ബൈബിളിനെ നല്ലൊരു ആയുധമാക്കിക്കൊണ്ട് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനത്തെ തന്നെ പ്രതിരോധിച്ച ലോകത്തിലെ ഒരേയൊരു സുവിശേഷ പ്രാസംഗികന്‍ പൊയ്കയില്‍ അപ്പച്ചന്‍ എന്ന യോഹന്നാനായിരിക്കാം. വലിയ സമ്പത്തും സന്നാഹങ്ങളുമുള്ള മിഷണറി ലോകത്തിന്റെ പ്രവര്‍ത്തനങ്ങളുടെ കാപട്യങ്ങളെ പൊയ്കയില്‍ അപ്പച്ചന്‍ സ്വന്തം ജീവിതംകൊണ്ട് തുറന്നുകാട്ടി. മതം മാറ്റം എന്ന ഏക ജ്വരത്തിനപ്പുറമുള്ള മിഷണറിമാരുടെ ഹൃദയശൂന്യത പകല്‍ വെളിച്ചം പോലെ സകലരും കണ്ടു. ഇത് സഭാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. മതം മാറിയാലും സാമൂഹ്യ അവസ്ഥക്ക് മാറ്റമില്ലെന്നുള്ളത് യോഹന്നാനിലൂടെ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. ബൈബിള്‍ പ്രസംഗിച്ചുകൊണ്ടുനടക്കുന്ന യോഹന്നാന്‍ ക്രിസ്ത്യാനിയല്ലെന്ന് എല്ലാ സഭകളും പ്രഖ്യാപിച്ചു. തിരുവിതാംകൂറിനെയും ഇന്ത്യയേയും സംബന്ധിച്ചേടത്തോളം ക്രിസ്തുമതം അന്ന് ഒരു സംരക്ഷിത മതം മാത്രമല്ല അധികാരി മതവുമായിരുന്നു. ക്രിസ്തുമത വിമര്‍ശകര്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായിരുന്നു യോഹന്നാന്റെ വിമര്‍ശനങ്ങള്‍ ക്രിസ്തുമതത്തിനും ബ്രിട്ടീഷുകാര്‍ക്കും എതിരായി വ്യാഖ്യാനിക്കപ്പെട്ടു.
1910 കാലഘട്ടമാണിത്. ആഗോളതലത്തില്‍ ബ്രിട്ടനും ജര്‍മനിയും തമ്മില്‍ ലോകാധിപത്യത്തിനായി രണ്ട് ചേരികളിലായി നിന്ന് സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന കാലഘട്ടം.(1914 ല്‍ ആണ് ഒന്നാം ലോകമഹായുദ്ധം ഉണ്ടാകുന്നത്) യോഹന്നാന്‍ ബ്രിട്ടനെ തകര്‍ക്കുവാന്‍ ജര്‍മനിക്ക് വേണ്ടി ചാരപ്പണി എടുക്കുകയാണെന്ന് സഭകള്‍ തന്നെ പ്രചരിപ്പിച്ചു. യോഹന്നാനെ കുടുക്കുകയായിരുന്നു ലക്ഷ്യം. യോഹന്നാനെ നിരീക്ഷിക്കുവാന്‍ പോലീസുകാര്‍ നിയോഗിക്കപ്പെട്ടു. അവര്‍ സഭകളുടെ താല്‍പര്യാര്‍ത്ഥം യോഹന്നാന്‍ ക്രിസ്തുമതത്തിനും ബ്രിട്ടനുമെതിരായി പ്രസംഗിക്കുകയാണെന്ന് റിപ്പോര്‍ട്ട് എഴുതി. ബ്രിട്ടനെതിരായി പ്രസംഗിക്കുകയെന്നത് അന്നൊരു രാജ്യദ്രോഹ കുറ്റമാണ്. യോഹന്നാനോ കൂടെയുള്ളവര്‍ക്കോ ലോകകാര്യങ്ങളില്‍ വലിയ പിടിപാടുകള്‍ ഇല്ലായിരുന്നു.
