രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തുന്നതിനുള്ള മൂലമന്ത്രം രചിക്കുമ്പോൾ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിലേക്ക് ഗാന്ധിമാർഗചിന്താധാരയും ശക്തമായി ഒഴുകിയെത്തിയിരുന്നു. ഹൈന്ദവ ദേശീയതയുടെ പാരമ്പര്യത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് പരമപവിത്ര ഭാരതാംബയെ വിശ്വവിജയിയാക്കുന്നതാകണം ഓരോ സ്വയം സേവകന്റയും കർമ്മപഥം എന്ന് നിശ്ചയിച്ചുറച്ച ഡോക്ടർജി, വിവേകാനന്ദനോടും വീരസവർക്കരോടും ഒപ്പം, രാമരാജ്യമെന്ന ഉദാത്ത ലക്ഷ്യത്തിലേക്ക് നടന്നടുക്കുവാൻ നിശ്ചയിച്ചുറച്ച ഗാന്ധിജിയേയും ഉൾക്കൊള്ളുവാൻ തയാറായത് തീർത്തും സ്വാഭാവികം തന്നെയായിരുന്നു. ഗാന്ധിയൻ ദർശനങ്ങളോടും ഗാന്ധിയൻ രീതികളോടും തങ്ങൾക്ക് യോജിക്കാവുന്നിടത്തെല്ലാം യോജിക്കുക. വിയോജിക്കേണ്ടിടത്ത് ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാതെ മഹാത്മജിയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ടു തന്നെ വിയോജിക്കുക. ഗാന്ധിയൻ ജീവിത വീക്ഷണത്തിലെ ശ്രേഷ്ഠ മാതൃകകളെ അറിഞ്ഞ് ഉൾക്കൊണ്ട് സ്വന്തം ജീവിതത്തിലേക്കു പകർത്തി പൊതു സമൂഹത്തിനു വഴി കാട്ടുക. ഈ സമീപനങ്ങളാണ് ഇക്കാര്യത്തിൽ സംഘം സ്വീകരിച്ചതെന്നത് ശത്രുക്കൾക്കു പോലും സ്പഷ്ടമാണ്. അതുകൊണ്ടു തന്നെയാണ് ജീവിതത്തിൽ ഗാന്ധിയൻ മുഖമുദ്രയായ ലാളിത്യവും സഹജീവികളോടുള്ള കരുതലും സ്വദേശി പ്രതിബദ്ധതയും ഹിന്ദ്സ്വരാജിനോടും രാമരാജ്യത്തോടുമുള്ള ഉറച്ച നിലപാടുകളും ഉള്ളവരുടെ സംഖ്യ ഗണ്യമായ തോതിൽ ബാക്കിയുള്ളത് സംഘപരിവാറിൽ മാത്രമാണുള്ളതെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
ആ വിഷയത്തിൽ ചർച്ച തുടങ്ങിയാൽ ഗാന്ധിജിയേയും ഡോക്ടർജിയേയും സംബന്ധിച്ച് അറിഞ്ഞ് വിശകലനം ചെയ്യേണ്ട വളരെ പ്രസക്തമായ ചിലകാര്യങ്ങളുണ്ട്. ഭാരതത്തിലെ വിദ്യാഭ്യാസവും ലണ്ടനിലെ നിയമ വിദ്യാഭ്യാസവും കഴിഞ്ഞ് നിയമരംഗത്ത് ചുവടുറപ്പിക്കാൻ ഭാരതത്തിൽ രണ്ടുവർഷം ചിലവഴിച്ചശേഷമാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി സൗത്ത് ആഫ്രിക്കയിലെത്തുന്നത്. ഒരു ഇൻഡ്യൻ വ്യവസായിക്ക് നിയമോപദേഷ്ടാവായി ജോലി ലഭിച്ച് അവിടെ ചെല്ലുമ്പോൾ ഗാന്ധിജിയുടെ വയസ്സ് 24 ആയിരുന്നു. അന്നവിടെ എത്തുമ്പോൾ ‘താൻ ഒന്നാമത് ഒരു ബ്രിട്ടീഷ്, രണ്ടാമത് ഇൻഡ്യൻ’ (Britain first, and an Indian second) എന്നതായിരുന്നു ഗാന്ധിജിയുടെ ഭാവമെന്നായിരുന്നു അവിടെ ഗാന്ധിജിയോടൊപ്പം നിന്ന് ടോൾസ്റ്റോയ് ഫാം തുടങ്ങുകയും നടത്തുകയും ചെയ്ത ഹെർമൻ കല്ലൻബച്ച് എന്ന ജർമ്മൻ സുഹൃത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. പിന്നീട് ഗാന്ധിജി അനുഭവങ്ങളിലൂടെ വളരെയേറെ സഞ്ചരിച്ചു. ആ യാത്ര അറുപതാം വയസ്സിലെത്തിയ ശേഷമാണ് പൂർണ്ണ സ്വരാജ് എന്നത് ഭാരതത്തിന്റെ അവകാശമാണെന്ന് പ്രഖ്യാപിക്കുവാൻ സമയമായിയെന്ന ബോദ്ധ്യത്തിലേക്ക് 1929ൽ ഗാന്ധിജി എത്തുന്നത്.
