Sunday, October 1, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം സംഘവിചാരം

നമസ്‌തേ (സംഘവിചാരം 19)

മാധവ് ശ്രീ

Print Edition: 2 October 2020

ഭാരതീയ ദര്‍ശനങ്ങളുടെ അന്തസ്സത്തയെ അതിമനോഹരമായി പ്രതിഫലിപ്പിക്കുന്ന പദമാണ് ‘നമസ്‌തേ’. ഒന്നോര്‍ത്താല്‍ സംഘശാഖയുടെ ഭാഗമായ ശേഷമാണ് ഈ പദം ജീവിതത്തിന്റെ ഒരഭിന്ന അംഗമായി മാറിയത്. നവാഗതനായി സംഘശാഖയിലെത്തിപ്പെട്ട നാളുകളില്‍ തന്നെ സ്വയംസേവകര്‍ പരസ്പരം കാണുമ്പോള്‍ ആദരവോടുകൂടി ‘നമസ്‌തേ’ പറഞ്ഞഭിവാദ്യം ചെയ്യുന്ന കാഴ്ച മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു. കേവലം മൂന്നക്ഷരം മാത്രമുള്ള ഈ ശബ്ദത്തില്‍ നിറഞ്ഞുതുളുമ്പി നില്‍ക്കുന്ന സ്‌നേഹവും ലാളിത്യവും വിനയവും സന്മനോഭാവവും പരസ്പരബഹുമാനവും ആത്മീയഭാവവുമാണ് സത്യത്തില്‍ ശ്രോതാക്കളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നത്. സംഘത്തിന്റെ സമ്പര്‍ക്കശൈലിയെ Door to Door and Heart to Heart എന്നാണല്ലോ നമ്മള്‍ വിശേഷിപ്പിക്കാറുള്ളത്. ഒന്നോര്‍ത്താല്‍ ‘നമസ്‌തേ’ എന്ന അഭിവാദനമാണ് ഈ സമ്പര്‍ക്കത്തില്‍ വീടുകളേയും ഹൃദയങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി വര്‍ത്തിക്കുന്നതെന്ന് കാണാനാവും.

സ്വയംസേവകരുടെ മുഖമുദ്രയായി മാറിയ ‘നമസ്‌തേ’ എന്ന അഭിവാദന സംസ്‌കാരം നാം ശീലിച്ചത് ഒരു കളിയിലൂടെയായിരുന്നു. കളിയുടെ പേരും ‘നമസ്‌തേ’ എന്നുതന്നെയായിരുന്നു. ശാഖാപദ്ധതിയില്‍ ഒരുപാട് കളികള്‍ ഉള്ളതുകൊണ്ടുതന്നെ എല്ലാകളികളും എല്ലാ ശാഖകളിലും ഒരുപോലെ കളിച്ചിട്ടുണ്ടാവണമെന്നില്ല. എന്നാല്‍ നമസ്‌തേ എന്ന കളി ആഴ്ചയില്‍ ഒരുവട്ടമെങ്കിലും കളിക്കാത്ത ശാഖകളുണ്ടാവില്ലതാനും. കാരണം ശാഖയിലെ ഏറ്റവും ലളിതമായൊരു കളിയാണിത്. കളിയെ കുറിച്ച് സംക്ഷിപ്തമായി പറഞ്ഞാല്‍ എല്ലാവരേയും വൃത്തത്തില്‍ നിര്‍ത്തിയ ശേഷം ശിക്ഷകന്‍ നിര്‍ദ്ദേശിക്കുന്ന ഒരാള്‍ മണ്ഡലയുടെ പുറത്തിറങ്ങി അതിനെ വലംചുറ്റി ഓടുന്നു. ഒരു വലം പൂര്‍ത്തിയാക്കിയ ശേഷം ഓടുന്നയാള്‍ മണ്ഡലയില്‍ നില്‍ക്കുന്ന ഏതെങ്കിലുമൊരു സ്വയംസേവകനെ സ്പര്‍ശിച്ചിട്ട് വേഗം മുന്നോട്ടോടും. ഇനിയാണ് കളിയിലെ മത്സരം. ആരെയാണോ തൊട്ടത് അയാള്‍ സ്പര്‍ശിച്ചയാളിന്റെ എതിര്‍ദിശയിലോടി എത്രയും വേഗം സ്വസ്ഥാനത്തെത്താന്‍ ശ്രമിക്കും. പക്ഷേ ഓടുമ്പോളൊരു വ്യവസ്ഥയുണ്ട്. മണ്ഡലയെ ചുറ്റി ഇരുദിശകളിലേക്കുമോടുന്ന സ്വയംസേവകര്‍ തമ്മില്‍ സന്ധിക്കുമ്പോള്‍ പരസ്പരം കൈകൂപ്പി നമസ്‌തേ പറഞ്ഞ് അഭിവാദനമര്‍പ്പിക്കണം. മുന്നേയെത്താന്‍ മത്സരിക്കുന്ന വ്യഗ്രതയില്‍ ഈ വ്യവസ്ഥ തെറ്റിക്കാനനുവാദമില്ല. പരസ്പരം നമസ്‌തേ പറഞ്ഞ് ആദ്യം ഓടിയെത്തിയയാള്‍ സ്ഥാനത്ത് തുടരും. രണ്ടാമന്‍ വീണ്ടുമോടി വൃത്തത്തിലുള്ള മറ്റൊരാളെ സ്പര്‍ശിക്കുകയും ഇതേരീതിയില്‍ തന്നെ കളി തുടരുകയും ചെയ്യും.

