സംഘസംസ്ഥാപനത്തിനു ശേഷം ആദ്യത്തെ നാലഞ്ചു വര്‍ഷക്കാലം പൂജനീയ ഡോക്ടര്‍ജി മാത്രമായിരുന്നു സംഘസംവ്യാപനത്തിനും നേതൃത്വം കൊടുത്തത്. പതുക്കെ പതുക്കെ വളരെ അടുത്തവരും സംഘാദര്‍ശത്തെ വളരെ ആഴത്തിലും വളരെ വേഗത്തിലും മനസ്സിലാക്കിയവരുമായ ചില സഹപ്രവര്‍ത്തകര്‍ കൂടി ഈ ദൗത്യം ഏറ്റെടുത്തു. വര്‍ധയില്‍ അപ്പാജി ജോഷിയും നാഗ്പൂരില്‍ മാര്‍ത്താ ണ്ഡ റാവു ജോഗും ഉംറേഡില്‍ ബാളാസാഹേബ് ദാണിയും ആര്‍വിയില്‍ ബാളാജി ഹുദ്ദാറും മറ്റും ഈ പ്രവര്‍ത്തനം ഏറ്റെടുത്തു. 1928 ല്‍ രണ്ടു വിദ്യാര്‍ത്ഥികളെ നാഗ്പൂരിനു പുറത്തയച്ചു പഠിപ്പിച്ചു. ഇപ്രകാരം ഭയ്യാജി ദാണിയും, തത്യാതേലങ്ങുമാണ് ആദ്യത്തെ വിദ്യാര്‍ത്ഥി വിസ്താരകര്‍. 1932 മുതല്‍ സംഘ കാര്യവിസ്താരത്തിനായി പലയിടങ്ങളിലായി സഹയോഗികളെ അദ്ദേഹം അയച്ചു തുടങ്ങി. രാംഭാവു ജാംഗഡെയെ യവത് മാലിലേക്കും ഗോപാല്‍റാവു യെര്‍കുണ്ട്‌വാറെ സാംഗ്‌ലിയിലേക്കും അയച്ചു. ഇവരാണ് സംഘത്തിലെ ആദ്യത്തെ വിസ്താരകന്മാര്‍. ഇതിനുശേഷം 1933 ല്‍ ബാബാ ആപ്‌ടെജിയെ യവത് മാലിലേക്കും ദാദാറാവു പരമാര്‍ത്ഥിനെ ഖാന്‍ദേശത്തിലേക്കും അയച്ചു. അതിനുശേഷം ഗോപാല്‍ റാവു യെര്‍കുണ്ടവാറിനെ ബോംബെയിലേക്ക് മാറ്റി നിശ്ചയിച്ചു. ഈ പരീക്ഷണങ്ങള്‍ വിജയിച്ചതോടെ ഇത്തരത്തിലുള്ള വിസ്താരകവിന്യാസം ഡോക്ടര്‍ജി യോജനാബദ്ധമായി നടപ്പിലാക്കി. ക്രമേണ അത് നാമിന്നു കാണുന്ന പ്രചാരകവ്യവസ്ഥയായി വികസിക്കുകയും സംഘശൈലിയിലെ അനന്യമായ വ്യവസ്ഥയായി മാറുകയും ചെയ്തു. ഈ സമ്പ്രദായപ്രകാരം ഡോക്ടര്‍ജിയുടെ സ്വന്തം നിശ്ചയപ്രകാരം പഞ്ചാബിലേക്ക് അയക്കപ്പെട്ട ആദ്യത്തെ വിസ്താരകനാണ്, ഇന്നത്തെ അര്‍ത്ഥത്തിലെ പ്രചാരകനാണ് ദിഗംബര്‍ വിശ്വനാഥ് പാതുര്‍ക്കര്‍ എന്ന രാജാഭാവു പാതുര്‍ക്കര്‍. 1937 ല്‍ വിദ്യാഭ്യാസത്തിനായി ഡോക്ടര്‍ജി അയച്ച പത്തു പേരിലൊരാള്‍. തുടര്‍ന്ന് പഞ്ചാബ്, വിദര്‍ഭ, മധ്യഭാരത്, നാഗ്പൂര്‍ എന്നിവടങ്ങളില്‍ വ്യത്യസ്ത ചുമതലകളില്‍ 51 വര്‍ഷം അദ്ദേഹം പ്രചാരകനായി ജീവിച്ചു.
