സംഘചരിത്രത്തിലെ അമ്പരപ്പുണ്ടാക്കുന്ന ഒരധ്യായത്തിലെ നായകനാണ് മധുകര്‍റാവു ഭാഗവത്. തലമുറകളുടെ സംഘപാരമ്പര്യത്തിന്റെ മധ്യമഭാഗം. ഇദ്ദേഹത്തിന്റെ പിതാവ് ശ്രീ.നാരായണ്‍ റാവു ഭാഗവതാണ് ചന്ദ്രപൂരില്‍ ശാഖ വളര്‍ത്തിയത്. അവിടുത്തെ സംഘചാലകനായിരുന്നു. മധുകര്‍റാവുജിയാണ് ഗുജറാത്തില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ മോഹന്റാവു ഭാഗവത് എന്തു ചെയ്തുകൊണ്ടിരിക്കുന്നുവെന്നതിന് നാം ദൃക്‌സാക്ഷികളാണ്. അച്ഛന്‍ സംഘചാലക്, മകന്‍ സംഘചാലകന്‍, മകന്റെ മകന്‍ സര്‍സംഘചാലകന്‍. ഇതുകൊണ്ടും തീര്‍ന്നില്ല. ധര്‍മ്മപത്‌നി ശ്രീമതി മാലതി ബായി രാഷ്ട്രസേവികാസമിതിയുടെയും വനവാസി കല്യാണാശ്രമത്തിന്റെയും ചുമതലകള്‍ നിര്‍വഹിച്ചു. അടിയന്തരാവസ്ഥകാലത്ത് അദ്ദേഹവും പത്‌നിയും ഒരേ സമയം ജയിലില്‍ കിടന്നു. ഒരു മകന്‍ ഒളിവില്‍ പ്രവര്‍ത്തിച്ചപ്പോള്‍ മറ്റൊരു മകന്‍ രഞ്ജന്‍ ഭാഗവത് സത്യഗ്രഹമനുഷ്ഠിച്ചു. ചെറിയ കുട്ടികളായിരുന്ന രവിയും നിവേദിതയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തലമുറകള്‍ ഒന്നടങ്കം സംഘഗംഗയില്‍ നിമഗ്‌നരാകുന്ന പ്രത്യക്ഷദൃശ്യത്തിന് ഇതില്‍പരം ഉദാഹരണമെന്തുവേണം!.
ഇതുകൊണ്ടും അത്ഭുതം അവസാനിക്കുന്നില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ സമയം ജയിലില്‍ കഴിഞ്ഞതുപോലെ, ഒരേ സമയം കാര്യാലയത്തിലും താമസിച്ചിട്ടുണ്ട്. രണ്ടും സംഘകാര്യാര്‍ത്ഥം. അദ്ദേഹം ഗുജറാത്തില്‍ പ്രാന്തപ്രചാരകനായിരിക്കെ, വീട്ടില്‍ ഉണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗുരുജിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് വിവാഹം കഴിച്ചത്. വിവാഹാനന്തരവും നാലഞ്ച് വര്‍ഷം ഗുജറാത്തില്‍ പ്രാന്തപ്രചാരകനായി തുടര്‍ന്നു. ഈ സമയത്ത് ചില അവസരങ്ങളില്‍ ശ്രീമതി. മാലതി ബായി പ്രാന്തപ്രചാരകന്റെ ധര്‍മ്മപത്‌നിയായി പ്രാന്തകാര്യാലയത്തില്‍ താമസിക്കുകയും, സ്വയംസേവകര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. 1944 മുതല്‍ 1951 വരെ അദ്ദേഹം ഗുജറാത്തിന്റെ പ്രാന്തപ്രചാരകനായിരുന്നു. 1950 സെപ്തംബര്‍ 6നാണ് ഇപ്പോഴത്തെ പരംപൂജനീയ സര്‍സംഘചാലക് ഡോ.മോഹന്റാവു ഭാഗവത് ജനിക്കുന്നത്. അതായത്, പ്രാന്തപ്രചാരകന്റെ മകനായി ജനിക്കാനുള്ള, അസുലഭ സൗഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് മോഹന്‍ജി ഭാഗവത്. ഒരു പക്ഷെ, സംഘചരിത്രത്തില്‍ ഇങ്ങനെയൊരു സൗഭാഗ്യം ഇനിയാര്‍ക്കും ലഭിക്കില്ലായിരിക്കാം.
