കഠോപനിഷത്ത്
ഒന്നാം അധ്യായം രണ്ടാം വല്ലി
ശ്ലോകം :-18
‘ഹന്താ ചേന്മന്യതേ ഹന്തും
ഹതശ്ചേന് മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ’
= ഹനിക്കുന്നവന്‍ അതിനായി മാത്രം വിചാരിക്കുന്നു. ഹനിക്കപ്പെട്ടവന്‍ ഹനിക്കപ്പെട്ടവനായി വിചാരിക്കുന്നു… എങ്കില്‍, യഥാര്‍ത്ഥത്തില്‍ അവര്‍ രണ്ട് പേരും അറിയുന്നില്ല അവര്‍ ഹനിക്കുന്നില്ല എന്നും ഹനിക്കപ്പെടുന്നില്ല എന്നും.
മരിക്കുക, കൊല്ലുക, ചാവുക, നശിക്കുക, ഇല്ലാതാവുക എന്നിങ്ങനെ പലതും ചിന്തിക്കുന്നവരാണ് ശരീരാഭിമാനികള്‍. ഒരാള്‍ മരിച്ചു എന്നും, ഒരാള്‍ മറ്റൊരാളെ കൊന്നു എന്നും, അയാള്‍ സ്വയം മരിച്ചു എന്നുമെല്ലാം പറയുമ്പോള്‍ ശരീരത്തില്‍ നിന്ന് ജീവന്‍ വേര്‍പെട്ടു എന്നേ കാര്യമുള്ളൂ. ആത്മന്‍ നശിച്ചിട്ടില്ല. ഇവിടെ ഒരു വ്യക്തി അയാളുടെ ശരീരമല്ല, അയാള്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നതും അറിയുന്നതും വിളികേള്‍ക്കുന്നതും അയാളുടെ ആത്മന്‍ നിലനില്‍ക്കുന്നിടത്തോളമാണ്.
ആ ആത്മനെ കൊല്ലാന്‍ സാധിക്കില്ല, നാശമില്ലാത്ത ആത്മന്‍ വീണ്ടും സ്വയം ശരീരം സ്വീകരിക്കും.
പക്ഷെ ഈ സത്യം സര്‍വ്വസാധാരണ ബുദ്ധികൊണ്ട് തിരിച്ചറിയില്ല, മനുഷ്യന്റെ ഇന്നത്തെ ഭൗതികശാസ്ത്ര ബോധത്തിനും ഉപരിയാണത്.
ഇങ്ങനെ പറയുന്നതില്‍ എന്താണ് യുക്തി എന്ന് ചിന്തിക്കുന്നവരുണ്ടാവും. ഓര്‍ക്കുക: മനുഷ്യര്‍ക്ക് ഇല്ലാത്ത ഒട്ടനവധി കഴിവുകള്‍ മറ്റ് ജീവികള്‍ക്കുണ്ട്. കണ്ണുകൊണ്ട്, മൂക്ക് കൊണ്ട്, ചെവി കൊണ്ട്…. നമുക്ക് ചിന്തിച്ച് എത്താന്‍ സാധിക്കാത്ത തലങ്ങളില്‍ പല ജീവികളും ഇന്നും ഭൂമുഖത്ത് ജീവിക്കുന്നുണ്ട്. അതിനാല്‍ എല്ലാം അറിയുന്നവരാണ് നാം എന്ന് വിചാരിക്കുന്നതില്‍ കാര്യമില്ല.
എന്നാല്‍ ധ്യാനത്തിലൂടെ ഉപാസനയിലൂടെ തപസ്സിലൂടെ നമ്മുടെ അന്തരിന്ദ്രിയ ശക്തി കേന്ദ്രീകരിച്ച് പ്രപഞ്ച രഹസ്യം കണ്ടെത്താന്‍ കഴിയും.
