രണ്ടാം പ്രശ്‌നം
”അഥ ഹൈനം ഭാര്‍ഗ്ഗവോ വൈദര്‍ഭി:
പപ്രച്ഛ ഭഗവന്‍, കത്യേവദേവാ:
പ്രജാം വിധാരയന്തേ, കതര ഏതത് പ്രകാശയന്തേ,
കഃ പുനരേഷാം വരിഷ്ഠ ഇതി’
എത്ര ദേവന്മാരാണ് പ്രജയെ നിലനിര്‍ത്തുന്നത് എന്നും ആ ദേവന്മാരില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളത് ആര്‍ക്കാണ് എന്നും വിദര്‍ഭ നാട്ടുകാരനായ ഭാര്‍ഗവന്‍ ഗുരുവിനോട് ചോദിച്ചു.
പൊതുവെ ഒരു തെറ്റിദ്ധാരണയുണ്ട്, ഭാരതീയര്‍ ബഹുദൈവവിശ്വാസികളാണെന്ന്. അതിനുള്ള മറുപടി പിപ്പലാദന്‍ പറയും ഭാഗവന്റെ ചോദ്യം നോക്കുക: ഒരു ജീവിയെ സംരക്ഷിക്കുന്നത് എത്ര ദേവതകളാണെന്നാണ്. അവരില്‍ ശക്തനാരാണ് എന്നറിയണം. ഒരു മതത്തില്‍, ഒരു ജാതിയില്‍, ഒരാചാരത്തില്‍ ജീവിക്കുന്ന ഒരാള്‍ കുറേ നാളുകള്‍ക്ക് ശേഷം മതം മാറിയാല്‍ അയാളെ പുതിയൊരു ദൈവം സംരക്ഷിക്കാനും ഐശ്വര്യത്തിലേക്കും സ്വര്‍ഗ്ഗത്തിലേക്കും ഉയര്‍ത്താനും എത്തുമോ? ആചാരങ്ങള്‍ ശാസ്ത്രനിഷ്ഠവും യുക്തിഭദ്രവുമാണോ എന്നറിയുക. ഈശ്വരന്‍ അഥവാ ദേവതാദര്‍ശനം എന്തെന്ന് മനസ്സിലാക്കുക: അപ്പോഴറിയാം മനശ്ശാന്തിയുള്ള ഒരു വ്യക്തിയുടെ തലമാണ് സ്വര്‍ഗ്ഗം. അല്ലാതെ തേനും പാലും ഒഴുകുന്ന ഒരു പ്രദേശത്തെപ്പറ്റി ഭാരതീയ ദര്‍ശനത്തില്‍ ചിന്തിക്കുന്നില്ല. ഒരാള്‍ തെറ്റ് ചെയ്താല്‍ സമൂഹം അത് പിന്നീട് മറന്നെന്നിരിക്കും, എന്നാല്‍ തെറ്റ് ചെയ്ത ആളുടെ തലച്ചോറില്‍ നിന്നത് മായില്ല, അയാളെ അത് പിന്‍തുടരും. രോഗങ്ങള്‍ക്ക് കാരണം ഇത്തരം അലട്ടലുകളാണ്. സ്വയം പശ്ചാത്തപിക്കലാണ് പാപങ്ങളില്‍ നിന്നുള്ള മോചനം.
(2) ”തസ്‌മൈ സ ഹോവാച ആകാശേ ഹവാ
ഏഷ ദേവോ വായുരഗ്നിരാപഃ
പൃഥിവി വാഗ്മനശ്ചക്ഷുഃ ശ്രോത്രം ച
തേ പ്രകാശ്യാഭിവദന്തിവയമേതദ്-
ഭാണമവഷ്ടഭ്യ വിധാരയാമഃ
പിപ്പലാദമുനി മറുപടി പറഞ്ഞത് ഏറ്റവും വലിയ ദേവന്‍ ആകാശമാണ് എന്നാണ്. വായു, അഗ്നി, ഭൂമി, ആകാശം, ജലം എന്നീ പഞ്ചഭൂതങ്ങളും വാക്ക്, മനസ്സ്, കണ്ണ്, ചെവി എന്നിവയും ശരീര രൂപത്തിലുള്ള പ്രജകളെ നിലനിര്‍ത്തുന്നവയാണ്.
ആകാശം മനസ്സാണ്, പ്രാണന്‍ വായുതന്നെയാണ്. ഇവയുടെ വിവിധതലം മാത്രമാണ് മറ്റ് ഭൂതങ്ങള്‍. വായുവില്‍ അഗ്നിയും പൃഥ്വിയില്‍ വായുവും അഗ്നിയും പ്രാണനും ആകാശവും അടങ്ങുന്നു. എല്ലാത്തിലും മറ്റുള്ളവ അടങ്ങിയിരിക്കുന്നു. ഇവയുടെ വൈവിധ്യം ജീവിയെ സശരീരമായി നിലനിര്‍ത്തുന്നു എന്ന് പിപ്പലാദന്‍.
