വടി കറക്കാന്‍ പഠിച്ചോ? ശാഖയില്‍ പോവാന്‍ തുടങ്ങിയ നാളുകളില്‍ കൂട്ടുകാര്‍ക്ക് ഉത്തരമറിയേണ്ട ചോദ്യമിതായിരുന്നു. ക്ലാസ്സിലെ ഇടതുപക്ഷ അനുഭാവികളായ കൂട്ടുകാര്‍ പോലും ആകാംക്ഷയോടെ പലവട്ടമിക്കാര്യം അന്വേഷിച്ചിട്ടുണ്ട്. അവരുടെയൊക്കെ മനസ്സില്‍ ആര്‍.എസ്.എസ്സ് എന്നാല്‍ നന്നായി വടി കറക്കുന്നവരുടെ സംഘടനയായിരുന്നു. ശാഖയെന്നാല്‍ വടി കറക്കാന്‍ പഠിപ്പിക്കുന്നയിടവും. പക്ഷേഇക്കാര്യത്തില്‍ രഹസ്യമായാണെങ്കിലും അവരൊക്കെ സംഘത്തെ ആരാധിച്ചിരുന്നുവെന്നതാണ് സത്യം. വടികറക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നല്ല അഭ്യാസികളാണെന്നും അതിനാല്‍ സംഘം ശക്തിയുള്ള സംഘടനയാണെന്നുമുള്ള ചിന്ത പുറമേ നിന്ന് സംഘത്തെ കണ്ടവര്‍ക്കു പോലുമുണ്ടായിരുന്നു. ഞാന്‍ സ്വയംസേവകനായതിനു ശേഷം പല ചര്‍ച്ചാസദസ്സുകളിലും ക്ലാസ്സിലെ സഹപാഠികള്‍ സംഘത്തെ കുറിച്ചവരുടെ മനസ്സിലുള്ള ധാരണകളെന്നോട് പങ്കുവക്കുമായിരുന്നു. ആര്‍.എസ്.എസ്സ് എന്നാല്‍ പറയുന്നത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണെന്നവര്‍ പറഞ്ഞുകേട്ടപ്പോള്‍ സ്വയംസേവകനെന്ന നിലയില്‍ മനസ്സേറെ അഭിമാനം കൊണ്ടിട്ടുണ്ട്. സത്യത്തില്‍ ബാഹ്യമായി നിന്ന് സംഘത്തെ വീക്ഷിച്ചവരുടെയുള്ളില്‍ പോലും വളരെയേറെ ആരാധനയുളവാക്കുന്നതില്‍ സ്വയംസേവകരുടെ ശാരീരിക സംസ്‌കാരം വഹിച്ച പങ്ക് ചെറുതല്ല. എന്നാല്‍ അഭ്യാസം പഠിപ്പിക്കുക എന്ന ഉദ്ദേശ്യം മാത്രമല്ല ശാഖയിലെ വടികറക്കലിന് ഉണ്ടായിരുന്നതെന്ന് നമുക്കറിയാം. അതൊരു ബൃഹദ് പദ്ധതിയുടെ ഭാഗമായിരുന്നു. കാലങ്ങളായി ശാഖയിലൂടെ നാം നടത്തിവരുന്ന അതിവിപുലമായ അര്‍ത്ഥതലങ്ങളുള്ള ആ പദ്ധതിയുടെ പേരാണ് വ്യക്തിനിര്‍മ്മാണം. ഇതുസംബന്ധിച്ച എളിയ ചില വിചാരങ്ങളാണ് ഇത്തവണ പങ്കുവക്കുന്നത്.
