2020 ആഗസ്റ്റ് മാസം ആദ്യവാരത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ കഴിഞ്ഞു. പ്രചാരകനായ പ്രധാനമന്ത്രിയും സന്യാസിയായ മുഖ്യമന്ത്രിയും ബി.ജെ.പി. കാര്യകര്‍ത്താവായിരുന്ന ഗവര്‍ണറും പൂജനീയ സര്‍സംഘചാലകനോടൊപ്പം കാര്യക്രമത്തില്‍ സംബന്ധിച്ചു.
പരമോന്നത നീതിപീഠത്തിന്റെ നിര്‍ണ്ണയമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറി പ്രചാരകനായ ചമ്പത് റായിയാണ്. ഭാരതത്തിലെ ഓരോ ദേശീയവാദിയും അഭിമാനംകൊള്ളുന്ന ഈ നിമിഷത്തിന്റെ സാഫല്യത്തിന് അടിത്തറയേകിയ നൂറുകണക്കിന് സ്വയംസേവകരുണ്ട്. കോത്താരി സഹോദരങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ രാമക്ഷേത്ര നിര്‍മ്മിതിക്കായി ജീവന്‍ ബലിയര്‍പ്പിച്ചവരാണ്. അതുപോലെ രാമജന്മഭൂമി പ്രക്ഷോഭവും രാമക്ഷേത്രനിര്‍മ്മാണവും ഒരു സംഘടനാ പദ്ധതിയായി രൂപം കൊണ്ടപ്പോള്‍ അതിനു പിറകില്‍ വിയര്‍പ്പൊഴുക്കിയ നൂറുകണക്കിന് കാര്യകര്‍ത്താക്കളുമുണ്ട്. ഇന്നു നാം പണിയാനുദ്ദേശിക്കുന്ന ക്ഷേത്രത്തിന്റെ ഭവ്യമാതൃക നമ്മുടെ ഹൃദയത്തില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രതിഷ്ഠിക്കപ്പെട്ടതാണ്. അതിലേക്കുവേണ്ട രാമശിലകള്‍ നമ്മള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂജ ചെയ്തതാണ്. അത്രയും വര്‍ഷങ്ങള്‍ക്കു മുമ്പ് അവ നമ്മള്‍ അയോധ്യയിലെത്തിച്ചതുമാണ്. എന്നാല്‍ അയോധ്യയില്‍ കൊണ്ടുവരേണ്ട രാമശിലയുടെ വണ്ണവും വലുപ്പവും വ്യത്യസ്തമായിപ്പോവാതിരിക്കാനായി, ഭാരിച്ച ഇഷ്ടിക കഷ്ണവും തോള്‍സഞ്ചിയില്‍ തൂക്കി ഭാരതം മുഴുവനും യാത്ര ചെയ്ത ഒരു പ്രചാരകനുണ്ടായിരുന്നു. അദ്ദേഹമാണ് മോറോപന്ത് പിംഗളെ. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രാരംഭസംയോജകനായിരുന്നു മോറോപന്ത് പിംഗളെ. ചുമതലകൊണ്ടും പ്രയത്‌നം കൊണ്ടും പകരം വെക്കാനില്ലാത്ത പേരാണ് മോറോപന്ത് പിംഗളെജിയുടേത്.
1919 ഒക്‌ടോബര്‍ 10-ാം തിയ്യതി മധ്യപ്രദേശിലെ ജബല്‍പൂരിലെ ഡെപ്യൂട്ടി കളക്ടര്‍ നീലകണ്ഠ റാവുവിന്റെ മകനായിട്ടാണ് മോറേശ്വര്‍ നീലകണ്ഠ പിംഗളെ ജനിച്ചത്. നാഗ്പൂരിലായിരുന്നു പഠനം. ഹെഡ്‌ഗേവാര്‍ കുടുംബം പിംഗളെ കുടുംബവുമായി വംശപരമായ ബന്ധം പുലര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ ഡോക്ടര്‍ജിയുമായി നന്നേ ചെറുപ്പത്തിലേ പരിചയിച്ചു തുടങ്ങി. 11-ാം വയസ്സില്‍ ശാഖയില്‍ വന്നു. ധന്തോളി ശാഖയിലായിരുന്നു മോറോപന്ത് ഹരിശ്രീ കുറിച്ചത്. നാഗ്പൂരിലെ മോറിസ് കോളേജില്‍ നിന്നും ബിരുദം നേടി. 1941 ല്‍ 22-ാം വയസ്സില്‍ സംഘത്തിന്റെ പ്രചാരകനായി.
