പതഞ്ജലിയുടെ സിദ്ധാന്ത പ്രകാരം അഞ്ച് ക്ലേശങ്ങളാണ് മനസ്സിനെ അസ്വസ്ഥമാക്കുന്നത്. ‘അവിദ്യാ, അസ്മിതാ, രാഗ, ദ്വേഷ, അഭിനിവേശാ: ക്ലേശാ:’ (യോ. സൂ. 2-3) ക്ലേശം എന്നാല്‍ വിപര്യയങ്ങള്‍ ആണെന്നാണ് വ്യാസന്റെ പക്ഷം. വിപര്യയമെന്നാല്‍ മിഥ്യാ ജ്ഞാനമാണ്. അവയെ നശിപ്പിക്കേണ്ടതാണ്. അവയാണ് സംസാരത്തിനു കാരണം.
എന്താണ് അവിദ്യ?
1. അനിത്യമായ വസ്തുക്കളെ നിത്യവസ്തുക്കളെന്നു ധരിക്കുക. ഭൂമി, ചന്ദ്ര താരകങ്ങള്‍, മുതലായവ നിത്യമാണെന്നാണ് ധാരണ. അതു ശരിയല്ലല്ലൊ. നമ്മുടെ ശരീരത്തെയും നിത്യമല്ലെന്നറിഞ്ഞിട്ടും നിത്യമെന്ന നിലയിലാണ് കാണുന്നത്.
2. അശുദ്ധമായ, അശുചിയായ വസ്തുക്കളെ ശുദ്ധമെന്ന് ധരിക്കുക. നമുടെ ശരീരം തന്നെ നല്ല ഉദാഹരണം. കവികള്‍ സ്ത്രീശരീരത്തിന്റെ സൗന്ദര്യം വര്‍ണിക്കാന്‍ എത്രയോ താളുകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ മാംസം, അസ്ഥി, മലമൂത്രങ്ങള്‍ മാത്രമാണെന്ന് അറിയാത്തവരുമില്ല. ഇതും വിപരീതജ്ഞാനമാണ്. അവിദ്യയാണ്.
3. ദു:ഖത്തെ സുഖമായി തെറ്റിദ്ധരിക്കുക. ധനം സമ്പാദിക്കാനും നിലനിറുത്താനും ചിലവാക്കാനും ദുഃഖമാണ്. പക്ഷെ ദുഖങ്ങളെ സുഖമെന്നു തെറ്റിദ്ധരിച്ച് നിഴലിനെ പിടിക്കാന്‍ പോകുന്നതുപോലെ സമയം പാഴാക്കുന്നു.
4. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയൊന്നും ആത്മാവല്ല, ആത്മാവിന്റെ ഉപകരണങ്ങള്‍ മാത്രമാണ്. എന്റെ കൈ, എന്റെ മനസ്സ് എന്നു നാം പറയും. കൈ ഞാനല്ല. എങ്കിലും ശരീരം താനാണെന്ന തെറ്റിദ്ധാരണ പോവുകയുമില്ല. ഇത് അവിദ്യയാണ്.
ഇനി അസ്മിത. ദൃക് -ദര്‍ശന ശക്ത്യോ: ഏകാത്മതാ ഏവ അസ്മിതാ (26)
കാണുന്ന ആളും (ദൃക്ശക്തി -അത്മാവ് ) കാണാനുപയോഗിക്കുന്ന ഇന്ദ്രിയവും (ദര്‍ശനശക്തി -കണ്ണ്) ഒന്നെന്ന ധാരണയാണ് അസ്മിത. ‘അസ്മി’ എന്നാല്‍ ഞാന്‍ ഉണ്ട് എന്നാണര്‍ഥം.
ഇതില്‍ കാണുന്നയാള്‍ ചൈതന്യവും ഇന്ദ്രിയം ജഡവുമാണ്. മരിച്ച ശരീരത്തിലും കണ്ണുണ്ടല്ലൊ. പക്ഷെ അതിന് കാണാന്‍ കഴിയില്ല, കാരണം ജീവനില്ല, ദൃക്ശക്തിയില്ല, ചൈതന്യമില്ല. എന്നാല്‍ ഇതറിഞ്ഞാലും അനുഭവമാവുന്നില്ലെന്നതാണ് വിചിത്രം. ഇതും മിഥ്യാ ജ്ഞാനമാണ്.
രാഗമാണ് മൂന്നാമത്തെ ക്ലേശം. ‘സുഖാനുശയീ രാഗ: (27) ഒരിക്കല്‍ ഒന്നില്‍ നിന്നു സുഖം കിട്ടിയാല്‍ പിന്നെയും കിട്ടണമെന്ന ത്വരയോടെ അതിനെ സമീപിക്കുന്നതാണ് രാഗം. ദു:ഖം നേരിട്ട വസ്തുവില്‍ നിന്നൊഴിഞ്ഞു നില്ക്കാനുള്ള അതിനെ നശിപ്പിക്കാനുള്ള പ്രേരണയാണ് ദ്വേഷം.