പതതു ഏഷ കായോ എന്നു പറഞ്ഞുകൊണ്ട് അമ്മയുടെ കാല്‍ക്കല്‍ നമ്മുടെ ശരീരം സമര്‍പ്പിച്ചതിനെ കുറിച്ചായിരുന്നല്ലോ കഴിഞ്ഞ ലക്കത്തില്‍ എഴുതിയത്. സാധാരണ നമ്മളാര്‍ക്കെങ്കിലും ഉപഹാരം നല്‍കുമ്പോള്‍ പോലും അത് മോശപ്പെട്ടതാകരുതെന്ന നിര്‍ബന്ധം വച്ചുപുലര്‍ത്താറുണ്ടല്ലോ. ഉപഹാരം നല്‍കലിനേക്കാളും എത്രയോ ഉയരെയാണ് സമര്‍പ്പണം. ക്ഷേത്രവിശ്വാസികള്‍ ഭഗവാന്റെ തിരുമുമ്പില്‍ വിവിധങ്ങളായ ദ്രവ്യങ്ങള്‍ സമര്‍പ്പിക്കാറുണ്ടല്ലോ. ദ്രവ്യമെന്തായാലും അത് ശുദ്ധമായിരിക്കണമെന്ന നിര്‍ബന്ധം ഭക്തര്‍ കര്‍ശനമായി പുലര്‍ത്തുന്നു. ഇതൊരു സ്വഭാവമായി ഭാരതീയന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ഭാരതാംബയുടെ കാല്‍ക്കല്‍ അമ്മയുടെ സേവക്കായി സ്വശരീരം സമര്‍പ്പിക്കുന്ന ഓരോ സ്വയംസേവകനും ചിന്തിക്കുന്നതും ഇത്തരത്തില്‍ തന്നെ. ഒന്നിനും കൊള്ളാത്ത ശരീരമല്ല താനമ്മക്കായി സമര്‍പ്പിക്കേണ്ടതെന്ന ഉത്തമബോധ്യം അവനുണ്ടെന്നര്‍ത്ഥം. അതിനാല്‍ അമ്മക്കര്‍പ്പിക്കേണ്ട തന്റെ ശരീരത്തെ മികവുറ്റതാക്കി തീര്‍ക്കുന്നതിന് നാം ശാഖയെന്ന സാധനയിലേര്‍പ്പെടുന്നു. സംഘപ്രാര്‍ത്ഥനയില്‍ അര്‍ത്ഥിക്കുന്ന പഞ്ചഗുണങ്ങളാല്‍ സമ്പന്നമായൊരുടല്‍ തന്നെ അമ്മക്ക് സമര്‍പ്പിക്കാന്‍ നാം കഠിനമായി യത്‌നിക്കുന്നു.
മുന്നെഴുത്തില്‍ സൂചിപ്പിച്ചതു പോലെ ശരീരമര്‍പ്പിച്ചുവെന്നാല്‍ കേവലം അസ്ഥിയും മാംസവും രക്തവും മാത്രമര്‍പ്പിച്ചുവെന്നല്ല. ഇവിടെ ശരീരമെന്നത് നമ്മളെന്ന വ്യക്തിയെ അഥവാ മനുഷ്യനെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. മനുഷ്യന്‍ ഉത്തമനാവുന്നതെപ്പോഴാണ് ? അതിന് മനുഷ്യനാരെന്ന ധാരണയാദ്യം വേണം. മനുഷ്യനാരെന്ന അന്വേഷണം ആദ്യമാരംഭിച്ചതും അതിനുത്തരം കണ്ടെത്തിയതും ഭാരതമാണ്. നമ്മുടെ ഋഷി പരമ്പരകള്‍ മുന്നോട്ടു വച്ച ദര്‍ശനങ്ങള്‍ക്ക് മാത്രമാണ് മനുഷ്യനാരെന്ന് കൃത്യമായി