കേരളത്തിലെ സ്ത്രീകളോടുള്ള സമീപനത്തിലും നിലപാടിലും മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കുന്നു. സ്ത്രീകളോടുള്ള ഈ സമീപനത്തില്‍ മതമോ ജാതിയോ രാഷ്ട്രീയമോ സാമ്പത്തിക കാര്യങ്ങളോ പ്രസക്തമല്ല. എവിടെയാണോ സ്ത്രീകള്‍ പൂജിക്കപ്പെടുന്നത് അവിടെ ദേവതകള്‍ പ്രസാദിക്കുന്നു എന്നാണ് ഭാരതീയ ദര്‍ശനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഏത് പുരുഷന്റെയും നല്‍പാതിയും സ്വത്വവും ചേതനയും സ്ത്രീയാണെന്ന് ഭാരതീയര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഭാരതീയ പാരമ്പര്യത്തില്‍ സ്ത്രീ അബലയല്ല. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സംവരണാനുകൂല്യം ഇല്ലാതെ തന്നെ സ്ത്രീ തുല്യതയോടെ അല്ലെങ്കില്‍ അല്പം മുന്നില്‍ തന്നെ നിലനില്‍ക്കുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും നിഷേധിച്ചിരുന്ന രാജാധികാരം ഇല്ലാതിരുന്ന പാശ്ചാത്യ അധികാരക്രമങ്ങള്‍ ഭാരതത്തിന് എന്നും അന്യമായിരുന്നു. ഇവിടെ രാജാധികാരവും പൗരോഹിത്യവും വേദവേദാന്തങ്ങളും എന്തിനേറെ സര്‍വ്വജ്ഞപീഠത്തിലേക്കുള്ള ആരോഹണത്തിന് പാണ്ഡിത്യം അളക്കുന്ന പരീക്ഷയ്ക്കു പോലും സ്ത്രീയായിരുന്നു നീതിപതി.
കേരളം നൂറുശതമാനം സാക്ഷരതയും ഏറ്റവും കൂടുതല്‍ സ്ത്രീസാക്ഷരതയും നേടിയ സംസ്ഥാനമാണ്. വിദ്യാഭ്യാസരംഗത്താകട്ടെ, സ്ത്രീകള്‍ നേടിയ പുരോഗതി ഉജ്ജ്വലമാണ്. സ്വാതന്ത്ര്യസമരത്തിലും സാമൂഹിക നവോത്ഥാന പ്രക്രിയയിലും സ്വാതന്ത്ര്യത്തിനുശേഷം കണ്ട അടിയന്തിരാവസ്ഥാ വിരുദ്ധ പോരാട്ടത്തിലുമൊക്കെ കേരളത്തിന്റെ സ്ത്രീസാന്നിധ്യം ശക്തമായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് എ.വി. കുട്ടിമാളു അമ്മയെ പോലുള്ളവര്‍ കൈക്കുഞ്ഞുമായി ജയിലില്‍ പോയി. അടിയന്തരാവസ്ഥക്കാലത്ത് രാധാ ബാലകൃഷ്ണനെപോലുള്ള ജനസംഘം നേതാക്കള്‍ അതേ ദീപശിഖ ഏറ്റുവാങ്ങി സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ നിരവധി സ്ത്രീകള്‍ സമരത്തിന്റെ തീജ്വാലയിലേക്ക് സ്വന്തം ജീവിതം സമര്‍പ്പിച്ച് ആഴ്ന്നിറങ്ങിയ കേരളത്തിന്റെ ചരിത്രം ശ്രദ്ധേയമായിരുന്നു. പുലപ്പേടിയും മണ്ണാപ്പേടിയും അടക്കമുള്ള അനാചാരങ്ങള്‍ അമര്‍ച്ച ചെയ്ത് മനുഷ്യനെ മനുഷ്യനായി കാണാന്‍ തിരുവിതാംകൂര്‍ രാജവംശവും അവിടത്തെ റാണിമാരും ഭരണകാലത്ത് പരിഷ്‌ക്കരണത്തിന്റെ പടവാളായി. പക്ഷേ, നമ്മുടെ ഈ പാരമ്പര്യത്തിന് എന്തുപറ്റി?
