1977ലെ പൊതു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ശ്രദ്ധേയമായൊരു വാര്‍ത്ത ഹരിയാനയില്‍നിന്നും പുറത്തുവന്നു. ‘രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എം.എല്‍.എ. ഹരിയാനക്കാരി സുഷമസ്വരാജ്’. ഒരാഴ്ചയ്ക്കകം മറ്റൊരു വാര്‍ത്ത, ‘ഏറ്റവും പ്രായംകുറഞ്ഞ ക്യാബിനറ്റ് മന്ത്രിയും ഹരിയാനയില്‍നിന്ന്’. അതും സുഷമാസ്വരാജ് തന്നെ.
സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളില്‍ സമഗ്രപരിവര്‍ത്തനം എന്ന ലക്ഷ്യത്തോടെ ലോകനായക് ജയപ്രകാശ് നാരായണന്‍ നേതൃത്വം കൊടുത്ത് സംഘടിപ്പിച്ച ദേശവ്യാപക സ്വാതന്ത്ര്യസമരത്തിലൂടെയാണ് അവര്‍ രാഷ്ട്രീയ രംഗത്തെത്തിയത്. അതിലേക്ക് പ്രേരകമായത് പൈതൃകമായി ലഭിച്ച ആര്‍.എസ്.എസ് ശിക്ഷണവും വിദ്യാര്‍ത്ഥി പരിഷത്തിലൂടെ ലഭിച്ച പ്രചോദനവുമാണ്. അഭിഭാഷക വൃത്തിയില്‍ കഴിവുതെളിയിക്കാന്‍ കിട്ടിയ അവസരമാകട്ടെ, അടിയന്തരാവസ്ഥയില്‍ ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസ്സിനുവേണ്ടിയുള്ള നിയമയുദ്ധവും. അതില്‍ സഹകാരിയായി വന്ന സ്വരാജ് കൗശല്‍ പിന്നീടുള്ള ജീവിതത്തിലും പങ്കാളിയായിത്തീര്‍ന്നു.
ജനതാപാര്‍ട്ടിയുടെ പേരിലാണ് ഹരിയാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അധികാരത്തിലെത്തിയപ്പോള്‍ ജനതയിലെ ഘടകകക്ഷികളുടെ ശ്രദ്ധ സമഗ്രവിപ്ലവം പ്രാവര്‍ത്തികമാക്കാനായിരുന്നില്ല. ദ്വയാംഗത്വപ്രശ്‌നംപോലുള്ള ബാലിശമായ പ്രശ്‌നങ്ങളുയര്‍ത്തി മുഖ്യഘടകകക്ഷിയായ ജനസംഘത്തെ ഒതുക്കുന്നതിലായിരുന്നു. ഇത് അനിവാര്യമായും ഒരു പിളര്‍പ്പിലെത്തിച്ചു. ഭാരതീയ ജനതാപാര്‍ട്ടിയുടെ ജനനത്തിനും അത് കാരണമായിത്തീര്‍ന്നു. സുഷമാസ്വരാജ് ബി.ജെ.പിയില്‍ അംഗമായി. ഹരിയാനയില്‍ ലോക്ദളും ബി.ജെ.പിയും ചേര്‍ന്നുള്ള സഖ്യം തുടര്‍ന്നു. 1990വരെ അതില്‍ മന്ത്രിയായി സുഷമാസ്വരാജ് സേവനമനുഷ്ഠിച്ചു.
1996ലെ തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി. ഭരണമേറ്റെടുത്തു. എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രസ്തുത മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായി സുഷമാസ്വരാജ് ചുമതലയേറ്റു. 13 ദിവസംമാത്രമേ ആ സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞുള്ളു. പക്ഷേ, ദേശീയ രാഷ്ട്രീയവേദിയില്‍ ചുവടുറപ്പിക്കാന്‍ അതവരെ സഹായിച്ചു. 1998-ല്‍ വീണ്ടും വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായെങ്കിലും അതിനും 13 മാസത്തെ ആയുസ്സേ ഉണ്ടായുള്ളു. ചുരുങ്ങിയകാലം ദല്‍ഹി മുഖ്യമന്ത്രിയുടെ കസേരയിലും ഇരുന്നു. 1999-ല്‍ വീണ്ടും വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായി. ആരോഗ്യവകുപ്പായിരുന്നു ലഭിച്ചത്. 2004 മുതല്‍ 2014 വരെ സംഘടനാ പ്രവര്‍ത്തനത്തില്‍ വ്യാപൃതയായി. ജനറല്‍ സെക്രട്ടറിയായും വക്താവായും പ്രവര്‍ത്തിച്ചു. 2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ സുഷമാസ്വരാജ് വിദേശകാര്യമന്ത്രിയായി. ആരോഗ്യപരമായ കാരണങ്ങളാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. പക്ഷേ, അവര്‍ ദിവസവും ട്വിറ്ററിലൂടെ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അവസാനത്തെ ട്വിറ്റര്‍ പ്രധാനമന്ത്രിക്കു നന്ദിപറഞ്ഞുകൊണ്ടായിരുന്നു. കാശ്മീരിനെ സംബന്ധിച്ച 370-ാം വകുപ്പ് മാറ്റാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ നടപടിയായി അവര്‍ വിശേഷിപ്പിച്ചു.
പ്രകാശം പരത്തുന്ന വ്യക്തിത്വം
”ഒരു കണ്ണീര്‍ക്കണം മറ്റു –
ള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം”
എന്ന കവിതാവാക്യത്തെ സാര്‍ത്ഥകമാക്കുന്ന വ്യക്തിത്വമാണ് സുഷമാസ്വരാജിന്റേത്. ആരോഗ്യമന്ത്രിയായിരിക്കുമ്പോള്‍ കേരളത്തില്‍ വന്നതും രണ്ടുകുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നതുമായ ഒരു ചിത്രം ലോകത്തെ മിക്കവാറും എല്ലാ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എയ്ഡ്‌സ് ബാധിച്ചു മരിച്ച മാതാപിതാക്കളുടെ രണ്ടു കുട്ടികളായിരുന്നു അവര്‍. അവര്‍ക്കും എയ്ഡ്‌സ് ബാധിച്ചിരുന്നതുകൊണ്ട് സ്‌കൂളില്‍നിന്നു പുറത്താക്കുകയും സമൂഹം അവരെ ബഹിഷ്‌കരിക്കുയും ചെയ്തിരുന്നു. പാവപ്പെട്ട ആ കുട്ടികളെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ കൊണ്ടുവന്ന് കേന്ദ്രമന്ത്രി സുഷമാസ്വരാജിനെ പരിചയപ്പെടുത്തിയപ്പോഴാണ് അവര്‍ കുട്ടികളെ കെട്ടിപ്പിടിച്ച് ചുംബിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്കു ചികിത്സാസഹായം നല്‍കാനും അവര്‍ നടപടി സ്വീകരിച്ചു. ഈ ചിത്രമാണ് ലോകം മുഴുവന്‍ പ്രചരിച്ചത്. ഈ സംഭവത്തിന് ഈ ലേഖകനും സാക്ഷിയാണ്. സുഷമാസ്വരാജ് വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍ ഇറാഖില്‍ ഐ.എസ് ഭീകരര്‍ ബന്ദികളാക്കിയ 46 മലയാളി നഴ്‌സുമാരെ തിരിച്ചെത്തിച്ചത് സുഷമാജിയുടെ അശ്രാന്തപരിശ്രമം കൊണ്ടായിരുന്നു. ഒരു മന്ത്രിയെ കാണാന്‍ പല തരത്തില്‍പെട്ട ആളുകളും വരും. ആരായാലും, അയാളുടെ പാര്‍ട്ടിയോ ജാതി-മതങ്ങളോ ഒന്നും സുഷമാജി അന്വേഷിക്കാറില്ല. അവര്‍ പറയുന്നതില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കും. കഴിയുന്ന വേഗത്തില്‍ പരിഹാര നടപടികളും സ്വീകരിക്കും.
സൗദി അറേബ്യയില്‍ ജോലിയിലിരിക്കെ മരിച്ച ഒരു മലയാളിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ഞാനൊരു അപേക്ഷ അവര്‍ക്ക് നേരിട്ടയച്ചു. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ മൃതദേഹം കേന്ദ്രസര്‍ക്കാരിന്റെ ചിലവില്‍ നാട്ടിലെത്തിച്ചു.
പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് സ്വകാര്യമേഖലയ്ക്കു വിറ്റു തുലയ്ക്കുമെന്നൊരു പ്രചരണം ഇടതുകക്ഷികളിടെ ട്രേഡ് യൂണിയനുകള്‍ തുടര്‍ച്ചയായി നടത്തിവന്നിരുന്നു. 2003-ല്‍ തിരുവനന്തപുരത്തുവന്നപ്പോള്‍ ഞാന്‍ ഈ കാര്യം സുഷമാസ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സ്വകാര്യവല്‍ക്കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ ചിന്തയില്‍പോലുമില്ലെന്നവര്‍ മറുപടി നല്‍കി. സ്ഥാപനം നല്ല നിലയില്‍ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും, അതു സാധ്യമാവാതെ വന്നാല്‍മാത്രമേ മറ്റു പ്രതിവിധികള്‍ നോക്കേണ്ടതുള്ളൂവെന്നും അവര്‍ പറഞ്ഞു.
ഭര്‍ത്താവ് സ്വരാജ് കൗശല്‍ മിസോറാം ഗവര്‍ണ്ണറായിരുന്നപ്പോള്‍ കല്‍ക്കട്ടയിലെത്തിയ ബി.ജെ.പി. നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഒരു സല്‍ക്കാരം ഏര്‍പ്പെടുത്തിയിരുന്നു. ഈ ലേഖകനും അതിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ ഗവര്‍ണ്ണറുടെ ഭാര്യയായിട്ടല്ല, ഒരു സാധാരണ സ്വയംസേവികയായിട്ടായിരുന്നു പെരുമാറിയിരുന്നതെന്ന് ഓര്‍ക്കുന്നു.
ഇത്തരം അനുഭവങ്ങള്‍ നിരവധിയുണ്ട്. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്കുമുമ്പില്‍ തലകുനിക്കുന്നു. അവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.