വിശദീകരിക്കാന്‍ സാധിച്ചത്. പാശ്ചാത്യ ചിന്താഗതികള്‍ക്കൊന്നും തന്നെ മനുഷ്യന് കൃത്യമായൊരു നിര്‍വചനം നല്‍കാന്‍ ഇന്നുമായിട്ടില്ല എന്നതാണ് സത്യം. മനുഷ്യനെ കുറിച്ച് ശരിയായ ധാരണയില്ലാത്തതിനാല്‍ പാശ്ചാത്യര്‍ക്ക് പല അബദ്ധങ്ങളും പിണഞ്ഞു. ഉദാഹരണത്തിന് അവരില്‍ ചിലര്‍ മനുഷ്യനെയൊരു യന്ത്രമായിട്ടാണ് കണ്ടത്. കാരണം ചെറുതും വലുതുമായ അനവധി ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്താണല്ലോ ഓരോ യന്ത്രവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതുപോലെ മനുഷ്യശരീരവും വിവിധങ്ങളായ അവയവങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചതാണെന്ന ന്യായമാണവര്‍ പറഞ്ഞത്. ഇത് ശരിയല്ലെന്ന് നമുക്കറിയാം. കാരണം നിര്‍ദ്ദേശം കിട്ടിയാല്‍ മാത്രമേ യന്ത്രം പ്രവര്‍ത്തിക്കൂ. മനുഷ്യനങ്ങനെയല്ലല്ലോ. മറ്റുചില പാശ്ചാത്യചിന്തകള്‍ മനുഷ്യനെ കേവലം ശരീരം മാത്രമായി കണ്ടു. അതുകൊണ്ട് ശരീരത്തിന്റെ സുഖവും പോഷണവുമാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്നു കണ്ടുകൊണ്ടവര്‍ പല പ്രത്യയശാസ്ത്രങ്ങളും ചിട്ടപ്പെടുത്തി. എന്നാല്‍ ഭാരതത്തെ സംബന്ധിച്ച് ശരീരം മാത്രമാണ് മനുഷ്യനെന്ന ചിന്തയും സ്വീകാര്യമായില്ല. കാരണം ശരീരത്തിന് നല്ലസുഖം ലഭിച്ചതുകൊണ്ട് മനുഷ്യനൊരിക്കലും സന്തോഷവാനാകില്ല. ഉദാഹരണത്തിന് ശരീരത്തിന് സുഖമേകുന്ന എയര്‍ കണ്ടീഷന്‍ഡ് മുറിയില്‍ ഇഷ്ട സംഗീതവുമാസ്വദിച്ച് രുചിയേറുന്ന ഭോജ്യങ്ങളുടെ മുന്നില്‍ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് വളരെയടുത്ത ബന്ധുവിനൊരാപത്ത് പിണഞ്ഞ വിവരമറിയുന്നതെന്ന് വിചാരിക്കുക. നിമിഷനേരം കൊണ്ട് എല്ലാ സന്തോഷങ്ങളും പോയ്മറയും. AC ഉള്‍പ്പെടെ ശരീരത്തിനതുവരെ സുഖം പകര്‍ന്നിരുന്ന ചുറ്റുപാടുകളെല്ലാം നിഷ്ഫലമാകും. മനുഷ്യനെന്നാല്‍ ശരീരം മാത്രമല്ലെന്നതിന്റെ തെളിവാണിത്.
