അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ആരംഭത്തോടെ രാമജന്മഭൂമി പ്രക്ഷോഭം അവസാനിച്ചു. ഇനി ഭഗവാന്‍ ശ്രീരാമന്‍ എന്ന വിഷയവും സമാപ്തമാകുമോ?
♠ശ്രീരാമക്ഷേത്രത്തിന്റെ ശിലാന്യാസം 1989നും മുമ്പുതന്നെ നടന്നിരുന്നു. 2020 ആഗസ്റ്റ് 5ന് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ആരംഭം കുറിക്കുകയാണ് ചെയ്തത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമിക്ക് വേണ്ടിയാണ് രാമജന്മഭൂമി പ്രക്ഷോഭം നടന്നത്. സുപ്രീംകോടതി വിധിയനുസരിച്ച് ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു. ഈ ട്രസ്റ്റിന് ക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ടി ഭൂമിയും നല്‍കി. അതോടെ പ്രക്ഷോഭം അവസാനിച്ചു. എന്നാല്‍ ഭഗവാന്‍ ശ്രീരാമന്‍ എന്ന വിഷയം ഒരിക്കലും അവസാനിക്കുന്നില്ല. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ആരാധ്യദേവന്‍ മാത്രമല്ല മാതൃകാപുരുഷന്‍ കൂടിയാണ് ശ്രീരാമന്‍. ഭാരതത്തിന്റെ അഭിമാനജനകമായ ഭൂതകാലത്തിന്റെ അവിഭാജ്യ ഘടകമാണ് ശ്രീരാമന്‍. ഈ ഭൂതകാലം ഭാരതത്തിന്റെ വര്‍ത്തമാനകാലത്തെയും ഭാവിയെയും സ്വാധീനിക്കുന്നതാണ്. രാമന്‍ ഉണ്ടായിരുന്നു; ഉണ്ട്; ഉണ്ടാവുകയും ചെയ്യും. എന്നാണോ ശ്രീരാമന്‍ ഉണ്ടായത് അന്നുമുതല്‍ ഈ വിഷയവും ഉണ്ട്, ഭാവിയിലും ഉണ്ടാവും. ട്രസ്റ്റിന്റെ രൂപീകരണത്തോടെ രാമജന്മഭൂമി പ്രക്ഷോഭം അവസാനിച്ചു.
കാശി വിശ്വനാഥക്ഷേത്രത്തിന്റെ ഭൂമിയും മഥുരാ ശ്രീകൃഷ്ണ ജന്മഭൂമിയും വിട്ടുകിട്ടുന്നതിനുള്ള പ്രക്ഷോഭം ഭാവിയില്‍ ഉണ്ടാകുമോ?
♠നമുക്കറിയില്ല, എന്തെന്നാല്‍ നമ്മള്‍ പ്രക്ഷോഭം നടത്തുന്നവരല്ല. രാമജന്മഭൂമി പ്രക്ഷോഭവും നമ്മളല്ല ആരംഭിച്ചത്, സമാജം വളരെ മുമ്പുതന്നെ രാമജന്മഭൂമിക്കുവേണ്ടി പ്രക്ഷോഭം നടത്തിയിരുന്നു. അശോക് സിംഗാള്‍ജി വിശ്വഹിന്ദുപരിഷത്തില്‍ എത്തുന്നതിനും മുമ്പേ ഈ പ്രക്ഷോഭം തുടങ്ങിയിരുന്നു. പിന്നീട് വിശ്വഹിന്ദുപരിഷത്ത് ഏറ്റെടുത്തു. ഈ പ്രക്ഷോഭത്തിന് ആരംഭം കുറിച്ചത് നമ്മളല്ല; ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു. ഏതെങ്കിലും പ്രക്ഷോഭം തുടങ്ങുക എന്നത് നമ്മുടെ അജണ്ടയിലില്ല. ഓരോ വ്യക്തിയിലും മാനസിക പരിവര്‍ത്തനം വരുത്തുകയാണ് നാം ചെയ്യുന്നത്. ഹിന്ദുസമാജം എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. അത് ഭാവികാര്യമാണ്; അതിനെപ്പറ്റി ഒന്നും പറയാന്‍ കഴിയില്ല. നമ്മള്‍ ഒരു പ്രക്ഷോഭവും ആരംഭിക്കാറില്ല.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനുശേഷം, ക്ഷേത്രം പൂജകളും പ്രാര്‍ത്ഥനകളുമായി ഒതുങ്ങുമോ അതോ കൂടുതലായി എന്തെങ്കിലും പ്രതീക്ഷകളുണ്ടോ?
