കളിയില്ലാത്ത ശാഖ എത്ര വിരസമാണോ അത്രയും വിരസമാണ് ഘോഷ് മുഴക്കാത്ത ശാഖയും. കളിയില്‍ ജയിക്കാന്‍ ഉത്സാഹിക്കുന്നതുപോലെ തന്നെ എത്രയും ഉച്ചത്തില്‍ ഘോഷ് വിളിക്കുന്നതുമൊരു ഹരമായിരുന്നു. തുടരെ തുടരെ ഘോഷങ്ങള്‍ മുഴക്കി പാലാഴിമഥനവും കോട്ട തകര്‍ക്കലുമൊക്കെ കളിക്കുമ്പോള്‍ ആവേശം മാനംമുട്ടെ ഉയരുന്നതനുഭവിച്ചിട്ടില്ലേ? ഭാരത് മാതാ കീ – ജയ്, ഭാരത ഭൂമി- നമ്മുടെ അമ്മ, അമ്മക്കുവേണ്ടി – ജീവിക്കാം, കോന്‍ ഹേ വീര്‍ – ഹമ് ഹേ വീര്‍, വന്ദേ – മാതരം, ഓം കാളി – ജയ് കാളി, ജയ് ഭവാനി – ജയ് ശിവാജി, ഹര ഹര – മഹാദേവ, ഭഗവധ്വജ ഹേ- ഗുരു ഹമാരാ, നാമെല്ലാം – ഒരമ്മ മക്കള്‍, ഹിന്ദുവെന്ന് ചൊല്ലിടാം – തലയുയര്‍ത്തി നിന്നിടാം അങ്ങനെ എത്രയെത്ര ഘോഷങ്ങളാണ് നാം ശാഖയില്‍ മുഴക്കുന്നത്. വര്‍ദ്ധിത വീര്യത്തോടെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഈ ഘോഷങ്ങളൊക്കെ വിളിക്കുമ്പോള്‍ അതെത്രമാത്രം ആഴത്തിലുള്ള പരിവര്‍ത്തനങ്ങളാണ് ഹൃദയത്തിലും ചിന്തയിലുമൊക്കെ തീര്‍ത്തിരുന്നതെന്ന് സത്യത്തില്‍ അറിഞ്ഞിരുന്നതേയില്ല. നമ്മുടെ ശാഖയില്‍ ആവേശത്തിരയുയര്‍ത്തുന്ന ഘോഷങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച എളിയ വിചാരങ്ങളാണ് ഈ ലക്കത്തില്‍ പങ്കുവക്കുന്നത്.
നാളിതുവരെയുളള ചരിത്രത്തില്‍ ഒരു വെല്ലുവിളിയും നേരിടേണ്ടിവന്നിട്ടില്ലാത്ത രാജ്യത്തേയോ ജനതയേയോ നമുക്ക് കാണാനാവില്ല. വെല്ലുവിളികളെ നേരിട്ടിരുന്നത് ഭരണകൂടങ്ങളായിരുന്നുവെങ്കിലും പലപ്പോഴും ഭരണകൂടങ്ങള്‍ പരാജയപ്പെട്ട് പിന്‍വാങ്ങിയിടത്ത് ആ ദൗത്യം സമാജമേറ്റെടുത്തിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം തന്നെയതിന് ഉത്തമ ഉദാഹരണം. വിവിധ നാട്ടുരാജ്യങ്ങളും പ്രാദേശിക ഭരണകൂടങ്ങളുമൊക്കെ അധിനിവേശ ശക്തികള്‍ക്ക് മുമ്പില്‍ പൊരുതിയും പൊരുതാന്‍ ത്രാണിയില്ലാതെയും അടിയറവ് പറഞ്ഞപ്പോള്‍ നാടിന്റെ മോചനത്തിനായി ജനങ്ങള്‍ തന്നെ സ്വയം രംഗത്തിറങ്ങി. തങ്ങളുടെ ഭരണകൂടങ്ങള്‍ പരാജയപ്പെട്ട പോരാട്ടത്തെ അവരേറ്റെടുത്തു. അങ്ങനെ വീറോടെ തെരുവിലിറങ്ങിയ ജനതക്ക് മുമ്പില്‍ ആംഗലേയര്‍ അടിയറവ് പറഞ്ഞ ഉജ്ജ്വലമായ ചരിത്രമിവിടെ കുറിക്കപ്പെട്ടു.
