സംഘപ്രാര്‍ത്ഥനയുടെ ചരിത്രവും സംഘ കീഴ്‌വഴക്കങ്ങളുടെ വികാസചരിത്രവും കേട്ടവര്‍ക്ക് സുപരിചിതമായ പേരാണ് നാനാസാഹേബ് ടലാടുലെ എന്നത്. 1939 ലെ സിന്ദി ബൈഠക്ക് നാനാസാഹേബ് ടലാടുലെയുടെ ഗ്രാമത്തില്‍ (ശ്രീ. ബബന്‍ റാവു പണ്ഡിറ്റിന്റെ വീട്ടില്‍) വെച്ചാണ് നടന്നതെന്ന് നമുക്ക് മനഃപാഠമാണ്. ഈ ബൈഠക്കില്‍ വെച്ചാണ് ഇന്നു നാം ചൊല്ലുന്ന പ്രാര്‍ത്ഥന സ്വീകരിച്ചത്. അതിന്റെ മൂലാശയം വ്യക്തമാക്കിയത് ഡോക്ടര്‍ജിയും അതു ഗദ്യരൂപത്തില്‍ എഴുതി തയ്യാറാക്കിയത് നാനാസാഹേബ് ടലാടുലെയും ആയിരുന്നു. 1935 ല്‍ ശാരീരിക വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കാനുള്ള ബൈഠക്ക് ചേര്‍ന്നതും ഇദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. ഒരര്‍ത്ഥത്തില്‍ സംഘത്തിന്റെ ബാല്യ-ശൈശവ ദശകളുടെ ദൃക്‌സാക്ഷിയായിരുന്നു ടലാടുലെ.

ഇടത്തുനിന്ന്) എന്നിവര്‍.
1901 ല്‍ സിന്ദിയിലായിരുന്നു ബലിറാം നീലകണ്ഠ ടലാടുലെ എന്ന നാനാസാഹേബ് ടലാടുലെ ജനിച്ചത്. ഡോക്ടര്‍ജിയും നാനാസാഹേബും തമ്മിലുള്ള ബന്ധം സംഘസംസ്ഥാപനത്തിനു മുമ്പു തുടങ്ങിയതാണ്. രണ്ടുപേരും വിപ്ലവ പ്രസ്ഥാനങ്ങളിലെ സഹപ്രവര്‍ത്തകരായിരുന്നു. ഭാവുജി കാവ്‌റെ, ഗംഗാ പ്രസാദ്, ബാളാജി ഹുദ്ദാര്‍ എന്നിവരോടൊക്കെ ചേര്‍ന്ന് ഇത്തിരി വെടിയും പുകയുമുള്ള സ്‌ഫോടനാത്മക വിപ്ലവപ്രസ്ഥാനങ്ങളുടെ ചരിത്രം യുവ ഹെഡ്‌ഗേവാറിനുണ്ടായിരുന്നെന്ന് നമുക്കറിയാമല്ലോ. കല്‍ക്കത്തയിലെ അനുശീലന്‍ സമിതിയില്‍ ‘കോകെന്‍’’ ആയി തുടങ്ങി നിരവധി സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലൂടെയും സമരങ്ങളിലൂടെയും പാകപ്പെട്ട വ്യക്തിത്വമായിരുന്നു സംഘസ്ഥാപന സമയത്ത് ഹെഡ്‌ഗേവാറിനുണ്ടായിരുന്നത്. വിപ്ലവകാരിയായ ഹെഡ്‌ഗേവാര്‍ യുഗനിര്‍മ്മാതാവായ ഡോക്ടര്‍ജിയായി മാറുന്ന സമയകാലത്തെ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു നാനാസാഹേബ്. സംഘസംസ്ഥാപനത്തിനു ശേഷം പലരും ഡോക്ടര്‍ജിയുടെ പാത സ്വീകരിച്ച് നിത്യനിതാന്ത രാഷ്ട്ര സേവനവേദിയില്‍ ബലിപുഷ്പങ്ങളാവുകയായിരുന്നു. നാനാസാഹേബും ഇതേപാത സ്വീകരിച്ചു.
