ഉച്ചരിക്കാന്‍ പ്രയാസമെങ്കിലും മലയാളികളായ സ്വയംസേവകര്‍ക്കുപോലും സുപരിചിതമായ പേരാണ് ബാപ്പുറാവു വറാഡ് പാണ്‌ഡെ എന്നത്. സംഘശിക്ഷാവര്‍ഗ്ഗിന്റെ പാഠ്യപദ്ധതിയിലുള്ള ‘സംഘകാര്യ പദ്ധതിയുടെ വികാസം’ എന്ന പുസ്തകത്തിന്റെ രചയിതാവ് എന്നു പറയുമ്പോള്‍ നമ്മുടെ ഓര്‍മ്മ തെളിയും. സംഘത്തിന്റെ സഞ്ചരിക്കുന്ന ചരിത്രപുസ്തകം എന്ന് നാഗ്പൂരുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ബാപുനാരായണ്‍ വറാഡ് പാണ്‌ഡെ 1918 ഡിസംബര്‍ 16ന് നാഗ്പൂരിലെ ഊംട്ഖാന (ഒട്ടകപ്പന്തി) പ്രദേശത്ത് ജനിച്ചു. പൂജനീയ പൂര്‍വ്വ സര്‍സംഘചാലക് മാനനീയ സുദര്‍ശന്‍ജി നല്‍കിയ വിശേഷണമാണ് സംഘചരിത്രകാരന്‍ എന്നത്. ഏഴാം വയസ്സില്‍ ശാഖയില്‍ വന്ന് 82-ാം വയസ്സില്‍ മരണമടയുന്ന സമയം വരെയുള്ള സംഘചരിത്രഗാഥകള്‍ അദ്ദേഹത്തിന് മനഃപാഠമായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ചരിത്രബോധത്തോടെ ജീവിച്ച് ചരിത്രകാരനായി വര്‍ത്തിച്ച് ചരിത്രപുരുഷനായി മാറിയ സാധാരണക്കാരന്‍. ഇതിനര്‍ത്ഥം ചരിത്രരചനയില്‍ മുഴുകിപ്പോയ പുസ്തകപ്രേമിയായിരുന്നു ബാപ്പുറാവു എന്നല്ല. ഒരേസമയം ചരിത്രസ്രഷ്ടാവും ചരിത്രരചയിതാവുമായിരുന്നു അദ്ദേഹം. ആരെയും അമ്പരപ്പിക്കുന്ന കര്‍മ്മശേഷി കൈമുതലാക്കിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് ഓര്‍മ്മിക്കുന്നു.
മോഹന്‍ജി ഭാഗവത് നാഗ്പൂരില്‍ പ്രചാരകനായിരുന്ന കാലം ഇദ്ദേഹമായിരുന്നു സംഘചാലക്. സംഘത്തിന്റെ സഹകരണത്തോടെ സംഘസ്ഥാപകനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണം നാഗ്പൂരില്‍ നടക്കുന്നുണ്ടായിരുന്നു. ഒരു ദിവസം വൈകീട്ട് ഒരു മുന്നറിയിപ്പുമില്ലാതെ സംവിധായകന്‍ സ്വയംസേവകരോട് ഷൂട്ടിങ്ങിനായി ഒരു ആനയെ ആവശ്യമുണ്ടെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ ഷൂട്ടിങ്ങിനുമുമ്പ് ആനയെ കൊണ്ടുവരണം. ആനയില്ലാത്തതു കാരണം ഷൂട്ടിങ്ങ് മാറ്റിവെക്കാനും തരമില്ല. പ്രാഥമിക അന്വേഷണത്തില്‍ പരാജയം സമ്മതിച്ച് മോഹന്‍ജി ഉള്‍പ്പെടെയുള്ള