സമര്‍പ്പണബുദ്ധിയോടെയുള്ള രാഷ്ട്രസേവനമെന്ന
സംഘാദര്‍ശത്തെ സ്വയംസേവകത്വമെന്ന സ്വഭാവഗുണമാക്കി
ജീവിതത്തില്‍ പകര്‍ത്തിയവരാണ് രാഷ്ട്രീയസ്വയംസേവകസംഘത്തിന്റ
വളര്‍ച്ചയുടെ ആണിക്കല്ലുകള്‍. ‘സംഘം ശരണം ഗച്ഛാമി’ എന്നത്
ജീവിതവ്രതമാക്കിയവരില്‍ ചില ദീപസ്തംഭങ്ങളെ വായനക്കാര്‍ക്ക്
പരിചയപ്പെടുത്തുകയാണ് ‘സംഘപഥത്തിലെ സഞ്ചാരികള്‍’
എന്ന ഈ പംക്തിയിലൂടെ -പത്രാധിപര്‍
ദുരുപദിഷ്ടമല്ലാത്ത ഒരു താരതമ്യം ചെയ്തുകൊണ്ടാരംഭിക്കാം. സ്വാതന്ത്ര്യത്തിനുശേഷം നാളിതുവരെ ഭാരതത്തില്‍ ഏതു ദേശീയ നേതാവിന്റെ ചിത്രമാണ് ഏറ്റവും കൂടുതല്‍ ചിത്രം അച്ചടിക്കപ്പെട്ടതെന്ന് ചിന്തിച്ചുനോക്കാം. കറന്‍സി നോട്ടുകളുള്‍പ്പെടെ മഹാത്മാഗാന്ധിയും വിവേകാനന്ദ സ്വാമികളും ഡോക്ടര്‍ കേശവബലിറാം ഹെഡ്‌ഗേവാറുമായിരിക്കും ഫൈനല്‍ റൗണ്ടില്‍ ഉണ്ടാവുക എന്ന കാര്യം ഉറപ്പാണ്. 1989 ല്‍ ഡോക്ടര്‍ജി ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ മാത്രം ലക്ഷക്കണക്കിന് ചിത്രം അച്ചടിച്ച് നാം വീടുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ ചിത്രം സര്‍ക്കാര്‍ ഓഫീസുകളിലാണ് ഏറ്റവും കൂടുതല്‍ കാണുക. ഡോക്ടര്‍ജിയുടെ ചിത്രം വീടുകളിലും. ഭാരതത്തിന്റെ മുക്കിലും മൂലയിലുമുള്ള വീടുകളില്‍ പൂജാമുറിയിലോ സ്വീകരണമുറിയിലോ ഇതൊന്നുമല്ല വീട്ടിലൊരാള്‍ മാത്രമേ സ്വയംസേവകനായുള്ളുവെങ്കില്‍ അയാളുടെ മുറിയിലോ പുസ്തകത്താളുകള്‍ക്കിടയിലോ നമുക്കു ഡോക്ടര്‍ജിയെ കാണാം. സ്‌നേഹിക്കുന്നവരുടേയോ ആരാധിക്കുന്നവരുടേയോ, ഉള്ളാലെ അനുകരിക്കാന്‍ ശ്രമിക്കുന്നവരുടേയോ ചിത്രം കൈവശം സൂക്ഷിക്കുക എന്നത് ഭാരതത്തില്‍ സര്‍വസാധാരണമാണ്. ശ്രീ ഗുരുജിയുടെ മുറിയില്‍ സംപൂജ്യ അഖണ്ഡാനന്ദസ്വാമികളുടേയും പൂജനീയ ഡോക്ടര്‍ജിയുടെയും ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. അപ്പോള്‍ പൂജനീയ ഡോക്ടര്‍ജിയുടെ മുറിയില്‍ ആരുടെ ചിത്രമായിരിക്കും…? മൂന്നു ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ബൈഠക് മുറിയില്‍ ഉണ്ടായിരുന്നത്. ഒന്ന്, ലോകമാന്യതിലകന്‍; രണ്ട്, സ്വാമി ശ്രദ്ധാനന്ദന്‍ – രണ്ടുപേരും ദേശീയ നേതാക്കള്‍. എന്നാല്‍ ഡോക്ടര്‍ജിയുടെ മുറിയില്‍ ഇടം പിടിക്കാന്‍ സൗഭാഗ്യം കിട്ടിയ ആ മൂന്നാമന്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഭാവുജി കാവ്‌റെ ആണ്. വിവേകാനന്ദ സ്വാമികളുടെ വാക്കുകള്‍ കടമെടുത്താല്‍, അദ്ദേഹത്തിന്റെ അദ്ധ്യാത്മമിത്രവും ആത്മീയസഹോദരനുമായിരുന്നു ഭാവുജി കാവ്‌റെ.