ഈ പ്രപഞ്ചത്തിലെ ഓരോരോ വസ്തുക്കളും ഓരോന്നായിരിക്കുമ്പോഴും അത് മറ്റ് പലതിലും ലീനമായിട്ടുമുണ്ട്. പ്രകൃതിയില്‍ ലയിച്ചിരിക്കുന്ന ആ സത്യത്തെ വേര്‍തിരിച്ചറിയാന്‍ പറ്റാത്തിടത്തോളം ഓരോന്നും വ്യത്യസ്തമാണ്. പാലില്‍ അടങ്ങിയ വെണ്ണ നിറംകൊണ്ടോ ഗുണത്താലോ സ്വഭാവത്താലോ തിരിച്ചറിയാന്‍ സാങ്കേതികമായി അതിനെ വേര്‍തിരിക്കണം. ഒരു കൊച്ചുകുട്ടിക്കത് അറിയില്ല. വേര്‍തിരിക്കപ്പെട്ടാല്‍പ്പിന്നെ വെണ്ണ പാലിലോ വെള്ളത്തിലോ ചേരില്ല. ഇതാണ് പ്രപഞ്ചഗതിയും. ഇതറിയാന്‍ ധ്യാനം ആവശ്യമാണ്, ഏകാഗ്രത ആവശ്യമാണ്, ശാന്തത ആവശ്യമാണ്. അത് നേടിയ യോഗിവര്യന്‍മാരാണ് ‘ഏകംസത്’ – എന്നോതിയത്. പക്ഷെ സത്യം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. ആദിശങ്കരനെപ്പോലുള്ളവര്‍ ഈ ബുദ്ധിമുട്ടിനെ അതിജീവിച്ചവരായിരുന്നു. അവര്‍ അതുകൊണ്ട് ”ബ്രഹ്മം സത്, ജഗന്‍മിഥ്യ” – എന്നോതി.
(3) ”താന്‍ വരിഷ്ഠഃ പ്രാണഃ ഉവാച,
മാം മോഹമാപദ്യഥാഹമേവൈതത്
പഞ്ചധാത്മാനം പ്രവിഭജ്യ ഏതദ്-
ബാണമവഷ്ടഭ്യ വിധാരയാമി ഇതി, –
തേ,ശ്രദ്ധ ധാനാഃ ബഭൂവു.
പക്ഷെ പ്രാണന്‍ പറയുന്നു: പ്രാണനാണ് തന്റെ ശരീരത്തെ അഞ്ചായി ഭാഗിച്ച് നിലനിര്‍ത്തുന്നത് എന്നാണ്. എന്നാല്‍ പ്രാണന്റെ ഈ അഭിപ്രായം അവര്‍ അംഗീകരിച്ചില്ല.
ഇവിടെ പ്രാണന്‍ തന്റെ തനിമ വ്യക്തമാക്കി, ആ പ്രാണന്‍ അദൃശ്യനാണ്. അതാണ് നാം വിശ്വസിക്കാത്തത്. ആത്മാവ് ഉണ്ടോ? എന്നാണ് ചോദ്യം. ഭൗതിക ശക്തിയാണ്, കാഴ്ചയാണ്, കേള്‍വിയാണ്, രസനത്ത്വമാണ്, സ്പര്‍ശനമാണ്, ഘ്രാണനമാണ് നാം അറിവിനായി സ്വീകരിച്ച മാര്‍ഗ്ഗം. എന്നാല്‍ ഇതിനപ്പുറമാണ് യഥാര്‍ത്ഥ അറിവ്. അറിവും അറിയുന്നവനും ഒന്നാണെന്നറിയണം. ഇത് രണ്ടായാല്‍ അറിവുണ്ടാവില്ല. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ അറിവിന്റെ തലം എന്തെന്ന് ഇപ്പോഴെങ്കിലും ഓര്‍ക്കാം. ‘ഹരിനാമകീര്‍ത്തനം’ വായിച്ചാല്‍ ഇത് വ്യക്തമാവും. പഞ്ചപ്രാണങ്ങളും പഞ്ചേന്ദ്രിയങ്ങളും പഞ്ചഭൂതവും ഒന്ന് മാത്രമാണെന്നറിയുക. ആ ഒന്നിലേക്ക് ലയിക്കലാണ് മോക്ഷം. അതാണ് ബ്രഹ്മപഥം, അതാണ് സ്വര്‍ഗ്ഗം.
