”മന്നില്‍ വിണ്ണിലെവിടെ നിന്നൂറി
വന്നിടുന്നതാണീ വേണുഗാനം
മന്ദമങ്ങിങ്ങു വീര്‍പ്പിട്ടുലാത്തും
തെന്നലിന്‍ മുഗ്ദ്ധ ഹൃത്തില്‍
നിന്നാമോ?
അദ്രിശൃംഗത്തിലെത്തിയലയു
മഭ്രഖണ്ഡ ശതത്തില്‍ നിന്നോ?
കര്‍മപുഷ്പിതമായിടുമേതോ
നര്‍മസങ്കേതസൂചനയോടെ
പൊന്നുഷസ്സിന്റെ നാട്ടില്‍ നിന്നൂറി
വന്നിടുന്നുവോ വര്‍ണ ഗംഗേ നീ”
‘യവനിക’യില്‍ ശേഖരകവിയെക്കുറിച്ചു പറയുമ്പോള്‍ ചങ്ങമ്പുഴ തന്റെ കാവ്യ സങ്കല്പം അവതരിപ്പിക്കുകയാണ് ഈ വരികളില്‍. എവിടെ നിന്നെന്ന് കവിയ്ക്കുതന്നെ അറിയാത്ത മഹാവിസ്മയമാണ് കവിത. അവിടെ കവി ”അദ്വൈതാമലഭാവ സ്പന്ദിതവിദ്യുന്മേഖല പൂകു”കയാണ്. ഇതൊക്കെ പഴങ്കഥ. ഇന്നു കവിത പദസംഗീതത്തോടു ചേര്‍ന്നു നൃത്തം ചെയ്യുന്നില്ല. എന്തിന് സംഗീതാത്മകതയേയില്ല. വരണ്ട ഗദ്യത്തിലാണ് കവിത മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഗദ്യത്തിലായാലും അതിനൊരു ആന്തരികതാളം ഉണ്ട്. സച്ചിദാനന്ദന്റെ ഗദ്യ കവനങ്ങളില്‍ ആ ആന്തരികതാളം നമുക്ക് അനുഭവപ്പെടാറുണ്ട്. പക്ഷെ രാജ്യവിരുദ്ധമായ അദ്ദേഹത്തിന്റെ നിലപാടുകളോടു യോജിക്കാനേ വയ്യ. പലപ്പോഴും മനുഷ്യത്വവിരുദ്ധവുമാണ് അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍. എന്നാല്‍ കവിത്വത്തിന്റെ കാര്യത്തില്‍ സച്ചിദാനന്ദനോടു നമുക്ക് വിപ്രതിപത്തി പറ്റില്ല. കാരണം അദ്ദേഹം നല്ല കവിയാണ്. കവിതയുടെ ആത്മാവ് കണ്ടെത്തിയ എഴുത്തുകാരനുമാണ്. പക്ഷെ ഇങ്ങനെ സത്യവിരുദ്ധമായി എഴുതാന്‍, മനസ്സാക്ഷിയെ കുഴിച്ചു മൂടാന്‍ ഒരു കവിയ്‌ക്കെങ്ങനെ കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
മാതൃഭൂമി (മാര്‍ച്ച് 18-24) ലക്കത്തില്‍ സച്ചിദാനന്ദന്റെ ”പച്ച ഇല ഒരു സെല്‍ഫ് ക്വാറന്റീന്‍ ഡയറി” എന്ന കവിത വായിച്ചപ്പോഴാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. സച്ചിദാനന്ദന്‍ സ്വയം നവീകരിക്കുന്ന കവിയാണ്. ആധുനികതയുടെ കാലത്ത് ആധുനികനായും ഉത്തരാധുനികതയുടെ ദശയില്‍ ഉത്തരാധുനികനായും മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ നിലപാടുകളിലും ചില മലക്കം മറിച്ചിലിന് അദ്ദേഹം മിടുക്കനാണ്. ഈ കവിതയിലും ഒളിപ്പിച്ചുവച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയതയുണ്ട്.
”ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കുപോലും നല്‍കാന്‍
പൂക്കളോ വാക്കുകളോയില്ല”
കേരളത്തില്‍ മനുഷ്യത്വം എന്നത് ചിലര്‍ക്കും ചിലതിനോടും മാത്രമായി ‘കണ്ടീഷന്‍’ ചെയ്തതാണ്. ഗാസയിലെന്നല്ല എവിടെയും കൊല്ലപ്പെടുന്ന നിരപരാധികളോട് ഒരു കവി ഐക്യപ്പെടണം. എന്നാല്‍ അതു കപടമാകരുത്. ഭൂരിപക്ഷത്തോടു മാത്രം സഹതാപം പ്രകടിപ്പിക്കുന്ന കൈക്കരുത്തിനോടു ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യത്വം കപടമാണ്. സച്ചിദാനന്ദന്റെ മനുഷ്യത്വം പൂര്‍ണ്ണമായും കപടമാണ്. ഗാസയിലെ മരണങ്ങളില്‍ നമ്മള്‍ സഹതപിക്കണം. എന്നാല്‍ ജൂതന്മാര്‍ക്ക് ഒരിക്കലും സ്വസ്ഥത കൊടുക്കാത്ത അവിടുത്തെ തീവ്രവാദി സംഘങ്ങളോടു സത്യസന്ധനായ ഒരു കവിക്കു സാഹോദര്യം പ്രഖ്യാപിക്കാനാവുമോ? ഇപ്പോള്‍ പാലസ്തീനില്‍ ജൂതരേക്കാള്‍ അക്രമങ്ങള്‍ക്കു മുന്‍കൈയെടുക്കുന്നത് പാലസ്തീന്‍ തീവ്രവാദി ഗ്രൂപ്പുകളാണ്. അവരോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് തീവ്രവാദത്തിനു പച്ചക്കൊടി കാണിക്കലാണ്. കാരണം എന്തുതന്നെയായാലും അക്രമത്തിന്റെ മാര്‍ഗം അപലപനീയമാണ്. അതിനെ അപലപിക്കാന്‍ കഴിയാത്തയാള്‍ എത്ര വലിയ കവിയാണെങ്കിലും മനുഷ്യസ്‌നേഹിയല്ല.
മാതൃഭൂമിയില്‍ എസ്.ഗോപാലകൃഷ്ണന്റെ ‘മെയില്‍ബോക്‌സ് ക്ലിയര്‍ ചെയ്യുമ്പോള്‍’ എന്നൊരു കവിതയുണ്ട്. തീര്‍ച്ചയായും നല്ല കവിതയാണ്. ”അപ്പൂപ്പന്‍ മരിക്കും മുന്നേ പെട്ടി തുറക്കുന്നു. ഉടുക്കാന്‍ മറന്ന ഓണക്കോടികള്‍ എണ്ണാന്‍” മനോഹരമായ നിരീക്ഷണം. ”ഉണര്‍ച്ച സ്വപ്‌നത്തെ മറന്നുകളയുന്നു ഉണരാന്‍” എന്നതും മനസ്സിന്റെ അഗാധസഞ്ചാരങ്ങളുടെ സൂചനതന്നെ. കവി അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷെ കുറെ നിരീക്ഷണങ്ങള്‍ മാത്രം പോര. കവിതയ്ക്ക് ഏകാഗ്രത വേണം. കവിത തീരെ ചെറിയ ഒരു ഖണ്ഡമല്ലേ; പത്തോ ഇരുപതോ വരിമാത്രം. അതില്‍ത്തന്നെ ഏകാഗ്രത നഷ്ടപ്പെട്ടാല്‍ പിന്നെ മഹാകാവ്യങ്ങളുടേയും നോവലുകളുടേയും സ്ഥിതി എന്താവും. കവിത ഒരു കേന്ദ്രാശയത്തിലേയ്ക്ക് വികസിക്കണം. എന്നാലേ ആവര്‍ത്തിച്ചുള്ള പാരായണം അതിനു ലഭിക്കുകയുള്ളു. വീണ്ടും വായിക്കാന്‍ ഒരാള്‍ക്കുതോന്നുന്നില്ലെങ്കില്‍ അതു നല്ല കവിതയല്ല. ഇടശ്ശേരിയും ആശാനും വൈലോപ്പിള്ളിയും നമ്മെ വീണ്ടും വീണ്ടും വായിപ്പിക്കുന്നു. അതുകൊണ്ടാണ് അവരെ നമ്മള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്; അവരുടെ കൃതികള്‍ മഹത്തായ കവിത ആകുന്നതും.