♠പൂജകള്‍ നടത്താനായി നമുക്ക് ധാരാളം ക്ഷേത്രങ്ങളുണ്ട്. അതിനുവേണ്ടി ഇത്രയും നീണ്ട പ്രക്ഷോഭം നടത്തേണ്ട ആവശ്യമില്ല. ഭാരതത്തിന്റെ ധര്‍മ്മത്തെയും ധൈര്യത്തെയും നശിപ്പിക്കുന്നതിനാണ് ഈ പ്രമുഖ ക്ഷേത്രം നശിപ്പിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ഹിന്ദുസമൂഹം ആഗ്രഹിച്ചത്. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ക്ഷേത്രം ഉയരുകയാണ്. എന്നാല്‍ കേവലം ക്ഷേത്രത്തിന്റെ പ്രതീകം ഉയരുന്നതുകൊണ്ട് കാര്യമില്ല. ഏത് മൂല്യങ്ങളെയും ആചാരങ്ങളെയുമാണോ പ്രതിനിധീകരിക്കുന്നത് അതിനനുസരിച്ചുള്ള ക്ഷേത്രം നിര്‍മ്മിക്കണം. ക്ഷേത്രം അവി ടെ ഉയരും. ഇനി നാം എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റിയാണ് ആഗസ്റ്റ് 5ന് ഞാന്‍ പറഞ്ഞത്. ‘പരമവൈഭവ സമ്പന്നമായ വിശ്വഗുരു’വായി ഭാരതത്തെ മാറ്റുന്നതിന് ഭാരതത്തിലെ ഓരോ വ്യക്തിയേയും അത്തരമൊരു ഭാരത നിര്‍മ്മിതിക്കായി യോഗ്യമാക്കണം. അതുകൊണ്ട് രാമക്ഷേത്രം ഉയരുന്നതോടൊപ്പം തന്നെ ഓരോ ഭാരതീയന്റെയും മനസ്സില്‍ അയോദ്ധ്യ ഉണരണം. മനസ്സിലെ അയോദ്ധ്യ എന്താണെന്ന് രാമചരിതമാനസത്തിലെ വരികളിലൂടെ വ്യക്തമാക്കാം.
കാമ് കോഹ് മദ് മാന്‍ ന മോഹാ!
ലോഭ് ന ഛോഭ് ന രാഗ് ന ദ്രോഹാ!!
ജിനഹ് കേം കപട് ഭംഭ് നഹി മായാ!
തിനഹ് കേം ഹൃദയ് ബസഹു രഘുരായാ!!
രാമനില്‍ അഭിരമിക്കുന്ന വ്യക്തികളുടെ മനസ്സിലെ അയോദ്ധ്യ ഇങ്ങിനെയാണ്. ഓരോ ഭാരതീയനും അവന്റെ മനസ്സ് ഇങ്ങനെയാക്കണം.
