സംഘകാര്യം ചെയ്യാന്‍ മാത്രമായി ജീവിതം ഉഴിഞ്ഞുവെയ്ക്കാന്‍ സാധിക്കുന്നവരാരെങ്കിലും ഇക്കൂട്ടത്തിലുണ്ടോയെന്ന് പരംപൂജനീയ ഡോക്ടര്‍ജി 1935 ലെ ഒരു ബൈഠക്കില്‍ ചോദിച്ചു. ഇതുകേട്ട ഒരു യുവാവ് അന്നുവരെ താന്‍ വഹിച്ചിരുന്ന വിവിധ മേഖലകളിലെ 56 ചുമതലകളും രാജിവെച്ച് സംഘ പഥത്തില്‍ മുഴുകാന്‍ തീരുമാനിച്ചു. പലര്‍ക്കും പല കാര്യങ്ങളും ചെയ്യാനുണ്ടെന്നും അത് ചെയ്തുതീര്‍ക്കുന്നതിനിടയില്‍ സംഘകാര്യത്തിന് സമയം കിട്ടുകയില്ലെന്നുമുള്ള ഡോക്ടര്‍ജിയുടെ പരാമര്‍ശം ഹൃദയത്തിലേറ്റതിന്റെ പ്രതികരണമായിരുന്നു ഈ തീരുമാനം. 82 വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ജീവിതം അന്നുമുതല്‍ പൂര്‍ണ്ണമായും സംഘകാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് നമ്മുടെ ആദര്‍ശമൂര്‍ത്തി ഡോക്ടര്‍ജിയുടെ സഹചാരിയും പ്രതിരൂപവുമായി മാറിയ അപ്പാജി ജോഷിയെന്ന ഹരികൃഷ്ണ ജോഷി.
1897 മാര്‍ച്ച് 30-ന് മഹാരാഷ്ട്രയിലെ വര്‍ധയിലായിരുന്നു ജനനം. പിതാവ് കൃഷ്ണറാവു ജോഷിയുടെ അഞ്ചുമക്കളില്‍ രണ്ടാമന്‍. ചെറുപ്പം മുതലേ സ്വാതന്ത്ര്യസമരരംഗത്തുണ്ടായിരുന്ന അപ്പാജി കോണ്‍ഗ്രസിലും വിപ്ലവസംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു. 1905-ല്‍ ബംഗാള്‍വിഭജനവിരുദ്ധസമരത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് ബാലനായ ഹരികൃഷ്ണ സ്വാതന്ത്ര്യസമരത്തില്‍ തന്നാലാവുംവിധം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1906 ല്‍ ബാലഗംഗാധര തിലകനെ കാണാനായി അനുവാദമില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ പോയതറിഞ്ഞ അധ്യാപകന്‍ ഹരിയെ മര്‍ദ്ദിച്ചു. ഈ പീഡനം അദ്ദേഹത്തിന്റെ ദേശസ്‌നേഹവും കര്‍ത്തവ്യതൃഷ്ണയും വര്‍ദ്ധിപ്പിച്ചു. ഈ സംഭവത്തിനു ശേഷം ഹരി സ്വാതന്ത്ര്യസമരപാതയില്‍ കൂടുതല്‍ സക്രിയനായി.
സ്ഥിരമായി വ്യായാമശാലയില്‍ പോകുന്ന ശീലമുണ്ടായിരുന്നു. അവിടെ വെച്ച് അണ്ണാ സാഹേബ് സോഹനിയുമായി പരിചയപ്പെട്ടു. 1911-ല്‍ സോഹനിയിലൂടെ ഡോക്ടര്‍ജിയുമായി സമ്പര്‍ക്കത്തില്‍ വന്നു. അതിനുശേഷം അദ്ദേഹവുമായി ഉറ്റബന്ധം കാത്തുസൂക്ഷിക്കാന്‍ ഹരികൃഷ്ണയ്ക്ക് കഴിഞ്ഞു. ഡോക്ടര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം 1916-ല്‍ ”രാഷ്ട്രീയ സ്വയംസേവക മണ്ഡലം” ആരംഭിച്ചു. തന്നോട് അടുത്തവരോടൊക്കെയും ഡോക്ടര്‍ജിക്ക് ഹൃദയബന്ധം ഉണ്ടായിരുന്നെങ്കിലും അപ്പാജിക്ക് അക്കൂട്ടത്തില്‍ ഒരു പ്രത്യേകസ്ഥാനമായിരുന്നു. കുശപഥക്കുകാരെ ഡോക്ടര്‍ജിയുടെ മാനസപുത്രന്മാരെന്നു വിളിക്കാമെങ്കില്‍ അപ്പാജിയെ അദ്ദേഹത്തിന്റെ മന:സാക്ഷി കാവല്‍ക്കാരന്‍ എന്നു വിളിക്കുന്നത് അനൗചിത്യമാവില്ലെന്നു തോന്നുന്നു. കാരണം സംഘസംസ്ഥാപകനെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ആദ്യ സര്‍സംഘചാലകനായി പ്രഖ്യാപിക്കുവാനുള്ള സ്വാതന്ത്ര്യം പോലും അപ്പാജിക്കുണ്ടായിരുന്നു. (നാഗ്പൂര്‍ ശാഖയില്‍ ഡോക്ടര്‍ജി പ്രത്യേകം ശ്രദ്ധിച്ചിരുന്ന ബാലസ്വയംസേവകരുടെ ഗണമാണ് കുശപഥക.് ഇന്നു നമ്മള്‍ ഗണ എന്നു വിളിക്കുന്ന ശാഖയ്ക്കുള്ളിലെ വിഭജനത്തെ അന്ന് പഥക് എന്ന പേരാണ് വിളിച്ചിരുന്നത്. ബാളാസാഹേബ് ദേവറസ്, ദാദാറാവു പരമാര്‍ത്ഥ്, ഏകനാഥ റാനഡേ, യാദവ്‌റാവു ജോഷി, മാധവറാവു മൂളെ മുതലായ ആദ്യകാല പ്രചാരകന്മാരെല്ലാം ഈ ഗണയിലെ അംഗങ്ങളായിരുന്നു. ശ്യാംറാവു ഗാഡ്‌ഗെ ആയിരുന്നു ഈ ഗണയുടെ ശിക്ഷകന്‍.)