നേരെ മറിച്ച് ഡോ കേശവ് ബലിറാം ഹെഡ്ഗേവാർ ശൈശവാവസ്ഥയിൽ തന്നെ പ്രകടിപ്പിച്ചു തുടങ്ങിയതാണ് ബ്രിട്ടീഷ് കിരീടത്തോടുള്ള ചെറുത്തു നിൽപ്പിനും പോരാട്ടത്തിനും ഉള്ള ആവേശവും പ്രതിബദ്ധതയും. 1897 ജൂൺ 18ന് വിക്ടോറിയാ മഹാറാണിയുടെ രാജ്യാധികാരത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 8 വയസ്സുകാരൻ സ്കൂൾ വിദ്യാർത്ഥിക്കു കൊടുത്ത ലഡ്ഢു ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിഞ്ഞ കേശവ് ബലിറാം കൂട്ടുകാരെയും കുടുംബക്കാരെയും അദ്ഭുതപ്പെടുത്തി. നാഗപ്പൂരിലെ നീൽ സിറ്റി സ്കൂളിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ ബ്രിട്ടീഷ് സർക്കാർ വിലക്കുകളെ ലംഘിച്ച് വന്ദേമാതരം മുഴക്കിയതിന് സർക്കാർ സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടു. ഒരു വിദ്യാർത്ഥിയുടെ ഭാവി നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി അഭ്യുദയകാംക്ഷികൾ പലരും ഇടപെട്ടു. ഖേദം പ്രകടിപ്പിക്കുന്നുവോയെന്ന് ചോദിക്കുമ്പോൾ ഒന്നു തലകുലുക്കിയാൽ തിരിച്ചു സ്കൂളിൽ പ്രവേശിപ്പിക്കാമെന്നായി അവസാന ഒത്തു തീർപ്പു നിർദേശം. കേശവ് ബലിറാം ഹെഡ്ഗേവാർ തല കുലുക്കിയില്ല, തല കുനിച്ചതുമില്ല. സർക്കാർ സ്കൂളിന്റെ പടി പിന്നെ ചവിട്ടിയതുമില്ല. ലോകമാന്യ ബാലഗംഗാധര തിലകന്റെ സഹായാത്രികരായിരുന്നവർ സ്ഥാപിച്ച സ്വദേശി വിദ്യാലയത്തിൽ പിന്നീട് വിദ്യാഭ്യാസം തുടരാനും മെട്രിക്കുലേഷൻ പൂർത്തിയാക്കാനും ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പ്രവർത്തകർ അവസരം ഒരുക്കിയത് ഭാഗ്യം! . പിന്നീട് ഡോ ബി എസ്സ് മുഞ്ചെ സൗകര്യം ഒരുക്കിയതനുസരിച്ച് കൽക്കട്ടാ നാഷണൽ മെഡിക്കൽ കോളേജിൽ പഠിക്കാൻ ചേർന്നതുതന്നെ കൽക്കട്ടയിൽ പുലിൻ ബിഹാരിദാസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിപ്ളവ പ്രസ്ഥാനമായ അനുശീലൻ സമിതിയിൽ ചേർന്നു പ്രവർത്തിക്കുവാൻ വഴിയൊരുക്കുവാൻ വേണ്ടിയായിരുന്നു. അതു കൊണ്ടുതന്നെ മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷവും ധനസമ്പാദനത്തിന് ഏറെ സാദ്ധ്യതയുണ്ടായിരുന്ന ആ മേഖലയിലേക്ക് പോയതേയില്ല. ഭാരതസ്വാതന്ത്യത്തിനുള്ള പോരിടങ്ങളാണ് തന്റെ തട്ടകങ്ങൾ എന്നതിൽ മെഡിക്കൽ കോളേജിൽ നിന്നും 1917 ൽ വിജയിച്ചിറങ്ങിയ ഡോക്ടർ കേശവ് ബലിറാം ഹെഡ്ഗേവാറിന് സംശയം തരിമ്പുമില്ലായിരുന്നു.
