പ്രസാദം നിലനില്‍ക്കാന്‍ എപ്പോഴും പുഞ്ചിരി മായാതിരിക്കുന്ന മുഖം നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. മറിച്ചായാല്‍ വെറുപ്പും. ശരിയായ യോഗി എപ്പോഴും പ്രസന്നനായിരിക്കും. വിഷ്ണു സഹസ്രനാമത്തിന്റെ ധ്യാനത്തില്‍ ‘പ്രസന്നവദനം ധ്യായേത്’ എന്നു പറയുന്നു. എപ്പോഴും ചിത്ത പ്രസാദത്തോടിരിക്കാന്‍ പതഞ്ജലി നമുക്ക് ഒരുപായം (Tip) തരുന്നുണ്ട് – ഒന്നാമധ്യായത്തിലെ 33ാം സൂത്രത്തില്‍. മൈത്രീ – കരുണാ-മുദിത-ഉപേക്ഷാണാം സുഖ-ദുഃഖ-പുണ്യ -അപുണ്യ വിഷയാണാം ഭാവനാത: ചിത്ത പ്രസാദനം.
ഇതൊന്നു നമുക്കു വിശദമായി പഠിക്കാം. അത്ഭുതകരമായ ഒരു സൂത്രമാണിത്. യോഗ സാധകനെ ഉദ്ദേശിച്ചാണ് ഈ സൂത്രം. നാം രാവിലെ കുളിച്ച് ശാരീരികമായും മാനസികമായും ഫ്രഷ് ആയി പുത്തിറങ്ങുന്നു. യാത്രയും ജോലികളുമായി ചുറ്റിക്കറങ്ങി വൈകുന്നേരം തിരിച്ചു വരുമ്പോള്‍ മാനസികമായി നമ്മുടെ അവസ്ഥ എന്താകും. ശാരീരികമവിടെ നില്കട്ടെ. കുളിച്ചു ഡ്രസ് മാറ്റിയാല്‍ അതു ശരിയായി. പക്ഷെ മനസ്സ്? അത് തളര്‍ന്നിട്ടുണ്ടാകാം. ഇത് നമ്മള്‍ ഇടപെട്ടവരില്‍ നിന്നുണ്ടായ അനുഭവവും നമ്മുടെ അതോടുള്ള പ്രതികരണവും കാരണമാണ്. ഇതില്‍ നമ്മുടെ നിയന്ത്രണത്തിലുള്ളതേതാണ്? നമ്മുടെ പ്രതികരണങ്ങള്‍ തന്നെ. പ്രതികരണത്തിന്റെ കാര്യത്തില്‍ മനസ്സിലുണ്ടാകുന്ന ഭാവനയാണ് പ്രധാനം. അതില്‍ നിന്നാണ് മന: പ്രസാദം ഉണ്ടാവുക. ‘ഭാവനാത: ചിത്ത പ്രസാദനം.’ പതഞ്ജലി പറയുന്നത് നമ്മുടെ ‘വിഷയങ്ങള്‍’, അതായത് നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയമായവര്‍, നമ്മള്‍ ഇടപെടുന്നവര്‍, നമ്മുടെ ചുററുപാടും ഉള്ളവര്‍ നാലു തരക്കാരാണ്-സുഖ-ദുഃഖ-പുണ്യ-അപുണ്യര്‍. ഇവരോരോരുത്തരോടും ഓരോ തരത്തിലാണ് ഇടപെടേണ്ടത്. അതാണ് മൈത്രീ-കരുണാ-മുദിത-ഉപേക്ഷാ.
സുഖം എന്നാല്‍ സുഖികള്‍, സുഖമനുഭവിക്കുന്നവര്‍. ധാര്‍മികനും ധനികനും സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നവനും. അത്തരത്തിലൊരുവന്‍ റോഡിലൂടെ വിലകൂടിയ കാറില്‍ മിന്നിച്ചു പോകുന്നു എന്നു വിചാരിക്കുക. അങ്ങിനെയുള്ളവരെ കാണുമ്പോള്‍ അതെനിക്കു വേണം, അവന് കിട്ടരുത് എന്നൊക്കെ തോന്നും. ഈര്‍ഷ്യയും അസൂയയും ആണ് തേരോട്ടം നടത്തുക. ഈ വികാരങ്ങള്‍ നമ്മുടെ മനസ്സു കലക്കും; സുഖം നശിപ്പിക്കും. കാര്‍ യാത്രക്കാരന് ഒരു ദോഷവും സംഭവിക്കുകയുമില്ല. നമ്മുടെ മനസ്സു കെട്ടതു മിച്ചം. എന്നാല്‍ നമ്മള്‍ മറിച്ചൊരു ഭാവന ചെയ്താലോ? അതായത് ആ സുഖിമാന്‍ എന്റെ മിത്രമാണ് (മൈത്രീ). അവന് ഗുണം വന്നാല്‍ എനിക്കും നല്ലതാണ്. എന്നെ കാണാത്തതു കൊണ്ടാണ് കാര്‍ നിര്‍ത്താതിരുന്നത് എന്നു ഭാവന ചെയ്താലോ? അപ്പോള്‍ നമ്മുടെ മനസ്സിന്റെ ഭാരം കുറയും. അതായത് ആ അനുഭവം നമ്മെ ബാധിക്കില്ല. അവനെ കാണുന്നതു വരെയുണ്ടായിരുന്ന മനസ്സിന്റെ പ്രസാദം ബാധിക്കപ്പെടാതിരിക്കും.
