മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ അമ്പത്തിരണ്ടാം വാര്‍ഷികം ലോകം മുഴുവന്‍ ആഘോഷിക്കുകയാണ്. ആ ഇതിഹാസതുല്യമായ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഏട് നമുക്കിന്നു ചര്‍ച്ച ചെയ്യാം.
മനുഷ്യരാശി കണ്ട എറ്റവും വിനാശകരമായ ഒരു സംഭവമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ഭീകരമായ ദുരന്തങ്ങളും രക്തച്ചൊരിച്ചിലുകളും കൂട്ടക്കൊലകളുമൊക്കെ നല്‍കിയെങ്കിലും പിന്നീടുള്ള മാനവപുരോഗതിയില്‍ നിര്‍ണായകമായ ചില സംഭാവനകളും നല്‍കി. ആണവശക്തിയും ബഹിരാകാശ സാങ്കേതികതയും. ഇത് രണ്ടും വളര്‍ന്ന് വികസിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഗവേഷണ പരീക്ഷണങ്ങളുടെ വളക്കൂറിലാണ്.
യുദ്ധാവസാനത്തോടെ തന്നെ ആരംഭിച്ച ശീതയുദ്ധം അമേരിക്കയെയും സോവിയറ്റ് യൂണിയനെയും ഭ്രാന്തമായ ഒരു മത്സരത്തിലേക്കാണ് എടുത്തെറിഞ്ഞത്. ബഹിരാകാശമായിരുന്നു അതില്‍ പ്രധാനം. 1957 ല്‍ ആദ്യത്തെ കൃത്രിമോപഗ്രഹവും (സ്പുട്‌നിക് ), തുടര്‍ന്ന് ആദ്യത്തെ മനുഷ്യനെയും (യൂറി ഗഗാറിന്‍) ബഹിരാകാശത്തെത്തിച്ച് സോവിയറ്റ് യൂണിയന്‍ മുന്നേറിയപ്പോള്‍, അമേരിക്കയുടെ ആദ്യ ദൗത്യങ്ങളെല്ലാം പരാജയപ്പെട്ടു. അഭിമാനക്ഷതം കൊണ്ട് വീര്‍പ്പ് മുട്ടിയ അമേരിക്കന്‍ ജനതയുടെ മുന്‍പില്‍ പ്രസിഡന്റ് കെന്നഡി ആ ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തി. പത്ത് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ അമേരിക്കന്‍ പതാക പാറിക്കും എന്ന്.
അപ്പോളോ ദൗത്യം
കെന്നഡി ഈ പ്രഖ്യാപനം നടത്തുമ്പോള്‍ വിശ്വസനീയമായ ഒരു വിക്ഷേപണ വാഹനം പോലും അമേരിക്കക്ക് ഉണ്ടായിരുന്നില്ല. വിക്ഷേപണ വാഹനം, ബഹിരാകാശ പേടകം, ഇന്ധനങ്ങള്‍ തുടങ്ങി ആയിരമായിരം സങ്കീര്‍ണതകള്‍ മറികടക്കേണ്ടതുണ്ട്. പല ദൗത്യങ്ങളിലായി എല്ലാം പരിഹരിച്ച് 1969 ജൂലായ് മാസത്തില്‍ മനുഷ്യരാശിയുടെ ആ വലിയ കുതിച്ച് ചാട്ടം നടത്തിക്കൊണ്ട് അപ്പോളോ 11ല്‍, നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനില്‍ ഇറങ്ങുക തന്നെ ചെയ്തു.
ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടതിലേക്കും വലിയ റോക്കറ്റ് ആയ സാറ്റെണ്‍ ആണ് അപ്പോളോ ദൗത്യങ്ങളുടെ വിക്ഷേപണ വാഹനം. 36 നിലയുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുള്ള ഈ പടുകൂറ്റന്‍ റോക്കറ്റ്. മനുഷ്യന്‍ ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളതിലേക്കും ഏറ്റവും വലിയ റോക്കറ്റ് ആണ്. മൂന്ന് ഭാഗങ്ങളുള്ള ബഹിരാകാശ പേടകമാണ് അടുത്തത്. യാത്രികര്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ദൗത്യത്തിന്റെ നിയന്ത്രണ സംവിധാനങ്ങളെല്ലാം ഉള്ള ത്രികോണാകൃതിയിലുള്ള കമാന്‍ഡ് മോഡ്യൂള്‍, യാത്രയിലുടനീളം വൈദ്യുതി, ഇന്ധന-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന വലിയൊരു ഡ്രം ആകൃതിയിലുള്ള സര്‍വീസ് മോഡ്യൂള്‍, ചന്ദ്രനിലിറങ്ങാനും, തിരിച്ച് കയറാനുമുള്ള എട്ടുകാലിയുടെ ആകൃതിയുള്ള ലൂണാര്‍ മോഡ്യൂള്‍. ഇതില്‍ കമാന്‍ഡ് മോഡ്യൂള്‍ മാത്രമേ തിരിച്ച് ഭൂമിയിലെത്തുകയുള്ളൂ. മറ്റുള്ളവയെല്ലാം അതാതിന്റെ ഉപയോഗശേഷം ഉപേക്ഷിക്കപ്പെടും.
അപ്പോളോ11 നു ശേഷം അപ്പോളോ 12 ഉം വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയതോടെ നാസയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. അങ്ങിനെ വര്‍ദ്ധിത വീര്യത്തോടെ 1970 ഏപ്രില്‍ 11 ന്, തെളിഞ്ഞ നീലാകാശത്തേക്ക് അപ്പോളോ 13 ദൗത്യ പേടകവുമായി സാറ്റേണ്‍ റോക്കറ്റ് കുതിച്ചുയര്‍ന്നു. മിഷന്‍ കമാന്റര്‍ ജിം ലോവല്‍, കമാന്‍ഡ് മോഡ്യൂള്‍ പൈലറ്റ് ജാക്ക് സ്വിഗര്‍ട്ട്, ലൂണാര്‍ മോഡ്യൂള്‍ പൈലറ്റ് ഫ്രെഡ് ഹൈസ് എന്നിവരായിരുന്നു യാത്രികര്‍. ഇതില്‍ ജിം ലോവലിനു മാത്രമേ മുന്‍പ് ബഹിരാകാശ യാത്രയുടെ പരിചയം ഉണ്ടായിരുന്നുള്ളൂ.
രണ്ടാം ഘട്ടം ജ്വലിച്ചപ്പോള്‍ തന്നെ ആദ്യത്തെ കല്ല് കടിച്ചു. അഞ്ച് എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിക്കാന്‍ വൈകി. പക്ഷെ മറ്റുള്ള എഞ്ചിനുകളിലെ കൂടുതല്‍ ശക്തി ഉപയോഗിച്ച് ഈ പ്രതിസന്ധി മറികടന്നു. പേടകം ബഹിരാകാശത്തെത്തി, വേണ്ട മനോവറിംഗ് എല്ലാം കഴിഞ്ഞ് ചന്ദ്രനെ ലക്ഷ്യമാക്കി തിരിക്കുമ്പോഴും, അടുത്ത രണ്ടു ദിവസം കൊണ്ട് 3,30,000 കിലോമീറ്റര്‍ പിന്നിട്ട് ചന്ദ്രനെ സമീപിക്കുമ്പോഴും എല്ലാം സാധാരണ ഗതിയിലായിരുന്നു. ചന്ദ്രനിലിറങ്ങുന്നതിനു