ആത്മാവ് എന്താണ് എന്ന് സാധാരണ മനുഷ്യര്‍ക്ക് ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ശക്തി എവിടെ നിന്ന് ശരീരത്തില്‍ പ്രവേശിക്കുന്നു, എന്താണ് ആത്മന്റെ രൂപം? എന്താണ് നിറം? ഗന്ധമുണ്ടോ? – ഇതെല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. ഞാന്‍ – നീ എന്നിങ്ങനെയുള്ള ഭേദചിന്തയും ആത്മാവിനെ സംബന്ധിച്ച് നിരര്‍ത്ഥകമാണ്.
‘യം ഏനം വേത്തി ഹന്താരം
യശ്‌ചൈനം മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ’ – എന്ന് ശ്രീമദ് ഭഗവദ്ഗീത (2:19) പറയുന്നു.
ശ്ലോകം: 20-
‘ആണോരണീയാന്‍ മഹതോമഹീയാ –
നാത്മാസ്യ ജന്തോര്‍ന്നിഹിതോ ഗുഹായാം
തമക്രതു: പശ്യതി വീതശോകോ
ധാതു പ്രസാദാന്മഹിമാനമാത്മന:’
=അണുവിനേക്കാള്‍ സൂക്ഷ്മവും മഹത്തായതിനേക്കാള്‍ മഹത്തായിട്ടുള്ളതുമായ ആത്മാവ് ജീവികളുടെ ഹൃദയമാകുന്ന ഗുഹയില്‍ സ്ഥിതി ചെയ്യുന്നു. ആഗ്രഹങ്ങളോടെയല്ലാതെ ജീവിക്കുന്നവന്‍ മനസ്സ്, ചിത്തം, ബുദ്ധി തുടങ്ങിയവയുടെ അനുഗ്രഹത്താല്‍ ആത്മാവിന്റെ മാഹാത്മ്യത്തെ കാണുന്നു, (അറിയുന്നു). അയാള്‍ ദുഖമില്ലാത്തവനായിത്തീരുന്നു.
ആപേക്ഷികമായി നാം ഓരോരോ വസ്തുക്കളെ ചെറുത് എന്നും വലുത് എന്നും തിരിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഏറ്റവും ചെറുതിനെ നാം കണ്ടിട്ടില്ല, ഏറ്റവും വലുതിനെയും നാം കണ്ടിട്ടില്ല. നമ്മുടെ കണ്ണു കൊണ്ടോ നാം കണ്ടുപിടിച്ച യന്ത്രങ്ങള്‍ കൊണ്ടോ നാം അറിഞ്ഞ അനുഭവം നാം പങ്കിട്ടു എന്ന് മാത്രം.
ആത്മാവിനെപ്പറ്റി ഋഷി പറയുന്നത് നാം കണ്ട ചെറുതിനേക്കാള്‍ ചെറുതും, വലുതിനേക്കാള്‍ വലുതുമത്രേ ഇത്.
ഇവിടെ വലുത് ചെറുത് എന്നിങ്ങനെയുള്ള വൈരുദ്ധ്യവും (ദ്വന്ദ്വം) ഇല്ലാതാവുന്നു. പ്രപഞ്ച രഹസ്യം അറിയുന്നതോടെ എല്ലാത്തരം ഭേദബുദ്ധികളും വെറുതെയാവുന്നു. ഈ നിലയില്‍ എത്തുന്ന ഒരാള്‍ക്ക് സുഖ ദുഃഖങ്ങള്‍ അനുഭവപ്പെടുന്നില്ല. ‘സ്ഥിതപ്രജ്ഞന്‍’ എന്നാണ് ശ്രീമദ് ഭഗവദ്ഗീത ഇത്തരക്കാരെ വിശേഷിപ്പിച്ചിരിക്കുന്നത്.
ആത്മാവിന്റെ ചെറുപ്പവും വലിപ്പവും ഇല്ലാത്ത അവസ്ഥയിലൂടെ അത് ജീവികളുടെ ഹൃദയത്തില്‍ വസിക്കുന്നു. ഹൃദയത്തെ ഗുഹ എന്ന് വിശേഷിപ്പിക്കുമ്പോള്‍ നിഗൂഢമായ സ്ഥാനം എന്നു കൂടി കാണണം. ഹൃദയം മാറ്റി വെക്കുന്നവരാണ് മനുഷ്യര്‍. പക്ഷെ ജീവന്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവച്ച ശേഷം ശരീരത്തിന്റെ കേടുകള്‍ മാറ്റി വീണ്ടും ജീവന്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ വന്നാല്‍ മരണം എന്ന് നാം പറയുന്ന സമസ്യ മാറും. അതോടെ പ്രപഞ്ചത്തിന്റെ നിയതമായ താളം അവതാളത്തിലാവുകയും നിലനില്‍പ്പ് തന്നെ അപകടപ്പെടുകയും ചെയ്യും.
