മൂന്നാമത്തെ പൂജനീയ സര്‍സംഘചാലകനായ ബാളാസാഹേബ് ദേവറസ്ജി ആ ചുമതല ഏറ്റെടുത്തപ്പോള്‍ നടത്തിയ ബൗദ്ധിക് സംഘത്തിന്റെ കര്‍മ്മശാസ്ത്രപരമായ കാഴ്ചപ്പാടില്‍ അതിപ്രധാനമാണ്. ആദ്യത്തെയും രണ്ടാമത്തെയും പൂജനീയ സര്‍സംഘചാലകന്മാര്‍ രണ്ടു മഹദ് വ്യക്തികളായിരുന്നു. ഞാനൊരു സാധാരണക്കാരനാണ്. എങ്കിലും ‘ദേവദുര്‍ലഭരായ’’സഹപ്രവര്‍ത്തകര്‍ കൂടെയുള്ളതുകൊണ്ട് ഈ ചുമതലാനിര്‍വഹണം എനിക്ക് എളുപ്പമായിരിക്കും. എന്നായിരുന്നു ബാളാസാഹേബിന്റെ പ്രഭാഷണത്തിന്റെ ചുരുക്കം. വലിയൊരു കര്‍ത്തവ്യനിര്‍വഹണത്തെ സംബന്ധിച്ച വളരെ വലിയൊരു തത്ത്വശാസ്ത്രത്തെ വളരെ ചെറിയ കാര്യമായി ദേവറസ്ജി അതിലളിതമായി അവതരിപ്പിക്കുന്നു. ഈ തത്ത്വം അന്നുതൊട്ടിന്നോളം സംഘജീവിതത്തില്‍ നമുക്ക് നേരിട്ട് കാണാനും അനുഭവിക്കാനും സാധിക്കുന്നുമുണ്ട്. ഡോക്ടര്‍ജിയുടെ കാലത്ത് അദ്ദേഹത്തെ നേരിട്ടു കണ്ടറിഞ്ഞവര്‍ മുന്നിലോ നീയുണ്ടെന്നാകില്‍ എന്തെനിക്കസാധ്യം എന്നു ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ക്രമേണ പടര്‍ന്നു പന്തലിച്ച് ഫലപുഷ്പാദികളണിഞ്ഞ സംഘവൃക്ഷത്തെ ഇന്നു കാണുന്നവര്‍, അതിന്റെ വിജയരഹസ്യമന്വേഷിച്ചെന്നു വരാം. ആ വിജയരഹസ്യത്തിന്റെ മന്ത്രതാക്കോലാണ് ദേവറസ്ജിയുടെ ഈ വാക്കുകളിലുള്ളത്. ‘ദേവദുര്‍ലഭരായ കാര്യകര്‍ത്തൃഗണമുണ്ടെങ്കില്‍ എന്തു നമുക്കസാധ്യം’ എന്ന തലത്തിലേക്ക് ഈ തത്ത്വം വളര്‍ന്നിരിക്കുന്നു.
ഈ മൂന്നു വാക്കുകളും വിശ്ലേഷണം ചെയ്ത് ചിന്തിച്ചതിനു ശേഷം വിഷയപ്രവേശം ചെയ്യാം. ദേവദുര്‍ലഭര്‍, കാര്യകര്‍തൃഗണം, കുടെയുണ്ടാവുക എന്നതാണ് ചെറിയ വാക്കുകള്‍. മൂന്നു വാചകങ്ങളും സ്വയം മനസ്സിലാക്കാവുന്ന തരത്തില്‍ ലളിതമാണ്. ഇതില്‍ ദേവദുര്‍ലഭര്‍ എന്നതാണ് അത്യന്തം സവിശേഷം. ഓരോ വിഷയത്തിലും സിദ്ധരാവുക, അതിന്റെ അധിപരാവുക, അതിന്റെ പൂജകരാല്‍ പൂജ്യനാവുക എന്നതാണ് ഓരോ ദേവന്റെയും കടമ. അഗ്നിക്ക് അതിന്റെയും വായുവിന് അതിന്റെയും അശ്വിനീദേവന്‍മാര്‍ക്ക് അവരുടെയും വ്യതിരിക്തതകളുണ്ട്. അപ്രകാരം സിദ്ധഹസ്തതയും ശുദ്ധഹൃദ്യതയുമുള്ള മഹാന്മാരായ മനുഷ്യരാണ് ദേവറസ്ജി പറഞ്ഞ ദേവദുര്‍ലഭര്‍. അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു ഗണം സംഘത്തിന് അന്നുമുണ്ടായിരുന്നു, ഇന്നുമുണ്ട്. ഇങ്ങനെയുള്ള ദേവദുര്‍ലഭരായ കാര്യകര്‍തൃഗണത്തില്‍ അഗ്രഗണ്യനായി ബാളാസാഹേബിന്റെ അനുജനും മരണം വരെ കൂടെയുണ്ടായിരുന്നു എന്നതാണ് വിധിയുടെ അനുഗ്രഹം. അതിനുശേഷം അനേകം ദേവദുര്‍ലഭരെ സംഘത്തിനകത്ത് തയ്യാറാക്കി സുലഭമാക്കി എന്നതാണ് ഭാവുറാവു ദേവറസ്ജിയുടെ പ്രത്യേകത. അദ്ദേഹത്തിന്റെ കൈകളാല്‍ രാഷ്ട്രവേദിയില്‍ അര്‍ച്ചനം ചെയ്യപ്പെട്ട പുഷ്പങ്ങള്‍ പലതും ദേവലോകോദ്യാനങ്ങളില്‍ പോലും വിടരാത്ത കല്പവൃക്ഷങ്ങളായിരുന്നു. രജുഭയ്യ, ദീനദയാല്‍ ഉപാധ്യായ, അടല്‍ബിഹാരി വാജ്‌പേയി, അശോക് സിംഘാള്‍, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ ഉദാഹരണങ്ങള്‍. സംഘപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ വിശേഷണങ്ങളോ വിശദീകരണങ്ങളോ ആവശ്യമില്ലാത്ത പേരുകളാണിവ. അറിയപ്പെടുന്ന കാര്യകര്‍ത്താക്കള്‍ക്കു പുറമെ അറിയപ്പെടാത്ത അനേകായിരും കാര്യകര്‍ത്താക്കളെയും ഭാവുറാവുജി വളര്‍ത്തിയെടുത്തിട്ടുണ്ട്. സുദര്‍ശന്‍ജി, ബാപ്പുറാവു മോഘെ തുടങ്ങിയ നിരവധി പേരുടെ ബൗദ്ധികമായ വളര്‍ച്ചയിലും ഭാവുറാവുജിയുടെ നിറസാന്നിധ്യം കാണാം. ഇപ്രകാരമാണ് ദേവദുര്‍ലഭരെ രണ്ടാം തലമുറയില്‍ ഭാവുറാവുജി സുലഭമാക്കിയത്.
1917 നവംബര്‍ 19ന് നാഗ്പൂരിലായിരുന്നു ജനനം. മധുകര്‍ ദത്താത്രേയ എന്ന ബാളാസാഹേബ് ദേവറസിന് അനുജന്‍ മുരളീധര്‍ ദത്താത്രേയ എന്ന ഭാവുറാവു ദേവറസ് ആണ് ഒരര്‍ത്ഥത്തില്‍ ദേവദുര്‍ലഭ സഹവര്‍ത്തിത്വത്തിന്റെ ആദ്യാനുഭൂതികള്‍ പകര്‍ന്നു നല്‍കിയത്. അദ്ദേഹത്തിന്റെ അനുജനായി ജനിച്ച്, സുഹൃത്തായി വളര്‍ന്ന്, സഹപ്രചാരകനായി ജീവിച്ച്, സഹസര്‍കാര്യവാഹായി സഹായിച്ച് വീണ്ടും അനുജനായി മരിച്ചു. ഇതാണ് ഭാവുറാവു ദേവറസിന്റെ സംഗ്രഹജീവിതചിത്രം. ജ്യേഷ്ഠന്റെ നിഴലായി തുടങ്ങി സര്‍സംഘചാലകന്റെ സഹസര്‍കാര്യവാഹായി തീരുവാന്‍ ഭാഗ്യം സിദ്ധിച്ച സ്വയംസേവകന്‍! കര്‍മ്മപഥത്തിലൊരിടത്തും അദ്ദേഹം ജ്യേഷ്ഠനാല്‍ അറിയപ്പെട്ട വ്യക്തിയായിരുന്നില്ല. തനിമയുള്ള ശൈലിയും ഗരിമയുള്ള വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്റേത്.