മുന്നോടിയായി, ഭൂമിയില്‍ കുടുംബാംഗങ്ങളുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന് ശേഷം ലോവല്‍, ക്യാമറകള്‍ ഓഫ് ചെയ്യുമ്പോള്‍ പേടകം ആകെ കുലുങ്ങിക്കൊണ്ട് ഒരു ശബ്ദം കേട്ടു. ബഹിരാകാശത്ത് അലഞ്ഞ് തിരിയുന്ന ഏതോ ഉല്‍ക്ക തട്ടിയതാകാം എന്നാണ് ആദ്യം കരുതിയത്. പക്ഷെ അത് സര്‍വീസ് മോഡ്യൂളിലെ ക്രയോജനിക് ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതായിരുന്നു. ‘Houston we have a problem’ എന്ന് സന്ദേശമയച്ചതും ഭൂമിയിലേക്കുള്ള ബന്ധവും നിലച്ചു. സര്‍വീസ് മോഡ്യൂളിന്റെ പിന്നില്‍ ഉറപ്പിച്ച ടയമിറ ആന്റിന പ്രവര്‍ത്തന രഹിതമായതായിരുന്നു കാരണം. എങ്കിലും നിമിഷങ്ങള്‍ക്കകം ബന്ധം പുനഃസ്ഥാപിച്ചു. സര്‍വീസ് മോഡ്യൂള്‍ പൂര്‍ണമായി പ്രവര്‍ത്തന രഹിതമായി. കമാന്‍ഡ് മോഡ്യൂളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചു. ഭൂമിയിലെ മിഷന്‍ കണ്ട്രോളില്‍ അങ്കലാപ്പ് പടര്‍ന്നു. മൂന്നു ലക്ഷം കിലോമീറ്റര്‍ അപ്പുറത്ത്, അനന്ത ശൂന്യതയില്‍ മൂന്ന് മനുഷ്യാത്മാക്കള്‍ മരണത്തോടു വിലപേശുകയാണ്.
മിഷന്‍ ഡയറക്ടര്‍ ഗ്ലെന്‍ ക്ലാന്‍സ്, ദൗത്യം നിര്‍ത്തിവെക്കാനുള്ള ആജ്ഞ നല്‍കി. കമാന്‍ഡ് മോഡ്യൂളിലെ ബാറ്ററികളില്‍ ശേഷിക്കുന്ന വൈദ്യുതി വളരെ വിലപ്പെട്ടതായതുകൊണ്ട്, കമാന്‍ഡ് മോഡ്യൂള്‍ ഓഫ് ചെയ്യാന്‍ തീരുമാനിച്ചു. ചന്ദ്രനിലിറങ്ങേണ്ട ലൂണാര്‍ മോഡ്യൂള്‍ ഒരു ലൈഫ് ബോട്ടായി ഉപയോഗിച്ച് ഭൂമിയിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തു. രണ്ടു പേര്‍ക്ക് മാത്രം സ്ഥലമുള്ള ലൂണാര്‍ മോഡ്യൂളില്‍ മൂന്ന് പേര്‍ തിക്കിത്തിരക്കി കയറി. അപ്പോഴേക്കും പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. തങ്ങള്‍ ഇറങ്ങേണ്ട, ചന്ദ്രന്റെ മണ്ണിനെ മരണം മാടിവിളിക്കുമ്പോഴും അവര്‍ ആര്‍ത്തിയോടെ നോക്കി.
പക്ഷേ ലൂണാര്‍ മോഡ്യൂള്‍ പൂര്‍ണമായും ചന്ദ്രപ്രതലത്തില്‍ ഇറങ്ങാനും തിരികെ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന കമാന്‍ഡ് മോഡ്യൂളുമായി കൂടിച്ചേരാനും വേണ്ടി മാത്രം ഡിസൈന്‍ ചെയ്യപ്പെട്ടതാണ്. അതിലെ ഓക്‌സിജന്‍, ജലം എല്ലാം രണ്ടുപേര്‍ക്കു ഒരു ദിവസത്തേക്ക് മാത്രം സംഭരിക്കപ്പെട്ടതാണ്. അതിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഭൂമിയിലേക്ക് വരാനുള്ളതല്ല.
