ചൈന ലോകത്തിനു നല്‍കിയ വിനാശത്തിന്റെ മഹാമാരിയാണ് കൊറോണ വൈറസ്. വുഹാനില്‍ നിന്ന് കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് പല പല കഥകളും പ്രചരിച്ചിരുന്നു. കൊറോണയ്ക്ക് എതിരെ ലോകത്തെ ആദ്യം ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട ചൈനീസ് ശാസ്ത്രജ്ഞന്‍ മരിച്ചതിന്റെ കാരണം എന്തെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. ചൈനയില്‍ ഇതേക്കുറിച്ച് പഠനവും പരിശോധനയും നടത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമം പരാജയപ്പെട്ടു. ഇതിനിടെയാണ് ഭാരതം ലോകത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. കൊറോണയ്ക്ക് പ്രതിരോധ വാക്‌സിനുമായി ഇന്ന് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ ഭാരതം കയറ്റി അയച്ചുകഴിഞ്ഞു.
ഭൂട്ടാനിലേക്കാണ് ആദ്യം പ്രതിരോധ വാക്‌സിന്‍ കയറ്റി അയച്ചത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ആദ്യഘട്ടത്തില്‍ തന്നെ വാക്‌സിന്‍ അയക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതെക്കുറിച്ച്, ”വാക്‌സിന്‍ മൈത്രി” എന്നാണ് ട്വീറ്റ് ചെയ്തത്. ആഗോളസമൂഹത്തിന്റെ ആരോഗ്യരക്ഷയ്ക്കുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഭാരതത്തിന് ഏറെ അഭിമാനമുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ അയച്ചുതുടങ്ങിക്കഴിഞ്ഞു. ആദ്യം ദക്ഷിണേഷ്യന്‍-ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഈ മേഖലയില്‍ പാകിസ്ഥാന്‍ ഒഴികെ ബാക്കി എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്. പാകിസ്ഥാന്‍ ഇതുവരെ ഔദ്യോഗികമായി വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടില്ല. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഭാരത് ബയോടെക്കില്‍ നിന്നും ആണ് വാക്‌സിന്‍ ഉല്പാദിപ്പിക്കുന്നത്.
ഇന്ന് പുരോഗതിയുടെ നെറുകയില്‍ നില്‍ക്കുന്ന പല വിദേശരാജ്യങ്ങളും ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഇന്ത്യയെ ലോകത്തിന്റെ ഫാര്‍മസി എന്നാണ് വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പറയുകയും ചെയ്തു. ഇത് അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ വാര്‍ത്തയായി. തദ്ദേശീയമായി ഭാരതം വികസിപ്പിച്ച വാക്‌സിനാണ് ഇന്ന് ലോകരാജ്യങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ലാറ്റിനമേരിക്ക, ആഫ്രിക്ക, മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ എന്നീ രാജ്യങ്ങളും ഭാരത ത്തോട് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തിരമായി വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുള്ള രണ്ട് രാജ്യങ്ങള്‍ ബ്രസീലും ദക്ഷിണാഫ്രിക്കയുമാണ്. വാക്‌സിന്‍ നല്‍കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിച്ച സാഹചര്യത്തില്‍ തങ്ങള്‍ പ്രത്യേക വിമാനം അയച്ച് വാക്‌സിന്‍ സമാഹരിച്ച് കൊണ്ടുപോകും എന്നാണ് ബ്രസീലിലെ ആരോഗ്യമന്ത്രി എഡ്വേഡോ പസ്യൂലോ പറഞ്ഞത്. ബ്രസീലിന് 20 ലക്ഷം യൂണിറ്റ് വാക്‌സിന്‍ നല്‍കാമെന്നാണ് പ്രധാനമന്ത്രി സമ്മതിച്ചിട്ടുള്ളതെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല പറഞ്ഞു. ഒരു മിനിറ്റില്‍ 5000 ഡോസ് വാക്‌സിനാണ് ഇപ്പോള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിക്കുന്നത്.
ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്ന ഭാരതം ആഗോളതലത്തില്‍ എല്ലാവരുടെയും അഭയകേന്ദ്രമായി മാറുകയാണ്. ഒരുവര്‍ഷം മുന്‍പ് കൊറോണ രോഗബാധ ഉണ്ടായപ്പോള്‍ ഭാരതത്തില്‍ വളരെ പരിമിതമായ തോതില്‍ മാത്രമേ പിപിഇ കിറ്റ് നിര്‍മ്മിച്ചിരുന്നുള്ളൂ. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും ഏറ്റവും കൂടുതല്‍ പിപിഇ കിറ്റ് കയറ്റുമതി ചെയ്യുന്ന രാജ്യമായി ഭാരതം മാറിയിരിക്കുന്നു. കൊറോണയുടെ പ്രതിരോധത്തിനായി, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ആരോഗ്യ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നടപടികളെ പരിഹസിക്കാനും ഇകഴ്ത്താനും അതിന് എതിരെ പ്രചാരണം നടത്താനുമാണ് ഇവിടെ ഒരുവിഭാഗം തയ്യാറായത്. ഗുരുതരമായ രോഗബാധ ഉണ്ടാകുമ്പോള്‍ രാഷ്ട്രത്തിനൊപ്പം നില്‍ക്കേണ്ട ഉന്നത രാഷ്ട്രീയ നേതാക്കളും പ്രതിപക്ഷ കക്ഷികളില്‍ ചിലരും ഇത്തരത്തില്‍ അഭിശപ്തമായ നിലപാടാണ് സ്വീകരിച്ചത്. പാത്രം കൊട്ടിയും പിഞ്ഞാണം കൊട്ടിയും വിളക്ക് കത്തിച്ചും കൊറോണയെ പ്രതിരോധിക്കാന്‍ ആകില്ലെന്ന് അവര്‍ പരിഹസിച്ചു. പാത്രം കൊട്ടിയും വിളക്ക് കത്തിച്ചും അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പ്രതിരോധവാക്‌സിനും മരുന്നും ഒക്കെ കണ്ടെത്താനുള്ള ഗവേഷണവും ശ്രമവും സമാന്തരമായി നടക്കുകയായിരുന്നു. ഒരു രാജര്‍ഷിയെ പോലെ ഇതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അശ്രാന്ത പരിശ്രമം എത്രപേര്‍ തിരിച്ചറിഞ്ഞു.
ഇവിടെയാണ് ഭാരതത്തിലെ മാധ്യമങ്ങളെ കുറിച്ച് പറയേണ്ടത്. എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേട്ടയാടാനും പരിഹസിക്കാനും കച്ചകെട്ടി നടന്നവര്‍ ഭാരതം നേടിയ ഈ ഐതിഹാസികമായ വിജയം കാണുന്നതിലും ജനങ്ങളെ അറിയിക്കുന്നതിലും എത്രമാത്രം വിജയിച്ചു? ഭൂട്ടാനിലേക്ക് ഭാരതം അയച്ച വാക്‌സിന്‍ എ എന്‍-32 സൈനിക വിമാനത്തിലായിരുന്നു. പ്രധാനമന്ത്രി ഡോക്ടര്‍ ലോട്ടായ് ഷെറിംഗും ആരോഗ്യമന്ത്രി ഡിച്ചന്‍ വാങ്‌മോയും ചേര്‍ന്നാണ് വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയത്. ഭാരതത്തിന് നന്ദി പറഞ്ഞുകൊണ്ട് ഓരോ വിദേശരാജ്യവും അന്താരാഷ്ട്രതലത്തില്‍ തന്നെ ഭാരതത്തിന്റെ നേട്ടം ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ ഇതിനെ കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ്. കാരണം, ഇത് നരേന്ദ്രമോദിക്കുള്ള അംഗീകാരമാണ്, ഭാരതത്തിനുള്ള അംഗീകാരമാണ്. ഭാരതം അംഗീകരിക്കപ്പെടുന്നത് കാണാനോ അറിയാനോ അംഗീകരിക്കാനോ ഉള്ള ഒരു മനസ്സ് ഇനിയും ഇവിടുത്തെ ഒരുപറ്റം മാധ്യമങ്ങള്‍ക്ക് ഇല്ല. അതിന്റെ കാരണവും വളരെ വ്യക്തമാണ്. ഭാരതത്തിലെ ഒരുപറ്റം പത്രപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും മനസ്സും മസ്തിഷ്‌ക്കവും ഭാരത വിരുദ്ധതയാല്‍ മരവിച്ചുപോയിരിക്കുന്നു. അവരുടെ മനസ്സില്‍ നിന്നും അവരുടെ തൂലികത്തുമ്പില്‍ നിന്നും ഭാരത വിരുദ്ധത മാത്രമേ പുറത്ത് വരികയുള്ളൂ.
