‘ക്രിസ്തുമതച്ഛേദനം’ എന്ന ചട്ടമ്പിസ്വാമികളുടെ ഗ്രന്ഥം വളരെ ശ്രദ്ധയാകര്‍ഷിച്ചതാണ്. നമ്മുടെ ചരിത്രത്തെ തന്നെ ദുരുപദിഷ്ടമായ രീതിയില്‍ സ്വാധീനിച്ചതാണ് ക്രിസ്ത്യന്‍ കടന്നു കയറ്റം. ഇവിടേക്ക് വന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ വളരെ തന്ത്രപരമായിട്ടാണ് ഹിന്ദു സമൂഹത്തിനിടയിലേക്ക് കടന്നു കയറിയത്. അവര്‍ നമ്മുടെ ചരിത്രത്തെത്തന്നെ വികലമാക്കി. നമ്മുടെ ചരിത്രത്തെ ആകമാനം മേല്‍ജാതി കീഴ്ജാതി ഹിന്ദുക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലാക്കി വളച്ചൊടിച്ച് അവതരിപ്പിച്ചു. കീഴ്ജാതി എന്ന് വിളിക്കപ്പെടുന്ന ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുക എന്നുള്ള ഒരു ഉദ്ദേശത്തോടുകൂടി നമ്മുടെ ചരിത്രത്തില്‍ വലിയ മാറ്റമുണ്ടാക്കി. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റുകള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. അതിന്റെ ഒരു വലിയ വിപത്ത് തിരിച്ചറിഞ്ഞിട്ടാണ് അദ്ദേഹം ക്രിസ്തുമതച്ഛേദനം എഴുതുന്നത്. ഇതേ ലക്ഷ്യം തന്നെ ശ്രീനാരായണ ഗുരുദേവനും ഉണ്ടായിരുന്നു. അദ്ദേഹവും ഈഴവ സമുദായത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് ആള്‍ക്കാര്‍ വഴിതെറ്റിപ്പോകുന്നത് തടയുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ വ്യാപകമായി നടത്തിയിരുന്നു. പക്ഷേ അതിന് ജ്ഞാനപരമായ രീതിയില്‍ ഒരു അടിത്തറയിട്ടത് ചട്ടമ്പിസ്വാമികള്‍ തന്നെയായിരുന്നു. ക്രിസ്തുമതച്ഛേദനം എന്ന ഗ്രന്ഥത്തിന്റെ സാമൂഹ്യ പ്രാധാന്യത്തെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
♠ ചട്ടമ്പിസ്വാമികള്‍ എഴുതി എന്ന് നാം വിശ്വസിക്കുന്ന ആദ്യ പുസ്തകം ക്രിസ്തുമതച്ഛേദനം ആണ്. അതും അദ്ദേഹം എഴുതണം എന്ന് വിചാരിച്ച് ചെയ്തതല്ല. അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ചതാണ്. അതിനു കാരണം ഈ മതത്തില്‍ നിന്ന് അഥവാ സനാതനധര്‍മ്മത്തില്‍ നിന്ന് ഒട്ടേറെ ആളുകളെ ബലം പ്രയോഗിച്ചും പ്രലോഭിപ്പിച്ചും അപമാനിച്ചും ഒക്കെ മാര്‍ഗ്ഗം കൂട്ടുന്നു, ക്രിസ്തുമത വിശ്വാസികളാക്കി മാറ്റുന്നു എന്ന സാമൂഹിക ദുരന്തം കണ്ട് ദുഃഖിച്ച ചിലരാണ് സ്വാമിയെക്കൊണ്ട് അത് ചെയ്യിച്ചത്. ഈ സമൂഹത്തില്‍ പ്രകടമായ വലിയൊരു വിപത്തിനെ, തിന്മയെ പ്രതിരോധിക്കുന്നതിന് സ്വാമി മുന്നിട്ടിറങ്ങുകയാണ് ചെയ്തത്. സ്വാമിയെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത് ക്രിസ്തുമതം കൈകാര്യം ചെയ്ത ചില ആളുകളും സംഘങ്ങളും സംഘടനകളും ഒക്കെത്തന്നെ ആയിരുന്നു. ആ പുസ്തകത്തിന്റെ പ്രധാനപ്പെട്ട സവിശേഷത, രണ്ട് രീതിയിലാണ്. വേദാധികാരനിരൂപണത്തെ നമ്മള്‍ മനസ്സിലാക്കുന്നത് പോലെ തന്നെയാണ് ക്രിസ്തുമതച്ഛേദനത്തെയും വിലയിരുത്തേണ്ടത്. അതിന്റെ സാമൂഹിക വിഷയത്തെ കുറിച്ച് അഥവാ സാമൂഹിക ധര്‍മ്മ നിര്‍വ്വഹണ വശത്തെ കുറിച്ച് പറയാം. പശ്ചാത്തലം ഇതുതന്നെയാണ്, ഏറ്റുമാനൂരമ്പലത്തിലും മറ്റും പോയി തൊഴുതു മടങ്ങുന്ന ഭക്തജനങ്ങളെ സര്‍പ്പ സന്തതികളെ, പാപികളെ എന്ന് മുഖത്തുനോക്കി പുച്ഛത്തോടെയും ധൈര്യത്തോടെയും ആക്ഷേപിച്ച്, ആക്രോശിച്ച് ക്രിസ്തു മതത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്ന ചില സുവിശേഷകരും പാസ്റ്റര്‍മാരും ചെയ്യുന്ന ആ തിന്മ, മത വിദ്വേഷ പ്രചാരണ പ്രവര്‍ത്തനം കണ്ടിട്ടാണ് സ്വാമിയോട് ഈ ഗ്രന്ഥം എഴുതണമെന്ന് ആവശ്യപ്പെട്ടത്. സ്വാമികള്‍ ഇതൊക്കെ നേരിട്ട് കാണാന്‍ ഇടയായിരുന്നു. അദ്ദേഹം ക്രിസ്ത്യാനികളോട് നിങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പുസ്തകം ബൈബിള്‍ ആണല്ലോ, ആ ബൈബിള്‍ ദൈവത്തെക്കുറിച്ച് എന്തു പറയുന്നു, എങ്ങനെ പറയുന്നു, അതിന്റെ പൊരുളെന്ത്, പ്രാധാന്യമെന്ത്, സാംഗത്യമെന്ത്, യുക്തിയെന്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തന്നെയാണ് അതില്‍ പ്രതിപാദിച്ചത്.
ചട്ടമ്പിസ്വാമികള്‍ ഏതെങ്കിലും കൃതി എഴുതുമ്പോള്‍, എന്തിനെയെങ്കിലും സംബന്ധിച്ച് അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ അത് പെട്ടെന്ന് പറയുന്നതാണ് അല്ലെങ്കില്‍ തോന്നിയത് വിളിച്ചു പറയുകയാണ് എന്ന് ഒരിക്കലും ആര്‍ക്കും ആക്ഷേപിക്കാന്‍ പറ്റില്ല. കാരണം അദ്ദേഹം അറിയേണ്ടതെല്ലാം അതിനും എത്രയോ മുമ്പുതന്നെ മനസ്സിലാക്കിയിരിക്കും. തമിഴ്‌നാട്ടില്‍ നാലര വര്‍ഷക്കാലത്തെ കല്ലട കുറിച്ചിയില്‍ പൂര്‍ത്തിയാക്കി അദ്ദേഹം സുബ്ബാജടാപാഠികളുടെ അനുഗ്രഹത്തോടും അനുവാദത്തോടുംകൂടി മടങ്ങി പോകുന്നതിനു മുന്‍പ് ദക്ഷിണേന്ത്യന്‍ പര്യടനത്തിന് പുറപ്പെടുകയുണ്ടായി. അതിനിടയില്‍ അദ്ദേഹം ഒരു ക്രിസ്തീയ പുരോഹിതനോടൊപ്പം താമസിച്ച് ക്രിസ്തുമതത്തെ മനസ്സിലാക്കിയിരുന്നു. അന്ന് മലയാളത്തില്‍ പരിഭാഷകളൊന്നും നമ്മുടെ നാട്ടില്‍ വന്നിരുന്നില്ല. സ്വാമികള്‍ തമിഴില്‍നിന്ന് ഉള്ള ബൈബിള്‍ പരിഭാഷ അഥവാ തമിഴ് പരിഭാഷയാണ് മനസ്സിലാക്കാനായി ആശ്രയിച്ചത്. ആ പാതിരിയില്‍ നിന്ന് നേരിട്ട് മനസ്സിലാക്കി. പോരാത്തതിന് അദ്ദേഹം തനിക്ക് മനസ്സിലാകാന്‍, ഇംഗ്ലീഷ് ഭാഷയിലൂടെ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ചില ആളുകളെ കൂടി ഈ ആവശ്യത്തിനുവേണ്ടി സമീപിച്ചിരുന്നു. സ്വാമിക്ക് പാശ്ചാത്യ സാഹിത്യത്തിലും ചരിത്രത്തിലും തത്ത്വചിന്തയിലുമൊക്കെ ധാരാളം വിവരങ്ങള്‍ നല്‍കുന്ന