സംഘകാര്യപദ്ധതിയിലും ബൗദ്ധികവിഭാഗത്തിലും സഹപ്രവര്‍ത്തകരിലും ഉണ്ടായിരുന്ന പ്രത്യേക ശ്രദ്ധപോലെ എടുത്തു പറയത്തക്കതായ മറ്റൊരു സവിശേഷത കൂടി ആപ്‌ടെജിക്ക് ഉണ്ടായിരുന്നു. കലര്‍പ്പില്ലാത്ത സംസ്‌കൃതസ്‌നേഹം. സംഘശിക്ഷാ വര്‍ഗ്ഗില്‍ സംസ്‌കൃത ഭാഷ ഉപയോഗിക്കുന്ന പതിവ് ആരംഭിച്ചത് അദ്ദേഹമാണ്. 1940-41 വര്‍ഷങ്ങളിലെ സംഘശിക്ഷാവര്‍ഗില്‍ ഉപയോഗിക്കാനുള്ള അമൃതവചനങ്ങള്‍ ശ്രീധര്‍ ഭാസ്‌കര്‍ വര്‍ണേക്കര്‍ജി മുഖേന സംസ്‌കൃതത്തില്‍ എഴുതി തയ്യാറാക്കി, അതു സ്വയം വായിച്ചു പഠിച്ചുകൊണ്ടാണ് അദ്ദേഹം സംസ്‌കൃത പഠനം ആരംഭിക്കുന്നത്. പിന്നീട് 1948ല്‍ നിരോധന കാലത്ത് റായ്പൂര്‍ ജയിലില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്‌കൃതം ക്ലാസ് നടന്നു. അന്ന് ജയിലില്‍ സംസ്‌കൃതത്തില്‍ സംഭാഷണവും ആരംഭിച്ചു. ഇന്ന് ഒരു സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കൃതഭാരതിയുടെ സംസ്ഥാപനത്തില്‍ ആപ്‌ടെജിയുടെ പ്രേരണയുണ്ട്. ആപ്‌ടെജിയുടെ പ്രേരണയിലാണ് ജയ്പൂരില്‍ ദാദാഭായ് എന്നറിയപ്പെട്ടിരുന്ന ഗിരിരാജ് ശര്‍മ്മ ‘ഭാരതി സംസ്‌കൃതപത്രിക’ തുടങ്ങിയത്. ആദ്യകാലത്ത് ഇതിനായി വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലും ആപ്‌ടെജി നേരിട്ട് സമയം നല്‍കിയിരുന്നു. ശ്രീധര്‍ ഭാസ്‌കര്‍ വര്‍ണേക്കര്‍ജി ആരംഭിച്ച സംസ്‌കൃത വാരികയായ ‘ഭവിതവ്യ’ത്തിന്റെയും പ്രേരണ ആപ്‌ടെജി തന്നെ. ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇനി മുതല്‍ സംസ്‌കൃതത്തില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്ന് അദ്ദേഹം വര്‍ണേക്കര്‍ജിയെ ചട്ടം കെട്ടിയിരുന്നു. വര്‍ണേക്കര്‍ജി 12 വര്‍ഷം അതു തുടരുകയും ചെയ്തു. ഒരു സംസ്‌കൃതവാരിക ആരംഭിക്കണമെന്ന ആശയം ആപ്‌ടെജി അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ തനിക്ക് അതിനുള്ള ശേഷിയില്ലെന്നും സാമ്പത്തികമായി ഈ പദ്ധതി വിജയിക്കില്ലെന്നും പറഞ്ഞ അദ്ദേഹത്തെ ശകാരവര്‍ഷത്തോടെയാണ് ആപ്‌ടെജി തിരുത്തിയത്. പണമില്ലെങ്കില്‍ പിച്ചയെടുക്കണം എന്നായിരുന്നു ആപ്‌ടെജിയുടെ വാക്കുകള്‍. ഒടുവില്‍ ആപ്‌ടെജിയുടെ നിരാഹാരഭീഷണിക്ക് വഴങ്ങി തുടങ്ങിയ വാരികയാണ് ഭവിതവ്യം. ജീവനോളം വിലമതിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കൃതപ്രിയം. കുശപഥക്കിലെ യാദവ്‌റാവു ജോഷിജി മുതല്‍ നമുക്ക് സുപരിചിതനായിട്ടുള്ള ആര്‍. ഹരിയേട്ടന്‍ വരെയുള്ളവരെ അദ്ദേഹത്തിന്റെ സംസ്‌കൃത പ്രേമം വിശേഷമായി സ്വാധീനിച്ചിട്ടുണ്ട്.
