അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ പി.എന്‍. ഗോപാലകൃഷ്ണന്‍ കോട്ടയം താലൂക്ക് കാര്യവാഹ് ആയിരുന്നു. സംഘ പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന കാലം. ബാങ്കിലും നാട്ടിലും വലിയ സുഹൃത്ത് ബന്ധങ്ങള്‍ ഉള്ള അദ്ദേഹത്തിന് പോലീസിന്റെ പല നീക്കങ്ങളും യഥാസമയം അറിയാന്‍ കഴിഞ്ഞിരുന്നു. ഏറ്റുമാനൂരിലെ സുഹൃത്തുക്കളായ ചില സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സഹായം എടുത്തുപറയേണ്ടതാണ്. പിഎന്‍ജിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. നിലക്കല്‍ പ്രക്ഷോഭത്തിലും സജീവമായിരുന്ന പിഎന്‍ജിയുടെ വീടും പ്രവര്‍ത്തനങ്ങളും സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. ബാങ്കിലെ ജോലി കഴിഞ്ഞാല്‍ പല ദിവസങ്ങളിലും വീട്ടില്‍ വരാതെ ഒളിവില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പിഎന്‍ജിയുടെ ജ്യേഷ്ഠന്‍ മാധവന്‍ നായരുടെ മകന്‍ ബാലഗോപാലനെ സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് രണ്ടു പ്രാവശ്യം അറസ്റ്റ് ചെയ്തു ജയിലില്‍ ആക്കിയിരുന്നു.
അഗസ്ത്യകൂടത്തിലെ അഗസ്ത്യ വിഗ്രഹം നശിപ്പിക്കുകയും അഗസ്ത്യകൂടത്തിന്റെ പേരുതന്നെ സെന്റ് അഗസ്റ്റിന്‍ മൗണ്ട് എന്ന് ആക്കി മാറ്റുന്നതിനുള്ള ചില ക്രിസ്ത്യന്‍ മിഷനറിമാരുടെ ശ്രമം നടന്നുകൊണ്ടിരുന്നു. ഈ സമയത്ത് തന്നെ കുമളിക്ക് അടുത്ത മംഗളാദേവി മലയിലെ കണ്ണകി വിഗ്രഹം പല പ്രാവശ്യം തച്ചുടക്കപ്പെടുകയുണ്ടായി. കേരളത്തിലുടനീളം നടക്കുന്ന വിഗ്രഹ ധ്വംസനങ്ങള്‍ക്ക് എതിരെയും ക്ഷേത്രങ്ങളുടെ നേരെ സര്‍ക്കാര്‍ നടത്തിവരുന്ന അനീതിക്കെതിരെയും ഹൈന്ദവ മനസ്സാക്ഷി ഉണര്‍ത്തുന്നതിനും ക്ഷേത്ര വിധ്വംസക ശക്തികള്‍ക്കെതിരെ പോരാടുന്നതിനും വേണ്ടി അഗസ്ത്യമുനിയുടെയും മംഗളാദേവിയുടെയും വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ശക്തി രഥപ്രയാണം 1986 ഏപ്രില്‍ 10 മുതല്‍ മെയ് 10 വരെ കേരളത്തിലും, ഏപ്രില്‍ രണ്ടു മുതല്‍ 9 വരെ തമിഴ്‌നാട്ടിലും നടന്നിരുന്നു. ആ കാലത്ത് കേരളത്തില്‍ ആയിരത്തോളം സ്വീകരണങ്ങളും നൂറിലധികം ഘോഷയാത്രകളും പൊതുയോഗങ്ങളും നടത്തി. ക്ഷേത്രങ്ങളും ഹിന്ദു സമാജവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അധികരിച്ചുകൊണ്ടുള്ള നാന്നൂറോളം പ്രമേയങ്ങളും അവതരിപ്പിക്കപ്പെട്ടു. മെയ് 11ന് നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ അഗസ്ത്യ വിഗ്രഹം പുനഃപ്രതിഷ്ഠിക്കപ്പെട്ടു.