ഭാവുസാഹേബ് ഭസ്‌കുടെജി ധന്തോളി ശാഖയുടെ ശാഖാകാര്യവാഹായിരുന്നപ്പോള്‍ അവിടെ സ്വയംസേവകനായി തുടങ്ങിയതായിരുന്നു മോറോപന്ത്. ആദ്യത്തെ പ്രചാരകനിയോഗവും അദ്ദേഹത്തോടൊപ്പമായിരുന്നു. അദ്ദേഹം വിഭാഗ് പ്രചാരകനായിരുന്ന ഖണ്ഡവ (മധ്യഭാരത്) വിഭാഗില്‍ സഹവിഭാഗ് പ്രചാരകനായി തുടങ്ങി. പിന്നീടങ്ങോട്ട് സംഘപഥത്തിലെ അവിഭാജ്യഘടകമായിരുന്നു മോറോപന്ത് പിംഗളെജി.
ചുമതലാദൃഷ്ടിയില്‍ നിരീക്ഷിക്കുമ്പോള്‍ അദ്ദേഹത്തോളം വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ചുമതല വഹിച്ച ആരും തന്നെ സംഘത്തിലുണ്ടായെന്നു വരില്ല. മിക്കവാറും എല്ലാ മേഖലകളിലും എല്ലാ ശ്രേണികളിലും എല്ലാ തലങ്ങളിലും അദ്ദേഹം ചുമതലയിലുണ്ടായിരുന്നു. ഏതു ചുമതല നല്‍കിയാലും അതു നിര്‍വഹിക്കാനാവുന്ന ചുരുക്കം ചിലരുണ്ടാവും. മറ്റു ചിലര്‍ക്ക് കര്‍മ്മംകൊണ്ടും കര്‍ത്തവ്യബോധം കൊണ്ടും ഏതു ചുമതലയും നിര്‍വഹിക്കാനാവും. എന്നാല്‍ എല്ലാ ചുമതലയും മനസ്സുകൊണ്ട് നിര്‍വഹിക്കാന്‍ എല്ലാവര്‍ക്കും സാധ്യമല്ല. അതും വ്യത്യസ്ത കാലഘട്ടങ്ങളില്‍, വ്യത്യസ്ത മേഖലകളില്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ചുമതലകളില്‍ സ്ഥിതപ്രജ്ഞനായി സ്ഥിരപ്രസക്തനായി അതെല്ലാം നിര്‍വഹിക്കണമെങ്കില്‍ അസാമാന്യമായ ഈശ്വരാശീര്‍വാദം വേണം. മോറോപന്തിന് അതു വേണ്ടുവോളം കിട്ടിക്കാണണം. സ്വയംസേവകരിലും കാര്യകര്‍ത്താക്കളിലും ധാരാളം കാര്യസ്ഥന്മാരും കാര്യഗ്രസ്തന്മാരും കാര്യപ്രാപ്തന്മാരും കാര്യനിപുണന്മാരും ഉണ്ടായിരിക്കും. എന്നാല്‍ കാര്യാതീതനായ കാര്യകര്‍ത്താവ് അഥവാ അതികാര്യനായ കാര്യകര്‍ത്താവ് എന്ന വിശേഷണം ഏറ്റവും യോജിക്കുക മോറോപന്ത് പിംഗളെജിയ്ക്കാണ്. കാരണം അദ്ദേഹം നിയോഗിക്കപ്പെടാത്ത കാര്യക്ഷേത്രങ്ങളില്ല, അദ്ദേഹത്തിന് വഴങ്ങാത്ത കാര്യരീതിയില്ല.