സ്വാതന്ത്ര്യ സമര ചരിത്രം പരിശോധിച്ചാല്‍ സായുധരായ ബ്രിട്ടീഷ് പടയെ സധൈര്യം നേരിടാനുള്ള ഇച്ഛാശക്തിയും പ്രേരണയും ഭാരതീയ ജനതക്ക് ലഭിച്ചതെങ്ങനെയായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും. തീര്‍ച്ചയായും മഹാന്‍മാരായ സ്വാതന്ത്ര്യ സമരസേനാനികളുടെ നേതൃത്വവും അവരിലുള്ള വിശ്വാസവും അവര്‍ മുന്നോട്ടുവച്ച പദ്ധതികളുമാണ് ജനതയെ സംഘടിക്കാനും ബ്രിട്ടീഷ് അധിനിവേശത്തെ ഒരുമിച്ചെതിര്‍ക്കാനും പ്രേരിപ്പിച്ചത്. അങ്ങനെ സംഘടിച്ചവരില്‍ ഒരുകൂട്ടര്‍ സായുധരായും മറ്റൊരു കൂട്ടര്‍ നിരായുധരായും ആംഗലേയര്‍ക്കെതിരെ സമരം ചെയ്തു. ഇരുകൂട്ടരും തോക്കും പീരങ്കിയും ലാത്തിയും തൂക്കുകയറും തടവറയും കണ്ട് തെല്ലും ഭയപ്പെട്ടില്ല. ഇങ്ങനെ ജനതയുടെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ദേശസ്‌നേഹവും സാഹസവും പോരാട്ടവീര്യവുമൊക്കെ സടകുടഞ്ഞെണീല്‍ക്കാന്‍ പ്രേരകമായിത്തീര്‍ന്ന ഒരു ഘടകത്തെ നമുക്കവഗണിക്കാനാവില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ആ ഘടകം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയോ അതിന്റെ പ്രാധാന്യത്തെ വേണ്ട രീതിയില്‍ മനസ്സിലാക്കുകയോ ചെയ്തിട്ടുള്ളതായി തോന്നുന്നുമില്ല. ജനതയുടെ ഉള്ളില്‍ ദേശപ്രേമത്തിന്റെ അഗ്‌നികൊളുത്തിയ ആ ഘടകം ദേശസ്‌നേഹ പ്രചോദിതമായ മുദ്രാവാക്യങ്ങളും ജയഘോഷങ്ങളുമായിരുന്നു. ഹരഹര മഹാദേവ മുതല്‍ വന്ദേമാതരം, ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് തുടങ്ങി ഭഗത് സിംഗ് മുഴക്കിയ ഇങ്ക്വിലാബ് വരെ അതില്‍പ്പെടുന്നു. ഭാരത് മാതാ കീ ജയ് എന്നലറി വിളിച്ചുകൊണ്ട് ഗര്‍ജ്ജിക്കുന്ന, നിറത്തോക്കുകള്‍ക്ക് മുമ്പിലേക്ക് കടന്നുചെന്ന് വിരിമാറ് കാട്ടിയ സമരഭടന്‍മാരുടേയും തെല്ലും പതറാതെ തൂക്കുകയര്‍ കഴുത്തിലണിഞ്ഞ ധീര വിപ്ലവകാരികളുടേയുമൊക്കെ ചരിത്രം വിളംബരം ചെയ്യുന്നത് ജയഘോഷങ്ങളുടെ ശക്തിയെക്കുറിച്ചു കൂടിയാണ്.
