് കൈകാലുകള്‍ താഴ്ത്തുക. മറുവശം ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
ശരീരത്തിന്റെ വശങ്ങള്‍ കാലിന്റെ ഹാംസ്ട്രിംഗുകള്‍ തുടയുടെ പേശികള്‍ ഉദരപേശികള്‍ എന്നിവയ്ക്ക് വലിവു കിട്ടും. അതുകൊണ്ടു തന്നെ വഴക്കമുണ്ടാവും. ശരീരത്തിന് സന്തുലനം കിട്ടുന്നതിനാല്‍ മനസ്സ് ഏകാഗ്രമാകും.