ഡോക്ടര്‍ജിയെക്കാള്‍ രണ്ടു വയസ്സിനു മുതിര്‍ന്ന അദ്ദേഹം 1887 ലാണ് ജനിച്ചത്. രണ്ടുപേരും വിപ്ലവപ്രസ്ഥാനങ്ങളിലൂടെയാണ് പരിചയിക്കുന്നതും പ്രവര്‍ത്തിച്ചു തുടങ്ങുന്നതും. 1908 മുതല്‍ മധ്യഭാരതത്തിലെ വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തിയ വ്യക്തിയായിരുന്നു ഭാവുജി കാവ്‌റേ. പിന്നീട് ഡോക്ടര്‍ജി വിപ്ലവപ്രസ്ഥാനങ്ങളുടെ നെടുംതൂണായി വളര്‍ന്നപ്പോള്‍ നരനാരായണന്മാരായി രണ്ടാളും പ്രവര്‍ത്തിച്ചു. ഡോക്ടര്‍ജിയുടെ ആശയങ്ങളും ഭാവുജി കാവ്‌റേയുടെ നിര്‍വഹണവും. ശരീരഘടനയിലും ചുറുചുറുക്കിലും കായികാദ്ധ്വാനത്തിലും രണ്ടുപേരും ഒപ്പത്തിനൊപ്പമായിരുന്നു. എങ്കിലും ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ ശൈലിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഭാവുജിയായിരുന്നു മിടുക്കനെന്ന് ഡോക്ടര്‍ജിയുടെ ജീവചരിത്രകാരന്‍ പറയുന്നു.
1916 മുതല്‍ ഡോക്ടര്‍ജി കൂടുതല്‍ ചുമതലകളിലേക്കു വന്നു. ഡോക്ടര്‍ജിയും കാവ്‌റേയുമായുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെട്ടു. പിന്നീട് രണ്ടു മെയ്യും ഒരു മനസ്സുമായി പ്രവര്‍ത്തനം തുടര്‍ന്നു. ഭാവുജിയുടെ ചുറുചുറുക്കും ഡോക്ടര്‍ജിയുടെ ചിട്ടവട്ടങ്ങളും വ്യവസ്ഥയും കൂടിച്ചേര്‍ന്നപ്പോള്‍ മധ്യപ്രവിശ്യയിലെ വിപ്ലവപ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നും ഘടകങ്ങളാണ് അത്യാവശ്യമായിരുന്നത്. വിപ്ലവകാരി, ആയുധങ്ങള്‍, പണം എന്നിവയായിരുന്നു അവ. ഇവ മൂന്നും സ്വരുക്കൂട്ടുന്നതില്‍ രണ്ടുപേരും ശ്രദ്ധ കേന്ദ്രീകരിച്ചു. ഡോക്ടര്‍ജി വിപ്ലവകാരികളെ കണ്ടെത്തി സംയോജിപ്പിച്ചപ്പോള്‍ ഭാവുജി കാവ്‌റെ മറ്റു രണ്ടും സംഘടിപ്പിച്ചു. രണ്ടു പേരും ചേര്‍ന്ന് മധ്യപ്രവിശ്യയുടെ വിവിധയിടങ്ങളില്‍ യാത്രചെയ്ത് ആവശ്യത്തിനു പണവും ആയുധങ്ങളും സംഭരിച്ചിരുന്നു. ഈ ആയുധങ്ങളില്‍ ഭൂരിഭാഗവും ഭാവുജി കാവ്‌റേയുടെ സംരക്ഷണത്തില്‍ തന്നെ ആയിരുന്നു.
