പതഞ്ജലിയുടെ ക്രിയാ യോഗത്തിലും നിയമത്തിലും സ്വാധ്യായം വരുന്നുണ്ട്. ക്രിയാ യോഗത്തിന്റെ സന്ദര്‍ഭത്തില്‍ ഇതിനെ ജ്ഞാനയോഗമെന്ന രീതിയിലും നിയമത്തിന്റെ ദൃഷ്ടിയില്‍ വ്യക്തിപരമായ സാധനയായും എടുക്കേണ്ടിവരും.
‘സ്വാധ്യായ: പ്രണവാദി പവിത്രാണാം ജപോ മോക്ഷശാസ്ത്രാധ്യയനം വാ’- എന്ന് ഭാഷ്യകാരനായ വ്യാസന്‍. ഓങ്കാരാദികളായ മന്ത്ര ജപത്തെയും മോക്ഷശാസ്ത്ര പഠനത്തെയും ആണ് വ്യാസന്‍ സ്വാധ്യായത്തില്‍ പെടുത്തിയിരിക്കുന്നത്. എന്നും ചെയ്യേണ്ട ഒരു അഭ്യാസം തന്നെയാണ് സ്വാധ്യായം. ശാസ്ത്ര പഠനത്തില്‍ നിന്ന് യോഗി ജ്ഞാനവും പ്രേരണയും ഉത്സാഹവും നേടുന്നു. ഈശ്വരനെ ദ്യോതിപ്പിക്കുന്ന പദമാണ്, ഈശ്വരന്റെ പേരാണ് പ്രണവം. ആ പേര് അഥവാ ഓങ്കാരം ജപിക്കണം. ആ പേരിന്റെ അര്‍ത്ഥം ചിന്തിക്കണം. അതായത് ഈശ്വരന്റെ പൊരുള്‍ ചിന്തിക്കണം.’തജ്ജപ:തദര്‍ഥ ഭാവനം’ ഓങ്കാരാദി എന്നു പറഞ്ഞതിനാല്‍ ഗായത്രി മുതലായ മന്ത്രത്തെയും ഇതില്‍ ചേര്‍ക്കേണ്ടിവരും. മോക്ഷശാസ്ത്രമായ ഉപനിഷത്തുകളുടെ പഠനവും സ്വാധ്യായത്തില്‍ പെടും.
തപ:സ്വാധ്യായനിരതം
വാത്മീകിര്‍ വാഗ്വിദാം വരം
നാരദം പരിപപ്രച്ഛ
എന്നാണ് വാത്മീകി രാമായണം ആരംഭിക്കുന്നത്. നാരദമുനി തപസ്സിലും സ്വാധ്യായത്തിലും മുഴുകിയവനാണ്. അതദ്ദേഹത്തിന്റെ യോഗ്യതയാണ്.
സ്വാധ്യായ: അധ്യേതവ്യ: – എന്നു വേദ വചനമുണ്ട്. ഇവിടെ സ്വാധ്യായമെന്നാല്‍ വേദം എന്നു തന്നെയാണ് അര്‍ത്ഥം.വേദം പഠിക്കേണ്ടതുതന്നെയാണ് എന്നു വിധിക്കുന്നതാണ് സന്ദര്‍ഭം.