എല്ലാവര്‍ക്കും ‘ഞാന്‍ എന്നെന്നും ജീവിച്ചിരിക്കണം. ഞാന്‍ മരിക്കരുത്’ എന്ന ഒരു തീവ്രമായ അഭിലാഷമുണ്ട്. അതില്‍ പണ്ഡിത-പാമര വ്യത്യാസമില്ല. ഈ ഒരു അന്ത: പ്രേരണയാണ് അഭിനിവേശം.
സൂക്ഷിച്ചു നോക്കിയാല്‍ അസ്മിതയും രാഗവും ദ്വേഷവും അഭിനിവേശവും അവിദ്യയില്‍ നിന്ന്, വിപരീത ജ്ഞാനത്തില്‍ നിന്നുണ്ടായതാണെന്നു കാണാം. പതഞ്ജലി പറയുന്നത്, അവിദ്യയാണ് മറ്റു നാലു ക്ലേശങ്ങളുടെയും വിളഭൂമി (ക്ഷേത്രം) എന്നാണ്.
ആ നാലെണ്ണവും പ്രസുപ്തങ്ങളോ തനുവോ, വിച്ഛിന്നമോ ഉദാരമോ ആവാം.
പ്രസുപ്തമെന്നാല്‍ ഉറങ്ങുന്നത് എന്നാണര്‍ത്ഥം. അവിദ്യ വയലായതിനാല്‍ മറ്റു നാലും അതില്‍ മൂടിക്കിടക്കുന്ന വിത്തായി കണക്കാക്കണം. മുളച്ചു പൊങ്ങിയിട്ടില്ല. വെള്ളവും വളവും ലഭിക്കുമ്പോള്‍ വിത്തു മുളയ്ക്കും. ഭോഗ വസ്തുക്കളോടുള്ള (വിഷയങ്ങള്‍) മുഖാമുഖം വരുന്നതാണ് ക്ലേശ ബീജങ്ങള്‍ ഉണരാന്‍ കാരണമാവുക. എന്നാല്‍ വിവേകമുണര്‍ന്ന യോഗിയില്‍ ഈ വിത്ത് വറുത്തെടുത്തതു പോലാകും. മുളയ്ക്കാനാവാത്ത അവസ്ഥയാവും. അസ്മിതയും രാഗവും ദ്വേഷവും മരണ ഭയവുമൊന്നും അവിടെ ഉണരില്ല.
സാധാരണക്കാരില്‍ ഈ അവിദ്യയുടെ സ്വാധീനം കാരണം മറ്റു നാലെണ്ണവും (വിത്ത്) കുതിര്‍ന്ന് ഉണര്‍ന്ന് ചെറു തൈയാവും. ഇതിനെയാണ് തനു (മെലിഞ്ഞത്) എന്ന അവസ്ഥയായി പറഞ്ഞത്. തിരിച്ചും ആവാം-വളര്‍ന്ന് നിറഞ്ഞ അസ്മിതാദികളെ സാധന കൊണ്ട് തളര്‍ത്തി തനുവാക്കുക.
വിച്ഛിന്നാവസ്ഥയാണ് മൂന്നാമത്തേത്. ഛിന്നമെന്നാല്‍ ഛേദിക്കപ്പെട്ടത്, പൊട്ടിവിരിഞ്ഞത്. തനുവിനെക്കാളും വളര്‍ന്ന അവസ്ഥയാണിത്. ശാഖകളായി വളരുന്ന അവസ്ഥ. ഒരു ക്ലേശം കൊണ്ട് മറ്റൊരു ക്ലേശം ഛേദിക്കപ്പെടുന്ന അവസ്ഥയുമാവാം. രാഗം ഉണ്ടാവുമ്പോള്‍ ദ്വേഷം ഉണ്ടാവില്ല. മരണഭയം വരുമ്പോള്‍ അസ്മിതയും രാഗവും ദ്വേഷവും ഒതുങ്ങിപ്പോവും.
ഉദാരമെന്നാല്‍ പൂത്തുലഞ്ഞ അവസ്ഥയാണ്. അസ്മിതയും രാഗവും ദ്വേഷവും അഭിനിവേശവും ഒക്കെ നിറഞ്ഞ അവസ്ഥ. സത്വ-രജ-സ്തമോ ഗുണങ്ങള്‍ ആണ് ഇത്തരം വിഷമങ്ങളുണ്ടാക്കുന്നത്.