ആത്മാവിന്റെ സ്വയംവികാസ പരിണാമ പ്രക്രിയയിലൂടെയാണ് വലുതും ചെറുതും ഉണ്ടാകുന്നത്. അതിന്അതിരുകള്‍ ഇല്ല. എന്നാല്‍ മനുഷ്യന്റെ കഴിവ് ഉപയോഗിച്ച് ഒരു പരിധിയില്‍ക്കവിഞ്ഞ് പ്രകൃതിയില്‍ ഉള്ള ഒന്നിനേയും വലുതാക്കാനോ ചെറുതാക്കാനോ സാധിക്കില്ല എന്ന് ഓര്‍ക്കുക. ആഗ്രഹങ്ങളില്‍ അള്ളിപ്പിടിച്ച് നില്‍ക്കുന്ന മനുഷ്യന് ആത്മേ ബോധം അന്യമാണ് എന്ന് വേദങ്ങള്‍ വ്യക്തമാക്കുന്നു.
ശ്ലോകം: – 21
‘അസീനോ ദൂരം വ്രജതി ശയാനോ യാതി സര്‍വ്വത:
കസ്മം മദാമദം ദേവം മദന്യോ ജ്ഞാതുമര്‍ഹതി’
=ഇരിക്കുന്നവനായിട്ട് ദൂര സ്ഥലത്തേക്ക് പോകുന്നു, കിടക്കുന്നവനായിട്ട് എല്ലായിടത്തും പോകുന്നു. സന്തോഷമുള്ളവനും, എന്നാല്‍ സന്തോഷിക്കാത്തവനുമായ ആ തേജസ്വരൂപനെ ഞാനല്ലാതെ ആരാണ് അറിയുവാന്‍ അര്‍ഹന്‍?
യമന് മാത്രമേ ആത്മന്റെ തനിമ അറിയാന്‍ സാധിക്കൂ. ‘യമ’ എന്ന വാക്ക് ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക: ‘അടക്കം’ എന്നാണ് ഒറ്റവാക്കില്‍ ഇതിന് അര്‍ത്ഥം. അഹിംസ, സത്യസന്ധത, നിഷ്‌ചോരണം, തന്റെതല്ലാത്തവ എടുക്കാതിരിക്കുക, ബ്രഹ്മചര്യം – എന്നിവയാണ് യഥാര്‍ത്ഥ യമം. യമധര്‍മ്മന്റെ കരുത്തും ഇതാണ്. ഇത്തരം ഗുണങ്ങള്‍ ഈശ്വരീയത്തനിമയില്‍ നിന്നേ ലഭിക്കൂ. അതാണ് അച്ഛനിലുള്ള അടക്കം എന്ന് നാം മലയാളത്തില്‍ ‘അച്ചടക്കം’ എന്നാക്കി പറയുന്നത്. അച്ചടക്കം ഉള്ളവരെയാണ് ധര്‍മ്മനിഷ്ഠര്‍ എന്ന് പറയുക. യമധര്‍മ്മന്‍ ഈ യര്‍ത്ഥത്തില്‍ പ്രപഞ്ചത്തിലെ ഒരു പ്രതീക ഭാവമാണ്. നമ്മില്‍ ഓരോരുത്തരിലുമുള്ള ഈശ്വരീയ ധര്‍മ്മചിത്തശുദ്ധിയാണത്. ഈ ചൈതന്യം കുടികൊള്ളുന്ന ഇടമാണ് ‘സംയമി'( യമന്റെ കൊട്ടാരം). ഈയൊരു സംയമഭാവത്തില്‍ നിന്ന് മാത്രമേ ആത്മ സാക്ഷാത്ക്കാരം സാധ്യമാവൂ എന്ന് വ്യക്തം. യോഗശാസ്ത്രം ഇത് വിശദമാക്കുന്നുണ്ട്. (അഷ്ടാംഗ മാര്‍ഗ്ഗം)
ചിന്ത – വാക്ക് – പ്രവൃത്തി – എന്നിവയില്‍ ഹിംസാ ലേശമില്ലാത്തവനും, സത്യ – സന്ധനായിരിക്കുന്നവനും, ചോരണ ഭാവമില്ലാത്തവനും, തനിക്ക് പ്രകൃതി അനുഗ്രഹിച്ചിട്ടില്ലാത്തവ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവനും, ബ്രഹ്മചര്യം നിലനിര്‍ത്തുന്നവനും മാത്രമേ പ്രകൃതിയെക്കുറിച്ചും അവനവന്റ ജീവിതത്തെക്കുറിച്ചും തിരിച്ചറിവ് സാധ്യമാവൂ എന്ന് ചുരുക്കം.