1926 ഡിസംബര്‍ 19 ന് ചേര്‍ന്ന ഒരു ബൈഠക്കില്‍ വെച്ച് സംഘത്തിന്റെ ‘പ്രമുഖ്’ ആയി ഡോക്ടര്‍ജി പ്രവര്‍ത്തിക്കണമെന്നു തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹത്തെ പൂജനീയ സര്‍സംഘചാലകായി പ്രഖ്യാപിക്കുന്നത് പിന്നെയും മൂന്നു വര്‍ഷം കഴിഞ്ഞാണ്. 1929 നവംബര്‍ 10 ന് നടന്ന ഒരു സംഘപരിപാടിയില്‍ സംബന്ധിക്കാന്‍ ഡോക്ടര്‍ജി കടന്നു വന്നപ്പോള്‍ വേദിയിലുണ്ടായിരുന്ന അപ്പാജി ജോഷി അവിചാരിതമായി ‘ആദ്യ സര്‍സംഘചാലക് പ്രണാം, ഏക് – ദോ-തീന്‍’ എന്ന ആജ്ഞ നല്‍കി. ഇങ്ങനെയായിരുന്നു സംഘസംസ്ഥാപകന്‍ ആദ്യസര്‍സംഘചാലകനായത്. സര്‍സംഘചാലകനെ പ്രഖ്യാപിച്ചതാവട്ടെ വര്‍ധാ ജില്ലാസംഘ ചാലകനായിരുന്ന അപ്പാജിയും. ഈ സംഭവത്തിനു ശേഷം, ‘എന്നെക്കാള്‍ മുതിര്‍ന്ന ആളുകളുടെ പ്രണാമം സ്വീകരിക്കേണ്ടി വന്നത് ശരിയായില്ല’ എന്നു പറഞ്ഞ് ഡോക്ടര്‍ജി മൃദുസ്വരത്തില്‍ അപ്പാജിയോട് അനിഷ്ടമറിയിച്ചു. ഇതു സംഘടനയുടെ കൂട്ടായ തീരുമാനമാണെന്നും സംഘടനയുടെ ഹിതത്തിനായി ഏതൊരു പ്രവര്‍ത്തകനും ചിലപ്പോഴൊക്കെ ഇഷ്ടമില്ലാത്ത കാര്യം സ്വീകരിക്കേണ്ടിവരും എന്നുമായിരുന്നു സര്‍സംഘചാലകനോടുള്ള അപ്പാജിയുടെ മറുപടി. ഇക്കാര്യം ഡോക്ടര്‍ജിയോടു പറയാനും അദ്ദേഹത്തെക്കൊണ്ട് അതനുസരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം അപ്പാജിക്കുണ്ടായിരുന്നു. അവരിരുവരും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ ആഴത്തിലേയ്ക്ക്, ഏതൊരു ആദര്‍ശനിഷ്ഠനായ സ്വയംസേവകനും സംഘടനാതീരുമാനങ്ങളോടുള്ള മനഃസ്ഥിതി എന്താകണമെന്നതു സംബന്ധിച്ച ചിന്തയിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ഈ മറുപടി. ഹരികൃഷ്ണ ജോഷിയുടെ പിതാവ് ഒരു വക്കീല്‍ ഗുമസ്തനായിരുന്നെങ്കിലും, കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ പന്ത്രണ്ടാം വയസ്സോടെ അച്ഛനും മൂന്നു സഹോദരന്മാരും ഇളയച്ഛനും മരണപ്പെട്ടു. അതുകൊണ്ട് വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം പത്താംതരം വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പതിനെട്ടാം വയസ്സില്‍ വിവാഹിതനായതിനുശേഷം അദ്ദേഹം നാനാസാഹേബ് കേദാര്‍ എന്ന വക്കീലിനു കീഴില്‍ ഗുമസ്തനായി ജോലി ചെയ്യാനാരംഭിച്ചു. ഈ സമയത്തും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നില്ല.