ഇനി ഈ സാഹചര്യത്തിലേക്കു നയിച്ച സംഭവങ്ങളെന്തെന്ന് നോക്കാം. നാരായണ്‍റാവു (നാനാജി) ഭാഗവത് പൂജനീയ ഡോക്ടര്‍ജിയുടെ സഹപാഠിയും ചന്ദ്രപൂര്‍ സംഘചാലകും തൊഴില്‍പരമായി വക്കീലുമായിരുന്നു. ഇദ്ദേഹത്തിന്റെ വീടായിരുന്നു ചന്ദ്രപൂര്‍ സംഘകാര്യാലയം. ഇദ്ദേഹത്തിന് രണ്ട് ആണ്‍മക്കളായിരുന്നു. മധുകര്‍ ഭാഗവതും, മനോഹര്‍ ഭാഗവതും. ആദ്യപത്‌നിയുടെ അകാലനിര്യാണത്തിനു ശേഷം അദ്ദേഹം രണ്ടാമതും വിവാഹം ചെയ്തു. അതില്‍ പെണ്‍കുട്ടികളായിരുന്നു. ആ പത്‌നിയും അകാലത്തില്‍ മരണപ്പെട്ടു. ദൗര്‍ഭാഗ്യവശാല്‍ മൂത്ത മകനെയും കാലം അപഹരിച്ചു. ഇത്തരമൊരു കുടുംബപ്രതിസന്ധി അദ്ദേഹം ഗുരുജിയുമായി പങ്കുവെച്ചു. ഗുരുജിയുടെ സഹപാഠിയായിരുന്നു അദ്ദേഹത്തിന്റെ മൂത്ത മകന്‍. അച്ഛന്‍ ഡോക്ടര്‍ജിയുടെയും ജ്യേഷ്ഠന്‍ ഗുരുജിയുടെയും സഹപാഠികള്‍ ആയതിനാല്‍ കുടുംബകാര്യങ്ങള്‍ സംഘഅധികാരി എന്ന നിലക്ക് ഗുരുജിയോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ വിഷമാവസ്ഥയില്‍ കുലം അന്യം നിന്നു പോവരുത് എന്ന മനോവേദന നാനാജി ഭാഗവതിനെ അലട്ടുന്നുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ ഗുരുജി പ്രാന്തപ്രചാരകനായിരിക്കെ വിവാഹം ചെയ്യാന്‍ മധുകര്‍ ഭാഗവതിനോട് ആവശ്യപ്പെട്ടു. ഗൃഹസ്ഥന്മാരായി പ്രാന്തപ്രചാരകായി പ്രവര്‍ത്തിച്ച മൂന്നാമത്തെ വ്യക്തിയായി മധുകര്‍ജി. (മറ്റു രണ്ടുപേര്‍; ഭയ്യാജിദാണി, ഭാവുസാഹേബ് ഭുസ്‌കുടെജി ) ഈ കാലയളവിനുള്ളില്‍ ഗുജറാത്തിലെ സംഘപ്രവര്‍ത്തനം സന്തുലിതാവസ്ഥയില്‍ എത്തിച്ച് അനുയോജ്യനായ ഉത്തരാധികാരിയെ കണ്ടെത്തി തിരിച്ചുപോകാമെന്ന് ഗുരുജി നിര്‍ദ്ദേശിച്ചു. അതദ്ദേഹം ശിരസാവഹിച്ചു.