ദുഃഖിക്കുന്നവരെ കണ്ടാലോ? ‘ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും. അവന്‍ ചെയ്ത പാപത്തിന്റെ ഫലമാണ് അനുഭവിക്കുന്നത്’ എന്നാണോ ചിന്തിക്കേണ്ടത്? അല്ല. ചിന്തിച്ചാല്‍ നമ്മുടെ മനസ്സു കലങ്ങും. നമ്മുടെ ഉള്ളിലെ ക്രൂരതയാണ് പുറത്തു ചാടുന്നത്. അത് ഗുണകരമല്ല. നമുക്ക് കരുണ ഭാവന ചെയ്യാന്‍ കഴിയണം. അവന്റെ ദുഃഖം നമുക്കുണ്ടായാലോ എന്നു ചിന്തിക്കണം. സാധിക്കുമെങ്കില്‍ സഹായം ചെയ്യുക. ഇല്ലെങ്കില്‍ മനസ്സുകൊണ്ട്, ഭാവന കൊണ്ട് ദയ കാണിക്കുക. അപ്പോള്‍ നമ്മുടെ മന:പ്രസാദം തടസ്സപ്പെടാതിരിക്കും.
പുണ്യകര്‍മങ്ങള്‍, സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവരെ കാണുമ്പോള്‍ നാം എന്തു ചിന്തിക്കണം? ശുഭ്രവസ്ത്രധാരിയായ ഒരാള്‍ ഒരിടത്തു നിന്ന്, വരിവരിയായി നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഭവ്യമായി ധാന്യ വസ്ത്രാദികള്‍ വിതരണം ചെയ്യുന്നത് നമ്മള്‍ കാണുന്നു. എന്തായിരിക്കും നാം ചിന്തിക്കുക. ‘ഇയാള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടു നേടാനുള്ള തട്ടിപ്പായിരിക്കും’ എന്നു ചിന്തിച്ചാലോ? നമ്മുടെ മനസ്സു കലങ്ങും, അത്ര തന്നെ. ‘ഇദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ ഭാഗ്യവാന്മാര്‍ തന്നെ. ഇങ്ങനെയുള്ള കുട്ടികളാണ് ഉണ്ടാവേണ്ടത്.’ എന്നു സന്തോഷിക്കണം (മുദിതം-മോദിക്കുക). അപ്പോള്‍ ദ്വേഷവും അസൂയയും പമ്പ കടക്കും. മന:പ്രസാദം ലഭിക്കും.
നാലാമത്തെ തരമാണ് അപുണ്യര്‍, പാപചിത്തര്‍. ഒരുവന്‍ ക്രൂരത പ്രവര്‍ത്തിക്കുന്നതോ, നമ്മളോട് ദുഷ്ടവാക്കു പറയുന്നതോ എങ്ങിനെ കാണണം? ഉപേക്ഷ, അവന് അവന്റെ വഴി എനിക്ക് എന്റെ വഴി. ഈശ്വരന്‍ അവന് നല്ല ബുദ്ധി തോന്നിക്കട്ടെ എന്ന് ചിന്തിച്ച് അവനെ മനസ്സില്‍ നിന്നു വിടുന്നതാണ് സാധകന് നല്ലത്. ഇത്തരത്തില്‍ സുഖിമാന്‍ – മൈത്രി, ദു:ഖിതന്‍-കരുണ, പുണ്യവാന്‍-മുദിതം, അപുണ്യവാന്‍-ഉപേക്ഷ എന്നിങ്ങനെ ഭാവന ചെയ്താല്‍ ചിത്ത പ്രസാദനം ഉണ്ടാവും. ‘പ്രസാദേ സര്‍വ ദുഖാനാം ഹാനിരസ്യോപജായതേ പ്രസന്ന ചേതസോഹ്യാശു ബുദ്ധി: പര്യവതിഷ്ഠതേ. (ഭ.ഗീത.2-65) പ്രസാദത്താല്‍ അവന്റെ സര്‍വ ദു:ഖങ്ങളും നശിക്കും. പ്രസന്ന മനസ്‌കന്റെ ബുദ്ധി ഉറച്ചിരിക്കും.