മാപ്പിള കലാപത്തിലെ വീരേതിഹാസത്തിൻ്റെ മകുടോദാഹരണമായി ഉയർത്തി കാട്ടുന്ന പൂക്കോട്ടൂർ യുദ്ധം വാസ്തവത്തിൽ കലാപനേതാക്കളുടെ പദ്ധതിയും അണികളുടെ വിശ്വാസവും തകർത്ത സംഭവമായിരുന്നു. മാത്രമല്ല, ബ്രിട്ടിഷുകാർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും തിരിച്ചുനൽകിയതും പൂക്കോട്ടൂർ യുദ്ധത്തിലെ അവരുടെ വിജയമാണ്. പൂക്കോട്ടൂർ യുദ്ധത്തെ വിലയിരുത്തി കെ. മാധവൻ പറയുന്നതിങ്ങനെയാണ്. “ഒരു യുദ്ധത്തിനു തക്ക ഒരുക്കങ്ങൾ ഒന്നും കൂടാതെ സ്വരക്ഷക്ക് മാത്രമുള്ള ആയുധങ്ങളോടും യുദ്ധസാമഗ്രികളോടും കൂടി ചെറിയ ഒരു സൈന്യത്തിൻ്റെ സഹായത്താൽ മാത്രം ഇത്ര ഗംഭീരമായ ഒരു വിജയം നേടിയതിന് ക്യാപ്റ്റൻ മെക്കൻ റോയിയെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവുന്നതല്ല.” സ്വാതന്ത്ര്യ സമരത്തെ ജ്വലിക്കുന്ന അധ്യായമായി ഇന്നൊരു കൂട്ടർ പൊക്കി പിടിച്ചു വരുന്ന സംഭവത്തിൻ്റെ എതിർ പക്ഷത്തിൻ്റെ വിജയത്തെയാണ് കോൺഗ്രസ്- ഖിലാഫത്ത് നേതാവ് ഇങ്ങനെ പ്രകീർത്തിക്കുന്നത് എന്നോർക്കണം. തന്നെയുമല്ല, ഈ വിലയിരുത്തലിൻ്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. “ശത്രുക്കളുടെ എണ്ണം കണ്ടു ഭയപ്പെട്ട് മിസ്റ്റർ തോമസിനെ പോലെ അദ്ദേഹവും (ക്യാപ്റ്റർ മെക്കൻ റോയും) പിന്തിരിഞ്ഞോടുകയോ മറ്റൊ ചെയ്തിരുന്നെങ്കിൽ അത് എത്രമാത്രം ആപൽക്കരമായി കലാശിക്കമായിരുന്നു എന്ന് വിവരിപ്പാൽ പ്രയാസമാണ്.”
എന്തുകൊണ്ടായിരിക്കും ഖിലാഫത്തിൻ്റെ മലബാറിലെ സമുന്നത സംഘാടകനും ഗാന്ധിയൻ കോൺഗ്രസിൻ്റെ അനിഷേധ്യ നേതാവും സർവ്വോപരി സംഘർഷങ്ങളിലെ സമാധാനദൂതനമായ മാധവൻ നായർ ഇങ്ങനെ പറയാൻ കാരണം എന്ന് ആലോചിക്കേണ്ടത് പൂക്കോട്ടൂർ യുദ്ധത്തിന് നൂറാണ്ട് കഴിയുന്ന അവസരത്തിൽ, അതിനെ സ്വാതന്ത്ര്യ സമരത്തിലെ ത്യാഗോജ്വലവും പ്രേരണാദായകവുമായ സംഭവമായി ഉയർത്തി കാട്ടാൻ സർക്കാറും, പ്രമുഖ രാഷ്ട്രീയ പാർട്ടികളും തകൃതിയായി ശ്രമിക്കുമ്പോൾ ചരിത്ര വസ്തുതകളിലേക്ക് എത്തി നോക്കേണ്ടത് സത്യാന്വേഷിയുടെ കടമയാണ്.
ഒന്നാം ലോകമഹായുദ്ധത്തിൻ്റെ പരിണിത ഫലമായി തുർക്കി സുൽത്താനെ സ്ഥാനഭ്രഷ്ടനാക്കിയതും അതിന് എതിരെ ഉണ്ടായ ഒരു വിഭാഗം ലോക മുസ്ലിങ്ങളുടെ പ്രതിഷധവുമാണല്ലാേ ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം നൽകിയത്. ഖിലാഫത്ത് എന്നത് മുഹമ്മദീയരെ മാത്രം സംബന്ധിച്ച ഒരു കാര്യമാണെന്നതിന് അതുകൊണ്ട് തന്നെ ആർക്കും സംശയം ഉണ്ടായിരുന്നില്ല. എന്നാൽ മുസ്ലിങ്ങളുടെ ഖിലാഫത്ത് ആവശ്യത്തിനോട് സഹോദര്യ ഭാവത്തിലുള്ള ഒരു സമീപനമാണ് ഭാരതത്തിലെ ഹിന്ദു സമൂഹം സ്വീകരിച്ചത്. ഹിന്ദുക്കളുടെ പ്രമുഖ ആചാര്യൻമാരായ ദ്വാരകപീഠം ശങ്കരാചാര്യസ്വാമികൾ, സ്വാമി സത്യദേവ് , സ്വാമി ഗോവിന്ദാനന്ദ്, ആര്യസമാജ നേതാവായിരുന്ന സ്വാമി ശ്രദ്ധാനന്ദ് മുതലായവർ ഇതിന് പിന്തുണയും നേതൃത്വവും നൽകാൻ തയ്യാറായി. കോൺഗ്രസിൽ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടായെങ്കിലും അവസാനം ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണക്കാൻ തീർച്ചപ്പെടുത്തി. ഇന്ന് ചിലർ പറഞ്ഞ് പ്രചരിപ്പിക്കുന്ന പോലെ കോൺഗ്രസ്സോ, ഗാന്ധിജിയൊ തുടങ്ങിയ പ്രസ്ഥാനമായിരുന്നില്ല ഖിലാഫത്ത് നിസ്സഹകരണം. മറിച്ച് ലോക ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഭാരതത്തിൽ മുസ്ലിങ്ങളിൽ ഒരു വിഭാഗം ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനത്തെ ഭാരതത്തിലെ ഹിന്ദുക്കളുടെ സഹോദര മതത്തോടുള്ള സഹാനുഭൂതി കാരണം പിന്തുണക്കുക മാത്രമാണ് ഉണ്ടായത്.
1920 ഏപ്രിലിൽ മഞ്ചേരിയിൽ വച്ചു നടന്ന മലബാർ കോൺഗ്രസ് സമ്മേളനവും ആഗസ്റ്റ് 18ന് ഗാന്ധിജി സ്വയം അഭിസംബോധന ചെയ്ത കോഴിക്കോട്ടെ മഹാസമ്മേളനവുമാണ് കോൺഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തിന് മലബാറിൻ അടിത്തറയിട്ടത്. തുടർന്നുള്ള ഒരു വർഷക്കാലത്തിനിടയിൽ ഹിന്ദു മുസ്ലിം സഹവർത്തിത്വത്തിന്റെയും സൗഹാർദ്ധത്തിൻ്റേയും നിരവധി സംഭവങ്ങൾ മലബാറിൽ ഉണ്ടായി എന്നത് മറച്ചു വച്ചു കൂടാ. എന്നാൽ ബ്രിട്ടിഷ് നയപരിപാടികൾ ഇതിന് വിഘാതം സൃഷ്ടിച്ചു. മാധവൻ നായർ അടക്കമുള്ള പ്രമുഖരെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ബ്രിട്ടീഷ് സാമാജ്യത്തോട് ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിയമ ലംഘനം നടത്തി സമരം ചെയ്താലും വിലാപത്തിൻ്റെ പേരിൽ നിയമലംഘനം നടത്തി സമരം ചെയ്താലും സമരം ബ്രിട്ടിഷ് ഗവൺമെൻ്റിനോടായിരുന്നു.- “War Against the King”.
ഫെബ്രുവരി മുതൽ ഒരു വിഭാഗം ഖിലാഫത്തിൻ്റെ പേരിൽ സായൂധ കലാപത്തിന് കോപ്പുകൂട്ടുന്നതായി അധികാരികളുടെ ശ്രദ്ധയൽ പെട്ടിരുന്നു. എന്നാൽ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഒന്നും ചെയ്തിരുന്നില്ല. മുസ്ലിങ്ങളിൽ തന്നെയുള്ള ഒരു വിഭാഗത്തെ കൊണ്ട് നേരിടാനാണ് ശ്രമിച്ചത്.
പ്രാദേശിക ഖിലാഫത്ത് നേതാവും നിലമ്പൂർ കോവിലകം വക പൂക്കോട്ടൂർ കളത്തിലെ കാര്യസ്ഥനമായിരുന്ന വടക്കേവീട്ടിൽ മുഹമ്മദിനെ (കളത്തിൽ മമ്മദ് എന്ന് നാട്ടിൽ അറിയപെട്ടിരുന്നു ഇയാൾ) ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യാൻ പോലീസ് വന്നപ്പോൾ നടത്തിയ പ്രതിരാേധവും വിജയവുമാണ് തുറന്ന സാധുത പോരാട്ടത്തിന് മാപ്പിള കലാപകാരികൾക്ക് പ്രേരണ നൽകിയത്. പുല്ലാം നേർച്ചയുമായി ബന്ധപ്പെട്ട് ഖിലാഫത്ത് അനുകൂലികളും പ്രതികൂലികളുമായ മാപ്പിള പ്രമാണിമാരുടെ ചേരിതിരിവാണ് വാസ്തവത്തിൽ പൂക്കോട്ടൂരിൽ ഇത്തരം സംഭവങ്ങളിലേക്ക് നയിച്ചത്. ആഗസ്റ്റ് ഒന്നിനാണ് ഈ സംഭവം നടന്നത്. പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എം നാരായണ മേനോൻ്റെ നയപരമായ ഇടപെടൽ കാരണം നേരിട്ടുള്ള സംഘർഷമോ കലാപമോ നടന്നില്ലെങ്കിലും മതഭ്രാന്തരായ കലാപകാരികളുടെ വിജയം തന്നെയായിരുന്നു നടന്നത്. കോൺഗ്രസ് പിന്തുണക്കുന്ന നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനത്തിൻ വിശ്വസിക്കാതെ സായുധ സമരത്തിലൂടെ ബ്രിട്ടിഷ് ഭരണം അവസാനിപിച്ച് ഖിലാഫത്ത് പുനഃസ്ഥാപിക്കണം (ഇസ്ലാമിക ഭരണം) എന്ന ആശയത്തിൻ്റെ സ്രോതസ്സായിരുന്ന തിരൂരങ്ങാടിയിലെ ആലി മുസ്ലിയാർ മുമ്പ് മതപ്രബോധനം നടത്തിയിരുന്ന പ്രദേശമായിരുന്നു പൂക്കോട്ടൂർ. അതിനാൽ അദ്ദേഹത്തിൻ്റെ അനുയായികളായ ഒരു വലിയ വിഭാഗം മാപ്പിളമാർ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഒപ്പം തന്നെ സമീപസ്ഥ അംശങ്ങളിലെ അധികാരികൾ മുഴുവൻ ബ്രിട്ടിഷ് അനുകൂലികളായിരുന്ന മാപ്പിള പ്രമാണിമാരും ആയിരുന്നു.
ഈ സംഭവം ബ്രിട്ടിഷ് നടപടികളെ സായുധമായും സംഘടിതമായും പ്രതിരാേധിച്ചാൽ വിജയിക്കാം എന്ന ധാരണ പൊതുവിൽ മാപ്പിള സമൂഹത്തിൽ പരന്നു. പ്രത്യേക യൂണിഫോമും കൊടിയും തക്ബീർ വിളിയുമായി സായുധരാക്കി ആലി മുസ്ലിയാർ സംഘടിപ്പിച്ച ഖിലാഫത്ത് സൈനികർക്ക് നിസ്സഹകരണ ഖിലാഫത്ത് വളണ്ടിയർമാരെക്കാൾ പരമ്പരാഗത മുസ്ലിം മത ബോധത്താൻ സ്വാധീനിക്കപെട്ട ജനസാമാന്യത്തിൽ സ്വീകാര്യത വർദ്ധിപ്പിച്ചു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു വരുന്ന പൊതു ഇടങ്ങളിലെ ഖിലാഫത്ത് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് പകരം മുസ്ലിങ്ങൾ മാത്രമുള്ള, മോല്യേമാരും, തങ്ങമ്മാരും മാത്രം അഭിസംബാേധന ചെയ്യുന്ന പള്ളികളിലേക്ക് ഖിലാഫത്ത് പ്രബോധനം മാറി. ഇത് ഖിലാഫത്തെന്നാൻ ഇസ്ലാമിക ഭരണമാണെന്ന് മതവിശ്വാസികളിൽ ആഴത്തിൻ പതിഞ്ഞു.
ആലി മുസ്ലിയാരെയും മറ്റു ചിലരേയും അറസ്റ്റു ചെയ്യാൻ സർവ്വവിധ സന്നാഹങ്ങളുമായാണ് മലബാർ കളക്ടർ തോമസ്സും സൈന്യവും ആഗസ്റ്റ് 20ന് തിരുരങ്ങാടിയിൽ എത്തിയത്. ഒന്നാം പൂക്കോട്ടൂർ വിജയവും ഇരുപത് ദിവസത്തെ ഇടവേളയും കലാപകാരികൾക്ക് പ്രതിരോധിക്കാനും ഏറ്റുമുട്ടാനും പ്രേരണയും ശക്തിയും നൽകിയിരുന്നു. തിരുരങ്ങാടിയിൽ പ്രമുഖരെയൊന്നും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, രണ്ട് വെള്ളക്കാർ കൊല ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് കളക്ടറുടേയും പട്ടാളത്തിൻ്റെയും തിരിഞ്ഞോട്ടവും കൂടിയായപ്പാേൾ കലാപകാരികൾക്ക് എന്തെന്നില്ലാതെ ആത്മവിശ്വാസമാണ് കിട്ടിയത്. ഈ സംഭവത്തെ മാധവൻ നായർ വിലയിരുത്തുന്നത് ഇപ്രകാരമാണ്. “തിരുരങ്ങാടിയിൽ വച്ചുണ്ടായ ആപത്സംഭവങ്ങളേക്കാൾ അധികം ആപത്കരമായി തീർന്നത് തോമസിൻ്റെയും സൈന്യത്തിൻ്റെയും കോഴിക്കോട്ടേക്കള്ള ഓട്ടമാണ്. ” ഏറ്റുമുട്ടലിൽ രണ്ട് വെള്ള പട്ടാളക്കാർ കൊല ചെയ്യപ്പെട്ടതും കളക്ടറും സൂപ്രണ്ടും സൈന്യവും കോഴിക്കോടേക്ക് ഓടിപ്പോവുകയും കൂടി ചെയ്തപ്പാേൾ ബ്രിട്ടിഷ് ഗവൺമെൻ്റിൻ്റെ ശക്തി തീരെ ക്ഷയിച്ചുവെന്ന് വിവരം കുറഞ്ഞ മാപ്പിളമാർ വിശ്വസിച്ചു. മമ്പുറം പള്ളി വെടിവച്ചു തകർത്തു എന്നും, മി.തോമസിനേയും ഹിച്ച്കോക്കിനേയും മാപ്പിളമാർ കൊന്നുകളഞ്ഞുവെന്നുമായിരുന്നു പിന്നീട് മറ്റ് പ്രദേശങ്ങളിൽ പറഞ്ഞു പരത്തിയത്. ഈ അസത്യ പ്രചരണത്തിൻ്റെ ഭവിഷ്യത്തുക്കളാണ് പിന്നീട് നടന്നതെല്ലാം. ബ്രിട്ടിഷ് ഗവൺമെൻ്റിൻ്റെ ശക്തി നശിച്ചതിനാൽ ഇസ്ലാമിന് പൂർണ്ണ അധികാരം കിട്ടിയെന്നോ അരാജകത്തിൻ കിടന്ന് നശിക്കേണ്ട എന്നോ കരുതി വലിയൊരു സംഘം അന്യമതസ്തരായ ഹിന്ദുക്കളെയും വിരോധികളായ മാപ്പിളമാരിൽ ചിലരെയും ഉപദ്രവിക്കാൻ പുറപെട്ടു. 22 ന് ആലി മുസ്ല്യാരെ രാജാവാക്കി വാഴിക്കകൂടി ചെയ്തതാടെ ഇസ്ലാമിക രാജ്യം കൈവന്നു എന്ന് സാധാരണ മാപ്പിളമാർ ആത്മാർത്ഥമായി വിശ്വസിച്ചു. ദ്രോഹിച്ചും സ്നേഹിച്ചും പേടിച്ചും നിസ്സഹായരായും മാപ്പിളമാർ ഹിന്ദുക്കളെ മതം മാറ്റാൻ കൂട്ടുനിന്നു.
നിയമ സംവിധാനം തകർന്നു എന്ന പ്രതീതി നാട്ടിൽ വ്യാപകമായി. കൊള്ളയും കൊള്ളിവെപ്പും കത്തി പടർന്നു. പോലിസുകാർ പൊന്തയിലും കാട്ടിലും ഓടിയൊളിച്ചു. പോലിസ് സ്റ്റേഷനുകളിലെ ആധുധങ്ങളെല്ലാം ലഹളക്കാരുടെ കൈയ്യിലായി. ഉദ്യോഗസ്ഥൻമാരെ മഷിയിട്ടു നോക്കിയാൽ പോലും കാണാനുണ്ടായിരുന്നില്ല. അരാജകത്വത്തിൻ്റെ സർവ്വ ലക്ഷണങ്ങളും നാട്ടിൽ പ്രത്യക്ഷപ്പെട്ടു. നാട്ടിലാകെ കൊള്ളകൾ നടന്നു. ഇതിൻ ദരിദ്രരെന്നാെ ധനികരെന്നോ ഭേദമൊന്നും മാപ്പിളമാർ കാണിച്ചിരുന്നില്ല.
കിഴക്കനേറനാടിൻ്റെ ഭരണ തലവനും പടനായകനും എല്ലാമായി വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജി പ്രത്യക്ഷപ്പെട്ടു. മതമേൽകോയ്മ കിട്ടാൻ ചെമ്പ്രശ്ശേരി തങ്ങളെ കൂട്ട പിടിച്ചു. പ്രത്യേക നാണയവും പാസ്പോർട്ടും സൈന്യവും ചുങ്ക വ്യവസ്ഥയും അദ്ദേഹം കൊണ്ടുവന്നു. ആഗസ്റ്റ് 23ന് തന്നെ വ്യാപകമായ മത മാറ്റവും ഈ പ്രദേശങ്ങളിൽ ആരംഭിച്ചു. പൂക്കോട്ടൂരിൽ ഈയൊറ്റ ദിവസം 75 പേരെ മതം മാറ്റിയതായി കേൾക്കുന്നു. അതിൽ ജാതി വ്യത്യാസമൊന്നുമില്ലായിരുന്നു. മതം മാറ്റിയാൻ ഇടീക്കാനുള്ള ഉമ്മ കുപ്പായവും, തൊപ്പായും മുടികളയാനും സുന്നത്ത് കഴിപ്പിക്കാനും ഒസ്സാൻമാരേയും തയ്യാറാക്കി വച്ചിരുന്നു! 24-ാം തിയതി പൂക്കോട്ടൂരിലെ പ്രമുഖ നായർ കുടുംബമായ പുലാത്തോട്ടത്തിൻ കോമു മേനോൻ്റെ വീട്ടുക്കാരെ മുഴുവൻ മതം മാറ്റിയിരുന്നു. മതം മാറ്റാൻ വിസമ്മദിച്ച കോമുമേനോന് രണ്ട് ദിവസത്തെ അവധി അന്ത്യശാസനമായി നൽകിയിരുന്നതായി മാധവൻ നായർ രേഖപെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് 26 ഏറനാടിൽ ഇസ്ളാമിക ഭരണം സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച്ചയായിരുന്നു. ആ ശുഭദിനത്തിൽ ജുമ നമസ്ക്കാരത്തിന് ശേഷം പൂക്കോട്ടുരിനടുത്തുള്ള മഞ്ചരി, മലപ്പുറം, വെള്ളുമ്പ്രം മുതലായ എല്ലാ പ്രദേശങ്ങളിലേയും ഹിന്ദുക്കളെയും മുസൽമാൻമാർ ആക്കാൻ തീർച്ചപ്പെടുത്തിയിരുന്നതായും ആ ലിസ്റ്റിൽ താനും തൻ്റെ കുടുംബവും ഉൾപ്പെട്ടിരുന്നതായും മാധവൻ നായർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ സമയത്താണ് പട്ടാളം വരുന്നുണ്ട് എന്ന വിവരം ലഭിക്കുന്നത്. അതുകൊണ്ട് പട്ടാളത്തെ പ്രതിരാേധിച്ച്, വിജയം കൂടുതൽ ശക്തി നേടി തങ്ങളുടെ പദ്ധതി നടപ്പാക്കാം എന്നാക്കി പദ്ധതി പുനരാസൂത്രണം ചെയ്തു.
തിരൂരങ്ങാടി സംഭവത്തിന് ശേഷം മലപ്പുറത്ത് ഒറ്റപെട്ട മലപ്പുറം ഡിവിഷൻ ഓഫീസർ മി.ആസ്റ്റന് സഹായവും സംരക്ഷണവുമായാണ് ഒരു രക്ഷ സൈന്യത്തെ കോഴിക്കോട് നിന്നും മലപ്പുറത്തേക്ക് അയക്കാൻ തീർച്ചപ്പെടുത്തിയത്. ക്യാപ്റ്റൻ മെക്കൻ റോയ് ആയിരുന്നു ഇതിൻ്റെ സേനാനായകൻ. കലാപകാരികൾ റോഡു മുഴുവൻ മരങ്ങൾ മുറിച്ചും പാലങ്ങളും കലിങ്കുകളും തകർത്തും തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നതിനാൽ വളരെ പ്രയാസപ്പെട്ടാണ് സൈന്യം മുന്നോട്ട് നീങ്ങിയത്. വാസ്തവത്തിൽ മലപ്പുറത്ത് എത്തി അവിടുത്തെ ചെറിയ ബ്രിട്ടിഷ് സംവിധാനത്തിന് സംരക്ഷണ കവചം ഒരുക്കുക എന്നത് മാത്രമായിരുന്നു 125 പട്ടാളക്കാരും പോലീസുകാരും അടങ്ങുന്ന ഈ ചെറുസൈനിക വ്യൂഹത്തിൻ്റെ ലക്ഷ്യം. എന്നാൻ വഴിയിലെ തടസ്സങ്ങളും അന്തരീക്ഷവും സൈന്യത്തെ എന്ത് പ്രതിസന്ധിയും നേരിടാൻ തക്കവണ്ണം ജാഗ്രതയിൽ നിർത്താൻ മെക്കൻ റോയ് പ്രേരിപ്പിച്ചു. പിന്നീടുള്ള സംഭവങ്ങൾ അത് ശരിവക്കുന്നു.
ഗവൺമെൻ്റിന് തങ്ങളുടെ അധികാരം വീണ്ടെടുക്കാൻ സാധിക്കുന്ന പക്ഷം പൂക്കോട്ടൂർ മാപ്പിളമാരെ ബാക്കി വെക്കില്ലെന്ന് അവിടുത്തെ മാപ്പിളമാർ നന്നായി ഭയന്നിരുന്നു. അതിനാൽ തങ്ങളുടെ ജീവരക്ഷ യുദ്ധത്തിലാണെന്നും അവർ തീർച്ചപ്പെടുത്തി. കഴിയുന്ന സന്നാഹങ്ങൾ എല്ലാം അവർ ഒരുക്കൂട്ടി. പല ദിക്കുകളിൽ നിന്നും മാപ്പിളമാർ അവിടെ വന്നു ചേർന്നു. സുമാർ 3000-4000 പേര് യുദ്ധ സന്നദ്ധരായിട്ടുണ്ടാവും എന്നാണ് കണക്കാക്കുന്നത്. പ്രതിരാേധത്തിൻ്റെ വലിയ പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. സൂത്രധാരൻ വാരിയൻ കുന്നനാണ് എന്നാണ് പരക്കെ വിശ്വസിക്കുന്നത്. പോലിസ്റ്റ് സ്റ്റേഷനുകളിൽ നിന്നും മറ്റ് സ്വകാര്യ വ്യക്തികളിൽ നിന്നും പിടിച്ചെടുത്ത തോക്കുകളും, വാളുകളും കുന്തങ്ങളും നിരവധി സമാഹരിച്ചിരുന്നു. അതിലേറേ ശക്തി നൽകിയിരുന്നത് ദീനിലുള്ള വിശ്വാസത്തിൻ്റെ കവചമായിരുന്നു. ദീനിൽ വിശ്വാസമുള്ളവർക്ക് വെടിയുണ്ട ഏൽക്കുകയില്ലെന്ന് ചെമ്പശ്ശേരി തങ്ങളെ കൊണ്ട് പറഞ്ഞത് വിശ്വസിപ്പിച്ചിരുന്നു. പക്ഷേ മുൻനിശ്ചയത്തിന് വിപരീതമായി സൈന്യം പൂർണ്ണമായി കലാപകാരികളുടെ പ്രതിരോധ വലയത്തിൻ പ്രവേശിക്കുന്നതിന് മുന്നേ ആവേശം മൂത്ത ഏതാേ കലാപകാരികൾ പട്ടാളത്തിന് നേരേ വെടിവച്ചു. പിന്നെ നടന്ന ഘോര യുദ്ധം ഒരു സമൂഹത്തിൻ്റെ അജ്ഞതയേയും അന്ധമായ മതവിശ്വാസത്തെയും എങ്ങിനെയാണ് യന്ത്രത്താേക്കുകളുടെ മുന്നിലേക്ക് തീക്കുണ്ടത്തിലേക്ക് ഇയ്യാമ്പാറ്റകൾ എന്ന പോലെ തള്ളിവിടാൻ കഴിയുന്നത് എന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു. 400 അധികം പേരാണ് ഖിലാഫത്തിന് വേണ്ടി തക്ബാർ വിളിച്ച് സ്വർഗ്ഗം വരിക്കാൻ മത്സരിച്ചത്. ” അവരുടെ അമാനുഷികമായ നെഞ്ചൂക്കും ആശ്ചര്യകരമായ യുദ്ധവൈദഗ്ധ്യവും മെഷിൻ തോക്കുകളോട് ഫലിച്ചില്ല ” എന്നാണ് മാധവൻ നായർ വിലയിരുത്തുന്നത്. അഞ്ച് മണിക്കൂർ നേരത്തെ യുദ്ധത്തിന് ശേഷം പരിപൂർണ്ണ പരാജിതരായി നാനൂറിലധികം സെയ്താക്കളെ സൃഷ്ടിച്ച് യുദ്ധം അവസാനിച്ചു. ശേഷമുള്ളവർ നേതാക്കളുടെ വാക്കിലെ വിശ്വാസം ഉപേക്ഷിച്ച് ജീവനം കൊണ്ട് തിരിച്ചാടി. “മാപ്പിളമാരുടെ ഊക്കു നിലച്ചു. കുഞ്ഞഹമ്മദാജി വന്ന വഴിക്ക് തിരിച്ചുപോയി” എന്നാണ് മാധവൻ നായർ പരിഹസിക്കുന്നത്. ഹിന്ദുക്കൾ രക്ഷപ്പെട്ടു എന്ന് അദ്ദേഹം ആശ്വസിക്കുകയും ചെയ്യുന്നു. മാത്രമല്ല ബ്രിട്ടിഷ് ഗവൺമെൻ്റിന് പട്ടാളമുണ്ടെന്ന് മാപ്പിളമാർക്ക് ബോധ്യമായി എന്നും വിലയിരുത്തുന്നു.
മലബാർ ഡെപ്യൂട്ടി കളക്ടർ ആയിരുന്ന സി. ഗോപാലൻ നായർ എന്ന ചേറ്റൂർ ഗോപാലൻ നായർ 1923 സർവ്വീസിൽ നിന്നും വിരമിച്ച ശേഷം പ്രസിദ്ധീകരിച്ച “1921-ലെ മാപ്പിള ലഹള ” എന്ന പുസ്തകം സമർപ്പിച്ചിരിക്കന്നത് പൂക്കോട്ടൂർ യുദ്ധനായകനായ ക്യാപ്റ്റൻ മെക്കൻ റോയ്ക്കാണ്. അദ്ദേഹവും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പട്ടാളവും 400 കലാപകാരികളെ കൊന്നു തള്ളിയതുകൊണ്ടല്ല, അദ്ദേഹത്തിൻ്റെ വിജയം ഏറനാട്ടിലെ ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്കുള്ള നിർബന്ധിത മതപരിവർത്തനത്തിൽ നിന്നും രക്ഷിച്ചു എന്നതുകൊണ്ടാണ് അങ്ങിനെ ചെയ്തത്. തൻ്റേയും മലബാറിലെ ഹിന്ദു നിവാസികളുടെയും പേരിൽ പൂക്കോട്ടൂർ വീരനും അദ്ദഹത്തിൻ്റെ ചെറുസേനക്കും ആ സ്മരണീയ ദിനത്തിലെ സേവനത്തിന് ഹൃദയനിർഭരമായ നന്ദി രേഖപ്പെടുത്തുന്നു എന്ന പ്രസ്താവനയിലൂടെ ഹിന്ദു സമൂഹത്തെ ബ്രിട്ടിഷ് പാളയത്തിൽ തള്ളിവിടാനാണ് മാപ്പിള ലഹള കാരണമായത് എന്ന് കൂടി വിളിച്ചു പറയുന്നു.
ആഗസ്റ്റ് 30ന് വീണ്ടും തിരുരങ്ങാടിയിൽ എത്തുന്ന സൈന്യം സംയമനം പാലിക്കാനും കലാപകാരികൾ വലിയ പ്രതിരോധം തീർക്കാതെ കീഴടങ്ങാനം കാരണമായത് പൂക്കോട്ടൂരിലെ പാഠമാണെന്ന് മനസിലാക്കാം. വാരിയംകുന്നനും പിന്നീട് ബ്രിട്ടിഷ് പട്ടാളത്താേട് നേരിട്ട് ഏറ്റുമുട്ടാനുള്ള പദ്ധതികൾ ഉപേക്ഷിക്കുകയും ഉൾനാടുകളിലേക്ക് വലിഞ്ഞ് നിർദ്ദോഷികളെ ഉപദ്രവിക്കുന്ന പ്രവർത്തനങ്ങളിലേക്ക് വ്യാപൃതനാവുകയുമാണ് ചെയ്തത്. മൂന്ന് മാസങ്ങൾക്ക് ശേഷം പാണ്ടിക്കാടാണ് ഇദ്ദേഹം ഇത്തരത്തിലുള്ള മറ്റൊരു ഏറ്റുമുട്ടൽ ആസൂത്രണം ചെയ്തത്. അതും പരാജയപെട്ടതോടെയാണ് അണികൾ നഷ്ടപ്പെട്ട്, ഭരണം അവസാനിപ്പിച്ച് വാരിയം കുന്നൻ സൈന്യത്തിന് കീഴടങ്ങുന്നത്.
പൂക്കോട്ടൂർ യുദ്ധം മാപ്പിള കലാപത്തിലെ ഒരു വഴിത്തിരിവായിരുന്നു. കലാപകാരികൾക്കെറ്റ വലിയ തിരിച്ചടി ഹിന്ദുക്കളെ രക്ഷിച്ചു എന്നത് മാത്രമല്ല, ബ്രിട്ടിഷ് പട്ടാളത്തോട് നേരിട്ട് ഏറ്റുമുട്ടുന്നത് ഒരു ഗുണവും ചെയ്യില്ലെന്നും മാപ്പിള കലാപകാരികളുടെ ഉള്ളിൽ കാലങ്ങളായി പറഞ്ഞു പഠിപ്പിച്ചിരുന്ന ചില മത വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങൾ ആണെന്ന ബോധ്യവും അത് സൃഷ്ടിച്ചു. കലാപത്തിനിറങ്ങിയ പലരും തുടർന്നും അക്രമങ്ങൾ നടത്തിയത് പിടിക്കപ്പെട്ടാൽ അവർ അനുഭവിക്കേണ്ടി വരുന്ന കൊടിയ പീഡനങ്ങളെ ഭയന്നായിരുന്നു. പൊതുമാപ്പിലൂടെ അടിയറവിന് അവസരം പ്രഖ്യാപിച്ചപ്പോൾ ആയിരകണക്കിനാണ് കലാപകാരികൾ പട്ടാളത്തിന് മുന്നിൽ കീഴടങ്ങിയത്. ഇത് ബ്രിട്ടിഷുകാരുടെ ഒരു തന്ത്രമായിരുന്നു എന്നത് വേറേ കാര്യം.
ഏതായാലും പൂക്കോട്ടൂർ യുദ്ധം ദേശാഭിമാനപ്രേരിതമായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗവുമായിരുന്നില്ല. ആയിരുന്നെങ്കിൽ മാധവൻ നായർ ബ്രിട്ടിഷ് വിജയത്തെയും വിജയശില്പിയെയും പ്രകീർത്തിക്കുമായിരുന്നില്ല. ജാലിയൻവാല കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മി.ഒ.ഡയറിനെ നിന്ദിക്കുന്ന പാേലെ നിന്ദിച്ചനേ.
Comments