കളി അവസാനിച്ചതിന് ശേഷം ശാഖയിലെന്തിനാണിത് കളിക്കുന്നതെന്ന് മുഖ്യശിക്ഷകന്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു. കളിയുടെ മാതൃക ജീവിതത്തില്‍ പകര്‍ത്തണമെന്നും പരസ്പരം കാണുമ്പോള്‍ നമസ്‌തേ പറയുന്നതൊരു ശീലമാക്കണമെന്നുമുള്ള സന്ദേശമായിരുന്നു അത്. കാലപ്രയാണത്തിലാണ് നമസ്‌തേ എന്ന ശബ്ദത്തെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചത്. ആദ്യസമയത്ത് കളിക്കുമ്പോഴും പരസ്പരം കാണുമ്പോഴുമൊക്കെ നമസ്‌തേ പറഞ്ഞിരുന്നെങ്കിലും ഒരുപചാര വാചകം എന്നതിനപ്പുറം വലിയ പ്രാധാന്യമൊന്നും അതിനു നല്‍കിയിരുന്നില്ല. തമ്മില്‍ കാണുമ്പോള്‍ പാശ്ചാത്യര്‍ ‘ഹലോ’ എന്നോ ഹായ് എന്നോ പരസ്പരം അഭിവാദനം ചെയ്യുന്നതുപോലെ ഇതിനെ ഭാരതീയമായ ഒരഭിസംബോധനയെന്ന നിലയില്‍ മാത്രമാണ് കണ്ടിരുന്നത്. പ്രവര്‍ത്തനപഥത്തില്‍ മുന്നോട്ടു പോയപ്പോള്‍ നമസ്‌തേയെന്ന് കൈകൂപ്പി പറയുന്നതിനാല്‍ ഇതിനെയൊരു വന്ദനശബ്ദമായിട്ട് കണ്ടു. ആ ഭാവം മനസ്സില്‍ വന്നപ്പോള്‍ പ്രവൃത്തിക്കും കൂടുതല്‍ സൗന്ദര്യം വന്നു. പിന്നെയതൊരു സംസ്‌കൃത പദമാണെന്നും ‘നമഃ’ എന്നും ‘തേ’ എന്നുമുള്ള രണ്ട് ശബ്ദങ്ങളിതിലുണ്ടെന്നും മനസ്സിലാക്കി. ‘നമഃ’ എന്നാല്‍ നമിക്കുന്നുവെന്നും ‘തേ’ എന്നാല്‍ ‘അങ്ങയെ’ എന്നുമാണര്‍ത്ഥമെന്നും ഒരുമിച്ച് ചേരുമ്പോള്‍ ‘അങ്ങയെ നമിക്കുന്നു’ എന്ന വാച്യാര്‍ത്ഥം വരുമെന്നുകൂടി ഉള്‍ക്കൊണ്ടതോടെ ഹൃദയപൂര്‍വം നമസ്‌തേ പറഞ്ഞു തുടങ്ങി.