അടിസ്ഥാന ആശയങ്ങളും ആദര്‍ശവും പ്രകടമാക്കേണ്ട സാഹചര്യങ്ങളില്‍ ചിലപ്പോഴൊക്കെ രൂക്ഷമായി പ്രതികരിക്കുമെങ്കിലും അദ്ദേഹം പൊതുവേ കോമളഹൃദയനായിരുന്നു. സ്വന്തം ദുരനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ആരിലും നിരാശ പടര്‍ത്താതിരിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ അത്തരം അനുഭവങ്ങള്‍ സ്വയം ഏറ്റെടുത്തു കൊണ്ട് അവരെ സമാധാനിപ്പിക്കുകയും ചെയ്യും. വര്‍ണേക്കര്‍ജി ആദ്യമായി ഒരു പുസ്തകം രചിച്ചപ്പോള്‍ അതിന്റെ ഒന്നാം പുറത്തില്‍ ആപ്‌ടെജിക്കായി സമര്‍പ്പിച്ചുകൊണ്ടുള്ള കുറിപ്പ് കൊടുത്തു. അതുകണ്ട് അത്യന്തം ക്രുദ്ധനായ ആപ്‌ടെജി അദ്ദേഹത്തെ ശാസിച്ചു. ആരുടെ സമ്മതപ്രകാരമാണ് ഇതു ചെയ്തതെന്നു ചോദിച്ചു. അച്ഛനോട് മക്കള്‍ ഇത്തരം കാര്യങ്ങള്‍ക്ക് അനുവാദം വാങ്ങാറില്ല എന്ന മറുപടിയില്‍ അദ്ദേഹത്തിന് ശാന്തനാവേണ്ടി വന്നു. സമാനമായ സ്വാധീനമായിരുന്നു അദ്ദേഹം അക്കാലത്തെ കാര്യകര്‍ത്താക്കളില്‍ ചെലുത്തിയത്. നാഗ്പൂരിലെ മോറിസ് കോളേജ് ഹോസ്റ്റലില്‍ അദ്ദേഹം സ്ഥിരസന്ദര്‍ശകനായിരുന്നു. 1935ല്‍ ഇത്തരമൊരു സന്ദര്‍ശനത്തിനിടെ ലക്ഷ്മണ്‍ റാവു ഭിടെജിയുടെ സുഹൃത്തായിരുന്ന ദേശ്പാണ്ഡെ എന്ന സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥിയെ ഇദ്ദേഹം പരിചയപ്പെട്ടു. ക്രമേണ ദേശീയ അന്തര്‍ദേശീയ കാര്യങ്ങളിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവര്‍ തമ്മില്‍ ആത്മ ബന്ധം വളര്‍ന്നു. ഒടുവില്‍ ആ വിദ്യാര്‍ഥി – ബാബാജി ദേശ്പാണ്ഡെ – സംഘപ്രചാരകനായി. ആദ്യം ദില്ലി മഹാനഗരത്തില്‍ നിയുക്തനായി. തുടര്‍ന്ന് കുറച്ചുകാലം കേരളമുള്‍പ്പെടുന്ന മദിരാശിപ്രാന്തത്തിന്റെ പ്രാന്തപ്രചാരകനായി നിയോഗിക്കപ്പെട്ടു.
പൂര്‍വ്വാശ്രമം പറയാത്ത ഗന്ധര്‍വജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സംഘപഥത്തില്‍ ഒരായിരം സഹോദരന്മാരോടൊപ്പം ജീവിച്ച ആപ്‌ടെജി അക്ഷരാര്‍ത്ഥത്തില്‍ ആദര്‍ശപ്രചാരകനാണ്. സംഘകാര്യത്തിനിടെ ഇത്രമാത്രം കുടുംബത്തെ വിസ്മരിച്ച വ്യക്തി വേറെ കാണില്ല. പ്രചാരകനായതിനുശേഷം തന്റെ നാല്‍പതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ വീട് സന്ദര്‍ശിച്ചത് മൂന്നുതവണ മാത്രം. സന്ദര്‍ശിച്ചില്ലെന്നു മാത്രമല്ല അവരെക്കുറിച്ച് ഓര്‍ത്തത് പോലുമില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. വിഖ്യാത പുരാണേതിഹാസപ്രഭാഷകനായ ബാല്‍ശാസ്ത്രി ഹര്‍ദാസിന്റെ പത്‌നിയും ഡോ. ബി.എസ്. മൂംജെയുടെ മകളുമായ വീണാഹര്‍ദാസ് ആപ്‌ടെജിയുടെ ഗാര്‍ഹികഋണത്യാഗത്തിന്റെ ദൃക്‌സാക്ഷിയാണ്. വീണാ ഹര്‍ദാസിന്റെ അധ്യാപികയായിരുന്നു ആപ്‌ടെജിയുടെ സഹോദരി മഥുരാബായി. 1939 ല്‍ നേത്രരോഗം വന്നതിനെ തുടര്‍ന്ന് അവരുടെ സ്‌കൂളിലെ ജോലി നഷ്ടപ്പെട്ടു. അപ്പോഴേക്കും ആപ്‌ടെജി പ്രചാരകനായിരുന്നു. ജോലിയും തുടര്‍ന്ന് വീടും നഷ്ടമായതിനുശേഷം മഥുരാബായി വൃദ്ധമാതാവിനോടും അനുജനോടും ഒപ്പം ക്ഷേത്രമതിലിനകത്തായിരുന്നു താമസിച്ചത്. ഭജനകീര്‍ത്തനങ്ങള്‍ പാടി അവര്‍ കുടുംബം നോക്കി. വീണാഹര്‍ദാസ് ഒരിക്കല്‍ ക്ഷേത്രപരിസരത്തുപോയി അധ്യാപികയെ കണ്ടു നമസ്‌കരിച്ചിരുന്നു. പിന്നീട് അവര്‍ വിവാഹിതയായി നാഗ്പൂരില്‍ വന്നു. പിന്നീടൊരിക്കല്‍ ആപ്‌ടെജി വീണാഹര്‍ദാസിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ രണ്ടും കല്‍പ്പിച്ച് അദ്ദേഹത്തോട് സഹോദരിയുടെ വിശേഷം ചോദിച്ചു. അപ്പോള്‍ സഹോദരിയെ എങ്ങനെ അറിയാം എന്ന ചോദ്യത്തിന് മറുപടിയായി അവര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിവരിച്ചു. പൊടുന്നനെ അതീവ ദുഃഖിതനായി കാണപ്പെട്ട ആപ്‌ടെജി അപ്പോഴായിരുന്നു സ്വന്തം അമ്മയ്ക്കും സഹോദരിക്കും ഉണ്ടായ ഇത്തരം അനുഭവങ്ങളെക്കുറിച്ച് അറിയുന്നത് എന്നു മനസ്സിലാക്കിയ വീണാ ഹര്‍ദാസ്, ആരുടേയും കരളലിയിപ്പിക്കുന്ന രീതിയിലാണ് ഈ സംഭവം പിന്നീട് വിവരിച്ചത്. ഈ സമയത്തൊന്നും ആപ്‌ടെജി ഒരിക്കല്‍പോലും വീട്ടില്‍ പോയിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അവര്‍ ഈ സംഭവത്തിനുശേഷം അദ്ദേഹത്തോടു തനിക്കുള്ള ആത്മീയബന്ധം വര്‍ദ്ധിച്ചുവെന്ന് കൂടി പറയുന്നു. പിന്നീട് രണ്ടു തവണ വീട്ടില്‍ പോയ സമയത്ത്, അതും സംഘപ്രവര്‍ത്തനത്തിലെ പ്രവാസത്തിനിടെ, സഹോദരിയും സഹോദരനും അദ്ദേഹത്തോട് വളരെ ദേഷ്യത്തോടെയാണ് പെരുമാറിയതെങ്കിലും അവരുടെ മുഴുവന്‍ ശകാരവും സഹിച്ച്, ഭക്ഷണവും കഴിച്ച്, കൂടെ ഉണ്ടായിരുന്ന സ്വയംസേവകനെയും ആശ്വസിപ്പിച്ച്, പുഞ്ചിരിച്ചു കൊണ്ടായിരുന്നു ആപ്‌ടെജി പടിയിറങ്ങി വന്നത്. ഇങ്ങനെ സംഘപഥത്തില്‍ സ്വയമെരിഞ്ഞു തീരുമ്പോള്‍ സമ്പൂര്‍ണ്ണമായ ആത്മവിസ്മൃതി എന്ന ആദര്‍ശതത്വത്തിന്റെ ആള്‍രൂപമായിരുന്നു ആപ്‌ടെജിയെന്ന പ്രചാരകന്‍.