ഇവിടെ നാം മനസ്സിലാക്കേണ്ടതായി മറ്റൊന്നു കൂടിയുണ്ട്. സൈന്യത്തിനും ഭരണകൂടത്തിനുമൊക്കെയപ്പുറം ഏതൊരു രാജ്യത്തിന്റെയും ശക്തി ആത്യന്തികമായി കുടികൊള്ളുന്നത് അവിടുത്തെ ജനതയുടെ കരുത്തിലും പോരാട്ടവീര്യത്തിലും ഇച്ഛാശക്തിയിലുമാണ്. ഇതൊന്നുകൊണ്ട് മാത്രമായിരുന്നല്ലോ ഇസ്രയേല്‍ എന്ന തങ്ങളുടെ രാജ്യത്തെ വീണ്ടെടുക്കാന്‍ അവിടുത്തെ ജനതക്ക് സാധിച്ചത്. ഈ തിരിച്ചറിവോടു കൂടിയാണ് ഡോക്ടര്‍ജി സമാജത്തെ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതും സമാജത്തിലെ ഓരോ വ്യക്തിയുടേയുമുള്ളില്‍ ധൈര്യവും സാഹസവും അനുപമ ദേശസ്‌നേഹവും പ്രോജ്ജ്വലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘത്തിന് ശുഭാരംഭം കുറിച്ചതും. ഈ യത്‌നത്തില്‍ അനവരതം മുന്നോട്ടുപോകുന്ന സംഘമാകട്ടെ മേല്‍പറഞ്ഞ ജയഘോഷങ്ങളുടെ ശക്തിയേയും അതൊരുവന്റെയുള്ളില്‍ ചെലുത്തുന്ന സ്വാധീനത്തേയും തിരിച്ചറിഞ്ഞതിനെ ശാഖാ കാര്യപദ്ധതിയുടെ ഭാഗമാക്കി മാറ്റി.
ഘോഷങ്ങള്‍ മുഴക്കുന്നതു വഴി എന്താണ് സംഭവിക്കുന്നത് ? എങ്ങനെയാണിതിലൂടെ ഒരുവനില്‍ പരിവര്‍ത്തനം സംഭവിക്കുന്നത്? എന്റെ അനുഭവത്തില്‍ നാല് കാര്യങ്ങളാണിതിലൂടെ സംഭവിക്കുന്നത്. ഒന്നാമതായി ചിലകാര്യങ്ങള്‍ ഉറക്കെ പറയാനുള്ള ആര്‍ജ്ജവം നമ്മള്‍ നേടുന്നു. രണ്ടാമതായി ചില കാര്യങ്ങളാവര്‍ത്തിച്ച് പറഞ്ഞ് മനസ്സിലുറപ്പിക്കുന്നു. മൂന്ന് അനിവാര്യമായ ചില തിരിച്ചറിവുകളുമത് ഉള്ളിലേക്ക് പകരുന്നു. നാല് ആ തിരിച്ചറിവുകളെ പൂര്‍ണമായി ഉള്‍ക്കൊണ്ടു കഴിയുമ്പോള്‍ ഉള്ളിലത് അളവറ്റ ആവേശവും ഉത്സാഹവുമായി പരിണമിക്കുന്നു. ഇനി ഇക്കാര്യങ്ങള്‍ നമുക്കൊന്ന് വിശദമായി പരിശോധിക്കാം.
ഒന്നാമതായി ഉറക്കെപ്പറയാനുള്ള തന്റേടം. എന്താണിതിലിത്ര വലിയ കാര്യമെന്ന് തോന്നിയേക്കാം. എന്നാലതില്‍ കാര്യമുണ്ട്. ഭാരതീയനാണെന്നും ഹിന്ദുവാണെന്നും അഭിമാനത്തോടെ പറയാന്‍ മടിച്ചിരുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ടായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ കറുത്ത സായിപ്പന്‍മാരെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നില്ലല്ലോ. നമ്മുടെ ഭാഗ്യക്കേടിന് അബദ്ധവശാല്‍ മാത്രമാണ് താനൊരു ഹിന്ദുവായതെന്ന് പരസ്യമായി പ്രഖ്യാപിച്ച ഭരണാധികാരികളാണ് സ്വതന്ത്ര ഭാരതത്തെ നയിച്ചത്. പാശ്ചാത്യതയില്‍ അഭിരമിച്ച അവര്‍ വച്ചുപുലര്‍ത്തിയ ഇടത് സോഷ്യലിസ്റ്റ് ചിന്താഗതികളിലൂന്നിയ നയങ്ങള്‍ ജനതയുടെയുള്ളില്‍ കൂടുതല്‍ അപകര്‍ഷതാബോധം വളര്‍ത്തി. ദേശീയ വികാരമുണരാനത് തടസ്സമായി. ഈ മനോഭാവം വരുത്തി വച്ച അപകടം വളരെ വലുതായിരുന്നു. 1962 ല്‍ ചൈന നമ്മെ കടന്നാക്രമിച്ച് വലിയൊരു ഭൂവിഭാഗം തട്ടിയെടുത്തപ്പോളതിനെ പുല്ലു പോലും കിളിര്‍ക്കാത്ത ഭൂമിയെന്ന് നിര്‍വികാരമായി വിശേഷിപ്പിച്ചതും നിസ്സാരവല്‍ക്കരിച്ചതും ഭാരതം മറന്നിട്ടില്ല. ഇത്തരം തലതിരിവുകളായിരുന്നു ഭാരതത്തിന്റെ ശാപം.