രക്തരൂഷിതമായ ഒരു സായുധവിപ്ലവമായിരുന്നു ഭാവുജി കാവ്‌റേയുടെ സ്വപ്‌നം. അന്നത്തെ മിക്കവാറും എല്ലാ വിപ്ലവകാരികളുടെയും സ്വപ്‌നം സ്വാതന്ത്ര്യമായിരുന്നു. സാമൂഹ്യശാസ്ത്രത്തില്‍ പറയുന്ന സാമ്പത്തിക വിപ്ലവമായിരുന്നില്ല ഭാരതത്തിലെ വിപ്ലവകാരികളുടെ ലക്ഷ്യം. ഭാരതത്തിലെ വിപ്ലവം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതായിരുന്നു. രക്തരൂഷിതമായ വിപ്ലവവും സ്വാതന്ത്ര്യത്തിനു വേണ്ടി വിപ്ലവം നടത്തി രക്തസാക്ഷിയാവാനുള്ള അഭിലാഷവും രണ്ടും രണ്ടായിരുന്നു. അതിനാല്‍ ഭാരതത്തില്‍ വിപ്ലവകാരികള്‍ രണ്ടു ശ്രേണികളില്‍പ്പെടുന്നവരാണ്. ഒരു കൂട്ടര്‍ രക്തരൂഷിത വിപ്ലവത്തെ സ്വപ്‌നം കണ്ടിരുന്നവരും, മറ്റൊരു കൂട്ടര്‍ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം സ്വപ്‌നം കണ്ടിരുന്നവരുമാണ്. രണ്ടാമത്തെ കൂട്ടരാണ് ഭൂരിഭാഗം വിപ്ലവകാരികളും. അതുകൊണ്ടുതന്നെ അവരില്‍ പലരും സ്വാതന്ത്ര്യലബ്ധിക്കു വേണ്ടി വിപ്ലവശൈലികളില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. ഡോക്ടര്‍ജിയും മഹര്‍ഷി അരവിന്ദനെന്ന അരവിന്ദഘോഷും രണ്ടാമത്തെ ശ്രേണിയില്‍ പെടുന്നവരാണ്. ഭാവുജി കാവ്‌റെയാകട്ടെ, ഒന്നാമത്തെ ശ്രേണിയിലും. എങ്കിലും ഇവര്‍ തമ്മിലുള്ള ബന്ധവും സൗഹൃദവും അത്യഗാധമായിരുന്നതെങ്ങനെയെന്നതാണ് അത്ഭുതം.
