ഏറ്റവും പ്രാചീനവും ഏറ്റവും പ്രധാനപ്പെട്ടതുമായ ആസനമാണ് പത്മാസനം. ധ്യാനത്തിനു പറ്റിയ ആസനമാണ് പത്മാസനം. മിക്ക ദേവന്മാരുടെയും ദേവതകളുടെയും രൂപം പത്മാസനത്തിലിരിക്കുന്ന അവസ്ഥയില്‍ കാണാം. ഭാരതീയ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ട ആസനമാണിത്. പൂജയായാലും ഭക്ഷണമായാലും മറ്റു ജോലികളായാലും ഇരിക്കുന്നത് കാലു പിണച്ചായിരിക്കും. പുരാതന ശേഷിപ്പുകളിലും പത്മാസനത്തില്‍ ഇരിക്കുന്ന ധ്യാനരൂപങ്ങള്‍ കാണാം. ഹഠയോഗ പ്രദീപികയില്‍ പത്മാസനം ബദ്ധപത്മാസനമായാണ് കൊടുത്തിരിക്കുന്നത്.
ചെയ്യുന്ന വിധം
കാല്‍ നീട്ടിയിരിക്കുക. വലതു കാല്‍ മടക്കി കാല്‍പ്പത്തി ഇടതു തുടയുടെ മേലെ അരക്കെട്ടോട് ചേര്‍ത്തു വെക്കുക. കാല്‍പ്പത്തിയുടെ അടിഭാഗം മേലോട്ട് മുഖമായിരിക്കും. ഇടതുകാല്‍ ഇതേ പോലെ വലതു തുടയിലും. കാല്‍ മുട്ടുകള്‍ നിലത്തു പതിഞ്ഞിരിക്കുന്നതാണ് ശരിയായ സ്ഥിതി.
ഇത് പത്മാസനത്തിന്റെ ആദ്യ അവസ്ഥയാണ്. കൈകള്‍ പിന്നില്‍ പിണച്ച് വലതു കൈ കൊണ്ട് വലതു കാല്‍ച്ചുണ്ടും ഇടതു കൈ കൊണ്ട് ഇടതുകാല്‍ച്ചുണ്ടും പിടിക്കുക. സാധിക്കാത്തവര്‍ ചുമല്‍ പിന്നോട്ടു വളച്ച് പിന്നിലെ ചുമല്‍ പലകകള്‍ തമ്മില്‍ മുട്ടിച്ചാല്‍ കുറച്ചു കൂടി എളുപ്പം കിട്ടും. കണ്ണുകള്‍ അടച്ചു ശാന്തമായിരിക്കുക. ശ്വാസം ദീര്‍ഘവും സാവധാനത്തിലുളളതും.
കുറച്ചു സമയം കഴിഞ്ഞ് കൈകാലുകള്‍ മാറ്റി ആവര്‍ത്തിക്കുക.
ഇതു തന്നെ ജാലന്ധര ബന്ധത്തോടെ (താടി നെഞ്ചില്‍ ചേര്‍ത്ത്) യും ചെയ്യാം.
ഗുണങ്ങള്‍
ചുമല്‍, കൈത്തണ്ട, നട്ടെല്ല് ഇവയ്ക്ക് നല്ല വലിവു ലഭിക്കും. കാലുകള്‍ മരവിക്കാതെ ഏറെ നേരം ഇരിക്കാന്‍ പറ്റുന്ന ആസനമാണ് പത്മാസനം. കുണ്ഡലിനീ പ്രബോധത്തിനും പറ്റിയ ആസനമാണിത്. മനസ്സു ശാന്തമാവും.