1916 ല്‍ ചന്ദ്രപൂരിലാണ് അദ്ദേഹം ജനിച്ചത്. മെട്രിക്കുലേഷന്‍ പാസാവുന്നതോടുകൂടി തന്നെ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗും പൂര്‍ത്തിയാക്കിയ മധുകര്‍റാവു സംഗീതതത്പരനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ചെറുപ്പം മുതലേ ഡോക്ടര്‍ജിയെ കണ്ടു വളര്‍ന്ന അദ്ദേഹത്തിന് പ്രചാരകനാവാനുള്ള മോഹം സ്വാഭാവികമായി ഉദിച്ചു. ബി.എസ്.സി. ബിരുദത്തിനുശേഷം 24-ാം വയസില്‍ പ്രചാരകനായി. ആദ്യത്തെ വര്‍ഷം ഗുരുജിയോടൊപ്പം പ്രവാസം ചെയ്തു. ഗുരുജി സര്‍സംഘചാലകനായതിനു ശേഷമുള്ള യാത്രയായിരുന്നു ഇത്. അതിനുശേഷം മഹാകോശലിലെ (ഇന്നത്തെ മധ്യപ്രദേശ്) കട്‌നിയില്‍ സംഘടനാ ചുമതലയുള്ള പ്രചാരകനായി പ്രവര്‍ത്തിച്ചു. പ്രചാരകനായ ആദ്യവര്‍ഷം ഗുരുജിയോടൊപ്പവും രണ്ടാം വര്‍ഷം ഏകനാഥ്ജിയോടൊപ്പവുമാണ് മധുകര്‍റാവു പ്രവര്‍ത്തിച്ചത്. അതിനുശേഷം ഗുജറാത്തിന്റെ പ്രാന്തപ്രചാരകനായി നിയുക്തനായി. ഇന്നത്തെ ഗുജറാത്ത് സംസ്ഥാനത്തില്‍ സംഘശാഖ ആരംഭിച്ചത് മധുകര്‍റാവുജിയാണ്. സൂറത്തിലെ പരേഖ് ടെക്‌നിക്കല്‍ സ്‌കൂളിലായിരുന്നു ആദ്യ ശാഖ. പിന്നീട് വഡോദര, കര്‍ണാവതി (അഹമ്മദാബാദ്) എന്നിവിടങ്ങളിലേക്കും സംഘപ്രവര്‍ത്തനം വ്യാപിച്ചു. 1943-44 കാലഘട്ടത്തില്‍ സിന്ധിലേയും, ഗുജറാത്തിലേയും സ്വയംസേവകര്‍ക്കായി നടത്തിയ വര്‍ഗ്ഗില്‍ മുഖ്യ സംയോജകന്‍ മധുകര്‍റാവു ആയിരുന്നു. ഈ വര്‍ഗ്ഗിലാണ് എല്‍.കെ. അദ്വാനിജി പ്രശിക്ഷണം നേടിയത്.
ഗാന്ധിജിയെയും പട്ടേലിനേയും പോലുളള മഹാരഥന്മാരുടെ മണ്ണായ ഗുജറാത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. ഈ സാഹചര്യവും ഗുജറാത്തി-മറാഠി സാംസ്‌കാരിക വൈവിധ്യപ്രശ്‌നവും കാരണം സംഘപ്രവര്‍ത്തനം അവിടെ വളരെ വേഗത്തില്‍ മുന്നോട്ടു പോയില്ല. എങ്കിലും കഠിനപ്രയത്‌നവും ബോധപൂര്‍വ്വമുള്ള പരിശ്രമങ്ങളും കാരണം അദ്ദേഹം ഇവയെ അതിജീവിച്ചു. ശാഖകളില്‍ വരുന്ന മഹാരാഷ്ട്രക്കാരായ സ്വയംസേവകര്‍ ഗുജറാത്തി സംസാരിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. ഗുജറാത്തി ജീവിതശൈലി അതിവേഗം സ്വായത്തമാക്കി. 10 വര്‍ഷക്കാലം അദ്ദേഹം ഗുജറാത്തില്‍ പ്രചാരകനായി പ്രവര്‍ത്തിച്ചു. 1947 ല്‍ രാജ്‌കോട്ടില്‍ വെച്ചു നടന്ന ശിബിരത്തില്‍ 4000 പൂര്‍ണ്ണ ഗണവേഷധാരികള്‍ പങ്കെടുത്തു. ഇത് ഗുജറാത്തിലെ സംഘചരിത്രത്തിലെ സുപ്രധാന കടമ്പയായിരുന്നു. 1948 ലെ നിരോധന സമയത്ത്, ഗുജറാത്തിലെ 115 നഗരങ്ങളിലേക്ക് സംഘം വ്യാപിച്ചിരുന്നു. 1951 ല്‍ ഇദ്ദേഹം സമ്പൂര്‍ണ്ണ ഗൃഹസ്ഥജീവിതത്തിലേക്ക് മടങ്ങി വന്നു.
