മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ വലിയ തട്ടിപ്പാണ് ഇപ്പോള്‍ കേരളത്തിലെ സുവിശേഷം. ചാനലുകളും പത്രങ്ങളും ഇതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ പോലീസ് സേനയുടെ അധിപന്മാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഒക്കെത്തന്നെ മാവുങ്കല്‍ വ്യാജ മ്യൂസിയത്തിലെത്തി ഫോട്ടോയെടുത്തു കൃതാര്‍ത്ഥതയടഞ്ഞവരാണ്.
പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ കുറഞ്ഞ ചെലവില്‍ ചെറുപ്പമാകാനുള്ള ചികിത്സയ്ക്കാണ് മോന്‍സണ്‍ മാവുങ്കലിനെ കാണാനെത്തിയതെന്ന് തുറന്നുപറഞ്ഞു. സുധാകരനെതിരെ നടപടി വേണമെന്നും ജാഗ്രത കുറവുണ്ടായിരുന്നു എന്നുമൊക്കെ പരാതികളും പരിദേവനങ്ങളുമായി പതിവുപോലെ കോണ്‍ഗ്രസുകാര്‍ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്. അതൊക്കെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി തള്ളാവുന്നതേയുള്ളൂ. കാരണം പതിവുപോലെ പ്രസ്താവനയുമായി കെ.മുരളീധരന്‍ എത്തിയിട്ടുണ്ട്. കെ.സുധാകരന്‍ മാത്രമല്ല, മറ്റുപല എം.പിമാരും ഇങ്ങനെ പലരെയും കണ്ടിട്ടുണ്ടെന്നും ഫോട്ടോ എടുത്തിട്ടുണ്ടെന്നുമൊക്കെ സുധാകരന് ജാമ്യമെടുത്ത് മുരളീധരന്‍ പ്രസ്താവിച്ചു. ഇപ്പോള്‍ കെ.മുരളീധരന്‍ ശക്തനായ സുധാകരന്‍ ഗ്രൂപ്പാണ്. കേരള രാഷ്ട്രീയത്തില്‍ നിലനില്‍പ്പിനു വേണ്ടി എന്തും പറയാനും ഗ്രൂപ്പ് കളിക്കാനും അപ്പോഴപ്പോള്‍ സ്വന്തം കാര്യത്തിനുവേണ്ടി സ്വന്തം അപ്പനെയടക്കം ആരെയും തള്ളിപ്പറയാനും ഒരു ഉളുപ്പും ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് കെ. മുരളീധരന്‍. കോഴിക്കോട് വ്യാപാരഭവനില്‍ നടത്തിയ പ്രസംഗത്തില്‍ എ.കെ ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്നു പറഞ്ഞ മുരളി പിന്നീട് അതെ ആന്റണിയുടെ ഔദാര്യത്തിലാണ് സീറ്റ് നേടി പാര്‍ലമെന്റില്‍ എത്തിയത്. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഒക്കെ ആവശ്യാനുസരണം ഉപയോഗിച്ച മുരളീധരന്‍ ഇപ്പോള്‍ കെ.സി വേണുഗോപാലിനെയും കെ.സുധാകരനെയും സ്വന്തം ഗ്രൂപ്പ് ആക്കിയിരിക്കുന്നു. ലക്ഷ്യം വ്യക്തമാണ്, സുധാകരന്‍ കഴിഞ്ഞാല്‍ ആരെന്ന കാര്യത്തില്‍ ഇന്ന് സംശയമില്ലാത്ത സാഹചര്യത്തില്‍ എത്തിയിരിക്കുന്നു. കെ.സുധാകരന്‍ എന്തുകൊണ്ട് ഇങ്ങനെ വേണ്ടാത്തിടത്തൊക്കെ പോയി കയറുന്നു എന്ന കാര്യത്തില്‍ ഒരു ന്യായീകരണവും മുരളീധരന് പറയാനില്ല.