മധ്യഭാരതത്തില്‍ സഹവിഭാഗ് പ്രചാരകനായി തുടങ്ങി അവിടെ പ്രാന്തപ്രചാരകനായി (1944ല്‍). തുടര്‍ന്ന് നാഗ്പൂരിലെത്തിയപ്പോള്‍ അവിടെ സഹപ്രാന്ത പ്രചാരകനായി. പിന്നീട് ക്ഷേത്രീയ പ്രചാരകായും അഖില ഭാരതീയ സദസ്യനായും പ്രവര്‍ത്തിച്ചു. ശേഷം, അഖില ഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖായി, ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായി, പ്രചാരക് പ്രമുഖായി, വ്യവസ്ഥാ പ്രമുഖായി. പിന്നീട് സഹസര്‍കാര്യവാഹുമായി. ഇത്തരം ചുമതലകള്‍ സംഘത്തില്‍ നിര്‍വഹിച്ച ധാരാളം മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ വേറെയും ഉണ്ട് (ഉദാ: പൂജനീയ നാലാം സര്‍സംഘചാലക് ശ്രീ. സുദര്‍ശന്‍ജി). എന്നാല്‍ ഇതിനിടയിലും ശേഷവും മുന്‍പുമായി ഒട്ടനവധി ചുമതലകളും അദ്ദേഹം നിര്‍വഹിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ ട്രസ്റ്റി, രാമജന്മ ഭൂമി പ്രക്ഷോഭത്തിന്റെ സംയോജകന്‍, ഏകാത്മതായാത്രയുടെ സ്രഷ്ടാവ്, ഇതിഹാസ് സങ്കലന്‍ യോജനയുടെ മാര്‍ഗ്ഗദര്‍ശകന്‍ എന്നിവ ഇവയില്‍ ചിലത് മാത്രം. ഛത്രപതി ശിവാജി മഹാരാജാവിന്റെ സാമ്രാജ്യത്തിന്റെ മുന്നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ റായ്ഗഡിലെ ആഘോഷ നിര്‍വഹണ ചുമതല മോറോപന്തിനായിരുന്നു. നാഗ്പൂരിലെ ഡോക്ടര്‍ജി സ്മൃതിമന്ദിര നിര്‍മ്മാണത്തിന്റെ മുഖ്യ ചുമതലയും ഇദ്ദേഹം നിര്‍വഹിച്ചു. ആന്ധ്രാപ്രദേശിലെ കന്ദകുര്‍ത്തിയാണല്ലോ ഡോക്ടര്‍ജിയുടെ മൂലഗ്രാമം. അവിടെ അദ്ദേഹത്തിന്റെ കുടുംബക്ഷേത്രം പുനരുദ്ധരിക്കാന്‍ സംഘം തീരുമാനിച്ചപ്പോള്‍ അതിനായി നിയോഗിച്ചതും മോറോപന്ത്ജിയെയായിരുന്നു. ബാബാസാഹേബ് ആപ്‌ടെജിയുടെ സ്മാരകസമിതി രൂപീകരിച്ചപ്പോള്‍ അതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മോറോപന്ത്ജിയെ ചുമതലപ്പെടുത്തി. ഭാരതമാസകലം ഗോസംരക്ഷണപ്രസ്ഥാനം ആരംഭിച്ചപ്പോള്‍ മോറോപന്തിനെ അവിടെയും യാത്ര ചെയ്യാന്‍ നിയോഗിച്ചു. 1981 ല്‍ സംസ്‌കൃതി രക്ഷാനിധി എന്ന പേരില്‍ ധനസമാഹരണം നടന്നപ്പോള്‍ മോറോപന്തിനോട് അത് ഏറ്റെടുത്ത് നടത്താന്‍ സംഘം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ സ്വയംസേവകര്‍ ചേര്‍ന്ന് ആദ്യത്തെ സഹകരണ ബാങ്ക് ആരംഭിച്ചപ്പോള്‍ അതിലും മോറോപന്ത്ജിയുടെ നിറസാന്നിധ്യം ഉണ്ടായിരുന്നു. നാനാപാല്‍ക്കര്‍ജിയുടെ നിര്യാണത്തിനുശേഷം 1968 ല്‍ അദ്ദേഹത്തിന്റെ പേരില്‍ ആരംഭിച്ച സ്മാരകസമിതിയുടെയും