പ്രസാര്യ പാദൗ ഭുവി ദണ്ഡരൂപൗ
ദോര്‍ഭ്യാം പദാഗ്രദ്വിതയം ഗൃഹീത്വാ
ജാനൂപരിന്യസ്ത ലലാടദേശോ
വസേദിദം പശ്ചിമതാനമാഹു:
(ഹഠയോഗ പ്രദീപിക – 1. 28)
(നിലത്ത്, കാലുകള്‍ വടി പോലെ മുന്നോട്ടു നീട്ടിയിരുന്ന്, കൈകള്‍ കൊണ്ട് കാലിന്റെ അറ്റത്തു പിടിക്കുക. നെറ്റി കാല്‍മുട്ടില്‍ പതിക്കുക. ഇതാണ് പശ്ചിമ താനാസനം.)
ചെയ്യുന്ന വിധം
കാലുകള്‍ മുന്നോട്ടു നീട്ടിയിരിക്കുക. ദീര്‍ഘശ്വാസം നിറക്കുക.
ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടു നോക്കിക്കൊണ്ട് കുനിഞ്ഞ് കൈകള്‍ കൊണ്ട് കാലിന്റെ പെരുവിരലുകളില്‍ പിടിക്കുക. നെറ്റി കാല്‍മുട്ടില്‍ പതിച്ചു ചേര്‍ക്കുക. കാല്‍മുട്ടുകള്‍ മടങ്ങാതെ കാലുകള്‍ നിലത്തു പതിഞ്ഞിരിക്കണം. വഴക്കമുള്ളവര്‍ക്ക് കൈമുട്ടുകള്‍ നിലത്തു പതിച്ചു വെക്കാം. ഇതാണ് പൂര്‍ണ സ്ഥിതി.
സാധാരണ ശ്വാസോച്ഛാസത്തില്‍ പൂര്‍ണ സ്ഥിതിയില്‍ അല്പസമയം നിലകൊണ്ട ശേഷം ശ്വാസമെടുത്തു കൊണ്ട് നിവര്‍ന്നു വരിക.
താനമെന്നാല്‍ വലിഞ്ഞത്, നിവര്‍ന്നത് എന്നര്‍ത്ഥം. ശരീരത്തിന്റെ മുന്‍ഭാഗത്തിന് പൂര്‍വഭാഗമെന്നും പിന്‍ഭാഗത്തിന് പശ്ചിമ ഭാഗമെന്നും പറയും; കിഴക്കും പടിഞ്ഞാറും പോലെ. പശ്ചിമ ഭാഗം, അതായത് പിന്‍ഭാഗത്തിന് വലിവു കിട്ടുന്നതിനാല്‍ പശ്ചിമതാനമെന്നു പേര്‍ വന്നു. പശ്ചിമോത്താനാസനമെന്നും പറയാറുണ്ട്.
ഗുണങ്ങള്‍
ഇതി പശ്ചിമതാനമാസനാഗ്ര്യം
പവനം പശ്ചിമവാഹിനം കരോതി
ഉദയം ജഠരാനലസ്യ കുര്യാദ്-
ഉദരേ കാര്‍ശ്യമരോഗതാം ച പുംസാം.
(ഹ. പ്ര. 1-29)
(ഈ പശ്ചിമതാനാസനം ശ്രേഷ്ഠമാണ്. പ്രാണനെ സുഷുമ്‌നയില്‍ ചേര്‍ക്കും. ദഹനശക്തി വര്‍ദ്ധിപ്പിക്കും. വയറു ചുരുങ്ങും. (സൗന്ദര്യം കൂടും.) ആരോഗ്യം തരും.)