രണ്ടുപേര് അന്ന് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഒന്ന് സുന്ദരം അയ്യര്‍, മറ്റൊന്ന് സുന്ദരം പിള്ള. സുന്ദരം അയ്യര്‍ പാശ്ചാത്യ തത്വചിന്തയാണ് സ്വാമിക്ക് പ്രധാനമായും മനസ്സിലാക്കി കൊടുത്തത്. സുന്ദരം പിള്ള പില്‍ക്കാലത്ത് മനോന്മണീയം സുന്ദരം പിള്ളയായിട്ട് ഖ്യാതി ആര്‍ജ്ജിച്ച വ്യക്തിയാണ്. ഇതുപോലെ പല വിഷയങ്ങളെ സംബന്ധിച്ചും ഇംഗ്ലീഷില്‍ നിന്ന് സ്വാമികള്‍ക്ക് വേണ്ടത്ര വിവരങ്ങള്‍ ലഭ്യമാക്കി കൊണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബൈബിളിനെ സ്വാമികള്‍ ശരിയായി മനസ്സിലാക്കി അവതരിപ്പിച്ചു. അതാണ് ക്രിസ്തുമതസാരം എന്ന പേരില്‍ ആ പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു വിവരണം.
ബൈബിള്‍ എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ 1400 വര്‍ഷം കൊണ്ട് പത്ത് നാല്പത് ആളുകള്‍ തിരുത്തിക്കുറിച്ചും മാറ്റിപ്പണിതും പുതുക്കിപ്പണിതും ഉപേക്ഷിച്ചും ഒക്കെയാക്കി വെച്ചിട്ടുള്ള ഒരു വേദഗ്രന്ഥമാണ്. അതായത് അതിന്റെ കര്‍തൃത്ത്വത്തെ സംബന്ധിച്ചോ മൂലത്തെ സംബന്ധിച്ചോ വ്യക്തതയില്ല. ആ അവ്യക്തത അതിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടത് തന്നെയാണ്. അങ്ങനെയുള്ള ഒരു പുസ്തകം, അതില്‍ പ്രതിപാദിക്കുന്ന ദൈവം എത്ര ദുര്‍ബലനാണ്, അസഹിഷ്ണുവാണ് എന്നൊക്കെയുള്ള കാര്യം ചട്ടമ്പിസ്വാമികള്‍ ഉദാഹരണങ്ങള്‍ നിരത്തി വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, ചെകുത്താനെ നിയന്ത്രിക്കാന്‍ സാധിക്കാത്ത ദുര്‍ബലനായ ദൈവം, ചെകുത്താനെ ഭയക്കുന്ന ദൈവം, പാപം എന്നതിനെ നിയന്ത്രിക്കാന്‍ പാടുപെടുന്ന ദൈവം, വിലക്കപ്പെട്ട കനി തിന്നുന്നതില്‍ നിന്ന് മനുഷ്യ സ്ത്രീയെ അല്ലെങ്കില്‍ മനുഷ്യരാശിയെ പിന്തിരിപ്പിക്കാന്‍ ആകാത്ത ദൈവം, കുരിശില്‍ പിടഞ്ഞു മരിക്കുമ്പോഴും തനിക്ക് രക്ഷയില്ലല്ലോ എന്ന് വിലപിക്കുന്ന ദുര്‍ബ്ബലനായ ദൈവം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ ദൈവത്തെയാണോ ആശ്രയിക്കാന്‍ പറയുന്നത് എന്ന ചോദ്യം ചോദിച്ചപ്പോള്‍ ആര്‍ക്കും അതിനു സമാധാനം പറയാന്‍ കഴിഞ്ഞില്ല. ഇങ്ങനെ ക്രിസ്തുമതം എന്താണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് അതിനെ വിശദമാക്കിയത്. കേരളസമൂഹത്തെ വിഭജിക്കുന്നതിനും സനാതന സംസ്‌കൃതിയുടെ ആധാരമായിട്ടുള്ള ധര്‍മ്മ ഗ്രന്ഥങ്ങളെ ചോദ്യം ചെയ്യുന്നതിനും മറ്റും ചാടി പുറപ്പെട്ട വിവരമില്ലാത്ത, പണവും മറ്റ് ആനുകൂല്യങ്ങളും പറ്റിക്കൊണ്ട് മതത്തില്‍ ആളെ ചേര്‍ക്കാന്‍ ഇറങ്ങി നടക്കുന്നവരോട് ഇത്തരത്തിലുള്ള പലകാര്യങ്ങളും പറയുന്നതിന് വേണ്ടിയാണ്് ക്രിസ്തുമതച്ഛേദനം രചിച്ചത്.