ചിന്തകളവിടെ നിന്നും മുന്നോട്ടു പോയപ്പോഴാണവര്‍ക്ക് പുതിയൊരു വീക്ഷണം ലഭിച്ചത്. മനുഷ്യനെന്നാല്‍ ശരീരം മാത്രമല്ല മനസ്സും കൂടി ചേര്‍ന്നതാണെന്ന കണ്ടെത്തലായിരുന്നു അത്. ശരീരത്തിനും മനസ്സിനും സുഖവും സന്തോഷവും കിട്ടിയാല്‍ മനുഷ്യജീവിതം ആനന്ദമയമാകുമെന്നവര്‍ കണ്ടെത്തി. ഭാരതം ഈ ചിന്തയോടും പൂര്‍ണമായി യോജിച്ചില്ല. മനുഷ്യനെന്നാല്‍ ശരീരവും മനസ്സും മാത്രമല്ലെന്ന് നാം പറഞ്ഞു. ഉദാഹരണമായി പണ്ടൊരു കാര്യകര്‍ത്താവ് പറഞ്ഞ ഉദാഹരണമാണ് മനസ്സിലേക്കോടി വന്നത്. മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം വിളമ്പി മുന്നില്‍ വച്ചിട്ട് മനുഷ്യനോട് ‘കഴിക്കടാ നായേ’ എന്നുപറഞ്ഞാല്‍ ആരെങ്കിലും കഴിക്കുമോ? ഒരിക്കലുമില്ല. അപ്പോള്‍ ശരീരവും മനസ്സും മാത്രമല്ല ഇവ രണ്ടിനേയും നിയന്ത്രിക്കുന്ന ബുദ്ധിയുമവനുണ്ടെന്ന് ഭാരതം കണ്ടെത്തി. അവിടെയും നിന്നില്ല. നമ്മുടെ പൂര്‍വികര്‍ അന്വേഷണം തുടര്‍ന്നു. അങ്ങനെയവര്‍ സ്വയമറിഞ്ഞതിന്റെ വെളിച്ചത്തില്‍ മനുഷ്യനിലെ നാലാമത്തെ ഘടകത്തെയും ദര്‍ശിച്ചു. ആത്മാവെന്നവരതിനെ വിളിച്ചു. സ്വന്തമായുള്ളതൊക്കെ വിറ്റിട്ടായാലും പണം സ്വരൂപിച്ച് മകളുടെ വിവാഹം ചെയ്തയക്കുന്ന പിതാക്കന്‍മാരെ നാം കണ്ടിട്ടില്ലേ. പക്ഷേ സാഹചര്യമിതാണെങ്കിലും വരന്റെ കൈയിലേക്ക് മകളെ കൈപിടിച്ചേല്‍പ്പിക്കുമ്പോള്‍ പിതാവനുഭവിക്കുന്ന ദിവ്യമായ ഒരനുഭൂതിയുണ്ട്. ആത്മനിര്‍വൃതി എന്നാണല്ലോ അതിനെ പൊതുവേ നാം വിശേഷിപ്പിക്കാറുള്ളത്. ശരീര മനോ ബുദ്ധികള്‍ക്കതീതമായി ആത്മാവും എല്ലാറ്റിനെ പോലെയതിനും സന്തോഷവും തൃപ്തിയുമൊക്കെയുണ്ടെന്നും സാരം.
മനുഷ്യനെ ശരിയായി മനസ്സിലാക്കാതെ മാനവസുഖം ലക്ഷ്യമിട്ട് രൂപം കൊണ്ട വൈദേശിക പ്രത്യയശാസ്ത്രങ്ങളൊക്കെ അമ്പേ പരാജയപ്പെട്ടു. അവര്‍ മനുഷ്യനന്മക്കായി മുന്നോട്ടുവച്ച ഉപായങ്ങളൊന്നും ഫലം കണ്ടില്ല. അത്തരം ഉപായങ്ങള്‍ പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ ഒടുവില്‍ ഭാരതത്തെ തേടിവന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടേയും ആത്മാവിന്റെയും വികാസത്തിലാണ് മനുഷ്യജന്മത്തിന്റെ സഫലതയെന്ന് ഭാരതീയ ദര്‍ശനങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പേ കണ്ടറിഞ്ഞിരുന്നതിനാല്‍ അവരുടെ വ്യഥകള്‍ക്കിവിടെ പരിഹാരം ലഭിച്ചു. ഇവ നാലുമൊരുവനില്‍ വികാസം പ്രാപിക്കുമ്പോഴാണല്ലോ ജീവിതം ഉത്തമമായി തീരുന്നത്. ശരിയായ വിധത്തില്‍ ഒരുവന്റെ ശരീരത്തെയും മനസ്സിനെയും ബുദ്ധിയേയും ആത്മാവിനേയും പരുവപ്പെടുത്തുന്നതിനെയാണ് സംഘഭാഷയില്‍ നമ്മള്‍ വ്യക്തിനിര്‍മ്മാണം എന്നു വിളിക്കുന്നത്.