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഹരികൃഷ്ണ കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ ശ്രീ. ജംനാലാല്‍ ബജാജിന്റെ വിശ്വസ്ത സഹായിയായിരുന്നു. വര്‍ധ മേഖലയില്‍ ഗണേശോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചതും ഹരി കൃഷ്ണയായിരുന്നു. യൗവനകാലത്ത് വിപ്ലവ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം രഹസ്യസ്വഭാവമുള്ള നിരവധി പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍ജിയോടൊപ്പം ഉണ്ടായിരുന്നു. വിപ്ലവകാരികളെ ഒളിവില്‍ താമസിപ്പിക്കാനും വേഷപ്രച്ഛന്നരാക്കി ഒളിച്ചു കടത്താനുമൊക്കെയുള്ള ചുമതല പലപ്പോഴും ഹരികൃഷ്ണയ്ക്കായിരുന്നു. 1917 ല്‍ സ്ത്രീവേഷമണിയുന്ന വിപ്ലവകാരികള്‍ക്കു വേണ്ടി നടത്തിയ പരിശീലനശിബിരത്തില്‍ വെച്ചാണ് അപ്പാജിയും ഡോക്ടര്‍ജിയുമായി കൂടുതല്‍ അടുക്കുന്നത്. 1918 ല്‍ ഒന്നാം ലോകമഹായുദ്ധാനന്തരം പ്രതിസന്ധി നേരിട്ട വിപ്ലവകാരികള്‍ക്ക് ഒളിത്താവളങ്ങളൊരുക്കുന്നതിന് ഡോക്ടര്‍ജിയോടൊപ്പം നേതൃത്വം നല്‍കി. പിന്നീടങ്ങോട്ട് ഓരോ പ്രവര്‍ത്തനത്തിലും നിഴലുപോലെ കൂടെ ഉണ്ടായിരുന്ന അപ്പാജിയാണ് യഥാര്‍ത്ഥത്തില്‍ വനസത്യഗ്രഹത്തില്‍ പങ്കെടുക്കണമെന്ന ആശയം ശക്തിപ്പെടുത്തിയത്. 1930 മാര്‍ച്ചില്‍ സത്യഗ്രഹത്തിന്റെ ആലോചനാസമയത്ത് തന്നെ അപ്പാജി അതില്‍ പങ്കെടുക്കാനുള്ള ആഗ്രഹം ഡോക്ടര്‍ജിയെ അറിയിച്ചിരുന്നു. സംഘശിക്ഷാവര്‍ഗ്ഗിനുശേഷം അതില്‍ തീരുമാനം എടുക്കാമെന്ന് ഡോക്ടര്‍ജി പറഞ്ഞു. വര്‍ഗ്ഗിനു ശേഷം അപ്പാജി വീണ്ടും ഡോക്ടര്‍ജിയോടു സംസാരിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യം അതിനനുകൂലമല്ലെന്നു പറഞ്ഞ് ഡോക്ടര്‍ജി അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. സത്യഗ്രഹത്തില്‍ നിന്നും വിട്ടു നില്‍ക്കാനാവില്ലെന്നു തുറന്നു പറഞ്ഞ് അപ്പാജി ഡോക്ടര്‍ജിക്കെഴുതി. അദ്ദേഹത്തിന്റെ ഈ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിക്കൊണ്ട് അങ്ങയോടൊപ്പം ഞാനും സത്യഗ്രഹത്തിനുണ്ടാവുമെന്നു ഡോക്ടര്‍ജി മറുപടി എഴുതി. ശ്രീ.ലക്ഷ്മണ്‍ വാസുദേവ് പരാംജ്‌പേജിയെ പൂജനീയ സര്‍സംഘചാലകനായി നിയോഗിച്ച് ഡോക്ടര്‍ജിയും ശ്രീ.മനോഹര്‍ ദേശ്പാണ്ഡെജിയെ വര്‍ധ ജില്ലാ സംഘചാലകനായി നിയോഗിച്ച് അപ്പാജിയും ജയില്‍വാസമനുഷ്ഠിച്ചു. കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നതിനാല്‍ ജയിലില്‍ അദ്ദേഹത്തിന് ബി-ക്ലാസ് സൗകര്യങ്ങള്‍ ലഭിക്കുമായിരുന്നു. ജയിലധികൃതര്‍ സ്വമേധയാ അതിനു തയ്യാറായിട്ടും അപ്പാജി സി-ക്ലാസ്സില്‍ തുടരാന്‍ തന്നെ തീരുമാനിച്ചു. പിന്നീട് ആരോഗ്യം വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വ്വം ബി-ക്ലാസ്സിലേക്കു മാറ്റി.