ജാതി പാന്തി ധനു ധരമു ബഡായി,
പ്രിയ് പരിവാര്‍ സദന്‍ സുഖദായി
സബ് തജി തുമ്ഹഹി രഹായി ഉര്‍ലായി,
തേഹി കേ ഹൃദയേം രഹഹു രഘുരായി
രാമന്‍ എല്ലാവര്‍ക്കും അഭിമാനിക്കേണ്ട കാര്യമാണ്. അങ്ങനെ അഭിമാനിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഇതിനെച്ചൊല്ലി ഭേദചിന്തയും സ്വാര്‍ത്ഥതയും ഉണ്ടാവുന്നത് ഉചിതമല്ല. ‘സബ് തജി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സന്ന്യസിച്ച് ഹിമാലയത്തിലേക്ക് പോകണം എന്നല്ല. മറിച്ച് ഏതിനെയാണോ നമ്മുടെ മനസ്സ് മോഹിക്കുന്നത് അതിനെ ഉപേക്ഷിക്കണം എന്നാണ്. ഹൃദയത്തില്‍ രാമനെ തന്നെ ഏകാഗ്രമാക്കിവെച്ച്, അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും മൂല്യങ്ങളെയും മനസ്സില്‍ സൂക്ഷിക്കൂ. ‘തേഹി കേ ഹൃദയേം രഹഹു രഘുരായി.’ രാമനുവേണ്ടി ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് ആഗ്രഹം. ഈ സങ്കല്പത്തിന് ആദരവ് നല്‍കണം. നമ്മുടെ ആദര്‍ശമായ രാമക്ഷേത്രത്തെ തകര്‍ത്ത് നമ്മെ അപമാനിച്ചു. അതുകൊണ്ട് രാമക്ഷേത്രം വലുതാക്കി പുനര്‍നിര്‍മ്മിക്കണം.
ശ്രീരാമന്‍ നമ്മുടെ മാതൃകയായിട്ടും നമ്മുടെ രാജ്യത്ത് അനാചാരങ്ങളും ചീത്ത സമ്പ്രദായങ്ങളും ഉണ്ട്; ഇത് നിര്‍ത്തലാക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്? നമ്മുടെ മതാചാര്യന്മാരും ഇതില്‍ പങ്കാളിത്തം വഹിക്കണോ?
♠മതാചാര്യന്മാര്‍ ഏത് വിധത്തിലുള്ള പങ്കാളിത്തമാണ് നല്‍കേണ്ടത് എന്ന് ഞാന്‍ ഉപദേശിക്കുന്നില്ല. പക്ഷേ സമാജത്തിന്റെ ആചരണം ശുദ്ധമാവണം. അതിനുവേണ്ടി ധര്‍മ്മം ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകള്‍ ഉണ്ട്. ധര്‍മ്മ വ്യവസ്ഥകള്‍ തീരുമാനിക്കുന്നത് ‘ആചാര ധര്‍മ്മ’ മാണ്. സത്യം, അഹിംസ, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ശൗചം, സ്വാധ്യായം, സന്തോഷം, തപസ്സ് എന്നിവയെല്ലാം ശാശ്വതധര്‍മ്മങ്ങളാണ്. എന്നാല്‍ ഇവയുടെ നിര്‍വ്വഹണം ദേശം, കാലം, സാഹചര്യം, വ്യക്തി എന്നിവയെ അനുസരിച്ചാണ്.
ശിബി രാജാവിന്റെ പഴയ കഥയുണ്ട്. പരുന്തില്‍ നിന്നും തന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി ഒരു പ്രാവ് ശിബി രാജാവിനെ സമീപിച്ച് അദ്ദേഹത്തിന്റെ പിറകില്‍ ഒളിച്ചു. പ്രാവ് തന്നെ ആശ്രയിച്ച് വന്നതിനാല്‍ അതിന്റെ ജീവന്‍ രക്ഷിക്കേണ്ടത് തന്റെ ധര്‍മ്മമാണെന്ന് ശിബി കരുതി. പിറകെ വന്ന പരുന്ത് തന്റെ ഭക്ഷണമായ പ്രാവിനെ അന്വേഷിച്ചു. പ്രാവിനെ രക്ഷിക്കേണ്ടത് തന്റെ ധര്‍മ്മമാണെന്ന് രാജാവ് പറഞ്ഞു. അപ്പോള്‍ പരുന്ത് പറഞ്ഞു: ”പ്രകൃതി നിയമമനുസരിച്ച് പ്രാവിനെ തിന്ന് വിശപ്പടക്കുക എന്നതാണ് എന്റെ ധര്‍മ്മം. എന്നെ പട്ടിണിക്കിട്ട് താങ്കള്‍ അധര്‍മ്മം ചെയ്യുകയാണ്. പ്രാവിന്റെ ജീവന്‍ രക്ഷിച്ച് താങ്കള്‍ക്ക് സ്വധര്‍മ്മം നിറവേറ്റാന്‍ കഴിയില്ല.” ഇവിടെ രാജാവിനും പ്രാവിനും പരുന്തിനും വേറെവേറെ ധര്‍മ്മമാണ്. ഈ മൂന്ന് ധര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നതിനു വേണ്ടി പരുന്തിന്റെ വയര്‍ നിറയ്ക്കാന്‍ തന്റെ മാംസം നല്‍കാമെന്ന് ശിബി മഹാരാജാവ് വാക്ക് നല്‍കി.