പ്രചാരകത്വത്തിന്റെ പൂര്‍ണ്ണത മൂന്ന് മാനസികാവസ്ഥകളുടെ സമന്വയത്തിലാണ്. അതാണ് ആപ്‌ടെജിയുടെ ജീവിതസാരാംശം. ഒന്നാമതായി വിട്ടുപോരുക എന്ന അവസ്ഥ. അതായത് പ്രാദേശികവും കുലപരവും കുടുംബപരവുമായ സ്വത്വത്തെ വിട്ടുപോരുക എന്നത്. ഇതു ഭാരതത്തിനു സംഭാവന ചെയ്തത് സംഘമല്ല. സനാതനമായ വേദാന്തദര്‍ശനമാണത്. സന്യാസപരമ്പരയിലൂടെ നമുക്കത് ചിരപരിചിതവുമാണ്. വീടുവിട്ടു പോന്നിട്ട് ഹിമാലയത്തിന്റെ ഗുഹാന്തരങ്ങളില്‍ സ്വമോക്ഷത്തിനുവേണ്ടി മാത്രം തപസ്സിരിക്കാതെ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് കാലാന്തരത്തില്‍ സ്വാമിവിവേകാനന്ദന്‍ പറഞ്ഞു. ഈ ആഹ്വാനത്തിന്റെ പ്രായോഗികവല്‍ക്കരണമാണ് സംഘം സംഭാവന ചെയ്ത രണ്ടാമത്തെ അവസ്ഥ. സമൂഹത്തില്‍ അലിഞ്ഞു ചേരുക എന്നതാണത്. ഇതാണ് പ്രചാരകവൃത്തിയുടെ ആണിക്കല്ല്. ലൗകികജീവിതത്തില്‍ നിന്നും ഒട്ടലില്ലാതെ വിട്ടുപോരുകയെന്നതും പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കാതിരിക്കുക എന്നതും, ഒരര്‍ത്ഥത്തില്‍ എളുപ്പമാണ്. എന്നാല്‍ സ്വത്വത്തെ മറന്ന് മറ്റൊരിടത്ത് മറ്റൊരാളായി അലിഞ്ഞു ജീവിക്കുക എന്നത് ഇത്തിരി കഠിനമാണ്. വീട് വിടുന്നതോടെയോ മറക്കുന്നതോടെയോ ഒരാള്‍ പ്രചാരകനാവുന്നില്ല. പകരം സംഘവുമായി ഒട്ടി നില്‍ക്കുന്ന ആയിരക്കണക്കിന് വീടുകളില്‍ അലിഞ്ഞു ചേരുന്നതോടെയാണ് അയാള്‍ പ്രചാരകനാവുന്നത്. അതായത്, വീട് വിട്ടാല്‍ മാത്രം പോരാ കാര്യാലയത്തില്‍ അലിഞ്ഞു ചേരുക കൂടി വേണമെന്ന്. മൂന്നാമത്തെ അവസ്ഥ അത്യന്തം ശ്രമകരമാണ്. ഇപ്പറഞ്ഞ രണ്ടും ചെയ്താല്‍ പോരാ, പ്രചാരകനായി മരിക്കുകകൂടി വേണമെന്നുള്ള സ്വപ്‌നം മരണം വരെ പ്രചാരകനില്‍ ജീവിക്കണം. ഇത് മൂന്നും ചേരുന്നതാണ് ആദര്‍ശ പ്രചാരകപദ്ധതിയെന്ന് ആപ്‌ടെജിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സംഘത്തിനു വേണ്ടി ആദ്യമായി ജോലി രാജിവെച്ച് സ്വത്വം വിട്ടിറങ്ങി വന്നത് ആപ്‌ടെജിയായിരുന്നല്ലോ. വീടുമറന്ന് സമ്പൂര്‍ണ്ണമായി സംഘത്തില്‍ അലിഞ്ഞു ചേര്‍ന്ന ആദ്യസ്വയംസേവകനും അദ്ദേഹം തന്നെ. സംഘത്തിന്റെ പ്രചാരകന്‍ എന്ന നിലയില്‍ തന്നെ മരിക്കുവാനുള്ള ഭാഗ്യം ഉണ്ടാവണം എന്നത് കൊണ്ടാണ് ദാദാറാവു പരമാര്‍ത്ഥിനെ തിരിച്ചു കൊണ്ടുവന്നതെന്ന് പറഞ്ഞ് മൂന്നാമത്തെ ആശയവും വാക്കാല്‍ ആദ്യം സ്പഷ്ടമാക്കിയത് ആപ്‌ടെജി തന്നെ. ഇപ്രകാരം പ്രചാരകപദ്ധതിയുടെ തുടക്കക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല പ്രചാരക മനഃസ്ഥിതിയുടെ ആവിഷ്‌കാരം നിര്‍വ്വഹിച്ച വ്യക്തി എന്ന നിലയിലും ആപ്‌ടെജി പ്രഥമപ്രചാരകന്‍ എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്നു.
ഡോക്ടര്‍ജിയുടെ വ്യക്തിത്വമാണ് സംഘത്തിന്റെ സംഘടനാതത്വം. ഡോക്ടര്‍ജിയുടെ വ്യക്തിത്വമാവട്ടെ വര്‍ണ്ണനാതീതവും എന്നാല്‍ അനുകരണീയവുമാണ്. ഒട്ടേറെ ഗുണങ്ങളുടെയും തത്വങ്ങളുടെയും സഞ്ചയമാണ് ഡോക്ടര്‍ജി. അവയില്‍ നിന്നും പ്രചാരകത്വം എന്ന തത്വം സ്വാംശീകരിച്ച് സ്വന്തം ജീവിതത്തിലൂടെ സാക്ഷാത്കരിച്ച് സംഘത്തിനു സമര്‍പ്പിച്ച വ്യക്തിയാണ് ബാബാ സാഹേബ് ആപ്‌ടെ എന്ന ഉമാകാന്ത് കേശവ് ആപ്‌ടെ.
