വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനം ഭാരതത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ അത്ഭുതകരമായ പരിണാമമുണ്ടാക്കി. വിവേകാനന്ദന്റെ ഓര്‍മ്മകള്‍ പാറയില്‍ നിന്നു പരിജനങ്ങളുടെ ഹൃദയത്തിലേക്ക് പ്രവഹിപ്പിക്കാന്‍ 1972 ല്‍ വെറും പതിനാറുപേരുടെ സാന്നിധ്യത്തില്‍ ഏകനാഥ്ജിവിവേകാനന്ദ കേന്ദ്രം സ്ഥാപിച്ചു. ആശയത്തിന്റെ ചലനാത്മകമായ വശം. കന്യാകുമാരിയില്‍ നിന്നും അരുണാചല്‍ പ്രദേശുവരെ പ്രവഹിക്കുന്ന നിരന്തര ഊര്‍ജ്ജത്തിന്റെ അനശ്വര സ്രോതസ്സായി വിവേകാനന്ദ കേന്ദ്രം മാറി. ക്രിസ്ത്യന്‍ മിഷണറിമാരുടെ കുത്തകയായിരുന്ന സേവനരംഗത്തേക്ക് ഹിന്ദുസമൂഹത്തിന് പ്രവേശനം ലഭിച്ചു. ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും സ്ത്രീപുരുഷഭേദമെന്യേ സേവാവ്രതധാരികള്‍ വിവേകാനന്ദനാമത്തില്‍ സമൂഹത്തില്‍ വിന്യസിക്കപ്പെട്ടു. 1972ല്‍ സ്ഥാപിക്കപ്പെട്ട കേന്ദ്രത്തിന്റെ സെക്രട്ടറിയായും അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ന് കേന്ദ്രം വിവേകാനന്ദ ദര്‍ശനങ്ങളുടെ പ്രത്യക്ഷവാഹകരും, വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണ യജ്ഞത്തിന്റെ പ്രത്യക്ഷ ഉപലബ്ധിയുമാണ്. ഇതുകൊണ്ടാണ് വിവേകാനന്ദ സ്മാരക നിര്‍മ്മാണ സമിതിയുടെ ദില്ലി സംസ്ഥാനത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ. എല്‍.കെ.അദ്വാനി ഏകനാഥ്ജി പണിതത് വിവേകാനന്ദ ‘റോക്ക് മെമ്മോറിയില്‍’ അല്ല വിവേകാനന്ദ ‘തോട്ട് മെമ്മോറിയില്‍’ ആണെന്ന് തന്റെ ആത്മകഥയില്‍ വിശേഷിപ്പിച്ചത്. അദ്വാനിജിയുടെ ആത്മകഥയുടെ ഒരദ്ധ്യായം ഏകനാഥ്ജിയെക്കുറിച്ചാണ്. ഇതേ പശ്ചാത്തലത്തില്‍ തന്നെയാണ് ഒരു നിര്‍മ്മാണകര്‍മ്മമല്ല സൃഷ്ടികര്‍മ്മമാണ് ഏകനാഥ്ജി അനുഷ്ഠിച്ചതെന്ന് ആര്‍.ഹരിയേട്ടന്‍ പറഞ്ഞത്.
കാര്യേ കര്‍മണി നിര്‍വൃത്തേ
യോ ബഹൂന്യപി സാധയേത്
പൂര്‍വകാര്യാവിരോധേന
സ കാര്യം കര്‍തുമര്‍ഹതി”
ചെയ്യേണ്ട മുഖ്യപ്രവര്‍ത്തനം ചെയ്തു കഴിഞ്ഞിട്ട് ആ പ്രവര്‍ത്തനത്തിന് കര്‍മ്മ ഹാനിയുണ്ടാക്കാത്തവിധം തുടര്‍പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്യുന്നവനാണ് കര്‍മ്മകുശലനായ പ്രവര്‍ത്തകന്‍. വാത്മീകി രാമായണത്തില്‍ ഹനുമാന്റെ ലങ്കായാത്രയെക്കുറിച്ച് വിവരിക്കുന്ന ശ്ലോകമാണിത്. പ്രവര്‍ത്തക നിര്‍മ്മാണത്തില്‍ ഏതു സംഘടനയ്ക്കും സ്ഥാപനത്തിനും ഉപകാരപ്രദമായ ഈ ശ്ലോകം നമ്മുടെ ദൃഷ്ടിയില്‍ ഏറ്റവും അനുയോജ്യമാകുന്നത് ഏകനാഥ്ജിയെ സ്മരിക്കുമ്പോഴാണ്.
വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് അദ്ദേഹം ശിഷ്ടകാലം പ്രവര്‍ത്തിച്ചു. 1972 മുതല്‍ മരണം വരെ ഒരു ദശകത്തോളം അദ്ദേഹം കര്‍ത്തവ്യപരായണനായി തന്നെ ജീവിച്ചു. ഇതിനിടയില്‍ പക്ഷാഘാതം വന്ന് അവശനായപ്പോഴും അദ്ദേഹം പ്രവര്‍ത്തനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇനി കുറച്ചുകാലം വിശ്രമിക്കാം എന്നു പറഞ്ഞവരോട് അദ്ദേഹം സന്ധിയായില്ല. രോഗബാധിതനായി കട്ടിലില്‍ കിടന്ന കാലം താന്‍ ജീവനില്ലാത്ത റാനഡെ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരണക്കിടക്കയില്‍ നിന്നും ദൈവം തന്റെ ജീവന്‍ രക്ഷിച്ച് വീണ്ടും നടക്കാനവസരം തന്നത് കര്‍മ്മം തുടരാനാണെന്നും അദ്ദേഹം പറഞ്ഞു. ദൈവം രണ്ടാമതനുവദിച്ച ജീവിതത്തിലും കര്‍മ്മം ചെയ്യാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം ഉറപ്പിച്ചു. I do not want to Rest and Rust” എന്നതായിരുന്നു മറുപടി. ഇതല്ലാതെ ആ കര്‍മ്മനിരതനില്‍ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാന്‍.
സംഘത്തിന്റെ സര്‍വ്വോച്ച കാര്യനിര്‍വഹണ ചുമതലയില്‍ നിന്നും വിമുക്തി നേടിയ ശേഷം അദ്ദേഹം പുതിയ കര്‍മ്മമാരംഭിച്ചു. പഴയ പദവിയുടെ മേന്മയിലോ പുതിയ ദൗത്യത്തിന്റെ ക്ലിഷ്ടതയിലോ തളച്ചിടാനാവാത്ത കര്‍മ്മബോധമായിരുന്നു അദ്ദേഹത്തിന്റേത്. 75 വയസ്സു കഴിഞ്ഞാല്‍ കാര്യകര്‍ത്താവ് ചുമതലാമുക്തനാവണമെന്നും അതിനുശേഷം സ്വന്തം മേഖല സ്വയം കണ്ടെത്തി അതില്‍ വ്യാപരിക്കാനുള്ള നൈപുണ്യം നേടണമെന്നും ഇന്നത്തെ കാലത്ത് നിര്‍ദ്ദേശരൂപേണ നമുക്കൊക്കെ സുപരിചിതമാണ്. അഞ്ചാമത്തെ പൂജനീയ സര്‍സംഘചാലക് സുദര്‍ശന്‍ജിയാണ് ഇക്കാര്യം യുക്തിബദ്ധമായി അവതരിപ്പിച്ചത്. എന്നാല്‍ ഈ ആശയം പിറവികൊണ്ടത് ഏകനാഥ്ജിയിലൂടെയാണെന്നും സമൃദ്ധിപൂണ്ടത് നാനാജി ദേശ്മുഖിലൂടെയാണെന്നും സംഘചരിത്രം നോക്കിയാല്‍ മനസ്സിലാക്കാം. ഇപ്രകാരം കര്‍മ്മംകൊണ്ടുമാത്രമല്ല, അതിനുപിന്നിലെ ആശയം കൊണ്ടും ഭാവിപ്രചാരകന്മാര്‍ക്ക് മാതൃകയേകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