ഭാവുജി കാവ്‌റേ സായുധവിപ്ലവത്തിനു മാത്രം കാത്തു കഴിയുന്ന വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ മറ്റു മാര്‍ഗ്ഗങ്ങള്‍ (താത്കാലികമോ – സ്ഥിരമോ ആവട്ടെ) അവംലംബിക്കുന്നത് അദ്ദേഹത്തിനിഷ്ടമല്ലായിരുന്നു. പലപ്പോഴും താത്കാലിക മാര്‍ഗങ്ങളെയും അതിനായി പ്രവര്‍ത്തിക്കുന്ന സുഹൃത്തുകളേയും അദ്ദേഹം കളിയാക്കാറുണ്ടായിരുന്നു. അതിനൊരപവാദം ഡോക്ടര്‍ജി മാത്രമാണ്. ഡോക്ടര്‍ജി സ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ തയ്യാറായിരുന്നു. പ്രാഥമികമായി വിപ്ലവകാരിയായിരുന്നെങ്കിലും ആത്യന്തികമായി സ്വാതന്ത്ര്യദാഹിയായിരുന്നു ഡോക്ടര്‍ജി. ഭാവുജിയാവട്ടെ അടിമുടി വിപ്ലവകാരിയും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനം 1920 ല്‍ നാഗ്പൂരില്‍ നടക്കുമ്പോള്‍ വിപ്ലവകാരിയായ ഡോക്ടര്‍ജി അതില്‍ പങ്കെടുത്തു. എന്നാല്‍ സഹപ്രവര്‍ത്തകനായ ഭാവുജി അതില്‍ നിന്നും വിട്ടുനിന്നു. ഈ ശൈലി അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കാണാം. ഡോക്ടര്‍ജി അന്നു ചെയ്തിരുന്ന എല്ലാ വിപ്ലവേതര പ്രവര്‍ത്തനങ്ങളെയും ഭാവുജി പിന്തുണച്ചിരുന്നു. ഇത് സംഘസംസ്ഥാപനത്തിനു ശേഷം തുടരുകയും ചെയ്തു. അതായത് ഭാവുജിയുടെ അടിസ്ഥാനപരവും കര്‍ശനവുമായ ജീവിതതത്വത്തെ പോലും മാറ്റിമറിക്കാനുള്ള ശക്തി അവര്‍ തമ്മിലുള്ള ബന്ധത്തിനുണ്ടായിരുന്നു.
ഭാവുജി പത്താം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂ. അതിനുശേഷം സ്വന്തമായി ചില നാട്ടുവൈദ്യ ഗ്രന്ഥങ്ങള്‍ പഠിച്ച് പരമ്പരാഗതമായി ചികിത്സ നടത്തുകയായിരുന്നു. അതായിരുന്നു ഉപജീവനമാര്‍ഗ്ഗം. അതിനിടെയാണ് വിപ്ലവപ്രവര്‍ത്തനങ്ങളില്‍ എത്തിച്ചേര്‍ന്നത്. യൗവ്വനാവസ്ഥയില്‍ തന്നെ വിവാഹം കഴിച്ചെങ്കിലും, അധികം വൈകാതെ പത്‌നി മരണപ്പെട്ടു. അതിനുശേഷം പൂര്‍ണ്ണമായും വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പൂര്‍ണ്ണമായും സാഹസികവും അസാധ്യവുമായ പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്തു ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ആരും കൊതിച്ചുപോകുന്ന സാഹസ സ്വീകരണശീലവും അതിനുപയുക്തമായ ധീരതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. വിപ്ലവ പ്രസ്ഥാനങ്ങളിലെ പരിശീലന ക്യാമ്പുകളില്‍ സാഹസ ഉദ്യമങ്ങളുടെ മൊത്തം ഉടമസ്ഥന്‍ ഭാവുജി ആയിരുന്നു. വിപ്ലവകാരികളെ പരിശീലിപ്പിച്ചു കഴിഞ്ഞാല്‍ അവര്‍ക്കായി പരീക്ഷ നടത്താറുണ്ട്. ഈ പരീക്ഷ നടത്തുന്നതിനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. മൂന്നോ നാലോ പേരുള്ള ഗണങ്ങളായി തിരിച്ച് അവരെക്കൊണ്ട് സാഹസകൃത്യങ്ങള്‍ ചെയ്യിപ്പിച്ച് പരീക്ഷിക്കുന്നതാണ് രീതി. യാതൊരു മുന്നറിയിപ്പും നല്‍കാതെ വിളിച്ചു കൊണ്ടുപോയി ആഴമുള്ള കിണറ്റില്‍ ചാടിക്കുക എന്നതൊക്കെയായിരുന്നു പരീക്ഷകള്‍. ആശ്ചര്യമെന്തെന്നാല്‍, പരീക്ഷാര്‍ത്ഥികളായ വിപ്ലവകാരികളോടൊപ്പം ആവേശം മൂത്ത് പരീക്ഷകനും ചാടുകയാണ് പതിവ്. ഇതായിരുന്നു ഭാവുജിയുടെ കാര്യശൈലി.