ഇവിടെയാണ് ലോകാരോഗ്യ സംഘടന ഭാരതത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച് എഴുതിയതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. പ്രതിരോധ വാക്‌സിന് എതിരെ ഭാരത ത്തില്‍ മാത്രമല്ല, ലോകത്തെമ്പാടും ചില പ്രത്യേക മതക്കാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. പോളിയോ വാക്‌സിന്‍ എടുക്കാതെ സ്വന്തം കുഞ്ഞ് കൈയും കാലും തളര്‍ന്ന് വികലാംഗനായി നടന്നാലും വാക്‌സിന്‍ ഹറാമാണ് എന്നു കരുതി, മതവിരുദ്ധമാണെന്ന് പറഞ്ഞ് നടക്കുന്ന ഒരുപറ്റം മൂഢന്മാര്‍ ലോകത്തെമ്പാടും ഉണ്ട്. ഇവര്‍ക്കെതിരെയാണ് ഐക്യരാഷ്ട്ര സംഘടനയും ബ്രിട്ടീഷ് ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ പരസ്യമായി രംഗത്തുവന്നത്. രോഗത്തിനുള്ള മരുന്നിന് മതവുമായി ബന്ധമില്ലെന്ന് ഇവര്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഒരുപറ്റം നിരപരാധികളെങ്കിലും ഈയാംപാറ്റകളെ പോലെ കൊഴിഞ്ഞുവീഴും എന്ന കാര്യത്തില്‍ സംശയമില്ല. വാക്‌സിന്‍ എടുക്കുന്നത് പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ധര്‍മ്മം പോലും ഒരുപറ്റം വാര്‍ത്താമാധ്യമങ്ങള്‍ കാട്ടുന്നില്ല. ജീവന്‍ വിലപ്പെട്ടതാണെന്നും ജീവിതം രോഗം വന്നാല്‍ ഇല്ലാതാകുമെന്നും പഠിപ്പിക്കാനുള്ള ബാധ്യത, അവബോധമുണ്ടാക്കാനുള്ള ധാര്‍മ്മികത മാധ്യമങ്ങള്‍ക്ക് ഉണ്ടാകേണ്ടേ?
കൊറോണയെ അതിജീവിക്കാനും അതിനാവശ്യമായ മരുന്നും സാമഗ്രികളും ഉണ്ടാക്കാനുമുള്ള ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധവാക്‌സിന്‍ നിര്‍മ്മിക്കാനും ലോകം മുഴുവന്‍ എത്തിക്കാനുമുള്ള ശ്രമങ്ങള്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ ഭാരതത്തെ അഭിനന്ദിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന നിമിഷങ്ങള്‍ എന്നിവയൊക്കെ ഭാരതീയര്‍ക്ക് അഭിമാനോജ്ജ്വലമായ അവസരങ്ങളല്ലേ? ഇവയൊക്കെ ഭാരതത്തിലുള്ളവരെ മുഴുവന്‍ അറിയിക്കാനും നമ്മള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു എന്ന കാര്യത്തില്‍ അഭിമാനിക്കാനുമുള്ള അവസരം സൃഷ്ടിക്കപ്പെടേണ്ടതല്ലേ?