1927 ല്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ശാഖാപ്രവേശം. ആദ്യകാലത്ത് കുശപഥക്കില്‍ പ്രവേശനം കിട്ടാതിരുന്നപ്പോള്‍ അതിലെത്താന്‍ വേണ്ടി കാത്തിരുന്ന കുശാഗ്രനായ വിദ്യാര്‍ത്ഥി. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ വലിയ കുട്ടികളോടൊപ്പം പെരുമാറാനായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം. പിന്നീട് കുശപഥക്കില്‍ അംഗമായി- തുടര്‍ന്ന് നാഗ്പൂരിലെ ‘കേളിബാഗ്’ശാഖയുടെ കാര്യവാഹുമായി. അതിനുശേഷമാണ് സംഘകിരണപ്രസരണത്തിനായി ഡോക്ടര്‍ജി തെരഞ്ഞെടുത്ത പത്തു കുട്ടികളിലൊരാളായി ചരിത്രപരമായ നിയോഗമുണ്ടാകുന്നത്. 1937 ല്‍ ഉന്നതവിദ്യാഭ്യാസത്തിനും സംഘപ്രചാരണത്തിനുമായി അദ്ദേഹം മഹാരാഷ്ട്രം വിട്ട് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലേക്ക് പോയി.
കുശപഥക്കുകാരനായിരുന്ന ജ്യേഷ്ഠന്‍ ദേവറസ് പഠനം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ നേടിയ ഒന്നാം റാങ്കും സ്വര്‍ണ്ണപ്പതക്കവും ഗുരുദക്ഷിണ ചെയ്യുന്നത് അനുജന്‍ ദേവറസ് കണ്ടിരുന്നു. പഠനം കഴിഞ്ഞ് ജ്യേഷ്ഠന്‍ പ്രചാരകനായി പോവുമ്പോള്‍ അനുജന്റെ മനസ്സില്‍ എന്തായിരുന്നുവെന്ന് ആര്‍ക്കറിയാം. എന്തായാലും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടു മെഡലുകളുമായി അനിയനും എത്തി. ഒരു സ്വര്‍ണ്ണമെഡലും ഒരു വെള്ളിമെഡലും! ലഖ്‌നൗ സര്‍വകലാശാലയിലെ ആ വര്‍ഷത്തെ ബി.കോമിന്റെ ഒന്നാം റാങ്കും എല്‍.എല്‍.ബി.യുടെ രണ്ടാം റാങ്കും നാഗ്പൂര്‍ ശാഖയില്‍ പരമപവിത്ര ഭഗവധ്വജത്തിന്റെ കീഴില്‍ അര്‍പ്പിക്കപ്പെട്ടു. ചേട്ടന്‍ ഒരു മെഡല്‍ ഗുരുദക്ഷിണ ചെയ്യുന്നത് കണ്ടുപഠിച്ച അനിയന്‍ രണ്ടു മെഡലുകള്‍ ഗുരുദക്ഷിണ ചെയ്തു. രണ്ടുപേരും ഡോക്ടര്‍ജിയുടെ പാതയില്‍ ഭാരതരാഷ്ട്രത്തിന്റെ ചിരന്തന യാത്രയില്‍ പങ്കാളികളായി. ജ്യേഷ്ഠാനുജന്മാര്‍ പ്രചാരകന്മാരാവുന്നത് ഇക്കാലത്ത് വലിയ അത്ഭുതമൊന്നും അല്ലെങ്കിലും, അതിന് തുടക്കം കുറിച്ച അത്ഭുത സഹോദരങ്ങള്‍ ഇവരായിരുന്നു. സൂക്ഷ്മതലത്തില്‍ അതിന്റെ യശസ്സിനവകാശി ഭാവുറാവുജിയാണ്. കാരണം, അനിയനാണല്ലോ രണ്ടാമത് തീരുമാനം എടുത്തത്. അപ്രകാരം പ്രചാരക സഹോദരന്മാര്‍ക്കിടയിലെ സഹോദരപ്രചാരകന്മാരുടെ പരമ്പരയാരംഭിച്ചത് ഭാവുറാവുജിയാണെന്ന് പറയാം.