കാര്യകര്‍ത്താക്കള്‍ വിഷമസ്ഥിതിയിലായി. രാത്രിയോടുകൂടി മോഹന്‍ജി സംഘചാലകന്റെ വാതിലില്‍ മുട്ടി. വിഷമത്തോടും സമ്മര്‍ദ്ദത്തോടും കൂടി മോഹന്‍ജി ആ ‘ആനക്കാര്യം’ അദ്ദേഹത്തോടുണര്‍ത്തിച്ചു. ഒരു ഭാവമാറ്റവുമില്ലാതെ സ്വരപ്പതര്‍ച്ചയില്ലാതെ ബാപ്പുറാവു മറുപടി പറഞ്ഞു:”വെറുമൊരാനയല്ലേ വേണ്ടൂ, രാവിലെ വരെ സമയമുണ്ടല്ലോ നമുക്കു നോക്കാം കിട്ടാതിരിക്കില്ല. പിന്നീട് തുടരെത്തുടരെ ടെലഫോണ്‍ ശബ്ദങ്ങള്‍. പ്രാന്തസംഘചാലകന്റെ വിശാല സമ്പര്‍ക്കവലയത്തിനുള്ളില്‍ 5 മണിക്കൂറുകള്‍ക്കകം ഒരാനയെ സംഘടിപ്പിക്കലൊന്നും ഒരു ദൗത്യമല്ലെന്നു തെളിഞ്ഞു. കിലോമീറ്ററുകള്‍ അകലെ പാര്‍ക്കുന്ന ഒരു പരിചയക്കാരന്റെ പരിചയത്തിലുള്ള സര്‍ക്കസു കമ്പനിക്കാരന്റെ കൂടാരത്തിന് പുറത്ത് ആന തയ്യാര്‍.
2017 ല്‍ വളയന്‍ചിറങ്ങര വെച്ചു നടന്ന ദ്വിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിലാണ് മോഹന്‍ജി ഈ അനുഭവം വിവരിച്ചത്. പാറപോലത്തെ പ്രതിസന്ധികളെ പൂവിറുക്കുന്ന ലാഘവത്തോടെ പുഞ്ചിരിച്ചു കൈകാര്യം ചെയ്ത സംഘചാലകനെ ഓര്‍ത്തപ്പോള്‍ മോഹന്‍ജിയുടെ വാക്കുകളില്‍ ആ പ്രേരണയുടെ ശബ്ദം പ്രതിധ്വനിച്ചിരുന്നു. എന്തും നേരിടാമെന്ന മനസ്സും എന്തുവന്നാലും കെട്ടുപോവാത്ത പോരാട്ടവീര്യവും ഒത്തുചേര്‍ന്നാല്‍ ഒന്നും അസാധ്യമാവില്ല എന്നതിന് ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ സംഘത്തിലുണ്ട്. അക്ഷീണപ്രയത്‌നം കൊണ്ട് ഇത്തരം കര്‍മ്മകൗശലം സ്വായത്തമാക്കി, അതു മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്ത അസംഖ്യം സംഘകാര്യകര്‍ത്താക്കളില്‍, അഗ്രഗണ്യനായിരുന്നു ബാപ്പുറാവു വറാഡ് പാണ്‌ഡെ.
ഭാരതം മുഴുവനും സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ നാഗ്പൂരിന്റെ പങ്കിനെക്കുറിച്ച് തര്‍ക്കമില്ലാത്തതാണ്. നാഗ്പൂരില്‍ നിന്നുള്ള സ്വയംസേവകര്‍ ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ പ്രചാരകന്മാരായും വിസ്താരകന്മാരായും ഗൃഹസ്ഥകാര്യകര്‍ത്താക്കളായും