കേരളത്തിലെ വിദ്യാസമ്പന്നരായ പെണ്‍കുഞ്ഞുങ്ങള്‍ പോലും ഇന്ന് സ്ത്രീധനപീഡനത്തിനും വിവാഹത്തിന്റെ പേരിലുള്ള ചതിക്കും വഞ്ചനകള്‍ക്കും ഇരയാകുന്നു. പഠിച്ചിട്ടും ഒന്നും പഠിക്കാതെ പോവുകയാണോ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍? കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ പോരുവഴി ശാസ്താംനട ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിന്റെ ഭാര്യ വിസ്മയ വി നായരുടെ മരണമാണ് ഈ ചിന്തകള്‍ക്ക് കാരണം. പന്തളത്തെ ആയുര്‍വേദ കോളേജില്‍ ഡോക്ടറാകാന്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിന് കല്യാണം കഴിച്ചു കൊടുത്തപ്പോള്‍ 100 പവന്‍ സ്വര്‍ണ്ണവും ഒന്നര ഏക്കര്‍ സ്ഥലവും 12.5 ലക്ഷം രൂപയുടെ കാറുമാണ് സ്ത്രീധനമായി കൊടുത്തത്. വിവാഹസമ്മാനമായി നല്‍കിയ കാര്‍ മോശമാണ് എന്നുപറഞ്ഞ് കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവും വീട്ടുകാരും ഉപദ്രവം തുടങ്ങി എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. 2020 മെയ് 31 ന് ആയിരുന്നു വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം ഉപദ്രവി ച്ചിരുന്നതായി പെണ്‍കുട്ടി വീട്ടുകാര്‍ക്ക് അയച്ചിരുന്ന വാട്‌സാപ് സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉള്ള ചിത്രങ്ങളും സഹോദരന് അയച്ചുകൊടുത്തിരുന്നു. നിരന്തര മര്‍ദ്ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവും വീട്ടുകാരും പറയുന്നത്. വിസ്മയ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കളും സഹോദരനും സഹപാഠികളും ഒരേപോലെ പറയുന്നു. അവര്‍ പറയുന്നത് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വിസ്മയയെ കൊലപ്പെടുത്തി എന്നാണ്. ശരിയാവാം, തെറ്റാവാം. അന്വേഷണത്തില്‍ പോലീസ് അത് സ്ഥിരീകരിക്കട്ടെ.
പക്ഷേ, ആയുര്‍വേദ ഡോക്ടറായി ഈ നാടിന്റെ സമ്പത്തായി ആതുരസേവനത്തിന് ഇറങ്ങേണ്ട നന്നായി പഠിക്കുന്ന, യുവത്വത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ഒരു വാനമ്പാടിയെ പോലെ പറന്നുയരാന്‍ ആഗ്രഹിച്ച ആ കുഞ്ഞിന്റെ ചിറകരിഞ്ഞത് കേരളത്തിന്റെ സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കണ്ടേ? യൂണിഫോമിട്ട സംസ്ഥാന സര്‍വ്വീസില്‍ പെട്ട ഒരു ഉദ്യോഗസ്ഥന്‍ സ്ത്രീധനം കിട്ടിയ കാറിന്റെ പേരില്‍ അഗ്നിസാക്ഷിയായി വിവാഹം കഴിച്ച് കൊണ്ടുവന്ന പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തിയെങ്കില്‍ അത് കേരളത്തിന്റെ മനസ്സാക്ഷിയുടെ മാത്രം