കോൺഗ്രസ്സിലെ തീവ്രപക്ഷമായിരുന്ന തിലകനോടുള്ള അടുപ്പവും വിപ്ളവകാരികളുടെ തട്ടകമായിരുന്ന അനുശീലൻ സമിതിയിലുണ്ടായിരുന്ന അനുഭവസമ്പത്തുമായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുഖ്യധാരയിലേക്കായി ഡോക്ടർ ഹെഡ്ഗേവാറിന്റെ അടുത്ത ചുവടുവെപ്പ്. 1919ലെ നാഗപ്പൂർ കോൺഗ്രസ്സ്സമ്മേളനത്തിന് സന്നദ്ധസേവകരെ സംഘടിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ ചുമതല. അതിനിടയിലായിരുന്നു ബാല ഗംഗാധര തിലകനെന്ന അതികായന്റെ തിരോധാനം. പുതിയ നേതൃത്വം അനിവാര്യമായതോടെ മഹർഷി അരബിന്ദോ ഘോഷിനെ ആ രംഗത്തേക്കു കൊണ്ടുവരുവാനാണ് തിലകന്റെ അനുയായികളായ തീവ്രപക്ഷം നിശ്ചയിച്ചത്. ആ ദൗത്യവുമായി പോണ്ടിച്ചേരിയിലേക്ക് മഹർഷിയെ കാണാൻ പോയത് മുതിർന്നവരുടെ ഭാഗത്തു നിന്നും ഡോ ബി.എസ്സ് മുഞ്ചെയും യുവതയുടെ പ്രതിനിധിയായി ഡോക്ടർ കേശവ് ബലിറാം ഹെഡ്ഗേവാറും ആയിരുന്നൂയെന്ന ചരിത്രം അറിയുമ്പോളാണ് അതോടകം ആ രംഗത്ത് അദ്ദേഹം നേടിയ പ്രാധാന്യം പ്രകടമാകുന്നത്. അരബിന്ദോ ആ അഭ്യർത്ഥന സ്വീകരിച്ചില്ലെന്നതും അതോടെ തിലകന്റെ പ്രഭാവത്തിൽ സക്രിയമായിരുന്ന തീവ്ര വാദ പക്ഷത്തിനു പകരം ഗാന്ധിജിയുടെ നേതൃത്വത്തിൽ മിതവാദപക്ഷം കോൺഗ്രസ്സ് നേതൃത്വത്തിൽ പിടിമുറുക്കിയതും ചരിത്ര ഗതിയെ മാറ്റിയെടുത്തു. അവിടെ ഡോക്ടർജി നേരിട്ടത് ആശയപരമായ ഒരു വെല്ലുവിളിയെയാണ്. അന്ന് കോൺഗ്രസ്സിൽ പൊതുവെ ഉയർന്നിരുന്ന ആവശ്യം ‘സാമ്രാജ്യ ഭരണത്തിൻ കീഴിൽ സ്വരാജ്യം’ എന്നതായിരുന്നു. എന്നാൽ ഡോക്ടർ ഹെഡ്ഗേവാർ ഉയർത്തിയ ശബ്ദം പൂർണ്ണ സ്വരാജിനു വേണ്ടി തന്നെയായിരുന്നു. അങ്ങനെയൊരാവശ്യവുമായി നാഗ്പൂർ സമ്മേളനത്തിനിടെ ഡോക്ടർജിയും മൂന്നു സഹപ്രവർത്തകരും ഗാന്ധിജിയെ സമീപിപ്പിച്ചപ്പോൾ കൃത്യമായ അങ്ങനെയൊരു നിലപാടെടുക്കുവാൻ അദ്ദേഹം തയാറായിയില്ല. അങ്ങനെ 1919ൽ മുപ്പതാം വയസ്സിൽ ഡോ ഹെഡ്ഗേവാർ ‘പൂർണ്ണ സ്വരാജ് ആയിരിക്കണം ഭാരതത്തിന്റെ ലക്ഷ്യം എന്ന ആവശ്യം ഉന്നയിച്ചപ്പോൾ അന്ന് അമ്പതു വയസ്സ കഴിഞ്ഞിരുന്ന ഗാന്ധിജിക്ക് ‘പൂർണ്ണ സ്വരാജ്’ ആവശ്യപ്പെടുവാൻ സമയമായെന്ന ബോദ്ധ്യമായിരുന്നില്ല. പിന്നീട് വീണ്ടും പത്തു വർഷങ്ങൾ കഴിഞ്ഞ് 1929ലാണ് ഗാന്ധിജിയും കോൺഗ്രസ്സും പൂർണ്ണ സ്വരാജിനുവേണ്ടിയുള്ള പ്രമേയം പാസ്സാക്കയിയതെന്നത് ശ്രദ്ധാർഹമായ വസ്തുയാണ്. അക്കാര്യത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തോടുള്ള ബന്ധത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ മുസ്ലീം പ്രീണന രീതികളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നിട്ടും തുടർന്നു നടന്ന നിസ്സഹകരണ പ്രക്ഷോഭത്തിൽ നിറസ്സാന്നിദ്ധ്യമായിരുന്നു, ഡോക്ടർജി. തുടർന്ന് നിസ്സഹകരണ പ്രക്ഷോഭത്തിലെ പങ്കെടുത്തതിന്റെയും തീ പാറുന്ന പ്രസംഗങ്ങളുടെയും പേരിൽ ചാർത്തപ്പെട്ട ഒരു വർഷത്തെ കാരാഗ്രഹ വാസം കഴിഞ്ഞിറങ്ങിയ ഡോക്ടർജിയെ സ്വീകരിക്കുവാൻ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കാൻ മോത്തിലാൽ നെഹ്രുവരെ എത്തിയിരുന്നുയെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. (അതൊന്നും വായിച്ചറിയാത്തതുകൊണ്ടാകും രാഹുൽ ഗാന്ധിയും കേരളത്തിലെ കിങ്ങിണിക്കുട്ടന്മാരുമൊക്കെ മൈക്ക് കിട്ടിയാൽ ഡോക്ടർജിക്കും സംഘത്തിനുമൊക്കെ സ്വാതന്ത്ര്യ സമരത്തിൽ എന്തു പങ്കാണൂണ്ടായിരുന്നതെന്നും മറ്റും ചോദ്യങ്ങൾ ഉയർത്തുന്നത്!)
സമാന്തരമായി, ഡോ കേശവ് ബലിറാം ഹെഗ്ഡേവാറിന്റെ ചരിത്രപരമായ സുപ്രധാന ദൗത്യത്തിന് കാലം കളമൊരുക്കൂകയായിരുന്നു. നിസ്സഹകരണ പ്രക്ഷോഭം പരാജയപ്പെട്ടു. അതിനിടയിൽ കോൺഗ്രസ്സ് രാഷ്ട്രീയത്തിനുള്ളിലുള്ള അനഭിലഷണീയ പ്രവണതകൾ പരിധിവിട്ടു പോകുന്നതും ഡോക്ടർജി നേരിട്ടു മനസ്സിലാക്കി. ഇസ്ലാമിക സമൂഹത്തിന്റെ അന്തർദേശീയ വർഗീയ താത്പര്യങ്ങള്‍ക്കുവേണ്ടി നടത്തിയ ഖിലാഫത്ത് പ്രസ്ഥാനത്തിന് നൽകിയ പിന്തുണ ഹിന്ദുസമാജത്തിന് ആത്മഹത്യാപരമായി മാറുകയും ചെയ്തു. മലബാറിലും മഹാരാഷ്ട്രയിലും പഞ്ചാബിലും മദ്ധ്യപ്രദേശിലും ഉത്തരപ്രദേശിലുമെല്ലാം ഹിന്ദുവിനെതിരെ മുസ്ലീം കലാപം വ്യാപകമായി. മലബാർ ലഹളയിലെ കൂട്ടക്കൊലയും ബലാത്സംഗങ്ങളും വാൾമുനയിൽ നടത്തിയ കൂട്ട മതപരിവർത്തനങ്ങളും വീര സവർക്കരുടെയും ഡോ അംബേദ്കറുടെയും ഡോ ബി.എസ്സ്. മുഞ്ചെയൂടെയും നിശിതവിമർശനങ്ങൾക്ക് വിധേയമായി. പക്ഷേ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ഇർഡ്യൻ നാഷണൽ കോൺഗ്രസ്സ് ആക്രമികളായ മുസ്ലീംകലാപരിപാടികളോട് ശക്തമായി പ്രതികരിച്ചില്ലെന്നു മാത്രമല്ല എന്തുവിലകൊടുത്തും അവരോടുള്ള സൗഹൃദം കാത്തു സൂക്ഷിക്കുകയാണ് തങ്ങൾക്ക് പ്രധാനമെന്ന് പ്രകടമാക്കുകയും ചെയ്തു. ഈ വക അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് പുതിയ ചരിത്രദൗത്യത്തിന് ഡോക്ടർജി സ്വയം തയാറാകുകയായിരുന്നു.