ജീവിച്ചുമരിച്ചു നേടിയെടുത്തതാണ് ഈ സല്‍പ്പേര്. ഒരേ കുടുംബത്തില്‍ നിന്നുതന്നെ സ്വയംസേവകരായ ജ്യേഷ്ഠാനുജന്മാര്‍, ഒരു സ്വയംസേവകന്റെ മക്കളായ രണ്ടോ മൂന്നോ സഹോദരങ്ങള്‍. മറ്റിടങ്ങളില്‍ വ്യക്തികള്‍ സംഘത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുമ്പോള്‍ നാഗ്പൂരില്‍ കുടുംബങ്ങള്‍തന്നെ സംഘകാര്യത്തിനായി ഹോമിക്കപ്പെട്ടു. ഈ പരമ്പര ഇന്ന് ഭാരതം മുഴുവന്‍ വ്യാപിച്ചെങ്കിലും അന്നത് നാഗ്പൂരില്‍ മാത്രമുളള പ്രതിഭാസമായിരുന്നു. ആധുനികഭാരതത്തിലെ നൂറുകണക്കിന് യുവാക്കള്‍ സാവര്‍ക്കര്‍-ചാഫേക്കര്‍ സഹോദരന്മാരുടെ പാരമ്പര്യം സംഘത്തിലൂടെ കാത്തുസൂക്ഷിക്കുന്നു. ശ്രീരാംജോഷിജിയുടെ മുന്നു മക്കള്‍, മാ.ഗോ.വൈദ്യജിയുടെ മൂന്നു മക്കള്‍ എന്നിവര്‍ സംഘത്തിനു സമര്‍പ്പിതരായ മക്കളാണെങ്കില്‍, മൂന്നു ചൗഥായിവാലാ സഹോദരങ്ങളും മാധവ്-യാദവ്-കേശവ് ദേശ്മുഖ്മാര്‍ സഹോദരത്രയങ്ങള്‍ക്ക് ഉദാഹരണമാണ്. അച്ഛനും മകനും പ്രചാരകരായിരുന്നതും, രണ്ടു മക്കള്‍ ഒരേസമയം പ്രചാരകരാവുന്നതുമൊക്കെ ഇന്ന് സംഘജീവിതത്തില്‍ സര്‍വ്വസാധാരണമായതിനു പിന്നിലെ പ്രേരണ തുടങ്ങിയതും നാഗ്പൂരില്‍ തന്നെ.
വലിയസൗധം പണിയാന്‍ ചെറിയ അടിത്തറ പോരാ’എന്ന കാഴ്ചപ്പാടായിരുന്നു പൂജനീയ ഡോക്ടര്‍ജി നാഗ്പൂര്‍ സ്വയംസേവകര്‍ക്ക് നല്‍കിയത്. “ഒരു വര്‍ഷം കൊണ്ട് നാഗ്പൂര്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും പത്തു ശാഖകള്‍ വീതം തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഘദൃഷ്ടിയില്‍ എന്റെ ജീവിതം ഉപയോഗശൂന്യമാണ്” എന്നാണ് ഡോക്ടര്‍ജി 1933 ല്‍ ബാലാസാഹേബ് ദാണിജിക്ക് എഴുതിയത്. എക്കാലത്തും ഈ കാഴ്ചപ്പാടില്‍ നാഗ്പൂരിലെ സ്വയംസേവകര്‍ അടിയുറച്ചു നില്‍ക്കുന്നതാണ്. ഒരര്‍ത്ഥത്തില്‍ സംഘത്തിന്റെ വിജയരഹസ്യം. സംഘപ്രവര്‍ത്തനത്തിന്റെ കേന്ദ്രസ്ഥാനം എങ്ങനെയായിരിക്കണമെന്ന വിഷയത്തില്‍ മറ്റു സ്ഥലങ്ങള്‍ക്ക് നാഗ്പൂര്‍ മാതൃകയാവുന്നത് പ്രയത്‌നത്തിന്റെ നൈരന്തര്യവും സ്ഥൈര്യവും നിലനിര്‍ത്തിക്കൊണ്ടാണ്.