അന്ന് ഏകനാഥ്ജി വിഭാവനം ചെയ്ത വിവേകാനന്ദ കേന്ദ്രം ഇന്ന് സുശക്തമായ സംഘടനയാണ്, വിവേകാനന്ദ സ്മാരകം ഭവ്യമായ മന്ദിരമാണ്. അന്ന് ഏകനാഥ്ജി സംശോധനം ചെയ്ത ഭരണഘടന ഇന്ന് പ്രയോഗത്തിലുള്ള രേഖയാണ്. അന്ന് ഏകനാഥ്ജിയാല്‍ വിരചിക്കപ്പെട്ട സംഘടനാ സംവിധാനം ഇന്ന് സര്‍വസാധാരണ സ്വയംസേവകനും സുപരിചിതമാണ്. അന്ന് ഏകനാഥ്ജിയാല്‍ വിഭാവനം ചെയ്യപ്പെട്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള കര്‍മ്മപദ്ധതി ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക മന്ത്രാലയമാണ്. ഇത്തരം മാറ്റങ്ങളൊക്കെ ഉണ്ടായിട്ടും ഏകനാഥ്ജിയുടെ ഉള്ളിലെ സ്വയംസേവകന്‍ മാറിയില്ല. അന്നും എന്നും അവസാനശ്വാസം വരെയും അദ്ദേഹം സ്വയംസേവകത്വവും പ്രചാരകത്വവും കാത്തുസൂക്ഷിച്ചു. പ്രതിസന്ധികളെ അവസരമാക്കി മാറ്റിയ നേതാവായി മാറിയപ്പോഴും അവസരങ്ങളെ കടമകളായി മാത്രം കണ്ട സ്വയംസേവകനായി നിന്നതുകൊണ്ടാണ് അദ്ദേഹത്തിനത് സാധിച്ചത്. വിവേകാനന്ദ സ്മാരക നിര്‍മ്മാണ സമയത്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തീവണ്ടി പാസുപയോഗിച്ചുകൊണ്ട് ഭാരതം മുഴുവന്‍ യാത്ര ചെയ്തു. എന്നാല്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ സംഘ ശിക്ഷാവര്‍ഗ്ഗുകള്‍ സന്ദര്‍ശിക്കാന്‍ യാത്ര ചെയ്യുമ്പോള്‍ ആ പാസ് ഉപയോഗിക്കാറുണ്ടായിരുന്നില്ല. അത്തരം യാത്രകളുടെ വ്യവസ്ഥ സംഘത്തില്‍ നിന്നുമായിരുന്നു. സ്മാരകനിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍, ആ പാസ് തിരിച്ചുനല്‍കാനൊരുങ്ങിയ അദ്ദേഹത്തോട് അതു കൈവശം വെക്കാമെന്ന് ഇന്ദിരാഗാന്ധി നിര്‍ദ്ദേശിച്ചിട്ടും അദ്ദേഹമത് മടക്കി നല്‍കി. സ്വയംസേവകന്റെ നിഷ്ഠ പാലിക്കുകയായിരുന്നു ആ മഹാത്മാവ്.
അടിയന്തരാവസ്ഥയില്‍ ഒട്ടുമിക്ക സംഘ അധികാരിമാരും അറസ്റ്റിലായപ്പോള്‍ മറ്റു ചിലര്‍ ഒളിവിലായിരുന്നു. എന്നാല്‍ ഇതു രണ്ടിലും പെടാതെ സൈ്വര്യസഞ്ചാരം നടത്തിയ ഏകവ്യക്തിയായ ഏകനാഥ റാനഡയെന്ന ആര്‍.എസ്.എസ്. പ്രചാരകനെ ഇന്ദിരാഗാന്ധി അറസ്റ്റു ചെയ്യാതിരുന്നതിന് വേറെന്തു കാരണം അന്വേഷിക്കണം. എല്ലാ വളര്‍ച്ചയ്ക്കും അപ്പുറത്ത് താനൊരു സ്വയംസേവകനാണെന്ന ബോധ്യം കാത്തുസൂക്ഷിച്ചതുകൊണ്ടാണ് ഏകനാഥ്ജിയുടെ മഹത്വമേറുന്നത്.