ഒരുപചാരം എന്നതിനപ്പുറം മൂന്നക്ഷരമുള്ള ഈ ശബ്ദത്തിനുള്ള പ്രാധാന്യമെന്തൊക്കെയാണെന്നു നോക്കാം. ഇന്ന് സംഘം ഏവരാലും ബഹുമാനിക്കപ്പെടുന്ന ഒരു സംഘടനയാണ്. ബഹുമാനമാര്‍ജ്ജിക്കുന്നതിന് പിന്നിലൊരു പൊതുതത്വമുണ്ടല്ലോ. ആംഗലേയ ഭാഷയിലതിനെ Give respect and Take respect എന്നുപറയും. ബഹുമാനം നല്‍കിക്കൊണ്ട് ബഹുമാനം നേടിയെടുക്കണമെന്നര്‍ത്ഥം. സംഘത്തിന്റെ കാര്യത്തിലിക്കാര്യം തീര്‍ത്തും അന്വര്‍ത്ഥമായി. നമ്മള്‍ സമാജത്തെ ഈശ്വരരൂപത്തില്‍ കണ്ടാദരിക്കുകയും സേവിക്കുകയും ചെയ്തപ്പോള്‍ സമാജവും തിരികെ സംഘത്തിനാദരവ് നല്‍കി. ഒറ്റവാക്കില്‍ സ്വയംസേവകരുടെ പെരുമാറ്റമാണ് സമാജത്തിന്റെ ആദരവ് സംഘത്തിന് നേടിക്കൊടുക്കുന്നതെന്ന് നിസ്സംശയം പറയാം. ഇവിടെയൊരു കാര്യം പ്രത്യേകം സ്മരണീയമാണ്. എന്തെന്നാല്‍ സമാജത്തില്‍ പൊതുവേ ആര് ആരെയാണ് ആദരിക്കാറുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? തന്നേക്കാള്‍ ഉയര്‍ന്നവരെന്ന് കണക്കാക്കുന്നവരെയാണ് മിക്കവരും ആദരിക്കാറുള്ളതെന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഔന്നത്യം കണക്കാക്കാനുള്ള മാനകം പ്രായമോ, പദവിയോ, അറിവോ, ചിന്തേയാ, കുടുംബമഹിമയോ ഒക്കെയാവാം. സത്യം പറഞ്ഞാല്‍ സംഘത്തിന്റെ ഭാഗമാകും വരെ ഞാനുമിങ്ങനെയായിരുന്നു. എന്നാല്‍ നമസ്‌തേ എന്ന മൂന്നക്ഷരത്തിലൂടെ മാനകങ്ങളൊന്നുമില്ലാതെ സര്‍വരേയും ആദരിക്കാന്‍ സംഘം നമ്മളെ പഠിപ്പിച്ചു.

ചിന്തിക്കുമ്പോള്‍ ഏറെ ആവേശകരമാണ് ആ അനുഭവം. നമസ്‌തേ പറയാന്‍ ശീലിച്ചപ്പോള്‍ ഒരു ശിശുവിന്റെ മുന്നിലും നമ്മുടെ ശിരസ്സ് കുനിഞ്ഞു. നമസ്‌തേ പറയാന്‍ ശീലിച്ചപ്പോള്‍ ഒരു ബാലന്റെ / ബാലികയുടെ മുമ്പിലും നമ്മുടെ ശിരസ്സ് കുനിഞ്ഞുവല്ലോ. നമസ്‌തേ പറഞ്ഞു കൊണ്ട് ഒരു വീട്ടമ്മയുടെ മുമ്പിലും നമ്മള്‍ ശിരസ്സ് കുനിച്ചു. നമസ്‌തേ ഉള്ളിലൊരു സ്വഭാവവും സംസ്‌കാരവുമായപ്പോള്‍ ഔന്നത്യം മാത്രം നോക്കി ബഹുമാനിക്കുന്ന സങ്കുചിതത്വത്തില്‍ നിന്നും നാം മോചനം നേടി. പ്രായമോ, പാണ്ഡിത്യമോ, തൊഴിലോ, കുടുംബ പാരമ്പര്യമോ പദവിയോ മാനദണ്ഡമാക്കാതെ സര്‍വരേയും ബഹുമാനിക്കുന്ന ഉന്നതമായ ശീലത്തിലേക്ക് സംഘശാഖ നമ്മളെ ഉയര്‍ത്തി. ‘നമസ്‌തേ’ എന്ന കളിയിലൂടെ, ‘നമസ്‌തേ’ എന്ന മൂന്നക്ഷരത്തിലൂടെ സംഘം നമ്മളെയെല്ലാം അടിമുടി മാറ്റിമറിച്ചതിങ്ങനെയായിരുന്നു.