അവസാന കാലത്തെ പ്രവാസത്തിനിടയില്‍ 1972 ല്‍ കേരളത്തില്‍ വന്നു പാലക്കാട് സംഘശിക്ഷാവര്‍ഗ്ഗിലെ പൊതുപരിപാടിയില്‍ പ്രഭാഷണം നടത്തിയിരുന്നു. വിഖ്യാത സാമൂഹ്യ പരിഷ്‌കര്‍ത്താവും സാഹിത്യനായകനുമായ വി.ടി.ഭട്ടതിരിപ്പാടായിരുന്നു മുഖ്യാതിഥി. അങ്ങ് ആസാമിലേക്ക് യാത്ര ചെയ്യുന്നില്ലല്ലോ എന്ന പരാതിയുമായി അരികിലെത്തിയ അവിടുത്തെ പ്രവര്‍ത്തകര്‍ക്ക് മറുപടിയായി അടുത്ത ജന്മത്തില്‍ ഞാന്‍ ആസാമില്‍ പ്രചാരകനായി ജനിച്ചു ആസാമിന് വേണ്ടി പ്രവര്‍ത്തിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല. 1972 ജൂലായ് 29നു ആപ്‌ടെജി ഭൗതിക ലോകത്തോട് വിട പറഞ്ഞു. ഋഷിവര്യനായ ഗുരുജിയുടെ മനസ്സിനെ ഇളക്കിയ മൂന്നു മരണങ്ങളില്‍ അവസാനത്തേതായിരുന്നു ഇത്. ആദ്യത്തേത് ഭയ്യാജി ദാണിയുടെതും രണ്ടാമത്തേത് ദീനദയാല്‍ജിയുടേതുമായിരുന്നു. പരമാദരണീയ ആപ്‌ടേജിയുടെ മാസികശ്രാദ്ധമെന്നോണം ആഗസ്റ്റ് 29 ന് പൂജനീയ ഗുരുജി പേര്‍പെറ്റ വേദപണ്ഡിതനായ ആചാര്യ വിശ്വബന്ധുവിനെഴുതിയ കത്തില്‍ ആ ധന്യജീവിതത്തിന്റെ രത്‌നച്ചുരുക്കമുണ്ട്. അതിങ്ങനെയാണ്:- ”മാനനീയ ശ്രീ ബാബാസാഹേബ് ആപ്‌ടേജിയുടെ മരണം വളരെ വലിയൊരാഘാതമാണ്. ആരംഭകാലം മുതലേ അനവധിയാളുകളെ പ്രവര്‍ത്തനനിരതരാക്കിയതിനുപിന്നിലെ പ്രേരണയുടെ അഖണ്ഡസ്രോതസ്സ് അദ്ദേഹമായിരുന്നു. ശുദ്ധതപസ്വിയുടെ ജീവിതം നയിച്ച അദ്ദേഹം ആഴമേറിയ പഠനത്തിലൂടെ ആര്‍ജിച്ച വിപുലമായ ജ്ഞാനസമ്പത്തിനാല്‍ എല്ലാവര്‍ക്കും മാര്‍ഗദര്‍ശനമേകി. അദ്ദേഹത്തിന്റെ ദേഹത്യാഗവും അലൗകികമായിരുന്നു എന്ന് പറയാം. ജൂലായ് 25 രാവിലെ പ്രാതഃസ്മരണയ്ക്ക് പതിവ് തെറ്റിച്ച് വരാതിരുന്നതിനാല്‍ വ്യാകുലതയോടെ അദ്ദേഹത്തിന്റെ മുറിയില്‍ പോയി നോക്കിയപ്പോള്‍ നിശ്ചേതനനായി കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചു. സമര്‍ത്ഥരായ ഡോക്ടര്‍മാര്‍ തങ്ങളുടെ ബുദ്ധിയും പരിശ്രമവും അങ്ങേയറ്റം ഉപയോഗിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. വളരെ മന്ദഗതിയില്‍ ശ്വാസമുണ്ടായിരുന്നു. മുഖമണ്ഡലവും ശരീരകാന്തിയും തേജസ്സുറ്റതായിരുന്നുവെന്ന് പറയുന്നത് അതിശയോക്തിയാവില്ല. സ്വേച്ഛയാ തന്റെ ജീവിതദീപം അദ്ദേഹം മഹാജ്യോതിയില്‍ ലയിപ്പിച്ചതായാണ് തോന്നുന്നത്. ജൂലായ് 29 രാത്രിയുടെ ആദ്യയാമത്തില്‍ മന്ദഗതിയിലുണ്ടായിരുന്ന ശ്വാസവും നിലച്ചു. പരിശ്രമശാലികളും ധ്യേയനിഷ്ഠരും കാര്യനിരതരും സര്‍വ്വസ്വാര്‍പ്പണം ചെയ്ത് മനസ്സാ വാചാ കര്‍മ്മണാ ലക്ഷ്യസാധനയില്‍ മുഴുകുന്നവരുമായ ഇത്തരം തപസ്വികള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ.”
അവസാനിച്ചു