ഏകാഗ്രതയെകുറിച്ചു പറഞ്ഞപ്പോഴാണ് മാതൃഭൂമിയിലെ മേതിലിന്റെ കോളത്തെക്കുറിച്ചു ഓര്‍ക്കുന്നത്. ഇത്തവണയും മേതില്‍ നമ്മളെ ഞെട്ടിക്കുന്നു. വലുതായി ചിലത് മേതിലിനു പറയാനുണ്ട്. എന്നാല്‍ അതൊക്കെ ഒരടുക്കും ചിട്ടയും ഇല്ലാതെ ചില പാശ്ചാത്യ എഴുത്തുകാരുടെ പേരുകള്‍ കാണിച്ച് നമ്മെ ഭയപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത് ”A little simplification would be the first step toward the rational living” എന്ന് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പറയുന്ന ആളിനു പറയുന്ന കാര്യത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടെങ്കില്‍ അതു വ്യക്തമായും ലളിതമായും പറയാന്‍ കഴിയും. പാശ്ചാത്യ എഴുത്തുകാരുടെ പേരുകള്‍ വെറുതെ ഉദ്ധരിച്ചു വലിയ നിരൂപകര്‍ എന്നൊക്കെ പേരെടുത്ത ചിലര്‍ കേരളത്തിലുണ്ട്. പാശ്ചാത്യകൃതികളില്‍ പരിചയവും അവയൊക്കെ അപഗ്രഥിക്കുന്നതും ഒക്കെ നല്ല കാര്യം തന്നെ. പക്ഷെ അതുപയോഗിച്ച് മലയാളികളെ പറ്റിക്കരുത്. മലയാളത്തില്‍ വലിയ ആദരവ് പിടിച്ചുപറ്റിയ ഒരു നിരൂപകന്‍ പാശ്ചാത്യകൃതികളുടെ ചുരുക്കെഴുത്തുകള്‍ ഉള്‍ക്കൊള്ളുന്ന ചില പുസ്തകങ്ങള്‍ വായിച്ച് അതു പകര്‍ത്തിയെഴുതിയത് അദ്ദേഹത്തിന്റെ നിരൂപണങ്ങളിലൂടെ കടന്നുപോയപ്പോള്‍ എനിക്കു മനസ്സിലായി. അദ്ദേഹം ഐസ്‌ലാന്റിലെയും ഡെന്മാര്‍ക്കിലെയും ഒക്കെ അപ്രസക്തരായ എഴുത്തുകാരുടെ കൃതികളുടെ ചുരുക്കെഴുത്തുകള്‍ വഴി മലയാളികളെ പറ്റിക്കുകയായിരുന്നു.
മേതില്‍ നമ്മുടെ ഈ കാലത്തെ കടന്നുനില്‍ക്കുന്ന പല കാര്യങ്ങളും തന്റെ കോളത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷെ അതൊന്നും വായനക്കാരെ സ്വാധീനിക്കുമെന്നു തോന്നുന്നില്ല. സ്വാധീനിക്കാത്തതിനുകാരണം അദ്ദേഹത്തിന് അതൊന്നും വ്യക്തതയോടെ എഴുതാന്‍ കഴിയുന്നില്ല എന്നതാണ്. മേതിലിന്റെ കവിത പോലെ സര്‍റിയലിസ്റ്റിക്കാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും. ഇങ്ങനെയും എഴുതുന്ന ഒരാള്‍ വേണമല്ലോ. എം.പി.നാരായണ പിളളയുടെ കഥ വായിക്കുംപോലെയാണ് മേതിലിന്റെ ലേഖനം വായിക്കുമ്പോള്‍. നാരായണപിള്ളയുടെ ലേഖനങ്ങള്‍ പക്ഷെ നല്ല തെളിമയും പാരായണക്ഷമതയും ഉള്ളവയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു സാഹിത്യ മാസികയാണ് ‘കലാപൂര്‍ണ’. കഴിഞ്ഞ ഒരു ലക്കത്തില്‍ സൂചിപ്പിച്ച പോലെ ചെറുകിട പ്രസിദ്ധീകരണങ്ങള്‍ സാഹിത്യത്തോടു കൂടുതല്‍ പ്രതിജ്ഞാബദ്ധതയുള്ളവരാണ്. ഡോക്ടര്‍ ജെ.ആര്‍. പ്രസാദ് പത്രാധിപരായിട്ടുള്ള ‘കലാപൂര്‍ണ’ മെച്ചപ്പെട്ട രചനകള്‍ ധാരാളമായി ഉള്‍പ്പെടുത്തിക്കാണാറുണ്ട്. ജൂണ്‍ ലക്കവും അതില്‍ നിന്നു വ്യത്യസ്തമല്ല. ഈ ലക്കത്തില്‍ മാടമ്പിനെക്കുറിച്ച് ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടിയും വി.കെ.കെ.രമേഷും ടി.