ക്രിസ്തുമതച്ഛേദനത്തിന്റെ അവസാനം ക്രിസ്തുമതവുമായി ബന്ധപ്പെട്ട് ലോകം മുഴുവന്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ചടക്കം സ്വാമികള്‍ ആധികാരികമായി പ്രതിപാദിക്കുന്നത് കണ്ടിട്ട് ചില ആളുകള്‍ അസ്വസ്ഥരായി, അസഹിഷ്ണുക്കളായി. അവരുടെ പരമ്പര ഇന്നുമുണ്ട്. അവര്‍ പറഞ്ഞത് മലയാളവും തമിഴും സംസ്‌കൃതവും മാത്രമറിയുന്ന മനുഷ്യന്‍ എങ്ങനെയാണ് പാശ്ചാത്യ ലോകത്തെ വിവരങ്ങള്‍ മനസ്സിലാക്കിയത്, എങ്ങനെയാണ് ഇംഗ്ലീഷ് ഭാഷയില്‍ പ്രതിപാദിക്കപ്പെട്ട പുസ്തകങ്ങളുടെ സാരം ഗ്രഹിച്ചത് എന്നൊക്കെ. അതിനെല്ലാമുള്ള സമാധാനമാണ് ഞാന്‍ നേരത്തെ പറഞ്ഞത്. സ്വാമിയെ സംബന്ധിച്ചിടത്തോളം ആരില്‍ നിന്ന് എവിടെ നിന്ന് ഏതെല്ലാം വിവരം കിട്ടിയാലും അദ്ദേഹം സ്വീകരിക്കും. അദ്ദേഹം അറിവ് സമ്പാദിക്കുന്നതിന് ശിഷ്യപ്പെട്ടവരുടെ പട്ടിക വിപുലമാണ്. എന്നല്ല അതില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ഉണ്ട്. തീര്‍ന്നില്ല നാനാ ജാതി മതസ്ഥരുണ്ട്. ക്രിസ്തീയ പുരോഹിതനില്‍നിന്ന് പഠിച്ചതു പോലെ ഒരു മൗലവിയില്‍ നിന്നും അദ്ദേഹം ഖുറാനും ഇസ്ലാമും പഠിച്ചു.