ദേശം, കാലം, സാഹചര്യം, വ്യക്തിയുടെ സ്വഭാവം എന്നിവയ്ക്ക് അനുകൂലമായി കര്‍ത്തവ്യരൂപത്തില്‍ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിനെയാണ് ‘ആചാര ധര്‍മ്മം’ എന്നു പറയുന്നത്. നമുക്ക് ധാരാളം പുരാതന സ്മൃതികളുണ്ട്. അതില്‍ അവസാനത്തേത് ദേവല സ്മൃതിയാണെന്ന് പറയപ്പെടുന്നു. ഈ സ്മൃതിയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തെപ്പറ്റിയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുന്നവരെ തിരിച്ചുകൊണ്ടു വരുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. അന്ന് നമുക്ക് ആവശ്യമുണ്ടെന്ന് തോന്നുന്ന കാര്യങ്ങളാണ് അന്നത്തെ സ്മൃതികളില്‍ എഴുതിയിരുന്നത്. പത്താം നൂറ്റാണ്ടോടെ ദേവല സ്മൃതി ഇല്ലാതായി. അതിനുശേഷം ആയിരം വര്‍ഷങ്ങളോളം ഒരു സ്മൃതിയും ഉണ്ടായില്ല. അതുകൊണ്ട് തോന്നിയതുപോലെ ജനങ്ങള്‍ ജീവിക്കുന്നു. ഭാരതീയ ധര്‍മ്മത്തിലെ മുഴുവന്‍ മതാചാര്യന്മാരും ഒരുമിച്ചിരുന്ന്, മുഴുവന്‍ സമാജത്തെയും അവലോകനം ചെയ്ത്, ഇന്നത്തെ എല്ലാ ഭാരതീയര്‍ക്കും അനുകൂലമായ, ലളിതമായ ആചരണങ്ങളോടു കൂടിയ, ലോകം ആഗ്രഹിക്കുന്ന നമ്മുടെ പരമ്പരാഗത ആദര്‍ശങ്ങളോടുകൂടിയ, ശരിയായ ജീവിതം നയിക്കാന്‍ പ്രാപ്തമാകുന്ന ഒരു ആചാര വ്യവസ്ഥ ഉണ്ടാക്കണം. അത്തരമൊരു വ്യവസ്ഥ ഇന്ന് അത്യാവശ്യമാണ്.
താങ്കള്‍ ഇപ്പോള്‍ സ്മൃതികളെപ്പറ്റി പരാമര്‍ശിച്ചുവല്ലോ? കാലത്തിനനുസരിച്ച് പരിവര്‍ത്തനം ചെയ്യേണ്ട ധാരാളം സ്മൃതികളും മതഗ്രന്ഥങ്ങളുമുണ്ട്. ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?