ഒരു സംഘകാര്യകര്‍ത്താവെന്ന ദൃഷ്ടിയില്‍ അദ്ദേഹം ഇത്തിരി കണിശക്കാരനായ പ്രചാരകനായിരുന്നു. കാര്യപദ്ധതിയിലും കീഴ്‌വഴക്കങ്ങളിലും അതീവ നിഷ്ഠ പുലര്‍ത്തിയ കാര്യകര്‍ത്താവായിരുന്നു. കാര്യക്രമങ്ങളിലും ആചാരപദ്ധതിയിലുമൊക്കെ സൂക്ഷ്മദൃഷ്ടിയുണ്ടായിരുന്നു. കാര്യക്രമങ്ങളില്‍ വീഴ്ച വരുത്തുന്നത് ഇദ്ദേഹം കണ്ടില്ലെന്ന് നടിക്കുകയില്ല. വിട്ടുവീഴ്ചയില്ലാതെ തിരുത്തുവാനും ആവശ്യമെങ്കില്‍ ശകാരിക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. എന്നാല്‍ സാധാരണ സമയങ്ങളില്‍ മൃദുവായും മധുരമായും സംസാരിക്കുന്ന വ്യക്തിയായിരുന്നു. ബൈഠക്കിലും സംഘസ്ഥാനിലും കാണുന്ന ആളായിരിക്കില്ല അതിനു പുറത്തുള്ള മധുകര്‍റാവു. സംഘസ്ഥാനില്‍ കടുപ്പക്കാരനും പുറത്ത് അടുപ്പക്കാരനുമായിരുന്നു അദ്ദേഹം.
പ്രചാരകവൃത്തിയില്‍ നിന്നും തിരിച്ചുവന്നതിനുശേഷം അദ്ദേഹം നാഗ്പൂരില്‍ വക്കീല്‍ പഠനം ആരംഭിച്ചു. 35-ാം വയസിലായിരുന്നു ഈ പരിശ്രമമെന്നോര്‍ക്കണം. അതിനുശേഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ അദ്ദേഹം വക്കീലായി പേരെടുത്തു. ഈ സമയത്തൊന്നും സംഘപ്രവര്‍ത്തനത്തില്‍ ഒട്ടും പിന്നോട്ടുപോയിരുന്നില്ല. ആദ്യം നാഗ്പൂരില്‍ നഗര്‍ കാര്യവാഹായും പിന്നീട് പ്രാന്തകാര്യവാഹായും അദ്ദേഹം പ്രവര്‍ത്തിച്ചു. അതിനുശേഷം ചന്ദ്രപൂരിലേക്ക് മാറിയപ്പോള്‍ അവിടെ ആദ്യം ജില്ലാ കാര്യവാഹ് ആയും, ശേഷം പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കാലം മുന്നോട്ടുപോയപ്പോള്‍ ചന്ദ്രപൂര്‍ ജില്ലാ സംഘചാലകായും പിന്നീട് വിഭാഗ് സംഘചാലകായും പ്രവര്‍ത്തിച്ചു. എത്ര മനോഹരവും വൈവിധ്യപൂര്‍ണ്ണവുമായാണ് അദ്ദേഹം സംഘചുമതലകള്‍ നിര്‍വഹിച്ചതെന്ന് നോക്കൂ. ഡോക്ടര്‍ജിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന്, ഗുരുജിയുടെ സഹയാത്രികനായി തുടങ്ങി, ഏകനാഥ്ജിയുടെ അനുഗ്രഹങ്ങള്‍ നേടി, ഗുജറാത്ത് പോലൊരു സംസ്ഥാനത്ത് പോയി അവിടെ ശാഖ തുടങ്ങി പിന്നീട് പ്രാന്തപ്രചാരകായി തിരിച്ചുവന്ന വ്യക്തി, പിന്നെ നിര്‍വഹിച്ചത് നഗര്‍ കാര്യവാഹിന്റെ ചുമതല. അതിനുശേഷം പ്രാന്ത കാര്യവാഹിന്റെ ചുമതല, തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് ജില്ലാ കാര്യവാഹ് . ശേഷം സംഘചാലകന്‍. അദ്ദേഹത്തിന്റെ ജീവിതം പോലെ സംഘചുമതലകളും. തന്റെ ഇഷ്ടത്തിനും ഇംഗിതത്തിനുമനുസരിച്ചല്ല, സാഹചര്യത്തിനും സംഘടനയ്ക്കും എന്താണോ ആവശ്യം ആ ചുമതലയില്‍ ആ ശൈലിയില്‍ ജീവിച്ച മഹദ്‌വ്യക്തി.
സംഘചുമതലകളോടൊപ്പം സാമൂഹിക കാര്യങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ഗുജറാത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സാമൂഹിക സമരസതയെക്കുറിച്ച് അങ്ങേയറ്റം ബോധ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. ചന്ദ്രപൂരില്‍ ഒരു നിയമവിദ്യാലയം സ്ഥാപിക്കപ്പെട്ടപ്പോള്‍ അവിടെ ശമ്പളം വാങ്ങാതെ പഠിപ്പിക്കാന്‍ തയ്യാറായി. ലോകമാന്യതിലക് സ്മാരക സമിതിയുടെ അമരക്കാരനായി പ്രവര്‍ത്തിച്ചു. ഡോക്ടര്‍ജി സേവാസമിതിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഷ്ഠിക്കുമ്പോള്‍ 60 വയസായിരുന്നു. പ്രായം തളര്‍ത്താത്ത സംഘബോധവും പോരാട്ട വീര്യവുമായിരുന്നു. 1948 ല്‍ നിരോധനകാലത്ത് നാഗ്പൂരില്‍ സ്വയംസേവകര്‍ അതിക്രമങ്ങള്‍ നേരിട്ട സമയത്ത്, ഗുജറാത്തില്‍ നിന്നും സംഘനിര്‍ദ്ദേശപ്രകാരം നാഗ്പൂരിലെത്തി അവിടുത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും ഇദ്ദേഹമായിരുന്നു. ഗുരുജിയുടെയും വീടിന്റെയും സംരക്ഷണ ചുമതല വഹിച്ചിരുന്നവരില്‍ ഒരാളായിരുന്നു. ഈ വീര്യം അദ്ദേഹം പ്രായാധിക്യം കൊണ്ട് നഷ്ടപ്പെട്ടുപോവാതെ അവസാനം വരെ കാത്തു. അതുകൊണ്ടാണ് 76-ാം വയസില്‍ അയോധ്യയില്‍ കര്‍സേവയ്ക്ക് പോയത്.