ഖുറാന്‍ ഒരു മൗലവിക്ക് ഓതാന്‍ പറ്റുന്നതുപോലെ ഹൃദയാത്മകമായി, താളാത്മകമായി സംഗീതത്തോട് കൂടി അത് ഓതുന്നതിനുമുള്ള വൈദഗ്ദ്ധ്യം അദ്ദേഹം നേടിയെടുക്കുകയും ഉണ്ടായി. അവരുടെ വിശ്വാസമാര്‍ജ്ജിക്കുകയുണ്ടായി. ബഹുമാനത്തിന് പാത്രമാവുകയുണ്ടായി. അതുപോലെതന്നെ എല്ലാ ജാതിയിലും ഉള്‍പ്പെട്ടവരില്‍നിന്ന് അദ്ദേഹം എന്തെല്ലാം വിദ്യകള്‍ വശപ്പെടുത്തിയിരിക്കുന്നു. അങ്ങനെയാണ് അദ്ദേഹം സര്‍വ്വജ്ഞനും സകലകലാവല്ലഭനും വിദ്യാധിരാജനും ഒക്കെ ആയിത്തീര്‍ന്നത്. ചട്ടമ്പിസ്വാമികള്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഗുരുക്കന്മാരെ നിരാകരിക്കുകയോ നിഷേധിക്കുകയോ നിന്ദിക്കുകയോ ചെയ്തിട്ടില്ല. ജാതിയില്‍ താണവരായതുകൊണ്ട് ഗുരുസ്ഥാനം നിഷേധിച്ചിട്ടില്ല. ജാതിയില്‍ ഉയര്‍ന്നവരായതുകൊണ്ട് തനിക്ക് എന്തെങ്കിലും ചരിത്ര പ്രാധാന്യം കുറഞ്ഞു പോകും എന്ന് വിചാരിച്ചിട്ട് ഗുരുനിന്ദയോ ഗുരു നിഷേധമോ ഒന്നും നടത്തിയിട്ടില്ല. ഇതൊരു വലിയ മാതൃകയാണ്. യഥാര്‍ത്ഥ ഭാരതീയ ആചാര്യ മാതൃകയാണ് ചട്ടമ്പിസ്വാമിയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. പ്രകൃതത്തിലേക്ക് മടങ്ങി വരട്ടെ. ക്രിസ്തുമതച്ഛേദനം തയ്യാറാക്കി കഴിഞ്ഞിട്ട് അദ്ദേഹം അത് നാടുനീളെ പ്രസംഗത്തിലൂടെ പ്രചരിപ്പിക്കുന്നതിന് കാളിയാങ്കല്‍ നീലകണ്ഠപിള്ള എന്നും കരുവാ കൃഷ്ണനാശാന്‍ അഥവാ ഏറത്ത് കൃഷ്ണനാശാന്‍ എന്നും പേരുള്ള രണ്ട് ശിഷ്യന്മാരെ നിയോഗിച്ചു. ഈ രണ്ട് ശിഷ്യന്മാരില്‍ ആദ്യത്തെയാള്‍ നായര്‍ സമുദായത്തിലും പിന്നത്തെയാള്‍ ഈഴവ സമുദായത്തിലും പെട്ട ആളാണ്. രണ്ടാമന്‍ ശ്രീനാരായണ ഗുരുവിന്റെയും വത്സല ശിഷ്യനായിരുന്നു. അവര്‍ തിരുവിതാംകൂറില്‍ വടക്കോട്ടും തെക്കോട്ടുമുള്ള ദിക്കുകളില്‍ സഞ്ചരിച്ച് ആ ദൗത്യം ഏറ്റെടുത്തു നടത്തി. അങ്ങനെ ചെയ്ത ഏറത്ത് കൃഷ്ണനാശാനെ ഗുരുദേവന്‍ പ്രകീര്‍ത്തിക്കുന്ന സന്ദര്‍ഭങ്ങള്‍ നമ്മള്‍ പിന്നീട് ചരിത്രത്തില്‍ കാണുന്നുണ്ട്. ഈ രീതിയില്‍ ക്രിസ്തുമതത്തിന്റെ പേരില്‍ സുവിശേഷ പ്രസംഗകന്മാര്‍, പാതിരിമാര്‍, മത പ്രചാരകന്മാര്‍, ഹിന്ദുമതത്തെ നിന്ദിച്ചുകൊണ്ട് നടത്തിയ ഹീനമായ നടപടിയെ പ്രതിരോധിക്കുന്നതിനും മതപരിവര്‍ത്തനം എന്ന കുത്തൊഴുക്കിനെ തടഞ്ഞു നിര്‍ത്തുന്നതിനുമൊക്കെ ചട്ടമ്പിസ്വാമികള്‍ക്ക് സാധിച്ചു.