സ്വയംസേവകര്‍ എന്തിനാണ് വ്യക്തിനിര്‍മ്മാണത്തിന് വിധേയരാകുന്നത്? സമര്‍പ്പിക്കുമ്പോള്‍ അത്യുത്തമമായത് സമര്‍പ്പിക്കണമെന്ന ഭാരതീയ ചിന്ത മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ. രാഷ്ട്രസേവനാര്‍ത്ഥം സ്വശരീരത്തെ അമ്മയുടെ കാല്‍ക്കല്‍ അര്‍പ്പിക്കുമ്പോള്‍ അതേറ്റവും മികവുറ്റതായിരിക്കണമെന്ന നിര്‍ബന്ധം സ്വയംസേവകര്‍ക്കുണ്ട്. അതിനുയുക്തമായ വിധം ശരീരത്തെ തയ്യാറാക്കാനാണ് ശാഖയെന്ന നിത്യസാധനയില്‍ നാം മുഴുകുന്നത്. ‘ഏകമേവമദ്വിതീയം’ എന്നാണ് ശാഖാപദ്ധതിയെ നമ്മള്‍ വിശേഷിപ്പിക്കുന്നത്. കാരണം വ്യക്തിനിര്‍മ്മാണ കാര്യത്തില്‍ ശാഖക്ക് പകരം വക്കാന്‍ തത്തുല്യമായ മറ്റൊരു പദ്ധതിയുമില്ല തന്നെ. വ്യക്തിയിലെ മേല്‍പ്പറഞ്ഞ നാല് ഘടകങ്ങളേയും വേണ്ടരീതിയില്‍ പരുവപ്പെടുത്തിയെടുക്കുന്നതിന് വേണ്ട പദ്ധതികളാല്‍ സമ്പന്നമാണ് നമ്മുടെ ഒരു മണിക്കൂര്‍ ശാഖ. ശരീരത്തെ കരുത്തുറ്റതാക്കാന്‍ വിവിധങ്ങളായ ശാരീരിക പദ്ധതികളും ബുദ്ധി തെളിച്ച് നേര്‍വഴിക്ക് നയിക്കാന്‍ യോഗ്യമായ ബൗദ്ധിക പദ്ധതികളും ശാഖയിലുണ്ട്. ശാരീരിക ബൗദ്ധിക പദ്ധതികളില്‍ കൂടി പ്രത്യക്ഷത്തില്‍ ശരീരവും ബുദ്ധിയും വികാസം പ്രാപിക്കുമ്പോള്‍ അതേ പദ്ധതികളില്‍ കൂടിത്തന്നെ നമ്മളറിയാതെ പരോക്ഷമായി മനോവികാസവും ആത്മവികാസവും സംഭവിക്കുന്നു.
എത്തരത്തിലുള്ള വ്യക്തികളെയാണ് ശാഖയിലൂടെ നിര്‍മിക്കുന്നതെന്ന ചോദ്യത്തിന് സംഘമതിന്റെ പ്രതിജ്ഞയിലൂടെ ഉത്തരം നല്‍കുന്നുണ്ട്. മറ്റൊരു വിധത്തില്‍ സംഘ പ്രതിജ്ഞയില്‍ ആധാരിതമാണ് വ്യക്തിനിര്‍മ്മാണമെന്നും നമുക്ക് പറയാം. അതുപ്രകാരം നമ്മുടെ പവിത്രമായ ഹിന്ദുധര്‍മ്മത്തെയും സംസ്‌കാരത്തെയും സമാജത്തെയും സംരക്ഷിച്ചുകൊണ്ട് ഹിന്ദുരാഷ്ട്രത്തിന്റെ സര്‍വതോന്മുഖമായ ഉന്നതിക്കായി യത്‌നിക്കുന്ന വ്യക്തികളെയാണ് ശാഖയിലൂടെ നാം സൃഷ്ടിക്കുന്നത്. രാഷ്ട്രോന്നതിക്കായുള്ള ഈവിധമായ യത്‌നമാണ് ‘സംഘകാര്യം’ എന്ന് നമ്മുടെ പ്രതിജ്ഞ പറയുന്നു. മികച്ച നിലയില്‍ കാര്യക്ഷമമായി സംഘകാര്യം ചെയ്യുന്നതിന് വേണ്ട