വിപ്ലവകാരികള്‍ക്കുള്ള വ്യായാമശാലകളുടെ നടത്തിപ്പിന്റെ ചുമതലയും ഭാവുജി കാവ്‌റേക്കായിരുന്നു. വിപ്ലവകാരികളെ ‘റിക്രൂട്ട്’ചെയ്യുന്നതിനുള്ള കേന്ദ്രങ്ങളായിരുന്നു ഇത്തരം വ്യായാമശാലകള്‍. അവിടെ ശാരീരിക പരിശീലനത്തിനെത്തുന്ന യുവാക്കളില്‍ നിന്നും അനുയോജ്യരായവരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കുകയാണ് പതിവ്. അണ്ണാജി ഖോത് എന്ന വ്യക്തിയുടെ “നാഗ്പൂര്‍ വ്യായാമശാല” എന്ന പേരിലുള്ള കളരിയായിരുന്നു ഇതിനായി ഉപയോഗിച്ചത്. ഇതുപോലെ തന്നെ വര്‍ധയിലും നാഗ്പൂരിലും ഇവര്‍ക്കായി വായനശാലകളും ഉണ്ടായിരുന്നു. ഇവയുടെ ചുമതലയും ഭാവുജി നിര്‍വഹിച്ചു. വീടുകളില്‍ വിവാഹവേളകളും മറ്റു വിശേഷച്ചടങ്ങുകളും നടക്കുന്നതിനിടയിലായിരുന്നു വിപ്ലവകാരികള്‍ യോഗം ചേരാറുണ്ടായിരുന്നത്. “നരേന്ദ്രമണ്ഡലങ്ങള്‍” എന്നു വിളിച്ചിരുന്ന ഇവയുടെ നടത്തിപ്പിലും ഭാവുജിയും ഡോക്ടര്‍ജിയുമാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. 1924 ല്‍ നാഗ്പൂരില്‍ ഹിന്ദുക്കളുടെ നേരെ മുസ്ലീങ്ങളുടെ ആക്രമണമുണ്ടായപ്പോള്‍ അതിനെ ശക്തമായി ചെറുത്തു നില്‍ക്കുന്നതിനു നേതൃത്വം നല്‍കിയവരെ ‘സപ്തര്‍ഷി ഭീമന്മാര്‍’ എന്നാണ് വിളിച്ചിരുന്നത്. ഡോക്ടര്‍ജി, ഗോവിന്ദറാവു ചോള്‍ക്കര്‍, രാമചന്ദ്ര കോഷ്ഠി, അണ്ണാ സോഹ്നി, ബാലാജി സഖ്‌ദേവ്, കൃഷ്ണാജി ജോഷി എന്നിവരോടൊപ്പം സപ്തര്‍ഷികളില്‍ ഏഴാമന്‍ ഭാവുജി കാവ്‌റെ ആയിരുന്നു. ഇവര്‍ നാഗ്പൂരില്‍ യുവാക്കളെ സംഘടിപ്പിച്ചും, ലാത്തികളേന്തി പരസ്യമായി മുസ്ലിംതെരുവുകളില്‍ കടന്നു ചെന്നും, ആക്രമണത്തെ ചെറുക്കുകയും ഹിന്ദുക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
വിപ്ലവപ്രവര്‍ത്തനങ്ങളുടെ ചൂടുപിടിച്ച അന്തരീക്ഷത്തില്‍ നിന്ന് ഡോക്ടര്‍ജി സംഘപ്രവര്‍ത്തനത്തിന്റെ ഊഷ്മളമായ അന്തരീക്ഷത്തിലെത്തുന്നതിനിടയില്‍ ഒരു കാലവിടവുണ്ടായിരുന്നു. ഈ വിടവിനിടയില്‍ ഡോക്ടര്‍ജിയുടെ കാഴ്ചപ്പാടും കാര്യശൈലിയും പരിപൂര്‍ണ്ണതയിലെത്തി. യുവാക്കളില്‍ മൊട്ടിട്ടു വിടരുന്ന സ്വാതന്ത്ര്യമോഹത്തെയും ആളിക്കത്തുന്ന ദേശഭക്തിയെയും കാലപ്രവാഹത്തില്‍ കെട്ടുപോകാതെ കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. അതിനനുസരിച്ച് ഡോക്ടര്‍ജി മാറി. സ്വാഭാവികമായും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരിലും ആ മാറ്റം ഉണ്ടായി. സ്വാതന്ത്ര്യത്തിനായി സകല വഴികളും അദ്ദേഹം താണ്ടി, സര്‍വ വാതിലുകളിലും അദ്ദേഹം മുട്ടി. സ്വാതന്ത്ര്യം ലാക്കാക്കിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം ശ്ലാഘിച്ചു; പ്രോത്സാഹിപ്പിച്ചു. അനുകരണീയമല്ലാത്തവയെ പോലും ഭര്‍ത്സിക്കാതെ, സഹിഷ്ണുത പ്രകടിപ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും, ഹിന്ദുമഹാസഭയിലും, വിപ്ലവ പ്രസ്ഥാനങ്ങളിലും പോരാത്തതിന് നാഗ്പൂരിലെ കാക്കത്തൊള്ളായിരം സംരംഭങ്ങളിലും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍ജിക്കും അദ്ദേഹത്തിന്റെ സഹയോഗികള്‍ക്കും കഴിഞ്ഞു. ഈ കര്‍മ്മവീഥിയിലെ ചരിത്രപരവും ഈശ്വരദത്തവുമായ വഴിത്തിരിവായിരുന്നു 1925 ലെ വിജയദശമി ദിനത്തില്‍ ഡോക്ടര്‍ജിയുടെ വീട്ടില്‍ ചേര്‍ന്ന ബൈഠക്ക്. ഇത്തരം സമാധാനപരമായ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണസഹകരണം കാണിക്കാതിരുന്ന ഭാവുജി കാവ്‌റേ ആ ബൈഠക്കില്‍ ഉണ്ടായിരുന്നുവെന്നത് മാറ്റത്തിന് നാന്ദി കുറിച്ചു.
ഈ ബൈഠക്കിനു ശേഷം ഭാവുജിയുടെ പ്രവര്‍ത്തനശൈലിയും മാറി. അദ്ദേഹം ഡോക്ടര്‍ജിയോട് പൂര്‍ണ്ണമായും സഹകരിച്ചു. സംഘസംവ്യാപനത്തിനായി അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തു. ആദ്യത്തെ നാലഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സംഘം അത്ഭുതകരമായ വളര്‍ച്ച നേടിയ കാര്യം നമുക്കറിയാമല്ലോ. ഈ വളര്‍ച്ചയുടെ പടവുകളില്‍ സുപ്രധാന സംഭവമായിരുന്നു മോഹിതെവാഡെയിലെ സംഘസ്ഥാന്‍ സമ്പാദനം. ശാഖയില്‍ വരുന്ന സ്വയംസേവകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ വ്യായാമശാലകള്‍ തികയാതെയായി. ഈ സമയത്ത് മോഹിതെവാഡെയിലെ ഭൂതബംഗ്ലാവ് ’എല്ലാവരുടെയും ചിന്തയിലെത്തി. വിപ്ലവകാരികളുടെ വിഹാരകേന്ദ്രമായിരുന്ന ഈ പഴയ കെട്ടിടത്തിന്റെ കാര്യം ഭാവുജി കാവ്‌റെയും ഡോക്ടര്‍ജിയും കൂടിയാണ് നിര്‍ണ്ണയിച്ചത്. ഇതിന്റെ ഉടമസ്ഥയായ ശ്രീമതി,സാളുബായിയില്‍ നിന്നും