നാഗ്പൂരില്‍ നിന്നും നിരവധിപേര്‍ ഭാരതത്തിന്റെ നാഡീഞരമ്പുകളില്‍ ദേശീയതയുടെ രക്തപുഷ്ടിയ്ക്കായി സ്വയം പ്രവഹിച്ചുകൊണ്ട് കൃതാര്‍ത്ഥരായി. അതേ സമയം മറ്റുചിലര്‍ നാഗ്പൂരിന്റെ ഗ്രാമഗ്രാമങ്ങളില്‍ സംഘചൈതന്യത്തിന്റെ നിരന്തരപ്രവാഹം ഇടമുറിയാതെ കുടികൊള്ളാന്‍ അഹോരാത്രം യത്‌നിച്ചു. ഒരു കൂട്ടര്‍ പ്രചാരകന്മാരെങ്കില്‍ മറ്റുള്ളവര്‍ ഗൃഹസ്ഥന്മാര്‍. രണ്ടാമത്തെ ഗണത്തിലെ അദ്വിതീയനാണ് ബാപ്പുറാവു വറാഡ് പാണ്‌ഡെ. വിഖ്യാതരായ നാഗ്പൂര്‍ കാര്യകര്‍ത്താക്കളില്‍ എല്ലായ്‌പ്പോഴും നാഗ്പൂരില്‍ മാത്രം പ്രവര്‍ത്തിച്ച കാര്യകര്‍ത്താവായിരുന്ന അദ്ദേഹം. 1952 മുതല്‍ 64 വരെ സഹകാര്യവാഹായും 1965 മുതല്‍ സംഘചാലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. മരണം വരെ നാഗ്പൂരിന്റെ നെടുംതൂണുകളിലൊന്നായി നിലകൊണ്ടു. മരിക്കുന്ന സമയത്ത് അഖില ഭാരതീയ കാര്യകാരി സദസ്യനായിരുന്നു.
ഒരു സാധാരണ കുടുംബത്തില്‍ പിറന്ന്, രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി ഉപജീവനത്തിനായി ജോലിയില്‍ പ്രവേശിച്ചു. അധ്യാപകവൃത്തിയായിരുന്നു. കോളേജ് കഴിഞ്ഞുള്ള മുഴുവന്‍ സമയവും സംഘത്തിനായി മാറ്റിവെക്കുന്ന പതിവ് അദ്ദേഹം യൗവനകാലംതൊട്ടേ പരിശീലിച്ചിരുന്നു. വിരമിച്ചതിനു ശേഷം സമാജസേവനത്തിന് സമയം കണ്ടെത്താമെന്ന അഭ്യസ്തവിദ്യരുടെ കണക്കുവിദ്യകളൊന്നും അദ്ദേഹം പ്രയോഗിച്ചില്ല. അദ്ദേഹത്തിന്റെ സൈക്കിളും പിന്നീട് മോട്ടോര്‍ബൈക്കും നാഗ്പൂരുകാര്‍ക്ക് സുപരിചിതമായ സംസാരവിഷയമായത് ഇതുകൊണ്ടാണ്.
1948 ലെ സംഘനിരോധന കാലത്ത് നാഗ്പൂരില്‍ നിന്നും പ്രചാരകന്മാര്‍ പുറത്തുപോയി പ്രവര്‍ത്തിച്ചെങ്കിലും നാഗ്പൂരിന് സ്വന്തമായി പ്രചാരകന്‍ ഉണ്ടായിരുന്നില്ല. ആ വിടവ് നികത്തിയത് ബാപ്പുറാവിനെപ്പോലുള്ള ഗൃഹസ്ഥി കാര്യകര്‍ത്താക്കളാണ്. വ്യവസ്ഥ അനുസരിച്ച് അദ്ദേഹം ഒളിവിലായിരുന്നു. ഒളിവിലെ ബൈഠക്കുകള്‍ സംഘടിപ്പിക്കുകയും സത്യഗ്രഹത്തിന് ആളൊരുക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ കടമ. ഹനുമാന്‍ കോവിലുകളിലെ അദ്ദേഹത്തിന്റെ ബൈഠക്കുകള്‍ ഇന്ന് സംഘചരിത്രത്തിലെ ഏടുകളാണ്. ഒളിവിലായതു കാരണം, ദീര്‍ഘകാലം ജോലിയില്‍ പ്രവേശിക്കാത്ത പേരുപറഞ്ഞ് അദ്ദേഹത്തെ കോളേജില്‍ നിന്നും പുറത്താക്കി. എന്നിട്ടും അദ്ദേഹം പുറത്തുവരാതെ പ്രവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ കുടുംബം പട്ടിണി കിടന്നിട്ടും തന്റെ പോരാട്ടവീര്യം കാത്തുസൂക്ഷിച്ച അദ്ദേഹം, ഒടുവില്‍ കോളേജധികൃതരെ കോടതി കയറ്റുകയും ചെയ്തു. കേസുജയിച്ച് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. പ്രൊഫസറായി, പിന്നീട് ഒരു വ്യാഴവട്ടക്കാലം പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ച് ഔദ്യോഗിക ജീവിതത്തിലും വിജയം വരിച്ചു.
1975 ല്‍ ചരിത്രം ആവര്‍ത്തിക്കപ്പെട്ടു എന്നതാണ് രസകരമായ വസ്തുത. രണ്ടാമത്തെ നിരോധനത്തിലും അദ്ദേഹത്തെ കോളേജില്‍ നിന്നും പുറത്താക്കി. രണ്ടാമതും അദ്ദേഹം കേസുകൊടുത്തു. അപ്പോഴും വിജയിച്ചു ജോലിയില്‍ തിരിച്ചുകയറി. ഈ കാലയളവുകളില്‍ നാഗ്പൂര്‍ വ്യവസ്ഥകളിലും സംഘശിക്ഷാവര്‍ഗ്ഗുകളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. മുഖ്യശിക്ഷക് ആയും കാര്യവാഹായും അദ്ദേഹം പലകുറി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോക്ടര്‍ജി സ്മൃതിമന്ദിര നിര്‍മ്മാണ ചുമതലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കേന്ദ്രകാര്യാലയ വ്യവസ്ഥയിലെ ബാപ്പുറാവുവിന്റെ പങ്ക് തികച്ചും സ്വാഭാവികവും അതുകൊണ്ടുതന്നെ അവര്‍ണ്ണനീയവുമാണ്.
നിരോധനവും സത്യഗ്രഹവും കഴിഞ്ഞിട്ടും നാഗ്പൂരില്‍ മ്ലാനത ഉണ്ടായിരുന്നു. പല പ്രചാരകന്മാരും ആന്തരിക പ്രചോദനം നഷ്ടപ്പെട്ട് നാഗ്പൂരില്‍ തിരികെയെത്തി. നിരവധി ഊഹോപോഹങ്ങള്‍ നാഗ്പൂരിന്റെ അന്തരീക്ഷത്തില്‍ അലയടിച്ചു. സ്വാതന്ത്ര്യലബ്ധിയോടെ സംഘപ്രവര്‍ത്തനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നു വരെ നാഗ്പൂരില്‍ സംസാരമുണ്ടായി. ഈയവസരങ്ങളിലൊക്കെ വിശാലമായ സമ്പര്‍ക്കവലയത്തിലെ അനുഭാവികളിലും കുടുംബങ്ങളിലും സംഘപ്രവര്‍ത്തനത്തിന്റെ ചിരകാലപ്രസക്തിയുടെ മഹത്വം മനസ്സിലാക്കി കൊടുക്കുന്ന തരത്തില്‍ നാഗ്പൂരിലെ സംഘപ്രവര്‍ത്തനം മുന്നോട്ടുപോയി. ഈ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും ബാപ്പുറാവു നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
എഴുത്തിലും വായനയിലും സജീവമായിരുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സംഘത്തിന്റെ വികാസപരിണാമഘട്ടങ്ങള്‍ കാച്ചിക്കുറുക്കി അവതരിപ്പിച്ച സംഘകാര്യപദ്ധതിയുടെ വികാസമാണ് പ്രഥമഗണനീയം. ‘സംഘനിര്‍മ്മാതാവിന്റെ ആപ്തവചനങ്ങള്‍’ എന്ന പേരില്‍ ഡോക്ടര്‍ജിയുടേയും ‘അക്ഷരസ്വരൂപം’ എന്ന പേരില്‍ ഗുരുജിയുടേയും ദര്‍ശനങ്ങള്‍ അദ്ദേഹം പുസ്തകരൂപത്തിലാക്കി. പിന്നീട് നാലുഭാഗങ്ങളായുള്ള ശ്രീഗുരുജി ദര്‍ശനവും അദ്ദേഹം തയ്യാറാക്കി. ഇന്നു ലഭ്യമായ 12 ഭാഗങ്ങളടങ്ങിയ ശ്രീ ഗുരുജി സാഹിത്യസര്‍വസ്വത്തിനു മുമ്പ് നാമാശ്രയിച്ചിരുന്ന മുഖ്യഗ്രന്ഥമായിരുന്നു ശ്രീഗുരുജി ദര്‍ശനം. അദ്ദേഹത്തിന്റെ മൗലിക ചിന്തകളുടെ സമാഹരണമാണ് ‘ഹിന്ദുജീവിത വീക്ഷണം’ എന്ന ഗ്രന്ഥം.