ഇതിനൊക്കെയൊരു വ്യത്യാസം വന്നത് ഉറക്കെ പറയാനുള്ള തന്റേടം ചിലര്‍ കാട്ടിയപ്പോഴാണെന്ന് നിസ്സംശയം പറയാം. സ്വാത്രന്ത്ര്യപൂര്‍വ ഭാരതത്തിന്റെ ചിത്രം തന്നെ നോക്കാം. അടിമത്തവും പേറി നിശ്ശബ്ദരായി നിസ്സഹായരായി എന്തു ചെയ്യണമെന്നറിയാതെ ഉഴലുന്ന സമാജത്തിന് മേലാണ് ഉച്ചത്തിലുള്ള ആ ശബ്ദം വെള്ളിടി പോല്‍ വന്ന് പതിച്ചത്. സ്വരാജ്യമെന്റെ ജന്മാവകാശമാണ് ഞാനത് നേടിയെടുക്കുക തന്നെ ചെയ്യുമെന്ന ബാലഗംഗാധര തിലകന്റെ അത്യുഗ്രമായ പ്രഖ്യാപനമായിരുന്നു അത്. ഭാരതത്തെയാകെ പ്രകമ്പനം തീര്‍ത്ത് അതൊരു മുന്നേറ്റമായി മാറി. ആ പ്രഖ്യാപനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടനയുടെ ദിശ തന്നെ മാറ്റിമറിച്ചു. അതൊരു സ്വാതന്ത്ര്യസമര പ്രസ്ഥാനമായി മാറി. അതേ തിലകനില്‍ നിന്നാണല്ലോ ഡോക്ടര്‍ജിയും പ്രേരണയുള്‍ക്കൊണ്ടത്.
ചെറുപ്പം മുതല്‍ക്കേ കാര്യങ്ങള്‍ ആരുടേയും മുഖത്ത് നോക്കി ഉറക്കെപ്പറയാന്‍ ഒട്ടും മടിയില്ലാത്തയാളായിരുന്നു ഡോക്ടര്‍ജി. വന്ദേമാതരം മുഴക്കിയതിന് മാപ്പു പറഞ്ഞില്ലെങ്കില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ ഭാരതമാതാവിനെ വന്ദിക്കുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയുമൊരായിരം തവണ ഞാന്‍ ചെയ്യുമെന്ന് ബാലനായ ഡോക്ടര്‍ജി നിര്‍ഭയത്തോടെ ബ്രിട്ടീഷ് ശിപായിമാരുടെ മുഖത്ത് നോക്കി ഉറക്കെപ്പറഞ്ഞത് ഉദാഹരണം. മറ്റൊരിക്കല്‍ ആംഗലേയര്‍ക്കെതിരെ പ്രസംഗിച്ചെന്ന കുറ്റം ചാര്‍ത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ വിചാരണ ചെയ്യാന്‍ ബ്രിട്ടീഷുകാരനായ നിങ്ങള്‍ക്കെന്തവകാശമെന്നും നിങ്ങളുടന്‍ ഈ നാട് വിട്ടു പോവുകയാണ് വേണ്ടതെന്നും ജഡ്ജിയുടെ മുഖത്ത് നോക്കി പറയാനദ്ദേഹം മടിച്ചില്ല. അദ്ദേഹം പങ്കെടുത്ത ഒരു സദസ്സില്‍ ആരാണിത് ഹിന്ദുരാഷ്ട്രമാണെന്ന് പറഞ്ഞതെന്ന ചോദ്യമുയര്‍ന്നപ്പോഴും ഉടനെഴുന്നേറ്റ് ഞാന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ പറയുന്നു ഇത് ഹിന്ദു രാഷ്ട്രമാണെന്ന് ഗാംഭീര്യത്തോടെ മറുപടി നല്‍കിയപ്പോള്‍ ആ സദസ്സ് മുഴുവന്‍ നിശ്ശബ്ദമായി.