♠ഭാരതീയ സമാജം ഗ്രന്ഥങ്ങളെ അനുസരിച്ചല്ല മുന്നോട്ട് നീങ്ങുന്നത്. അങ്ങനെയാണെങ്കില്‍ ഏകനാഥ മഹാരാജ് രാമേശ്വരത്ത് പോയപ്പോള്‍ കഴുതയെക്കൊണ്ട് ഗംഗയിലെ ജലം കുടിപ്പിക്കില്ലായിരുന്നു. കാലപരിധി(out of date) കഴിഞ്ഞ നിരവധി കാര്യങ്ങള്‍ ഗ്രന്ഥങ്ങളിലുണ്ട്. ധര്‍മ്മത്തിന് പ്രാധാന്യം കൊടുക്കുന്ന ഭാരതീയസമാജം കാലപരിധി കഴിഞ്ഞ ഗ്രന്ഥകാര്യങ്ങളെ ഉപേക്ഷിച്ച് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനെ ധര്‍മ്മവിരുദ്ധമെന്ന് കരുതാനോ ശപിക്കാനോ ആരും തയ്യാറാവില്ല. കാരണം ഗ്രന്ഥങ്ങളിലുള്ളത് ദേശം, കാലം, സാഹചര്യം എന്നിവയ്ക്കനുസരിച്ച് മാറുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. മാറുന്നതിനനുസരിച്ച് പുതിയ വാക്കുകളും അര്‍ത്ഥങ്ങളും ഉണ്ടാവുന്നു. ഭഗവദ്ഗീതയില്‍ യാതൊരുവിധ കൂട്ടിച്ചേര്‍ക്കലുകളും ഇല്ലെന്ന് പറയുന്നു. ഉപനിഷത്തുകളിലും വായ്‌മൊഴി രൂപത്തില്‍ സുരക്ഷിതമായ വേദങ്ങളിലും മായം ചേര്‍ക്കലില്ല. മഹാഭാരതകഥ ആദ്യം പറയുമ്പോള്‍ 8800 ശ്ലോകങ്ങളായിരുന്നുവെന്നും പൂര്‍ണ്ണഗ്രന്ഥമായി ലഭിച്ചപ്പോള്‍ ഒരു ലക്ഷം ശ്ലോകങ്ങള്‍ ഉണ്ടെന്നും മഹാഭാരതത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ബാക്കി ശ്ലോകങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തവയാണ്. ഇതില്‍ നിന്നും കാലപരിധിക്ക് പുറത്തായവയെ ഒഴിവാക്കുകയും കാലത്തിന് അനുയോജ്യമായ, നമ്മുടെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നു നില്‍ക്കുന്നവയെ സ്വീകരിക്കുകയും വേണം. ഇങ്ങനെ ആരെങ്കിലും ചിന്തിച്ചാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഇത് ചെയ്യാനുള്ള അധികാരം അതിന് കഴിവുള്ള നമ്മുടെ ധര്‍മ്മാചാര്യന്മാര്‍ക്കാണ്. മറ്റുള്ളവര്‍ ഇതിനു മുതിരേണ്ട ആവശ്യമില്ല. അവര്‍ക്ക് ഇതിനുവേണ്ടി മതാചാര്യന്മാരോട് അപേക്ഷിക്കാം. നിരവധിപേര്‍ ഇത് ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രീയത്തിലില്ലാത്ത, സ്വാര്‍ത്ഥ താല്പര്യങ്ങളില്ലാത്ത സമൂഹത്തിലെ ഉന്നതരും നല്ലവരുമായ വ്യക്തികള്‍ ഇങ്ങനെ വേണ്ട എന്ന് ചിന്തിച്ചാല്‍ അത് സ്വീകരിക്കണം.
നമ്മുടെ സമാജത്തില്‍ അനേകം ഉപാസനാ സമ്പ്രദായങ്ങളുണ്ട്. ഇവയെല്ലാം ഒന്നിച്ച് ചേര്‍ക്കുകയാണെങ്കില്‍ നമ്മുടെ സമാജം ശക്തമാകും. ഇതിനുവേണ്ടി രാമക്ഷേത്രം മാതൃകയായി നിലകൊള്ളുമോ?