പ്രശ്‌നമല്ല, നമ്മുടെ വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും കാഴ്ചപ്പാടുകളിലും വൈകല്യമോ വൈകൃതമോ സംഭവിച്ചിരിക്കുന്നു. ഇത്രയേറെ സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും നടന്നിട്ടും സ്ത്രീധനം നല്‍കി മക്കളെ കെട്ടിക്കാന്‍ നില്‍ക്കുന്ന ഓരോ മലയാളിയുടെയും മുന്നില്‍ വിസ്മയ തൂങ്ങിയ കുടുക്കിട്ട കയര്‍ ചോദ്യചിഹ്നം പോലെ ഉണ്ടാകണം. സ്വന്തം ജീവിതം നല്‍കാന്‍ അഗ്നിസാക്ഷിയായി വരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ പിഴിഞ്ഞുണ്ടാക്കുന്ന പണം കൊണ്ടു വേണം കാറും ആര്‍ഭാടവും വീടും ഒക്കെ ഒരുക്കാനെങ്കില്‍ അത്തരം യുവാക്കള്‍ മറ്റെന്തെങ്കിലും പണിക്ക് പോകുന്നതാണ് നല്ലത്. കേരളത്തിന്റെ പൊതു ചിന്തയിലും മനസ്സാക്ഷിയിലും ഈ പരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ 100 ശതമാനം സാക്ഷരതയും ഉന്നതമായ വിദ്യാഭ്യാസ പാരമ്പര്യവും സാമൂഹ്യനീതിയും ഒക്കെ തവിടു കോരാന്‍ പോലും പ്രയോജനമില്ലാത്തതാണ് എന്ന് തിരിച്ചറിയണം.
സ്ത്രീധനത്തിന്റെ പ്രശ്‌നം ജാതിക്കും മതത്തിനും അതീതമായി മുഴുവന്‍ കേരളീയരെയും ഗ്രസിച്ചിരിക്കുന്നു. ഹിന്ദുവിലും ക്രിസ്ത്യാനിയിലും മുസ്ലീമിലും ഇതിന്റെ അസ്‌കിതയുണ്ട്. ചികിത്സ അനിവാര്യമാണ്. കുടുംബ കോടതികളില്‍ കുന്നുകൂടുന്ന കേസുകളും ഇതിന്റെ സൂചനയാണ്. ഇതു കൂടാതെ സംസ്ഥാനത്തുടനീളം ഒരു സമുദായത്തില്‍ മാത്രമുള്ള മറ്റൊരു പ്രശ്‌നം മുത്തലാഖിന്റേതാണ്. കെട്ടിയ പെണ്ണിനെ കുട്ടികള്‍ ആയശേഷം ചെലവിന് കൊടുക്കാതെ പോസ്റ്റ്കാര്‍ഡിലോ വാട്‌സാപ് സന്ദേശത്തിലോ മുത്തലാഖ് ചൊല്ലി തെരുവാധാരമാക്കുന്ന സമ്പ്രദായം ഏത് മതത്തിന്റെ പേരിലായാലും ശരീഅത്തിന്റെ പേരിലായാലും കാടത്തമാണ്. സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് പെണ്‍വാണിഭത്തിന് വന്ന ഇത്തരം സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം ഈ സമുദായത്തിലെ പരിഷ്‌ക്കരണവാദികളെങ്കിലും ആലോചിക്കേണ്ടതാണ്. സമാധാനവും സ്വാതന്ത്ര്യവും പറയുമ്പോഴും ഇത്തരം സ്ത്രീകളുടെ മനുഷ്യാവകാശത്തെ കുറിച്ച് എന്തുകൊണ്ട് കേരള സമൂഹം നിശ്ശബ്ദമാകുന്നു? പര്‍ദ്ദയ്ക്കുള്ളില്‍ ഒളിപ്പിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ വോട്ടുബാങ്കിന്റെ പേരില്‍ സംഘടിത സമുദായശക്തിയുടെ പേരില്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഒരുതരം കീഴടങ്ങലോ അടിമത്തമോ ആണ്. 50 കോടി ചെലവില്‍ വനിതാ വിമോചനത്തിന് മതില്‍ കെട്ടുന്നവര്‍ ഈ പാവങ്ങളുടെ കണ്ണുനീര്‍ കാണണ്ടേ?