ഉറക്കെപ്പറയാന്‍ ഭാരതീയന്‍ ശീലിച്ചപ്പോള്‍ ദുഷ്പ്രചരണത്തിലൂടെ അവന്റെ മനസ്സില്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച അപകര്‍ഷതയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നുവീണു. അപകര്‍ഷത ആത്മാഭിമാനത്തിന് വഴിമാറിയപ്പോള്‍ ബ്രിട്ടീഷുകാരന്റെ മുഖത്ത് നോക്കി ക്വിറ്റ് ഇന്ത്യ എന്നുപറയാന്‍ ഭാരതീയര്‍ മടിച്ചില്ല. എന്നാല്‍ സ്വാതന്ത്ര്യാനന്തരം നമ്മുടെ ചരിത്രത്തെ ഇകഴ്ത്തുന്ന മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യാസ പദ്ധതി തന്നെ പിന്തുടരാന്‍ തീരുമാനിച്ചപ്പോള്‍ ആത്മാഭിമാനത്തിന്റെ കനലുകള്‍ക്ക് മേല്‍ അപകര്‍ഷതയുടെ ചാരം മൂടുന്ന സ്ഥിതി വീണ്ടും സംജാതമായി. ഭാഗ്യവശാല്‍ ക്രാന്തദര്‍ശിയായ ഡോക്ടര്‍ജി തിരിതെളിച്ച ഏറ്റവും വലിയ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയായ സംഘശാഖകളിലൂടെ ആത്മാഭിമാനത്തിന്റെ കനലുകളെ അണഞ്ഞുപോകാതെ കാത്തുരക്ഷിച്ചു. അതിലേക്ക് ഘോഷങ്ങളാകുന്ന കാര്യപദ്ധതിയിലൂടെ ഉറക്കെ പറയാനുള്ള തന്റേടം സ്വയംസേവകര്‍ക്ക് പകര്‍ന്ന് നല്‍കി.
ഹിന്ദുവെന്ന് ചൊല്ലിടാം- തലയുയര്‍ത്തി നിന്നിടാം എന്ന ഘോഷം തന്നെയെടുക്കാം. ഈ ഘോഷമുറക്കെ വിളിച്ചപ്പോള്‍ നമ്മുടെയെല്ലാമന്തരംഗം ഹിന്ദു സ്വാഭിമാനത്താല്‍ പൂരിതമായി. ഒരു കാലത്ത് ഇടതു – സെമിറ്റിക് ചിന്തകളുടെ സ്വാധീനത്താല്‍ നമ്മുടെ കേരളത്തില്‍ പോലും പൊട്ടു തൊടാനും കാവി വസ്ത്രം ധരിക്കാനും ഹിന്ദുവാണെന്ന് പറയാനുമൊക്കെ ജാള്യതപ്പെട്ടിരുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നത് നമ്മള്‍ മറന്നിട്ടുണ്ടാവില്ലല്ലോ. ദേശീയതയേയും ദേശസ്‌നേഹ പ്രചോദിതമായ മുദ്രാവാക്യങ്ങളേയുമൊക്കെ വലിയ അപകടമായി ഇക്കൂട്ടര്‍ ചിത്രീകരിച്ചപ്പോള്‍ സംഘശാഖയില്‍ നിന്നും തുടരെത്തുടരെ ഉച്ചൈസ്തരമവ മുഴക്കപ്പെട്ടു. ദേശീയ വികാരമുണരുന്നത് തങ്ങളുടെ വളര്‍ച്ചക്ക് വിഘാതമെന്നു കണ്ടതിനെ നിരുത്സാഹപ്പെടുത്താന്‍ ഇടത് – സെമിറ്റിക് ചിന്താഗതികള്‍ നടത്തിവന്ന പരിശ്രമങ്ങള്‍ വിജയിക്കാതെ പോയതിന് കാരണവും മറ്റൊന്നല്ല. ഘോഷങ്ങള്‍ മുഴക്കുന്ന പദ്ധതിയിലൂടെ കടന്നുപോയപ്പോള്‍ ഭാരതീയനെന്നും ഹിന്ദുവെന്നും അഭിമാനത്തോടെ പറയുകയും അതിനൊത്ത് ജീവിക്കുകയും ചെയ്യുന്ന വലിയൊരു സമൂഹം സംഘ ശാഖയിലൂടെയിവിടെ സൃഷ്ടിക്കപ്പെട്ടുവെന്ന് സാരം.