ഇതിന്റെ അവകാശം ഭാവുജി കാവ്‌റെയില്‍ എത്തി. ഭാവുജി മോഹിതെവാഡെ ഭൂതബംഗ്ലാവിനെ മോഹിതെവാഡെ സംഘസ്ഥാനാക്കുക എന്ന ഡോക്ടര്‍ജിയുടെ നിര്‍ണ്ണയത്തെ സര്‍വാത്മനാ സ്വീകരിച്ചു. “സാളൂബായില്‍ നിന്നും ഭൂതങ്ങള്‍ക്കു കിട്ടിയ ഈ ബംഗ്ലാവ്, ഭൂതങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വാങ്ങിയത്. ഞാനിവിടെ ഉള്ളതിനാല്‍ ഭൂതങ്ങള്‍ക്ക് ഇനിയിവിടെ സ്ഥാനമില്ല. സംഘത്തിനിത് നമ്മുടെ സൗകര്യം പോലെ ഉപയോഗിക്കാം”
എന്നദ്ദേഹം പറഞ്ഞു. അതായത് 10-12 വര്‍ഷം കാടുപിടിച്ചുകിടന്ന ഭൂതബംഗ്ലാവ് സംഘസ്ഥാനാക്കാന്‍ ഡോക്ടര്‍ജിക്കു നല്‍കിയത് ഭാവുജി കാവ്‌റെയാണ്. അങ്ങനെ സംഘചരിത്രത്തിലെ രണ്ടു സുപ്രധാന നാഴികക്കല്ലുകളില്‍ ഡോക്ടര്‍ജിയോടൊപ്പം പേരു കൊത്തിവെക്കാന്‍ ഭാവുജി കാവ്‌റെയ്ക്കും ഭാഗ്യം സിദ്ധിച്ചു.
1916 മുതല്‍ 1919 വരെ മൂന്നു വര്‍ഷം ഡോക്ടര്‍ജി ഭാവുജി കാവ്‌റേയൊടൊപ്പം വിപ്ലവകാരികളെ സംഘടിപ്പിക്കാനായി യാത്ര ചെയ്തു. 1925 മുതല്‍ 1928 വരെ മൂന്നു വര്‍ഷം ഭാവുജി ഡോക്ടര്‍ജിയോടൊപ്പം സ്വയംസേവകരെ സംഘടിപ്പിക്കാനായി യാത്ര ചെയ്തു. അസൂയാവഹമായ സൗഹൃദത്തിന്റെയും അനുപമമായ സഹവര്‍ത്തിത്വത്തിന്റെയും മകുടോദാഹരണമാണ് ഇവര്‍ തമ്മിലുള്ള ബന്ധം. ഭാവുജിയുടെ അവസാനകാലത്ത് അദ്ദേഹം ഗ്രാമത്തിലായിരുന്നു താമസിച്ചത്. രോഗബാധിതനായിട്ടും അതു വകവെക്കാതെ നാഗ്പൂരില്‍ നിന്നും കാല്‍നടയായി അദ്ദേഹം ഗ്രാമത്തിലേക്കുപോയി. ഇത് ശരീരത്തെ തളര്‍ത്തി. രോഗം മൂര്‍ച്ഛിച്ചു. വഴിയില്‍ വെച്ച് കൈയ്യിലുണ്ടായിരുന്ന നാട്ടുമരുന്നുകള്‍ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ ഡോക്ടര്‍ജി “സേലു ഘോരാഡ്” എന്ന അദ്ദേഹത്തിന്റെ ഗ്രാമത്തിലെത്തി. മൂന്നു ദിവസം അദ്ദേഹത്തെ ശുശ്രുഷിച്ചുകൊണ്ട് കൂടെ താമസിച്ചു. 1928ല്‍ ഭാവുജി തന്റെ ആത്മമിത്രമായ ഡോക്ടര്‍ജിയുടെ മടിയില്‍ തലവെച്ചുകൊണ്ട് മരണം വരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങു നടക്കുമ്പോള്‍ ഡോക്ടര്‍ജി ഘോരാഡ് നദിയുടെ തീരത്തെ മണല്‍ത്തിട്ടയില്‍ ഇരുന്നുകൊണ്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. അവിടെ നിന്നു തിരിച്ചു വന്നതിനുശേഷം