1915 ല്‍ നാഗ്പൂരിലായിരുന്നു ജനനം. മൂന്നു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉള്‍പ്പെടുന്ന കുടുംബം. പിതാവ് ദിഗംബര്‍ വിശ്വനാഥ് പാതുര്‍ക്കര്‍ റെയില്‍വെ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് അന്നപൂര്‍ണ്ണാദേവി. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കീഴില്‍ വളരെ ആത്മാര്‍ത്ഥമായും സത്യസന്ധമായും ജോലിനോക്കിയിരുന്ന പിതാവിന് അതുകൊണ്ടുതന്നെ ജോലിയില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ചില നയങ്ങളുമായി സന്ധി ചെയ്യാനൊരുക്കമില്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യസമര സേനാനികളുമായും വിപ്ലവകാരികളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. വളരെയധികം കണിശക്കാരനായിരുന്ന പിതാവിന്റെ പല സത്യസന്ധമായ നടപടികളും ഇളക്കമില്ലാത്ത നിലപാടുകളും മക്കളെയും സ്വാധീനിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ കര്‍മ്മമേഖലയില്‍ ഇതേ കണിശതയും നിര്‍ബന്ധബുദ്ധിയും രാജാഭാവുവിനും ഉണ്ടായിരുന്നു. നിലപാടുകള്‍ സ്വീകരിക്കുകയും അതിലുറച്ചു നില്‍ക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.
പഠനത്തില്‍ അതീവ സമര്‍ത്ഥനൊന്നുമല്ലാത്ത ഒരു സാധാരണ വിദ്യാര്‍ത്ഥി ആയിരുന്നു. അതേ സമയം ഖൊ ഖൊ, ഹോക്കി മുതലായ കായിക ഇനങ്ങളില്‍ മികവു പുലര്‍ത്തിയിരുന്നു. ഹോക്കിയില്‍ അദ്ദേഹം വളരെ മികച്ച നിലവാരം പുലര്‍ത്തിയ ഒരു കളിക്കാരനായിരുന്നു. നാഗ്പൂരിലെ പട്‌വര്‍ദ്ധന്‍ ഹൈസ്‌കൂളിലായിരുന്നു അദ്ദേഹം പഠിച്ചത്. അവിടെ പരീക്ഷയില്‍ തോറ്റുപോയ വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപ്രവേശനം ഉണ്ടാവാറില്ല. രാജാഭാവു പത്താം ക്ലാസ് പരീക്ഷയ്ക്ക് തോറ്റുപോയി. എങ്കിലും അദ്ദേഹത്തിന്റെ കായികരംഗത്തെ മികവ് പരിഗണിച്ച് സ്‌കൂളധികൃതര്‍ രണ്ടാമതും പ്രവേശിപ്പിച്ചു. ഒരര്‍ത്ഥത്തില്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം. രണ്ടാം തവണയില്‍ അദ്ദേഹം പരീക്ഷ പാസ്സായി.
ഇതിനിടയിലാണ് നാഗ്പൂരില്‍ ബാപുറാവു വറാഡ്പാണ്‌ഡെ, ബാളാസാഹേബ് ദേവറസ് എന്നിവരുമായി അദ്ദേഹം അടുപ്പത്തിലാവുന്നത്. വസന്ത്‌റാവു ഓക്കിന്റെ സഹോദരന്‍ മനോഹര്‍റാവു ഓക്കും കൃഷ്ണറാവു മൊഹ്‌രീലും ഈ സുഹൃദ് വലയത്തില്‍പ്പെടുന്നു. ഇവരെല്ലാവരും ഡോക്ടര്‍ജിയെന്ന സ്‌നേഹസൂര്യനെ വലംവെക്കുന്ന യുവനക്ഷത്രങ്ങളായിരുന്നു. സ്വാഭാവികമായും ഡോക്ടര്‍ജിയുടെ ആഗ്രഹം ഇവര്‍ക്കുള്ള ആജ്ഞ തന്നെ. ഇതുപ്രകാരം 1937ല്‍ രാജാഭാവു പാതുര്‍ക്കര്‍ തന്റെ 22-ാം വയസ്സില്‍ സംഘസംവ്യാപനമെന്ന അന്തിമലക്ഷ്യം ഹൃദയത്തിലേന്തി ഉപരിപഠനമെന്ന താത്കാലിക മാര്‍ഗ്ഗം സ്വീകരിച്ചുകൊണ്ട് നാഗ്പൂര്‍ വിട്ട് പഞ്ചാബിലേക്ക് പോയി.
പഞ്ചാബി ഭാഷ, ഭക്ഷണം, വേഷം ഇവയൊന്നും പരിചിതമല്ലായിരുന്ന രാജാഭാവു കഠിന പരിശ്രമിയും കണിശ നിലപാടുകാരനുമാകയാല്‍ അവിടെ അനായാസം ജീവിച്ചു. ലാഹോറിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. കളികളിലൂടെയും ചങ്ങാത്തത്തിലൂടെയും ശാഖ വളര്‍ത്താന്‍ അദ്ദേഹം ശ്രമം തുടങ്ങി. ആദ്യകാലത്ത് അത് വിജയിച്ചില്ല. അന്നത്തെ കാലത്തെ എല്ലാ പ്രചാരകന്മാരെയും പോലെ കിലോമീറ്ററുകള്‍ നടന്നും അല്പ ഭക്ഷണം കഴിച്ചും അദ്ദേഹം പരിശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല. എങ്കിലും ഒരു സ്ഥലത്ത് ഒറ്റയ്ക്കു നിന്ന് പ്രാര്‍ത്ഥന ചൊല്ലുന്ന ശീലം അദ്ദേഹം മുടക്കിയില്ല. സംഘകാര്യം ഈശ്വരീയ കാര്യമാണെന്ന ഡോ ക്ടര്‍ജിയുടെ സങ്കല്പത്തിലും ഉപദേശത്തിലും അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. കായിക മത്സരങ്ങളും ഏകാന്ത പ്രാര്‍ത്ഥനയുമായി അദ്ദേഹം ജീവിതം തുടര്‍ന്നു.
ഈശ്വരീയകാര്യത്തിനുള്ള പ്രാരംഭദിവസം ഈശ്വരന്‍ തന്നെ നിശ്ചയിച്ചിരുന്നു. ഒരിക്കല്‍ ലാഹോറില്‍ ഉണ്ടായ ഒരു ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തിലുളള കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുപറ്റി. അതൊരു മുസ്ലീം ആക്രമണമായിരുന്നു. അതുകൊണ്ടു തന്നെ ആക്രമണത്തിനിരയാവര്‍ക്ക് സഹിക്കുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുളളൂ. കുട്ടിക്കാലം മുതല്‍ക്കെ വ്യായാമശാലയും ശാഖയും കബഡിയും ഹോക്കിവടിയും കണ്ടുപരിപയിച്ച രാജാഭാവുവിന് മുന്നില്‍ ഇതൊരു അവസരമായിരുന്നു. ആക്രമണകാരികളുടെ അടിയേറ്റു പരിക്കു പറ്റിയ കുട്ടികളെ സഹായിക്കുക എന്നതിലുപരി, അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ അത്മവിസ്മൃതികളും ഭയവിഹ്വലതകളും ഇല്ലാതാക്കുന്നതിനുള്ള ശാശ്വതയന്ത്രമായ ശാഖ ആരംഭിക്കാനുള്ള ദൈവനിശ്ചയമായിരുന്നു ഈ സംഭവം. രാജാ ഭാവുവിന്റെ കര്‍മ്മണ്യതയും നയതന്ത്രജ്ഞയും ഒത്തുചേര്‍ന്നപ്പോള്‍ ഈ സംഭവത്തെ അടിസ്ഥാമാക്കി അദ്ദേഹം പഞ്ചാബില്‍ ശാഖ തുടങ്ങി.
പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ കായികരംഗത്തെ അഭിരുചിയും സമ്പര്‍ക്കശൈലിയും ഉപയോഗിച്ച് സംഘപ്രവര്‍ത്തനത്തെ അഭിവൃദ്ധിപ്പെടുത്തി. കായികവിദ്യാര്‍ത്ഥികളും കായികാധ്യാപകരും എത്തിത്തുടങ്ങി. ശാഖയില്‍ സംഖ്യ കൂടി. കുടുംബങ്ങളില്‍ സംഘമെത്തി. രാജാഭാവു വീടുകളില്‍ എത്തിയില്ലെങ്കില്‍ അമ്മമാര്‍ തിരിച്ചന്വേഷിക്കുന്ന രീതിയില്‍ സംഘം വളര്‍ന്നു. പഞ്ചാബി ഭക്ഷണം കഴിച്ചും, പഞ്ചാബി സംസാരിച്ചും രാജാഭാവു സിന്ധൂതടത്തില്‍ സംഘഗംഗയെ എത്തിച്ചു.