മനസ്സിനുള്ളിലുള്ളത് ഉറക്കെപ്പറഞ്ഞു തുടങ്ങിയപ്പോള്‍ സമാന ചിന്തയുള്ളവര്‍ പരസ്പരം തിരിച്ചറിഞ്ഞൊന്നുചേര്‍ന്നു. സമീപകാല ദൃശ്യങ്ങളിലത് സ്പഷ്ടമാണ്. ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് അടുത്തിടെ നിരവധി വിദേശരാജ്യങ്ങളിലെ ഭാരതീയ സമൂഹങ്ങള്‍ നല്‍കിയ ബൃഹത്തായ സ്വീകരണ സദസ്സുകളൊക്കെ നാം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. പ്രസ്തുത യോഗങ്ങളില്‍ ഹൃദയങ്ങളെ തമ്മില്‍ ചേര്‍ത്തുകൊണ്ട് ഇരുമുഷ്ടിയും ചുരുട്ടി ശബ്ദമുയര്‍ത്തി പ്രധാനമന്ത്രി ഭാരത് മാതാ കീ ജയ് എന്ന ജയഘോഷം മുഴക്കുമ്പോഴും അവിടെ ഒത്തുചേര്‍ന്നവര്‍ അതേറ്റുവിളിക്കുമ്പോഴും അനിര്‍വചനീയമായൊരു ദേശീയവികാരം പ്രവഹിക്കുന്നതായി നമുക്ക് അനുഭവപ്പെട്ടില്ലേ. പുറത്ത് മാത്രമല്ല രാജ്യത്തിനകത്തും അതിന്റെയലകള്‍ നാം കണ്ടു. ഉദാഹരണത്തിന് അടുത്തിടെ വരെ മത ജാതി വികാരങ്ങളിലൂന്നി രാജ്യത്ത് നടന്നിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വഭാവത്തില്‍ ഭാരത് മാതാ കീ ജയ് എന്ന ഘോഷം വരുത്തിയ പരിവര്‍ത്തനങ്ങള്‍ നാം ശ്രദ്ധിച്ചില്ലേ. ആ ജയഘോഷത്തിന്റെ അകമ്പടിയോടെ രാജ്യമെമ്പാടും നടന്ന തെരഞ്ഞെടുപ്പുകളില്‍ ജാതിമത പ്രീണനങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ഇന്ന് രാഷ്ട്രീയ യോഗങ്ങളില്‍ മാത്രമല്ല സര്‍ക്കാര്‍ പരിപാടികളിലും മന്ത്രിമാരുടെ പര്യടനങ്ങളിലുമെല്ലാം ഭാരതമാതാവ് വിജയിക്കട്ടെയെന്ന ഘോഷം മുഴങ്ങുന്നു. ദേശീയവികാരം വാനോളമുയര്‍ന്നപ്പോള്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം അടിയുറച്ച് നില്‍ക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു. രാഷ്ട്രവിരുദ്ധ ശക്തികളെ ഭാരത് മാതാ കീ ജയ് വിളികള്‍ വല്ലാതെ അലോസരപ്പെടുത്തുന്നതില്‍ നിന്നുതന്നെ അതിന്റെ പ്രധാന്യം നമുക്ക് മനസ്സിലാക്കാനാവുമല്ലോ. ആത്മാഭിമാനത്തോടെ ഭാരതീയരെന്ന് ലോകമെങ്ങും കേള്‍ക്കുമാറ് നാമുറക്കെപ്പറഞ്ഞു തുടങ്ങിയപ്പോള്‍ ഭാരതത്തോടുള്ള ലോക വീക്ഷണത്തിലും നല്ലമാറ്റങ്ങള്‍ വന്നുകഴിഞ്ഞു.
ശാഖയിലെത്തിയ ആദ്യനാളുകളില്‍ ഉറക്കെ ഘോഷം മുഴക്കാന്‍ ശിക്ഷകന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ സംഭ്രമിച്ചതോര്‍മ്മയുണ്ട്. പതുക്കെ ഘോഷങ്ങള്‍ മനസ്സിന്റെ സംഭ്രമത്തെ ദൂരെയകറ്റി. ഉറക്കെപ്പറയാനുള്ള ആത്മവീര്യം പകര്‍ന്നു നല്‍കി. ഉള്ളിന്റെയുള്ളിലെ ആത്മാഭിമാനത്തെയുണര്‍ത്തി. ഘോഷങ്ങള്‍ കേവലമാവേശദായകം മാത്രമല്ലെന്നതിന്റെ ഒരുത്തമ ദൃഷ്ടാന്തമാണിത്.