പഠനത്തിലെ സാമര്‍ത്ഥ്യം റാങ്കുകള്‍ കൊണ്ട് വ്യക്തമാക്കപ്പെട്ടുവല്ലോ. പഠനത്തോടൊപ്പം തന്നെ ശാഖാപ്രവര്‍ത്തനത്തിലും അദ്ദേഹം നിപുണനായിരുന്നു. സമാജോന്മുഖമായ കാര്യശൈലിയായതിനാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും അദ്ദേഹം ശോഭിച്ചു. ലഖ്‌നൗവില്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മുരളീധര്‍ ദേവറസ് ഏവര്‍ക്കും പ്രിയങ്കരനായ വിദ്യാര്‍ത്ഥി നേതാവായി മാറി. 1938 ല്‍ കോളേജിലെ വിദ്യാര്‍ത്ഥി സംഗമത്തില്‍ ആരായിരിക്കണം അതിഥിയെന്ന ചര്‍ച്ച വന്നപ്പോള്‍, നേതാജിയെ വിളിക്കാമെന്ന് പറഞ്ഞത് മുരളീധറായിരുന്നു. ഇത്ര വലിയ രാഷ്ട്രനേതാവിനെ നാം വിളിച്ചാല്‍ ഇവിടെ എത്തിക്കാന്‍ സാധിക്കുമോ എന്നു പലരും ശങ്കിച്ചു. കോളേജ് വഴി നേതാജിയെ ക്ഷണിക്കുകയും അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തപ്പോള്‍ അധ്യക്ഷനായത് മുരളീധര്‍ ദേവറസായിരുന്നു. പഠനവും പോരാട്ടവും സമ്പര്‍ക്കവും സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി മുരളീധര്‍ മുന്നോട്ടുപോയി. ആര്യസമാജത്തിലെയും വിപ്ലവസ്ഥാനങ്ങളിലെയും വ്യക്തികളുമായി ബന്ധപ്പെട്ടു. കഴിവുറ്റ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കത്തിലായി. കോളേജ് യൂണിയനും അനുബന്ധകാര്യക്രമങ്ങളുമായി മുന്നോട്ടുപോയി. ഇതിനിടയില്‍ ഉത്തര്‍പ്രദേശിലെ തൊഴില്‍പ്രശ്‌നങ്ങളെ സംബന്ധിച്ച് അദ്ദേഹം എഴുതിയ ലേഖനം സര്‍വകലാശാലയിലെ പ്രഗത്ഭരുടെ ശ്രദ്ധ പിടിച്ചുപറ്റി. പരീക്ഷയിലെ ഒരു ചോദ്യത്തിനുള്ള ഉത്തരമായി ഉപന്യസിച്ച ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെടണമെന്ന് അധ്യാപകര്‍ പറഞ്ഞു. അദ്ദേഹമതിന് താല്‍പര്യം പ്രകടിപ്പിച്ചില്ല. ഇതിലെ ആശയങ്ങള്‍ ഒരുപക്ഷെ സംഘകാര്യത്തിന് തടസ്സമാകുമെന്നായിരുന്നു അദ്ദേഹം കരുതിയത്. തന്റെ അഭിപ്രായങ്ങളോട് യോജിക്കാത്തവര്‍ ഉണ്ടാകാമെന്നും അവര്‍ ഇക്കാരണം കൊണ്ട് സംഘത്തിലേക്ക് വരാതിരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ വിവിധകാര്യങ്ങളില്‍ മുഴുകുമ്പോഴും ആത്യന്തികമായ സംഘദൗത്യത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നുവെന്നതിന് തെളിവാണീ സംഭവം.