ഇതിനൊരു സുപ്രധാനവശം കൂടിയുണ്ട്. നാം പറയാറുണ്ട് സംഘകാര്യം സര്‍വവ്യാപിയും സര്‍വസ്പര്‍ശിയുമാകണമെന്ന്. സര്‍വവ്യാപിയാകാന്‍ സംഘകാര്യത്തിന്റെ കര്‍തൃത്വമേറ്റെടുത്തിരിക്കുന്ന കാര്യകര്‍ത്താക്കള്‍ക്ക് വനമെന്നോ ഗ്രാമമെന്നോ നഗരമെന്നാ വിത്യാസമില്ലാതെ എല്ലായിടത്തേക്കും കടന്നുചെല്ലാനാവണം. സര്‍വസ്പര്‍ശിയാകാന്‍ മത, ജാതി, പ്രാന്ത, ഭാഷാ, വേഷ, ഭൂഷാ, തൊഴില്‍ ഭേദങ്ങളേതുമില്ലാതെ എല്ലാവരിലേക്കും കടന്നുചെല്ലാനാവണം. അപ്പോള്‍ ‘സര്‍വവ്യാപി – സര്‍വസ്പര്‍ശി’ എന്നാല്‍ ‘എല്ലായിടത്തേക്കും എല്ലാവരിലേക്കും’ എന്നാണ്. ഇതുരണ്ടും സാധ്യമാവണമെങ്കില്‍ സംഘടനയില്‍ സമാജത്തിനു സ്വീകാര്യരായ കാര്യകര്‍ത്താക്കളുണ്ടാവണം, അഥവാ അങ്ങനെയുള്ളവരെ വാര്‍ത്തെടുക്കണം. സ്വീകാര്യത ലഭിക്കാന്‍ ആദ്യം സമാജ മനസ്സില്‍ ഇടംപിടിക്കണം. മനസ്സിലിടം നേടാനാവട്ടെ ആകര്‍ഷകമായ പെരുമാറ്റം വേണം. രാമന്‍ അയോധ്യാവാസികളുടെ മനസ്സിലിടം നേടിയത് ആരെയും കീഴടക്കുന്ന പെരുമാറ്റത്തിലൂടെയായിരുന്നല്ലോ. എപ്പോഴാണൊരുവന്റെ പെരുമാറ്റരീതി ആകര്‍ഷകമാവുക? സര്‍വരേയും സര്‍വതിനേയും ആദരമനോഭാവത്തോടെ കാണുന്ന ശീലം കൈവരുമ്പോഴാണ് ഒരുവന്റെ പെരുമാറ്റം ആകര്‍ഷകമാവുക. സംഘകാര്യത്തെ സര്‍വസ്പര്‍ശിയും സര്‍വ്വവ്യാപിയുമാക്കാന്‍ അനിവാര്യമായ ശീലത്തെയാണ് നമസ്‌തേയെന്ന കളിയിലൂടെ സംഘശാഖ നമ്മളില്‍ വളര്‍ത്തിയെടുക്കുന്നതെന്ന് സാരം. വ്യക്തിനിര്‍മ്മാണ പദ്ധതി കൃത്യമായ ദിശാബോധത്തോടെയുള്ളതാണ് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്.