മാധ്യമങ്ങളില്‍ ഒരു വിഭാഗമെങ്കിലും നരേന്ദ്രമോദിക്കും ബിജെ പിക്കും എതിരാണ്. ഭാരതത്തിനും ഭാരതീയതയ്ക്കും എതിരാണ്. ഭാരതം ചിഹ്നഭിന്നമാകണമെന്ന് ആഗ്രഹിക്കുന്ന ‘തുക്കടേ തുക്കടേ ഹിന്ദുസ്ഥാന്‍’ ഗ്രൂപ്പിലെ കുറച്ചു പേരെങ്കിലും മാധ്യമപ്രവര്‍ത്തനരംഗത്തും സജീവമാണ്. റോബര്‍ട്ട് വാദ്രയും കുടുംബക്കാരും കോണ്‍ഗ്രസ്സും നേതാക്കളും നടത്തിയ കോടികളുടെ അഴിമതിയും തീവെട്ടിക്കൊള്ളയും ജനങ്ങളില്‍ നിന്നു മറച്ചുവെച്ചതിലും ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കെങ്കിലും പങ്കില്ലേ? അവരൊക്കെ തന്നെയല്ലേ ഇന്ന് മോദി വിരുദ്ധതയുടെ വക്താക്കളായി മാധ്യമങ്ങളെ നയിക്കുന്നത്? മോദിയുടെ പക്ഷം പിടിക്കാനോ മറ്റാരുടെയെങ്കിലും എതിര്‍പക്ഷം പിടിക്കാനോ പറയുന്നില്ല. സത്യത്തിനൊപ്പം നേര്‍പക്ഷം പിടിക്കാന്‍ ഈ മാധ്യമങ്ങള്‍ക്ക് ബാധ്യതയില്ലേ, കഴിയണ്ടേ?
ഓരോ നിമിഷവും മറ്റു നാടുകളുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്നവര്‍, ചെഗുവേരയെ ഇതിഹാസ നായകനാക്കുന്നവര്‍, ശിവജിയുടെയും നേതാജിയുടെയും ഒക്കെ അടക്കം ധീരദേശാഭിമാനികളുടെ ബലിദാനം കാണുന്നില്ല. ഭാരതത്തിന്റെ നേട്ടങ്ങളെ കാണുന്നത് മറയ്ക്കുന്ന എന്തോ ഒന്ന് ഇവരില്‍ പലരെയും ഗ്രസിച്ചിരിക്കുന്നു. നിങ്ങള്‍ കണ്ടാലും ഇല്ലെങ്കിലും നരേന്ദ്രമോദി എന്ന വീരപുരുഷനൊപ്പം ഈ നാടിനെ മഹത്വത്തിലേക്ക് നയിക്കാന്‍, ഉന്നതിയിലേക്ക് എത്തിക്കാന്‍ സ്വന്തം ജീവിതം പോലും അടിയറ വെയ്ക്കാന്‍ തയ്യാറായ, അതിനുവേണ്ടി തന്റെ ശരീരം വീണു പൊയ്‌ക്കോട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന കോടിക്കണക്കിന് യുവാക്കള്‍ ഇതിനുവേണ്ടി കര്‍മ്മനിരതരായുണ്ട്. അതുകൊണ്ട് ആ ലക്ഷ്യം സാക്ഷാത്കരിക്കുക തന്നെ ചെയ്യും. മാറി നില്‍ക്കുന്നവര്‍ അതിലുണ്ടാവില്ല. അത്രമാത്രം.