അവര്‍ ആഹാരം ഉപേക്ഷിച്ചു. ജലം പരിമിതമായി മാത്രം ഉപയോഗിച്ചു. കമാന്‍ഡ് മോഡ്യൂളിലെ ഓക്‌സിജന്‍ സെല്ലുകള്‍ പരുവപ്പെടുത്തി എടുത്തു. നാസ IBM കമ്പനിയുമായി ബന്ധപ്പെട്ട് ഏതാനും മണിക്കൂറുകള്‍ കൊണ്ട് പുതിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കി.
ചാന്ദ്രഭ്രമണപഥത്തില്‍ നിന്ന് പുറത്ത് കടക്കുവാനുള്ള സര്‍വീസ് മോഡ്യൂളിലെ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായിരുന്നു. അടുത്ത മാര്‍ഗം ആലോചിച്ചു. ലൂണാര്‍ മോഡ്യൂളില്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാന്‍ ആവശ്യമായ എഞ്ചിന്‍ ഉണ്ട്. പക്ഷേ അതിനു ചന്ദ്രന്റെ ഗുരുത്വമണ്ഡലം ഭേദിക്കാനുള്ള ശേഷി ഉണ്ടാകുമെന്ന് ഉറപ്പില്ല. പക്ഷെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. ലോകം മുഴുവനുമുള്ള ജനങ്ങളുടെ പ്രാര്‍ത്ഥന ഫലം കണ്ടു. ആ എഞ്ചിന്‍, തനിക്ക് പറഞ്ഞിട്ടില്ലാത്ത ആ പണി വൃത്തിയായി ചെയ്തു.ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തില്‍ നിന്നും രക്ഷപ്പെട്ട പേടകം ഭൂമിയിലേക്ക് തിരിച്ചു.
അപ്പോഴേക്കും അപ്പോളോ 13 നു സംഭവിച്ച ദുരന്തം ലോകം മുഴുവന്‍ വാര്‍ത്തയായിരുന്നു. ഓരോ മണിക്കൂറിലും പത്രസമ്മേളനം നടത്തി, യാത്രികരുടെ നില ലോകത്തെ അറിയിച്ച് കൊണ്ടിരുന്നു.
പക്ഷെ മിഷന്‍ കണ്ട്രോളില്‍, ആശങ്ക പരകോടിയിലായിരുന്നു. ചന്ദ്രനില്‍ ഇറങ്ങാനുള്ള ലൂണാര്‍ മോഡ്യൂള്‍ ഉപയോഗിച്ച് ഭൂമിയില്‍ ഇറങ്ങാന്‍ കഴിയില്ല. മണിക്കൂറില്‍ ഇരുപത്തിരണ്ടായിരം കിലോമീറ്റര്‍ വേഗതയിലാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്. അപ്പോള്‍ വായുതന്മാത്രകളുമായി ഉരഞ്ഞു ഭീമമായ താപം ഉണ്ടാകും. ഏതാണ്ട് നാലായിരം ഡിഗ്രിയോളം. ഇത് പ്രതിരോധിക്കാന്‍ പേടകത്തില്‍ പ്രത്യേക താപകവചം ഉണ്ടാകും. ഭൂമിയിലേക്ക് തിരികെ വരുന്ന കമാന്‍ഡ് മോഡ്യൂളില്‍ മാത്രമേ താപകവചങ്ങള്‍ ഉള്ളൂ. മാത്രവുമല്ല, ഭൂപ്രതലത്തിനു അഞ്ഞൂറ് മീറ്റര്‍ മുകളില്‍ വെച്ച് വിരിയേണ്ട പാരച്യൂട്ടുകളും കമാന്‍ഡ് മോഡ്യൂളിലേ ഉള്ളൂ. അതില്‍ അവശേഷിച്ചിരിക്കുന്ന ബാറ്ററികള്‍ പ്രവര്‍ത്തിക്കുമോ. പാരച്യൂട്ടുകള്‍ വിടരുമോ.