(മഹാകവി വള്ളത്തോള്‍ ‘എന്റെ ഗുരുനാഥന്‍’ എന്ന കവിതയില്‍ ഗാന്ധിജിയെ അവതരിപ്പിക്കുന്നത് ഓര്‍ക്കുക.)
താന്‍ തന്നെയായ ആത്മാവ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതും സ്വസ്ഥനായി കാണപ്പെടുന്നവനുമാണ്. പരസ്പര വൈരുദ്ധ്യം തോന്നുന്ന ഈ കാര്യത്തെ തിരിച്ചറിഞ്ഞ് അതിന്റെ പ്രത്യേകത അറിയണം. എപ്പോഴും സന്തോഷത്തോടെയിരിക്കുമ്പോള്‍ത്തന്നെ സന്തോഷിക്കാത്തതും,സ്വയം പ്രകാശിക്കുന്നതുമാണ് ആത്മാവ്. വികാരവിചാരങ്ങള്‍ക്ക് ഉപരിയാണത്. സ്വയം ശരീരം സ്വീകരിക്കുമ്പോള്‍ മാത്രമാണ് രാഗ-ദ്വേഷാദികളിലും കാമ ക്രോധാദികളിലും അഭിരമിക്കുക. ഇത്തരം വികാരങ്ങള്‍ ശാശ്വതമല്ല എന്ന് തിരിച്ചറിയാന്‍ സാധിക്കണം. അതാണ് നചികേതസിന്റെ തലം.
ശ്ലോകം: 22
‘അശരീരം ശരീരേഷു അനവസ്ഥേഷു അവസ്ഥിതം
മഹാന്തം വിഭൂവാത്മാനം മത്വാ ധീരോ
ന ശോചതി’
= ശരീരമില്ലാത്തവനും അസ്ഥിരമായ ശരീരത്തില്‍ തല്‍ക്കാലം സ്ഥിതി ചെയ്യുന്നവനും, എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവനുമായ ആത്മനെ സാക്ഷാത്ക്കരിച്ചിട്ട് ബുദ്ധിമാന്‍ ദുഃഖത്തെ അതിജീവിക്കുന്നു.
ശരീരവും ഇന്ദ്രിയങ്ങളും മനസ്സുമാണ് ‘ഞാന്‍’ എന്ന് ധരിക്കരുത്. ഇങ്ങനെയുള്ള ധാരണയാണ് നമ്മുടെ ദുഃഖത്തിന് കാരണം. സര്‍വ്വവ്യാപിയായ ആത്മനാണ് ഞാന്‍ എന്ന് വ്യക്തമാവുന്നതോടെ ദുഃഖനിവൃത്തിയുണ്ടാവും.
