ആയുര്‍വേദത്തിലെ മരുന്നുകള്‍ യോഗങ്ങളാണ്; കൂടിച്ചേര്‍ന്നവയാണ്. അതായത് പലതരം പച്ചമരുന്നുകള്‍ ചേര്‍ന്ന ഒരു യോഗമാണ് (ചേര്‍ച്ചയാണ്) ഒരു കഷായമോ എണ്ണയോ ലേഹ്യമോ ഒക്കെയായി മാറുന്നത്. എന്നാല്‍ ഞാനിവിടെ പറയാന്‍ പോകുന്ന യോഗം ഇതല്ല. രാജയോഗം തന്നെ.
ഹഠയോഗത്തിലെ ഷഡ്ക്രിയകള്‍ (നേതി, ബസ്തി, ധൗതി മുതലായവ) ശാരീരികമായ ശുദ്ധിക്കു വേണ്ടിയുള്ളവയാണ്. ആയുര്‍വേദത്തിലും നസ്യവും (മൂക്കില്‍ മരുന്നുറ്റിക്കല്‍) ബസ്തിയും (ഗുദത്തിലൂടെ ദ്രവരൂപത്തിലുള്ള മരുന്ന് ഉദരഭാഗത്തേക്ക് പ്രവേശിപ്പിക്കല്‍) വിരേചനവും ( വയറിളക്കല്‍) ഉണ്ട്.
പതഞ്ജലി മുനി യോഗം കൊണ്ട് മനസ്സിന്റെയും വ്യാകരണം കൊണ്ട് വാക്കിന്റെയും ആയുര്‍വേദം കൊണ്ട് ശരീരത്തിന്റെയും മലങ്ങള്‍ അകറ്റിയെന്ന് പ്രസിദ്ധമാണ്. (യോഗേന ചിത്തസ്യ…..) ആയുര്‍വേദത്തിന്റെ ഒരു പ്രാമാണിക ഗ്രന്ഥമായ ചരകസംഹിത പതഞ്ജലീ സങ്കലിതമാണെന്നും പറയപ്പെടുന്നു. ഏതായാലും ചരകസംഹിതയില്‍ യോഗത്തെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്.
ചരകസംഹിതയിലെ നാലാം ഖണ്ഡമായ ശാരീരസ്ഥാനത്തില്‍ ഒന്നാമത്തെ അധ്യായത്തില്‍ യോഗ ലക്ഷണം പറയുന്നു.
‘ആത്മേന്ദ്രിയമനാര്‍ഥാനാം
സന്നികര്‍ഷാത് പ്രവര്‍ത്തതേ
സുഖ ദുഃഖം അനാരംഭാത്
ആത്മസ്ഥേ മനസി സ്ഥിരേ’ (ച. സം. ശാ. 1 – 138 )
ആത്മാവിന് ഇന്ദ്രിയം, മനസ്സ്, അര്‍ത്ഥങ്ങള്‍ (വിഷയങ്ങള്‍) ഇവയുടെ ചേര്‍ച്ചയാല്‍ സുഖദു:ഖാദി അനുഭവമുണ്ടാവുന്നു. അത്തരം കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചാല്‍ മനസ്സ് ആത്മാവില്‍ സ്ഥിരപ്പെടും.
നിവര്‍ത്തതേ തദുഭയം
വശിത്വം ചോപജായതേ
സശരീരസ്യ യോഗജ്ഞാ:
തം യോഗം ഋഷയോ വിദു: (139)
അപ്പോള്‍ സുഖദു:ഖങ്ങള്‍ വിട്ടുപോവും. ജീവിച്ചിരിക്കേ തന്നെ വശിത്വം (അഷ്ടൈശ്വര്യങ്ങള്‍) ലഭിക്കും. ഇതിനെയാണ് യോഗജ്ഞാനികളായ ഋഷിമാര്‍ യോഗമെന്നു വിളിക്കുന്നത്.
തുടര്‍ന്നുവരുന്ന രണ്ടു ശ്ലോകങ്ങളില്‍ അഷ്ടൈശ്വര്യങ്ങളെ വിവരിക്കുന്നുമുണ്ട്. പതഞ്ജലി യോഗസൂത്രത്തില്‍ മൂന്നാമധ്യായമായ വിഭൂതി പാദത്തില്‍ ഇത്തരം കാര്യങ്ങള്‍ ധാരാളം ചര്‍ച്ച ചെയ്യുന്നുണ്ടല്ലൊ.
ഇന്ദ്രിയാണി ച സംക്ഷിപ്യ
മന: സംഗൃഹ്യ ചഞ്ചലം (3-27)
ഇന്ദ്രിയങ്ങളെ ഉള്ളോട്ടു വലിച്ച് മനസ്സിന്റെ ചാഞ്ചല്യത്തെ അടക്കണം.
മന: പ്രശമനോപായ: യോഗ: (മനസ്സിനെ ശാന്തമാക്കാനുള്ള ഉപായം ആണ് യോഗം) എന്ന വസിഷ്ഠ വചനമാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്.
നൈഷ്ഠിക ചികിത്സ
ചരകസംഹിതയില്‍ പറയുന്ന ഒരു ചികിത്സാ രീതിയാണിത്.
‘ചികിത്സാ തു നൈഷ്ഠികീ യാ വിനോപധാം’
ഉപധാ (തൃഷ്ണ )ഇല്ലാത്ത ചികിത്സയാണ് നൈഷ്ഠികീ. രാഗം, ദ്വേഷം, മോഹം ഇവയെയാണ് ഉപധാ അഥവാ തൃഷ്ണ എന്നു പറയുന്നത്. അഷ്ടാംഗയോഗത്തിലെ യമനിയമങ്ങള്‍ എന്ന പോലെയാണ് ഉപധാ നിരോധനത്തിന് ചരകസംഹിത ഉപായം നിര്‍ദ്ദേശിക്കുന്നത്.
ഇച്ഛാദ്വേഷാത്മികാ തൃഷ്ണാ
സുഖദുഃഖാല്‍ പ്രവര്‍ത്തതെ.
സുഖ ദുഃഖങ്ങള്‍ കാരണമായാണ് ഇച്ഛാ – ദ്വേഷങ്ങളാകുന്ന തൃഷ്ണ ഉണ്ടാവുന്നത്.
തൃഷ്ണാ ച സുഖദു:ഖാനാം
കാരണം പുനരുച്യതേ. (ച.സം. ശാ. 1 – 134)
തൃഷ്ണയില്‍ നിന്നാണ് സുഖ ദു:ഖമുണ്ടാവുന്നത്.
സര്‍വ ഉപധാകളേയും ഉപേക്ഷിക്കലാണ് പരിഹാരം എന്നു തുടര്‍ന്നു പറയുന്നു.
ബുദ്ധി (പ്രജ്ഞ) കൊണ്ട് തെറ്റായ അറിവ് സമ്പാദിക്കുകയും ആ അറിവ് വെച്ച് അനുചിതമായ പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നത് ‘പ്രജ്ഞാപരാധം’ ആണ് (1-101). ഇങ്ങിനെയാണ് അധര്‍മപ്രവൃത്തികള്‍ ഉണ്ടാവുന്നത്.
ഇന്നത്തെ സാഹചര്യവുമായി യോജിക്കുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടാം. ‘അധര്‍മം കൊണ്ടാണ് വായു, ജലം മുതലായവ മലിനപ്പെടുന്നത്. അതിന്റെ മൂലകാരണം പ്രജ്ഞാപരാധവും’. തെറ്റായ തത്വശാസ്ത്രങ്ങളുടെ പിന്നാലെ പോകുന്നതും പ്രജ്ഞാപരാധം തന്നെ. കോവിഡ് – 19 ന്റെ ഉത്ഭവവും ഇങ്ങിനെയാണല്ലൊ.
കര്‍മഫലമായാണ് രോഗമുണ്ടാവുന്നത്. അതിനു പരിഹാരം ചെയ്താലേ രോഗം മാറൂ എന്നും പറയുന്നു. ‘ക്രിയാഘ്‌നാ: കര്‍മജാ രോഗാ:’ എന്നാണ് വചനം.
ചുരുക്കത്തില്‍ അന്ത:കരണ ശുദ്ധിയെന്ന യോഗമാര്‍ഗം തന്നെ അഭികാമ്യമെന്നു സാരം. കൂടുതല്‍ പഠന ഗവേഷണങ്ങള്‍ ആവശ്യപ്പെടുന്ന രംഗമാണിത്.