ശ്ലോകം: 11-
‘മഹത: പരമവ്യക്ത-
മവ്യക്താത് പുരുഷ: പര:
പുരുഷാന്ന പരം കിഞ്ചിത്
സാ കാഷ്ഠാ സാ പരാഗതി:’
മഹത്ത്വത്തേക്കാള്‍ അവ്യക്തം അഥവാ മൂല പ്രകൃതി ശ്രേഷ്ഠമാകുന്നു. അവ്യക്തത്തേക്കാള്‍ പുരുഷന്‍ ശ്രേഷ്ഠനാകുന്നു. പുരുഷനേക്കാള്‍ മഹത്തായിട്ട് ഒന്നുമില്ല. അത് അങ്ങേ അറ്റമാണ്. അതാണ് ഉത്കൃഷ്ടമായ പ്രാപ്യസ്ഥാനം.
നാം കാണുന്ന ബാഹ്യ പ്രപഞ്ചത്തിന്റെ (ഹിരണ്യഗര്‍ഭന്‍) മൂലതത്ത്വമാണ് ശ്രേഷ്ഠം. ഈ മൂലപ്രകൃതിയേക്കാള്‍ ശ്രേഷ്ഠമാണ് പരമപുരുഷന്‍. ഇതിനേക്കാള്‍ ശ്രേഷ്ഠനായിട്ട് ഒന്നുമില്ല. അതാണ് എല്ലാത്തിന്റെയും കാരണവും പ്രാപ്യസ്ഥാനവും.
മനുഷ്യന്റെ ശരീരം തന്നെ നോക്കുക, അതിനേക്കാള്‍ ശ്രേഷ്ഠമാണ് പ്രാണന്‍. അതിനേക്കാള്‍ മഹത്താണ് ആത്മാവ്. ഈ ആത്മാവ് പരമാത്മാവ് തന്നെയാണ്. അതാണ് ജീവന്റെ ഉല്‍പ്പത്തി സ്ഥാനവും പ്രാപ്യസ്ഥാനവും.
‘ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യ: പരം മന: മനസസ്തു പരാ ബുദ്ധിര്‍ യോ ബുദ്ധേ : പരതസ്തു:’ (ഗീത – 3 :42 ) എന്ന ഭാഗം സമാനമാണ് എന്നും ഓര്‍ക്കാം.
ശ്ലോകം :- 12
‘ഏഷ സര്‍വേഷു ഭൂതേഷു
ഗൂഢോത്മാ ന പ്രകാശേ തേ
ദൃശ്യതേ ത്വഗ്ര്യയാ ബുദ്ധ്യാ
സൂക്ഷ്മയാ സൂക്ഷ്മദര്‍ശിഭി :’
=എല്ലാ ഭൂതങ്ങളിലും ഗൂഢമായിരിക്കുന്ന ഈ ആത്മാവ് ആര്‍ക്കും വെളിപ്പെടുന്നില്ല. എന്നാല്‍ സൂക്ഷ്മദര്‍ശികളാല്‍ ഏകാഗ്രവും സൂക്ഷ്മവും ആയ ബുദ്ധികൊണ്ട് അതിനെ കണ്ടെത്തുന്നു.
മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ കഴിവ് ആത്മനെ സ്വയം അറിയാന്‍ സാധിക്കും എന്നതാണ്. ‘ബ്രഹ്മാവലോക ധിഷണ’ എന്നാണ് വേദാന്തം ഈ കഴിവിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യന്‍ അഷ്ടാംഗ മാര്‍ഗ്ഗത്തിലൂടെ ധ്യാനനിരതമായി ശ്രമിച്ചാല്‍ മാത്രമേ പരമാത്മ ചൈതന്യത്തെ മനസ്സിലാക്കാന്‍ പറ്റൂ.