1984 ല്‍ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ധ്വജ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായി. പ്രതിഷ്ഠാ ചടങ്ങുകള്‍ രണ്ടുപ്രാവശ്യം മുടങ്ങി. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അമൂല്യ വസ്തുക്കള്‍ സ്‌ട്രോങ്ങ് റൂമില്‍ പൂട്ടി വെക്കുകയാണ് ഉണ്ടായത്.എപ്പോഴെല്ലാം പുനഃപ്രതിഷ്ഠ നടന്നിട്ടുണ്ടോ അപ്പോഴെല്ലാം അമൂല്യ വസ്തുക്കള്‍ തുടര്‍ന്നും നിക്ഷേപിക്കുന്നത് ആചാരവും കീഴ്‌വഴക്കവും ആണ്. അമൂല്യ വസ്തുക്കള്‍ വിട്ടു തരാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പും നിയമ നടപടികളും സ്വീകരിച്ചത് വൈക്കം ഗോപകുമാറും പിഎന്‍ജിയും ആയിരുന്നു. കേസ് വിജയം കാണുകയും പുനഃപ്രതിഷ്ഠ ഭംഗിയായി നടക്കുകയും ചെയ്തു. 1981-ല്‍ ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ തങ്കവിഗ്രഹം മോഷ്ടിക്കപ്പെട്ട അവസരത്തില്‍ ക്ഷേത്ര മൈതാനിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സുപ്രസിദ്ധ സിനിമാതാരവും ഏറ്റുമാനൂര്‍ നിവാസിയും ആയ എസ്.പി പിള്ള, ‘നാളെ മുതല്‍ ഭഗവാന്റെ വിഗ്രഹം തിരികെ ലഭിക്കുന്നതുവരെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ സത്യഗ്രഹം നടത്തും’ എന്ന് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം ശാഖാ സമിതി ഏറ്റെടുത്തു. സമിതി അധ്യക്ഷനായിരുന്ന ഗോപാലകൃഷ്ണന്‍ ചേട്ടന്‍ 10 ദിവസം നീണ്ടുനിന്ന നാമജപ സത്യഗ്രഹത്തിന് തുടക്കമിട്ടു. ഓരോ ദിവസവും സത്യഗ്രഹികളെ സംഘടിപ്പിച്ച് പങ്കെടുപ്പിക്കുന്ന ജോലി, അന്ന് ഖണ്ഡ് കാര്യവാഹ് ആയിരുന്ന എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സമിതി സംഘടനാ കാര്യദര്‍ശി പി.രാമചന്ദ്രന്റെ സാന്നിധ്യം എല്ലാദിവസവും ഉണ്ടായിരുന്നു. ആയിരത്തിലധികം ഭക്തജനങ്ങള്‍ നാമജപത്തില്‍ പങ്കെടുത്തു. സമരത്തിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കോരിച്ചൊരിയുന്ന മഴയത്ത് 12 കിലോമീറ്റര്‍ നടന്ന് സഹോദരിമാര്‍ അടക്കം രണ്ടായിരത്തിലധികം ഭക്തജനങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഭക്തജനങ്ങള്‍ നടത്തിയ സാമൂഹ്യ യജ്ഞത്തിന് ഫലംകണ്ടു. വിഗ്രഹമോഷണം തെളിഞ്ഞു. വിഗ്രഹം തിരികെ കിട്ടി. ഈ സമരങ്ങളിലെല്ലാം ഗോപാലകൃഷ്ണന്‍ ചേട്ടന്റെ ഇച്ഛാശക്തിയും നേതൃപാടവവും ചിട്ടയായ പ്രവര്‍ത്തനവും തെളിഞ്ഞുകാണാം.കൊറോണ കാലത്ത് സമിതി നടപ്പാക്കിയ ക്ഷേത്ര ഭദ്രത പദ്ധതി പ്രകാരം ‘ദേവന് ഒരു കിഴി സമര്‍പ്പണം’ എന്ന പ്രവര്‍ത്തനത്തെ കുറിച്ച്, സുഖമില്ലാതെ കിടന്ന അവസരത്തിലും അന്വേഷിക്കുമായിരുന്നു എന്ന് മക്കള്‍ പറഞ്ഞു. ഈ അവസരത്തിലും 3000 രൂപ പ്രകാരം അദ്ദേഹം ഫോണിലൂടെ 12 പേരില്‍നിന്ന് തുക സംഘടിപ്പിച്ചു നല്‍കി.
വൈക്കം ടി.വി.പുരം പുറപ്പള്ളില്‍ കുടുംബാംഗം പി.ഇന്ദിരാദേവി ആണ് ഭാര്യ. മക്കള്‍ ജി.വിനോദ് കുമാര്‍ (സ്പന്ദനം കംപ്യൂട്ടേഴ്‌സ് ഏറ്റുമാനൂര്‍), ബിന്ദു.ജി.നായര്‍. മരുമക്കള്‍: എ.എസ് അനില്‍കുമാര്‍ (പ്രിന്‍സിപ്പല്‍ രഹേജ കോളേജ് മുംബൈ), ദിവ്യ കൃഷ്ണ (അധ്യാപിക എസ്.എഫ്.എസ്. ഹൈസ്‌കൂള്‍ ഏറ്റുമാനൂര്‍.)
(കേരള ക്ഷേത്രസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments