ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഇടയ്ക്കിടയ്ക്ക് ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നല്ലാതെ വലിയ പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ കടന്നു പോയിരുന്നു.എന്നാലിപ്പോള്‍, മുഖാമുഖമുള്ള ഒരു ഏറ്റുമുട്ടലിലാണ് ഇരു രാഷ്ട്രങ്ങളും. ഇപ്പോള്‍ നടന്ന ഈ രൂക്ഷമായ സംഘര്‍ഷത്തിന് ഒരു കാരണമുണ്ട്. ഏതാനും ആഴ്ചകള്‍ മുമ്പ് പഴയ ജെറുസലേം നഗരത്തിനു സമീപമുള്ള ഷേഖ് ജാറ മേഖലയിലെ പലസ്തീനി കുടുംബങ്ങളെ ഇസ്രയേല്‍ ഒഴിപ്പിക്കുകയുണ്ടായി. അതിന് തക്കതായ കാരണവും ഉണ്ടായിരുന്നു. വി.റമദാന്‍ മാസത്തില്‍ ഏറ്റവുമധികം കലാപങ്ങള്‍ നടക്കുന്ന സ്ഥലമായിരുന്നു പഴയ ജറുസലേം നഗരം. അതിന്റെ സൂത്രധാരന്മാരായ പാമ്പും പഴുതാരയുമെല്ലാം നഗരത്തിന്റെ അതിര്‍ത്തി ഗ്രാമമായ ഷേക്ക് ജാറയിലായിരുന്നു തമ്പടിച്ചിരുന്നത്. ഇസ്രായേല്‍ പൗരത്വം വാഗ്ദാനം ചെയ്തിട്ടും അത് നിഷേധിച്ച പലസ്തീനികളായിരുന്നു ഇവിടെ താമസിച്ചിരുന്നവരില്‍ മിക്കവരും. നിയമപരമായി കെട്ടിടങ്ങളെ ഉടമസ്ഥര്‍ വലതുപക്ഷ ജൂതരാണ് എന്നത് നിയമപരമായും ഇസ്രായേലിന്റെ നീക്കത്തിന് പിന്‍ബലമേകി.
എന്നാല്‍, ഇതിനെ ഹമാസ് അതിശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. ഹമാസ് മിലിറ്ററി വിംഗ് കമാന്‍ഡര്‍-ഇന്‍-ചീഫ് മുഹമ്മദ് ദീഫ്, ‘ ഷേഖ് ജാറയിലെ പലസ്തീനികളെ ഒഴിപ്പിക്കുന്നതിന് ഇസ്രായേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന്’ ഭീഷണി മുഴക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ഇസ്രായേലിലെ കൃഷി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഗാസയില്‍ നിന്നും ഹമാസ് ഭീകരര്‍ തീകൊളുത്തിയ ബലൂണുകള്‍ പറത്തി വിട്ടു. ഇതോടൊപ്പം അസംഖ്യം റോക്കറ്റുകളും ഇസ്രയേല്‍ ലക്ഷ്യമാക്കി തൊടുത്തു വിട്ടു. ജെറുസലേം ദിനാഘോഷത്തിന്റെ സമയമായതിനാല്‍ പ്രതിരോധത്തില്‍ ഊന്നിയ നയമായിരുന്നു ഇസ്രയേലി സൈന്യം സ്വീകരിച്ചത്.
പഴയ ജറുസലേം നഗരത്തിലേക്കുള്ള ഷേഖ് ജാറയിലെ പലസ്തീനികളുടെ പ്രവേശന മാര്‍ഗ്ഗമായിരുന്നു ഡമാസ്‌കസ് ഗേറ്റ്. അതു കൊണ്ട് തന്നെ, ഇവിടെയായിരുന്നു ഏറ്റവുമധികം കലാപങ്ങളും ആക്രമണങ്ങളും നടന്നിരുന്നത്.2016-ല്‍ മാത്രം പതിനഞ്ചിലധികം ആക്രമണങ്ങള്‍ നടന്ന ഡമസ്‌കസ് ഗേറ്റിനെ വാഷിംഗ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചത് ‘പുരാതന ജെറുസലേമിലെ ആധുനിക കലാപത്തിന്റെ ഹൃദയം’ എന്നാണ്. ജെറുസലേം പള്ളിയിലേക്കുള്ള ആരാധകരെയും കച്ചവടക്കാരെയും സാധാരണ ജനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായ ഡമാസ്‌കസ് ഗേറ്റ് സ്ഥിരമായി അടച്ചിടുകയെന്നത് തികച്ചും അപ്രായോഗികമായിരുന്നതിനാല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമല്ലാതെ ഇസ്രായേലിന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. ഗേറ്റില്‍ വര്‍ഷം മുഴുവന്‍ പ്രശ്‌നങ്ങളാണെങ്കിലും റമദാന്‍ മാസത്തില്‍ ഇസ്ലാമിന് നേരെയുണ്ടാകുന്ന പ്രത്യാക്രമണങ്ങളെ പോലും ആക്രമണമായി വിശേഷിപ്പിക്കും എന്നറിയാവുന്ന ഹമാസ് ആ പുണ്യമാസത്തിലാണ് ഏറ്റവുമധികം ആക്രമണങ്ങള്‍ നടത്തിയിരുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് ഈ മേഖലയില്‍ തന്റെ വളര്‍ത്തു നായയുമായി നടന്നു പോവുകയായിരുന്നു ഏലി റോസനെന്ന ജൂത യുവാവ്. പെട്ടെന്നായിരുന്നു ഒരു സംഘം പലസ്തീനികള്‍ അയാളെ വളഞ്ഞത്. റോസന് പ്രതികരിക്കാന്‍ അവസരം കെട്ടുന്നതിനു മുന്‍പ് തന്നെ ജനക്കൂട്ടം ആക്രമണം തുടങ്ങി. മൃഗീയമായി മര്‍ദ്ദനത്തില്‍ റോസന്റെ കാലിന്റെ ഞെരിയാണി തകര്‍ന്നു, നട്ടെല്ലിന് മൂന്ന് സ്ഥലത്ത് പരിക്കേറ്റു, തലയില്‍ മാരകമായി മുറിവേറ്റു. ഞൊണ്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആ പാവത്തിനെ ഷോപ്പിംഗ് ട്രോളി വീശിയെറിഞ്ഞാണ് വീഴ്ത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പിന്നീട് പോലീസിനോടു പറഞ്ഞു.
അന്ധമായ ജൂതവിരോധം വെച്ചുപുലര്‍ത്തുന്ന പലസ്തീനികള്‍ തങ്ങള്‍ക്ക് മേല്‍ക്കൈയുള്ള മേഖലകളില്‍ വെച്ച് ജൂതരെ ആക്രമിക്കുക പതിവായിരുന്നു. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഷേഖ് ജാറയും ഡമസ്‌കസ് ഗേറ്റിനടുത്തെ ശമുവേല്‍ ഹനാവിയും. എന്തിനധികം, ഈ മേഖലയിലൂടെ വിലാപമതിലില്‍ പ്രാര്‍ത്ഥന അര്‍പ്പിക്കാന്‍ പോകുന്ന ജൂതന്മാര്‍ക്ക് പോലും രക്ഷയില്ലായിരുന്നു.
ഇസ്രയേല്‍ ഭരണകൂടം ഇതിനൊരു അറുതി വരുത്താന്‍ തന്നെ തീരുമാനിച്ചു. തുടര്‍ന്ന്, ഷെയ്ഖ് ജാറയിലുള്ള സംശയാസ്പദമായ ഫലസ്തീനി കുടുംബങ്ങളെ ഇസ്രായേലി പോലീസ് ഒഴിപ്പിച്ചു തുടങ്ങി. റമദാന്‍ മാസം തീരുന്നതു വരെ ഡമസ്‌കസ് ഗേറ്റിലൂടെയുള്ള പ്രവേശനം അവര്‍ നിരോധിക്കുകയും ചെയ്തു.
1967-ല്‍,കിഴക്കന്‍ ജറുസലേം നഗരം ജോര്‍ദാന്‍ ഭരണത്തില്‍ നിന്നും ഇസ്രായേല്‍ പിടിച്ചടക്കി. 1947-ല്‍ പിടിച്ചടക്കപ്പെട്ട പടിഞ്ഞാറന്‍ ജെറുസലേമിനോട് അത് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അന്നു മുതല്‍, ഏകീകൃത ജെറുസലേം സ്ഥാപിക്കപ്പെട്ട ദിവസം ജെറുസലേം ദിനമായി ജൂതന്മാര്‍ ആഘോഷിച്ചു വരുന്നു. ആഘോഷ ദിനം ഹീബ്രു കലണ്ടര്‍ പ്രകാരം കണക്കു കൂട്ടുന്നതിനാല്‍ ഓരോ വര്‍ഷവും വ്യത്യസ്ത തീയതികളിലായിരിക്കും ജൂതന്മാര്‍ ജറുസലേം ദിനം കൊണ്ടാടുക.
ഈ വര്‍ഷത്തെ ജറുസലേം ദിനാഘോഷവും ഗംഭീരമായി നടത്താനായിരുന്നു ഇസ്രായേല്‍ ജനതയുടെ തീരുമാനം. മെയ് 9 മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളില്‍ ഏറ്റവും പ്രധാന ഇനമായിരുന്നു ഫ്‌ലാഗ് മാര്‍ച്ച്. ദാവീദിന്റെ നീല നക്ഷത്രം അടയാളമായ ഇസ്രായേലിന്റെ ദേശീയ പതാകയേന്തി ആയിരക്കണക്കിന് ജനങ്ങള്‍ മാര്‍ച്ച് നടത്തുന്നത് കാണേണ്ട ഒരു ചടങ്ങു തന്നെയാണ്. എന്നാല്‍, ഇക്കൊല്ലം, ഇസ്രായേലി ആഭ്യന്തര ചാരസംഘടനയായ ഷിന്‍-ബെതും മൊസാദും നല്‍കിയ മുന്നറിയിപ്പ് പ്രകാരം ഡമാസ്‌കസ് ഗേറ്റിലെ മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിലൂടെയുള്ള മാര്‍ച്ച് അവസാന നിമിഷം റൂട്ട് മാറ്റി വിട്ടു.1967-ലെ യുദ്ധത്തില്‍, കിഴക്കന്‍ ജെറുസലേം പിടിച്ചെടുത്ത സ്മരണയില്‍ ആഘോഷിക്കുന്ന ജറുസലേം ദിനത്തെ ഒരു പ്രകോപനമായത് പലസ്തീനികള്‍ കണ്ടത്. ഇതിനിടെ, ഷേഖ് ജാറയില്‍ നിന്നും ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിനെതിരെ കൊടുത്ത ഹര്‍ജിയില്‍ വിധി പറയുന്നത് ഇസ്രായേലി സുപ്രീം കോടതി മാറ്റി വച്ചു. തിങ്കളാഴ്ച പ്രഖ്യാപിക്കാനിരുന്ന വിധിനിര്‍ണയം മാറ്റി വെച്ചതോടെ പലസ്തീനികള്‍ അക്രമാസക്തരായി.
ജെറുസലേം നഗരത്തിലുടനീളം ജൂതര്‍ക്കെതിരെ ഒറ്റപ്പെട്ട അക്രമങ്ങള്‍ നടന്നു കൊണ്ടിരുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലൊക്കെ വലതുപക്ഷ ജൂതര്‍ തിരിച്ചടിച്ചു തുടങ്ങി. വലിയ കുഴപ്പമില്ലാതെ പൊയ്‌ക്കൊണ്ടിരുന്നത് റമദാന്‍ മാസത്തിലെ ആദ്യ ആഴ്ചകള്‍ ടെമ്പിള്‍ മൗണ്ടിലെ അല്‍ അക്സ മസ്ജിദില്‍ നടന്ന റെയ്‌ഡോടെ അക്രമാസക്തമായി.
പഴയ ജറുസലേമിന്റെയുള്ളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രവിശ്യയാണ് ജൂതരുടെ ഏറ്റവും പ്രധാന പുണ്യസ്ഥലമായ ടെമ്പിള്‍ മൗണ്ട് (ഹര്‍ ഹബ്ബായിത്) എന്ന പ്രദേശം.പേരുപോലെ തന്നെ ഏകദേശം 35 ഏക്കര്‍ വരുന്ന ഈ ഉയര്‍ന്ന പ്രദേശത്താണ് സോളമന്‍ രാജാവ് പണികഴിപ്പിച്ച ഒന്നാം ദേവാലയം, റോമാക്കാര്‍ തകര്‍ത്ത രണ്ടാം ദേവാലയം നിലനിന്നിരുന്നത്. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഖലീഫ ഉമര്‍ നിര്‍മിച്ച ദേവാലയമുള്ളത്. നിരവധി തകര്‍ക്കലുകള്‍ക്കും പുനര്‍നിര്‍മാണങ്ങള്‍ക്കും വേദിയായ ഇവിടെ ഇന്ന് അല്‍ അക്‌സ എന്ന മുസ്ലിം പള്ളി തലയുയര്‍ത്തി നില്‍ക്കുന്നു. ബുറാഖുകളുടെ പുറത്തേറി പ്രവാചകന്‍ മുഹമ്മദ് നബി രാത്രികളില്‍ സ്വര്‍ഗ്ഗയാത്ര നടത്തിയിരുന്നത് ഇവിടെ നിന്നാണെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. ഇസ്ലാമിക വിശ്വാസപ്രകാരം അവരുടെ മൂന്നാമത്തെ വിശുദ്ധ സ്ഥലമാണ് അല്‍ അക്‌സ പള്ളി.
പലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ നോക്കുന്നു, ‘വംശീയ ഉന്മൂലനം’ എന്നിങ്ങനെയൊക്കെ പറഞ്ഞ് പലസ്തീനികള്‍ ഇസ്രായേലി പോലീസിനെതിരെ കല്ലേറും ആക്രമണവും ആരംഭിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏതാണ്ട് എട്ടുമണിയോടെ, അല്‍ അക്‌സയെ ചുറ്റി പട്രോളിംഗ് നടത്തിയിരുന്ന ഒരു സംഘം പോലീസുകാരെ കലാപകാരികള്‍ ആക്രമിച്ചു. തലയ്ക്ക് ഏറു കൊണ്ട് നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ നിലത്തു വീണതോടെ കലി കയറിയ ഇസ്രായേലി പോലീസ് മസ്ജിദ് കോമ്പൗണ്ടിനകത്തേക്ക് ഇരച്ചു കയറി. എന്നാല്‍, അവര്‍ പ്രതീക്ഷിച്ചതിലും അധികം ജനങ്ങള്‍ അവിടെ ഉണ്ടായിരുന്നു. കല്ലേറ് രൂക്ഷമായതോടെ പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് തിരിച്ചു വെടിവെയ്പ്പ് തുടങ്ങി. പള്ളിക്കുള്ളില്‍ നിന്നും മുകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി കല്ലുകള്‍ മഴ പോലെ പെയ്തു. മറ്റു വഴികള്‍ ഒന്നുമില്ലെന്ന് കണ്ടപ്പോള്‍ പോലീസ് ടിയര്‍ഗ്യാസും സ്റ്റന്‍ ഗ്രനേഡും അക്രമികള്‍ക്ക് നേരെ പ്രയോഗിച്ചു.
[തണ്ടര്‍ ഫ്‌ലാഷ് അല്ലെങ്കില്‍ ഫ്‌ലാഷ് ഗ്രനേഡ് എന്നറിയപ്പെടുന്ന സ്റ്റന്‍ ഗ്രനേഡ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ വേണ്ടി പോലീസ് സേനകള്‍ ഉപയോഗിക്കുന്ന ഒരായുധമാണ്. കാതടപ്പിക്കുന്ന മുഴക്കത്തോടെ പൊട്ടിത്തെറിക്കുന്ന ഈ ഗ്രനേഡ് പുറപ്പെടുവിക്കുക ഏതാണ്ട് 170 ഡെസിബെല്‍ ശബ്ദമായിരിക്കും. 120 ഡെസിബെലിനു മുകളിലുള്ള ഏതൊരു ശബ്ദവും മനുഷ്യന്റെ ചെവിയില്‍ അസഹനീയമായ വേദന സൃഷ്ടിക്കുകയും കേള്‍വി ശക്തി എന്നന്നേക്കുമായി നഷ്ടപ്പെടാന്‍ ഇടയാക്കുന്നതുമാണ്. അതോടൊപ്പം, ഏതാണ്ട് 7 മെഗാകാന്‍ഡെലയുള്ള കണ്ണഞ്ചിപ്പിക്കുന്ന വെള്ളിവെളിച്ചവും പരക്കും. ഇവ രണ്ടും സൃഷ്ടിക്കുന്ന ആഘാതത്തില്‍ കുറച്ചുനേരം ഏതൊരു മനുഷ്യനും സ്തബ്ധനായി, നിശ്ചലനായി നിന്നു പോകും.
അപ്പോഴേക്കും പോലീസ് ബാക്കപ്പ് എത്തിയതോടെ ഏറ്റുമുട്ടല്‍ രൂക്ഷമായി. കലാപകാരികളെ പോലീസ് പള്ളിക്കകത്ത് ഓടിച്ചിട്ട് തല്ലിത്തുടങ്ങി.
സംഭവം കയ്യില്‍ നിന്ന് പോകുമെന്ന് കണ്ടതോടെ കലാപകാരികള്‍ പിന്മാറിത്തുടങ്ങി. പക്ഷേ, ചിലര്‍ പള്ളിയുടെ അകത്തുനിന്ന് ഏറു തുടര്‍ന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘര്‍ഷം അവസാനിക്കുമ്പോഴേക്കും മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. 250ഓളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോലീസുകാരില്‍ 21 പേര്‍ മാരകമായ പരിക്കുകളോടെ ചികിത്സയിലാണ്.
അല്‍-അക്സ മസ്ജിദില്‍ നടന്ന സംഘര്‍ഷത്തെ ഇസ്രായേലിന്റെ കാട്ടാള നയമെന്ന് അടച്ചാക്ഷേപിച്ച അയല്‍രാജ്യമായ ജോര്‍ദാന്‍ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചു. യു.എ.ഇയും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജയ്ക്ക് സള്ളിവന്‍ ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും, അതേസമയം തന്നെ, ജറുസലേം ദിനാഘോഷത്തില്‍ ക്രമസമാധാനം ഉറപ്പു വരുത്തുന്ന നടപടികളെ സ്വാഗതം ചെയ്യുകയും ചെയ്തു. മധ്യപൗരസ്ത്യ ഭീകരത കളുടെ സ്ഥിരം സൂത്രധാരനായ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഇസ്രായേലിനെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ചു. എന്നാല്‍, രൂക്ഷമായ അന്താരാഷ്ട്ര പ്രതിഷേധം നേരിട്ടിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്. ‘ ജറുസലേം ഞങ്ങളുടെ തലസ്ഥാനമാണ്, ഞങ്ങള്‍ അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുകതന്നെ ചെയ്യുമെന്ന്’ അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. ഇതിനെ പിന്തുണച്ചുകൊണ്ട് ഇസ്രായേലി പോലീസ് അധികാരികള്‍ അല്‍-അക്‌സ മസ്ജിദിനുള്ളിലും പരിസരങ്ങളിലും അക്രമികള്‍ ശേഖരിച്ചു വച്ചിരുന്ന കല്ലുകളുടെയും മറ്റ് ആയുധങ്ങളുടെയും ചിത്രങ്ങള്‍ പുറത്തു വിട്ടു. ഇതോടു കൂടെ, മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതി പ്രകാരമായിരുന്നു എല്ലാം നടന്നത് എന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.
അന്നേദിവസം വൈകുന്നേരം ആറുമണിയോടെ ജെറുസലേം നഗരത്തില്‍ മിസൈല്‍ വാണിംഗ് സംവിധാനങ്ങള്‍ മുഴങ്ങി. പറന്നടുക്കുന്ന റോക്കറ്റുകളേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സൈറണ്‍ കേട്ട് ജെറുസലേം നിവാസികള്‍ എല്ലാവരും മിസൈല്‍ ബങ്കറുകള്‍ ലക്ഷ്യമാക്കി കുതിച്ചു. അനവധി വര്‍ഷങ്ങള്‍ക്കു ശേഷം, തങ്ങളുടെ പുണ്യനഗരമായ ജറുസലേമിന് നേരെ ഹമാസ് ഭീകരവാദികള്‍ റോക്കറ്റുകള്‍ തൊടുത്തു വിട്ടു. 150-ല്‍ അധികം റോക്കറ്റുകളാണ് ജറുസലേമിന്റെ ഹൃദയം ലക്ഷ്യമാക്കി കുതിച്ചത്. പക്ഷേ, അയണ്‍ ഡോമെന്ന ഇസ്രായേലിന്റെ മികച്ച ഹ്രസ്വദൂര മിസൈല്‍ പ്രതിരോധ സംവിധാനം ജനവാസ മേഖലയെ ലക്ഷ്യമാക്കി വരുന്ന റോക്കറ്റുകളെയെല്ലാം വായുവില്‍ വച്ചുതന്നെ തകര്‍ത്തു കളഞ്ഞു. പടിഞ്ഞാറന്‍ ജറുസലേമിലെ ചുരുക്കം ചില കെട്ടിടങ്ങള്‍ തകര്‍ന്നതല്ലാതെ ആര്‍ക്കും ജീവന്‍ നഷ്ടമായില്ലെന്ന് ഇസ്രയേലി സൈന്യം വ്യക്തമാക്കി.
തങ്ങളുടെ പുണ്യ സ്ഥലത്ത് അക്രമം നടത്തിയതിന്റെയും പലസ്തീനികളെ മൃഗീയമായി ആക്രമിച്ചതിന്റെയും പ്രതികാരമായാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്ന് ഹമാസ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ‘ ജറുസലേമിനെ തൊട്ടുകളിച്ചാല്‍ ജൂതന്മാരുടെ തല ഉരുളും’ എന്ന് ഹമാസിനെ മുതിര്‍ന്ന നേതാവായ സലാഹ്-അല്‍-അറൗറി താക്കീതു നല്‍കി.
എന്നാല്‍, രാഷ്ട്ര ഹൃദയത്തില്‍ നടന്ന അക്രമത്തെ കണ്ടില്ലെന്ന് നടിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല. കണ്ണുംപൂട്ടി തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ വ്യോമസേനയ്ക്ക് ഉത്തരവു നല്‍കിയതോടെ ടെല്‍-നോഫ് മിലിറ്ററി എയര്‍ബേസില്‍ നിന്നും എഫ്-15 യുദ്ധവിമാനങ്ങള്‍ ഗാസ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. അവര്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏതാണ്ട് 20 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
ചെറിയ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊരു സംഘര്‍ഷമായി പൊട്ടിപ്പുറപ്പെട്ടത് അല്‍-അക്‌സ റെയ്‌ഡോടു കൂടെയാണ്. അന്ന് തുടങ്ങിയ സംഘര്‍ഷം ഇന്നും തുടരുകയാണ്. നിലനില്‍പ്പിന് മേലുള്ള കടന്നുകയറ്റത്തെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാത്ത ഇസ്രായേല്‍ അന്താരാഷ്ട്ര പ്രതിഷേധങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് കനത്ത ആക്രമണമാണ് പലസ്തീനില്‍ അഴിച്ചു വിടുന്നത്.
‘ഞങ്ങളുടെ തലസ്ഥാനം, ഞങ്ങളുടെ പ്രദേശം, ഞങ്ങളുടെ പൗരന്മാര്‍, ഞങ്ങളുടെ സൈനികര്‍. ഇവരെ ആക്രമിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടി വരും. ഓര്‍ക്കണം.. ഭയാനകമായ രീതിയില്‍ തന്നെ ഇസ്രായേല്‍ തിരിച്ചടിക്കും!’ എന്ന ബെഞ്ചമിന്‍ നെതന്യാഹു അന്താരാഷ്ട്ര മാധ്യമങ്ങളോട് നെഞ്ചു വിരിച്ചു നിന്നു പറഞ്ഞു. ആ വാക്കുകള്‍ വെറുതേയല്ല. ലോകത്തിലെ ഒന്നാം നമ്പര്‍ മാധ്യമ ഭീമനായ അസോസിയേറ്റഡ് പ്രസ്, സൗദി അറേബ്യയിലെ കുപ്രസിദ്ധ ചാനലായ അല്‍ജസീറ എന്നിവയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന 12 നില കെട്ടിടം ഒഴിഞ്ഞു പോകാന്‍ ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ സമയം നല്‍കിയ ഇസ്രായേലി വ്യോമസേന, കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ലോകം നോക്കി നില്‍ക്കേയാണ് ആ കൂറ്റന്‍ ടവര്‍ വ്യോമാക്രമണത്തില്‍ ബോംബിട്ട് തകര്‍ത്തത്.
പലസ്തീനിലെ സാധാരണ ജനങ്ങളില്‍ പലര്‍ക്കും ഇസ്രയേലുമായി സന്ധി ചെയ്ത് സമാധാനമായി ജീവിക്കണമെന്നുണ്ട് പക്ഷേ, ഹമാസ് തീവ്രവാദി നേതാക്കള്‍ അതിനനുവദിക്കുന്നില്ല എന്നതാണ് സത്യം. അവര്‍ തുടങ്ങി വയ്ക്കുന്ന എല്ലാ യുദ്ധങ്ങളിലും ദയനീയമായി തിരിച്ചടികള്‍ പലപ്പോഴും നേരിടേണ്ടി വരുന്നത് സാധാരണക്കാരായ ഫലസ്തീനികള്‍ക്കാണ്. അടപടലം തോറ്റ യുദ്ധങ്ങളില്‍ പോലും ജയം അവകാശപ്പെടുന്നത് ഈ ഭൂമിയില്‍ ഹമാസ് എന്ന സംഘടനയുടെ മാത്രം പ്രത്യേകതയാണ്. 2012-ല്‍, ചരിത്രത്തില്‍ ആദ്യമായി അവരുടെ മിസൈലുകള്‍ ടെല്‍അവീവിന്റെയും ജെറുസലേമിന്റെയും തന്ത്രപ്രധാന മേഖലകളില്‍ പതിച്ചപ്പോള്‍ എം-75 എന്ന ആ മിസൈലിന്റെ പേരില്‍ പുതിയ പെര്‍ഫ്യൂം വിപണിയിലിറക്കി അതൊരു ചരിത്രസംഭവമാക്കി ആഘോഷിച്ചവരാണ് ഹമാസ് തീവ്രവാദികള്‍. ഹമാസ് തീവ്രവാദി നേതാവായ ഇസ്മയില്‍ ഹനിയയുടെ മൂന്നു സഹോദരിമാരും ഭര്‍ത്താക്കന്മാരും താമസിക്കുന്നത് ഇസ്രായേലിലാണ്. ഇവര്‍ക്കെല്ലാം അവിടെ പൗരത്വവുമുണ്ട്. എന്തിനധികം, അവരുടെ മക്കളില്‍ ചിലര്‍ ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സിലെ സൈനികരാണ് എന്നതാണ് പൊട്ടിച്ചിരിപ്പിക്കുന്ന വസ്തുത. പലസ്തീനിലെ മതഭ്രാന്തന്മാരുടെ തലച്ചോറ് വിറ്റ് അവരെ പറ്റിച്ചു ജീവിക്കുന്ന ഇസ്മയില്‍ ഹനിയ ആ രാജ്യത്തെ ശതകോടീശ്വരന്‍മാരില്‍ ഒരാളാണ്. ഈജിപ്തില്‍ നിന്നും ഗാസയിലേക്ക് കള്ളക്കടത്തു നടത്തുന്ന നിരവധി ഭൂഗര്‍ഭ തുരങ്കങ്ങളുണ്ട്. അവയിലൂടെ കടത്തുന്ന സാധനങ്ങളുടെ 20% വരുമാനം അനധികൃത നികുതി പോലെ പോകുന്നത് ഹാനിയയുടെ സമ്പാദ്യത്തിലേക്കാണ്. അതിനയാള്‍ക്ക് ആകെ ചിലവാകുന്നത് ജൂതവിദ്വേഷം ആളിക്കത്തിക്കുന്ന ചില പ്രസംഗങ്ങള്‍ മാത്രമാണ്. ഈ വക കാര്യങ്ങളെല്ലാം തമസ്‌കരിച്ചു കൊണ്ടാണ് ഇന്ത്യയിലെ എഴുത്തുകാരും ബ്ലോഗര്‍മാരും ഇവിടെയുള്ള സാധാരണ മുസ്ലീങ്ങളെ പറ്റിക്കുന്നത്. ധ്രുവ് രതിയേപ്പോലുള്ള കപട സൈദ്ധാന്തികര്‍ ചെയ്യുന്ന വീഡിയോകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.? കഴിഞ്ഞ 100 വര്‍ഷത്തെ, ഏറിപ്പോയാല്‍ ആയിരം വര്‍ഷത്തെ ചരിത്രം മാത്രമേ അവര്‍ പറയൂ. ചരിത്രം പറയുകയാണെങ്കില്‍ തുടക്കം തൊട്ട് പറയണം അല്ലാതെ കാറ്റ് എപ്പോള്‍ അനുകൂലമായി വീശുന്നുവോ അന്ന് മുതലുള്ള ചരിത്രം പറഞ്ഞാല്‍ പോരാ. പക്ഷേ, ഇവര്‍ ചെയ്യുന്നത് നേരെ തിരിച്ചായിരിക്കും. അതായത്, ‘ഒരു രാജാവ് മറ്റൊരു ദ്വീപ് രാഷ്ട്രത്തിലെ രാജാവിന്റെ സാമ്രാജ്യത്തിലേക്ക് കടല്‍ താണ്ടിയുള്ള സൈനിക നീക്കത്തിലൂടെ അതിക്രമിച്ചു കടന്ന് അയാളെയും മകനെയും കൊലപ്പെടുത്തുന്ന കഥ’ എന്ന രീതിയിലായിരിക്കും അവര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ ‘രാമായണം’ അവതരിപ്പിക്കുക. രാമായണത്തിന്റെ രണ്ടാം ഭാഗം മാത്രമേ കൃത്യമായ പദ്ധതിയോടെ
അവര്‍ പരാമര്‍ശിക്കൂ. ഇത്തരം കപട ചരിത്രകാരന്മാരും ലിബറലുകളും, സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെ ചരിത്രം പഠിക്കുന്ന പുതിയ തലമുറയില്‍ കുത്തിവയ്ക്കുന്നത് വളരെ കൊടിയ വിഷമാണ്. ഇക്കാര്യത്തില്‍, നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ വലതുപക്ഷം വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നതും ദൗര്‍ഭാഗ്യകരമായ ഒരു സത്യമാണ്. ഭൂപടത്തില്‍ എവിടെയാണ് കിടക്കുന്നതെന്ന് പോലും അറിയില്ലെങ്കിലും ശരി, ഗാസയ്ക്ക് വേണ്ടി കേരളത്തിലെ മതഭ്രാന്തന്മാരും കമ്യൂണിസ്റ്റുകാരും ഓരിയിടുന്നത് ഇവരെ പോലുള്ളവരുടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചരിത്രാഖ്യാനങ്ങളുടെ ഫലമായാണ്.
ഭീകരരെയും നിശബ്ദമായി ഭീകരരെ പിന്തുണയ്ക്കുന്നവരെയും അതിലൊന്നും ഇടപെടാതെ ജീവിക്കുന്നവരെയും ഇസ്രായേലി മിസൈലുകള്‍ക്കും വെടിയുണ്ടകള്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. പ്രതിരോധം തീര്‍ക്കുക ജൂതന്മാരുടെയും അവകാശം തന്നെയാണ് എന്ന് അമേരിക്ക പോലുള്ള വന്‍ശക്തികള്‍ തീര്‍ത്തു പറഞ്ഞു കഴിഞ്ഞു. പുണ്യമാസത്തില്‍ പോലും ആയുധം താഴെ വയ്ക്കാത്ത ഹമാസ് എന്ന ഭീകര സംഘടന, നിരാലംബരായ ഒരു ജനതയെ മരണമുഖത്തേയ്ക്ക് തള്ളി വിടുന്ന കാഴ്ചകള്‍ ദശാബ്ദങ്ങളായി ആവര്‍ത്തിക്കുകയാണ്. ഭീകരവാദികള്‍ മുന്നില്‍ നിര്‍ത്തി കളിക്കുന്ന പലസ്തീനിലെ ജനതയ്ക്ക് തിരിച്ചറിവുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ നമുക്ക് സാധിക്കൂ.