മനുഷ്യരുടെ ചിന്ത, വികാരം എന്നിവ ഇന്നും ശാസ്ത്രത്തിന് അളക്കാന്‍ കഴിയാത്തതുപോലെ, തന്റെ അതീന്ദ്രിയമായ ജ്ഞാനം കൊണ്ട് മാത്രം നേടാവുന്ന ബ്രഹ്മജ്ഞാനം മറ്റൊരാള്‍ക്ക് സുവ്യക്തമാക്കിക്കൊടുക്കാന്‍ പറ്റില്ല.
പ്രകൃതിയില്‍ പലജീവികള്‍ക്കും പലതരത്തിലുള്ള കഴിവുകള്‍ ഉണ്ട്. അവ യാദൃച്ഛികമായി നാം അറിയുമ്പോള്‍ ഉപയോഗപ്പെടുത്താറുമുണ്ട്. പക്ഷെ ആ കഴിവിനെ യന്ത്രങ്ങളുടെ സഹായത്തോടെ കണ്ടെത്താന്‍ സാധിക്കില്ല. അതിനേക്കാള്‍ നിഗൂഢമാണ് മനുഷ്യന്റെ അതിബോധമനസ്സിന്റെ കഴിവ്. ധ്യാനത്തിലൂടെ, സാധനയിലൂടെ, ഉപാസനയിലൂടെ മാത്രമേ ആ കഴിവ് വളര്‍ത്താന്‍ സാധിക്കൂ. അതിലൂടെ മാത്രമേ ബ്രഹ്മജ്ഞാനം നേടാന്‍ പറ്റൂ.
ശ്ലോകം: 13-
‘യച്ഛേദ് വാങ് മനസീ പ്രാജ്ഞ-
സ്തദ്യച്ഛേജ് ജ്ഞാന ആത്മനി
ജ്ഞാനമാത്മനി മഹതി നിയച്ചേ –
ത്തം യച്ഛേച്ഛാന്ത ആത്മനി’
= വിവേകി വാക്കിനെ മനസ്സാല്‍ നിയന്ത്രിക്കണം. അതിനെ (മനസ്സിനെ) ബുദ്ധിയാല്‍ നിയന്ത്രിക്കണം. പ്രകാശസ്വരൂപമായ ആത്മാവില്‍ ബുദ്ധിയെ ഉറപ്പിക്കണം, ഈ ജീവാത്മ തത്ത്വത്തെ (പ്രാണനെ) പരമാത്മാവില്‍ ഉറപ്പിക്കണം.
ശരീരവും ഇന്ദ്രിയങ്ങളും (നോക്കും വാക്കും കേള്‍വിയും പ്രാണശക്തിയും സ്പര്‍ശനവും ) മാത്രമല്ല മനുഷ്യന്‍, അതിനപ്പുറത്ത് പ്രാണനും ആത്മാവുമുണ്ട്. ആത്മാവിലാണ് എല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഉള്‍ക്കടലില്‍ നിന്ന് മര്‍ദ്ദം ഉടലെടുക്കുന്നതു പോലെ, സൂര്യന്റെ കേന്ദ്രത്തില്‍ നിന്ന് രശ്മികള്‍ ഉടലെടുക്കുന്നതു പോലെ ആത്മനില്‍ നിന്നാണ് എല്ലാം ഉടലെടുക്കുന്നത്. ആ പരമാത്മ തത്ത്വത്തിലേക്ക് ഉള്‍വലിഞ്ഞ് ഏകാഗ്രമാവണം.
ശ്ലോകം: 14 –
‘ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യ വരാന്‍ നിബോധത
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ്ഗം പഥസ്തത് കയോ വദന്തി’
=എഴുനേല്‍ക്കൂ… ഉണരൂ… ശ്രേഷ്ഠരായ ആചാര്യന്‍മാരെ സമീപിച്ച് അറിവ് നേടൂ. കത്തിയുടെ മൂര്‍ച്ചയുള്ള വായ്ത്തലയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടാണ്. അപ്രകാരമാണ് ബ്രഹ്മപദത്തിലേക്കുള്ള യാത്ര എന്ന് വിദ്വാന്‍മാര്‍ പറയുന്നു.