ഡോക്ടര്‍ജി ഉടനെയൊന്നും ദുഃഖത്തില്‍ നിന്നും കരകയറിയില്ല. പിന്നീടും പല അവസരങ്ങളില്‍ ഭാവുജിയുടെ ഓര്‍മ്മകളില്‍ ഡോക്ടര്‍ജി ദുഃഖിതനായി കാണപ്പെട്ടുവെന്ന് ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഒരു ശിബിരത്തില്‍, സൈനിക ശൈലിയിലുള്ള ശാരീരികപ്രകടനങ്ങളും ഡോക്ടര്‍ജിയുടെ സേനാനിരീക്ഷണവും ഉണ്ടായിരുന്നു. ഈ സമയത്ത് ഭാവുജിയുടെ ഉറ്റ അനുയായിയെ ഇക്കൂട്ടത്തില്‍ കണ്ടു. അനുയായിയെ കണ്ടപ്പോള്‍ ഡോക്ടര്‍ജിക്ക് ഭാവുജിയെ ഓര്‍മ്മവന്നു. ഒരര്‍ത്ഥത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനക്ഷമതയുടെയും പ്രവര്‍ത്തന വിജയത്തിന്റെയും പ്രദര്‍ശനമായിരുന്നു ആ ശിബിരത്തില്‍ നടന്നത്. അതിനാല്‍ അയാളെ നോക്കി “ഇതൊന്നും കാണാന്‍ നമ്മുടെ ഭാവുജി ഇന്നില്ലല്ലോ” എന്നും പറഞ്ഞ് ഡോക്ടര്‍ജി കരയാന്‍ തുടങ്ങി.
ഒരു പക്ഷെ, ചുമതലാ ദൃഷ്ടിയില്‍ ഭാവുജി കാവ്‌റേയ്ക്ക് സംഘചരിത്രത്തില്‍ ഒരു സ്ഥാനവുമുണ്ടായെന്നു വരില്ല. പക്ഷെ, സംഘസ്ഥാപകന്റെ ഹൃദയത്തിലെ സ്ഥാനവും സംഘസ്ഥാപകന്റെ മുറിയിലെ ചുമര്‍ചിത്രത്തിലെ സ്ഥാനവും സംഘചരിത്രത്തിലെ സ്ഥാനം തന്നെ. സംഘം സ്ഥാപിച്ചതിനുശേഷം വെറും മൂന്നു വര്‍ഷമാണ് അദ്ദേഹം ജീവിച്ചിരുന്നത്. ആ കാലയളവില്‍ തന്നാലാവും വിധം അദ്ദേഹം സംഘത്തിനായി പ്രവര്‍ത്തിച്ചു. കുറെശെയൊക്കെ സംഘത്തിലും പ്രവര്‍ത്തിച്ചു. എങ്ങനെയാണോ സംഘപ്രവര്‍ത്തകര്‍ക്ക് ഡോക്ടര്‍ജി, അങ്ങനെയായിരുന്നു വിപ്ലവകാരികള്‍ക്ക് ഭാവുജി.
അച്ഛനെന്നു വിളിക്കണോ അമ്മയെന്നു വിളിക്കണോ സഹോദരനെന്നു വിളിക്കണോ എന്നു തിരിച്ചറിയാനാവാത്ത വിധം എന്നെ സ്വാധീനിച്ച വ്യക്തിയാണ് ഭാവുജി കാവ്‌റെയെന്ന് അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ച ഒരു വിപ്ലവകാരി പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതുതന്നെയാണല്ലോ ഡോക്ടര്‍ജിയെ കണ്ട സ്വയംസേവകര്‍ക്കും പറയാനുള്ളത്. അതു തന്നെയാണ് അവര്‍ തമ്മിലുള്ള തരംഗമേളനത്തിന്റെ രഹസ്യവും. അതുകൊണ്ടാണ് അദ്ദേഹത്തെ വിപ്ലവകാരികളുടെ ഡോക്ടര്‍ജി എന്നു വിശേഷിപ്പിച്ചത്. 1928 ല്‍ തന്റെ 41-ാം വയസ്സില്‍ ദേശഭക്തനായ ആ സ്വയംസേവകന്‍ അന്തരിച്ചു.