വികൃതി കാരണം നാഗ്പൂര്‍ ശാഖയ്ക്കു പുറത്തുള്ള അരമതിലില്‍ ശാഖാപ്രവേശനത്തിനുള്ള തന്റെ ഊഴം കാത്തുകിടന്ന ബാലസ്വയംസേവകനില്‍ നിന്നും സുകൃതി കാരണം കന്യാകുമാരിയിലെ മണല്‍ പരപ്പില്‍ വിവേകാനന്ദപ്രതിമയുടെ കാല്‍ക്കീഴില്‍ അന്ത്യവിശ്രമംകൊള്ളുന്ന രാഷ്ട്രനായകനിലേക്കുള്ള പ്രഗതിയാണ് ആ ജീവിതം. മഹാരാഷ്ട്രക്കാരനായ ഡോക്ടര്‍ജിയുടെ തൃക്കരങ്ങളാല്‍ രാഷ്ട്രപൂജയുടെ ബലിവേദിയില്‍ അര്‍പ്പിക്കപ്പെട്ട കര്‍മ്മവ്യഗ്രനില്‍ നിന്നും ആന്ധ്രക്കാരനായ ബി. മഹാലിംഗമെന്ന പ്രചാരകസഹപ്രവര്‍ത്തകന്റെ ചരിതാര്‍ത്ഥ കരങ്ങളാല്‍ ചിതാഗ്നിയില്‍ സമര്‍പ്പിക്കപ്പെട്ട കര്‍മ്മപരായണനിലേക്കുള്ള നിയോഗമാണ് ആ ജീവിതം.
അവസാനകാലത്ത് സംഘ ചുമതലയില്ലാതിരുന്ന സമയത്ത് ദേവറസ്ജിയുടെ നിര്‍ദ്ദേശപ്രകാരം ഒരു ബൈഠക്കില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ദേവറസ്ജി അന്ന് പരംപൂജനീയ സര്‍സംഘചാലകനായിരുന്നു. 1973 ല്‍ കാന്‍പൂരിലായിരുന്നു ഈ ബൈഠക്. അവിടെ അദ്ദേഹത്തിന് ഒരു ബൗദ്ധിക് നിശ്ചയിച്ചിരുന്നു. ദേവറസ്ജിയുടെ സാന്നിധ്യത്തിലായിരുന്നു ബൗദ്ധിക്. കളിക്കൂട്ടുകാരനെ പരംപൂജനീയ സര്‍സംഘചാലക് മാനനീയ ദേവറസ്ജി”എന്ന് സംബോധന ചെയ്തുകൊണ്ടാണ് ഏകനാഥ്ജി അന്ന് ബൗദ്ധിക് ആരംഭിച്ചത്. ഒരേ ശാഖയില്‍, ഒരേ കുടുംബത്തില്‍, ഒരേ കാലഘട്ടത്തില്‍, ഒരുമിച്ചു കളിച്ചുവളര്‍ന്ന തന്നെക്കാള്‍ രണ്ടു വയസ്സു കുറഞ്ഞ കളിക്കൂട്ടുകാരനെ പരംപൂജനീയ’എന്നു സംബോധന ചെയ്യുന്ന പൂര്‍വ്വ സര്‍കാര്യവാഹിനെ നമുക്കൊന്നു സങ്കല്പിച്ചു നോക്കാം. ദേഹനാമബദ്ധമായ ജീവിതത്തിന്റെയും അഹംബോധത്തിന്റെയും സകലമാന ബന്ധനങ്ങളെയും ഭേദിച്ച നിഷ്ഠാവാനായ സ്വയംസേവകന്‍! കന്യാകുമാരിയിലെ അദ്ദേഹത്തിന്റെ സ്മൃതികുടീരത്തില്‍ അനുയോജ്യമായ ഈ ഗീതാശ്ലോകം കുറിച്ചുവെച്ചിട്ടുണ്ട്.
മുക്തസംഗോƒനഹം വാദി
ധൃത്യുത്‌സാഹ സമന്വിതഃ
സിദ്ധ്യസിദ്ധ്യോര്‍ നിര്‍വികാരഃ
കര്‍ത്താ സാത്വിക ഉച്യതേ
ഈ ശ്ലോകത്തെ അന്വര്‍ത്ഥമാക്കിയ ആ കര്‍മ്മകുശലന്‍ 1982 ആഗസ്റ്റ് 22ന് ഇഹലോകവാസം വെടിഞ്ഞു. എങ്കിലും കര്‍മ്മചക്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി പൂജ തുടരുന്ന ആ പുണ്യാത്മാവിന്റെ സ്മൃതിയില്‍ ആയിരം പ്രണാമങ്ങള്‍.