ഈ വരികള്‍ ഏതൊരു ഭാരതീയനും പരിചിതമാണ്. ഇതിന്റെ പൊരുള്‍ ചിന്തിക്കുകയാണ് ഇനി ആവശ്യം. മാനസികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ശരിയായ അറിവില്ലായ്മയാണ് ജീവിതത്തിന്റെ അര്‍ത്ഥമെന്ത് എന്ന് തിരിച്ചറിയാന്‍ ഇന്നും മനുഷ്യര്‍ക്ക് സാധിക്കാത്തത് എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ശരിയായ മാര്‍ഗ്ഗം സദ്ഗുരുവില്‍ നിന്ന് വഴിയറിഞ്ഞ് സാധനാ മാര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുക എന്നതാണ്.
ഭഗവാന്‍ കൃഷ്ണന്‍ തുടങ്ങി മഹാനായ ശിവജിയും നമ്മുടെ പൂര്‍വ്വികരുമെല്ലാം ഗുരുക്കന്‍മാരുടെ അധ്യാത്മിക നിര്‍ദ്ദേശാനുശാസനങ്ങള്‍ സ്വീകരിച്ചാണ് ജീവിച്ചിരുന്നത്. ഈ മാര്‍ഗ്ഗം നാം പുനരാനയിച്ചേ തീരൂ. അധ്യാത്മികതയില്‍ അടിയുറച്ച ഭൗതിക വിജ്ഞാനത്തിനേ ശാശ്വതമായ ലക്ഷ്യത്തില്‍ നമ്മെ കൊണ്ടെത്തിക്കാന്‍ പറ്റൂ ശാസ്ത്രജ്ഞനായ ഐന്‍സ്റ്റീന്‍ പറയുന്നു: ‘ശാസ്ത്രീയമല്ലാത്ത മതം അന്ധതയും ആധ്യാത്മികമല്ലാത്ത ശാസ്ത്രം മുടന്തനു’മാണെന്ന്.
‘സമുത്കര്‍ഷ നി:ശ്രേയസസൈകമുഗ്രം,
പരം സാധനന്നാമ വീരവ്രതം’-
എന്ന വരികളില്‍ ഇത് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
ശ്ലോകം: 15
‘അശബ്ദമസ്പര്‍ശമരൂപമവ്യയം
തഥാരസം നിത്യമഗന്ധ വച്ച യത്
അനാദ്യനന്തം മഹത: പരം ധ്രുവം
നിചായ്യ തന്‍ മൃത്യു മുഖാത് പ്രമുച്യതേ’
= യാതൊന്ന് ശബ്ദമില്ലാത്തതും സ്പര്‍ശമില്ലാത്തതും രൂപമില്ലാത്തതും നാശമില്ലാത്തതും രസമില്ലാത്തതും ഗന്ധമില്ലാത്തതും ആദിയും അന്തവും ഇല്ലാത്തതും മഹത്തത്ത്വത്തില്‍ നിന്ന് പരമമായിട്ടുള്ളതും വികാരരഹിതവും (മാറ്റം ഇല്ലാത്ത) ആകുന്നുവോ, അതിനെ അറിഞ്ഞിട്ട് മരണത്തെ ജയിക്കുക. (മരണത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെടുക )
ബ്രഹ്മ ചൈതന്യത്തിന് യാതൊരുവിധ രൂപമോ ഗുണമോ ഇല്ല. നിര്‍ഗുണത്വമാണ് അതിന്റെ പ്രത്യേകത, ആ സത്യമാണ് ഇക്കാണുന്ന പ്രപഞ്ചത്തിന് ആധാരം. അതിനെ അറിഞ്ഞാല്‍ മരണഭയംപോലും ഇല്ലാതാവും. മരണം എന്ന ചിന്തതന്നെ വ്യര്‍ത്ഥമാണെന്ന് മനസ്സിലാവും.
