ആകര്‍ണ പൂര്‍ണ ധന്വാനൗ
രക്ഷേതാം രാമ ലക്ഷ്മണൗ
ചെവി (കര്‍ണം) വരെ വലിച്ചു പിടിച്ച വില്ലോടു (ധനുസ്സ്)കൂടിയ രാമലക്ഷ്മണന്മാര്‍ എന്നെ രക്ഷിക്കട്ടെ എന്ന് കിടക്കുമ്പോള്‍ ചൊല്ലാറുണ്ട്, പേടി പോകാന്‍.
വില്ലുകുലച്ചു നില്‍ക്കുന്നത് യുദ്ധസന്നദ്ധതയുടെ, രജോഗുണത്തിന്റെ, കര്‍മ്മോത്സുകതയുടെ ലക്ഷണമാണ്. പണ്ട് കാലത്തെ പ്രധാനപ്പെട്ട ആയുധമാണ് വില്ല്. അതിനെ ഓര്‍മിപ്പിക്കുന്നു ഈ ആസനം.
ചെയ്യുന്ന വിധം
കാല്‍ നീട്ടിയിരിക്കുക. ഇടതുകാല്‍ മടക്കി വലത്തേ തുടയില്‍ വെക്കുക. ഇടതു കൈ കൊണ്ട് വലതുകാലിന്റെ പെരുവിരലും വലതു കൈ കൊണ്ട് ഇടതുകാലിന്റെ പെരുവിരലും പിടിക്കുക. ശ്വാസമെടുത്തു കൊണ്ട് വലതു കൈ കൊണ്ട് ഇടതുകാല്‍പ്പെരുവിരലിനെ വലിച്ചുയര്‍ത്തി വലതു ചെവിയോടടുപ്പിക്കുക. വലതു കാല്‍ മുട്ടുമടങ്ങാതെ നിലത്തു പതിഞ്ഞിരിക്കണം. ദൃഷ്ടി മുന്നില്‍. നട്ടെല്ല് നിവര്‍ന്നിരിക്കണം. വലതു തോള്‍ അല്പം പിറകോട്ടും ഇടതു തോള്‍ അല്പം മുന്നോട്ടും വരും. അല്പസമയം സ്ഥിതിയില്‍ നിന്ന ശേഷം ശ്വാസം വിട്ടു കൊണ്ട് ഇടതുകാല്‍ തുടമേലിറക്കിവെക്കുക. പൂര്‍വസ്ഥിതിയില്‍ വരിക. കൈകാലുകള്‍ മാറ്റി ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
ഏകാഗ്രത കിട്ടും. കൈകാലുകള്‍ക്ക് നല്ല വലിവു കിട്ടും. കൈകാലുകളിലെ സന്ധികള്‍ക്കു വഴക്കം കിട്ടും. കൈവിരലുകളും കാല്‍വിരലുകളും ഊര്‍ജിതമാവും. കാല്‍ ജംഘകള്‍ ശക്തമാവും. അരക്കെട്ട് സന്ധിക്ക് വഴക്കമേറും.