അങ്ങിനെ ഏപ്രില്‍ 17 നു പേടകം ഭൂമിയുടെ ഭ്രമണ പഥത്തിലെത്തി, അഞ്ഞൂറ് കോടിയില്‍ പരം ജനങ്ങളുടെ പ്രാര്‍ത്ഥന എറ്റുവാങ്ങി. ഭൂമിയിലേക്ക് മടങ്ങാനുള്ള കമാന്‍ഡ്, മിഷന്‍ കണ്ട്രോള്‍ നല്‍കി. യാത്രികര്‍ തിരികെ കമാന്‍ഡ് മോഡ്യൂളില്‍ കയറി. ഭാഗ്യം, ബാറ്ററികള്‍ പ്രവര്‍ത്തിച്ചു. പ്രവര്‍ത്തന രഹിതമായ സര്‍വീസ് മോഡ്യൂളും, തങ്ങളെ ഇത്രയും ദിവസം മാറോടു ചേര്‍ത്ത് കാത്ത ലൂണാര്‍ മോഡ്യൂളും ബഹിരാകാശത്ത് ഉപേക്ഷിച്ചു. മൂന്ന് യാത്രികരുമായി, കമാന്‍ഡ് മോഡ്യൂള്‍ ഭൗമാന്തരീക്ഷത്തിലെക്ക് പ്രവേശിച്ചു. വായു തന്മാത്രകളുമായി ഉരഞ്ഞ് ഉയര്‍ന്ന അതിഭീമമായ താപം പേടകത്തെ ഒരു അഗ്നി ഗോളമാക്കി മാറ്റി. കമ്മ്യുണിക്കേഷന്‍ ബ്ലാക്കൌട്ട് ആരംഭിച്ചു. ഈ ഘട്ടത്തില്‍ പേടകവുമായി ഒരു ബന്ധവും സാധ്യമാവുകയില്ല.
സെക്കന്റുകള്‍, യുഗങ്ങളെപ്പോലെ കടന്നുപോയ മിഷന്‍ കണ്ട്രോളിലെ ഭീമന്‍ സ്‌ക്രീനിലേക്ക് നാസയിലെ മഹാരഥന്മാര്‍ കണ്ണുനട്ടിരുന്നു. അവര്‍ക്കിനി ഒന്നും ചെയ്യാനില്ല. ജനകോടികളുടെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ ആ വലിയ സ്‌ക്രീനില്‍ ഒരു കറുത്ത പൊട്ട് തെളിഞ്ഞു. ത്രികോണ ആകൃതിയിലുള്ള കമാന്‍ഡ് മോഡ്യൂളിന്റെ അഗ്രത്ത് നിന്നും ഒരു ചെറിയ കഷണം അടര്‍ന്ന് തെറിച്ചു. അതിനു പിന്നാലെ, മൂന്നു ഭീമന്‍ പാരച്യൂട്ടുകള്‍ വിടര്‍ന്നു. 56 മണിക്കൂര്‍ നീണ്ട ദുരന്തനാടകത്തിനു ശുഭപര്യവസാനം കുറിച്ച് അപ്പോളോ-13, അറ്റ്‌ലാന്റിക്കിന്റെ തിരമാലയൊഴിഞ്ഞ ശാന്തമായ പ്രതലത്തിലേക്ക് ഇറങ്ങി.
ദുരന്തത്തില്‍ നിന്ന് പാഠം പഠിച്ച നാസ, വീണ്ടും നാല് ചാന്ദ്ര ദൗത്യങ്ങള്‍ കൂടി നടത്തി. അപ്പോളോ 17 ല്‍ ചാന്ദ്ര പ്രതലത്തിലൂടെ ജീപ്പ് യാത്ര വരെ നടത്തിയാണ് അവര്‍ അപ്പോളോ ദൗത്യങ്ങള്‍ക്ക് തിരശീലയിട്ടത്.
അപ്പോളോ 13, ഒരേ സമയം ദുരന്തവും വിജയവുമാണ്. മനുഷ്യരാശി എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരു വലിയ പാഠപുസ്തകം.
Comments