ശ്ലോകം: 16-
‘നാചികേതമുപാഖ്യാനം
മൃത്യു പ്രോക്തം സനാതനം
ഉക്ത്വാ ശ്രുത്വാചേ ധാവീ
ബ്രഹ്മേ ലോകേ മഹീയതേ’
=യമധര്‍മ്മനാല്‍ പറയപ്പെട്ടതും, സനാതനവും, നചികേതസ്സിനെ സംബന്ധിച്ചതുമായ ഈ ഉപാഖ്യാനം പറഞ്ഞിട്ടും കേട്ടിട്ടും ബുദ്ധിമാന്‍ ബ്രഹ്മലോകത്തില്‍ പൂജ്യനായിത്തീരുന്നു.
ഇത്രയും കാര്യങ്ങള്‍ യമനും നചികേതസും തമ്മില്‍ ചര്‍ച്ച ചെയ്തത് കേള്‍ക്കുകയോ പറയുകയോ ചെയ്യുന്നവര്‍ക്കുപോലും ശാന്തിയും സമാധാനവും ഉണ്ടാവും. മരണാദി ഭയങ്ങള്‍ ഒഴിഞ്ഞാല്‍ത്തന്നെ നാം മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാത്തവരായി മാറും എന്നതാണ്.
ശ്ലോകം: 17
‘യ ഇമം പരമം ഗുഹ്യം ശ്രാവയേദ് ബ്രഹ്മ സംസദി പ്രയത:
ശ്രാദ്ധ കാലേവാ തദാനന്ത്യായ കല്‍പ്പതേ, തദാനന്ത്യായ കല്പത ഇതി’
=ആരാണോ പരിശുദ്ധനായിട്ട് ഉദാത്തവും രഹസ്യവുമായ ഈ തത്ത്വം ബ്രാഹ്മണ സദസ്സിലോ ശ്രാദ്ധകാലത്തിലോ കേള്‍പ്പിക്കുന്നത് അവന് അത് അനന്ത ഫലത്തിന് ശക്തിയേക്കും.
ഈ ബ്രഹ്മ തത്ത്വവും മരണരഹസ്യവും അറിവും ശ്രദ്ധയുമുള്ളവരുടെ സദസ്സിലോ, മരണാനന്തരചടങ്ങും മറ്റുമായിട്ടുള്ള സ്ഥലത്തോ വിശദീകരിക്കുന്നവന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഫലമാണ് ഉണ്ടാവുക.
ജനനം -രോഗം – മരണം – ജാതി – മതം – വര്‍ഗ്ഗം – നിറം – സമ്പത്ത് – ലിംഗവ്യത്യാസം – മനുഷ്യ-മൃഗ – പക്ഷി – വൃക്ഷലതാദികള്‍, സ്ഥാനമാനങ്ങള്‍ -ഭൗതിക സുഖങ്ങള്‍ എന്നിവയെല്ലാം വ്യര്‍ത്ഥമാണ് എന്നും, കാമ -ക്രോധാദി കാര്യങ്ങള്‍ക്ക് അടിപ്പെട്ട് അധമമായ പ്രവൃത്തികള്‍ ചെയ്യുന്നത് വിഡ്ഢിത്തമാണ് എന്നും ലോകത്തെ ധരിപ്പിക്കണം എന്നര്‍ത്ഥം. ഇന്ന് നമുക്കിടയില്‍ നടമാടുന്ന അന്ധമായ മതഭീകരതകളും, അന്യമതത്തെ നശിപ്പിച്ചാലോ അവരെ പരിവര്‍ത്തനം ചെയ്താലോ സ്വര്‍ഗ്ഗം കിട്ടും എന്നും മറ്റുമുള്ള ചിന്തകളും ഇല്ലാതാക്കാനാണ് ബ്രഹ്മ തത്ത്വ ബോധത്തെ ഉപയോഗിക്കേണ്ടത് എന്നര്‍ത്ഥം.
ഭാരതത്തിലെ ഋഷിവര്യന്‍മാര്‍ സാര്‍വ്വലൗകികവും സാര്‍വ്വകാലികവുമായ സനാതന തത്ത്വം എന്തിന് വേണ്ടി പ്രചരിപ്പിച്ചു എന്ന് ഇതില്‍ നിന്ന് വ്യക്തമാവും.
(തുടരും)