വളര്‍ച്ചയുടെ സ്വാഭാവികമായ പടവുകള്‍ ചവിട്ടിക്കൊണ്ട് പഞ്ചാബില്‍ സംഘം മുന്നേറി. ഇതിന്റെ പ്രാരംഭചരിത്രം രാജാഭാവുവിന്റെ ജീവചരിത്രം കൂടിയാണ്. അദ്ദേഹവും ഡോക്ടര്‍ജിയും തമ്മില്‍ നടത്തിയ കത്തിടപാടുകളിലൂടെ പഞ്ചാബിലെ സംഘവളര്‍ച്ചയുടെ പടവുകളിലെ ശിലാലിഖിതങ്ങള്‍ നമുക്ക് വായിച്ചെടുക്കാം. 1930 കളുടെ അവസാനം മുതല്‍ പൂജനീയ ഡോക്ടര്‍ജിയുടെ ദേഹത്യാഗം വരെയുള്ള സമാനവും സന്തുലിതവും ഐതിഹാസികവുമായ സംഘവളര്‍ച്ചയില്‍ പഞ്ചാബിന്റെ പേരു ചേര്‍ത്തത് രാജാഭാവു പാതുര്‍ക്കറുടെ തൃക്കൈകളാലാണ്.
പഞ്ചാബിലെ അദ്ദേഹത്തിന്റെ സമാരംഭപര്‍വ്വം സംഭവബഹുലമാണ്. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഒരു സംഭവമാണ് അദ്ദേഹം നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ഒളിവുയാത്രയ്ക്കുള്ള വ്യവസ്ഥകള്‍ ചെയ്തത്. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ചുകൊണ്ട് നേതാജിയുടെ നാടുകടക്കല്‍ ആസൂത്രണം ചെയ്തത് അദ്ദേഹത്തിന്റെ ചെറുമകനായിരുന്നു. ഈ ആസൂത്രണത്തില്‍ പങ്കുവഹിക്കാനും നേതാജിയെ സഹായിക്കാനും സംഘസ്വയംസേവകര്‍ക്ക് പരമസൗഭാഗ്യം ലഭിച്ചു. നേതാജിയെ അദ്ദേഹത്തിന്റെ ചെറുമകന്‍ ലഖ്‌നൗ വരെ എത്തിച്ചു. അവിടെ നിന്നും അദ്ദേഹത്തെ ദില്ലിയിലെത്തിക്കാനുള്ള ചുമതല ഭാവുറാവു ദേവറസും, ദില്ലിയില്‍ നിന്ന് ലാഹോറിലെത്തിക്കാനുള്ള ചുമതല ബാപ്പുറാവു മോഘെയും (മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്) നിര്‍വഹിച്ചു. ലാഹോറില്‍ നിന്ന് പുറത്തേക്കുള്ള യാത്രയുടെ സമ്പൂര്‍ണ്ണ വ്യവസ്ഥയും രാജാഭാവു പാതുര്‍ക്കര്‍ജിയുടേതായിരുന്നു. അദ്ദേഹത്തിന്റെ പഠാനി, പഞ്ചാബി ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ഇതിനു സഹായിച്ചു.
1937 മുതല്‍ 11 വര്‍ഷം അദ്ദേഹം പഞ്ചാബില്‍ ഉണ്ടായിരുന്നു. 1948 ലെ നിരോധന കാലത്ത് അദ്ദേഹത്തെ ഗുരുജി നാഗ്പൂരിലേക്ക് തിരിച്ചുവിളിച്ചു. നാഗ്പൂരില്‍ സത്യഗ്രഹം സംഘടിപ്പിക്കുന്നതിനായി പുറത്തുനിന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ നിശ്ചയിച്ചു. പഞ്ചാബില്‍ നിന്ന് നാഗ്പൂരിലേക്ക് മടങ്ങാനുള്ള പൂജനീയ സര്‍സംഘചാലകന്റെ സന്ദേശം ലഭിച്ച ഉടന്‍തന്നെ അദ്ദേഹം തിരിച്ചുവന്നു. അവിടുത്തെ സ്വയംസേവകര്‍ യാത്രയയപ്പ് നല്‍കാനുള്ള സമയം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. സംഘയാത്രയില്‍ യാത്രപറച്ചിലുകള്‍ക്കോ യാത്രയയപ്പുകള്‍ക്കോ സ്ഥാനമില്ലെന്ന് വിശ്വസിച്ച അദ്ദേഹം തൊട്ടടുത്ത ദിവസം തന്നെ ആദ്യത്തെ വണ്ടി കയറി നാഗ്പൂരില്‍ എത്തി. സംഘത്തിന്റെയും സംഘത്തിലെയും യാത്രകളില്‍, വ്യക്തികള്‍ക്കു സ്ഥാനമില്ല. അത് ചിരന്തനമായ ഹിന്ദു സാംസ്‌കാരിക പ്രവാഹത്തിന്റെ ഒരു കൈവഴി മാത്രമാണ്. ആ യാത്രയില്‍ ആര് എവിടെനിന്നു എവിടേക്കുപോയി എന്നതിനു പ്രസക്തിയില്ല. എല്ലാവരും എല്ലായിടത്തും എല്ലാ കാലത്തും ചെയ്യുന്നത് സംഘപ്രവര്‍ത്തനമാണ്. യാത്ര സംഘത്തിന്റെതാണ് സ്വയംസേവകന്റെതല്ല. ഈ തത്വത്തില്‍ അടിയുറച്ചു വിശ്വസിച്ച കണിശക്കാരനായ ആ പ്രചാരകന്‍, തൊട്ടുപിറ്റേന്നു മുതല്‍ നാഗ്പൂരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