അടുത്തിടപഴകുന്നവരെ അതിവേഗം സ്വാധീനിക്കാന്‍ മധുകര്‍റാവുജിക്ക് കഴിവുണ്ടായിരുന്നു. ലാല്‍കൃഷ്ണ അദ്വാനി ഉള്‍പ്പെടെ ഗുജറാത്തിലും സിന്ധിലും സംഘപ്രവര്‍ത്തനത്തിലുണ്ടായിരുന്ന ഒട്ടുമിക്ക കാര്യരഥന്മാരെയും ആഴത്തില്‍ സ്വാധീനിച്ച വ്യക്തിയാണ് മധുകര്‍റാവുജി. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ഗണത്തില്‍പെടും. അദ്ദേഹം “ജ്യോതിപുഞ്ജ്” എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം മധുകര്‍റാവുജിക്ക് നല്‍കിയ വിശേഷണമാണ് ഈ പ്രകരണത്തിന്റെ തലക്കെട്ടായി ഉപയോഗിച്ചിരിക്കുന്നത്. ഠവല ഘശ്ശിഴ ഡിശ്‌ലൃശെ്യേ ീള ഛൃഴമിശ്വമശേീിമഹ ടരശലിരല, (ജീവിക്കുന്ന സംഘടനാശാസ്ത്ര സര്‍വകലാശാല) എന്നാണ് മോദിജി നല്‍കിയ വിശേഷണം. സംഘത്തില്‍ തൊട്ടുമുന്നില്‍ കാണുന്ന ഏതൊരു നിഷ്ഠാവാനായ കാര്യകര്‍ത്താവിനെക്കുറിച്ചും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇങ്ങനെ നമുക്കും തോന്നിയിട്ടുണ്ടാവും. ഡോക്ടര്‍ജിയെ കണ്ടവര്‍ക്ക് അദ്ദേഹം, ഗുരുജിയെ കണ്ടവര്‍ക്കങ്ങനെ, മറ്റുള്ളവര്‍ക്ക് അവര്‍ അടുത്തിടപഴകിയ ഏതെങ്കിലും ഒരധികാരി. അതൊന്നുമില്ലെങ്കില്‍ നമ്മള്‍ ആദ്യം പോയ ശാഖയിലെ മുഖ്യശിക്ഷകന്‍. ഇവരൊക്കെയും സംഘടനാ ശാസ്ത്രത്തിലെ സര്‍വകലാശാലകള്‍ തന്നെ ആയിരുന്നിരിക്കാം. യുവാവായ നരേന്ദ്ര മോദിയെ സംബന്ധിച്ച് അത് മധുകര്‍റാവു ഭാഗവത്ജിയാണ്. അതായത്, മധുകര്‍ എന്ന സര്‍വകലാശാലയില്‍ നിന്ന് സംഘടനാ ശാസ്ത്രമഭ്യസിച്ച ശിഷ്യനാണ് മോദിയെന്നര്‍ത്ഥം. ഇവിടെയാണ് മധുകര്‍റാവു ഭാഗവത് എന്ന മഹാരഥന്റെ കര്‍മ്മവൈഭവത്തിന്റെ ചാരിതാര്‍ത്ഥ്യം നമുക്കും ബോധ്യമാവുക. എത്ര പരാക്രമശാലിയായ ശിഷ്യന്‍, എത്ര വൈഭവശാലിയായ മകന്‍. മോദിയെപ്പോലൊരു ശിഷ്യനും മോഹന്‍ജിയെപ്പോലൊരു മകനും ലഭിച്ചാല്‍ ഏതു ജീവിതമാണ് ധന്യമാകാതിരിക്കുക. ഏകദേശം സമപ്രായക്കാരായ രണ്ടു പേരും (ജനനം: മോഹന്‍ജി 11-09-1950, മോദിജി 17-09-1950) ഭാരതവര്‍ഷത്തിന്റെ പരമവൈഭവത്തിനായി ചോരനീരാക്കി നിത്യപ്രവാസം ചെയ്യുന്നത് നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന നമ്മള്‍പോലും ധന്യരാണ്. എല്ലായ്‌പ്പോഴും ലക്ഷ്യത്തെക്കാള്‍ ഒരു പദം പിന്നിലാണ് നമ്മള്‍ നില്‍ക്കുന്നത് എന്ന തോന്നലുണ്ടാക്കി കൊണ്ടാണ് മധുകര്‍റാവുജി പ്രവര്‍ത്തിക്കുകയെന്ന് മോദിജി എഴുതുന്നു. ഇതാ അടുത്ത കാല്‍വെയ്‌പോടെ നമ്മള്‍ സാഫല്യത്തിലെത്തും എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഏതു സമയത്തും ഊര്‍ജ്ജവും പ്രചോദനവും നല്‍കുന്ന ശൈലിയാണിതെന്ന് പറയേണ്ടതില്ലല്ലോ.
