1964 കാലത്താണ് വിവേകാനന്ദ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാരംഭം കുറിക്കപ്പെട്ടത്. വിവേകാനന്ദ ദര്‍ശനങ്ങള്‍ സംഗ്രഹിച്ച് ഠവല ഞീൗശെിഴ രമഹഹ ീേ ഒശിറൗ ചമശേീി”എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. ഭാരതത്തിലെ എല്ലാ ഭാഷകളിലേക്കും അത് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കന്യാകുമാരിയില്‍ ഒരു വിവേകാനന്ദ സ്മാരക നിര്‍മ്മിതിയെക്കുറിച്ച് ചിന്തിക്കപ്പെട്ടതും അതിനായി രൂപീകരിക്കപ്പെട്ട സമിതിക്ക് അഖിലഭാരതീയ സ്വരൂപം നല്‍കിയതും. 1963 ആഗസ്റ്റില്‍ അദ്ദേഹം അതിന്റെ സംഘടന സെക്രട്ടറിയായി നിയുക്തനായി. ശേഷം സംഭവങ്ങള്‍ സ്വതന്ത്രഭാരതത്തിന്റെ സ്വതന്ത്രചരിത്രത്തിലെ ഒരു സുവര്‍ണ്ണ അദ്ധ്യായമാണ്.
സ്വതന്ത്രഭാരതത്തിന്റെ സാംസ്‌കാരിക പുനരുദ്ധാരണ ചരിത്രത്തില്‍ മൂന്ന് ഘട്ടങ്ങള്‍ക്കാണ് നാം ഇതുവരെ സാക്ഷ്യം വഹിച്ചത്. ഒന്ന് സോമനാഥം, രണ്ട് കന്യാകുമാരി, മൂന്ന് അയോധ്യ. ഇതില്‍ ഒന്നും മൂന്നും സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണെങ്കില്‍ രണ്ടാമത്തേത് ഏകനാഥ്ജിയുടെ മേല്‍നോട്ടത്തില്‍ സര്‍ക്കാരുകളെ സംയോജിപ്പിച്ചുകൊണ്ട് നേടിയതാണ്. ഇവിടെയാണ് ഏകനാഥ്ജി എന്ന പ്രചാരകന്‍ സംഘജീവിതത്തില്‍ അനുഷ്ഠിച്ച കര്‍മ്മശുദ്ധിയുടേയും പരിശീലിച്ച കര്‍മ്മകഠോരതയുടെയും പ്രദര്‍ശിപ്പിച്ച കര്‍മ്മ നിപുണതയുടെയും പ്രത്യക്ഷപരീക്ഷണ ഘട്ടം. ഈ പരീക്ഷണത്തിലും അദ്ദേഹം വിജയിച്ചതിന് ചരിത്രം സാക്ഷി. അതുകൊണ്ടാണ്, ഈ നിയോഗം കേട്ടമാത്രയില്‍ ”അത് ഏകനാഥ്ജിയെയാണോ ഏല്‍പ്പിച്ചത്? എങ്കില്‍ സ്മാരകം ഉയര്‍ന്നിരിക്കും”എന്ന് അപ്പാജി ജോഷി പ്രവചിച്ചത്. അതുകൊണ്ടു തന്നെയാണ് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം ഏകനാഥ് റാനഡെയുടെ സ്മാരകം കൂടിയാണെന്ന് ഒരു രാഷ്ട്രീയനേതാവ് ഠേംഗ്ഡ്ജിയോട് അഭിപ്രായപ്പെട്ടത്.
ശിലാസ്മാരക നിര്‍മ്മാണ ചരിത്രം ഈ പ്രകരണത്തിന്റെ ദൈര്‍ഘ്യം കൂട്ടുമെന്നതിനാല്‍ വിശദമായി പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും ഏകനാഥ്ജിയുടെ പത്തരമാറ്റ് കര്‍തൃത്വത്തിന്റെ മിന്നിത്തിളക്കങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോവുക അസാധ്യമായതിനാല്‍ ചില കാര്യങ്ങള്‍ മാത്രം എടുത്തു പറയാം. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ഭക്തവത്സലത്തെക്കൊണ്ട് സമ്മതിപ്പിച്ചതും, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം നേടിയെടുത്തതും (കേരളമൊഴികെ), 323 പാര്‍ലമെന്റ് അംഗങ്ങളുടെ ഒപ്പ് ശേഖരിച്ചതും, ഒന്നേകാല്‍ കോടി രൂപ 13 മാസം കൊണ്ട് സമാഹരിച്ചതും, സ്വന്തം തട്ടകമായ കല്‍ക്കത്തയില്‍ പത്രസമ്മേളനം വിളിച്ച് ഹുമയൂണ്‍ കബീറിനെ വശത്താക്കിയതും ഉള്‍പ്പെടെ സകല പ്രതിബന്ധങ്ങളേയും അദ്ദേഹം തകര്‍ത്തു മുന്നേറിയതാണ് ചരിത്രം. ആയാസരഹിതമായി ഇത് സാധ്യമാവാന്‍ അദ്ദേഹത്തെ സഹായിച്ച മനോഭാവമാണ് സ്വയംസേവകര്‍ എന്ന നിലയില്‍ നമുക്ക് മാതൃകയാക്കാന്‍ ഉള്ളത്. മന്ത്രിമാരും എം.പി.മാരും ഉള്‍പ്പെടെയുള്ള പൗരസമൂഹത്തെ തയ്യാറാക്കുന്നതുപോലെ പ്രസക്തമായിരുന്നു സര്‍വ്വസാധാരണക്കാരായ സ്വയംസേവകരുടെ മനസ്സും ശരീരവും കന്യാകുമാരിയില്‍ എത്തിക്കുക എന്നത്.