മറ്റൊന്ന് ‘നമസ്‌തേ’ നമ്മിലുണര്‍ത്തുന്ന സ്വദേശീ ഭാവമാണ്. പാശ്ചാത്യ അധിനിവേശത്തിന്റെ സ്വാധീനം വിദ്യാഭ്യാസ രീതിയിലും ചരിത്രാഖ്യാനത്തിലും മാത്രമല്ല പ്രതിഫലിച്ചത്. നിത്യജീവിതവുമായി ബന്ധപ്പെട്ട ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും ഉപചാരങ്ങളിലും സംബോധനയിലും ആഘോഷങ്ങളിലുമുള്‍പ്പെടെ സകലമേഖലകളിലുമത് പ്രതിഫലിച്ചു. ഫലമായി ഭാരതീയമായതെന്തിനേയും അപകര്‍ഷതയോടെ കാണുന്ന മനോഭാവം ഇതിലൂടെ രൂപപ്പെട്ടു. മാതാപിതാക്കളെ പോലും സംബോധന ചെയ്യുന്ന ഭാരതീയ പദങ്ങളും സുപ്രഭാതവും ശുഭരാത്രിയും പോലുള്ള ഉപചാരശബ്ദങ്ങളുമെല്ലാം അഭാരതീയവല്‍ക്കരിക്കപ്പെട്ടു. സ്വന്തം നാടിനെ ഇകഴ്ത്തിക്കാണുകയും പാശ്ചാത്യതയാണ് മികവുറ്റതെന്ന് ധരിച്ച് അതിനോട് മാനസിക അടിമത്തം പേറി ജീവിക്കുകയും ചെയ്യുന്നവരുടെ എണ്ണം സ്വാതന്ത്രഭാരതത്തില്‍ ഗണ്യമായി വര്‍ധിച്ചു. ഇത്തരം സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നും സംഘശാഖയിലേക്ക് കടന്നുവന്നവരെ വരവേറ്റത് നമസ്‌തേ എന്ന സ്വദേശീ ശബ്ദമായിരുന്നു. ‘ഹലോയും’ ‘ഗുഡ് മോര്‍ണിംഗും’ കേട്ടുപഴകിയ പലകാതുകള്‍ക്കും അതൊരു നവ്യാനുഭവം തന്നെയായിരുന്നു. ബഹുമാനം നിറഞ്ഞുതുളുമ്പുന്ന ഭാരതീയമായ ഈ അഭിവാദന ശബ്ദത്തെ ഏറെ അഭിമാനപൂര്‍വം ഉച്ചരിക്കുന്നവരെയാണ് ശാഖയിലെ നവാഗതര്‍ കണ്ടത്. നമസ്‌തേ പറയാന്‍ ശീലിച്ചതോടെ അപകര്‍ഷതയൊഴിഞ്ഞു. പാശ്ചാത്യതയാണ് ബഹുകേമമെന്ന ധാരണയും തിരുത്തപ്പെട്ടു. ഒന്നോര്‍ത്താല്‍ പിറന്ന നാടുമായുളള പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുന്ന സ്വദേശീ ഭാവനിര്‍മ്മാണത്തിന്റെ ആധാരശിലാസ്ഥാപനമാണ് ഓരോ സ്വയംസേവകന്റെയുള്ളിലും നമസ്‌തേയെന്ന മൂന്നക്ഷരത്തിലൂടെ നിര്‍വഹിക്കപ്പെട്ടത്.