തുടര്‍ന്നുണ്ടാക്കിയ ആശുപത്രിയുടേയും രക്ഷാകര്‍തൃത്വം സംഘം മോറോപന്ത്ജിയെ ഏല്‍പ്പിച്ചു. ലഘു ഉദ്യോഗ്ഭാരതിയുടെ പ്രാരംഭഘട്ടത്തില്‍ അതിന്റെ പ്രഭാരി ആയിരുന്നു. ദേവബന്ധ് സേവാ പ്രകല്പിന്റെയും കല്‍വാ കുഷ്ഠരോഗനിവാരണ പ്രസ്ഥാനത്തിന്റെയും രക്ഷാകര്‍തൃത്വവും മോറോപന്തിജിയുടെ ചുമലുകളില്‍ തന്നെയായിരുന്നു. ഇപ്രകാരം നാഗ്പൂരിലും ചുറ്റുമുള്ള സകലമാന പ്രതിബന്ധങ്ങളിലും അവസരങ്ങളിലും വെല്ലുവിളികളിലും മോറോപന്ത് പിംഗളെജിയുടെ സാന്നിധ്യം കാണാം. ഏല്‍പിച്ച ഏതു ദൗത്യവും ഏറ്റെടുക്കാനുള്ള മനസ്സും, അതൊക്കെയും വിജയിപ്പിക്കാനുള്ള സിദ്ധിയും ഒത്തു ചേര്‍ന്നാല്‍ ആ ശരീരത്തെ നമുക്ക് മോറോപന്ത് പിംഗളെ എന്നു വിളിക്കാം. ഈ കര്‍മ്മങ്ങളൊക്കെയും നിര്‍വഹിക്കുമ്പോള്‍ അദ്ദേഹം നിത്യവും ശാഖയില്‍ പോയിരുന്നു എന്നതാണ് ആ കര്‍ത്തവ്യ നിപുണന്റെ കാര്യനിര്‍വഹണ ശൈലിയിലെ അനായാസഭാവത്തെ നമുക്ക് മനസ്സിലാക്കി തരുന്ന മാനകം. ഈ സമയങ്ങളിലൊക്കെയും സരസനും വിനോദപ്രിയനുമായി അദ്ദേഹം നിലകൊണ്ടു. ഏതു വലിയ സന്ദര്‍ഭത്തിലും ഏതു വലിയ പ്രതിസന്ധിയിലും തമാശപറഞ്ഞ് അതിനെ നേരിടാനുള്ള കരുത്തായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
1948 ലെ ആദ്യനിരോധന കാലത്ത് അദ്ദേഹം നാഗ്പൂരിലെ സഹയോഗികളായ ദേവഗണങ്ങളോടൊപ്പം സംഘമഥനത്തില്‍ വ്യാപൃതനായിരുന്നു. മഹാരാഷ്ട്രയില്‍ 11000 പേര്‍ പങ്കെടുത്ത ഭീമന്‍ സത്യഗ്രഹത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അതികായന്മാരിലെ അതികാര്യനായിരുന്നു മോറോപന്ത്ജി. അടിയന്തരാവസ്ഥകാലത്ത് പൂജനീയ സര്‍സംഘചാലക് ദേവറസ്ജി ജയിലിലായിരുന്ന കാര്യം നമുക്കറിയാമല്ലോ. ആ സമയത്ത് സര്‍സംഘചാലകന്‍ ജയിലിലാവുമ്പോള്‍ സംഘകാര്യം എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്ക പ്രകടിപ്പിച്ചവരുണ്ടായിരുന്നു. അവരോടായി ദേവറസ്ജി അന്നുപറഞ്ഞ മറുപടി സംഘത്തിന്റെ കാര്യനിര്‍വഹണശാസ്ത്രത്തിന്റെ അന്തസാരതത്വത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഒരു സര്‍സംഘചാലകന്‍ അകത്തായാലെന്ത്, ആറു സര്‍സംഘചാലകന്മാര്‍ പുറത്തുണ്ട് എന്നായിരുന്നു ദേവറസ്ജിയുടെ മറുപടി. ആ ആറുപേര്‍ ആരാണെന്ന് നമുക്കറിയില്ല. എങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ഒരു മുടക്കവും കൂടാതെ എണ്ണയിട്ട യന്ത്രംപോലെ സംഘചക്രം തിരിച്ച കൈകളില്‍ ഒന്ന് മോറോപന്ത് പിംഗളെജിയായിരുന്നു.
സദാസമയവും പ്രസന്നവദനനും പ്രസന്നചിത്തനും പ്രസന്നവചനനുമായിരിക്കുക എന്നതായിരുന്നു മോറോപന്ത്ജിയുടെ ശൈലി. വലിയ പ്രശ്‌നങ്ങളെ വീണ്ടും പര്‍വ്വതീകരിക്കാതെ ലളിതവത്കരിച്ച് പരിഹരിക്കുന്നതായിരുന്നു ശൈലി. ഈ സാമാന്യവല്‍ക്കരണം അദ്ദേഹത്തിന്റെ പൊതുവ്യവഹാരങ്ങളിലും കാണാമായിരുന്നു. 1948 ലെ നിരോധനത്തിനുശേഷം, സര്‍ക്കാര്‍ നിര്‍ബന്ധം മാനിച്ച് സംഘം ഔദ്യോഗികമായി ഭരണഘടനയുണ്ടാക്കി. അതുവരെയുള്ള 24 വര്‍ഷക്കാലം ഭരണഘടനയില്ലാതെ ഒരു കുടുംബമായി നാം പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭരണഘടന ഉണ്ടായാലും അതു മാറാന്‍ പോകുന്നില്ലെന്ന കാര്യം അന്നുമിന്നും സജീവമായിരിക്കുന്ന എല്ലാ സ്വയംസേവകര്‍ക്കുമറിയാം. എങ്കിലും ഔപചാരിക ഭരണഘടന തയ്യാറായിക്കഴിഞ്ഞു എന്നത് ഒരു പുതുമയും കൗതുകവും തന്നെയാണല്ലോ. പുതിയ ഭരണഘടന തയ്യാറാക്കിയത് ഏകനാഥ്ജിയുടെയും ദീനദയാല്‍ജിയുടെയും നേതൃത്വത്തിലുള്ള നാലംഗ സമിതിയായിരുന്നു. ജയിലിലായിരുന്ന പരംപൂജനീയ സര്‍സംഘചാലക് ഗുരുജി ഇതു വായിക്കാതെ തന്നെ ഒപ്പിടുകയും ചെയ്തു. എന്തുകൊണ്ടാണ് വായിക്കാതെ ഒപ്പിട്ടതെന്ന് ഗുരുജിയോടന്വേഷണം നടത്തിയപ്പോള്‍ ഇതു തയ്യാറാക്കിയ സ്വയംസേവകരെ എനിക്കു നൂറുശതമാനം വിശ്വാസമാണ് എന്നായിരുന്നു മറുപടി. അതിനുശേഷം ഭരണഘടനയുടെ ഒരു പകര്‍പ്പ് സര്‍ക്കാറിനു സമര്‍പ്പിച്ചു.
വലിയൊരു കടമ നിറവേറ്റിയ സന്തോഷത്തിലും സമാശ്വാസത്തിലും ദീര്‍ഘശ്വാസം വിട്ടുകൊണ്ട് ഭരണഘടനാശില്പികള്‍ കാര്യാലയത്തിലെത്തി. ഒരു കുശലമെന്നോണം അവര്‍ മോറോപന്ത്ജിയോട് സംസാരിക്കാന്‍ തുടങ്ങി. മോറോപന്ത്ജി നമുക്കിപ്പോള്‍ ഒരു ഭരണഘടനയുണ്ട്, അതൊന്നു വായിച്ചു നോക്കണം” എന്നായിരുന്നു അവരിലൊരാള്‍ കളിപറഞ്ഞത്. ഒരേസമയം സരസനും ഗംഭീരനുമായ മോറോപന്ത്ജിയും വിട്ടുകൊടുത്തില്ല. ഭരണഘടനയുടെ എത്ര കോപ്പി അച്ചടിച്ചു എന്നായിരുന്നു മറു ചോദ്യം. രണ്ടെണ്ണം തയ്യാറാക്കി എന്നുത്തരം. ഒരെണ്ണം സര്‍ക്കാറിനു കൊടുത്തില്ലേ എന്ന് മോറോപന്ത്ജി ചോദിച്ചു. ഉവ്വെന്നുത്തരം. “എങ്കില്‍പിന്നെ ശേഷിക്കുന്ന കോപ്പി അലമാരയില്‍ വെച്ചു പൂട്ടിക്കോളൂ, ഇനിയതിന്റെ ആവശ്യം വരില്ല” എന്നായിരുന്നു മോറോപന്തിജിയുടെ ടിപ്പണി. സംഘം വിശാലമായ കുടുംബമാണെന്ന ഉദാത്തസങ്കല്പം അനശ്വരകാലത്തേക്ക് അരക്കിട്ടുറപ്പിക്കാന്‍ മറ്റൊരുദാഹരണം തേടേണ്ടതില്ല. മോറോപന്ത്ജിയുടെ പ്രവചനം ഫലിച്ചു. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് സമയത്ത് മാത്രമായിരിക്കാം ആ ഭരണഘടന അലമാരയ്ക്ക് പുറത്തുകടക്കുന്നത്. അല്ലാത്ത സമയങ്ങളില്‍ ഭരണഘടന അലമാരയ്ക്കുള്ളിലും സ്വയംസേവകര്‍ ശാഖയിലും നിന്നുകൊണ്ട് സംഘപ്രവര്‍ത്തനം അനവരതം മുന്നോട്ടുപോകുന്നു.