♠എന്തുകൊണ്ടില്ല? രാമായണത്തിലും രാമചരിതമാനസത്തിലും ആരെ പൂജിക്കണമെന്ന് പറഞ്ഞിട്ടില്ല; മറിച്ച് സത്യം പറയണമെന്നും അന്യായങ്ങളും അതിക്രമങ്ങളും ചെയ്യരുതെന്നും അഹങ്കരിക്കരുതെന്നുമാണ് പറഞ്ഞത്. പൂജാസമ്പ്രദായങ്ങള്‍ അനേകമുണ്ട്. നമ്മളോരോരുത്തരും സ്വന്തം പൂജാസമ്പ്രദായങ്ങളുമായി സന്തോഷത്തോടെ മുന്നോട്ട് നീങ്ങുകയാണ്. മറ്റുള്ളവരുടെ ആരാധനാരീതികളെയും നമ്മുടേതുപോലെ പവിത്രമെന്ന് കരുതി സ്വീകരിക്കുന്നു. ഇങ്ങനെ പരസ്പരം ഐക്യപ്പെട്ടു മുന്നോട്ടുപോയാല്‍ സമാജത്തിനും ധര്‍മ്മത്തിനും ദേശത്തിനും അഭിവൃദ്ധിയുണ്ടാവും. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലും ഈ കാര്യങ്ങള്‍ ഉണ്ട്. ഭരണഘടനയിലെ ആമുഖം (preamble) പൗരന്റെ കര്‍ത്തവ്യങ്ങള്‍, പൗരാവകാശം, നീതിനിര്‍ദ്ദേശക തത്ത്വങ്ങള്‍ എന്നിവയിലെല്ലാം ഇക്കാര്യം പറയുന്നുണ്ട്. നമ്മുടെ രാജ്യത്ത് വൈവിധ്യം മുമ്പുതന്നെയുണ്ട്. രാമന്റെ കാലത്തെപ്പറ്റി ചിന്തിക്കുകയാണെങ്കില്‍ ആ സമയത്ത് ഏത് വിശ്വാസമാണ് ഉണ്ടായിരുന്നിരിക്കുക? ശൈവ, വൈഷ്ണവ സമ്പ്രദായങ്ങളാണ് പ്രധാനപ്പെട്ട രണ്ടെണ്ണം. ശിവ ഭഗവാന്‍ രാമനേയും രാമന്‍ ശിവനേയും ആരാധിക്കുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത രീതികളാണെങ്കിലും പരസ്പരം ഐക്യവും ആത്മീയതയും ഉണ്ട്. ഒരുമിച്ച് നില്‍ക്കാനുള്ള ഈ സന്ദേശമാണ് രാമായണം നല്‍കുന്നത്. ഇതുതന്നെയാണ് നമ്മുടെ എല്ലാ പരമ്പരകളുടെയും സന്ദേശം. ഓരോ വ്യക്തിയുടെയും ബാഹ്യരൂപം വേറെവേറെയാണെങ്കിലും അവരുടെ ഉള്ളില്‍ കുടികൊള്ളുന്ന സത്യം ഒന്നായതുകൊണ്ട് എല്ലാവരും ഒന്നാണ്. ഇതാണ് നാം നല്‍കുന്ന സന്ദേശം. ആരാധനാരീതികള്‍ വ്യത്യസ്തമാണെങ്കിലും ഈ ആദര്‍ശവുമായി മുന്നോട്ടു നീങ്ങിയാല്‍ എല്ലാവരുടേയും വികസനവും ദേശത്തിന്റെ പുരോഗതിയും സാധ്യമാവും. സമാജത്തില്‍ ശാന്തിയും സൗഹാര്‍ദ്ദവും വിളയാടും.
രാമക്ഷേത്രത്തെ മാതൃകയാക്കി ഹിന്ദുധര്‍മ്മത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ചുചേര്‍ന്നാല്‍ സമാജം ശക്തിശാലിയാവും. എന്നാല്‍ നമ്മുടെ രാജ്യത്ത് മുസ്ലീങ്ങളും ക്രിസ്ത്യാനികളുമുണ്ട്. അവരെ നമ്മുടെ വിചാരധാരയിലേക്ക് കൊണ്ടുവരുവാന്‍ എന്താണ് ചെയ്യേണ്ടത്?
♠അവരെ കൊണ്ടുവരേണ്ട കാര്യമില്ല. അവര്‍ ഇതില്‍ നിന്നും പുറത്തുപോകാതിരുന്നാല്‍ മതി. മുസല്‍മാനായ രസ്ഖാനെക്കുറിച്ച് താങ്കള്‍ കേട്ടിട്ടുണ്ടാകുമല്ലോ. കൃഷ്ണഭക്തനായ അദ്ദേഹം ഇസ്ലാമിനെ ഉപേക്ഷിക്കാതെ തന്നെ കൃഷ്ണനെക്കുറിച്ച് മനോഹരമായ കാവ്യം രചിച്ചു. ശേഖ് മുഹമ്മദ് വിട്ടല ഭക്തനായിരുന്നു. ഇതൊന്നും പഴയ കാര്യങ്ങളല്ല. ശ്രീരാമകൃഷ്ണപരമഹംസര്‍ ഇസ്ലാം, ക്രൈസ്തവ ആരാധനാരീതികള്‍ സ്വീകരിച്ചിരുന്നു. എല്ലാ മതവിശ്വാസങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് എത്തിച്ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോള്‍ ബ്രണ്ടന്‍ രമണമഹര്‍ഷിയോട് തനിക്ക് ഹിന്ദുവാകാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ ‘നിങ്ങള്‍ ക്രിസ്തുമതത്തിലാണ് ജനിച്ചത്. അതുകൊണ്ട് ക്രിസ്ത്യാനിയായി തന്നെ തുടരൂ. ഒരു ഹിന്ദുവിന് നല്ല ഹിന്ദുവായാല്‍ എന്താണോ ലഭിക്കുന്നത് അതുതന്നെ നിങ്ങള്‍ക്കും ലഭിക്കും’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇതാണ് ഭാരതത്തിന്റെ പാരമ്പര്യം. ചില യാഥാസ്ഥിതികര്‍ ഈ രീതിയെ എതിര്‍ത്തപ്പോള്‍ ശിവാജി മഹാരാജാവ് അവരെ തടഞ്ഞു. അദ്ദേഹത്തിന്റെ നാവികസേനയില്‍ മുസ്ലീങ്ങളും ഉണ്ടായിരുന്നു.
മഹാറാണാ പ്രതാപിന്റെ സൈന്യത്തിലെ മുസ്ലീങ്ങള്‍ അക്ബറിനെ ഹല്‍ദിഘട്ടില്‍ തടഞ്ഞിരുന്നു. ഇങ്ങനെ ചരിത്രത്തിന്റെ ഓരോ വഴിത്തിരിവിലും എല്ലാവരും ഒന്നിച്ചു നിന്നതായി കാണാം. ഭാരതത്തോടും ഭാരതത്തിന്റെ സംസ്‌കാരത്തോടും ഭക്തി ഉണ്ടാവുകയും നമ്മുടെ പൂര്‍വ്വികരില്‍ അഭിമാനം കൊള്ളുകയും ചെയ്യുമ്പോള്‍ എല്ലാ ഭേദഭാവങ്ങളും ഇല്ലാതാവും. എന്നാല്‍ ചിലരുടെ സ്വാര്‍ത്ഥതയ്ക്ക് ഇത് തിരിച്ചടിയുണ്ടാക്കുമ്പോള്‍, അവര്‍ വീണ്ടും വീണ്ടും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. എല്ലാവരും വളരെക്കാലം ഒരുമിച്ച് നിന്ന ഒരേയൊരു ദേശം ഭാരതം മാത്രമാണ്. ഭാരതത്തിലെ മുസ്ലീങ്ങളാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സുഖം അനുഭവിക്കുന്നത്. ഒരു രാജ്യത്തെ ജനതയെ, ആ രാജ്യത്ത് നിലവിലില്ലാത്ത മതവിശ്വാസികള്‍ ഭരിച്ച ചരിത്രം ഭാരതത്തില്‍ മാത്രമേ ഉള്ളൂ. ഇസ്ലാമിന്റെ ആക്രമണത്തിനും കുറച്ച് മുമ്പാണ് മുസ്ലീങ്ങള്‍ ഭാരതത്തിലേക്ക് വന്നത്. അസംഖ്യം മുസ്ലീം ആക്രമണകാരികള്‍ വന്ന് ഇവിടെ സംഘര്‍ഷവും യുദ്ധവും രക്തച്ചൊരിച്ചിലും നടത്തി ശത്രുത സൃഷ്ടിച്ചു. എന്നിട്ടും ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ട്. അവരോട് ആരും മോശമായി പെരുമാറുന്നില്ല; അവര്‍ക്ക് എല്ലാ അവകാശങ്ങളും ലഭിക്കുന്നു. എന്നാല്‍ പാകിസ്ഥാനില്‍ മുസ്ലീം ഇതര മതസ്ഥര്‍ക്ക് ഈ അവകാശങ്ങള്‍ ലഭിക്കുന്നില്ല. ഹിന്ദുസ്ഥാന്‍ വിഭജിച്ചപ്പോള്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി പാകിസ്ഥാന്‍ സൃഷ്ടിച്ചു. അന്നത്തെ സാഹചര്യം കണക്കിലെടുത്ത് ‘ഭാരതത്തില്‍ ഹിന്ദുക്കളുടെ ഭരണം മാത്രമേ നടക്കുകയുള്ളൂ, പോകണമെങ്കില്‍ ഇപ്പോള്‍ പോകാം, അല്ലെങ്കില്‍ ഹിന്ദുവിന് താഴെയായി ജീവിക്കേണ്ടിവരും’ എന്നൊന്നും നമ്മുടെ ഭരണഘടന പറഞ്ഞില്ല. നമ്മുടെ ഭരണഘടനാസഭയില്‍ എല്ലാതരത്തിലുള്ള ആള്‍ക്കാരും ഉണ്ടായിരുന്നു. ജനസംഖ്യയില്‍ പരിവര്‍ത്തനം വേണമെന്ന് ബാബാസാഹേബ് അംബേദ്കര്‍ ചിന്തിച്ചിരുന്നു. പക്ഷേ ഇവിടെയുള്ള ജനങ്ങള്‍ മാറിപ്പോകണമെന്ന തരത്തില്‍ അദ്ദേഹം ഭരണഘടന സൃഷ്ടിച്ചില്ല. അവര്‍ക്കുവേണ്ടിയും സ്ഥലം ഉണ്ടാക്കി. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം. ഇതിനെയാണ് ഹിന്ദു എന്നു പറയുന്നത്. ധര്‍മ്മം, ഒന്നിപ്പിക്കുന്നതും പുരോഗതിയുണ്ടാക്കുന്നതും സമാജത്തെ ഒറ്റച്ചരടില്‍ കോര്‍ക്കുന്നതും ആവണം. ഈ ധര്‍മ്മാചരണത്തിലൂടെ ഭൗതികവും ആദ്ധ്യാത്മികവുമായ സുഖം ലഭിക്കണം. പൂജാസമ്പ്രദായങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, അര്‍ത്ഥകാമങ്ങളെ നിയന്ത്രിച്ച് മുഴുവന്‍ സമാജത്തെയും നേര്‍വഴിക്ക് നടത്തുന്നതാവണം ധര്‍മ്മം. ദേശീയതയ്ക്ക് പൂജാസമ്പ്രദായങ്ങളുമായി ബന്ധമില്ല. തുടക്കത്തില്‍ പാകിസ്ഥാനെപ്പറ്റി ചര്‍ച്ച നടക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ തലവന്‍ മദനി സാഹബ് ആയിരുന്നു. ദേശീയതയ്ക്ക് മതവുമായി ബന്ധമില്ലെന്നും മുസ്ലീങ്ങള്‍ ഹിന്ദുസ്ഥാന്റേത് അല്ല എന്ന് ചിലര്‍ കരുതുന്നത് തെറ്റാണെന്നും അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ പറയുന്നു.
നമ്മെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീണുപോവരുത്. നമ്മള്‍ ഒരു രാഷ്ട്രമാണ്; സനാതനകാലം മുതല്‍ നിലനിന്നുവരുന്ന പുരാതന ഹിന്ദുരാഷ്ട്രം. നമുക്ക് മാറേണ്ട ആവശ്യമില്ല; ചില തിന്മകളെയും സങ്കുചിത ചിന്തകളെയും ഉപേക്ഷിച്ചാല്‍ മതി. ഇതെല്ലാം സംഭാവ്യമാണ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും നമ്മോടൊപ്പം ചേരുന്നവരാണ്.
(തുടരും)