പല സുപ്രധാന വിഷയങ്ങളും ഡോക്ടര്‍ജി അപ്പാജിയുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഗുരുജിയെ സര്‍സംഘചാലകനാക്കാനുള്ള ആഗ്രഹം ഡോക്ടര്‍ജി ആദ്യം പങ്കുവെച്ചത് അപ്പാജിയോടാണ്. ഡോക്ടര്‍ജി വിശ്രമത്തിനും ചികിത്സയ്ക്കും വേണ്ടി നിശ്ചയിക്കുന്ന സ്ഥലത്ത് മിക്കവാറും അപ്പാജിയും കൂടെ ഉണ്ടാവാറുണ്ട്. അവസാനകാലത്ത് ഡോക്ടര്‍ജി രാജ്ഗീറില്‍ ചികിത്സയ്ക്ക് പോകുന്ന സമയത്ത് അപ്പാജിയും കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചു. ഗുരുജി നേരിട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദേശം നല്‍കിയപ്പോള്‍ ഉടനടി അപ്പാജി നാഗ്പൂരില്‍ എത്തി. നാഗ്പൂരിനും വര്‍ധയ്ക്കും ഇടയിലുള്ള എഴുപത്തഞ്ചു കിലോമീറ്റര്‍ ദൂരം അപ്പാജിയെ സംബന്ധിച്ച് പ്രവര്‍ത്തനത്തിനുള്ള തടസ്സമായിരുന്നില്ല. അനുജന്‍ ശങ്കര്‍റാവു ജോഷി രോഗശയ്യയിലായത് മുതല്‍ അപ്പാജിയോടൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്ത് സംഘകാര്യങ്ങള്‍ നിര്‍വഹിച്ചതിനുശേഷം നിത്യവും രാത്രി അദ്ദേഹം നാഗ്പൂരില്‍നിന്നും വര്‍ധയിലെ വീട്ടില്‍ എത്താറുണ്ടായിരുന്നു. ഇന്നുള്ളത്രയും യാത്രാസൗകര്യങ്ങള്‍ ഇല്ലാത്ത കാലത്ത് നാഗ്പൂരിനും വര്‍ധയ്ക്കുമിടയില്‍ നെട്ടോട്ടമോടിയ അപ്പാജി സംഘകാര്യവും വീട്ടുകാര്യവും തമ്മില്‍ അല്ലലില്ലാതെ എങ്ങനെ കൊണ്ടു നടക്കാമെന്ന് കാണിച്ചുതരുന്ന നല്ല മാതൃകയാണ്. 1934-ല്‍ സഹോദരന്റെ മരണശേഷം അദ്ദേഹ ത്തിന്റെ ഭാര്യയും മൂന്നു വയസുള്ള കുഞ്ഞും കൂടി അപ്പാജിയുടെ സംരക്ഷണത്തില്‍ ജീവിച്ചു. ചുരുക്കത്തില്‍ സ്വന്തം വീട്ടിലെ ദാരിദ്ര്യത്തിനിടയിലായിരുന്നു അദ്ദേഹം ഡോക്ടര്‍ജിയുടെ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നത്. കുടുംബഭാരവും കീഴ്‌മേല്‍ നോക്കാതെയുള്ള അവിരാമസംഘ പ്രവര്‍ത്തനങ്ങളും കാരണം ഇദ്ദേഹം കടുത്ത ദാരിദ്ര്യത്തിലായി. ഇത് മനസ്സിലാക്കിയ ജംനാലാല്‍ജി അദ്ദേഹത്തിന് കോണ്‍ഗ്രസ് ഫണ്ടില്‍ നിന്നും ധനസഹായമനുവദിച്ചു. എന്നാല്‍ ദാരിദ്ര്യം കൂടപ്പിറപ്പായിരുന്നിട്ടും അപ്പാജി അതു സ്വീകരിച്ചില്ല. അദ്ദേഹത്തിന്റെ സവിശേഷമായ ഈ മനോഭാവം മരണം വരെ നിലനിര്‍ത്തി. സ്വാതന്ത്ര്യാനന്തരം താമ്രപത്രവും പെന്‍ഷനും അനുവദിച്ചപ്പോഴും അപ്പാജിക്ക് ഇതേ നിലപാടായിരുന്നു. അടിയന്തരാവസ്ഥയില്‍ മിസാ തടവുകാരനായി ശിക്ഷയനുഭവിച്ച ഇദ്ദേഹം അതുവഴിയുള്ള ആനുകൂല്യങ്ങളും മടികൂടാതെ നിരാകരിച്ചു. സ്വാതന്ത്ര്യസമര പെന്‍ഷനും അടിയന്തരാവസ്ഥ പെന്‍ഷനും അവകാശങ്ങളല്ലെന്നും ഒരു സ്വയംസേവകനെ സംബന്ധിച്ച് അതു സ്വീകരിക്കുന്നത് നിരുപാധിക രാഷ്ട്ര പ്രേമത്തിനു കളങ്കമേല്പ്പിക്കുന്നതായിരിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സംഘചരിത്രത്തില്‍ അപ്പാജി അനവധി നാഴികക്കല്ലുകള്‍ക്ക് കൂടി നിമിത്തമായിട്ടുണ്ട്. ഡോക്ടര്‍ജിയുടെ സാന്നിധ്യത്തില്‍ 1926 ഫെബ്രുവരി 18 ന് അദ്ദേഹമാണ് വര്‍ധയില്‍ ശാഖ തുടങ്ങിയത്. ഇതായിരുന്നു നാഗ്പൂരിനു പുറത്തുള്ള ആദ്യത്തെ സംഘശാഖ. യഥാര്‍ത്ഥത്തില്‍ നാഗ്പൂരിനു പുറത്തേയ്ക്കുള്ള സംഘസംവ്യാപനത്തിന്റെ നാന്ദി. മാത്രമല്ല ആ സമയത്തെ നാഗ്പൂരിലെ ശാഖ ആഴ്ചയില്‍ ഒരിക്കല്‍ ആയതിനാല്‍ ഇതായിരുന്നു സംഘത്തിന്റെ ആദ്യത്തെ നിത്യശാഖയും. ഇതിനൊക്കെ നിമിത്തമാകാന്‍ ഭാഗ്യം ലഭിച്ചത് അപ്പാജിക്കായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനുവേണ്ടി വര്‍ധയില്‍ നിന്നും നാഗ്പൂരില്‍ വന്ന അപ്പാജി, നാഗ്പൂരില്‍നിന്നും ശാഖയുമായിട്ടാണ് വര്‍ധയിലേയ്ക്ക് തിരിച്ചു പോയതെന്ന് ചുരുക്കം.