മനുഷ്യന് ഇന്നുവരെ കൈവരിച്ചതില്‍ ഏറ്റവും വലിയ സാങ്കേതിക നേട്ടം എന്തെന്ന് ചോദിച്ചാല്‍ അത് 1960കളില്‍ നാസ നടത്തിയ അപ്പോളോ ചന്ദ്രദൗത്യങ്ങള്‍ ആണ് എന്ന് രണ്ടുവട്ടം ആലോചിക്കാതെ പറയാന്‍ കഴിയും. ഭൂമിയല്ലാതെ മറ്റൊരു ആകാശ ഗോളത്തില്‍ മനുഷ്യന്റെ പാദസ്പര്‍ശമേല്‍ക്കുന്നത് അന്നാണ്.
പക്ഷേ ഇതൊരു വലിയ നാടകമായിരുന്നു എന്ന മട്ടിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് ഇന്ന് പ്രചാരമേറി വരുന്നുണ്ട്. ഒരു അമേരിക്കക്കാരന്‍ തന്നെയായ, അമേരിക്കന്‍ നാവികസേനയില്‍ നിന്നും വിരമിച്ച ബില്‍ കൈസിങ് ആണ് 1976 ല്‍ We Never Went to the Moon: America’s Thirty Billion Dollar Swindle എന്ന പുസ്തകത്തിലൂടെ ഈ വാദം ഉയര്‍ത്തിയത്. ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നുന്ന ചില തെളിവുകളും ഇവിടെ നിരത്തി.
1. ഗഗനചാരികള്‍ ചന്ദ്ര പ്രതലത്തില്‍ നാട്ടുന്ന അമേരിക്കന്‍ പതാക പാറിപ്പറക്കുന്നതായി കാണുന്നു. വായുവോ അന്തരീക്ഷമോ കാറ്റോ ഇല്ലാത്ത ചന്ദ്രനില്‍ എങ്ങനെ പതാക പാറും?
ഈ കാര്യം അറിയാവുന്നത് കൊണ്ടുതന്നെ അവര്‍ കൊണ്ടുപോയ പതാക സാധാരണ ഒരു കൊടിമരത്തിലല്ല കെട്ടിയിരിക്കുന്നത്. L ആകൃതിയിലുള്ള ഒരു ദണ്ഡ് കുത്തി നിര്‍ത്തി പതാക അതില്‍ തൂക്കിയിടുകയാണ് . അപ്പോഴത് നിവര്‍ന്നു നില്‍ക്കുന്നു.
2. യാത്രികര്‍ എടുത്ത ഫോട്ടോകള്‍ക്ക് അസാധാരണ തെളിച്ചവും ക്വാളിറ്റിയുമുണ്ട്.
അവര്‍ നൂറുകണക്കിന് ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. അതില്‍ തെളിച്ചമുള്ളതും ഇല്ലാത്തവയുമുണ്ട്. ഏറ്റവും തെളിച്ചമുള്ള ഫോട്ടോകള്‍ ആണ് അവര്‍ പ്രസിദ്ധീകരിച്ചത്. ഫോട്ടോ പകര്‍ത്താന്‍ അവര്‍ ഉപയോഗിച്ചത് 500 EL cameras with Carl Zeiss optics അന്ന് ലഭ്യമായ ഏറ്റവും മികച്ച ക്യാമറകള്‍ ആണിത്.
3. എങ്ങനെയാണ് നീല്‍ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനില്‍ കാല്കുത്തുമ്പോള്‍ ആ ഫോട്ടോ പുറത്തുനിന്ന് എടുക്കുന്നത്?
ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍, ആദ്യകാലടിയുടെ ഫോട്ടോയുടെ പ്രാധാന്യം മനസ്സിലാക്കിത്തന്നെ പേടകത്തില്‍ അതിനുള്ള സംവിധാനം ചെയ്തിരുന്നു. ചന്ദ്രനിലിറങ്ങിയ അപ്പോളോ പേടകത്തിലെ ലൂണാര്‍ മോഡ്യൂളിന്റെ കാലില്‍ സ്ഥാപിച്ചിരുന്ന പ്രത്യേക ക്യാമറ ആണ് ആ ഫോട്ടോ എടുത്തത്.
4. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള വാന്‍ അലന്‍ ബെല്‍റ്റ് എന്ന ചാര്‍ജിത കാര്യങ്ങള്‍ അടങ്ങിയ പ്രത്യേക കാന്തിക മേഖല താങ്ങാന്‍ മനുഷ്യര്‍ക്കാവില്ല. അപ്പോള്‍ വാന്‍ അലന്‍ ബെല്‍റ്റ് ഭേദിച്ച് അപ്പോളോ ചന്ദ്രനില്‍ പോയി വന്നു എന്നത് കള്ളമാണ്.
ഒരുപാട് ചാര്‍ജിത കണങ്ങള്‍ അടങ്ങിയതാണ് വാന്‍ അലന്‍ ബെല്‍റ്റ്. ബഹിരാകാശ പേടകങ്ങള്‍ നിര്‍മ്മിക്കുന്നത് ഈ പ്രഭാവത്തെ അതിജീവിക്കാന്‍ കഴിയുന്ന കോമ്പോസിറ്റ് പദാര്‍ത്ഥങ്ങള്‍ കൊണ്ടുതന്നെയാണ്. ഗഗനചാരികള്‍ ഒരിക്കലും വാന്‍ അലന്‍ ബെല്‍റ്റുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നില്ല. അപ്പോളോ പേടകങ്ങള്‍ മാത്രമല്ല, വൈക്കിങ്,മാരിനര്‍, ലൂണ തുടങ്ങി അമേരിക്കയുടെയും റഷ്യയുടെയും അനേകമനേകം ഗൃഹാന്തരദൗത്യങ്ങള്‍ അക്കാലത്ത് നടന്നിട്ടുണ്ട്. അതെല്ലാം വാന്‍ അലന്‍ ബെല്‍റ്റ് ഭേദിച്ചുകൊണ്ടുതന്നെയാണ്.