നാഗ്പൂരില്‍ 3-4 വര്‍ഷം പ്രവര്‍ത്തിച്ചതിനു ശേഷം ശ്രീ ഗുരുജി അദ്ദേഹത്തെ മധ്യഭാരതത്തിലേക്കു നിയോഗിച്ചു. 1952 മുതല്‍ 1957 വരെ അദ്ദേഹം മധ്യഭാരതത്തിന്റെ പ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചു. മധ്യഭാരതത്തിലും ചരിത്രം വ്യത്യസ്തമായിരുന്നില്ല. ഈ പ്രചാരകന്‍ ആരുടെ തോളില്‍ കയ്യിട്ടോ അയാള്‍ പ്രചാരകനാവും എന്ന ചൊല്ല് മധ്യഭാരതത്തിലെ രാജാഭാവുവിനാണ് ഏറ്റവും അനുയോജ്യമായത്. സുന്ദര്‍ലാല്‍ പട്‌വ ഉള്‍പ്പെടെ അനേകം ജനനേതാക്കളെയും സംഘകാര്യകര്‍ത്താക്കളെയും അദ്ദേഹം വളര്‍ത്തിയെടുത്തു.
ഇത്തരം ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷിയായതിനാലും പല ചരിത്രദൗത്യങ്ങളിലും പങ്കാളിയായതിനാലുമാവാം പില്‍ക്കാലത്ത് രാജാഭാവുവിന്റെ ദൃഷ്ടി ചരിത്രസംഭവങ്ങളുടെ പ്രചാരത്തില്‍ പതിഞ്ഞത്.
പൂജനീയ ഡോക്ടര്‍ജിയുടെ സ്വാതന്ത്ര്യസമര രംഗത്തെ സംഭാവനകള്‍ ഓര്‍മ്മിക്കപ്പെടണമെന്നും അധ്യയനം ചെയ്യപ്പെടണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി ഡോക്ടര്‍ജിയോടൊപ്പമുള്ള ഓര്‍മ്മകളും അനുഭവങ്ങളും അദ്ദേഹം ക്രോഡീകരിച്ചു. നാഗ്പൂരിലും പരിസരപ്രദേശങ്ങളിലും യാത്ര ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. ഒടുവില്‍ എല്ലാം ചേര്‍ത്ത് കഥപറയുന്ന വര്‍ണ്ണചിത്രങ്ങളാക്കി കഴിവുറ്റ ചിത്രകാരന്മാരെ കൊണ്ട് ആചിത്രണം ചെയ്യിപ്പിച്ചു. അതിനുശേഷം ഇതിന്റെ പ്രചാരദൗത്യം സ്വയം ഏറ്റെടുത്തുകൊണ്ട് സഞ്ചരിച്ചു. ഇതേ ശൈലിയില്‍ തന്നെ അദ്ദേഹം സിഖ് ഗുരുക്കന്മാരുടെ ജീവചരിത്രം പഞ്ചാബില്‍ പ്രസരണം ചെയ്തു. പിന്നീട് ഛത്രപതി ശിവജിയുടെ ജീവിതകഥ ആവേശദായകമായ ശൈലിയില്‍ സ്വയം അവതരിപ്പിക്കുന്നതിനായി തയ്യാറാക്കി. ഈ ദൗത്യമേറ്റെടുത്ത് അദ്ദേഹം ഭാരതമാകെ യാത്രചെയ്തു. കേരളത്തിലുള്‍പ്പെടെ ഭാരതമാകെ സഞ്ചരിച്ച എല്ലായിടങ്ങളിലും പൊതുപരിപാടികളില്‍ മാത്രമല്ല, ചെറിയ ചെറിയ സദസ്സുകളിലും സംഗമങ്ങളിലും എന്തിനധികം പറയുന്നു, താമസിക്കുന്ന വീടുകളില്‍ പോലും അദ്ദേഹം ഈ പ്രവര്‍ത്തനം മുടങ്ങാതെ ചെയ്തു. ഇപ്രകാരം ‘പ്രദര്‍ശിനികള്‍’ എന്ന പേരില്‍ ഇന്ന് സംഘപഥത്തില്‍ അനുപേക്ഷണീയവും അതിസാധാരണവുമായ സമ്പ്രദായത്തിന് തുടക്കം കുറിച്ചത് രാജാഭാവുവാണ്. രാഷ്ട്രബോധവും സംഘബോധവും കൈമുതലാക്കി ജീവിക്കുന്നതിനിടയില്‍ ചരിത്രബോധം വളര്‍ത്തുവാനും പ്രചരിപ്പിക്കുവാനും രാജാഭാവുവിന് കഴിഞ്ഞു.