ഇത്രവലിയ തുക പിരിച്ചെടുക്കണം എന്നത് ഒരു ബാധ്യതയായി അദ്ദേഹം കരുതിയില്ല എന്നതാണ് വിജയത്തിന്റെ മൂലമന്ത്രം. പണം തരേണ്ടവരെ യാചനാഭാവത്തോടെയല്ലാതെ ആത്മവിശ്വാസത്തോടെ സമീപിച്ചു എന്നതാണ് രണ്ടാമത്തെ മന്ത്രം. സ്വാമി വിവേകാനന്ദന്റെ സ്മാരക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യാന്‍ താങ്കള്‍ക്ക് അവസരം കൈവന്നിരിക്കുന്നുവെന്ന വാഗ്ദാനമാണ് അദ്ദേഹത്തിന്റെ ധനശേഖരണ കര്‍മ്മത്തിന്റെ തത്വം. ഇക്കാര്യത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. (പ്രകരണത്തിന്റെ പരിശുദ്ധി നഷ്ടപ്പെടാതിരിക്കാന്‍ ഇ.എം.എസിന്റെ നിഷേധഭാവം മനഃപൂര്‍വ്വം വിസ്മരിക്കുന്നു. ഇതേസമയം ബംഗാളില്‍ ജ്യോതിബസു ഇതിനെ അനുകൂലിച്ചതും അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി കമലാബസു ആയിരത്തി ഒരുനൂറു രൂപ ഇതിനായി സമാഹരിച്ചതും നന്ദിപൂര്‍വ്വം സ്മരിക്കുകയും ചെയ്യുന്നു).
ഓരോ പ്രതിസന്ധിയെയും പഠിച്ച്, അതിനെ നിര്‍വ്വീര്യമാക്കാന്‍ ആവശ്യമായ സമയമെടുത്ത് ഉചിതമായ അവസരം കൈവരുമ്പോള്‍ സംഘടനയുടെ തീരുമാനം നടപ്പിലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. മുഖ്യമന്ത്രി അനുവദിച്ച പതിനഞ്ചടി സ്ഥലത്തുനിന്നും അതിന്റെ പത്തിരട്ടി വലിപ്പമുള്ള സ്മാരകം നിര്‍മ്മിക്കാന്‍ അദ്ദേഹം ഉപയോഗിച്ചത് ഈ നയമാണ്.