യോഹന്നാന്‍ സഭയോ മതമോ ഇല്ലാത്തവനായി. തനിക്കും തന്റെ അനുയായികള്‍ക്കും വേറിട്ട ഒരു വേഷവിധാനം യോഹന്നാന്‍ ഒരുക്കിയെടുത്തു. തൂവെള്ള വസ്ത്രം ധരിച്ച, ആഭരണങ്ങളോ ലഹരി വസ്തുക്കളോ ഇല്ലാത്ത സുതാര്യമായൊരു രീതി.
രാജ്യത്തിന്റെ സകല മേഖലയിലും ബ്രിട്ടീഷുകാരും മിഷണറിമാരും പിടിമുറുക്കിയിരുന്ന അക്കാലത്ത് ക്രിസ്തുമത പരിവേഷം വലിയൊരു രക്ഷയായിരുന്നു. എല്ലാ നിയമ സംവിധാനങ്ങളിലും ക്രൈസ്തവര്‍ക്ക് പ്രത്യേക നിയമപരിരക്ഷാ ഇളവുകളും സംവിധാനങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സഭകള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ക്ക് വേഗത കൂടുതലായിരുന്നു. യോഹന്നാനെ കുടുക്കുവാനുള്ള വഴികള്‍ ആലോചിച്ച് സഭകള്‍ തല പുകയ്ക്കുന്ന കാലം. 1910 ല്‍ കുളത്തൂര്‍മലയില്‍ യോഹന്നാന്‍ വലിയൊരു റാലി നടത്തി. പതിനായിരങ്ങള്‍ അതില്‍ പങ്കെടുത്തു. യോഹന്നാന്‍ പാട്ടും പറച്ചിലുമായി ഈ ജാഥ നയിച്ചു. ഈ ജാഥയും അതിലെ പ്രസംഗങ്ങളും ബ്രിട്ടനെതിരാണെന്ന് പോലീസില്‍ പരാതി കിട്ടി. യോഹന്നാന്‍ ബ്രിട്ടനെതിരായി പ്രസംഗിച്ചുവെന്ന കുറ്റം ചുമത്തി കൊടുത്ത പരാതിയില്‍ ചങ്ങനാശ്ശേരി സബ് മജിസ്‌ട്രേറ്റ് കോടതി യോഹന്നാന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കോടതിയില്‍ ഹാജരായ യോഹന്നാന്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെ നിഷേധിച്ചു. താന്‍ ബ്രിട്ടനെയോ ക്രിസ്തുവിനെയോ എതിര്‍ക്കുന്നില്ലെന്നും താന്‍ എതിര്‍ക്കുന്നത് സവര്‍ണ ക്രിസ്ത്യാനികളെയാണെന്നും പറഞ്ഞു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ചോദിച്ച ചോദ്യം ചരിത്രത്തിലെ ഒരു പുതിയ വഴിത്താരയ്ക്ക് നിമിത്തമാകുകയായിരുന്നു.
നിങ്ങളുടെ സഭയുടെ പേരെന്താണ്? മജിസ്‌ട്രേറ്റിന്റെ ചോദ്യം അപ്രതീക്ഷിതമായിരുന്നു. ഇത്രയും നാളും യോഹന്നാനോ അനുയായികള്‍ക്കോ ഒരു സഭയുടെ പേരോ ചട്ടക്കൂടോ ഉണ്ടായിരുന്നില്ല. സമത്വം പറഞ്ഞ് മതം മാറ്റിയിട്ട് സഭകള്‍ ചെയ്ത ചതികളും ദൈവനിഷേധവും പറയുകയായിരുന്നു സുവിശേഷത്തിന്റെ കാതല്‍. ഈ ചോദ്യം യോഹന്നാനെ ഒന്ന് ഞെട്ടിച്ചു. ഈ ഞെട്ടലിനിടയില്‍ സ്വയമറിയാതെ ഒരു പേര് പുറത്തേക്ക്‌വന്നു. അത് ഇതായിരുന്നു. ‘പ്രത്യക്ഷ രക്ഷാ ദൈവസഭ’.
