പേരു സൂചിപ്പിക്കുന്നതു പോലെ രണ്ട് പ്രമുഖമായ ആസനങ്ങളുടെ ചേര്‍ച്ചയാണ് ഇത്. പത്മം സാത്വികതയുടെ പര്യായമാണ്. മയില്‍ (മയൂരം) വിഷപ്പാമ്പിനെപ്പോലും ദഹിപ്പിക്കുന്നവനാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ദോഷം നശിപ്പിക്കാന്‍ പര്യാപ്തമാണ് ഈ ആസനം.
ചെയ്യുന്ന വിധം
പത്മാസനത്തിലിരിക്കുക. കൈകളുടെ സഹായത്തോടെ കാല്‍മുട്ടില്‍ നില്ക്കുക. കൈപ്പത്തികള്‍, വിരലുകള്‍ പിറകോട്ടു നോക്കുന്ന തരത്തില്‍, മുന്നില്‍ നിലത്തു കമിഴ്ത്തി പതിച്ചു വെക്കുക. കൈമുട്ടുകള്‍ മടക്കി തമ്മില്‍ ചേര്‍ക്കുക. മുന്നോട്ടാഞ്ഞ്, കൈമുട്ടുകള്‍ ഉദരത്തിന്റെ ഇരുവശങ്ങളിലും പതിച്ചു ചേര്‍ക്കുക. വീണ്ടും മുന്നോട്ടാഞ്ഞ് നെഞ്ച് മേല്‍കൈത്തണ്ടയില്‍ ചേര്‍ക്കുക. ദേഹം സന്തുലിതമാക്കിയ ശേഷം വീണ്ടും മുന്നോട്ടാഞ്ഞ് ശ്വാസം വിട്ടു കൊണ്ട് പത്മാസനത്തിലുള്ള കാലുകള്‍ ഉയര്‍ത്തുക. ഇപ്പോള്‍ ശരീരം ഭൂമിക്കു സമാന്തരമായിരിക്കും. ദൃഷ്ടി മുന്നോട്ട്. ശ്വാസം സാധാരണ ഗതിയില്‍. ഇതാണ് പൂര്‍ണമായ അവസ്ഥ. ശ്വാസമെടുത്തു കൊണ്ട് തിരിച്ചു വരിക.
വൈവിധ്യം
പത്മാസനത്തിലുള്ള പല വൈവിധ്യങ്ങളും ഉണ്ട്. അതിലൊന്നാണ് ഇത്. മയൂരാസനം മുമ്പ് ഈ പംക്തിയില്‍ വന്നിട്ടുണ്ട്. കിടന്നിട്ടുള്ളതും തല കുത്തിയുള്ളതും ഉള്ള പത്മാസന ഭേദങ്ങള്‍ വേറെ ഉണ്ട്.
ഗുണങ്ങള്‍
ദഹനരസങ്ങള്‍ സുഗമമായി സ്രവിക്കുന്നതിനാല്‍ ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടും. തത്സംബന്ധമായ മലബന്ധം മുതലായവ ഇല്ലാതാവും. ദേഹത്തിലെ വിഷാംശങ്ങളെ പുറന്തള്ളും. അതിലൂടെ ത്വക്‌രോഗങ്ങള്‍ക്കും ശമനമുണ്ടാവും. വാത-പിത്ത – കഫങ്ങളായ ത്രിദോഷങ്ങള്‍ സമാവസ്ഥയില്‍ വരും. അവയുടെ വിഷമാവസ്ഥയാണല്ലൊ രോഗം.