5. എന്തുകൊണ്ട് പിന്നീട് ഒരിക്കലും മനുഷ്യരെയും കൊണ്ടുള്ള ചന്ദ്രദൗത്യങ്ങള്‍ ഉണ്ടായില്ല?
അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ഒരു കുടിപ്പകയുടെ അനന്തരഫലം കൂടിയായിരുന്നു ചന്ദ്രദൗത്യങ്ങള്‍. അന്നത്തെക്കാലത്ത് ഒരു വിക്ഷേപണത്തിന് 25 ബില്യണ്‍ ഡോളര്‍ ആയിരുന്നു ചെലവ്. അങ്ങനെ പതിനേഴ് അപ്പോളോ ദൗത്യങ്ങള്‍ ആണ് നടത്തിയത്. അപ്പോഴേക്കും അമേരിക്കയുടെ സാമ്പത്തിക സ്ഥിതി പാതാളത്തോളം താണു.
ബഹിരാകാശയുദ്ധത്തില്‍ അമേരിക്ക ജയിച്ചു. അതോടെ അവര്‍ ദൗത്യങ്ങളും അവസാനിപ്പിച്ചു. എത്ര വലിയ സാമ്പത്തിക ശക്തിക്കും താങ്ങാന്‍ കഴിയുന്നതല്ല അപ്പോളോ പോലുള്ള ദൗത്യങ്ങളുടെ ചെലവ്. ഇന്നുവരേയ്ക്കും നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും വലിയ റോക്കറ്റ് ആണ് അപ്പോളോയ്ക്ക് വേണ്ടി ഉണ്ടാക്കിയത്. അതിനു ശേഷം ആ റോക്കറ്റും നാസ ഉപേക്ഷിച്ചു.
അതുപോലെ, നീല്‍ ആംസ്‌ട്രോങ് മാത്രമല്ല ചന്ദ്രനില്‍ ഇറങ്ങിയത്. അപ്പോളോ 11 മുതല്‍ 17 മുതലുള്ള ദൗത്യങ്ങളില്‍ പന്ത്രണ്ടു മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങി മടങ്ങിവന്നു. അപ്പോളോ 17 ലെ യാത്രികര്‍ ചന്ദ്ര പ്രതലത്തിലൂടെ ഒരു ജീപ്പ് വരെ ഓടിച്ചു. അപ്പോളോ 13 അപ്രതീക്ഷിതമായ ഒരു അപകടം കാരണം ദൗത്യം പൂര്‍ത്തിയാക്കാതെ മടങ്ങി.
സോവിയറ്റ് യൂണിയനും അമേരിക്കയും രണ്ടു ചേരികളായി തിരിഞ്ഞു നിന്ന് നടത്തിയ ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് അപ്പോളോ ദൗത്യങ്ങള്‍ നടക്കുന്നത്. ആരോപിക്കുന്നതുപോലെ ഇത്ര വലിയ ഒരു ശാസ്ത്ര തട്ടിപ്പ് അമേരിക്ക നടത്തിയാല്‍ സോവിയറ്റ് യൂണിയന്‍ വെറുതെ ഇരിക്കുമോ. ശീതയുദ്ധകാലത്ത് പോലും സോവിയറ്റ് യൂണിയന്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല.അതുമല്ല ഇങ്ങനെ ലോകത്തിനെ മുഴുവന്‍ വിഡ്ഢിയാക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ.
ഈ ഗൂഢാലോചന തിയറി ഇറക്കിയ ബില്‍ കൈസിങ് ശാസ്ത്രജ്ഞന്‍ പോയിട്ട്, ഒരു സാധാരണ ടെക്‌നീഷ്യന്‍ പോലുമല്ല. അയാള്‍ അമേരിക്കന്‍ നേവിയിലെ ഒരു ക്ലര്‍ക്ക് മാത്രമായിരുന്നു. അയാളുടെ വിദ്യാഭ്യാസം ആര്‍ട്‌സ് വിഷയങ്ങളില്‍ ആണ്. അതായത്,ശാസ്ത്രവിഷയങ്ങളില്‍ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു തട്ടിപ്പുകാരന്‍ ഇറക്കിയ ഗൂഢാലോചന സിദ്ധാന്തമാണ് കേവലം രാഷ്ട്രീയ വംശീയ താല്പര്യങ്ങളുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്.
എന്ത് പറഞ്ഞാലും എന്ത് കാരണം കൊണ്ടായാലും അപ്പോളോ ദൗത്യങ്ങളിലൂടെ മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. അത് ഒരു രാജ്യത്തിന്റെ മാത്രം നേട്ടമല്ല, ആദ്യകാല്‍വെയ്പ്പിനു മുമ്പ് നീല്‍ ആംസ്‌ട്രോങ് പറഞ്ഞത് പോലെ മനുഷ്യന് ഒരു കാല്‍വെയ്പ്പ് മനുഷ്യരാശിക്ക് ഒരു കുതിച്ചുചാട്ടവും.