ഇതൊരു ഒന്നൊന്നര പേരായിരുന്നു. ഈ പേര് അതിര്‍വരമ്പുകളില്ലാതെ പ്രചരിച്ചു. യോഹന്നാന്നില്‍ ദൈവസാന്നിദ്ധ്യം നിറയുന്നതും അദ്ദേഹത്തിന് ചുറ്റും ദിവ്യവെളിച്ചം വലയം ചെയ്യുന്നതുമെല്ലാം കണ്ടിട്ടുള്ള അനുയായികള്‍ അന്നേ രക്ഷകനായ ദൈവം പ്രത്യക്ഷപ്പെട്ടുവെന്ന അര്‍ത്ഥത്തില്‍ ഈ കൂട്ടത്തിനെ പ്രത്യക്ഷ രക്ഷാ ദൈവസഭയെന്ന അര്‍ത്ഥത്തില്‍ വിളിച്ചിരുന്നു. യോഹന്നാന്‍ അവര്‍ക്ക് ദൈവം തന്നെയായിരുന്നു. അതിന്റെ അടിച്ചുറപ്പിക്കലായിരുന്നു കോടതിയില്‍ അന്ന് കണ്ടത്. ഈ ദൈവ രക്ഷാസഭയും ക്രൈസ്തവ സഭകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പിന്നെയും തുടര്‍ന്നു. അതിലൊരു സംഭവം ഇങ്ങനെയാണ്.
1914 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ചെങ്ങന്നൂര്‍ വഴി പീരുമേട്ടിലേക്ക് പോകുക ഉണ്ടായി. രാജാക്കന്മാര്‍ പോകുന്ന വഴികളില്‍ നാട്ടുകാരും കരപ്രമാണിമാരും സ്വീകരണം കൊടുക്കുന്ന പരിപാടി അന്ന് ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് ചെങ്ങന്നൂര്‍ കവലയില്‍ സ്വീകരണം കൊടുക്കുവാന്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ തീരുമാനിക്കുകയും അതിനൊരു സ്ഥലം തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് സവര്‍ണ വിഭാഗം മണത്തറിഞ്ഞു. അവര്‍ ഇതിന് തടയിടുവാന്‍ തീരുമാനിച്ചു. അവര്‍ ഇതിന് സ്വീകരിച്ചതന്ത്രം ഇതായിരുന്നു. മഹാരാജാവിന് സവര്‍ണ സഭകള്‍ സ്വീകരണം നല്‍കുക. അവരും ഇതേ സ്ഥലത്ത് സ്വീകരണം പ്രഖ്യാപിച്ചു. യോഹന്നാന്റെ സ്വീകരണത്തിന് അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ കൊടുക്കാതെ നോക്കുക.
ഈ തന്ത്രം വിജയിച്ചു. കണ്ണായ സ്ഥലങ്ങളെല്ലാം സവര്‍ണരുടെ സ്വീകരണ വേദികളായി. യോഹന്നാനും സംഘവും സ്ഥലങ്ങള്‍ കിട്ടാതെ അലഞ്ഞു. ആ അലച്ചിലില്‍ ഒരു സ്ഥലം യോഹന്നാന്റെ കണ്ണില്‍പ്പെട്ടു. ആ പ്രദേശത്തെ ഏറ്റവും വൃത്തികെട്ട സ്ഥലമായിരുന്നു അത്. സ്വീകരണത്തിനായി ആ സ്ഥലം തന്നെ യോഹന്നാന്‍ തെരഞ്ഞെടുത്തു. യോഹന്നാന്റെ ഒരു വാക്ക്. അടിമക്കൂട്ടം രംഗത്തിറങ്ങി. മണിക്കുറുകള്‍ കൊണ്ട് ആ സ്ഥലം കണ്ടാല്‍ തിരിച്ചറിയുവാനാകാത്ത വിധം ചെങ്ങന്നൂരിലെ ഏറ്റവും മനോഹരമായ സ്ഥലമാക്കി മാറ്റി. രാജാവിന് അവിടെ ഗംഭീര സ്വീകരണം നല്‍കി.