പക്ഷെ, പ്രതീക്ഷിച്ച പോലെ, പ്രതീക്ഷിച്ച നിലവാരത്തില്‍ ശാഖ മാത്രം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഒരര്‍ത്ഥത്തില്‍ യുവത്വത്തിന്റെ പ്രസരിപ്പിലും പൊതുകാര്യപ്രസക്തിയുടെ പകിട്ടിലും മുരളീധര്‍ പൂര്‍ണ്ണമായും സംഘകാര്യത്തില്‍ ബദ്ധശ്രദ്ധനായില്ല. വിദ്യാര്‍ത്ഥികളുടെ ശാഖ തുടങ്ങി ഒരു വര്‍ഷമായിട്ടും അദ്ദേഹത്തിന് സ്ഥാനീയശാഖ തുടങ്ങാന്‍ സാധിച്ചില്ല. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഡോക്ടര്‍ജിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ഈ കത്തിനുള്ള ഡോക്ടര്‍ജിയുടെ മറുപടിയാല്‍ അദ്ദേഹം മുഗ്ദ്ധമോഹനമായകളില്‍ നിന്നും മുക്തനായി എന്നു പറയാം. സംഘടനാശാസ്ത്രത്തില്‍ മാത്രമല്ല സംഘടനാ മനഃശാസ്ത്രത്തില്‍ കൂടി നിപുണനായിരുന്ന ഡോക്ടര്‍ജി ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആശയം വ്യക്തമാക്കി. ഔദ്യോഗികമായി ശാഖ തുടങ്ങിയില്ലെങ്കിലും നൂറുകണക്കിന് വ്യക്തികളില്‍ സംഘാഭിമുഖ്യം വളര്‍ത്തിയതും, സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി നേതൃത്വത്തില്‍ എത്തിയതും ചെറിയ കാര്യങ്ങളല്ലെന്ന് പറഞ്ഞ് ഡോക്ടര്‍ജി അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. വരാന്‍ പോകുന്ന നാഗ്പൂര്‍ ശിബിരത്തിലേക്ക് ചിലരെ തെരഞ്ഞുപിടിച്ചു അയക്കണമെന്നും, ആത്മവിശ്വാസത്തോടെ മുമ്പോട്ടു പോയാല്‍ ഈ വര്‍ഷം ശാഖ തുടങ്ങാനാവുമെന്നും ഡോക്ടര്‍ജി പറഞ്ഞു. ഡോക്ടര്‍ജിയുടെ ആ കത്തിലെ നിര്‍ദ്ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരിചിന്തനീയമാണ്. ഒരു പ്രശംസ, ഒരു ആശംസ, ഒരു പ്രത്യാശ. ഇതു മൂന്നിലും ഒളിഞ്ഞിരിക്കുന്ന സൂചന അഥവാ മുന്നറിയിപ്പും. സംഘശാഖ നടക്കാനുള്ള അന്തരീക്ഷമുണ്ടാക്കിയതിനുള്ള പ്രശംസയും, ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള ആശംസയും, ഈ വര്‍ഷം തന്നെ ശാഖ തുടങ്ങാമെന്നുള്ള പ്രത്യാശയും ഡോക്ടര്‍ജി നല്‍കി. പോരാത്തതിന്, കാര്യനിപുണനായ ഒരു നേതാവുണ്ടായാല്‍ മാത്രം പോരാ, സംഘത്തിന്റെ പ്രശിക്ഷണം ലഭിച്ച സഹപ്രവര്‍ത്തകര്‍ കൂടി ഉണ്ടായാല്‍ മാത്രമേ സ്ഥാനീയ ശാഖകള്‍ നിത്യനിയമിതമാവൂ എന്ന സൂചനയും നല്‍കി. ഈ വാക്കുകള്‍ മുരളീധറില്‍ ആശ്വാസമുണ്ടാക്കി, ആവേശമുണര്‍ത്തി; ഒപ്പം അദ്ദേഹത്തിന്റെ ഉള്ളം തെളിയുകയും ചെയ്തു. ഇതിന്റെ ഫലമായി 1938 ല്‍ ലഖ്‌നൗവിലെ ‘രകാബ്ഗഞ്ച് എന്നയിടത്ത് ആദ്യത്തെ സ്ഥാനീയ ശാഖ ആരംഭിച്ചു.
ലഖ്‌നൗവിലെ പ്രചാരകജീവിതത്തിനിടയില്‍ ഒട്ടനവധി പ്രമുഖരെ കാണാനും ഇടപഴകാനും ഭാവുറാവുവിന് അവസരം ലഭിച്ചു. നേതാജി, വിപ്ലവകാരിയായ സചീന്ദ്രസന്യാല്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പെടും. ആര്യസമാജത്തിന്റെ യുവജന വിഭാഗം നേതാവായിരുന്നു ശ്രീ. തേജ് നാരായണനെ അദ്ദേഹം സമ്പര്‍ക്കം ചെയ്ത് സ്വയംസേവകനാക്കി. പില്‍ക്കാലത്ത് ഇദ്ദേഹം സംഘചാലകനായി പ്രവര്‍ത്തിച്ചു. രജുഭയ്യയെയും ദീനദയാല്‍ജിയെയും അശോക്ജി സിംഘാളിനെയും ബാപ്പുറാവു മോഘയെയും പോലുള്ള മഹാരഥികളെ കണ്ടെത്തി കടഞ്ഞെടുത്ത് അമൃതവാഹകരാക്കി മാറ്റണമെങ്കില്‍ എന്തുമാത്രം സൂക്ഷ്മദൃഷ്ടിയോടെയും ദീര്‍ഘദര്‍ശിതയോടെയുമായിരിക്കാം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്ന് നമുക്കൂഹിക്കാം. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിക്കാന്‍ പോയ യുവവിദ്യാര്‍ത്ഥിയായ ടി.എന്‍.ഭരതേട്ടനും ഇക്കൂട്ടത്തില്‍പെടും. പില്‍ക്കാലത്ത് പ്രചാരകനാവാനുള്ള പ്രേരണ ഭരതേട്ടന് അവിടുന്ന് കിട്ടിക്കാണണം. ഓരോ കാര്യകര്‍ത്താവിനെയും പ്രത്യേകം ശ്രദ്ധിച്ച്, അവരുടെ കഴിവിനും തികവിനും അനുസരിച്ച് അദ്ദേഹം അവരോടു പെരുമാറി. അതേസമയം അവരിലെ കുറവുകള്‍ നികത്താനും സാധിച്ചു. ഈ ഗണത്തില്‍പ്പെട്ട ഓരോ മഹാരഥനെയും അവനവന്റെ വികാസഘട്ടത്തില്‍ എങ്ങനെയാണ് ഭാവുറാവുജി കൈകാര്യം ചെയ്തതെന്ന് ചിന്തിച്ചാല്‍ ഈ വസ്തുത വെളിവാകും.
അനുഗൃഹീതമായ ധിഷണാവൈഭവംകൊണ്ടും അനുശാസിതമായ ജീവിതശൈലികൊണ്ടും ആരാലും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ദീനദയാല്‍ജിയുടേത്. ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചും ദര്‍ശനപദ്ധതിയെക്കുറിച്ചും റാങ്കുകാരനായ യുവദീനദയാലിന് അഭിരുചിയും അഭിജ്ഞാനവുമുണ്ടായിരുന്നു. സ്വയംസേവകനായ കാലംതൊട്ട് ഇവ കണ്ടു മനസ്സിലാക്കി പരിപോഷിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഭാവുറാവുജി നടത്തിയിട്ടുണ്ടെന്ന് കാണാം. തത്വശാസ്ത്രപരമായും ധൈഷണികമായുമുള്ള വിഷയങ്ങളില്‍ മണിക്കൂറുകളോളം അദ്ദേഹത്തോട് സംസാരിക്കാനുള്ള താത്പര്യവും സമയവും ഭാവുറാവുജിക്കുണ്ടായിരുന്നു. ഇതു തന്നെയായിരുന്നു മറ്റുപലരുടെ കാര്യത്തിലും അദ്ദേഹം ചെയ്തിരുന്നത്. ദീനദയാല്‍ജി ശിക്ഷാര്‍ത്ഥിയായിരുന്ന സംഘശിക്ഷാവര്‍ഗ്ഗില്‍ ദീക്ഷാന്തസമാരോപ് ബൗദ്ധിക് നടത്തേണ്ടിയിരുന്നത് ഭാവുറാവുജിയായിരുന്നു. എന്നാല്‍ ശിക്ഷാര്‍ത്ഥിയായ ദീനദയാല്‍ ഉപാധ്യായയോട് ബൗദ്ധിക് നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ഭാവുറാവു കാര്യകര്‍തൃവികാസശൈലിയുടെ ഉത്തമോദാഹരണം നമുക്കു കാണിച്ചുതന്നു. തെല്ലൊരു അത്ഭുതത്തോടെ മാത്രമേ ഇത്തരം സമീപനത്തെ ഇന്നു നമുക്കു വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ദീനദയാല്‍ജിയുടെ ബൗദ്ധികവും വൈയക്തികവുമായ വികാസത്തില്‍ ഭാവുറാവുജി ശ്രദ്ധ ചെലുത്തി. പില്‍ക്കാലത്തും ഇവര്‍ തമ്മിലുള്ള ആശയസംവാദങ്ങളും ബൗദ്ധിക ചര്‍ച്ചകളും മുടങ്ങാതെ നടന്നിരുന്നു. അഖില ഭാരതീയ ബൈഠക്കുകള്‍ക്കിടയിലും അല്ലാതെയുള്ള കൂടിക്കാഴ്ചകളിലും കാര്യാലയ മുറികളില്‍ ചൂടുപിടിച്ച ബൗദ്ധികസംവാദങ്ങളിലും രണ്ടുപേരും പങ്കുചേരാറുണ്ടായിരുന്നു. പലപ്പോഴും പൂജനീയ സര്‍സംഘചാലകനായിരുന്ന ഗുരുജിയുടെ മുറിയിലിരുന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നിരവധി അനൗപചാരിക സംവാദങ്ങള്‍ നടന്നിരുന്നു. ഇത്തരത്തില്‍ ദീനദയാല്‍ജി ഒരു സ്വയംസേവകനെന്ന നിലവാരം മുതല്‍, അഖിലഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സമയം വരെ, ഒരേ തരത്തിലും തലത്തിലും അദ്ദേഹത്തോടിടപഴകാനുള്ള ശ്രുതവും മഹാമനസ്‌കതയും ഭാവുറാവുജി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ അനുഭവം തന്നെയാണ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ബാപ്പുറാവു മോഘെയ്ക്കും ഉണ്ടായിരുന്നത്. ബൗദ്ധികമായ പുഷ്ടിപ്പെടുത്തലുകള്‍ കൂടാതെ സംഘപ്രവര്‍ത്തനത്തിനിടയിലെ അദ്ദേഹത്തിന്റെ കാര്യകര്‍തൃത്വ – പ്രചാരകത്വ വികാസത്തിനും ഭാവുറാവു ഹേതുവായി. വിദ്യാര്‍ത്ഥികാലം തൊട്ടേ ഭാവുറാവുജിയുടെ സഹപ്രവര്‍ത്തകനായിരുന്നു ബാപ്പുറാവു മോഘെ. ഒരു കാര്യക്രമം വ്യവസ്ഥ ചെയ്യുന്നതിനിടയില്‍ വ്യവസ്ഥകള്‍ക്ക് ഒരു വ്യവസ്ഥാപിത രൂപം വരണമെന്ന ചിന്ത വിഭാഗ് പ്രചാരകനായിരുന്ന ബാപ്പുറാവു മോഘെയെ സ്പര്‍ശിച്ചു.
നിരന്തരം കാര്യക്രമങ്ങള്‍ നടക്കുന്നതിനാല്‍, ഓരോ കാര്യക്രമത്തിനും ആവശ്യമായ വ്യവസ്ഥകള്‍ ക്രമമായും ചിട്ടയായും എഴുതി തയ്യാറാക്കി സൂക്ഷിച്ചാല്‍ ആര്‍ക്കും വ്യവസ്ഥ ചെയ്യാന്‍ സാധിക്കുമെന്ന ആശയം അദ്ദേഹത്തിന് തോന്നി. വളരെയധികം പണിപ്പെട്ടും കൂടിയാലോചിച്ചും അദ്ദേഹം വ്യവസ്ഥാ പുസ്തകം”തയ്യാറാക്കി. ഓരോ കാര്യക്രമവും എങ്ങനെ വ്യവസ്ഥ ചെയ്യണമെന്ന് അനുഭവാടിസ്ഥാനത്തില്‍ തയ്യാറാക്കി ഭാവുറാവുജിയ്ക്ക് സംശോധിക്കാനായി നല്‍കി. ഭാവുറാവുജി ആ പുസ്തകം ആവശ്യമില്ല എന്ന നിലപാടെടുത്തു. വ്യവസ്ഥ ചെയ്യുന്ന സമയത്ത് ഓരോ സ്വയംസേവകനും അതിന്റെ അനുഭൂതി ലഭിക്കണം. അതിനായി ഓരോ കാര്യവും അവന്‍ തന്നെത്താന്‍ ചിന്തിച്ചും ചിന്തിപ്പിച്ചും കൂടിയാലോചിച്ചും നിര്‍വഹിക്കണം. അപ്പോള്‍ വ്യവസ്ഥ ചെയ്യുന്നതിന്റെ അനുഭവവും അയാള്‍ക്ക് ലഭിക്കും. ഇതിനിടയില്‍ വന്നുപോയേക്കാവുന്ന തെറ്റുകള്‍ കണ്ടു മനസ്സിലാക്കി തിരുത്തുന്നതിലൂടെ അയാളിലെ കാര്യകര്‍ത്തൃത്വം ഉണരുകയും ചെയ്യും. അതൊരു പുസ്തകത്തിലാക്കി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇത്തരത്തില്‍ കണിശവും കാര്യയുക്തവുമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും.