‘മദ്യപാനികള്‍ക്ക് ശാഖയില്‍വരാം.’
രസച്ചരടുപൊട്ടിക്കാതെയാണ് മിക്കവാറും എല്ലാ സാഹചര്യങ്ങളെയും മോറോപന്ത്ജി കൈകാര്യം ചെയ്യാറുള്ളത്. ബൈഠക്കുകളില്‍ പറയുന്ന കഥകളും ഉദാഹരണങ്ങളും ചെറുതും ലളിതവും നര്‍മ്മരസപ്രധാനവുമായിരിക്കും. അതിനുമപ്പുറം ഗൗരവമേറിയ പ്രായോഗിക സാഹചര്യങ്ങളില്‍ പോലും ഇതുതന്നെയാണ് ശൈലി. ഒരിക്കല്‍ മോറോപന്ത്ജിയും ഇപ്പോഴത്തെ പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവതും ഒരുമിച്ചു യാത്ര ചെയ്യുകയായിരുന്നു. നാഗ്പൂരില്‍ ഒരു സംഘര്‍ഷം നടന്നിരുന്നു. അതിനുശേഷം എതിര്‍വിഭാഗത്തിലെ ചില കുപ്രസിദ്ധനേതാക്കളോട് നേരിട്ടു സംസാരിക്കാനായിരുന്നു മോറോപന്ത്ജിയുടെ പദ്ധതി. താലൂക്ക് പ്രചാരകനായിരുന്ന മോഹന്‍ജിയെയും കൂട്ടി സ്‌കൂട്ടറെടുത്ത് അദ്ദേഹം അവരുടെ താവളത്തില്‍ പോയി. ചെല്ലുന്ന സമയത്ത് അവര്‍ ചെറുതായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മേശയ്ക്കരുകില്‍ മദ്യക്കുപ്പിയും ഗ്ലാസുകളും ഉണ്ടായിരുന്നു. മോറോപന്ത്ജി ശാന്ത ഗംഭീരശൈലിയില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. സംയമനത്തില്‍ ചാലിച്ച താക്കീതുകളും സമന്വയത്തില്‍ ചാലിച്ച വെല്ലുവിളികളും കൊണ്ട് സൗമ്യമായിതന്നെ അദ്ദേഹം പ്രശ്‌നം തീര്‍ത്തു. അപ്പോള്‍ എതിര്‍വിഭാഗവും സൗഹൃദശൈലിയില്‍ എത്തി. ഉടനെതന്നെ പ്രശ്‌നം പരിഹരിച്ച സന്തോഷത്തില്‍ ഇത്തിരി കഴിച്ചിട്ടുപോകാം എന്നവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. നിഷ്ഠാവാനായ പ്രചാരകന് മദ്യം വാഗ്ദാനം ചെയ്യപ്പെട്ടതിന്റെ അസ്വസ്ഥതകളില്ലാതെ, മനോഭ്രഷ്ടനാകാതെ അദ്ദേഹം മറുപടി നല്‍കി. തൊട്ടടുത്തുള്ള താലൂക്ക് പ്രചാരകനെ ചൂണ്ടി അദ്ദേഹം പറഞ്ഞു. ഞാനിപ്പോള്‍ കഴിക്കുന്നില്ല ഇയാള്‍ക്കു വേണമെങ്കില്‍ കൊടുത്തോളൂ” മോഹന്‍ജി അമ്പരന്നു പോയെങ്കിലും സ്വാഭാവികമായും ക്ഷണം നിരസിച്ചു. മുഖഭാവത്തില്‍ യാതൊരു വ്യത്യാസവും വരുത്താതെ ചിരിക്കാതെ തന്നെ രണ്ടുപേരും