സ്മാരകത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന വിവേകാനന്ദ പ്രതിമയെക്കുറിച്ച് ചര്‍ച്ച നടന്നു. വിവേകാനന്ദ സ്വാമികളുടെ ദൃഷ്ടി ഏതുദിശയിലേക്ക് വരണമെന്നതായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. ഭാരതീയ വിശ്വാസപ്രകാരം കിഴക്കോട്ടാവണമെന്നു ചിലരും, ഭാരതാംബാപൂജകനാകയാല്‍ അത് വടക്ക് ഹിമാലയത്തിലേക്കായിരിക്കണമെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു. വിശ്വാസത്തേയും അന്ധവിശ്വാസത്തേയും പരസ്പരം കെട്ടിപുണരാതെ വേറിട്ട് നിര്‍ത്താന്‍ പണ്ടേ മിടുക്കനായിരുന്നു ഏകനാഥ്ജി. ജാതകവശാല്‍ അപകടസാധ്യത ഉള്ളതിനാല്‍ കുളങ്ങളില്‍ കുളിക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്ത് ആരേയും കൂസാതെ കിണറ്റിലേക്ക് എടുത്തുചാടിയ ബാലനായിരുന്നു എകനാഥ്. നീന്തല്‍ പഠിക്കാനുള്ള അതിയായ ആഗ്രഹം ജാതകം കാരണം മുടങ്ങിപ്പോയപ്പോള്‍, അവര്‍ക്ക് പറ്റുമെങ്കില്‍ എനിക്കും പറ്റും എന്ന് പറഞ്ഞ് കിണറ്റില്‍ ചാടിയ നീന്തലറിയാത്ത കുട്ടിയുടെ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. വിശ്വാസത്തേയും അന്ധവിശ്വാസത്തേയും അന്നേ തരംതിരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒടുവില്‍ ആ ശ്രീപാദപ്പാറയിലെ ദേവിയുടെ തൃപ്പാദങ്ങളില്‍ നോക്കുന്ന രീതിയിലായിരിക്കണം പ്രതിമയുടെ നില്‍പ്പെന്ന് എല്ലാവരാലും അദ്ദേഹം അംഗീകരിപ്പിച്ചു. ഇപ്രകാരം ഐതിഹ്യപരമായി ശ്രീപാദപ്പാറയെന്നും ചരിത്രപരമായി വിവേകാനന്ദപ്പാറയെന്നും ഉള്ള ആ പവിത്രശിലയുടെ ദ്വയാസ്തിത്വം ഉള്ളു ചോരാതെ സമന്വയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഈ ഉദ്ദേശ്യത്തോടുകൂടി ആദ്യം നിര്‍മ്മിച്ച പ്രതിമക്ക് ഇത്തിരി ഉയരം കൂടിപ്പോയി. അതിനാല്‍ പ്രതിമയുടെ ദൃഷ്ടി ശ്രീപാദത്തില്‍ കൃത്യമായി പതിയാതെ വന്നപ്പോള്‍ ആ പ്രതിമ മാറ്റി പകരം പുതിയത് നിര്‍മ്മിക്കാനും ആ പൂര്‍ണ്ണതാപ്രേമി മടികാണിച്ചില്ല. ആദ്യത്തെ പ്രതിമ നശിപ്പിക്കാതെ വിവേകാനന്ദകേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുമുണ്ട്-ഇപ്പോഴും അതവിടെ കാണാം. പ്രതിമയും സ്മാരകവും നിര്‍മ്മിക്കുക മാത്രമല്ല അത് സന്ദര്‍ശിക്കാന്‍ ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സ്വയംസേവകര്‍ എത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഘട്ടംഘട്ടമായി ഊഴമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സ്വയംസേവകര്‍ സ്മാരകം സന്ദര്‍ശിച്ചു. ഒരു പ്രവര്‍ത്തനം ചെയ്യുക മാത്രമല്ല അതിന്റെ വിജയം, സമാജത്തെക്കൊണ്ട് അതിനെ സ്വീകരിപ്പിക്കുക കൂടി വിജയത്തിന്റെ ഭാഗമാണമെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.
അതുകൊണ്ടും തീര്‍ന്നില്ല. വിവേകാനന്ദപ്പാറയ്ക്ക് സമീപം മറ്റൊരു പാറ ഒഴിഞ്ഞുകിടക്കുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്നെ മുന്‍കൈയ്യെടുത്ത് അവിടെ തിരുവള്ളുവരുടെ പ്രതിമ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയോട് സൂചിപ്പിച്ചു. ബംഗാളിന്റെ വിവേകാനന്ദനും തമിഴ്‌നാടിന്റെ തിരുവള്ളുവരും മുഴുവന്‍ ഭാരതീയര്‍ക്ക് ഒരുപോലെയാണെന്ന് അദ്ദേഹത്തിന്റെ ഉള്‍ത്തടം മന്ത്രിച്ചു കാണും. യാതൊരു സങ്കോചവും കൂടാതെ മുഖ്യമന്ത്രി അത് അംഗീകരിച്ചു. 1979 ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ കൈകളാല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് സാങ്കേതിക തടസ്സങ്ങളാല്‍ പണി മുടങ്ങിയെങ്കിലും പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയായി. ശാസ്ത്രീയമല്ലെങ്കിലും യുക്തിപരമായ ഒരു താരതമ്യം നോക്കാം. മറ്റാരോ സങ്കല്പിച്ച് ഏകനാഥ്ജി ഏറ്റെടുത്ത പ്രതിമ നിര്‍മ്മാണം 6 വര്‍ഷം കൊണ്ട് പൂര്‍ത്തിയായപ്പോള്‍, ഏകനാഥ്ജി സങ്കല്‍പ്പിച്ച്, പ്രധാനമന്ത്രി തറക്കല്ലിട്ട്, സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയായത് 21 വര്‍ഷംകൊണ്ടും! ഇതാണ് വ്യത്യാസം.