വര്‍ത്തമാന കാലത്തെ മലയാളിയുടെ മനസ്സിനു നേരെ നീട്ടിയ കണ്ണാടിയാണ് ഹോം എന്ന സിനിമ. പേര് അന്വര്‍ത്ഥമാക്കും വിധം ഏതൊരു സാധാരണക്കാരന്റെയും വീടുതന്നെയാണ് ഈ ചിത്രം. സ്മാര്‍ട്ട് ഫോണിന്റെ കടന്നുവരവും സോഷ്യല്‍ മീഡിയകളുടെ അമിത സ്വാധീനവും നമ്മുടെ കുടുംബാന്തരീക്ഷത്തില്‍ വരുത്തിയ മാറ്റങ്ങളെയാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്.
പുത്തന്‍ തലമുറയുടെ വേഗതയ്ക്കു കൂടെ ഓടാന്‍ സാധിക്കാതെ അപകര്‍ഷതയുടെ തമോഗര്‍ത്തങ്ങളില്‍ വീണുപോയ മാതാപിതാക്കളുടെ കഥകൂടിയാണ് ഹോം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനറിയാതെ വിവരസാങ്കേതികതയുടെ പുത്തന്‍ പദപ്രയോഗങ്ങള്‍ വശമില്ലാതെ കാലത്തിന്റെ ഗതിവേഗം നോക്കി പകച്ചു നില്‍ക്കുന്ന തലനരച്ച തലമുറയുടെ പ്രതിനിധിയാണ് ഈ സിനിമയില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഒലിവര്‍ ട്വിസ്റ്റ് എന്ന നായക കഥാപാത്രം.
സ്മാര്‍ട്ട് ഫോണുകള്‍ എത്രമാത്രം നമ്മുടെ ഭവനങ്ങളുടെ അകത്തളങ്ങളെ ഗ്രസിച്ചു കഴിഞ്ഞുവെന്ന് സുവ്യക്തമാകും വിധമാണ് സിനിമ അവതരിപ്പിച്ചിട്ടുള്ളത്. കുടുംബാംഗങ്ങളോട് പരസ്പരം സംസാരിക്കാനോ സ്‌നേഹം പങ്കുവെക്കാനോ എന്തിനേറെ മുഖത്ത് നോക്കി പുഞ്ചിരിക്കാന്‍ പോലും സമയം ലഭിക്കാതെ മായിക ലോകത്ത് ജീവിക്കുന്ന യുവതയുടെ നേരെയാണ് ഹോം വിരല്‍ ചൂണ്ടുന്നത്. പുഞ്ചിരിയും ദേഷ്യവും സ്‌നേഹവുമെല്ലാം വാട്‌സ് ആപ് സ്‌മൈലികളില്‍ ഒളിച്ചുകടത്തുന്ന പുതിയ കാലത്തെ വികാരപ്രകടനങ്ങളോട് പല ചോദ്യങ്ങളും സിനിമ ചോദിക്കുന്നുണ്ട്. മനസ്സ് തുറന്ന് ഉള്ളിലെ വികാരങ്ങളെ തനിക്കു ചുറ്റിലുമുള്ളവരോട് പങ്കുവെക്കാന്‍ മറന്ന തലമുറ, ഹൃദയം തുറന്ന് സംസാരിക്കാന്‍ സാധിക്കാതെ അനാവശ്യമായി ദേഷ്യം പ്രകടിപ്പിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമെല്ലാം ഈ സിനിമ മുന്നോട്ടുവെക്കുന്ന ആശയത്തെയാണ് പ്രകടമാക്കുന്നത്. വീട്ടില്‍ അതിഥി വന്നാല്‍ പോലും ഫോണില്‍ നിന്നും കണ്ണെടുക്കാതെ മുഴുകിയിരിക്കുന്നവരെയും സ്വന്തം വീട്ടിലുള്ളവരുടെ വേദനകളും വ്യഥകളും കേള്‍ക്കാന്‍ തയ്യാറാകാതെ ജീവിക്കുന്നവരെയും കാണുമ്പോള്‍ ഇത് സമകാലീന കേരളത്തിന്റെ നേര്‍ചിത്രമാണെന്ന് തോന്നിപ്പോകും.
മക്കളുടെ പരിഗണനയും സ്‌നേഹവും നഷ്ടമാകുന്നുവെന്ന തോന്നലില്‍, അവ തിരിച്ചു പിടിക്കാന്‍ മക്കള്‍ സഞ്ചരിക്കുന്ന വിവരസാങ്കേതികതയുടെ ലോകത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ച് കിതച്ചുപോകുന്ന അച്ഛന്റെ കഥകൂടിയാണ് ഹോം. തനിക്കു നഷ്ടമായവ മക്കളുടെ ലോകത്ത് അവര്‍ക്കൊപ്പമെത്തിയാല്‍ ലഭിക്കുമെന്ന ചിന്തയില്‍ സ്വയം അപഹാസ്യനാകേണ്ടി വന്ന ഒരച്ഛനെയാണ് സിനിമയില്‍ കാണുന്നത്. സ്വന്തം മാതാപിതാക്കള്‍ അപ്‌ഡേറ്റഡല്ലെന്ന ചിന്ത എത്രത്തോളം ദുഷിച്ചതാണെന്ന് ഹോം പറയാന്‍ ശ്രമിക്കുന്നുണ്ട്.
