ഇരുപത് യോഗ ഉപനിഷത്തുകള്‍ ഉണ്ട്. യോഗ വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഉപനിഷത്തുകള്‍ എന്ന നിലയിലാണ് ഈ പേരു കിട്ടിയത്. അവയിലൊന്നാണ് ക്ഷുരികോപനിഷത്ത്. 24 ശ്ലോകങ്ങളേ ഈ ഉപനിഷത്തിലുള്ളൂ.
‘സഹനാവവതു ……’ എന്ന ശാന്തി മന്ത്രത്തോടെ ഉപനിഷത്ത് തുടങ്ങുന്നു. കൃഷ്ണ യജുര്‍വേദത്തിലുള്ളതാണ് ഇത്.
ക്ഷുരികാം സമ്പ്രവക്ഷ്യാമി
ധാരണാം യോഗ സിദ്ധയേ
എന്ന് ഗ്രന്ഥം തുടങ്ങുന്നു. യോഗ സിദ്ധിക്ക് ഉതകുന്ന ധാരണയെന്ന ക്ഷുരികയെ പറയുന്നു.
ക്ഷുരിക എന്നാല്‍ ചുരിക, അഥവാ കഠാര എന്ന ആയുധം. മായാ പാശങ്ങളെ അറുത്തു മാറ്റുന്ന അരിവാള്‍, അതാണ് ധാരണ അഥവാ ഏകാഗ്രത. അങ്ങിനെയുള്ള ചുരിക പ്രയോഗിച്ചാല്‍ ‘ബ്രഹ്മമാത്രാനുസന്ധാന’മെന്ന യോഗം സിദ്ധിക്കും.
ആസന – പ്രാണായാമ – പ്രത്യാഹാര – ധാരണാ – ധ്യാന – സമാധികളാകുന്ന ഷഡംഗ യോഗമാണ് പ്രതിപാദ്യം.
നിശ്ശബ്ദം ദേശമാസാദ്യ
തത്ര ആസനമവസ്ഥിത:
നിശ്ശബ്ദമായ സ്ഥലത്ത് ആസനത്തില്‍ ഇരിക്കണം.
ആസനത്തെപ്പറ്റി ഇത്രയേ സൂചനയുള്ളൂ. പ്രാണായാമത്തിനു പറ്റിയ സ്ഥിര സുഖമായ ആസനമെന്ന് നാം മനസ്സിലാക്കണം.
പിന്നെ പ്രാണായാമം. 12 മാത്ര കൊണ്ട് പ്രണവത്തോടുകൂടി പൂരകം ചെയ്യണം. പിന്നെ സര്‍വ ദ്വാരങ്ങളും ബന്ധിച്ച് കുംഭകം ചെയ്ത് സാവധാനത്തില്‍ രേചകം ചെയ്യണം. ഭാഷ്യകാരനായ ഉപനിഷദ് ബ്രഹ്മയോഗി പൂരക – കുംഭക – രേചകങ്ങള്‍ക്ക് 12, 48, 24 മാത്രകളുടെ ദൈര്‍ഘ്യം വേണമെന്നു സൂചിപ്പിക്കുന്നു.
പ്രത്യാഹാരം
പിന്നെ ദൃഷ്ടി, മനസ്സ്, പ്രാണന്‍ (ത്രയ:) ഇവയെ കാല്‍പത്തി, ഞെരിയാണി, ജംഘ, കാല്‍മുട്ട്, തുടകള്‍, ഗുദം (മൂലാധാരം), ലിംഗം (സ്വാധിഷാനം), നാഭി (മണിപൂരകം) എന്നിവയില്‍ ക്രമത്തില്‍ ഉറപ്പിച്ച് പ്രത്യാഹാരം ചെയ്യണം. നാഭിയില്‍ വെച്ച് പലവര്‍ണങ്ങളിലുള്ള 10 നാഡികളാല്‍ ചുറ്റപ്പെട്ട, വെളുത്തു നേര്‍ത്ത സുഷുമ്‌നാ നാഡിയോടു ചേരണം. പിന്നെ അതിലൂടെ (ചിലന്തി, തന്റെ വലക്കണ്ണിയിലൂടെ അനായാസം സഞ്ചരിക്കുന്നതുപോലെ) ഹൃത് പദ്മത്തിലും ആജ്ഞയിലും സഹസ്രാരത്തിലും എത്തണം.
ധാരണാ, ധ്യാനം, സമാധി
പ്രത്യാഹാരം ചെയ്ത വിവിധ മര്‍മ സ്ഥാനങ്ങളില്‍ വിഹരിക്കുന്ന മനസ്സിനെ ധ്യാനം കൊണ്ട് മൂര്‍ച്ച കൂട്ടിയ ധാരണ (ക്ഷുരികാ) കൊണ്ട് അറുത്ത് വിടര്‍ത്തണം. പര്‍വ്വതങ്ങളുടെ ചിറകരിഞ്ഞ ഇന്ദ്രന്റെ വജ്രായുധത്തോടാണ് ഇവിടെ ധാരണയെ ഉപമിച്ചിരിക്കുന്നത്. ബ്രഹ്മം മാത്രം സത്യം എന്ന ഉറച്ച ബോധമാണ് ധാരണാ ക്ഷുരികയുടെ മൂര്‍ച്ച.
പിന്നീട് 72000 നാഡികളെയും, അതിലും വിശേഷിച്ച് 101 നാഡികളെയും അതിലും വിശേഷമായ ഇഡാ – പിങ്ഗളാ നാഡികളെ ശുദ്ധീകരിച്ച് അറുത്തു മാറ്റണം. അവയിലെല്ലാം രജസ്തമോഗുണങ്ങളുണ്ട്. ശുഭാശുഭ ഭാവങ്ങളുണ്ട്. ശുദ്ധ സാത്വികമായ സുഷുമ്‌നയെ മാത്രം നിലനിറുത്തണം. അതിനെ ശരണം പ്രാപിക്കണം. അപ്പോള്‍ ജനന മരണ ചക്രത്തില്‍ നിന്ന് മുക്തനാകാം.
അധികാരി
അധികാരം എന്നാല്‍ ശാസ്ത്ര സന്ദര്‍ഭങ്ങളില്‍ അര്‍ഹത എന്നാണര്‍ഥം. തപസ്സു കൊണ്ട് ചിത്തജയം നേടി നിശ്ശബ്ദ ദേശത്ത് നിരപേക്ഷനും നിസ്സംഗനുമായാണ് യോഗമനുഷ്ഠിക്കേണ്ടത്.
ഹംസങ്ങള്‍, തന്റെ കാലില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന താമരവളയങ്ങളെ മൂര്‍ച്ചയുള്ള കൊക്കു കൊണ്ട് കൊത്തിയകററി പാശമോചനം നേടുന്നതുപോലെ; അണയുന്ന ദീപം തന്റെ തിരിയെയും കൂടി കരിച്ചു കളയുന്നതു പോലെ, യോഗി തന്റെ സര്‍വ കര്‍മങ്ങളെയും ചുട്ടു കളഞ്ഞ് ലയം പ്രാപിക്കുന്നു.
പ്രാണായാമ സൂതീക്ഷ്‌ണേന
മാത്രാധാരേണ യോഗവിത്
വൈരാഗ്യോപല ഘൃഷ്ടേന
ഛിത്വാ തന്തും ന ബധ്യതേ
വൈരാഗ്യമാകുന്ന ചാണയില്‍ ഉരച്ചും പ്രാണായാമച്ചൂളയില്‍ പഴുപ്പിച്ചും മൂര്‍ച്ച കൂട്ടിയ ഓങ്കാരമാകുന്ന ജ്ഞാനച്ചുരിക കൊണ്ട് സംസാരചരടുകളറുത്തുമാറ്റി മുക്തി നേടുന്നു.
ഇങ്ങിനെ ഇരുപത്തി നാലാമത്തെ ശ്ലോകത്തോടെ ക്ഷുരികോപനിഷത്തിന് തിരശ്ശീല വീഴുന്നു.