ന്യൂദല്‍ഹി: അയോധ്യയെ ലോകോത്തര തീര്‍ത്ഥാടന കേന്ദ്രവും ആഗോള വിനോദസഞ്ചാര ഹബ്ബും ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. അയോധ്യാ വികസന പദ്ധതിയുടെ പുരോഗതി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിവരിച്ചു. ഇതിന്റെ വീഡിയോയും അവതരിപ്പിച്ചു. അയോധ്യയെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ വേണ്ട റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കൈക്കൊള്ളുന്ന നടപടികളും അവര്‍ മോദിയെ ധരിപ്പിച്ചു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് വികസനം, ബസ് സ്റ്റേഷനുകളുടെ നിര്‍മ്മാണം, റോഡുകള്‍, ദേശീയപാതകള്‍ തുടങ്ങിയ പദ്ധതികള്‍ അവര്‍ വിവരിച്ചു. ആശ്രമങ്ങള്‍, മഠങ്ങള്‍, ഹോട്ടലുകള്‍, വിവിധ സംസ്ഥാനങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവയടക്കം ഉളള ഹരിത നഗരമാണ് പദ്ധതി. ലോക നിലവാരത്തിലുള്ള മ്യൂസിയം, വിനോദസഞ്ചാരികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനുള്ള കേന്ദ്രം എന്നിവയും ഇവിടെയുണ്ടാകും.
സരയു നദിയും അതിലെ സ്നാന ഘട്ടങ്ങളും വികസിപ്പിക്കും. സരയുവില്‍ വിനോദസഞ്ചാരബോട്ടുകളും ഇറക്കും. കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും യാത്രയ്ക്ക് സൗകര്യമുണ്ടാകും. സ്മാര്‍ട്ട് സിറ്റിയാകും ഉയരുക. ഓരോ ഇന്ത്യക്കാരന്റെയും സാംസ്കാരിക മനഃസാക്ഷിയില്‍ കുടികൊള്ളുന്ന സ്ഥലമാണ് അയോധ്യയെന്ന് മോദി ചൂണ്ടിക്കാട്ടി. അവിടം ആത്മീയമാണ്. ഭഗവാന് ശ്രീരാമചന്ദ്രന് എങ്ങനെയാണോ ജനങ്ങളെ ഒന്നിപ്പിച്ചത് അതുപോലെ അയോധ്യയിലെ വികസന പ്രവര്‍ത്തനങ്ങളിലും ആരോഗ്യകരമായ പങ്കാളിത്തം ഉറപ്പാക്കും. അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ്മ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.