പലപ്പോഴും അലസമായി പ്രയോഗിക്കാറുള്ള ‘ജനറേഷന്‍ ഗ്യാപ്’ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ആസ്വാദകന് കൈമാറുവാന്‍ സാധിച്ചതാണ് ഹോം എന്ന സിനിമയെ വേറിട്ടു നിര്‍ത്തുന്നത്. ഭോഗാലസ്യതയുടെ ലോകത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബങ്ങളുടെ കെട്ടുറപ്പിനെ, ഹൃദയബന്ധങ്ങളുടെ ഊഷ്മളതയെ ഇത്രത്തോളം മനോഹരമായി മറ്റൊരു സമകാലീന ചിത്രവും പറയാന്‍ ശ്രമിച്ചിട്ടില്ല. സ്‌നേഹവും പരിലാളനയും പരിഗണനയും നഷ്ടപ്പെട്ട് മനോരോഗചികിത്സകരുടെ മുന്നില്‍ ചെന്നെത്തുന്നവരുടെ ദുരവസ്ഥയിലേക്കു കൂടി ചിത്രം കടന്നു ചെല്ലുന്നുണ്ട്. സ്വന്തം വീട്ടിലെ അച്ഛന്റെയും അമ്മയുടെയും ജീവിതമോ അവര്‍ സഞ്ചരിച്ച ദുഷ്‌കര മാര്‍ഗ്ഗമോ അന്വേഷിക്കാതെ മറ്റുള്ളവരുടെ ജീവചരിത്രം വായിച്ച് സ്വന്തം മാതാപിതാക്കളെ മറന്നു ജീവിക്കുന്ന ചെറിയൊരു തലമുറയുടെ പ്രതിനിധിയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന മകന്‍ കഥാപാത്രം.
അമിതമായ ഫോണ്‍ ഉപയോഗം ഒരു തലമുറയെ എത്രത്തോളം ദോഷകരമായി സ്വാധീനിക്കുന്നുവെന്ന കണ്ടെത്തലാണ് ഹോം നടത്തുന്നത്. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സ്മാര്‍ട്ട് ഫോണ്‍ സൃഷ്ടിച്ച ദോഷകരമായ പരിവര്‍ത്തനങ്ങളിലൂടെയാണ് പല സമയങ്ങളിലായി സിനിമ സഞ്ചരിക്കുന്നത്. ഒരാളുടെ സര്‍ഗ്ഗാത്മകതയും നിപുണതയും സ്വഭാവ വിശേഷതകളുമെല്ലാം ഏതുവിധത്തിലാണ് മാറിമറയുന്നതെന്ന് സരളമായ ആവിഷ്‌ക്കരണത്തിലൂടെ ഹോം പങ്കുവെക്കുന്നുണ്ട്. മനസ്സു തുറന്ന് ആരെയും സ്‌നേഹിക്കാന്‍ സാധിക്കാതെ, ഏകാഗ്രതയോടെ സ്വന്തം ജോലി ചെയ്യാന്‍ സാധിക്കാതെ, ഭക്ഷണം പോലും രുചിയറിഞ്ഞ് ആസ്വദിച്ച് കഴിക്കാന്‍ സാധിക്കാത്ത വിധം ബുദ്ധിയും ചിന്തയും മനസ്സുമെല്ലാം പണയംവെച്ച് പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്കു അടിമകളായി ജീവിക്കുന്ന വിഭാഗത്തിന്റെ സിനിമകൂടിയാണിത്.