ആ കാലഘട്ടത്തിലെ തിരുവിതാംകൂറിന്റെ ചരിത്രത്തിലേക്ക് യോഹന്നാന്‍ നടന്ന് കയറി. തിരുവിതാംകൂര്‍ ദിവാന്‍ തൊട്ട് മഹാത്മാഗാന്ധി വരെയുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. രാജ്യത്തിന്റെ രാജസഭയിലും ജനപ്രതിനിധി സഭയിലും അംഗമായി. അടിമകള്‍ക്ക് വേണ്ടി നിരന്തരം വാദിച്ചു. യോഹന്നാനോടൊപ്പം പ്രത്യക്ഷ ദൈവ രക്ഷാ സഭയും വളര്‍ന്നു. പി.ആര്‍.ഡി.എസ് എന്ന ചുരുക്കപ്പേരില്‍ ഇത് അറിയപ്പെട്ടു. അവര്‍ക്ക് സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും ഉണ്ടായി.
1916 ല്‍ ചങ്ങാനാശ്ശേരിക്കടുത്ത അരയില്‍ യോഹന്നാന്‍ 55 ഏക്കര്‍ ഭൂമി വാങ്ങിച്ച് അനുയായികള്‍ക്ക് വീതിച്ചുകൊടുത്തു. പിറ്റേ കൊല്ലം ഇരവിപേരൂരില്‍ 7 ഏക്കര്‍ വാങ്ങിച്ചു. ഇത് കടം വാങ്ങിയ പണം കൊണ്ടായിരുന്നു. ഇവിടെയാണ് പിന്നീട് സഭാ ആസ്ഥാനം പണിതത്.1929ല്‍ ചങ്ങാനാശ്ശേരിക്ക് അടുത്തുള്ള വെള്ളങ്ങളത്ത് കുന്നില്‍ ഒരേക്കര്‍ ഭൂമി വാങ്ങി ഇംഗ്ലിഷ് മീഡിയം സ്‌കൂളും നെയ്യാറ്റിന്‍കരയില്‍ സഭാ സ്ഥാനവും പണിതു. പിന്നീട് പല സ്ഥലങ്ങളായി 72 ഏക്കറോളം ഭൂമി വാങ്ങി.
സഭകളുടെ ഭാഗത്ത് നിന്നുണ്ടായ നിരന്തരമായ ഏറ്റുമുട്ടല്‍ യോഹന്നാനെ കടുത്ത ക്രൈസ്തവ വിരുദ്ധനാക്കി മാറ്റിയിരുന്നു. എണ്ണി പറയുവാന്‍ കഴിയാത്ത അത്ര തവണ യോഹന്നാന്‍ സഭകളുടെ ആക്രമണത്തില്‍ നിന്നും വധശ്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. യോഹന്നാന്‍ തന്റെ ആശയങ്ങള്‍ പ്രധാനമായും പ്രകടിപ്പിച്ചിരുന്നത് താന്‍ സ്വയം സൃഷ്ടിച്ച് ചൊല്ലുന്ന കവിതകളിലൂടെയാണ്. ഇതിലൊരു അസാധാരണമായ കഴിവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പ്രത്യക്ഷ ദൈവ രക്ഷാ സഭ ശക്തിപ്പെടുകയും അതിന് സ്വന്തം വഴിത്താര വേണമെന്ന ഘട്ടം വരികയും വന്നതോടെ യോഹന്നാന്‍ ബൈബിളിനോട് വിട പറയുവാന്‍ തുടങ്ങി. അപ്പോഴത്തെ കവിത ഇങ്ങനെയായിരുന്നു.
പഴയ നിയമം ഞാന്‍ ഭദ്രമായ് വായിച്ചിട്ടും
സത്യം ഞാന്‍ അറിഞ്ഞില്ലല്ലോ.
പുതിയ നിയമം മുഴുവന്‍ വായിച്ച് ധ്യാനിച്ചിട്ടും
സത്യം ഞാന്‍ അറിഞ്ഞില്ലല്ലോ.
