മനുഷ്യന്റെ കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്? വിമാനം, ബഹിരാകാശം, കപ്പല്‍, തീവണ്ടി, മൊബൈല്‍ ഫോണ്‍.. അല്ല, അല്ലേയല്ല. മാനവചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകള്‍ തീയും ചക്രവുമാണ്. അവിടെനിന്നാണ് മാനവരാശി പുരോഗതിയുടെ പാളങ്ങളിലൂടെ കുതിച്ചോടാന്‍ തുടങ്ങിയത്.
അതിനുശേഷമുള്ള ഏറ്റവും വലിയ ഒരു കണ്ടുപിടുത്തത്തിന്റെ വക്കത്താണ് ഇപ്പോള്‍ മനുഷ്യന്‍. അത് മറ്റൊന്നുമല്ല കോള്‍ഡ് ഫ്യൂഷന്‍ അഥവാ നിയന്ത്രിത ഫ്യൂഷന്‍.
ആണവ റിയാക്ഷനുകളെപ്പറ്റി നമുക്ക് നന്നായി അറിയാം. അത് രണ്ടു തരത്തിലാണ്. ഭാരം കൂടിയ ഒരു മൂലകത്തിന്റെ ന്യൂക്ലിയസ്സിനെ ഒരു ന്യൂട്രോണ്‍ കൊണ്ട് പിളര്‍ക്കുമ്പോള്‍ അത് ഭാരം കുറഞ്ഞ രണ്ടു തന്മാത്രകള്‍ ആകും. അധികം വരുന്ന ഭാഗം ഐന്‍സ്റ്റീന്റെ മാസ് എനര്‍ജി തത്വം അനുസരിച്ച് ഊര്‍ജ്ജമായി മാറും. ഇത് തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ വന്‍തോതിലുള്ള ഊര്‍ജ്ജം ഉണ്ടാകും. പൊട്ടിത്തെറിക്കും. ഇതാണ് ന്യൂക്ലിയര്‍ ഫിഷന്‍. ലോകത്തിലെ തൊണ്ണൂറു ശതമാനം അണുബോംബുകളും ആണവ റിയാക്റ്ററുകളും പ്രവര്‍ത്തിക്കുന്നത് ഫിഷന്‍ ഉപയോഗിച്ചാണ്.
ഇതിന്റെ പതിന്മടങ് ശേഷിയുള്ള പ്രവര്‍ത്തിയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍. രണ്ടു ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകളെ വന്‍ താപത്തില്‍ ഉരുക്കിച്ചേര്‍ക്കുമ്പോള്‍ അധികം വരുന്ന ഭാഗം ഊര്‍ജ്ജമായി പുറത്തുവരുന്ന പ്രക്രിയ ആണിത്. ഇതിന്റെ ഊര്‍ജ്ജോല്‍പ്പാദനശേഷി ഫിഷനേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് കൂടുതലാണ്. സൂര്യനിലും നക്ഷത്രങ്ങളിലുമെല്ലാം ഊര്‍ജ്ജം ഉണ്ടാകുന്നത് ഫ്യൂഷന്‍ ഉപയോഗിച്ചാണ്.
ന്യൂക്ലിയസ്സിനെ പിളര്‍ക്കാനുപയോഗിക്കുന്ന ന്യൂട്രോണുകളുടെ എണ്ണം നിയന്ത്രിച്ച് ഫിഷന്‍ പ്രവര്‍ത്തനങ്ങളെ കൂട്ടാനും കുറക്കാനും നിര്‍ത്തിവെയ്ക്കാനും എല്ലാം സാധിക്കും. എന്നാല്‍ ഫ്യൂഷനെ നിയന്ത്രിക്കാനുള്ള സാങ്കേതികത ഇന്നുവരെ ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ ഹൈഡ്രജന്‍ ബോംബുകളിലെ സംഹാരരൂപിയായി മാത്രമേ ഭൂമിയില്‍ ഫ്യൂഷന്‍ ഉള്ളൂ. ഈ ന്യൂക്ലിയര്‍ ഫ്യൂഷനെ തളക്കാനുള്ള ഭ്രാന്തുപിടിച്ച ഗവേഷണത്തിലാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ശാസ്ത്രലോകം.
ഫ്യൂഷന്‍ നിയന്ത്രിക്കാനായാല്‍ അത് ഒരിക്കലും വറ്റാത്ത അനന്തമായ ഊര്‍ജ്ജത്തിന്റെ ഉറവിടമാണ്. പ്രപഞ്ചത്തിലുള്ള മൂലകങ്ങളുടെ 99 ശതമാനവും ഹൈഡ്രജന്‍ ആണ്. അതുകൊണ്ടുതന്നെ അത് തീരുന്ന പ്രശ്‌നമേയില്ല. പ്രപഞ്ചത്തിന്റെ ബാലന്‍സ് തന്നെ നിലനില്‍ക്കുന്നത് കോടാനുകോടി നക്ഷത്രങ്ങളില്‍ നടക്കുന്ന ഫ്യൂഷനിലൂടെ ആണ്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇങ്ങനെ നിയന്ത്രിക്കാനാകുന്ന ഫ്യൂഷന്‍ അഥവാ കോള്‍ഡ് ഫ്യൂഷന്‍ മേഖലയില്‍ നിര്‍ണ്ണായകമായ കണ്ടെത്തലുകള്‍ നടത്തി എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രപഞ്ചത്തിനെ തന്നെ നിയന്ത്രിക്കുന്ന വറ്റാത്ത ഊര്‍ജ്ജത്തിന്റെ അക്ഷയപാത്രം കൈപ്പിടിയില്‍ ഒതുങ്ങുന്നത് അഗ്‌നിക്ക് ശേഷം മനുഷ്യന്റെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമായിരിക്കും എന്നതില്‍ ഇപ്പോള്‍ സംശയമൊന്നുമില്ലല്ലോ.