വിപ്ലവ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് തോക്കും മറ്റ് ആയുധങ്ങളും കൈകാര്യം ചെയ്തിരുന്നത് ടലാടുലെജി ആയിരുന്നു. പിന്നീട് അദ്ദേഹം തോക്കുകച്ചവടവും നടത്തിയിരുന്നു. ഡോക്ടര്‍ജിയുടെ അടുത്ത കൂട്ടുകാരനും നായാട്ടുവിനോദത്തിലെ നിത്യപങ്കാളിയുമായിരുന്നു ടലാടുലെജി. 1922-23 മുതല്‍ മുറ തെറ്റിക്കാതെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഡോക്ടര്‍ജി ഇദ്ദേഹത്തിന്റെ വീട്ടില്‍പോയി വിശ്രമിക്കുക പതിവായിരുന്നു. വിശ്രമം നടന്നില്ലെങ്കിലും ചികിത്സയും മറ്റുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന പതിവ് ഡോക്ടര്‍ജി അവസാനകാലം വരെ തുടര്‍ന്നു. സംഘകാര്യ വ്യാപ്തി വര്‍ദ്ധിച്ചതോടെ, ചില വര്‍ഷങ്ങളില്‍ ഡോക്ടര്‍ജി സ്വമേധയാ സിന്ദിയില്‍ എത്തിയില്ലെങ്കില്‍, ടലാടുലെജി നാഗ്പൂരില്‍ പോയി അദ്ദേഹത്തെ ‘പിടിച്ചു’ കൊണ്ടുവരാറുണ്ടായിരുന്നു.
1917 ല്‍ നാഗ്പൂരില്‍ വിപ്ലവകാരികള്‍ക്കുള്ള ഒരു സവിശേഷ പരിശീലന ക്യാമ്പ് നടന്നിരുന്നു. ഈ ക്യാമ്പില്‍ വെച്ചാണ് ഡോക്ടര്‍ജിയും അപ്പാജിയും മറ്റു പല വിപ്ലവകാരികളും പരസ്പരം അടുത്തിടപഴകി ആത്മസുഹൃത്തുക്കളായി മാറിയത്. ഒളിവുപ്രവര്‍ത്തനത്തിനിടയില്‍ വേഷപ്രച്ഛന്നരാവുന്നതിനും സ്ത്രീവേഷം ധരിക്കുന്നതിനുമുള്ള പരിശീലനം നല്കുന്ന പ്രത്യേക ക്യാമ്പായിരുന്നു ഇത്. ഇതില്‍ സ്ത്രീ വേഷം ധരിക്കാനുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചതിന്റെ ചുമതല ടാലാടുലെജിക്കായിരുന്നു.
ഡോക്ടര്‍ജിയോടു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തോടും ടലാടുലെജിക്ക് അടുപ്പമുണ്ടായിരുന്നു. പില്‍ക്കാലത്ത് ഡോക്ടര്‍ജി സര്‍വം മറന്ന് സംഘകാര്യത്തില്‍ വ്യാപൃതനായപ്പോള്‍ വീട്ടുകാര്യങ്ങള്‍ മുടങ്ങിപ്പോവുന്നതില്‍ ഏറ്റവും കൂടുതല്‍ ആശങ്കാകുലനായ വ്യക്തിയായിരുന്നു ടലാടുലെജി. പല തവണ ഡോക്ടര്‍ജി അറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ പണവും സാധനസാമഗ്രികളും എത്തിച്ചുകൊണ്ടിരുന്നു. ഇതു മനസ്സിലാക്കിയ ഡോക്ടര്‍ജി അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു. ആര്‍വിയിലെ നാരായണ്‍റാവു ദേശ്പാണ്‌ഡെജിയോടൊപ്പം ചേര്‍ന്ന് ഡോക്ടര്‍ജിയുടെ വീട്ടില്‍ പ്രതിമാസം 50 രൂപ എത്തിക്കാനുള്ള വ്യവസ്ഥ ചെയ്തതും ടലാടുലെജി ആയിരുന്നു. അതിനുശേഷം അപ്പാജി ജോഷി, കൃഷ്ണറാവു മൊഹരീല്‍ എന്നിവരോടൊത്ത് ഡോക്ടര്‍ജിയുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് ചില വ്യവസ്ഥകള്‍ ചെയ്തതും ടലാടുലെജിയായിരുന്നു. ഡോക്ടര്‍ജി ഇവ പൂര്‍ണ്ണമായും സ്വീകരിച്ചില്ലെങ്കിലും ഇവരുടെ സ്‌നേഹത്തിന് മുന്നില്‍ കീഴടങ്ങി ചില കാര്യങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വാര്‍ധ താലൂക്കിന്റെ സംഘചാലകന്‍ എന്ന ചുമതലയാണ് സംഘത്തില്‍ അദ്ദേഹം വഹിച്ചിരുന്നത്. പൂജനീയ സര്‍സംഘചാലകനും ജില്ലാ സംഘചാലകനും (അപ്പാജി ജോഷി) താലൂക്ക് സംഘചാലകനും ഇണപിരിയാത്ത കൂട്ടുകാരുമായിരിക്കുന്നു. അപ്പാജി ഡോക്ടര്‍ജിയേക്കാള്‍ 8 വയസ്സിനും, ടലാടുലെ 12 വയസ്സിനും ചെറുപ്പമായിരുന്നു. സംഘപ്രവര്‍ത്തനം എപ്രകാരമാണ് സ്വന്തം വീട്ടുകാര്യമാവുന്നതെന്നും ഉല്ലാസകരമായ ഒരു സമൂഹപ്രവര്‍ത്തനമാകുന്നതെന്നുമുള്ള ശൈലിയുടെ തുടക്കം ഇത്തരക്കാരില്‍നിന്നുമായിരുന്നു. ഉറ്റ കൂട്ടുകാര്‍ ഒരേ ശ്രേണിയില്‍ വ്യത്യസ്തതലത്തില്‍ ചുമതല വഹിച്ച് ചിരിച്ചുല്ലസിച്ച് മഹനീയമായ രാഷ്ട്രകാര്യം ചെയ്യുന്നതെങ്ങനെ എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ഈ കൂട്ടുകെട്ട്. 1937 മുതല്‍ മരണം വരെ അദ്ദേഹം വാര്‍ധ താലൂക്കിന്റെ സംഘചാലകനായിരുന്നു.