കഴിഞ്ഞ നാല് പതിറ്റാണ്ടു കാലത്തെ തന്റെ സിനിമാ ജീവിതത്തില്‍ മലയാളിയെ ഇത്രത്തോളം ചിരിപ്പിച്ച തികഞ്ഞ ഹാസ്യ നടന്‍ മാത്രമായിരുന്ന ഇന്ദ്രന്‍സ്, തന്റെ ഉള്ളിലെ പ്രതിഭയെ പൂര്‍ണ്ണമായും പുറത്തെടുത്ത് ഒലിവര്‍ ട്വിസ്റ്റിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ചുവെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഭാവ വൈവിദ്ധ്യങ്ങള്‍ക്കു ഇത്രയധികം സാധ്യതകളുള്ള ഒരു നായക കഥാപാത്രത്തെ ഇതിലും മനോഹരമായി മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് ഈ സിനിമയിലെ സ്വന്തം അഭിനയത്തിലൂടെ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. കാണുന്നവന്റെ കരളലിയിക്കുവാനും കണ്ണുനിറയ്ക്കുവാനും ഹൃദയം കവരുവാനും സാധിക്കുന്നിടത്താണ് ഒരു നടന്‍ മഹാനടനായിത്തീരുന്നത്. ഇന്ദ്രന്‍സിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് ഒലിവര്‍ ട്വിസ്റ്റ് ആയിരിക്കും. മക്കള്‍ വേഷം ചെയ്ത ശ്രീനാഥ് ഭാസിയും നെസ്ലിനും പ്രകടനംകൊണ്ട് മികച്ചു നിന്നതും ഹോം സിനിമയുടെ പ്രത്യേകതകളിലൊന്നാണ്. ഒലിവറിന്റെ ഭാര്യ കുട്ടിയമ്മയായി എത്തുന്നത് മഞ്ജു പിള്ളയാണ്. അമ്മമക്കള്‍ കോമ്പിനേഷന്‍ രംഗങ്ങളായാലും ഇന്ദ്രന്‍സുമായുള്ള രംഗങ്ങളായാലും അതിഭാവുകത്വമില്ലാതെ മഞ്ജു പിള്ള അവതരിപ്പിച്ചിരിക്കുന്നു. നര്‍മ്മമുഹൂര്‍ത്തങ്ങളിലും വൈകാരിക രംഗങ്ങളിലും അവര്‍ പ്രകടിപ്പിക്കുന്ന കയ്യടക്കം ഗംഭീരമാണ്. ഈ.മ.യൗ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കൈനകരി തങ്കച്ചനാണ് ഒലിവറിന്റെ അപ്പച്ചന്റെ വേഷം അവതരിപ്പിക്കുന്നത്. ജോണി ആന്റണി അവതരിപ്പിച്ച ഒലിവറിന്റെ സ്‌നേഹിത കഥാപാത്രം ഹാസ്യാത്മകവും അതിലുപരി രസകരവുമായിരുന്നു. അതുപോലെ രസിപ്പിക്കുന്ന കഥാപാത്രമാണ് വിജയ് ബാബു അവതരിപ്പിച്ച സൈക്കോളജിസ്റ്റ്. ശ്രീകാന്ത് മുരളി, ആശ അരവിന്ദ്, ദീപ തോമസ്, കെ.പി.എ.സി ലളിത, പ്രിയങ്ക എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ഹോമില്‍ അവതരിപ്പിക്കുന്നു.
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ റോജിന്‍ തോമസാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥ പോലെ തന്നെ പശ്ചാത്തലസംഗീതവും ക്യാമറയും വഹിച്ച പങ്ക് ചെറുതല്ല. ഇത്രയധികം സാധാരണത്വം നിറഞ്ഞ പ്രമേയത്തെ ഒട്ടും മുഷിപ്പിക്കാതെ സഞ്ചരിക്കാന്‍ സഹായിച്ചത് രാഹുല്‍ സുബ്രഹ്മണ്യന്റെ സംഗീതം സിനിമയുടെ പശ്ചാത്തലത്തോട് അത്രയധികം ഇഴുകിച്ചേര്‍ന്നതുകൊണ്ടു തന്നെയാണ്. കൂടുതല്‍ സമയവും വീടിനകത്തുള്ള രംഗങ്ങളായിട്ടും യാതൊരു വിധത്തിലുള്ള ആവര്‍ത്തന വിരസതയും പ്രകടമാകാതെ ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞ ഒരുക്കിയ ദൃശ്യങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഇന്ദ്രന്‍സിന്റെയും മഞ്ജുപിള്ളയുടെയും ഉള്‍പ്പെടെ മറ്റു കഥാപാത്രങ്ങളുടെയും മേക്കപ്പിലും കോസ്റ്റ്യൂമിലും പാലിച്ച സൂക്ഷ്മത പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
ഹോം വെറുമൊരു സാധാരണ സിനിമയല്ല, തലയുയര്‍ത്തി ജീവിച്ച ഇന്നലെകള്‍ക്കും തലകുനിച്ച് വിരലുരച്ച് ജീവിക്കുന്ന ഇന്നിന്റെ തലമുറയും ജീവിക്കുന്ന ഓരോ വീടിന്റെയും പ്രതിബിംബമാണ് ഹോം. അല്പായുസ്സ് മാത്രമുള്ള നവമാധ്യമലോകത്തെ സ്റ്റോറികള്‍ക്കും സ്റ്റാറ്റസുകള്‍ക്കും ഇപ്പുറത്ത് തങ്ങള്‍ക്കു ചുറ്റിലും ജീവിക്കുന്ന ഉറ്റവരുടേയും ഉടയവരുടെയും കണ്ണുകളിലേക്കും ഹൃദയത്തിലേക്കും തലയുയര്‍ത്തി നോക്കുവാനുള്ള കാലത്തിന്റെ ആഹ്വാനം കൂടിയാണ് ഹോം എന്ന സിനിമ.