സംഘചരിത്രത്തില്‍ ഇന്ന് നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഗാന്ധിജിയുടെ ശിബിരസന്ദര്‍ശനത്തിനും നിമിത്തമായത് അപ്പാജി തന്നെയാണ്. കോണ്‍ഗ്രസ് നേതാവ് ശ്രീ. ജംനാലാല്‍ ബജാജിന്റെ വര്‍ധയിലെ സേവാഗ്രാമിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലാണ് ശിബിരം നടന്നത്. 1928-ല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹവും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജംനാലാല്‍ ബജാജും തമ്മിലുള്ള ബന്ധം കാരണമാണ് പ്രസ്തുതശിബിരം നടത്താനുള്ള സ്ഥലം സംഘത്തിന് അനുവദിച്ചു കിട്ടിയത്. 1934 ഡിസംബര്‍ 22നാണ് 1500 പേര്‍ പങ്കെടുത്ത ശിബിരം ആരംഭിച്ചത്. തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിലാണ് മഹാത്മാ ഗാന്ധിജി താമസിച്ചിരുന്നത്. സ്വാഭാവികമായും ശിബിരത്തിലെ കാര്യക്രമങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ശിബിരം സന്ദര്‍ശിക്കാനുള്ള താത്പര്യം പ്രകടമാക്കി ഗാന്ധിജിയുടെ സഹായിയായിരുന്ന ശ്രീ. മഹാദേവ് ദേശായി ജില്ലാ സംഘചാലകനായ അപ്പാജിക്ക് സന്ദേശമയച്ചു. അത്യന്തം സന്തോഷത്തോടെ അപ്പാജി നേരിട്ടുചെന്ന് ഗാന്ധിജിയെ ക്ഷണിച്ചു. ഡിസംബര്‍ 25-ന് രാവിലെ ആറു മണിക്ക് മീരാബെന്‍, മഹാദേവ് ദേശായി, ജംനാലാല്‍ ബജാജ് എന്നിവരോടൊപ്പം ഗാന്ധിജി ശിബിരം സന്ദര്‍ശിച്ചു. ധ്വജാരോഹണത്തിനുശേഷം ധ്വജപ്രണാമം ചെയ്ത ഗാന്ധിജി സ്വയംസേവകരുമായി സംവദിച്ചു. പിറ്റേ ദിവസം വര്‍ധയില്‍ എത്തിയ ഡോക്ടര്‍ജി ഗാന്ധിജിയെ പോയി കാണുകയും ചെയ്തു. അപ്പാജി ജോഷി കോണ്‍ഗ്രസ്സിന്റെ താലൂക്ക് സെക്രട്ടറി ആയിരിക്കെ ജില്ലാ സെക്രട്ടറി ത്രയംബക് റാവു ദേശ്പാണ്‌ഡേ, പ്രസിഡന്റ് ലക്ഷ്മണ്‍റാവു അത്രേ എന്നിവരോടൊപ്പം 1924-ല്‍ ഗാന്ധിജിയെ കണ്ടിരുന്നു.
1936-ല്‍ രാഷ്ട്ര സേവികാസമിതിയുടെ രൂപീകരണം സംബന്ധിച്ച് ഡോക്ടര്‍ജിയും ശ്രീമതി. ലക്ഷ്മീബായി കേള്‍ക്കര്‍ജിയും തമ്മിലുള്ള ചര്‍ച്ച നടന്നതും അപ്പാജിയുടെ വീട്ടില്‍ വെച്ചായിരുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ അവരെ സഹായിക്കാനായി ഡോക്ടര്‍ജി നിയോഗിച്ചതും അപ്പാജിയെ തന്നെയാണ്. ഇന്നത്തെ ഭാഷയില്‍ ആദ്യത്തെ വിവിധക്ഷേത്രത്തിന്റെ പ്രഭാരി (വിവിധ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചില സാഹചര്യങ്ങളില്‍ അവരോട് കൂടിയാലോചനകള്‍ നടത്താനായി നിയോഗിക്കപ്പെടുന്ന സംഘകാര്യകര്‍ത്താവാണ് പ്രഭാരി അഥവാ സമാലോചക്).ഡോക്ടര്‍ജിയുടെ മരണശേഷം അദ്ദേഹത്തോടുള്ള ആദരവും പവിത്രഭക്തിയും അദ്ദേഹത്തിന്റെ സമകാലീനരോടൊക്കെ പ്രകടിപ്പിക്കാന്‍ ഗുരുജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അക്കൂട്ടത്തില്‍ അഗ്രഗണ്യനായിരുന്ന അപ്പാജിയോട് അത്യന്തം ആദരവോടെ മാത്രമേ ഗുരുജി ഇടപെട്ടിരുന്നുള്ളൂ. ഗുരുജിയുമായി ഹൃദ്യമായ ഒരടുപ്പം അപ്പാജിയും കാത്തുസൂക്ഷിച്ചിരുന്നു. 