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 66 സ്ത്രീധനപീഡന മരണങ്ങളാണ്. ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ച കേസുകള്‍ 15,143 ആണ്. 2020 ല്‍ 2715 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈവര്‍ഷം മാത്രം ഇതുവരെ 1080 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സ്ത്രീധന പീഡനവും മരണവും ഇന്ന് വാര്‍ത്തയല്ലാതാകുന്നു. പണ്ട് വിധവാ വിവാഹത്തിന് അനുകൂലമായി, ഘോഷാ സമ്പ്രദായത്തിന് എതിരെ മറക്കുടയ്ക്കുള്ളിലെ നരകവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും ഒക്കെ എഴുതി സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ആ മലയാളികള്‍ ഇന്ന് എവിടെ? അവര്‍ അന്യം നിന്നോ? സ്ത്രീധനപീഡന കേസില്‍ പ്രതിയായി ഭാര്യ പത്രസമ്മേളനം നടത്തിയ സംഭവത്തിലെ നേതാവ് എം എല്‍ എയായി ജയിച്ചുവന്നു. മറ്റൊരു കേസിലെ പ്രതിയായിരുന്നയാള്‍ രണ്ടാംവിവാഹത്തിലൂടെ അധികാരവും പദവിയും ഒക്കെയായി വിരാജിക്കുന്നു. സ്ത്രീധനത്തിന് എതിരെ, വാങ്ങില്ലെന്നും കൊടുക്കില്ലെന്നും സ്ത്രീധനം കൊടുത്ത് കെട്ടില്ലെന്നും ഉറപ്പു പറയാന്‍ പറ്റുന്ന ഒരു യുവസമൂഹം എന്തുകൊണ്ട് കേരളത്തില്‍ ഉണ്ടാകുന്നില്ല? മതില്‍ കെട്ടേണ്ടത് ഈ സമീപനത്തിന് എതിരെയാണ്. ഈ മനോഭാവത്തിന് എതിരെയാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സരിതയെ സാക്ഷിയാക്കി ആണയിട്ടവരാണ് ഇടതുപക്ഷം. ആ സര്‍ക്കാരിന്റെ കാല്‍ക്കീഴിലാണ് ഇത്തരം സംഭവങ്ങള്‍. നാലു പെണ്‍കുഞ്ഞുങ്ങള്‍ മരിച്ചുവീണ ചൊവ്വാഴ്ച ‘അപരാജിത ഓണ്‍ലൈന്‍’ എന്ന പോര്‍ട്ടലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തി. അതോടൊപ്പം ഗാര്‍ഹികപീഡന പരിഹാര കേന്ദ്രവും പ്രഖ്യാപിച്ചു. നല്ലത്. പഴയ ഭീകരവിരുദ്ധ സ്‌ക്വാഡും സെല്ലും ഒക്കെ എവിടെയാണെന്ന് ഇന്ന് അറിയില്ല. മതില്‍ കെട്ടാന്‍ ഉപയോഗിച്ച 50 കോടി ഉണ്ടായിരുന്നെങ്കില്‍ എല്ലാ ജില്ലയിലും സാമൂഹിക സന്നദ്ധസംഘടനകള്‍ വഴിയെങ്കിലും നിരവധി പെണ്‍കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ഭരിക്കുന്നവരെ മാത്രമല്ല, പ്രതിപക്ഷത്തുള്ളവരെയും സാമൂഹ്യശാസ്ത്രജ്ഞരെയും സന്നദ്ധപ്രവര്‍ത്തകരെയും ഒക്കെ ഉള്‍പ്പെടുത്തി ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മൊത്തം കേരളത്തെയും ഒന്നിച്ച് നിര്‍ത്താനുള്ള ഇച്ഛാശക്തി ഇനിയെങ്കിലും പിണറായിക്ക് ഉണ്ടാകുമോ? നഴ്‌സറി സ്‌കൂളിലെ കുഞ്ഞുങ്ങളെ പോലെ ബ്രണ്ണന്‍ കോളേജില്‍ മാന്തി, കത്തിയൂരി, പൊരിച്ച മത്തി കഴിച്ചു എന്നൊക്കെ പറയുന്ന പിണറായിയില്‍ നിന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ ഇതാണ് കേരളം പ്രതീക്ഷിക്കുന്നത്.