ആട്, മാഞ്ചിയം, ലോട്ടറി മുതല്‍ ബ്ലേഡ് ബാങ്കടക്കം നിരവധി തട്ടിപ്പുകള്‍ കേരളം കണ്ടതാണ്. ഇവയിലെല്ലാം രാഷ്ട്രീയക്കാരുടെ ബിനാമി സാന്നിധ്യവും പ്രകടമായിരുന്നു. മണിച്ചന്റെ ഡയറിയും മൂന്നാറിലെ റിസോര്‍ട്ടുകളും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും എസ്റ്റേറ്റുകളും സ്വത്തുക്കളും ഇത്തരം കഥകളുടെ ബാക്കിപത്രമാണ്. പലപ്പോഴും ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ പേരില്‍ അല്ലെങ്കില്‍ പങ്കാളിത്തത്തിലാണ് മിക്ക തട്ടിപ്പുകളും അരങ്ങേറിയിട്ടുള്ളത്. രാഷ്ട്രീയക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും സിനിമാക്കാരെയുമൊക്കെ ഒരേപോലെ പറ്റിച്ച് മിടുക്കനായി മാവുങ്കല്‍ മാറിയിരിക്കുന്നു. മോന്‍സണ്‍ മാവുങ്കല്‍ ഇക്കാര്യത്തില്‍ ശക്തനായ സോഷ്യലിസ്റ്റാണ്. കസേരകളോട് മാത്രം പ്രതിബദ്ധതയും താല്പര്യവുമുള്ള മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മോന്‍സണ്‍ മനോഹരമായ സിംഹാസനം നല്‍കിയപ്പോള്‍, ഡി.ജി.പി പദത്തില്‍ എത്താന്‍ തച്ചങ്കരിയെ വെട്ടാന്‍ വാളു തേടുന്ന മനോജ് എബ്രഹാമിന് വാളുകളുടെ കൂമ്പാരം തന്നെയാണ് മാവുങ്കല്‍ സമ്മാനിച്ചത്. മനോജ് എബ്രഹാം പല വാളുകളും അവിടെ പരിശോധിച്ചു. അദ്ദേഹത്തിന്റെ പരിശോധന പിണറായി മംഗലാപുരത്ത് പ്രസംഗിച്ച പഴയ ബ്രണ്ണന്‍ വാള്‍ തേടിയായിരുന്നു എന്നാണ് ഒരുവിഭാഗം പ്രചരിപ്പിക്കുന്നത്. അത് കോടിയേരി പക്ഷത്തിന്റെ പ്രചരണമാണെന്ന് പിണറായിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നുണ്ട്. മോശയുടെ വടിയും അമ്പാടിക്കണ്ണന്‍ വെണ്ണ എടുക്കാതിരിക്കാന്‍ അമ്മ പണിയിച്ച മരക്കലവും ഉറിയും യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനു കിട്ടിയ വെള്ളിക്കാശുമൊക്കെ മാവുങ്കലിന്റെ വ്യാജ പുരാവസ്തു ശേഖരത്തിലുണ്ട്.
മാവുങ്കാലിന്റെ തട്ടിപ്പില്‍ അന്വേഷണവിധേയമാക്കേണ്ട ഒന്നുരണ്ടു കാര്യങ്ങളെങ്കിലും ശക്തമായിട്ടുണ്ട്. ഇത്രയും പോലീസുദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വന്നിട്ടും ഇത് വ്യാജമാണെന്ന് പലരും തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ട് കേരളാ പോലീസ് നടപടിയെടുത്തില്ല എന്നകാര്യം ആദ്യം അന്വേഷണ വിധേയമാക്കണം. പോലീസ് നടപടി എടുത്തില്ല എന്നുമാത്രമല്ല, ശരിയായ രീതിയില്‍ ഇതില്‍ അന്വേഷണം പോലും നടത്തിയില്ല. ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഭരണ സ്വാധീനമുണ്ട് എന്നത് വ്യക്തമാണ്. കാരണം, ശബരിമലയില്‍ ആചാരലംഘനത്തിനെതിരായി പന്തളം കൊട്ടാരവും ഹിന്ദുസംഘടനകളും ആഹ്വാനം ചെയ്ത ആചാര സംരക്ഷണ പ്രക്ഷോഭത്തെ ഒതുക്കാന്‍ വേണ്ടി വ്യാജ ചെമ്പ് തിട്ടൂരം നിര്‍മ്മിച്ചത് ഇവിടെയാണ്. 24ഃ7 ചാനലിന്റെ ഗൂഢാലോചന, ദേശാഭിമാനി ഇതിനു വേണ്ടി നടത്തിയ പ്രചാരണം ഒക്കെ കാണുമ്പോള്‍ ഇതിലെ സിപിഎം സ്വാധീനം ശക്തവും വ്യക്തവുമാണ്. എം.