1939-ല്‍ സര്‍കാര്യവാഹായി ചുമതല ഏറ്റെടുത്തശേഷം ഗുരുജി നേരെ സദസ്സിലേയ്ക്ക് ചെന്ന് അപ്പാജിയുടെ കാലുതൊട്ടു വന്ദിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഗുരുജി അദ്ദേഹത്തെ ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണ് കരുതിയിരുന്നതെന്ന് 1961 ഏപ്രില്‍ 2-ന് അദ്ദേഹത്തിനയച്ച ഒരെഴുത്തില്‍ നിന്നും മനസ്സിലാക്കാം. ‘ഈ മനസ്സിന് ശാന്തിയും സാന്ത്വനവും നല്‍കി ആശീര്‍വദിക്കാന്‍ ശ്രേഷ്ഠപുരുഷനും എന്റെ ജ്യേഷ്ഠസഹോദരനുമായ അങ്ങേയ്ക്കാണ് അധികാരമുള്ളത്. ഗുരുജിയെ സര്‍സംഘചാലകനാക്കാനുള്ള തീരുമാനം ചര്‍ച്ച ചെയ്ത സമയത്ത്, ”കൊള്ളാം ഒന്നാന്തരം തീരുമാനം. സ്വന്തം മനസ്സു ജയിച്ചവന് ലോകത്തെ ജയിക്കാന്‍ കഴിയും” എന്നാണ് അപ്പാജി ഡോക്ടര്‍ജിയോടു പറഞ്ഞത്. ‘ഞാന്‍ ഡോക്ടര്‍ജിയുടെ വലംകൈ ആയിരുന്നുവെങ്കില്‍ ഗുരുജി അദ്ദേഹത്തിന്റെ ഹൃദയമായിരുന്നു’വെന്നാണ് അപ്പാജി പിന്നീട് സ്വയംസേവകരോട് പറഞ്ഞത്. അപ്പാജിയുടെ സപ്തതി ആഘോഷവേളയില്‍ ഗുരുജി നാഗ്പൂരിലെ തൃതീയവര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗിലായിരുന്നു. ഗുരുജിയുടെ പ്രകൃതമനുസരിച്ചു സാധാരണഗതിയില്‍ അദ്ദേഹം സംഘശിക്ഷാവര്‍ഗ്ഗിനിടയില്‍ പുറത്തു പോകാറില്ലായിരുന്നു. എന്നാല്‍ 1967 ജൂണ്‍ 6 ന് അദ്ദേഹം അപ്പാജിയുടെ വീട്ടില്‍ ചെന്നു. സംഘചരിത്രത്തില്‍ നിന്നു വേര്‍തിരിച്ചു മാറ്റാനാവാത്ത ജീവിതം നയിച്ച അപ്പാജിക്ക് സംഘത്തില്‍ പേരെടുത്തു പറയാന്‍ സാധിക്കാത്ത ഒരു സ്ഥാനം ഉണ്ടായിരുന്നു. അതേതു സ്ഥാനമായിരുന്നുവെന്ന് അന്നേ ദിവസത്തെ ആശംസാപ്രസംഗത്തില്‍ ഗുരുജി വ്യക്തമാക്കി. ”അപ്പാജി ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ബഹിശ്ചരപ്രാണനായിരുന്നു. സര്‍സംഘചാലകനെ നാമനിര്‍ദേശം ചെയ്യേണ്ട അവസരം വന്നപ്പോള്‍ അപ്പാജിയായിരുന്നു ഡോക്ടര്‍ജിക്ക് ഉപദേശം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് അല്പമെങ്കിലും അഹങ്കാരമുണ്ടായിരുന്നെങ്കില്‍ സ്വയം സര്‍സംഘചാലകാവാന്‍ കഴിയുമായിരുന്നു. സംഘത്തില്‍ ഏതു സ്ഥാനവും കയ്യാളാന്‍ പോകുന്ന ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു”. അപ്പാജിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു ഗുരുജി ഈ വാചകങ്ങള്‍ പറഞ്ഞത്. അദ്ദേഹത്തിന് ലവലേശം അഹങ്കാരമില്ലായിരുന്നു എന്നതിന് വേറെ തെളിവെന്തു വേണം.
1946-ല്‍ ഗുരുജി അപ്പാജിയെ സര്‍കാര്യവാഹായി നിയോഗിച്ചു. 1950 വരെ അദ്ദേഹം സര്‍കാര്യവാഹായി തുടര്‍ന്നു. (ഈ കാലയളവില്‍ സംഘത്തിനു രണ്ടു സര്‍കാര്യവാഹുമാര്‍ ഉണ്ടായിരുന്നു. ഭയ്യാജി ദാണിയായിരുന്നു രണ്ടാമത്തെ സര്‍കാര്യവാഹ്. ബാളാസാഹബ് ദേവറസ്ജിയായിരുന്നു സഹസര്‍കാര്യവാഹ്). സമാനമായ സ്ഥാനമായിരുന്നു അപ്പാജിക്ക് മറ്റു സ്വയംസേവകരുടെ മനസ്സിലും. സര്‍സംഘചാലകന്മാരില്‍ പരംപൂജനീയ എന്ന വിശേഷണം ആദ്യത്തെ രണ്ടുപേരുടെ സംബോധനയ്ക്കുമുമ്പുമാത്രം മതി എന്ന് ചര്‍ച്ചയുണ്ടായി. ഈ സമയത്ത് ദേവറസ്ജിയുടെ സാന്നിധ്യത്തില്‍ കൃത്യമായ ദിശാദര്‍ശനം നല്‍കി ചര്‍ച്ചയ്ക്ക് വിരാമമിട്ടത് അപ്പാജിയായിരുന്നു. പരംപൂജനീയ എന്നത് സര്‍സംഘചാലകനുള്ള വിശേഷണമാണ്, വ്യക്തിക്കല്ല. അതുകൊണ്ട് എല്ലാ സര്‍സംഘചാലകന്‍മാരെയും അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കാം എന്നായിരുന്നു അപ്പാജിയുടെ വീക്ഷണം. യഥാര്‍ത്ഥത്തില്‍ ഇത് ഗുരുജിയുടെ വീക്ഷണമായിരുന്നു. ഗുരുജി എഴുതിയ മൂന്നു കത്തുകളില്‍ ആദ്യത്തേതിലായിരുന്നു ബാളാസാഹബ് ദേവറസ്ജി സര്‍സംഘചാലകനായി പ്രവര്‍ത്തിക്കുമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. നാലു ഖണ്ഡികകള്‍ ഉള്ള ആ കത്തില്‍ മൂന്നാമത്തെ ഖണ്ഡികയിലാണ് ദേവറസ്ജിയുടെ സ്ഥാനാരോഹണപ്രഖ്യാപനം. ഗുരുജിയുടെ അനുഗൃഹീതമായ നിര്‍മമത്വം അതിന്റെ പാരമ്യതയിലെത്തിയ വാക്കുകളാണ് തൊട്ടടുത്ത ഖണ്ഡികയില്‍ കാണുക. അവിടെയദ്ദേഹം ഈ കത്തെഴുതിയതു മുതല്‍ സര്‍സംഘചാലകസ്ഥാനം വിട്ടൊഴിയുന്നതായി കാണാം. ഒപ്പം തൊട്ടടുത്ത സര്‍സംഘചാലകനെ പരംപൂജനീയ സര്‍സംഘചാലക് എന്ന് വിശേഷിപ്പിക്കുന്നതും കാണാം. ഇക്കാര്യമാണ് പ്രസ്തുത ചര്‍ച്ചയില്‍ ഗുരുജിയുടെ മരണാനന്തരം അപ്പാജി വിവരിച്ചത്. ഡോക്ടര്‍ജിയുടേതെന്നപോലെ ഗുരുജിയുടെ മനസ്സു വായിക്കാനും അപ്പാജിക്ക് സാധിച്ചുവെന്നത് ആ ജന്മത്തിന്റെ ചാരിതാര്‍ത്ഥ്യം. തന്റെ പ്രചാരക ജീവിതത്തിനിടയില്‍ ഒരു സമയത്ത് ശ്രീ. ദാദാറാവു പരമാര്‍ത്ഥ് പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ആശ്രമത്തിലായിരുന്ന അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്ന ബാബാസാഹബ് ആപ്‌ടെജി രോഗശയ്യയില്‍ വെച്ച് ഈ കാര്യത്തിനായി നിയോഗിച്ചത് അപ്പാജിയെയാണ്. ഗുരുജിയുമായി സംസാരിച്ചതിനു ശേഷം അപ്പാജി ദാദാറാവുവിന് കത്തെഴുതി. അപ്പാജിയുടെ കത്ത് കിട്ടിയ ഉടനെ സര്‍വതും മറന്ന ദാദാറാവു പൂണെയിലെത്തി അപ്പാജിയെ കണ്ടു. ദീര്‍ഘകാലത്തിനു ശേഷം പ്രിയപ്പെട്ട ഒരാളെ കണ്ടപ്പോള്‍ അപ്പാജിയുടെ മുന്നില്‍ ദാദാജിയുടെ കണ്ണുനിറഞ്ഞു.
ആദ്യത്തെ മൂന്നു പൂജനീയ സര്‍സംഘചാലകന്മാരുടെയും സ്ഥാനാരോഹണത്തിനു സാക്ഷ്യം വഹിക്കാന്‍ അപ്പാജിയെപ്പോലെ മറ്റുപലര്‍ക്കും സാധിച്ചിട്ടുണ്ടെങ്കിലും അവര്‍ മൂവരോടുമൊപ്പം ജയില്‍വാസമനുഭവിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. വനസത്യഗ്രഹത്തില്‍ ഡോക്ടര്‍ജിയും, ആദ്യനിരോധന സമയത്ത് ഗുരുജിയും ജയിലില്‍ ആയിരുന്നപ്പോള്‍ അതേ സെല്ലില്‍ തന്നെ അപ്പാജിയും കൂടെ ഉണ്ടായിരുന്നു. അല്പം മാറിയാണെങ്കിലും അടിയന്തരാവസ്ഥയില്‍ ദേവറസ്ജി ജയിലിലായിരുന്ന കാലയളവില്‍ അപ്പാജിയും ജയിലില്‍ തന്നെയായിരുന്നു. ഇവര്‍ മൂന്നു പേരെയും അനൗദ്യോഗികമായി സര്‍സംഘചാലകനായി പ്രഖ്യാപിച്ചതും ഇദ്ദേഹം തന്നെ. സംഘസംസ്ഥാപകന്റെ നിഴലായിരുന്ന അപ്പാജിക്ക് അത്യപൂര്‍വ്വങ്ങളായ ഇത്തരം നിരവധി സൗഭാഗ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നുവെച്ച് സൗഭാഗ്യങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ട് മാത്രമല്ല അദ്ദേഹം ജീവിതവിജയം നേടിയത്. അന്തിമ വിജയത്തിലെത്തിയത് കഠിന പ്രയത്‌നങ്ങള്‍കൊണ്ടാണ്. സ്വാതന്ത്ര്യസമരപെന്‍ഷന്‍ നിരാകരിച്ചതും, ദേവറസ്ജിയുടെ സാന്നിധ്യത്തില്‍ സംഘപ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശനം നല്കിയതും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ തെളിമയാണെങ്കില്‍ നാഗ്പൂര്‍-വര്‍ധ നിത്യയാത്രയും പ്രായത്തെ വെല്ലുന്ന പ്രവാസങ്ങളും കഠിനപ്രയത്‌നത്തിന്റെ മഹിമയാണ്. കടുത്ത രോഗാവസ്ഥയില്‍ ആരെയും കൂസാതെ യാത്ര ചെയ്തിരുന്ന അദ്ദേഹത്തോട് പ്രവാസം