1939 ആഗസ്റ്റ് മൂന്നാം തിയ്യതിയാണ് അദ്ദേഹം സ്വര്‍ഗ്ഗവാസം പൂകിയത്. ഭുസാവള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഈ വിവരം അറിഞ്ഞ സമയത്തെ ഡോകടര്‍ജിയുടെ ദുഃഖം അവര്‍ണ്ണനീയമാണെന്ന് ഗുരുജി പറയുന്നു. മുപ്പത്തെട്ടാം വയസ്സില്‍ യുവാവായിരിക്കെ മരണപ്പെട്ട സ്വയംസേവകനക്കുറിച്ചുള്ള സ്വാഭാവിക ദുഃഖം. ആ ദുഃഖത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ പോരുന്ന ആത്മസൗഹൃദം. ഡോക്ടര്‍ജിയുടെ അസാമാന്യമായ, അല്ല അഭൗമമായ, സ്വാധീനശക്തിയുടെ അത്യുദാത്തമായ ഉദാഹരണമാണ്. ഡോക്ടര്‍ജി ടലാടുലെയെ എത്രമാത്രം സ്വാധീനിച്ചുവെന്ന നേര്‍ചരിത്രമായാണ് ഈ മരണം നാനാപാല്‍ക്കര്‍ വര്‍ണ്ണിച്ചത്. ടലാടുലെജിയുടെ മരണത്തില്‍ ഡോക്ടര്‍ജി എത്രമാത്രം ദുഃഖിതനാണെന്ന് നമുക്ക് അനുമാനിക്കാനാവില്ല. എന്നാല്‍ മരണസമയത്ത് ടലാടുലെജി അത്യന്തം സന്തുഷ്ടനായിരിക്കുമെന്ന് ഏതൊരു സ്വയം സേവകനും ഊഹിക്കാന്‍ കഴിയും. കാരണം രോഗം മൂര്‍ച്ഛിച്ച് മരണം അടുത്തെത്തിയപ്പോള്‍ ഡോക്ടര്‍ജിയുടെ ചിത്രം കണ്‍മുന്നില്‍ വരുത്തി, അതുകെട്ടിപ്പിടിച്ച് ആ ആത്മബന്ധത്തിന്റെ ഓര്‍മ്മയുടെ ആഴക്കടലില്‍ മുങ്ങിനിവര്‍ന്ന്, ഊര്‍ദ്ധ്വന്‍ വലിക്കുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും സന്തോഷവാനായിരുന്നിരിക്കും. ഡോക്ടര്‍ജിയുടെ ആത്മസൗഹൃദം നേരിട്ട് അനുഭവിച്ച ഒരു വ്യക്തി അതിന്റെ ഓര്‍മ്മകളെ പുണരുമ്പോള്‍ ദുഃഖിതനാവുക അസാധ്യമായ കാര്യമാണ്. മരണക്കിടക്കിയില്‍ രാമരാമ, നാരായണ നാരായണ എന്നു ജപിച്ചാല്‍ മാത്രം പുണ്യവും സ്വര്‍ഗവും മോക്ഷവും ലഭിക്കുമെന്ന് ചിന്തിച്ച് മരിക്കാനാഗ്രഹിക്കുന്നവരാണ് നമ്മള്‍. അതിനിടയിലാണ് ഒരാള്‍ ഡോക്ടര്‍ജിയുടെ ചിത്രം നെഞ്ചോടു ചേര്‍ത്ത് ചരമം പൂകുന്നത്. ‘ന സ്വര്‍ഗ്ഗം ന പുനര്‍ഭവം’’ അഥവാ ഇവ രണ്ടുമുണ്ടെങ്കില്‍ അത് വീണ്ടും ഡോക്ടര്‍ജിയുടെ സുഹൃത്തായിട്ടാവണം എന്നാണ് തത്വം. ബലിറാം നീലകണ്ഠ ടലാടുലെയുടെ സ്മൃതികളില്‍ നമുക്ക് എക്കാലവും അഭിമാനിക്കാം.