ആര്‍. രാഘവവാര്യര്‍ വായിച്ച ചെമ്പ് തിട്ടൂരത്തില്‍ താഴമണ്‍ മഠത്തിന് താന്ത്രിക അധികാരമില്ലെന്ന് പറയിപ്പിച്ച ബുദ്ധി ആരുടേതാണ്? ഏതായാലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത മാധ്യമപ്രവര്‍ത്തകര്‍ക്കപ്പുറം അതിന്റെ പിന്നില്‍ ആരൊക്കെയോ ഉണ്ട് എന്നത് വ്യക്തമാണ്. കേവലം ഒരു വാര്‍ത്തയ്ക്ക് വേണ്ടി മാത്രം ലക്ഷക്കണക്കിന് ശബരിമല ഭക്തരെയും ഹിന്ദു സമൂഹത്തെയും ചവിട്ടിത്താഴ്ത്തുന്ന രീതിയില്‍ ഒരു വാര്‍ത്ത കെട്ടിപ്പടുക്കാനുള്ള നീചത്വം ആര്‍.ശ്രീകണ്ഠന്‍നായര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല. ഇതില്‍ ഗൂഢാലോചന നടത്തിയ സിപിഎമ്മുമായുള്ള ബന്ധം അന്വേഷിക്കേണ്ടതാണ്. മാത്രമല്ല, പട്ടണം ഉദ്ഖനനവും അതിന് നേതൃത്വം നല്‍കുന്ന പാമയുടെ മേധാവി ചെറിയാന്റെ മാവുങ്കലുമായുള്ള ബന്ധവും ആദ്യം വിശദമായി അന്വേഷിക്കപ്പെടേണ്ടതാണ്.
പുരാവസ്തുക്കളുടെ പേരില്‍ ഒരു വ്യാജ വ്യവസായി നടത്തിയ തട്ടിപ്പ് മാത്രമായി ഇതിനെ കാണാനാവില്ല. ഇതിന്റെ പിന്നില്‍ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, ഹിന്ദുത്വം എന്നിവയെ നശിപ്പിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. ഇല്ലെങ്കില്‍ ശബരിമലയുടെ പേരില്‍ ഈ വ്യാജ ചെമ്പു തിട്ടൂരം രാജമുദ്രയോടുകൂടി വരാന്‍ ഒരു സാധ്യതയും ഇല്ല. അന്ന് ശബരിമല പ്രശ്‌നത്തില്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പ്രത്യുപകാരമായി മാവുങ്കലിന് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പോലീസ് സംവിധാനവും സഹായം നല്‍കുകയായിരുന്നു എന്നുപറഞ്ഞാല്‍ അത് തള്ളിക്കളയാനാവില്ല. ശബരിമല പ്രശ്‌നത്തില്‍ അയ്യപ്പന്റെ ചിത്രം ചവിട്ടിയെറിയുകയും ഭക്തരെ തല്ലിച്ചതയ്ക്കുകയും ചെയ്തതില്‍ മനോജ് എബ്രഹാമിനുള്ള പങ്ക് കേരളത്തിലെ ഹിന്ദുസമൂഹം മറന്നിട്ടില്ല. പോലീസ് ആസ്ഥാനത്ത് മാത്രമല്ല സംസ്ഥാന ഭരണത്തിലുടനീളം എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നു. പലയിടത്തും മാവുങ്കലിന്റെ വ്യാജന്മാര്‍ കയറിയിരിക്കുന്നു. ഇത് കണ്ടെത്താനുള്ള ബാധ്യത ഭരണാധിപന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്കുണ്ട്. വസ്തുനിഷ്ഠമായ ഒരു അന്വേഷണം ദേശീയ ഏജന്‍സിയെക്കൊണ്ട് നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരൂ. കേരള പോലീസിനെ നിയന്ത്രിക്കുന്ന മനോജ് എബ്രഹാമിനെ കുറിച്ചോ മറ്റ് ഉദ്യോഗസ്ഥരെ കുറിച്ചോ അന്വേഷണം നടത്താനുള്ള ആര്‍ജ്ജവം കേരള പോലീസിന് ഇല്ല. ഇത് സ്‌കോട്ട്‌ലന്‍ഡ്‌യാര്‍ഡ് അല്ല ബഹ്‌റയുടെയും അനില്‍കാന്തിന്റെയും ക്യാമ്പ് ഫോളോവേഴ്‌സ് പോലീസ് ആണ്. അവര്‍ക്ക് ഇത്രയൊക്കെയേ കഴിയൂ. കാത്തിരിക്കാം കേരളമേ നമുക്ക് അടുത്ത തട്ടിപ്പിനായി.