വെട്ടിക്കുറയ്ക്കാന്‍വേണ്ടി ഗുരുജി കത്തെഴുതി ആവശ്യപ്പെടുകയായിരുന്നു. ‘സിംഹത്തോട് വേട്ടയാടരുത് എന്ന് പറയുന്നത് പോലെയാണ് അങ്ങയോടു യാത്ര ചെയ്യരുത് എന്നാവശ്യപ്പെടുന്നത്’ എന്നായിരുന്നു ഗുരുജി എഴുതിയത്. പ്രാന്തസംഘചാലകായിരിക്കെ അസുഖത്തെ അവഗണിച്ച് ദാമണ്‍ഗാവില്‍ നിശ്ചയിച്ചിരുന്ന വര്‍ധ ജില്ലയുടെ സാംഘിക്കില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ജില്ലാ സംഘചാലകനായിരുന്ന ഗോപാല്‍റാവു ദേശ്മുഖ് അദ്ദേഹത്തോട് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് നിര്‍ദേശിച്ചു. അദ്ദേഹമാവട്ടെ ആ നിര്‍ദ്ദേശം ലംഘിച്ചില്ലെങ്കിലും യവത്മാളിലെ മറ്റൊരു സംഘപരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കൃതാര്‍ത്ഥനായി. അടിയന്തരാവസ്ഥ കാലത്ത് ആചാര്യ വിനോബാഭാവേയെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ‘രാമനാമം ജപിച്ചു വീട്ടില്‍ ഇരിക്കേണ്ട ഈ സമയത്ത് സത്യഗ്രഹത്തിന് പോകണോ?’ എന്നദ്ദേഹം ചോദിച്ചപ്പോള്‍, ‘അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷമേ ഇനി താന്‍ രാമനാമം ജപിക്കൂ’ എന്നായിരുന്നു അപ്പാജിയുടെ മറുപടി. വൃദ്ധനായത് കാരണം ആദ്യം അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നില്ല. അതിലദ്ദേഹം വളരെ വിഷമിച്ചിരുന്നു. പിന്നീട് സത്യഗ്രഹത്തില്‍ പങ്കെടുത്തു അറസ്റ്റു വരിക്കാന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരുപാട് സന്തോഷിച്ചു. ജയിലില്‍ വെച്ച് പരോള്‍ അനുവദിച്ചിരുന്നെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. ചെറുപ്പകാലത്ത് തന്നെ ദേശീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടങ്ങിയ അദ്ദേഹം സംഘചുമതലകള്‍ക്ക് പുറമേ കോണ്‍ഗ്രസ്സിന്റെ വര്‍ധാജില്ലയുടെയും അന്നത്തെ മധ്യഭാരത സംസ്ഥാനത്തിന്റെയും ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1928 ലെ കല്‍ക്കത്താസമ്മേളനത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അദ്ദേഹം പങ്കെടുത്തു. അവിടെവെച്ച് അദ്ദേഹം നേതാജി സുഭാഷ് ചന്ദ്രബോസിനെ കണ്ട് കോണ്‍ഗ്രസിന്റെ ചില പ്രവര്‍ത്തനങ്ങളിലെ അതൃപ്തി അറിയിച്ചിരുന്നു. നിരവധി വര്‍ഷം വര്‍ധ നഗരസഭാംഗമായും പിന്നീട് ജില്ലാ പഞ്ചായത്ത് അംഗമായും അപ്പാജി പ്രവര്‍ത്തിച്ചു. സംഘത്തിന്റെ സര്‍കാര്യവാഹ് ചുമതല ഏല്‍ക്കുന്നതിനു മുമ്പും ശേഷവും അദ്ദേഹം വര്‍ധ ജില്ലയുടെ സംഘചാലകായിരുന്നു, 32 വര്‍ഷം. 1961 മുതല്‍ മരണംവരെ അദ്ദേഹം വിദര്‍ഭ പ്രാന്തത്തിന്റെ സംഘചാലകായിരുന്നു. മരണത്തിന് ഒരാഴ്ചമുമ്പ് മംഗലാപുരത്തുള്ള മംഗളാദേവിയെന്ന കുലദേവതയെ കണ്ട് തൊഴുതുവന്നു. തൊട്ടടുത്ത ദിവസം ദാമണ്‍ഗാവിലെ ഒരു ബൈഠക്കില്‍ പങ്കെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ദേവറസ്ജിയെ അതേ ആഴ്ച തന്നെ സന്ദര്‍ശിച്ചു. നാഗ്പൂരില്‍ പോയി അടുത്ത സുഹൃത്തുക്കളെയും സ്വയംസേവകരെയും പ്രാന്തസഹസംഘചാലക് ബാപ്പുറാവു വറാഡ്പാണ്ഡേയെയും അങ്ങോട്ട് ചെന്നു കണ്ട് ഒരര്‍ത്ഥത്തില്‍ യാത്ര പറഞ്ഞു. അവസാനത്തെ ആഴ്ചയില്‍ അദ്ദേഹത്തിന്റെ പ്രവാസം ഇപ്രകാരമായിരുന്നു. അവസാനശ്വാസം വരെ അക്ഷരാര്‍ത്ഥത്തില്‍ സംഘപഥത്തില്‍ സജീവമായിരുന്ന അദ്ദേഹം 1979 ഡിസംബര്‍ 21 ന് ദേഹവിയോഗം ചെയ്തു.