ലഖ്‌നൗ സര്‍വകലാശാലയിലെ പഠനം കഴിഞ്ഞപ്പോള്‍ അവിടെ തന്നെ തുടര്‍ന്നു. ദീര്‍ഘകാലം ഉത്തര്‍പ്രദേശിന്റെ പ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചു. ഈ സമയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി 1947 ആവുമ്പോഴേക്കും 80 പ്രചാരകന്മാര്‍ ഉത്തര്‍പ്രദേശില്‍ കര്‍മ്മക്ഷേത്രത്തിലുണ്ടായിരുന്നു. ദീനദയാല്‍ജി പിന്നീട് അദ്ദേഹത്തോടൊപ്പംതന്നെ സഹപ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശുപോലെ വിശാലമായ ഒരു സംസ്ഥാനത്ത് അന്നത്തെ കാലഘട്ടത്തില്‍ സംഘകാര്യവികാസം നടത്തുന്നതിനായി എണ്ണത്തിലും ഗുണവിശേഷത്തിലും ഒട്ടും പിറകിലല്ലാത്ത തരത്തിലുള്ള പ്രചാരകഗണത്തെ അദ്ദേഹം തയ്യാറാക്കി. ബാപ്പുറാവു മോഘെയും ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
അക്കാലത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രചാരകന്മാരില്‍ ഭൂമിശാസ്ത്രപരമായ വിസ്തൃതികൊണ്ട് ഏറ്റവുമധികം വെല്ലുവിളികള്‍ ഉണ്ടായിരുന്നത് ഉത്തര്‍പ്രദേശിലായിരുന്നു. ഭാവുറാവുജി ഈ വെല്ലുവിളി തരണം ചെയ്ത രീതി മാതൃകാപരമാണ്. വസ്തുതാപരമായി ചിന്തിച്ചാല്‍ ഇക്കാര്യം നമുക്ക് മനസ്സിലാവും. സമയവും സന്ദര്‍ഭവും സംഘനിര്‍ദ്ദേശവും അനുസരിച്ച് ഇടയ്ക്കിടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന തലസ്ഥാനം മാറിക്കൊണ്ടിരുന്നു. ലഖ്‌നൗവില്‍ നിന്ന് കാശിയിലേക്കും അവിടെ നിന്ന് പ്രയാഗ്‌രാജിലേക്കും പിന്നീട് വീണ്ടും ലഖ്‌നൗവിലേക്കും അദ്ദേഹം മാറി. അത്ഭുതകരമാംവണ്ണം മൂന്നിടങ്ങളിലും സമതുലിതമായ രീതിയില്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതേസമയം മഹാരാഷ്ട്ര ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും ശാഖകളുടെ എണ്ണം സംബന്ധിച്ച് ഈ അസന്തുലിതാവസ്ഥ ഉണ്ടായിരുന്നു. അതാതിടങ്ങളില്‍ നിയോഗിക്കപ്പെട്ട പ്രചാരകരുടെ കേന്ദ്രത്തിനു ചുറ്റുമായിരുന്നു വികാസം. എന്നാല്‍ വികാസമുണ്ടാവേണ്ട സ്ഥലം തന്റെ കേന്ദ്രമാക്കി മാറ്റി വിജയിച്ച് അവിടെ നിന്നും അടുത്ത കേന്ദ്രത്തിലേക്ക് പോകുന്ന ശൈലിയായിരുന്നു ഭാവുറാവുജിയുടേത്. ആറു വ്യത്യസ്ത പ്രാന്തങ്ങളായിട്ടാണ് ഉത്തര്‍പ്രദേശ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ആറു പ്രാന്തങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ എത്തിയിരുന്നു.
(തുടരും)