(4) ”സോങ്കഭിമാനാദുര്‍ദ്ധ്വമുത്ക്രാമത ഇവ,
തസ്മിന്നുത്ക്രാമത്യഥേതരേസര്‍വ്വ ഏവോത്-
ക്രാമന്തേ;
തസ്മിംശ്ച പ്രതിഷ്ഠമനേ സര്‍വ്വ ഏവ പ്രാതിഷ്ഠന്തേ,
തദ്യഥാമക്ഷികാ മധുകര രാജാനമുത്ക്രാമന്തം
സര്‍വാ ഏവോത്ക്രാമന്തോ, തസ്മിംശ്ച
പ്രതിഷ്ഠമാനേ സര്‍വ്വാ ഏവ പ്രാതിഷ്ഠന്ത
ഏവം വാങ്മനശ്ചക്ഷുഃ ശ്രോത്രം ച;
തേ പ്രീതാഃപ്രാണം സ്തുന്വന്തി.”
പ്രാണന്റെ അഭിപ്രായം മാനിക്കാത്ത ഇന്ദ്രിയങ്ങളോട് പ്രതിഷേധിച്ചുകൊണ്ട് പ്രാണന്‍ ശരീരത്തില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ തീരുമാനിച്ചു. അതിനായി കുറച്ചുനേരം പ്രാണന്‍ സ്വസ്ഥതയോടെ നിലയുറപ്പിച്ചപ്പോള്‍ പ്രാണന്റെ പ്രാധാന്യം എന്തെന്ന് തിരിച്ചറിഞ്ഞു, അതോടൊപ്പം പ്രാണനെ സ്തുതിച്ചു.
പ്രാണന്‍ ശരീരമുപേക്ഷിച്ചാല്‍ പിന്നെ മനസ്സും ബുദ്ധിയും കേള്‍വിയും കാഴ്ചയുമൊന്നുമില്ല. പിന്നെ ശരീരം പഞ്ചഭൂതത്തില്‍ ചേരണം. അപ്പോള്‍ വ്യക്തം: ശരീരം പഞ്ചഭൂതകനിര്‍മ്മിതമാണ്, അത് കാണപ്പെട്ട് നില്‍ക്കുന്നത് പ്രാണന്‍ ഉള്ളതിനാലാണ്. അപ്പോള്‍ ഏകമാത്രമായ ആ ചൈതന്യമാണ് ഉള്ളത്. അതിന് നാശമില്ല. ആ നാശരഹിതമായ ചൈതന്യമാണ് ‘ഞാന്‍’ എന്ന അറിവാണ് വേണ്ടത്. ജനനവും മരണവും അവിടെ മിഥ്യയാവും, സുഖദുഃഖങ്ങള്‍ ഇല്ലാതാവും.
ഈയൊരു ‘വകതിരിവിന്’ വേണ്ടിയാവണം മതങ്ങളും ആചാരങ്ങളും. എന്നാല്‍ ഇന്ന് നാം എവിടെ നില്‍ക്കുന്നു? വിശിഷ്യാ പാശ്ചാത്യ മതങ്ങള്‍ മനുഷ്യവിരുദ്ധമാവുന്നു. പൗരോഹിത്യം എല്ലാ മതങ്ങളേയും പലനാളുകളില്‍ ദുഷിപ്പിച്ചു. കാവിയും വെള്ളയും ളോഹയുമെല്ലാം ചിഹ്നങ്ങള്‍ മാത്രമായി. ”ഉദരനിമിത്തം ബഹുകൃതവേഷം” – എന്ന് ആചാര്യന്‍ പാടിയതോര്‍ക്കുക. ഇനിയും ആചാര്യന്‍മാര്‍ നമുക്ക് വേണം. അതിന് ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങള്‍ പഠിച്ചേപറ്റൂ, പഠിപ്പിച്ചേ പറ്റൂ.
(5) ”ഏഷോങ്കഗ്നിസ്തപത്യേഷ സൂര്യ ഏഷ
പര്‍ജ്ജന്യോമഘവാനേഷ
വായുരേഷ പൃഥിവീരയിര്‍ദേവഃ
സദസച്ചാമൃതം ചയത്.”
അഗ്നിയുടെ ചൂടും സൂര്യന്റെ വെളിച്ചവും മേഘവും ഇന്ദ്രനും വായുവും ഭൂമിയും എല്ലാമായി നിലനില്‍ക്കുന്ന പ്രാണന്‍ തന്നെയാണ് ചന്ദ്രനും സത്തും അസത്തുമെല്ലാം.
ഈ കാണായ സകലതും ഒന്ന് മാത്രമാണെന്ന്, ഒരേയൊരു ചൈതന്യത്തില്‍ നിന്നാണ് ഇതിന്റെ തുടക്കമെന്ന് ബോധ്യപ്പെടണം. വിദ്യാഭ്യാസം അത്തരം വഴിയിലേക്ക് തിരിഞ്ഞേ പറ്റൂ. വെന്നും കൊന്നും നേടുന്നതല്ല നേട്ടം എന്നറിയിച്ച നമ്മുടെ സന്യാസ പാരമ്പര്യത്തെ ശരിയാംവിധം അറിയിക്കണം. പിപ്പലാദചിന്ത നാം വാരിവിതറണം.