ശേഷം ബാളാസാഹേബ് ദേവറസ്ജിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം “ഭാരതീമംഗളം” എന്ന സംവിധാനം ആരംഭിച്ചു. മഹാന്മാരുടെ ജീവചരിത്രം പ്രചരിപ്പിച്ച് യുവാക്കളില്‍ പ്രേരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരതീമംഗളം പ്രവര്‍ത്തിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് ചരിത്രപ്രദര്‍ശിനികള്‍ സംഘടിപ്പിച്ചത്. ഇതോടൊപ്പം നിരവധി വിദ്യാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു. പ്രദര്‍ശിനികളും പ്രഭാഷണങ്ങളും യുവാക്കളുടെ മനോവ്യാപാരങ്ങളെ സ്വാധീനിച്ച് അവരെ രാഷ്‌ട്രോന്മുഖരാക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് ചിത്രങ്ങള്‍ തയ്യാറാക്കാനും പ്രഭാഷണം പഠിക്കാനും അദ്ദേഹം യത്‌നിച്ചു. ഗുണാത്മകമായ വശം രണ്ടിലും ഉണ്ടാകണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹം വെച്ചു പുലര്‍ത്തി. സ്വയം എത്ര കഷ്ടത സഹിച്ചാലും പ്രദര്‍ശനത്തിന്റെയോ പ്രഭാഷണത്തിന്റെയോ ഗുണാത്മകതയില്‍ ഒരംശംപോലും കുറവുണ്ടാകരുതെന്ന് ശഠിച്ച അദ്ദേഹം സ്വന്തം പ്രായവും ആരോഗ്യവും അവഗണിച്ചുകൊണ്ട് ഇതിനായി പ്രവര്‍ത്തിച്ചു.
ജീവിതത്തിലുടനീളം അനുശാസനത്തില്‍ പൊതിഞ്ഞ കണിശതയും, കാഠിന്യത്തിലമര്‍ന്ന സാഹസങ്ങളുമായിരുന്നു അദ്ദേഹത്തന്റെ മുഖമുദ്ര. അനുശാസനബദ്ധമായ ആ പ്രചാരകജീവിതം 1988 ജനുവരി 2ന് അവസാനിച്ചു. ഇന്നു നമ്മുടെ വര്‍ഗ്ഗുകളിലും ശിബിരങ്ങളിലും പ്രദര്‍ശിനി ഒരഭേദ്യഘടകമാണ്. പ്രദര്‍ശിനികളിലെ വര്‍ണ്ണ ചിത്രങ്ങളില്‍ ഒന്നില്‍പോലും രാജാഭാവു പാതുര്‍ക്കറുടെ ചിത്രം (പഞ്ചാബിലും മധ്യഭാരതിലും ഒഴികെ) കാണുക സാധ്യമല്ല. എങ്കിലും പ്രദര്‍ശിനി എന്നു കേള്‍ക്കുമ്പോള്‍ രാജാഭാവുവിന്റെ പേര് ഓര്‍ക്കാതിരിക്കുകയും സാധ്യമല്ല. അതാണ് നമുക്കദ്ദേഹത്തിനു നല്‍കാവുന്ന ശ്രദ്ധാഞ്ജലി.