കെ. ശങ്കരനാരായണനും എഴുതുന്ന അനുഭവങ്ങളുണ്ട്; വൈക്കം ചന്ദ്രശേഖന്‍ നായരുടെ ഒരു കഥയെകുറിച്ചുള്ള ഒരു പഠനവും. മാടമ്പ് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാതെ പോയ മലയാളത്തിന്റെ വലിയ എഴുത്തുകാരില്‍ ഒരാളാണ്. ധീരമായ നിലപാടുകള്‍ കാരണം അദ്ദേഹം പലയിടത്തുനിന്നും ഒഴിവാക്കപ്പെട്ടു. ‘മാടമ്പനുഭവങ്ങള്‍’ എഴുതിയവര്‍ ആരും അദ്ദേഹത്തിന്റെ കൃതികളില്‍ വലിയ വായനാനുഭവങ്ങള്‍ ഉള്ളവരാണെന്നു തോന്നിയില്ല. എല്ലാവരും അദ്ദേഹത്തിന്റെ വ്യക്തിത്വ സവിശേഷതകളില്‍ മാത്രം ഊന്നുകയാണ്. അശ്വത്ഥാമാവും ഭ്രഷ്ടും സിനിമകളായതിനാല്‍ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കൃതി ഭാരതീയ പൈതൃകത്തെക്കുറിച്ചു പറയുന്ന ‘മഹാപ്രസ്ഥാന’മാണ്. അതൊന്നും എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
വൈക്കം ചന്ദ്രശേഖരന്‍നായര്‍ ജീവിച്ചിരുന്ന കാലത്ത് ധാരാളം കൊണ്ടാടപ്പെട്ട എഴുത്തുകാരനായിരുന്നെങ്കിലും മരണശേഷം ഏതാണ്ട് വിസ്മൃതിയിലേക്ക് തള്ളപ്പെട്ട നിലയിലാണ്. ഭാരതീയ പൈതൃകത്തെക്കുറിച്ച് ആഴത്തില്‍ ധാരണയുള്ള എഴുത്തുകാരനായിരുന്നു വൈക്കം. അദ്ദേഹത്തിന്റെ ഗോത്രദാഹം പോലുള്ള കൃതികള്‍ മലയാള സാഹിത്യത്തിനു കനപ്പെട്ട സംഭാവനകളാണ്. അക്കാലത്ത് ചന്ദ്രശേഖരന്‍ നായര്‍ നടത്തിയ പ്രഭാഷണങ്ങളും ചില സാഹിത്യക്ലാസുകളും ഒക്കെ ഇപ്പോള്‍ ഓര്‍മയില്‍ തെളിയുന്നു. ക്ലാസുകളില്‍ പലപ്പോഴും ഭാരതീയ പൈതൃകത്തെയാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഇടതുപക്ഷ അനുഭാവി ആയിരുന്നെങ്കിലും ദേശീയതയെ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. വൈക്കം പത്മനാഭപിള്ളയുടെ ജീവിതത്തെ ആധാരമാക്കി അക്കാലത്ത് അദ്ദേഹം ഒരു നാടകം രചിച്ചതായി കേട്ടിട്ടുണ്ട്. അതുതന്നെ വൈക്കത്തിന്റെ നിലപാടു വ്യക്തമാക്കുന്നതാണ്. വൈക്കം വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചതായും സിസ്റ്റര്‍ നിവേദിത അവിടെയെത്തിയതായും സങ്കല്പിച്ചു എഴുതിയ കഥയാണ് ‘സിസ്റ്റര്‍ നിവേദിതയുടെ കൂടെ’. ആ കഥയെക്കുറിച്ചാണ് പ്രമുഖ നിരൂപകനായ കെ.പി. ശങ്കരന്‍ ‘കലാപൂര്‍ണ’യില്‍ എഴുതിയിരിക്കുന്നത്.
മലയാളത്തില്‍ ഇതുപോലെ എത്രയോ രത്‌നങ്ങള്‍ തേച്ചുമിനുക്കിയെടുക്കാനുള്ളപ്പോള്‍ നമ്മുടെ നിരൂപകര്‍ എന്തിനാണ് പാശ്ചാത്യകൃതികളുടെ രത്‌നച്ചുരുക്കം എഴുതി വായനക്കാരുടെ ഹൃദയങ്ങളെ വിഭ്രമിപ്പിക്കുന്നത്. ഇനിയും പഠിക്കപ്പെടാതെ പതിനായിരക്കണക്കിനു കൃതികള്‍ മലയാളത്തിലുണ്ട്. “Familiarity breeds contempt” എന്ന ചൊല്ലു പോലെ നമ്മുടെ സംസ്‌കൃതിയോടുള്ള പുച്ഛം സൂക്ഷ്മമായി പഠിച്ചാല്‍ മാറും. ഇവിടെ ഒന്നുമില്ലെന്നുള്ള മുന്‍വിധി ഈ പരിചിതത്വത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. കെ.പി.ശങ്കരന്‍ നമ്മുടെ മുന്‍പില്‍ വഴികാട്ടിയായി നില്‍ക്കുന്നു.