ശ്ലോകം :- 23
‘നായമാത്മാ പ്രവചനേന ലഭ്യോ
ന മേധയാ ന ബഹുനാ ശ്രുതേന
യമേവൈഷ വൃണുതേ തേന ലഭ്യ – സ്മ
സൈ്യഷ ആത്മാ വിവൃണുതേതനും സ്വാം’
=ഈ ആത്മാവിനെ അറിയാന്‍ വേദം പഠിക്കുന്നതിലൂടെയോ, പഠിപ്പിക്കുന്നതിലൂടെയോ സാധിക്കില്ല. ബുദ്ധികൊണ്ട് ആത്മനെ അറിയാന്‍ കഴിയില്ല. സ്വയം അനുഭൂതിയായി, തിരിച്ചറിവ് ഉണ്ടാവുക മാത്രമാണ് മാര്‍ഗ്ഗം. അത്തരക്കാര്‍ക്ക് ആത്മാവ് തന്റെ രൂപത്തെ വ്യക്തമാക്കും.
നല്ലൊരു വിദ്യാഭ്യാസ ചിന്തയും നിരൂപണവും ഇവിടെയുണ്ട്. ഇന്നത്തെ വിദ്യാഭ്യാസം കേവലം അറിവ് (Information) നേടല്‍ മാത്രമാണ്. ഉപാധ്യായന്‍ (Informator) എന്ന് മാത്രം, പഠിപ്പിക്കുന്നവരെപ്പറ്റി പറയാം. അവര്‍ പഠിച്ച കാര്യത്തിനപ്പുറം ഒന്നും അവര്‍ക്ക് അറിയില്ല. ആചാര്യന്‍മാര്‍(Transformaters) ശിഷ്യന്‍മാരുടെ ഉള്ളിനെ മാറ്റുന്ന വിധം ആന്തരികമായജ്ഞാനം കൂടി പകര്‍ന്ന് നല്‍കും. – Tranformation-,, ഗുരുക്കന്‍മാര്‍ (creators) ശിഷ്യരെ പുന:സൃഷ്ടിക്കുന്നവരാണ്. ( Re-Creation) അതുകൊണ്ട് ഏത് ഗ്രന്ഥങ്ങള്‍ വായിച്ചാലും പഠിച്ചാലും ആത്മാന്വേഷണത്തിനുതകാത്ത വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പരിവര്‍ത്തനം സാധ്യമല്ല. സ്വയം തിരിച്ചറിയുന്നവനേ മറ്റുള്ളവരെ തിരിച്ചറിയാന്‍ സാധിക്കൂ. പുസ്ത വായനയും പരീക്ഷയും ഏറെക്കഴിച്ചവരാണ് ഇന്ന് സാമൂഹ്യ ദ്രോഹികളില്‍ ഏറെയും. ചിന്തയും മൂല്യ ബോധവും ഇല്ലാത്ത വ്യക്തിക്ക് ദു:ഖനിവൃത്തിയോ ശാന്തിയോ ഉണ്ടാവില്ല. ഗുരുക്കന്‍മാരില്‍ നിന്ന് അനുഗ്രഹം നേടി ആത്മ ജ്ഞാനം നേടണം. അവര്‍ തിരിച്ചറിവുള്ളവരായി മാറും.
ശ്ലോകം – : 24
‘നാവിരതോ ദു:ശ്ചരിതാ –
ന്നാ ശാന്തോ നാസമാഹിത :
നാശാന്ത മാനസോ വാപി
പ്രജ്ഞാനേനൈന മാപ്‌നുയാത്’
= ദുഷ്പ്രവൃത്തികളില്‍ നിന്ന് പിന്‍മാറാത്തവന്‍ പ്രകൃതമായ ജ്ഞാനം കൊണ്ട് ആത്മനെ അറിയില്ല. ഇന്ദ്രിയനിഗ്രഹം ചെയ്യാത്തവനും ആത്മജ്ഞാനം സാധ്യമല്ല. ഏകാഗ്രതയും ശാന്തിയുമില്ലാത്തവനും യഥാര്‍ത്ഥ ജ്ഞാനം ലഭ്യമല്ല
ദൃഷ് പ്രവൃത്തി ചെയ്യുന്നവനും ഇന്ദ്രിയനിഗ്രഹം ഇല്ലാത്തവനും ശാന്തമായി ജീവിക്കാന്‍തന്നെ സാധിക്കില്ല. എപ്പോഴും അവര്‍ പലതിനേയും പേടിച്ചു കൊണ്ടേയിരിക്കും. കളവുള്ള മനസ്സിന്റെ ഉടമകള്‍ക്ക് ഒന്നും ശാന്തമായി, ഏകാഗ്രമായി ചിന്തിക്കാന്‍ സാധിക്കില്ല. എപ്പോഴും ശത്രുക്കളെയോ നിയമപാലകരേയോ ഭയക്കുന്നവരാവും അവര്‍.
ഇന്ദ്രിയനിഗ്രഹം സാധിക്കാത്തവര്‍ക്ക് ഉറങ്ങാനോ സ്വസ്ഥമായി ഇരിക്കാനോ പറ്റില്ല. അവര്‍ സുഖങ്ങള്‍ തേടി അലഞ്ഞലഞ്ഞ് ജീവിതം പാഴാക്കുന്നു. കാമ -ക്രോധ -ലോഭ-മോഹ-മദ-മാത്സര്യങ്ങള്‍ നമ്മുടെ ശത്രുക്കളാണ് എന്ന് ഭഗവദ് ഗീതയും രാമായണവും വ്യക്തമാക്കുന്നത് ഓര്‍ക്കുക. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നവര്‍ ഇത്തരം അശാന്തി അനുഭവിക്കുന്നവരാണ്
അവര്‍ക്ക് മനസ്സ് ഏകാഗ്രമാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ജീവിതത്തിന്റെ അര്‍ത്ഥം ഒരിക്കലും മനസ്സിലാവില്ല. ഇന്ദ്രിയനിഗ്രഹം സാധിക്കാത്തവനെ’അശാന്തന്‍’എന്നാണ് സംസ്‌കൃതത്തില്‍ പറയുന്നത് എന്നും ചിന്തിക്കുക. ശാന്തിയും ഇന്ദ്രിയനിഗ്രഹവും തമ്മില്‍ അത്രക്ക് ബന്ധമുണ്ട്.
ധാര്‍മ്മിക ജീവിതമാണ് അദ്ധ്യാത്മികതക്ക് അടിസ്ഥാനം. ഇന്ദ്രിയജയമാണ് അതിന് മാര്‍ഗ്ഗം. മനോനിയന്ത്രണമാണ് അതിന്റെ തുടക്കം.
ശ്ലോകം :- 25
‘യസ്യ ബ്രഹ്മ ച ക്ഷത്രം ച ഉഭേ ഭവത ഓദന:
മൃത്യുര്യസ്യ ഉപസേചനം ക ഇത്ഥാ വേദ യത്ര സ:
= യാതൊന്നിന് ബ്രാഹ്മണനും ക്ഷത്രിയനും അന്നമായിത്തീരുന്നുവോ, യാതൊന്നിന് ‘മരണം’ ഒഴിച്ച് കൂട്ടുവാനുള്ള കറിയായിത്തീരുന്നുവോ – ആ ആത്മന്‍ എവിടെ ,ആര്, ഇപ്രകാരം അറിയുന്നു?.
അദ്ധ്യാത്മികവും ഭൗതികവുമായ പ്രതീകങ്ങളാണ് യഥാക്രമം ബ്രാഹ്മണനും ക്ഷത്രിയനും. ആത്മ ചൈതന്യത്തെ സംബന്ധിച്ച് രണ്ടും തുല്യമാണ്. ഇതിലൂടെ നാമറിയുക യഥാര്‍ത്ഥ ബ്രഹ്മജ്ഞാനം ലഭിക്കുന്നതോടെ സകല വിധ സുഖങ്ങളും ലഭിക്കുന്നു എന്ന്.
ആത്മജ്ഞാനിയുടെ മനസ്സ് സ്ഥിരമായിരിക്കും. ഭൗതികമായ കാര്യങ്ങളും ചിന്തയും മരണവുമെല്ലാം മിഥ്യയാണ് എന്ന് അവര്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കും.
യഥാര്‍ത്ഥ അഭയസ്ഥാനം (ഭയരഹിത സ്ഥാനം) ബ്രഹ്മ തത്ത്വജ്ഞാനമാണ് എന്ന് അര്‍ത്ഥം.
(തുടരും)