ശിവന്‍ പാര്‍വതിക്കുപദേശിക്കുന്ന രീതിയിലുള്ള ഒരു യോഗ ഗ്രന്ഥമാണ് ശിവസംഹിത. ഗ്രന്ഥകര്‍ത്താവിനെയറിയില്ല. അഞ്ചദ്ധ്യായങ്ങളിലായി 600 ഓളം ശ്ലോകങ്ങളുണ്ട് ഈ ഗ്രന്ഥത്തില്‍.
ഹഠയോഗ ഗ്രന്ഥമെന്നാണ് ഇതിനെ പലരും വ്യവഹരിക്കുന്നത്. ഇതില്‍ ആസനങ്ങളും മുദ്രകളും പ്രാണായാമവുമൊക്കെ വരുന്നുണ്ട്. എന്നാല്‍ രാജയോഗത്തിനും പ്രാധാന്യം ഒട്ടും കുറവില്ല. മന്ത്ര യോഗത്തിനും ഇതില്‍ പ്രാധാന്യമുണ്ട്. ചില ബീജ മന്ത്രങ്ങള്‍ ഉപദേശിക്കുന്നുമുണ്ട്.
മറ്റു ഗ്രന്ഥങ്ങളില്‍ കാണാത്ത ഒരു സാധന ഇതില്‍ പറഞ്ഞിരിക്കുന്നത് പരിചയപ്പെടാം. പ്രതീകോപാസനം എന്നാണ് ഇതിനു പേര്.
ഗാഢാതപേ (കഠിനമായ വെയിലില്‍) സ്വപ്രതിബിംബിതേശ്വരം (തന്റെ നിഴലിനെ) നിരീക്ഷ്യ (നോക്കി) വിസ്ഫാരിത ലോചന ദ്വയം (രണ്ടു കണ്ണും കഴക്കണം) യദാ നഭ: പശ്യതി (പിന്നെ ആകാശത്തു നോക്കിയാല്‍) സ്വപ്രതീകം (തന്റെ രൂപം) നഭോങ്കണേ (ആകാശത്ത്) പശ്യതി (കാണാം). ഇങ്ങിനെ സ്വന്തം പ്രതിരൂപത്തെ ആകാശത്തു ദര്‍ശിക്കുന്ന വിദ്യ പാപക്ഷയത്തിനും പുണ്യവൃദ്ധിക്കും കാരണമാവുമെന്നും പറയുന്നുണ്ട്.
മഹാമുദ്രാ, മഹാബന്ധം, മഹാവേധം, ഖേചരി, ജാലന്ധര ബന്ധം, മൂലബന്ധം, ഉഡ്യാണ ബന്ധം, വിപരീതകരണി, വജ്രോളി, ശക്തിചാലിനി എന്നിവയാണ് പത്തു മുദ്രകള്‍. നാലാം അധ്യായത്തില്‍ ഇവയുടെ വിശദമായ പഠനമുണ്ട്.
മൂലാധാരം, സ്വാധിഷ്ഠാനം മുതലായ ആറു ചക്രങ്ങളും ഏഴാമതായി സഹസ്രാരപത്മവും അതിലൂടെയുള്ള ലയയോഗവും ഇതില്‍ പറയുന്നുണ്ട്. നാഡികളുടെയും പ്രാണന്മാരുടെയും പ്രവര്‍ത്തനവും ഇവിടെ പ്രധാനം തന്നെ.
പ്രാണായാമത്തിന്റെ പരിശീലനം വിശദമായി ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സ്വേദ: സഞ്ജായതേ ദേഹേ
യോഗിന: പ്രഥമോദ്യമേ
കുംഭകം (പ്രാണായാമം) ഫലപ്രദമാവുമ്പോള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് വിയര്‍പ്പാണ്.
അതു തുടച്ചു കളയരുത്. ശരീരത്തില്‍ തേച്ചുപിടിപ്പിക്കണം. പിന്നീട് കമ്പം (വിറയല്‍) ഉണ്ടാകും. ദാര്‍ദ്ദുരി (തവളയുടെ ചാട്ടം) മൂന്നാം ഘട്ടം. നാലാം ഘട്ടത്തില്‍ ഋഗഗനേ ചരസാധക: ‘(ആകാശസഞ്ചാരം).
പ്രാണായാമം കൊണ്ടു പല സിദ്ധികളും കൈവരുന്നതായി ഇതില്‍ പറയുന്നുണ്ട്. വാക്‌സിദ്ധി, കാമചാരിത്വം, ദൂരദൃഷ്ടി, ദൂരശ്രുതി, സൂക്ഷ്മദൃഷ്ടി, പരകായപ്രവേശം, ആകാശഗമനം മുതലയവയാണ് അത്തരം സിദ്ധികള്‍.
പ്രാണായാമത്തിന്റെ വഴക്കത്തില്‍ മൂന്നവസ്ഥകളിലൂടെ സാധകന്‍ കടന്നുപോകും. ആദ്യം ഘടാവസ്ഥയാണ്. പ്രാണന്‍, അപാനന്‍, നാദം, ബിന്ദു, ജീവാത്മാ, പരമാത്മാ ഇവയെല്ലാം ചേര്‍ന്ന് ഘടിക്കുന്ന അവസ്ഥ. പിന്നീടാണ് പരിചയാവസ്ഥ. ത്രികാല കര്‍മങ്ങളെക്കുറിച്ചുള്ള അറിവും പഞ്ചഭൂതജയവും ഈ അവസ്ഥയില്‍ സിദ്ധിക്കും. മൂന്നാമത്തേതാണ് യഥേഷ്ടം സമാധി പ്രാപ്തമാവുന്ന നിഷ്പത്തി അവസ്ഥ.
നാലാമധ്യായത്തില്‍ പത്തു മുദ്രകളെയും നാല് ആസനങ്ങളെയും അവതരിപ്പിക്കുന്നു.
മഹാമുദ്ര, മഹാബന്ധം, മഹാവേധം, ഖേചരീ, ജാലന്ധര ബന്ധം, ഉഡ്യാണ ബന്ധം, മൂലബന്ധം, വിപരീതകരണി, വജ്രോളി , ശക്തി ചാലനം എന്നിവയാണ് ദശമുദ്രകള്‍. സിദ്ധാസനം, പത്മാസനം, ഉഗ്രാസനം (പശ്ചിമോത്താനാസനം) സ്വസ്തികം എന്നീ നാല് ആസനങ്ങളേ ചര്‍ച്ചയില്‍ വരുന്നുള്ളൂ.
ഏറ്റവും നീണ്ടതും അവസാനത്തേതുമായ അഞ്ചാമധ്യായത്തില്‍ രാജയോഗമാണ് ചര്‍ച്ചാ വിഷയം. ആദ്യം യോഗ വിഘ്‌നങ്ങളെ പറഞ്ഞ ശേഷം നാലുതരം സാധകന്മാരെപ്പറ്റി പറയുന്നു. സാധാരണ ദൗര്‍ബല്യങ്ങളോടുകൂടിയ മന്ദനായ സാധകന്‍ ഒന്നാമത്തെ തരം – മൃദുസാധകന്‍. രണ്ടാമന്‍ സമബുദ്ധിയും ക്ഷമാവാനും പ്രിയഭാഷിയുമായ മധ്യമന്‍. സ്ഥിരബുദ്ധിയും ലയയോഗിയും ഊര്‍ജസ്വലനുമായ അധിമാത്രന്‍ മൂന്നാമത്തെ വിഭാഗം. അനേക ഗുണസമ്പന്നനായ നാലാമന്‍ അധിമാത്ര തമന്‍.
പെരുവിരലുകള്‍ കൊണ്ട് ചെവികളും ചൂണ്ടുവിരലുകള്‍ കൊണ്ട് കണ്ണുകളും നടുവിരലിനാല്‍ മൂക്കും മോതിരവിരല്‍ കൊണ്ട് വായും പൊത്തി വായുവിനെ നിരോധിച്ച് ധ്യാനിക്കുന്ന യോഗിക്ക് ജ്യോതി രൂപദര്‍ശനം സിദ്ധിക്കും. ഇതിന് യോനിമുദ്ര എന്നു പേര്. (ഇതു തന്നെ ഷണ്‍മുഖീ മുദ്ര)
ക്രമാഭ്യാസത്താല്‍ അവന് പലവിധ ധ്വനികള്‍ കേള്‍ക്കാറാകും. വണ്ട്, ഓടക്കുഴല്‍, വീണ, മണി, മേഘം മുതലായവയുടെ ശബ്ദങ്ങള്‍ അനാഹതമായി കേള്‍ക്കാം.
സിദ്ധാസനം പോലെ ഒരാസനമില്ല; കുംഭകം പോലൊരു ബലമില്ല; ഖേചരി പോലൊരു മുദ്രയില്ല; നാദാനുസന്ധാനം പോലൊരു ലയമില്ല. (549) നാലും പ്രധാനമെന്നര്‍ത്ഥം.
രാജാധി രാജയോഗമെന്ന ഏകാന്ത ധ്യാനത്തെയും ബീജമന്ത്രജപസഹിതമായ മന്ത്രയോഗത്തെയും അവതരിപ്പിച്ചുകൊണ്ട് ഗ്രന്ഥം സമാപിക്കുന്നു.
ഹഠം വിനാ രാജയോഗം
രാജയോഗം വിനാ ഹഠ:
(ഹഠയോഗമില്ലാതെ രാജയോഗമോ, രാജയോഗമില്ലാതെ ഹഠയോഗമോ പൂര്‍ണമാവില്ല) എന്ന് പരമശിവന്‍ പാര്‍വതിയോട് ഉറപ്പിച്ചു പറയുന്നുണ്ട്.