അങ്ങനെയാണ് ഭാരതത്തെ സ്വതന്ത്രയാക്കുവാനും സ്വാതന്ത്യാനന്തര ഭാരതത്തിന്റെ അഖണ്ഡതയും പ്രതിരോധവും വികസനവും ഉറപ്പുവരുത്തുവാനും വേണ്ടി സ്വയം സമർപ്പണത്തിന് തയാറുള്ളവരായി ഒരു ജനതയെ ആകെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന് 1925ൽ ഡോക്ടർജി തുടക്കം കുറിച്ചത്. ആ സംരംഭത്തിലാണ് വിവേകാനന്ദനോടും വീരസവർക്കറോടും ഒപ്പം ഗാന്ധിജിയെയും അദ്ദേഹം തന്റെ ആശയത്തിന് രൂപവും ഭാവവും ശക്തിയും പകരുന്ന ശ്രോതസ്സായി സ്വീകരിച്ചത്. ഗാന്ധിയൻ രാഷ്ട്രീയ ഇടപെടലുകളിൽ അതോടകം നിഴലിച്ചു കണ്ട അപകടകങ്ങൾ തിരച്ചറിയുമ്പോൾ തന്നെ ഗാന്ധിയൻ ദർശനത്തിലും രീതികളിലും സംഘത്തിന് സ്വീകാര്യമായവ വളരെയറെയുണ്ടെന്ന് ഡോക്ടർജി തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലൂടെ കണ്ടെത്തിയ മൂല്യങ്ങൾ സംഘസ്ഥാപനത്തിന്റെ അടിസ്ഥാന ശിലകളുടെ മൗലിക ഘടകങ്ങളുമായി ഇഴുകിച്ചേരുവാൻ ഇടവരുത്തിയതുകൊണ്ടാണ് ഗാന്ധിയെ മറന്ന വർത്തമാന കാലത്തും സംഘത്തിൽ അദ്ദേഹം ഉയർത്തി പിടിച്ച മൂല്യങ്ങൾ നിലനിൽക്കുന്നത്. പ്രചാരകനിരയുടെ ആത്മ നിഷ്ടയിൽ അത് പ്രഭ പരത്തുന്നു. ബ്രഹ്മചര്യം സ്വീകരിച്ച് കുടുംബജീവിതം ഉപേക്ഷിച്ച് പൂർണ്ണ സമയ സമാജസേവയിൽ സ്വയം സമർപ്പിച്ചവർ യഥാർത്ഥ ഗാന്ധിയൻമാരായി സമാജത്തെ സമുദ്ധരിക്കുന്നു. ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ആത്മാവെന്ന ഗാന്ധിയൻ സങ്കല്പം സ്വീകരിച്ച് ശാഖകളെ കേന്ദ്രീകരിച്ച് തയാറാക്കിയിട്ടുള്ള സംഘസംവിധാനത്തിന്റെ ആധാരശില സമഗ്രപരിവാറിന് കരുത്ത് വർദ്ധിപ്പിക്കുന്നു. സംഘപരിവാറിലൂടെ ഉയർന്നു വന്ന ഭാരതീയ ജനസംഘവും പിന്നീട് രൂപം മാറിയ ഭാരതീയ ജനതാ പാർട്ടിയും രാഷ്ട്രീയത്തിലും ധാർമ്മികതയുടെ അടിത്തറയുണ്ടാകണമെന്ന ഗാന്ധിയൻ സങ്കല്പം സ്വീകരിച്ച് ജനാധിപത്യത്തിലെ തിരുത്തൽ ശക്തിയായി വേറിട്ടു നിൽക്കുന്നു. അഴിമതിയുടെ കറപുരളാത്ത ലളിത ജീവിതം നയിക്കുന്ന വ്യക്തിത്വങ്ങളുള്ള നേതൃനിര ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്നു.
അതിനിടെ ചരിത്രം സാക്ഷിയായ ഒരു കാര്യം കൂടി കണക്കിലെടൂക്കുന്നത് ഉചിതമായിരിക്കും. സ്വതന്ത്ര ഭാരതം ഗാന്ധിയൻ മൂല്യങ്ങളിൽ നിന്നുള്ള അകൽച്ച ആരംഭിച്ചത് സർദാർ പട്ടേലിനെ ഒഴിവാക്കി ജവഹർലാൽ നെഹ്രുവിന് പ്രധാനമന്ത്രി പദം നൽകിയതിനു ശേഷമായിരുന്നു. ഗാന്ധിജി കഥാവശേഷനായതിനു തൊട്ടു പിന്നാലെ അതിനൊരു തിരുത്തൽ ശ്രമം തുടങ്ങിയതായും കാണാം. 1948-49 കാലത്ത് സംഘ സ്വയം സേവകരെയും കാര്യകർത്താക്കളെയും കോൺഗ്രസ്സിലേക്ക് ക്ഷണിച്ചുകൊണ്ട് വർക്കിംഗ് കമ്മറ്റി പ്രമേയം പാസ്സാക്കി. സർദാർ പട്ടേലും പട്ടാഭി സീതാരാമയ്യയും ഡോ രാജേന്ദ്ര പ്രസാദും പുരുഷോത്തം ദാസ് ടണ്ഠനും മറ്റും അങ്ങനെ ഒരു ശ്രമത്തിന് ഒരുങ്ങിയത് കോൺഗ്രസ്സിനുള്ളിൽ ഗാന്ധിയൻ മൂല്യങ്ങൾ മരിക്കരുതെന്ന് ആഗ്രഹിച്ചതുകൊണ്ടായിരുന്നിരിക്കണം. അന്ന് ആ നീക്കത്തെ നെഹ്രുവിനോടൊപ്പം നിന്നെതിർത്ത ലോക നായക ജയപ്രകാശ് നാരായണനും ആചാര്യ കൃപലാനിയും ഇന്ദിരാ ഗാന്ധിയുടെ ഫാസിസത്തെ ചെറൂക്കുവാൻ 1970കളിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തോടൊപ്പം എത്തിയത് നേരിന്റെയിടത്തേക്കുള്ള അവശിഷ്ട ഗാന്ധിയന്മാരുടെയും ഒഴുക്കിനെയാണ് സൂചിപ്പിക്കുന്നത്. ചരിത്രം തിരുത്തലുകൾക്കുള്ള ഇടപെടലുകൾ വീണ്ടും തുടർന്നതോടെ ഇന്ന് ഭാരതീയ ജനാധിപത്യം ഭദ്രമായ കരങ്ങളിലെത്തിയിരിക്കുന്നു. അതോടെ, ആത്മനിർഭരഭാരതവും സ്ച്ഛഭാരതവും പ്രകൃതിയോടുള്ള കരുതലും തനത് സംസ്കാരത്തോടുള്ള പ്രതിബദ്ധതയും എല്ലാം ഉൾക്കൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സങ്കൽപ്പത്തിന് പശ്ചാത്തലം ഒരുക്കി ഗാന്ധിയൻ മൂല്യങ്ങൾ അന്യം നിന്നു പോകാതെ കാത്തുസൂക്ഷിക്കുന്നതിനുള്ള സാദ്ധ്യത രാഷ്ട്രീയ സ്വയം സേവക സംഘത്തിനു മുന്നിൽ വീണ്ടും തെളിയുന്നു.