സ്വാമി ത്രൈലോക്യാനന്ദ
ടി.ബാലകൃഷ്ണന്‍
ത്രൈലോക്യാനന്ദ സമിതി
അഴിഞ്ഞിലം
പേജ്: 80 വില: 100 രൂപ
സ്വാമി വിവേകാനന്ദന്റെ മുഴുവന്‍ രചനകളും മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് ഏറ്റവും ഭംഗിയായി നിര്‍വ്വഹിച്ച സന്ന്യാസി ശ്രേഷ്ഠനാണ് ത്രൈലോക്യാനന്ദസ്വാമികള്‍. മലയാളഭാഷക്കും കേരളത്തിനും അഭിമാനമുണ്ടാക്കിയ ആ സന്ന്യാസിശ്രേഷ്ഠനെക്കുറിച്ച് ലഭ്യമാവുന്നത്ര വസ്തുതകള്‍ ശേഖരിച്ച് സുപ്രസിദ്ധ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും ആദ്ധ്യാത്മികാചാര്യനുമായ ടി. ബാലകൃഷ്ണന്‍ രചിച്ചതാണ് ഈ ജീവചരിത്രം.
1921ന് ജൂണ്‍ 6ന് കോട്ടയത്തെ വടവാതൂരിലാണ് എം.എന്‍. ദാമോദരപ്പണിക്കര്‍ ജനിച്ചത്. ചങ്ങനാശ്ശേരിയിലെയും തിരുവനന്തപുരത്തെയും കലാലയ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം, മയ്യഴി, കാലടി എന്നിവിടങ്ങളില്‍ ഗണിതശാസ്ത്രാദ്ധ്യാപകനായിരുന്നു. കൗമാരകാലം മുതല്‍ കാവിയുടുക്കാത്ത സന്ന്യാസിയായിക്കഴിഞ്ഞ പണിക്കര്‍ സാര്‍ 1959ല്‍ ത്രൈലോക്യാനന്ദയായി കാവിയുടുത്തു. വിവേകാനന്ദസാഹിത്യ സര്‍വ്വസ്വം ഏഴാം ഭാഗത്തിന്റെ അച്ചടി പൂര്‍ണ്ണമായി ദിവസങ്ങള്‍ക്കകം കോഴിക്കോട്ടുവെച്ച് 1963 ഡിസംബര്‍ 18ന് സമാധിയടഞ്ഞു. പൂര്‍വ്വാശ്രമത്തെക്കുറിച്ച് ഒന്നും പറയുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത ആ സന്ന്യാസിയെക്കുറിച്ച് ഇത്രമാത്രമേ ലോകരറിഞ്ഞിരുന്നുള്ളു. ഈ നഖലേഖയെ വിപുലീകരിച്ചതാണ് ഈ ഗ്രന്ഥം. അദ്ദേഹത്തിന്റെ ശിഷ്യര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അനുഭവവിവരണങ്ങള്‍, ആത്മകഥകളിലെ പ്രസ്താവനകള്‍ ഇവയെല്ലാം ശ്രമകരമായി തേടിപ്പിടിച്ചാണ് ഇങ്ങനെയൊന്നുണ്ടാക്കിയത്. 2008ല്‍ ഇതേ ഗ്രന്ഥകാരന്റെ ഉത്സാഹത്തില്‍ പ്രസിദ്ധീകരിച്ച സ്മരണികയിലെ ലേഖനങ്ങളും കവിതയും ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്.ആഗമാനന്ദ, പ്രകാശാനന്ദ, മൃഡാനന്ദ, സിദ്ധിനാഥാനന്ദ തുടങ്ങിയ സന്ന്യാസി ശ്രേഷ്ഠരെക്കുറിച്ചു കൂടുതലറിയാന്‍ ഈ കൃതി ഉപകരിക്കുന്നു.
ഉറുമ്പുപാലം
ഡോ.സംഗീത് രവീന്ദ്രന്‍
വേദ ബുക്‌സ്
ചേവായൂര്‍
പേജ്: 64 വില: 80
കവിത എഴുതുന്നതല്ല എഴുതിപ്പോകുന്നതാണ് എന്ന് സുഗതകുമാരി ടീച്ചര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഉള്ളില്‍ കവിത്വമുള്ള ഒരാള്‍ക്ക് കാണുന്നതെല്ലാം കവിതയായ് തോന്നും. അയാള്‍ക്ക് ഈ ചുറ്റുപാടുകളും പ്രകൃതിയും പ്രപഞ്ചവും തന്നെ എന്നും പുതുമയുള്ളതും അത്ഭുതവുമായിരിക്കും. അതെല്ലാം അദ്ദേഹത്തിന് അനുഭൂതി പകരും. ചങ്ങമ്പുഴയെക്കുറിച്ചും പി.കുഞ്ഞിരാമന്‍നായരെക്കുറിച്ചും നിരൂപകര്‍ പറയുന്നത് അവര്‍ അടിമുടി കവികളായിരുന്നു എന്നാണ്. ഡോ.സംഗീത് രവീന്ദ്രന്റെ ഉറുമ്പുപാലം എന്ന കവിതാസമാഹാരം ഏറെ കൗതുകത്തോടെ ഒറ്റയിരുപ്പിന് വായിച്ചുതീര്‍ത്തു. ഒരു വലിയ ആശയം രണ്ടോ മൂന്നോ വരികളിലൂടെ സുന്ദരമായി അവതരിപ്പിക്കുന്നത് പ്രതിഭയ്ക്ക് മാത്രം കഴിയുന്നതാണ്. ചരിത്രം എന്ന കവിത തൊട്ട് മരംകൊത്തിവരെ 89 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. പീലി എന്ന കവിത രണ്ടു വരിയുള്ളതാണ്. രുചി എന്ന കവിതയാകട്ടെ നാല് വാക്കിലും. ഇത്ര സംക്ഷിപ്തമായി ചുരുങ്ങിയ വാക്കുകളിലൂടെ ഒരാശയം ധ്വനിപ്പിക്കുക എന്നത് ഒരു മേഖലയിലെ നല്ല അഭ്യാസികള്‍ക്ക് മാത്രം സാധിക്കുന്നതാണ്.
ഹിന്ദു അറിഞ്ഞിരിക്കേണ്ടത്
കെ.ആര്‍.ഗോപി കവണപ്പിള്ളി
യെസ്പ്രസ് ബുക്‌സ്,
പെരുമ്പാവൂര്‍
പേജ്: 63 വില: 80 രൂപ
ഹിന്ദുധര്‍മ്മത്തെ പരിചയപ്പെടുത്താന്‍ അനേകം കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് കെ.ആര്‍.ഗോപി കവണപ്പിള്ളി രചിച്ച ‘ഹിന്ദു അറിഞ്ഞിരിക്കേണ്ടത്’ എന്ന ഈ കൃതി യെസ് പ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെറിയ ലേഖനങ്ങളിലൂടെ ഹിന്ദുക്കള്‍ അറിഞ്ഞിരിക്കേണ്ട പല പ്രധാന കാര്യങ്ങളും വിശദീകരിക്കാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. സെമറ്റിക് മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദുധര്‍മ്മത്തിനുള്ള പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ ഈ ലേഖനങ്ങള്‍ ഉപകരിക്കും. ഒപ്പം ഹിന്ദുധര്‍മ്മത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പ്രാഥമികമായ അറിവുകളെല്ലാം ഈ പുസ്തകത്തിലുണ്ട്.