ഗുരുകുലത്തില്‍ താമസിച്ച് വര്‍ഷങ്ങളോളം വേദം അഭ്യസിച്ച ശേഷം സമാവര്‍ത്തനം ചെയ്യുന്ന, അതായത് വീട്ടിലേക്കു തിരിച്ചു പോകുന്ന കുട്ടിയെ അടുത്തു വിളിച്ച്, ആചാര്യന്‍ കൊടുക്കുന്ന ഉപദേശത്തില്‍ ‘സ്വാധ്യായാത് മാ പ്രമദ’ – എന്നു പറയുന്നുണ്ട്. സ്വാധ്യായ കാര്യത്തില്‍ ഒരിക്കലും ഉപേക്ഷ കാണിക്കരുത്. താന്‍ പകര്‍ന്നു നല്കിയ വിദ്യ ശിഷ്യന് എന്നും നൂതനമായിത്തന്നെ, പ്രയോഗ സമര്‍ത്ഥമായിത്തന്നെ ഇരിക്കണം എന്ന ആചാര്യന്റെ ആഗ്രഹവും അവന്‍ സ്വായത്തമാക്കിയ വിദ്യ തുരുമ്പെടുക്കുമോ എന്ന ആശങ്കയുമാണ് ഈ ഉപദേശത്തില്‍ പ്രതിഫലിക്കുന്നത്. ഓട്ടുപാത്രം പോലെ നിത്യവും തേച്ചുമിനുക്കിയില്ലെങ്കില്‍ വിദ്യയും ക്ലാവു പിടിക്കും. വേദോ നിത്യമധീയതാം (വേദം നിത്യവും പഠിക്കണം) എന്ന് സാധനാ പഞ്ചകത്തില്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
സ്വാധ്യായ: പ്രണവ ശ്രീരുദ്ര പുരുഷസൂക്താദീനാം പവിത്രാണാം ജപോ മോക്ഷശാസ്ത്രാധ്യയനം ച –
പ്രണവം, ശ്രീരുദ്രം, പുരുഷസൂക്തം മുതലായ പവിത്രമായ വേദമന്ത്രങ്ങളുടെ ജപത്തെ ഇവിടെ സ്വാധ്യായത്തില്‍ പെടുത്തിയിരിക്കുന്നു. ഇവ ജപിക്കുകയും അവയുടെ അര്‍ത്ഥം ചിന്തിക്കുകയും ഉപനിഷത്തിന്റെ താല്പര്യങ്ങളെപറ്റി ചിന്തിക്കുകയും ചെയ്യുമ്പോള്‍ ജീവിതം സത്യമയമായിത്തീരുന്നു.
വാചികം, ഉപാംശു, മാനസികം, അജപാജപം എന്നിങ്ങനെ നാലുതരം ജപങ്ങളെപ്പറ്റി പറയുന്നുണ്ട്. മറ്റുള്ളവരും കൂടി കേള്‍ക്കുന്ന തരത്തില്‍ ഉറക്കെ ജപിക്കുന്നത് വാചികജപം. ശബ്ദം പുറത്തു കേള്‍ക്കാതെ എന്നാല്‍ വായ അനക്കിക്കൊണ്ട് ഉള്ള ജപം ഉപാംശു. മനസ്സില്‍ മാത്രം ജപിക്കുന്നത് മാനസിക ജപം. അഭ്യാസ ബലം കൊണ്ട് ജപം സ്വാഭാവികമായി വരുമ്പോള്‍ അജപാ ജപം. ഇവ ഒന്നിനൊന്ന് മെച്ചമാണെന്ന് പറയപ്പെടുന്നു.
പ്രണവം, ഗായത്രി മുതലായവ ജപിക്കുമ്പോള്‍ ഒരു മാത്രയാണ് ഫലമെങ്കില്‍ അവയുടെ അര്‍ത്ഥ ചിന്തയോടെ ചെയ്യുമ്പോള്‍ 2 മാത്ര ഗുണം കിട്ടും. എന്നാല്‍ മന്ത്രജപത്തോടൊപ്പം ആ മന്ത്രത്തിന്റെ ദേവത മുന്നില്‍ ഇരിക്കുന്നതായി ധ്യാനിക്കുകയാണെങ്കില്‍ അതിന് മൂന്നു മാത്ര ഫലമുണ്ട്. അതുകൊണ്ടാണ് മന്ത്രം ചൊല്ലുന്നതിനു മുമ്പ് അതിന്റെ ദ്രഷ്ടാവായ ഋഷിയുടെയും അതിന്റെ ഛന്ദസ്സിന്റെയും ദേവതയുടെയും പേരുകള്‍ ഓര്‍ക്കുന്നത്.
ഇത്തരത്തിലുള്ള ജപം ചെയ്യുമ്പോഴാണ് മന്ത്രത്തിന്റെ തെരഞ്ഞെടുപ്പിന് പ്രാധാന്യം വരുന്നത്. തനിക്കും സമൂഹത്തിനും ഗുണകരമാവണം മന്ത്രം. ഇവിടെയാണ് ഓങ്കാരത്തിനും ഗായത്രിക്കും പ്രാധാന്യം കിട്ടുന്നത്. ഏറ്റവും ഉല്‍ക്കൃഷ്ടമായ മാണ്ഡൂക്യ ഉപനിഷത്തിന് വിഷയമായതാണ് പ്രണവം. ഗായത്രിയാകട്ടെ മാനവരാശിയുടെ ബുദ്ധിയെ പ്രചോദിപ്പിക്കാനുള്ളതാണ്.
‘സ്വാധ്യായാദിഷ്ടദേവതാ സമ്പ്രയോഗ..’ ഇഷ്ടദേവത പ്രത്യക്ഷമാകും എന്ന് സ്വാധ്യായമെന്ന നിയമാനുഷ്ഠാനത്തിന്റെ ഫലശ്രുതിയില്‍ പറയുന്നു. ദേവന്മാരും ഋഷികളും സിദ്ധന്മാരും സ്വാധ്യായശീലന് ദര്‍ശനം നല്കുന്നു. ഇതിനെ ഭൗതികത്തിനുമപ്പുറത്തായി കാണണം. മറ്റുള്ളവര്‍ക്ക് കാണാത്തതും ഇവര്‍ക്ക് ഗമ്യമാവും. ശങ്കരാചാര്യര്‍ പതിനാറാമത്തെ വയസ്സില്‍ വ്യാസമുനിയെ ഹിമാലയത്തില്‍ വെച്ച് നേരിട്ടു ദര്‍ശിക്കുകയും തന്റെ പ്രസ്ഥാനത്രയീ ഭാഷ്യം കാട്ടുകയും ചെയ്തതായും ശ്രീശങ്കരന് 16 വര്‍ഷത്തേക്കുകൂടി ആയുസ്സ് നീട്ടിക്കൊടുത്തതായും ഉള്ള കഥയ്ക്ക് 1200 വര്‍ഷത്തിന്റെ പഴക്കമേയുള്ളൂ. ഇത്തരത്തില്‍ യോഗികള്‍ക്ക് സിദ്ധന്മാരുടെ ദര്‍ശനവും മാര്‍ഗദര്‍ശനവും ലഭിക്കും. ഇഷ്ടദേവതയുടെ സംഭാഷണാദികള്‍ കേള്‍ക്കാം.
സ്വാധ്യായാത് യോഗം ആസീത – വ്യാസന്‍ പറയുന്നു – സ്വാധ്യായം കൊണ്ടു യോഗവും യോഗം കൊണ്ട് സ്വാധ്യായവും നേടുക. യോഗവും സ്വാധ്യായവും കൊണ്ട് പരമാത്മാവ് പ്രകാശിക്കും. എല്ലാ വിഘ്‌നങ്ങളും അകലും (പ. യോ. സൂ . 1-29)
സ്വ – അധ്യായം എന്ന അര്‍ത്ഥത്തിലും ചില വ്യാഖ്യാതാക്കള്‍ ഇതിനെ കാണുന്നുണ്ട്. തന്നെ പഠിക്കുക, താനാര് എന്നാരായുക. തന്റെ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, മുതലായവയെ പഠിച്ച്, അതില്‍ ആത്മവസ്തു ഏത്, അനാത്മവസ്തു ഏത് എന്ന് തിരിച്ചറിയുന്ന വിവേകം സമ്പാദിക്കണം – നിത്യ അനിത്യ വസ്തു വിവേകം. അതു തന്നെയാണല്ലൊ തത്വചിന്തയുടെ തുടക്കം.
Comments