ഹിന്ദു മതത്തിന്റെ ഒരു വലിയ നവോത്ഥാനം സാധ്യമാക്കുന്നതിന് അതിനെ ശുദ്ധീകരിക്കുന്നതിന് അതിന്റെ ശോഭ യഥായോഗ്യം ലോകത്തിനുമുന്നില്‍ കാട്ടിക്കൊടുക്കുന്നതിന് അദ്ദേഹം നടത്തിയ സേവനങ്ങളെ 1942 ലെ തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ വളരെ പ്രശംസയോടു കൂടി പ്രതിപാദിച്ചിട്ടുണ്ട്. അത് പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമാണ്. ഇനി ക്രിസ്തുമതച്ഛേദനം എന്ന ഗ്രന്ഥത്തിന്റെ ചരിത്രപ്രാധാന്യം പരിഗണിക്കുമ്പോള്‍ വേദാധികാരനിരൂപണത്തെക്കുറിച്ച് പറഞ്ഞതുപോലെ മലയാളത്തിലെ ആദ്യത്തെ സാഹിത്യ വിമര്‍ശനം വേദാധികാരനിരൂപണം പാഠ വിമര്‍ശം ആണെങ്കില്‍ സാഹിത്യ വിമര്‍ശ ഗ്രന്ഥം എന്ന നിലയില്‍ ക്രിസ്തുമതച്ഛേദനത്തിനെ പരിഗണിക്കാതിരിക്കാന്‍ പറ്റില്ല. വേദം മനുഷ്യരാശിയുടെ ആദിമ ധൈഷണിക സ്വത്താണ് എങ്കില്‍ ബൈബിള്‍ മനുഷ്യവര്‍ഗ്ഗത്തില്‍ ബഹുഭൂരിപക്ഷം ആളുകളും പവിത്രമായി പരിഗണിച്ചുകൊണ്ടിരിക്കുന്ന പുണ്യഗ്രന്ഥമാണ് അഥവാ വേദഗ്രന്ഥമാണ്. ആ വേദ ഗ്രന്ഥമെന്ന ടെക്സ്റ്റിനെ ആണ് അദ്ദേഹം വിമര്‍ശന വിധേയമാക്കിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന, പ്രചരിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥത്തെ വിമര്‍ശിച്ചുകൊണ്ട് മലയാളത്തില്‍ എഴുതിയ ക്രിസ്തുമതച്ഛേദനം 1880-കളില്‍ ആണ് പ്രകാശനം നടക്കുന്നത്. നമ്മുടെ നോവല്‍, ചെറുകഥ നിരൂപണ ശാഖകള്‍ക്ക് ആരംഭമാകുന്നതിനു മുന്‍പ് തന്നെയാണ് ആ പുസ്തകം പുറത്തു വരുന്നത്. അതാണ് മലയാളത്തില്‍ നമ്മുടെ നിരൂപണ ശാഖയ്ക്ക് തുടക്കം കുറിച്ച കൃതി എന്നുള്ള ചരിത്രപ്രാധാന്യവും ഉണ്ട്. ഈ വിധത്തിലുള്ള പ്രവര്‍ത്തനം ഇതുപോലെ ഇതിനേക്കാള്‍ കുറച്ചുകൂടി വ്യാപകമായി പലരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി തമിഴ്‌നാട്ടിലും നടന്നുകൊണ്ടിരുന്നു. അവിടെ ക്രിസ്തുമത പ്രചാരകന്മാര്‍ ദുഷ്ടലാക്കോടു കൂടി നടത്തിയ കുത്സിത പ്രവൃത്തികള്‍ വളരെ സംഘടിതവും വ്യാപകമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഘട്ടമായിരുന്നു. ഒരുപക്ഷേ അതൊക്കെ നേരിട്ട് മനസ്സിലാക്കാനും സ്വാമികള്‍ക്ക് സാധിച്ചിരിക്കുമല്ലോ. അതൊക്കെക്കൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ഭക്തി പ്രസ്ഥാനത്തിന്റെയും നവോത്ഥാനത്തിന്റേയും സ്വാതന്ത്ര്യ സമരത്തിന്റെയും ഒക്കെ സ്വഭാവത്തിലുള്ള ഒരു അഖിലഭാരതീയ മാനം കൈവന്നിട്ടുണ്ട്. അതിന് മാര്‍ഗ്ഗദര്‍ശിയാകാന്‍ സാധിച്ചത് ചട്ടമ്പിസ്വാമികള്‍ക്കാണ്. അത് ക്രിസ്തുമതച്ഛേദനം എന്ന പുസ്തകത്തിലൂടെയാണ് സാധ്യമായത്. അതിന്റെ സാമൂഹികമായ, മതപരമായ, നവോത്ഥാനപരമായ പ്രാധാന്യവും പ്രസക്തിയും എല്ലാം ഉണ്ടായിരിക്കെ തന്നെ സാഹിത്യ നിരൂപണത്തിലും മലയാളസാഹിത്യ വിമര്‍ശത്തിലും അതിന് ഒരു ചരിത്ര പ്രാധാന്യം ഉണ്ട് എന്ന് കൂടി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
(തുടരും)
Comments