അവിടുന്ന് പുറത്തിറങ്ങി. മദ്യപിക്കുന്നവരോട് എങ്ങനെ പെരുമാറണം എന്ന സംശയത്തിനുത്തരമായി 2015 ലെ തൃതീയ വര്‍ഷ സംഘവര്‍ഗ്ഗില്‍ മോഹന്‍ജി പറഞ്ഞ മറുപടിയാണിത്. പ്രായോഗികതലത്തില്‍ സാമാന്യ സമൂഹത്തെയും നമുക്ക് ചുറ്റുമുള്ള ജനങ്ങളെയും എങ്ങനെ കാണണമെന്നും, അവരോട് എങ്ങനെ വ്യവഹരിക്കണമെന്നും മോഹന്‍ജി സൂചിപ്പിച്ചു. എല്ലാവരും നാളത്തെ സ്വയംസേവകരാണെന്ന തത്വം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ ഉദാഹരണത്തിന്റെ സഹായത്തോടെ, ഈ സമസ്യ ഒറ്റവാക്കില്‍ അദ്ദേഹം ഉപസംഹരിച്ചു: “മദ്യപിക്കുന്നവര്‍ക്ക് ശാഖയില്‍ വരാം, പക്ഷെ ശാഖയില്‍ വരുന്നവര്‍ മദ്യപിക്കാന്‍ പാടില്ല” ഇതായിരുന്നു ആ തത്വവചനം.
ഭൂതകാലത്തില്‍ നിന്നും പാഠം പഠിച്ച് ഭാവിയെ നെയ്‌തെടുക്കണം എന്നാണ് ലോകതത്വം. എന്നാല്‍ മോറോപന്ത്ജി ഈ തത്വത്തിന്റെ പൂര്‍ണ്ണതയില്‍ വിശ്വസിച്ച വ്യക്തിയായിരുന്നു. ഭൂതകാലം തിരുത്തപ്പെടാവുന്നതാണെന്നും ഭാവി പ്രചവനാതീതമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനാല്‍ ഇതിനെ രണ്ടിനെയും ബന്ധിപ്പിക്കുന്ന വര്‍ത്തമാനകാലമാണ് ഏറ്റവും പ്രസക്തമെന്നും, അതിനെ ആധാരമാക്കി ആയിരിക്കണം നമ്മുടെ പ്രവര്‍ത്തനത്തിന്റെ മൂലതന്ത്രമെന്നും അദ്ദേഹം വിശ്വസിച്ചു. നിരാശയും നിരുത്സാഹവുമെന്തെന്ന് അറിയാത്തതും അറിയിക്കാത്തതുമായ പ്രവര്‍ത്തനായിരുന്നു മോറോപന്ത്ജിയുടെത്. അവസാനശ്വാസം വരെ ചിരിച്ചും ചിരിപ്പിച്ചും മോറോപന്ത്ജി മുന്നേറി. മോറോപന്ത്ജിയെക്കുറിച്ച് പറയുന്നവര്‍ക്ക് പങ്കുവെക്കാനുള്ളത് ചിരിയുടെ ഓര്‍മ്മകള്‍ മാത്രമാണ്. സ്വതസിദ്ധമായ ശൈലിയില്‍, എന്നാല്‍ സംഘത്തിന്റെ മൂലതത്വങ്ങളില്‍ നിന്നും കടുകിട മാറാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഏറ്റെടുത്ത കാര്യങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാക്കിതന്നെ പൂര്‍ത്തീകരിച്ച ആ സവ്യസാചിയായ ആ കാര്യാതീതനായ കാര്യകര്‍ത്താവ് 2003 സപ്തംബര്‍ 21-ാം തിയ്യതി ഇഹലോകവാസം വെടിഞ്ഞു.