ഏകനാഥ റാനഡെജിയുടെ അടുത്ത സുഹൃത്തായിരുന്നു വറാഡ് പാണ്‌ഡെജി. ഏകനാഥ്ജി വിവേകാനന്ദ കേന്ദ്രത്തില്‍ ചുമതലയിലിരിക്കെ നടത്തിയ ബൗദ്ധിക്കുകളും, ബൈഠക്കുകളും Sadhana of Service എന്ന പേരില്‍ സമാഹരിച്ചതും ബാപ്പുറാവു ആയിരുന്നു. തികച്ചും യാദൃച്ഛികമായി, ഏകനാഥ്ജിയുടെ മരണാനന്തരം കേരളത്തില്‍ നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ഠേംഗ്ഡ്ജിയോടൊപ്പം സംസാരിച്ചതും അദ്ദേഹമായിരുന്നു. കേരളത്തില്‍ ആയുര്‍വേദ ചികിത്സക്ക് എത്തിയതായിരുന്നു അദ്ദേഹം. തശ്ശൂരിലെ ഒല്ലൂരില്‍ ഡോ.സി.എ.വാസുവിന്റെ ജ്യേഷ്ഠന്റെ വീട്ടിലായിരുന്നു താമസം. ചികിത്സക്കിടയിലാണ് കാല്‍പ്പാദങ്ങളിലെ അസ്വാസ്ഥ്യം വകവെക്കാതെ അദ്ദേഹം കോഴിക്കോട്ടെത്തി ഏകനാഥ്ജിയെ അനുസ്മരിച്ചത്.
തിരക്കുപിടിച്ച ഔദ്യോഗികവൃത്തിക്കും സംഘകാര്യനിര്‍വഹണത്തിനുമിടയില്‍ ചരിത്രരചനയില്‍ സമയം കണ്ടെത്തി എന്നത്അത്ഭുതകരം തന്നെ. ബാപ്പുറാവു സഞ്ചരിക്കുന്ന ചരിത്രപുസ്തകം എന്ന് നാഗ്പൂരുകാര്‍ പറയുന്നത് അദ്ദേഹം അവരിലുണര്‍ത്തിയ പ്രചോദനകിരണങ്ങളുടെ തിളക്കത്തിലാണ്. കാരണം സന്മാര്‍ഗ്ഗിയായ ചരിത്രകാരനു മാത്രമേ സദുദ്ദേശപരവും സത്യസന്ധവുമായ ചരിത്രം രചിക്കാനാവൂ. അത്തരം ചരിത്രങ്ങള്‍ മാത്രമേ തലമുറകളെ അതിജീവിച്ചുകൊണ്ട് പ്രേരണാസ്രോതസ്സുകളായി നിലനില്‍ക്കുകയുളളൂ. ബാപ്പുറാവുവിന്റെ ചരിത്രരചന ഈ ഗണത്തില്‍പ്പെടുന്നതാണ്.
കാര്യവാഹെന്ന നിലയില്‍ അത്യുജ്വലമായ കര്‍മ്മശേഷിയും സംഘചാലകെന്ന നിലയില്‍ അത്യുത്കടമായ മാര്‍ഗദര്‍ശിത്വവും ചരിത്രകാരനെന്ന നിലയില്‍ അത്യുദാത്തമായ സദുദ്ദേശ്യവും വെച്ചുപുലര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമായിരുന്നു ബാപ്പു നാരായണ വറാഡ് പാണ്‌ഡെ. 2000 നവംബര്‍ 13 ന് ഇഹലോകവാസം വെടിഞ്ഞ അദ്ദേഹം സംഘചരിത്രത്തോടൊപ്പം എക്കാലത്തും കൃതജ്ഞതാപൂര്‍വ്വം സ്മരിക്കപ്പെടുമെന്ന് നിശ്ചയം.