സംഘസാധനയില്‍ മുഴുകും തോറും നമസ്‌തേ എന്ന ശബ്ദത്തിന്റെ ആഴത്തിലേക്കുള്ള പ്രയാണവും സ്വാഭാവികമായി സംഭവിക്കുന്നു. അങ്ങക്ക് നമസ്‌കാരം എന്ന അര്‍ത്ഥത്തിലെ ചേരാഴികയാണ് എന്റെ മനസ്സിലാദ്യം ചില സംശയങ്ങളുയര്‍ത്തിയത്. മുതിര്‍ന്നവരോട് നമസ്‌തേ പറയുമ്പോള്‍ ‘അങ്ങയ്ക്ക് നമസ്‌കാരം’ എന്ന അര്‍ത്ഥം നല്ലവണ്ണം ചേരും. പക്ഷേ മുതിര്‍ന്നയാള്‍ ബാല സ്വയംസേവകനോട് നമസ്‌തേ പറയുമ്പോള്‍ അവിടെ ‘അങ്ങക്ക് നമസ്‌കാരം’ എന്ന പ്രയോഗത്തില്‍ ഒരഭംഗിയില്ലേയെന്ന സംശയം ജനിച്ചു. ആ ചോദ്യത്തിനുത്തരം തേടിയപ്പോഴാണ് ധാരണകളപ്പാടെ തിരുത്തപ്പെട്ടത്. മുന്നിലുള്ളയാളെയാണ് ‘അങ്ങ്’ എന്ന് സംബോധന ചെയ്യുന്നതെന്നാണ് അതുവരെ ധരിച്ചുവച്ചിരുന്നത്. എന്നാല്‍ മുന്നിലുള്ള ദേഹത്തെയല്ല അതില്‍ കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തെയാണ് വാസ്തവത്തില്‍ ‘അങ്ങ്’ എന്നു സംബോധന ചെയ്യുന്നതെന്ന് മനസ്സിലാക്കിയപ്പോള്‍ നമസ്‌തേയോടുള്ള പ്രിയം ഒന്നുകൂടി വര്‍ദ്ധിച്ചു. അറിവേറും തോറും വിനയവുമേറുമെന്ന് നാം പറയാറുണ്ടല്ലോ. വിനയമുള്ളവന്റെ ശിരസ്സേ കുനിയുകയുമുള്ളൂ. സത്യത്തില്‍ സര്‍വതിലും നിറഞ്ഞുനില്ക്കുന്ന ഈശ്വരചൈതന്യത്തെക്കുറിച്ചുള്ള ബോധത്തെയാണ് പൗരാണിക ഭാരതത്തില്‍ അറിവ് എന്നതുകൊണ്ടര്‍ത്ഥമാക്കിയിരുന്നത്. പരമമായ ശക്തിയെ കുറിച്ചും തന്റെ നിസ്സാരതയെ കുറിച്ചും അറിവുള്ളവന്റെ ഉളളിലെ അഹംബോധം ആദ്യം നശിക്കുമല്ലോ. അഹം പോയാല്‍ പിന്നെയവിടെ വിനയം മാത്രമേ ശേഷിക്കൂ. അതുകൊണ്ടാണ് പൂര്‍വികര്‍ വിനയത്തെ അറിവിന്റെ ലക്ഷണമായി കണ്ടത്. നമസ്‌തേ എന്ന ശബ്ദം നമ്മെ നയിക്കുന്നത് പരമമായ ജ്ഞാനത്തിലേക്കാണെന്ന് സാരം. ഭാരതീയ ദര്‍ശനങ്ങളുടെ അന്തസ്സത്തയെ അതിമനോഹരമായി പ്രതിഫലിപ്പിക്കുന്ന പദമാണ് ‘നമസ്‌തേ’ എന്ന് ആരംഭത്തില്‍ പറഞ്ഞതിന് കാരണമിതാണ്.

ഈ ജ്ഞാനമാണ് നരനെ നാരായണനാക്കുന്നത്. തൃതീയ സര്‍സംഘചാലക് പരം പൂജനീയ ദേവറസ്ജി സ്വയംസേവകരെ ദേവദുര്‍ല്ലഭര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ദേവന്‍മാരില്‍ പോലും ദുര്‍ല്ലഭമായ ഗുണങ്ങള്‍ നമ്മില്‍ നിറക്കുന്ന ശ്രേഷ്ഠമായ പദ്ധതിയാണ് ശാഖ. നമസ്‌തേ എന്ന കളിയും അത് പകര്‍ന്ന ശീലവും ആ ശീലമുള്ളില്‍ നിര്‍മ്മിച്ച സ്വദേശാഭിമാനവും ഒടുവിലത് നമുക്ക് മുന്നിലനാവരണം ചെയ്യുന്ന പരമമായ ബോധതലവുമൊക്കെ വെളിവാക്കുന്നതും ഈ അനുപമമായ കാര്യപദ്ധതിയുടെ വൈശിഷ്ട്യം തന്നെ.

Tags: സംഘവിചാരം
Share25TweetSendShare

Related Posts

സംഘ വികിര (സംഘവിചാരം 35)

അനൗപചാരികം (സംഘവിചാരം 34)

കുടുംബ ഭാവന (സംഘവിചാരം 33)

സംഗച്ഛധ്വം (സംഘവിചാരം 32)

കാര്യകര്‍ത്താവ് (സംഘവിചാരം 31)

ആത്മവിചാരം (സംഘവിചാരം 30)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies