1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ഭാരതചരിത്രത്തിലെ അതിനിര്‍ണായകമായ ഒരു ഏടാണ്. ലക്ഷ്യം കാണാതെ പരാജയപ്പെട്ടു എങ്കിലും, രാഷ്ട്രത്തിന്റെ ആത്മാവില്‍ ജ്വലിച്ചു നില്‍ക്കുന്ന ദേശീയതയുടെ ആഴം വൈദേശിക ശക്തികള്‍ക്ക് ബോധ്യപ്പെട്ടത് ആ വിപ്ലവത്തോടെയാണ്. അതോടെ, ഭാരതത്തിന്റെ ദേശീയബോധത്തെ എന്നന്നേക്കുമായി നശിപ്പിച്ചാലല്ലാതെ തങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല എന്ന തിരിച്ചറിവില്‍ നിന്നുമാണ് ആര്യാധിനിവേശ സിദ്ധാന്തം എന്ന എക്കാലത്തെയും വലിയ ചരിത്ര ഉപജാപം പിറവി കൊള്ളുന്നതും, ഭാരതത്തിലെ വിദ്യാഭ്യാസപദ്ധതയില്‍ അത് അടിച്ചേല്പിക്കപ്പെടുന്നതും. ഭാരതത്തിനു സ്വന്തമായി ഒരു വ്യക്തിത്വമോ സാമൂഹ്യജീവിതമോ ഇല്ല പകരം പല കാലഘട്ടങ്ങളില്‍ വന്നുചേര്‍ന്ന വിവിധ സംസ്‌കാരങ്ങളുടെ ആകെത്തുക മാത്രമാണിത് എന്ന പ്രതിലോമകരമായ സന്ദേശമാണ് ഈ സിദ്ധാന്തം നല്‍കുന്നത്.
നിര്‍ഭാഗ്യവശാല്‍, ആ കാഴ്ചപ്പാടിന് രാജ്യത്ത് വലിയ പ്രചാരം സിദ്ധിക്കുകയും സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകളും അതേ വഴിയില്‍ തന്നെ സഞ്ചരിക്കുകയും ചെയ്തു. ഈ സിദ്ധാന്തത്തിനു ശാസ്ത്രീയമായോ, ചരിത്രപരമായോ പുരാവസ്തു പ്രകാരമോ ഒരു തെളിവും ഇല്ലാതെയാണ് നമ്മുടെ തലമുറകള്‍ ഇത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതരായത്.
ഈ വ്യാജസിദ്ധാന്തത്തെയാണ് ‘സൈന്ധവഭാഷായനം -ഇന്‍ഡോ യൂറോപ്യന്‍ ഭാഷാ പൂര്‍വ്വഭൂമി’എന്ന പുസ്തകത്തിലൂടെ രാജേഷ്.സി ശാസ്ത്രീയമായിത്തന്നെ നിരാകരിക്കുന്നത്. ഒരു പൊതുഭാഷയില്‍ നിന്ന് യൂറോപ്യന്‍ ഭാഷകളും സംസ്‌കൃത ഭാഷയുമെല്ലാം ഉണ്ടായി എന്ന സിദ്ധാന്തത്തിലൂടെ സംസ്‌കൃതത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും മഹത്വം ഇകഴ്ത്തുവാനുള്ള ബോധപൂര്‍വ്വമായ പദ്ധതിയെയാണ് ഗ്രന്ഥകാരന്‍ പൊളിച്ചെഴുതുന്നത്.
മുംബൈ ഐഐടിയില്‍ നിന്നും അപ്ലൈഡ് ജിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രന്ഥകാരന്‍, തന്റെ ശാസ്ത്രീയ -ഗവേഷണ പ്രതിഭ മുഴുവന്‍ ഉപയോഗിച്ചാണ് ശാസ്ത്രകുതുകികള്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പ്രസിദ്ധ പുരാവസ്തു ശാസ്ത്രജ്ഞനായ ഡോക്ടര്‍.ബി.എസ്. ഹരിശങ്കര്‍ എഴുതിയ പ്രൗഢമായ അവതാരിക പുസ്തകത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു.
ചരിത്ര, ദേശീയ വിഷയങ്ങളില്‍ വ്യത്യസ്തങ്ങളായ പുസ്തകങ്ങള്‍ ഇറക്കി വളരെപ്പെട്ടെന്ന് ശ്രദ്ധേയരായ കോഴിക്കോട് വേദ ബുക്‌സ് ആണ് ഈ പുസ്തകവും വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
സൈന്ധവ ഭാഷായനം
ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ പൂര്‍വ്വഭൂമി
രാജേഷ് സി.
വേദാ ബുക്‌സ്, കോഴിക്കോട്
പേജ് 94 $ വില 130
Comments