മകനെ പ്രചാരകനാക്കണം എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നു മധുകര്‍ജി മോഹന്‍ജിയെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിര്‍ത്തി പഠിപ്പിക്കാനുള്ള വ്യവസ്ഥ ചെയ്തത്. എന്നാല്‍ ആദ്യഘട്ട പഠനം പൂര്‍ത്തിയായിട്ടും മോഹന്‍ജി പ്രചാരകനായില്ല. ഇതില്‍ തെല്ലൊരു നിരാശ അച്ഛനുണ്ടായിരുന്നെങ്കിലും പ്രകടിപ്പിച്ചില്ല.
പിന്നീട് മൃഗവൈദ്യത്തില്‍ ബിരുദം നേടി ഡോക്ടറായതിനു ശേഷം മകന്‍ പ്രചാരകനാവാന്‍ തീരുമാനിച്ചു. ഈ വിവരം അച്ഛനെ ധരിപ്പിക്കാനെത്തി.
ഈ സമയത്ത് ഒരു പിതാവെന്ന നിലയില്‍ അദ്ദേഹം നല്‍കിയ ഉപദേശം സ്മരണീയവും ചിന്തനീയവുമാണ്.
‘ഒരച്ഛനും മകനെ പ്രചാരകനാക്കാന്‍ സാധ്യമല്ല. പ്രചാരകനാവാന്‍ തന്നത്താന്‍ തീരുമാനിക്കണം. അതു തീരുമാനിച്ച ഒരു മകനും അച്ഛന്റെ സമ്മതത്തിനു കാത്തുനില്‍ക്കില്ല. ഉറച്ച തീരുമാനം സ്വയം കൈക്കൊള്ളുക, ആരുടെയും സമ്മതത്തിനു കാത്തു നില്‍ക്കാതെ അത് നടപ്പിലാക്കുക.’ ഒരു പിതാവിന്റെ നിക്ഷിപ്ത കര്‍ത്തവ്യത്തേക്കാള്‍ ഒരു മുന്‍ പ്രാന്തപ്രചാരകന്റെ ഐച്ഛിക കര്‍ത്തവ്യത്തിന് പ്രാധാന്യം നല്‍കുന്ന മധുകര്‍ ഭാഗവത് എന്ന സംഘവ്രതധാരിയെ നമുക്കിവിടെ കാണാം.
മികച്ച സംഗീതപ്രേമിയും ഘോഷ് വാദകനുമായിരുന്ന ഇദ്ദേഹം തളരാത്ത പോരാളിയും ശാരീരിക് പ്രമുഖുമൊക്കെ ആയിരുന്നെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ മൃദുലഹൃദയനായിരുന്നു. സംഘര്‍ഷങ്ങളും പ്രതിബന്ധങ്ങളും നേരിടുമ്പോള്‍ നിശ്ചയദാര്‍ഢ്യവും സംഘകാര്യവും രാഷ്ട്രകാര്യവും വരുമ്പോള്‍ നിര്‍മ്മല ഹൃദയനുമായിരുന്നു അദ്ദേഹം. ഗുരുജിയോട് അതിതീവ്രമായ ഭക്തിയും ആരാധനയും ഉണ്ടായിരുന്നു. ഗുരുജിയുടെ വിയോഗത്തില്‍ ഇദ്ദേഹം കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുവെന്നാണ് പറയുന്നത്. മധുരമായ ഹൃദയവും കരുത്തുള്ള കരങ്ങളുമുണ്ടായിരുന്ന മധുകര്‍റാവുജി 2001 ആഗസ്റ്റ് 10 ന് നമ്മെ വിട്ടുപിരിഞ്ഞു.