മറിച്ച് ഞാന്‍ പറയുന്നതാണ് ശരി, അന്യമതങ്ങള്‍ ‘നരക’മാണ് എന്ന് പഠിപ്പിക്കുന്ന സംവിധാനം മാറണം. ഉന്‍മൂലന സിദ്ധാന്തങ്ങള്‍ ഇന്നും ജനാധിപത്യത്തില്‍പ്പോലും ഇടംനേടി അടക്കി ഭരിക്കുവാന്‍ വെമ്പുമ്പോള്‍ സാത്വിക ജീവിതത്തിന്റെ രഹസ്യം പുത്തന്‍ തലമുറ പഠിക്കണം. പ്രശ്‌നോപനിഷത്തിന്റെ സ്ഥാനം അവിടെയാണ്. ഓരോ പ്രശ്‌നവും നമ്മുടെ അറിവില്ലായ്മയെയും അവയുടെ ഉത്തരം നമ്മുടെ സംസ്‌കൃതിയുടെ, പാരമ്പര്യത്തിന്റെ അറിവാണെന്നും തിരിച്ചറിയണം. ഭാരതീയ ജീവിതദര്‍ശനത്തിന്റെ പ്രാധാന്യം ഇവിടെയാണ് നാമറിയുക.
(6) ”അരാ ഇവ രഥ നാ ഭൗ പ്രാണേ സര്‍വ്വം
പ്രതിഷ്ഠിതം
ഋചോ യജൂംഷി സാമാനി
യജ്ഞക്ഷത്രം ബ്രഹ്മ ച.”
എല്ലാം പ്രാണനിലാണ് നിലനില്‍ക്കുന്നത്. തേരിന്റെ ചക്രത്തില്‍ക്കാണുന്ന ആരക്കാലുകള്‍ അതിന്റെ നാഭിയില്‍ സ്ഥിരമായിരിക്കുന്നതു പോലെയാണിത്.
പ്രകൃതിയുടെ, പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് പ്രാണന്‍ എന്ന ഒരേയൊരു ചൈതന്യത്തിലാണ്. ആ പ്രാണനെ ഇല്ലാതാക്കാനോ ഉണ്ടാക്കുവാനോ സാധ്യമല്ല. ശ്രീമദ് ഭഗവദ്ഗീത പറയുന്നു.
”നാസതോ വിദ്യതേഭാവ
ന ഭാവോ വിദ്യതേങ്കസത:” – എന്ന്. അനശ്വരമായ ചൈതന്യത്തിന്റെ ഭൗതിക പ്രതിഭാസത്തെയാണ് വേദാന്ത ഭാഷയില്‍ ‘ജീവാത്മാവ്’ എന്ന് വിളിക്കുന്നത്. ഇതിന്റെ ആത്മീയമായ, ശാശ്വത ചൈതന്യത്തെ ‘പരമാത്മാവ്’ എന്ന് പറയുന്നു. ഈ പരമാത്മ തത്ത്വത്തിന്റെ സമഗ്രതയാണ് ‘ബ്രഹ്മാണ്ഡം’ എന്നും, ഇതിന്റെ കേവല ഭൗതികമായ പ്രപഞ്ചരൂപത്തെ ‘പിണ്ഡാണ്ഡം’ എന്നും പറയുന്നു. ഇത് രണ്ടും രണ്ടല്ല.
”ഏകം സത്” – എന്നതിനര്‍ത്ഥവും ഇതുതന്നെയാണ്. ശാശ്വതമായ സത്യം ഈ അനശ്വര സത്തയാണ്. ”””Etternal Every” ” എന്ന് എമേര്‍സനും ‘Every’ എന്ന കാഴ്ചപ്പാടില്‍ ഐന്‍സ്റ്റീനും വ്യക്തമാക്കുന്ന സത്തയിതാണ്. മാറ്റര്‍ അഥവാ ‘ജഡം’ എന്നതിന്റെ നിലനില്‍പ്പ് ഈ ചൈതന്യമാണ്.
ഈ പ്രാണന്റെ രഹസ്യം നമ്മുടെ ഭൗതിക ഭൂതവിദ്യക്ക് (ജവ്യശെരമഹ രെശലിരല) ക്ഷിപ്രസാധ്യമല്ല. അതുകൊണ്ട് തന്നെ ജീവിത രഹസ്യവും ഗുഹ്യാത് ഗുഹ്യതരമാണ്.
(തുടരും)