ചില ഗുണവിശേഷങ്ങള്‍ കൂടി വ്യക്തികളില്‍ വാര്‍ത്തെടുക്കേണ്ടതുണ്ട്. തുടര്‍ന്ന് വ്യക്തിക്ക് വേണ്ട ഗുണവിശേഷങ്ങളെന്തൊക്കെയാണെന്നും പ്രതിജ്ഞ തന്നെ വിശദീകരിക്കുന്നു. ‘ആത്മാര്‍ത്ഥത, നിസ്വാര്‍ത്ഥബുദ്ധി, തനമനധനപൂര്‍വകമായ അര്‍പ്പണം’ എന്നീ ഗുണങ്ങളാണവ. വ്യക്തിനിര്‍മ്മാണത്തില്‍ ഈ സവിശേഷ ഗുണങ്ങള്‍ കൂടി വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് സാരം. ഒപ്പമയാള്‍ക്ക് സംഘകാര്യത്തില്‍ ആജന്മം മുഴുകാനുള്ള പ്രേരണയുമേകണമെന്ന് പ്രതിജ്ഞ പറയുന്നു. ശാഖയിലെ വ്യക്തിനിര്‍മ്മാണ പ്രക്രിയ ഇത്രയും കാര്യങ്ങളെ ആധാരമാക്കിയുള്ളതാണ്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ സംഘപ്രതിജ്ഞയെ പൂര്‍ണ അര്‍ത്ഥത്തില്‍ പാലിക്കാന്‍ തക്കവണ്ണം ഒരുവനെ യോഗ്യനാക്കി തീര്‍ക്കുന്ന പ്രക്രിയയുടെ പേരാണ് വ്യക്തിനിര്‍മ്മാണം.
വ്യക്തിനിര്‍മ്മാണമെന്നാല്‍ കുറച്ച് സത്സ്വഭാവികളെ സൃഷ്ടിക്കുക എന്നതു മാത്രമല്ലെന്ന് സാരം. ഒപ്പം തങ്ങളുടെ ജീവിതത്തില്‍ രാഷ്ട്രകാര്യത്തിന് പ്രാമുഖ്യം നല്‍കുന്നവരായി അവരെ മാറ്റിത്തീര്‍ക്കുക എന്നതുകൂടിയാണ്. സംഘശാഖയിലൂടെ അങ്ങനെ സൃഷ്ടിക്കപ്പെട്ടവര്‍ സമൂഹത്തിന് മുന്നില്‍ മികച്ച ഉദാഹരണങ്ങളായി ജീവിക്കുന്നവരാകണം. ഇതേക്കുറിച്ച് പരംപൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവത് ഒരിക്കല്‍ പറഞ്ഞ ഉദാഹരണം മാത്രമെഴുതിക്കൊണ്ട് ഈ കുറിപ്പവസാനിപ്പിക്കാം. മുംബൈ നഗരത്തില്‍ താമസിച്ച് പഠിക്കുന്ന ഒരു സ്വയംസേവകനുണ്ടായിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ നിന്നദ്ദേഹത്തിന്റെ സുഹൃത്ത് മുംബൈയിലെത്തി.സുഹൃത്തിനെ മുംബൈ നഗരം ചുറ്റിക്കാണിക്കാനായി ആ വിദ്യാര്‍ത്ഥി സ്വയംസേവകന്‍ ബസ്സില്‍ കയറി. അത് സ്ഥിരമായി കോളേജില്‍ പോകാനദ്ദേഹം ആശ്രയിക്കുന്ന ബസ് തന്നെയായിരുന്നു. ടിക്കറ്റ് കളക്ടര്‍ അടുത്തെത്തിയപ്പോള്‍ ഈ വിദ്യാര്‍ത്ഥി സ്വയംസേവകന്‍ പോകേണ്ട സ്ഥലം പറഞ്ഞ് രണ്ട് പേര്‍ക്കുള്ള മുഴുവന്‍ തുകയുമൊടുക്കി. താങ്കളെന്തിനാണ് മുഴുവന്‍ പണവും തരുന്നത് ? വിദ്യാര്‍ത്ഥിയെന്ന നിലയില്‍ താങ്കള്‍ക്ക് കണ്‍സെഷനുണ്ടല്ലോയെന്ന് ടിക്കറ്റ് കളക്ടര്‍ അദ്ദേഹത്തോട് ചോദിച്ചു. ആ ചോദ്യത്തിനു മറുപടിയായി വിദ്യാര്‍ത്ഥി സ്വയംസേവകന്‍ പറഞ്ഞു. ‘അങ്ങ് പറഞ്ഞത് വളരെ ശരിയാണ്, എനിക്ക് കണ്‍സെഷനുണ്ട്. പക്ഷേ അതെനിക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി സര്‍ക്കാര്‍ നല്‍കുന്നതല്ലേ? ഇന്ന് ഞാന്‍ പഠനാവശ്യവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുകയല്ല. ഗ്രാമത്തില്‍ നിന്നെത്തിയ എന്റെ സുഹൃത്തിനെ മുംബൈ നഗരം കാണിക്കാന്‍ കൊണ്ടുപോവുകയാണ്. വിദ്യാഭ്യാസ കാര്യത്തിനായി അനുവദിച്ചിരിക്കുന്ന കണ്‍സെഷന്‍ ഞാനിക്കാര്യത്തിനു വേണ്ടി ഉപയോഗിക്കാന്‍ പാടില്ല.’ ടിക്കറ്റ് കളക്ടര്‍ക്ക് അത്ഭുതമായി. അദ്ദേഹം ആ സ്വയംസേവകന്റെ സത്യസന്ധതയെ അഭിനന്ദിച്ചു. അത്തരത്തില്‍ ആ വിദ്യാര്‍ത്ഥിക്ക് എങ്ങനെയാണ് ഉയര്‍ന്നു ചിന്തിക്കാന്‍ സാധിച്ചത്? സര്‍ക്കാര്‍ തനിക്കനുവദിച്ചിരിക്കുന്ന ആനുകൂല്യം ഒരിക്കലും ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന ചിന്തയും സത്യസന്ധതയും ആ വിദ്യാര്‍ത്ഥിയില്‍ സൃഷ്ടിക്കപ്പെട്ടത് സംഘശാഖയിലെ വ്യക്തിനിര്‍മ്മാണ പ്രക്രിയയിലൂടെയായിരുന്നു.
ഇത്തരം ഒട്ടനവധി ഉദാഹരണങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ ദൃശ്യമാണ്. പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി സംഘം മാറിയതിങ്ങനെയാണ്. വ്യക്തിനിര്‍മ്മാണത്തിലൂടെ സൃഷ്ടിക്കപ്പെട്ടവരിന്ന് സമാജത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുചെന്ന് അവിടങ്ങളിലെല്ലാം രാഷ്ട്രാനുകൂല ചിന്തകള്‍ വളര്‍ത്തുന്നതില്‍ വിജയിച്ചു കൊണ്ടിരിക്കുന്നു. നാളിതുവരെ പിന്നിട്ട ദൂരം ഒട്ടും ചെറുതല്ല. എന്നാല്‍ ഇനിയുമേറെ ദൂരം മുന്നേറാന്‍ ബാക്കിയുണ്ടുതാനും. അതിന് ശാഖകള്‍ കരുത്തുറ്റതാവണം. രാഷ്ട്രാനുകൂലമായ ജീവിതം നയിക്കുന്ന കൂടുതല്‍ കൂടുതല്‍ വ്യക്തികള്‍ ശാഖകളില്‍ നിന്ന് സൃഷ്ടിക്കപ്പെടണം.