യോഹന്നാന്റെ അനുയായി വൃന്ദം സാംബവ-പറയ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ക്രൈസ്തവ സഭകളുടെ ഇരട്ടത്താപ്പിന്റെ ഇരകളായ ഇവര്‍ക്ക് യഥാര്‍ത്ഥ സ്വത്വത്തിലേക്ക് തിരിച്ച് വരുവാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ക്രൈസ്തവ പശ്ചാത്തലമുള്ള പേരില്‍ നിന്ന് മാറേണ്ടത് യോഹന്നാന്റെ ആവശ്യമായിരുന്നു. ഇതിന് മുമ്പേ ആളുകള്‍ യോഹന്നാനെ പൊയ്കയില്‍ അപ്പച്ചനെന്ന് അഭിസംബോധന ചെയ്ത് തുടങ്ങിയിരുന്നു. യോഹന്നാന്‍ തന്റെ പൂര്‍വ പേരായ കുമാരനിലേക്ക് തിരിച്ചുപോയി. അനുയായികള്‍ അദ്ദേഹത്തെ കുമാര ഗുരുദേവന്‍ എന്ന് വിളിച്ചു. 1939 ജൂലായ് രണ്ടാം തീയതി അപ്പച്ചന്‍ അന്തരിച്ചു. ഇരവിപേരുരാണ് അപ്പച്ചന്റെ സമാധി സ്ഥലം. ഇവിടം ഇപ്പോള്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. അപ്പച്ചന്റെ ജന്മദിനമായ കുഭം 5ന് പതിനായിരക്കണക്കിന് വിശ്വാസികള്‍ ഇവിടെ ഒത്ത് കൂടുന്നു.
പ്രത്യക്ഷ രക്ഷാ ദൈവസഭ ക്രിസ്തുമതത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുമതത്തിന്റെ ഭാഗമാണെന്നും പ്രഖ്യാപിച്ചുകൊണ്ട് ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ജാനമ്മ രംഗത്ത് വരുന്നത് മുതല്‍ ഈ സഭ പുതിയൊരു ഘട്ടത്തിലേക്ക് കയറുന്നു. ഇന്ന് ആഗോളവ്യാപകമായി രണ്ടര ലക്ഷം അപ്പച്ചന്‍ വിശ്വാസികള്‍ ഉണ്ടെന്നാണ് കണക്ക്.
പൊയ്കയില്‍ യോഹന്നാന്‍ അപ്പച്ചന്‍ എന്ന കുമാര ഗുരുദേവന്‍ ഇന്നത്തെ ക്രൈസ്തവ സഭകള്‍ മറക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു അദ്ധ്യായമാണ്. ക്രൈസ്തവ സഭാചരിത്രത്തില്‍ ഇദ്ദേഹത്തിന് സ്ഥാനം തന്നെയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ ചരിത്ര പുസ്തകമായ പ്രൊഫ.റവ.ഡോ.സേവ്യര്‍ കൂടപ്പുഴയുടെ 1491 പേജുകളുള്ള ഭാരത സഭാചരിത്രത്തില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭയെപ്പറ്റി പറയുന്നത് നാലേനാല് വാചകങ്ങളാണ്. അത് ഇങ്ങനെയാണ്. ‘യുയോമയം പോലെ ഹൈന്ദവ- ക്രൈസ്തവ പ്രബോധനങ്ങള്‍ കൂട്ടിക്കുഴച്ച് രൂപം കൊടുത്തതാണ് ഇത്.സാംബവ സമുദായത്തില്‍പ്പെട്ട കുമാരന്‍ സ്‌നാനപ്പെട്ട് പൊയ്കയില്‍ യോഹന്നാന്‍ എന്ന പേര് സ്വീകരിച്ചു. പറയര്‍, പുലയര്‍, തുടങ്ങിയവരില്‍ നിന്ന് അനുയായികളെ ലഭിച്ചു. മരണശേഷം ഭാര്യ ജാനമ്മ സഭാദ്ധ്യക്ഷയായി. ഇപ്പോള്‍ ഇത് ഒരു ഹൈന്ദവ സംഘടനയായിത്തീര്‍ന്നിരിക്കുകയാണ്. യോഹന്നാനെ കുമാര ഗുരുദേവനായി കരുതി അനുയായികള്‍ ആരാധിക്കുന്നു. ഇരവിപേരൂരാണ് (തിരുവല്ല) ഇത് ആരംഭിച്ചത്.
പൊയ്കയില്‍ കുമാര ഗുരുദേവനെപ്പോലെ സഭാപീഡനം സഹിക്കവയ്യാതെ സഭകളോട് വിടപറഞ്ഞ നിരവധി പേരുണ്ട്. ഇതില്‍പ്പെട്ട ഒരാളായിരുന്നു കവിയൂര്‍ കെ.സി.തോമസ്. ദളിത് ക്രൈസ്തവനായി മുദ്ര കുത്തി മാറ്റിനിര്‍ത്തപ്പെട്ട ഇദ്ദേഹം ഹിന്ദുമതം സ്വീകരിക്കുകയും തന്റെ പേര് കവിയൂര്‍ കെ.സി.രാജ് എന്നാക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹം സന്യാസം സ്വീകരിച്ച് കവിയൂര്‍ കെ.സി.രാജ് എന്നറിയപ്പെട്ടു. 2000-ഓളം പേരാണ് കെ.സി.തോമസിനോടൊപ്പം ക്രിസ്തുമതം ഉപേക്ഷിച്ചത്.
ഒരു ഭാഗത്ത് ആഞ്ഞുപിടിച്ച മതപരിവര്‍ത്തനം നടക്കുമ്പോള്‍ മറുഭാഗത്ത് ഇതിന്റെ ശോഭ കെടുത്തുന്ന രീതിയിലുള്ള കൊഴിഞ്ഞുപോക്ക് സഭയെ വിഷമത്തിലാക്കി. ഇതിന് പരിഹാരമായി മിഷണറിമാര്‍ ഒരു ഓഫര്‍ പ്രഖ്യാപിച്ചു. മതം മാറി ക്രിസ്ത്യാനിയാകുന്നവര്‍ക്ക് സൗജന്യമായി ഭൂമി നല്‍കും. ഈ വാഗ്ദാനത്തില്‍പ്പെട്ട് മതം മാറിയവര്‍ക്ക് നിരവധി വനപ്രദേങ്ങള്‍ പതിച്ച് നല്‍കി. കേരളത്തില്‍ സഭകളും ബ്രിട്ടീഷുകാരും ചേര്‍ന്ന് നടത്തിയ വലിയ വനം കയ്യേറ്റത്തിന്റെ തുടക്കം കുറിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇവിടങ്ങൡലെല്ലാം ദളിത് ക്രൈസ്തവ ദേവാലയങ്ങള്‍ മുളച്ച് പൊങ്ങി.
1879 ല്‍ ജനിച്ച കുമാര ഗുരുദേവന്റെ സമകാലികനായിരുന്നു ചട്ടമ്പിസ്വാമികള്‍ എന്നറിയപ്പെട്ട വിദ്യാധിരാജ സ്വാമികള്‍. 1853 ലായിരുന്നു സ്വാമികളുടെ ജനനം. ഇദ്ദേഹം മിഷണറിമാരുമായിട്ട് നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ഒരാളായിരുന്നു. മിഷണറി പ്രവര്‍ത്തനം അന്ന് സകല സീമകളെയും ലംഘിച്ച് ധിക്കാരത്തിന്റെ ഒരു ഭാഷയിലെത്തിയിരുന്നു. തങ്ങള്‍ പറയുന്നതു മാത്രമാണ് ശരിയെന്ന വാദവും അന്യമതനിന്ദയും മിഷണറി പ്രവര്‍ത്തനത്തിന്റെ പ്രധാന രീതിയായിരുന്നു. ഹിന്ദു ഭവനങ്ങളും വഴിയോരങ്ങളും മുതല്‍ അമ്പലമുറ്റം വരെ ഇവര്‍ സുവിശേഷ വേദികളാക്കി. ഹിന്ദു സമുഹമായിരുന്നു ഇരകള്‍. ഉല്‍സവപറമ്പുകളിലും വിശേഷ ദിവസങ്ങളിലും ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന രീതിയില്‍ സ്വന്തം മതം പ്രചരിപ്പിക്കുവാന്‍ മിഷണറിമാര്‍ എത്തിയിരുന്നു. അസഹനീയമായ ഈ നിരന്തര അപമാനിക്കലിനെതിരെയുള്ള ഒരു പ്രതികരണവും താക്കീതുമായിരുന്നു ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതഛേദനം എന്ന പുസ്തകം. ഇന്ത്യയിലെ ആദ്യത്തെ ബൈബിള്‍ വിമര്‍ശക ഗ്രന്ഥമായി ഇതിനെ കണക്കാക്കാം.
സ്വാമിജി ക്രിസ്തുമതചേ്ഛദനം എഴുതുവാനുണ്ടായ കാരണം ഈ പുസ്തകത്തിന്റെ മുഖവുരയില്‍ ഉണ്ട്. ക്രിസ്തുമത ഉപദേശിമാര്‍ നീചതന്ത്രവും ഹീനമാര്‍ഗവും ഉപയോഗിച്ച് ഹിന്ദുക്കളെ ആക്ഷേപിക്കുകയും മതം മാറി ക്രിസ്ത്യാനികളാകുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ആ കാലഘട്ടത്തില്‍ ഒരൊറ്റ ഹിന്ദുവും ഈ അന്യായത്തെ എതിര്‍ക്കാന്‍ മുന്നോട്ട് വന്നില്ല എന്ന ദു:ഖസത്യം ശ്രീമദ് വിദ്യാനന്ദ തീര്‍ത്ഥപാദര്‍ വെളിപ്പെടുത്തുന്നു. ക്രിസ്ത്യന്‍ പാതിരിയാല്‍ ഹിന്ദു മത്തെയും ഈശ്വരനെയും ശ്രുതി, സ്മൃതി, ആപ്തവാക്യങ്ങള്‍ തുടങ്ങിയവയെയും കുറിച്ച് ദുഷ്പ്രചരണം നടത്തുന്നതിന് ധാരാളം പുസ്തകങ്ങള്‍ എഴുതി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഹിന്ദു മതതത്വങ്ങള്‍ അവര്‍ക്ക് ഒട്ടും അറിയില്ലായിരുന്നു. ക്രിസ്തുമതത്തെക്കുറിച്ചും അവര്‍ പഠിച്ചിട്ടല്ല പ്രചരണം നടത്തിയത്. ഈ പരിതഃസ്ഥിതിയില്‍ ഹിന്ദു സമാജത്തിന്റെ നേര്‍ക്കുള്ള ക്രിസ്ത്യാനികളുടെ ആക്രമണത്തെയും ഹിന്ദുക്കളുടെ നിഷ്‌ക്രിയ നിലപാടിനെയും കണ്ട് ദുഃഖിതനായ സ്വാമിജി ഭാരതീയ ദര്‍ശകന്മാര്‍ക്ക് യോജിച്ച രീതിയില്‍ ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ച് സത്യം വെളിപ്പെടുത്തുന്നു.
നിരന്തരമായി ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപ്രചരണത്തിന് എത്തിയിരുന്ന ഒരു സ്ഥലമായിരുന്നു ഏറ്റുമാനൂര്‍ ക്ഷേത്രം. ക്രിസ്തുമതച്‌ഛേദനം എഴുതിയ സ്വാമികള്‍ ഈ പുസ്തകത്തിന്റെ ആദ്യ പ്രകാശന വേദിയാക്കിയത് ഏറ്റുമാനൂരിനെയായിരുന്നു. തന്റെ ശിഷ്യനായ കാളികാവ് നീലകണ്ഠപിള്ളയെക്കൊണ്ട് ഈ പുസ്തകം മുഴുവന്‍ ഉച്ചത്തില്‍ പ്രസംഗിപ്പിച്ചു. മറ്റൊരു ശിഷ്യനായ കരുവാ കൃഷ്ണനാശാനും സ്വാമികളുടെ പുസ്തകത്തിന്റെ പ്രചാരകനായി മാറി.